ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്ക് സന്തോഷകരമായ സമയം ആസ്വദിക്കാൻ കഴിയുന്നതെങ്ങനെ?
“നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദ പൂരിതമായ സമയം ഒരുപക്ഷേ യൗവനമായിരിക്കും” എന്ന് കൗമാര സമ്മർദ്ദം എന്ന പുസ്തകത്തിന്റെ എഴുത്തുകാർ പറഞ്ഞു. ഇത് സത്യമാണെങ്കിൽ, സ്വാഭാവികമായും ചെറുപ്പക്കാർ മുഴു സമയവും പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാൻ ആഗ്രഹിക്കയില്ല. അവർക്ക് വല്ലപ്പോഴും സന്തോഷകരമായ സമയം ആവശ്യമാണ്. യേശുക്രിസ്തുപോലും പലപ്പോഴും “അല്പം വിശ്രമിക്കുന്ന”തിന്റെ ആവശ്യം തിരിച്ചറിഞ്ഞു.—മർക്കോസ് 6:31.
ദുഃഖകരമെന്നുപറയട്ടെ, ഉല്ലാസങ്ങളുടെ സംഗതിയിൽ യുവജനങ്ങൾ എല്ലായ്പ്പോഴും നല്ല വിവേചന ഉപയോഗിക്കുന്നില്ല. മിക്കപ്പോഴും സന്തോഷകരമായ സമയത്തിൽ തുടങ്ങുന്നത് ഹൃദയവേദനയിൽ പര്യവസാനിക്കുന്നു. ഉദാഹരണത്തിന് ഒരു ചെറുപ്പക്കാരി താൻ പങ്കെടുത്ത ഒരു യുവ കൂടിവരവിനെക്കുറിച്ച് പറയുന്നു: “സ്റ്റീരിയോയിലെ സംഗീതം മികച്ചതായിരുന്നു. നല്ല ഡാൻസുണ്ടായിരുന്നു. വെടിപ്പായ തീറ്റിസാധനങ്ങൾ ഉണ്ടായിരുന്നു. വേണ്ടത്ര ചിരിക്കാനുമുണ്ടായിരുന്നു. ആരോ മദ്യം കൊണ്ടുവന്നു. മദ്യപാനം അമിതമായി. അതോടെ എല്ലാവർക്കും ‘അരപ്പരി’യിളകി.” അത് ലൈംഗിക ദുർമ്മാർഗ്ഗത്തിൽ പരിണമിച്ചു. യുവതി ഇപ്രകാരം സമ്മതിച്ചുപറയുന്നു: “അപ്പോൾ മുതൽ ഞാൻ ദുഃഖിതയും വിഷാദമഗ്നയുമായി.”
എന്നാൽ “സന്തോഷകരമായ സമയം” അന്വേഷിക്കുന്ന ചെറുപ്പക്കാർ വളരെയധികം സമയം പാഴാക്കിക്കളയുന്നത് വിചിത്രമാണ്. ഉദാഹരണത്തിന്, അമേരിക്കൻ ഐക്യനാടുകളിലെ ഷോപ്പിംഗ് സെൻറ്റുകളുടെ നടപ്പാതകൾ ഫലത്തിൽ അലസരായ ചെറുപ്പക്കാരുടെ സമ്മേളനസ്ഥലങ്ങളായിത്തീർന്നിരിക്കയാണ്. അവർ അവിടെ വെറുതെ ‘കുത്തിയിരുന്ന്’ മണിക്കൂറുകൾ ചെലവഴിക്കുന്നു.
ജാഗ്രതയുടെ ആവശ്യം
‘പാർട്ടിക്ക് പോകുന്നതോ’ ‘കൂട്ടുകാരുമൊത്ത് കുത്തിയിരിക്കുന്നതോ’ ഒരു പ്രത്യേക പ്രതീതി ഉളവാക്കിയേക്കാം. എന്നാൽ ചില സംഗതികൾ ആസ്വാദ്യകരമാണെന്നുള്ള വസ്തുത അത് അതിൽതന്നെ ഉചിതമാണെന്ന് അർത്ഥമാക്കുന്നില്ല. അത് സന്തുലിതമായ ഒരു ക്രിസ്തീയ വ്യക്തിത്വം വികസിപ്പിക്കാൻ നിങ്ങളെ സഹായിക്കയുമില്ല. അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പു നൽകി: “സഹോദരൻമാരേ, . . . പാപത്തിന്റെ വഞ്ചകശക്തിയാൽ നിങ്ങളിൽ ആരെങ്കിലും കഠിനപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊൾക.” ആസ്വാദ്യകരമായ കാര്യങ്ങൾക്ക് പലപ്പോഴും നമ്മുടെ ധാർമ്മിക മൂല്യങ്ങളും സമയവും കവർന്നുകളഞ്ഞുകൊണ്ട് നമ്മെ വഞ്ചിക്കുന്നതിനു കഴിയും.
ഉദാഹരണത്തിന്, നാശം അഭിമുഖീകരിച്ച 24,000 യിസ്രായേല്യരുടെ ബൈബിൾ രേഖ നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? സുന്ദരികളായ മോവാബ്യ, മിദ്യാന്യ സ്ത്രീകൾ അവരെ ഭക്ഷണത്തിന് ക്ഷണിച്ചു. ഒരുപക്ഷേ യിസ്രായേല്യർ ഇപ്രകാരം ന്യായവാദം ചെയ്തിരിക്കാം: ‘ഇത്രയും കാലം മരുഭൂമിയിൽ കഴിഞ്ഞ ഞങ്ങൾക്ക് നിശ്ചയമായും കുറെ വിശ്രമം ആവശ്യമാണ്. അല്പം ആഹാരമോ വിഞ്ഞോ പങ്കുപറ്റുന്നത് നമ്മെ ദ്രോഹിക്കയില്ല.” എന്നാൽ അത് ദ്രോഹിക്കതന്നെ ചെയ്തു. അത് അധാർമ്മിക ലൈംഗിക ബന്ധങ്ങളിലും വിഗ്രഹാരാധനയിലും ഏർപ്പെട്ട 24,000 പേരുടെ മരണത്തിനിടയാക്കി.—സംഖ്യാപുസ്തകം 25:1-9.
ക്രിസ്ത്യാനികളല്ലാത്ത സഹപാഠികളോടൊപ്പം ‘പാർട്ടിക്കുപോകുന്നതോ’ ‘സംഘം ചേർന്ന് കുത്തിയിരിക്കുന്നതോ’ അതുപോലെതന്നെ അപകടകരമല്ലേ? സമയനഷ്ടത്തിന്റെ കാര്യം പറയേണ്ടതുമില്ല. (ഗലാത്യർ 5:21; 1 കൊരിന്ത്യർ 7:29) ക്രിസ്ത്യാനികൾക്ക് അധാർമ്മികമായിരിക്കുന്നത് മറ്റുള്ളവർക്ക് പലപ്പോഴും ജീവിതരീതിയായിരിക്കാമെന്നോർക്കുക! അധഃപതിച്ച സംഗീതം, വശീകരിക്കുന്ന ഡാൻസുകൾ അല്ലെങ്കിൽ പുസ്തകങ്ങൾ, അക്രമവും ലൈംഗിക ദുർമ്മാർഗ്ഗവും പ്രദർശിപ്പിക്കുന്ന സിനിമകൾ തുടങ്ങിയവയിലൂടെ ദുഷ്ടമനുഷ്യരുമായി സഹവസിക്കുന്നതിലും ഇതുതന്നെ സത്യമായിരിക്കും.—1 കൊരിന്ത്യർ 15:33.
സകലതും നിങ്ങളാൽ
ബൈബിൾ പിൻപറ്റുന്നത് നിങ്ങളുടെ വിനോദത്തെ പരിമിതപ്പെടുത്തുകതന്നെ ചെയ്യുന്നു. എന്നുവരികിലും നിങ്ങളുടെ ജീവിതം മുഷിപ്പുള്ളതോ എന്നും ജോലി നിറഞ്ഞതോ ആയിരിക്കണമെന്ന് ഇതിനർത്ഥമില്ല. ഉദാഹരണത്തിന് മറിയ ഒരു യുവ ക്രിസ്ത്യാനിയാണ്. അവൾ തെറ്റിലകപ്പെടുത്താൻ ശ്രമിക്കുന്ന ചെറുപ്പക്കാരുമായി സഹവസിക്കാറില്ല. അവൾ സന്തോഷകരമായ സമയം ആസ്വദിക്കുന്നതെങ്ങനെയാണ്? “ഞാൻ പിയാനോയോ വയലിനോ വായിക്കുകയും കുറെ സമയം അവ പരിശീലിക്കുന്നതിൽ ചെലവഴിക്കുകയും ചെയ്യും.” അതുപോലെ മെലിസ്സാ എന്ന മറ്റൊരു പെൺകുട്ടി ഇപ്രകാരം പറയുന്നു: “ഞാൻ എന്റെ സ്വന്തം ആസ്വാദനത്തിനുവേണ്ടി ചിലപ്പോൾ കഥകളോ കവിതകളോ എഴുതും.”
അതെ, രസത്തിനുവേണ്ടി നിങ്ങൾ പാർട്ടിക്കുപോവുകയോ കൂട്ടുകാരമൊത്ത് കുത്തിയിരിക്കുകയോ ചെയ്യേണ്ടതില്ല. വായനാശീലം, മരപ്പണി, സംഗീതോപകരണങ്ങളുടെ വായന, തുടങ്ങിയ വൈദഗ്ദ്ധ്യങ്ങൾ വികസിപ്പിച്ചുകൊണ്ട് സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ശീലമാക്കാൻ കഴിയും.
ഒരു കുടുംബമെന്നനിലയിൽ കാര്യങ്ങൾ ചെയ്യുക
എല്ലായ്പ്പോഴും നിങ്ങൾ ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ കുടുംബാംഗങ്ങളോടൊപ്പം കാര്യങ്ങൾ ചെയ്യുക, ഒരു കുട്ട് കണ്ടെത്തുക എന്നു പറഞ്ഞാൽ അതിന് എല്ലായ്പ്പോഴും തരപ്പടിക്കാരെ അന്വേഷിക്കുക എന്ന് അർത്ഥമില്ല. കൗമാരപ്രായക്കാർ “ചിലപ്പോൾ കുടുംബാംഗങ്ങളോടൊത്ത് വിനോദയാത്രകളോ മറ്റ് പ്രവർത്തനങ്ങളോ ആസ്വദിക്കുന്നു”വെന്ന് അമേരിക്കയിലെ ചെറുപ്പക്കാരുടെ ഒരു സർവ്വേ വെളിപ്പെടുത്തി. കുടുംബം ഒത്തൊരുമിച്ച് കാര്യങ്ങൾ ചെയ്യുന്നത് സന്തോഷം പ്രദാനം ചെയ്യുന്നതിനുപുറമേ അത് കുടുംബ ഐക്യം വർദ്ധിപ്പിക്കുകയും ചെയ്യും.
ഇതിൽ ഒരുമിച്ചിരുന്ന് ടി. വി. കാണുന്നതിലധികം ഉൾപ്പെടുന്നു. ആൻറണി പിയെട്രോപ്പിൻടോ ഇപ്രകാരം പറയുന്നു: “മറ്റുള്ളവരോടൊപ്പം ഇരുന്ന് ടെലിവിഷൻ കാണുന്നെങ്കിൽപോലും അടിസ്ഥാനപരമായി പറഞ്ഞാൽ അത് ഒറ്റയ്ക്കുള്ള ഒരു പ്രവർത്തനമാണ് . . . എന്നാൽ വീട്ടിനകത്തു വച്ചു നടത്തുന്ന കളികളോ മുറ്റത്തുവച്ചു നടത്തുന്ന കളികളോ പാചകവിനോദമോ സൂത്രപ്പണികളോ ഉച്ചത്തിൽ വായിക്കുന്നതോ പോലുള്ള നേരമ്പോക്കുകൾ ആശയവിനിമയത്തിനും സഹകരണത്തിനും ബുദ്ധിവികസനത്തിനുമുള്ള വലിയ അവസരങ്ങൾ പ്രദാനം ചെയ്യും. അത് ഇന്നത്തെ കുടുംബങ്ങൾക്ക് ടെലിവിഷന്റെ മുമ്പിൽ നിഷ്ക്രിയമായി കുത്തിയിരിക്കുന്നതിനേക്കാൾ വളരെയധികം പ്രയോജനപ്രദമാണ്.
ഏഴ് കുട്ടികളുടെ പിതാവായ ജോൺ ഇപ്രകാരം പറയുന്നു: “ഞങ്ങൾ ഒരു കുടുംബമെന്നനിലയിൽ ഒത്തൊരുമിച്ച് കാര്യങ്ങൾ ചെയ്യുകയും വിനോദയാത്രയ്ക്ക് പോവുകയും ചെയ്തിരുന്നു. വല്ലപ്പോഴും ഞങ്ങൾ വാരാന്ത്യത്തിൽ ലഘുസഞ്ചാരം നടത്തിയിരുന്നു. ഞങ്ങൾ തദ്ദേശപാർക്കുകളും കാഴ്ചബംഗ്ലാവുകളും സന്ദർശിച്ചിരുന്നു. ഞങ്ങൾ ഭവനത്തിലായിരിക്കുമ്പോഴും വോളീബോളും ബാഡ്മിൻറനും പോലുള്ള പല വിനോദങ്ങളും ആസ്വദിച്ചിരുന്നു. ഒരു കുടുംബമെന്നനിലയിൽ ഒത്തൊരുമിച്ച് മുറ്റമടിക്കുന്നതും വീട് പെയിൻറു ചെയ്യുന്നതും പോലും ഞങ്ങൾക്ക് രസമായിരുന്നു.”
നിങ്ങളുടെ കുടുംബം ഇതുപോലെ ഒത്തൊരുമിച്ച് കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ മുൻകൈ എടുക്കുകയും നിങ്ങളുടെ മാതാപിതാക്കളോട് അത് നിർദ്ദേശിക്കുകയും ചെയ്യുക. രസകരവും പുളകം കൊള്ളിക്കുന്നതുമായ ചില കുടുംബയാത്രകളോ മറ്റ് പരിപാടികളോ നിർദ്ദേശിക്കാൻ ശ്രമിക്കുക.
ക്രിസ്തീയ കൂട്ടങ്ങൾ
എന്നാൽ, വല്ലപ്പോഴും സുഹൃത്തുക്കളോടൊപ്പം കൂടിവരുന്നതും ആസ്വാദ്യകരമാണ്. എന്തുകൊണ്ട് അത്തരമൊരു കുടിവരവ് ആസൂത്രണം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടുകൂടാ? നിങ്ങൾക്ക് കളികളോ സമൂഹഗാനങ്ങളോ പോലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാവുന്നതാണ്. നിങ്ങളുടെ കൂട്ടുകാരിൽ ആർക്കെങ്കിലും സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രാപ്തിയുണ്ടെങ്കിൽ ഒരുപക്ഷേ അല്പസമയം അതുപയോഗിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. ആസ്വാദ്യകരമായ ആഹാരവും ആ അവസരത്തിന് മാറ്റുകൂട്ടുന്നു. എന്നാൽ അത് അധികം ചെലവുവരുന്നതോ വിചിത്രരീതിയിലുള്ളതോ ആയിരിക്കരുത്. ചിലപ്പോൾ അതിഥികൾക്ക് വ്യത്യസ്തതരത്തിലുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുവരാവുന്നതാണ്.
നീന്തലോ ബോളുകളിയോ പോലുള്ള പ്രവർത്തനങ്ങൾക്ക് പറ്റിയ ഏതെങ്കിലും പാർക്കോ തുറന്ന സ്ഥലമോ സമീപത്തുണ്ടോ? എന്തുകൊണ്ട് വല്ലപ്പോഴും ഒരു പിക്ക്നിക് ക്രമീകരിച്ചുകൂടാ? അവിടെയും, കുടുംബങ്ങൾക്ക് ഭക്ഷണം കൊണ്ടുവരാവുന്നതാണ്, അങ്ങനെയാണെങ്കിൽ ആരും സാമ്പത്തികമായി ഭാരപ്പെടേണ്ടിവരികയില്ല.
മിതത്വം പ്രമുഖ സംഗതിയാണ്. സംഗീതം ആസ്വദിക്കാൻ അത് ചെവി പൊട്ടിക്കുന്ന സ്വരത്തിലായിരിക്കണമെന്നില്ല. ഡാൻസ് രസകരമായിരിക്കാൻ അത് ലൈംഗികപ്രേരിതമോ അധഃപതിച്ചതോ ആയിരിക്കണമെന്നില്ല. കളികൾ ചിലപ്പോൾ കൂടുതൽ മത്സരാത്മകമായിത്തീരാനുള്ള സാദ്ധ്യതകളുമുണ്ട്. ഒരു ക്രിസ്തീയ പിതാവ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ചില യുവാക്കൾ ചിലപ്പോൾ അടിപടി കൂട്ടുന്ന ഘട്ടംവരെ വാദപ്രതിവാദം നടത്തുന്നു.” ‘അന്യോന്യം മത്സരിക്കുന്ന’തൊഴിവാക്കാനുള്ള ബൈബിളുപദേശം അനുസരിക്കുക.—ഗലാത്യർ 5:26.
നിങ്ങൾ ആരെ അനുകരിക്കണം? “സഹോദരൻമാരുടെ മുഴു സംഘത്തോടും സ്നേഹമുണ്ടായിരിക്ക”ണമെന്ന് ബൈബിൾ പറയുന്നു. (1 പത്രോസ് 2:17) അങ്ങനെയെങ്കിൽ, നിങ്ങളുടെ കൂടിവരവ് എന്തുകൊണ്ട് തരപ്പടിക്കാരിൽ മാത്രം ഒതുക്കിനിർത്തണം? നിങ്ങളുടെ സഹവാസത്തിൽ “വിശാലതയുള്ളവരാകുവിൻ.” (2 കൊരിന്ത്യർ 6:13) ഒരു പിതാവ് ഇപ്രകാരം പറഞ്ഞു: “പ്രായമേറിയവർക്ക് ചില പ്രത്യേക പ്രവർത്തനങ്ങളിൽ ഏർപ്പെടുക പ്രയാസമാണെങ്കിലും, അവിടെ സന്നിഹിതരാകുന്നതും അവിടെ നടക്കുന്ന കാര്യങ്ങൾ കാണുന്നതും അവർ ആസ്വദിക്കുന്നു.” മുതിർന്നവരുടെ സാന്നിദ്ധ്യം പലപ്പോഴും കാര്യങ്ങൾ നിയന്ത്രണം വിട്ടുപോകുന്നത് തടയുന്നു. എന്നിരുന്നാലും, ഒരു കൂടിവരവിൽ “മുഴു സംഘത്തെയും” ക്ഷണിക്കുക സാദ്ധ്യമല്ല. കൂടിവരവുകൾ വലുതും നിയന്ത്രണാതീതവുമാകുമ്പോൾ പ്രശ്നങ്ങൾ പൊങ്ങിവന്നേക്കാം. നിങ്ങളുടെ കൂട്ടങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ട് പ്രശ്നങ്ങൾ ഒഴിവാക്കുക.
ക്രിസ്തീയ കൂടിവരവുകളും അന്യോന്യം ആത്മീയമായി കെട്ടുപണിചെയ്യാനുള്ള അവസരം പ്രദാനം ചെയ്യുന്നു. ഒരു കൂടിവരവിൽ ആത്മീയത കൂട്ടിക്കലർത്തുന്നത് വാസ്തവത്തിൽ ആ കൂടിവരവിന്റെ രസം കവർന്നുകളയുമെന്ന് ചില യുവാക്കൾ കരുതുന്നു. ഒരു ക്രിസ്തീയ യുവാവ് ഇപ്രകാരം വിലപിച്ചു പറഞ്ഞു: “ഞങ്ങളുടെ കൂടിവരവ് ‘കുത്തിയിരുന്ന്, ബൈബിളെടുത്ത്, ബൈബിൾ ഗെയിംസ് കളിക്കുന്നതാണ്.” എന്നാൽ സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുകയുണ്ടായി: “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്ന മനുഷ്യൻ . . . സന്തുഷ്ടനാകുന്നു.” (സങ്കീർത്തനം 1:1, 2) അതിനാൽ, ബൈബിൾ ചർച്ചകൾ—അല്ലെങ്കിൽ ബൈബിൾ കളികൾപോലും—ആ അവസരത്തിലെ സന്തോഷത്തിന് മാറ്റുകൂട്ടും.a
തങ്ങൾ ക്രിസ്ത്യാനികളായിത്തീർന്നതെങ്ങനെയെന്ന് അനേകർ വിവരിക്കുന്നതാണ് മറ്റൊരു രസകരമായ ആശയം. അല്ലെങ്കിൽ സ്വന്തം ജീവിത കഥ സരസമായി പറയാൻ ചിലരെ ക്ഷണിച്ചുകൊണ്ട് അല്പം ഹരം പകരാൻ കഴിയും. പലപ്പോഴും ഇവ നമ്മെ വിലയേറിയ പാഠങ്ങൾ പഠിപ്പിക്കുന്നു.
ഏറ്റവും സന്തുഷ്ടകരമായ സമയങ്ങൾ
കൂടിവരവുകൾക്കും വിനോദയാത്രകൾക്കും അതിന്റേതായ സ്ഥാനമുണ്ടെങ്കിലും നിങ്ങളുടെ ഏറ്റവും സന്തോഷകരമായ സമയം യഹോവാരാധനയോട് ബന്ധപ്പെട്ടിരിക്കും. നൂറ്റാണ്ടുകൾക്കു മുമ്പ് യിസ്രായേല്യർ വാർഷിക കൂടാരപ്പെരുനാളിനുവേണ്ടി യെരൂശലേമിലേക്കു പോകാൻ ദൈവം ക്രമീകരണം ചെയ്തു. ദൈവം ഇപ്രകാരം നിർദ്ദേശിച്ചു: “നിങ്ങൾ ദൈവമായ യഹോവയുടെ മുമ്പാകെ സന്തോഷിക്കേണം.” (ലേവ്യപുസ്തകം 23:40) അതേപ്രകാരം ഇന്ന് യഹോവയുടെ സാക്ഷികൾ സമ്മേളനങ്ങൾ നടത്തുന്നു. മിക്ക ക്രിസ്തീയ യുവാക്കൾക്കും അത്തരം അവസരങ്ങളാണ് വർഷത്തിലെ ഏറ്റവും ആസ്വാദ്യകരമായ സമയങ്ങൾ!
എന്നാൽ റ്റീൻ മാസികയിലെ ഒരു ലേഖനം പറഞ്ഞപ്രകാരം: “ജീവിതം തിരക്കിൽപ്പെട്ട് ഞെങ്ങിയതായിരിക്കരുത്, മനോവിഭ്രാന്തിയും പ്രവർത്തനങ്ങളും നിറഞ്ഞതായിരിക്കരുത്—ജീവിതം ഇത്തരം കാര്യങ്ങൾ നിറഞ്ഞതാണെങ്കിൽ നിങ്ങൾ ഒരുപക്ഷേ തളർന്നുപോയേക്കാം!” അതിനുപുറമേ, നമുക്ക് “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനു”മുണ്ട്. (1 കൊരിന്ത്യർ 15:58; മത്തായി 24;14) നിങ്ങൾക്ക് എപ്പോഴെങ്കിലും വിനോദം വേണമെന്ന് തോന്നുന്നെങ്കിൽ സന്തുലിതവും ആരോഗ്യകരവുമായ ഒരുവിധത്തിൽ ആസ്വദിക്കുക. (g86 11/8)
[അടിക്കുറിപ്പുകൾ]
a ഇത്തരം ചില കളികളെക്കുറിച്ചറിയാൻ 1979 ജനുവരി 22-ലെ എവേക്കിന്റെ 10-12 പേജുകൾ കാണുക.
[14-ാം പേജിലെ ചിത്രം]
പല തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും പല പ്രായത്തിലുള്ളവർ ഉൾപ്പെടുകയും ചെയ്യുമ്പോൾ ക്രിസ്തീയ കൂട്ടങ്ങൾ തികച്ചും ആസ്വാദ്യകരമായിരിക്കും