വിക്കന്റെ വെല്ലുവിളി മനസ്സിലാക്കുന്നു
ചൂടുള്ള ദിനങ്ങളിലെല്ലാം സ്ഥലത്തെ ഐസ്ക്രീം പാർലറിൽ പോകുകയെന്നത് കുടുംബത്തിന്റെ പതിവായിരുന്നു. കാളിന് ഏറ്റവും ഇഷ്ടം ബട്ടർ—പെകൻ ഐസ്ക്രീം കോൺ ആയിരുന്നു. ‘നനവുള്ള എന്റെ കയ്യിൽ ഞാൻ പിതാവ് എന്നെ ഏല്പിച്ച മിനുസമുള്ള കട്ടിയായ നിക്കൽ പിടിച്ചിരുന്നു. എന്റെ ഹൃദയം ഇടിച്ചുകൊണ്ടിരുന്നു, എന്റെ വായിലൂടെ മധുരം ഊറുന്നത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ഡാഡി എനിക്കുവേണ്ടി കോൺ ആവശ്യപ്പെടാൻ ഞാൻ ആഗ്രഹിച്ചു, എന്നാൽ അയാൾ എന്തുപറയുമെന്ന് ഞാൻ ഇപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. കഴിഞ്ഞകാലത്ത് അയാൾ അത് പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു: “നീ കോൺ വളരെയധികം ഇഷ്ടപ്പെടുന്നു, നീ തന്നെ ആവശ്യപ്പെടുക.” അതുനിമിത്തം ഞാൻ അയാളെ എത്രയധികം വെറുത്തിരുന്നു. അത് എത്രമാത്രം എന്നെ വേദനിപ്പിക്കുന്നുവെന്ന് അയാൾക്ക് അറിയില്ലേ? ഞാൻ ഉയരമുള്ള, തിളങ്ങുന്ന ആ ക്രോമിയം കൗണ്ടറിനു മുന്നിൽ വിറച്ചുകൊണ്ടു നിന്നു. ഞാൻ പെരുവിരലിൽനിന്നാൽ, പരിഹാസച്ചിരിയും വസൂരിക്കുത്തുമുള്ള മുഖത്തോടുകൂടിയ ഹൈസ്കൂൾ കുട്ടിക്ക് കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ എന്റെ തുച്ഛമായ പണം ഏല്പിക്കാൻ കഴിയും അത്രമാത്രം.
‘“ഏതു വേണം, കുട്ടീ?”
‘“എനിക്കു വേണ്ടത് ബബ് . . . ബ്ബ്ബ് . . . ബബബ. . . . ”
‘എന്റെ ചുണ്ടുകൾ അടഞ്ഞു. ഞാൻ നിശബ്ദമായി ക്ലേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുട്ടി എന്റെ തലക്കു മുകളിലൂടെ പിതാവിനെ നോക്കുന്നത് എനിക്കു കാണാൻ കഴിഞ്ഞു. വിക്കലുള്ള എല്ലാ ആളുകളും നന്നായി തിരിച്ചറിയുന്ന ഒന്നാണ് ആ നോട്ടം. ആ നോട്ടത്തിന്റെ അർത്ഥം ഇതാണ്, “നിങ്ങൾക്ക് സഹായിക്കാൻ കഴിയുമോ? ഈ കുട്ടിക്ക് അപസ്മാരം ഉണ്ടെന്നു തോന്നുന്നു, അവൻ എന്നെ ക്ഷുഭിതനാക്കുകയാണ്.” ഇത് എന്റെ വിഷമാവസ്ഥ വർദ്ധിപ്പിച്ചു, ഞാൻ കോപവും സംഭ്രാന്തിയും നിറഞ്ഞവനായിത്തീർന്നു, പ്രാണവായുവിനുവേണ്ടി വീർപ്പുമുട്ടി ഒടുവിൽ, “ബട്ടർ—പെകൻ” എന്ന് ഉച്ചരിച്ചു എനിക്ക് ദേഹമാസകലം വേദന തോന്നി, എന്നാൽ കാര്യം സാധിച്ചിരുന്നു.’—ദ ബെസ്റ്റ് ഓഫ് ലെറ്റിംഗ്ഗൊ, ന്യൂസ് ലെറ്റർ, സാൻഫ്രാസ്സിസ്കൊ, കാലിഫോർണിയ, യു. എസ്. എ.
കൊച്ചു കാൾ ആ കോൺ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ അവിടെ നോക്കിനിൽക്കുന്നുണ്ടായിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? കഴിഞ്ഞ 37 വർഷക്കാലം വിക്കൽ പ്രശ്നം പഠിച്ച ഡോ. ഒലിവർ ബഡ്ള്സ്റ്റീൻ, “പ്രത്യേകിച്ച് കാരണമില്ലെങ്കിൽ വിക്കലില്ലാത്തവർ വിക്കൽ എത്ര ഭീതിയും നിരാശയും ജനിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കുന്നില്ല “എന്ന രസകരമായ പ്രസ്താവന ചെയ്യുന്നു. അതെ പല വിക്കൻമാർക്കും സംസാരം ഒരു ആൽബട്രോസ് ആണ്, വെബ്സ്റ്ററുടെ ഒമ്പതാമത്തെ ന്യൂ കോളജിയറ്റ് നിഘണ്ടുവിൽ നിർവ്വചിക്കുന്ന പ്രകാരം “സ്ഥിരം ആഴമായ ഉൽക്കണ്ഠയോ ആകുലതയോ ജനിപ്പിക്കുന്ന ഒന്നുതന്നെ.”
നേരേമറിച്ച് നിങ്ങൾ ഒഴുക്കോടെ സംസാരിക്കുന്ന ഒരാളാണോ? അങ്ങനെയെങ്കിൽ ഈ ഉൽക്കണ്ഠ മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു കാര്യമായി നിങ്ങൾ കണ്ടെത്തിയേക്കാം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നമ്മിൽ മിക്കവരും അധികമൊന്നും ഉൽക്കണ്ഠപ്പെടാത്ത ഒരു കാര്യമാണ് സംസാരം. നമുക്കു വിശക്കുമ്പോൾ നാം ഒരു ഹോട്ടലിൽ പോയി ഒരു ഭക്ഷണം ആവശ്യപ്പെടുന്നു. നമുക്ക് ഒരു സമ്മാനം വാങ്ങണമെങ്കിൽ നാം ഒരു വില്പനക്കാരന്റെ സഹായം തേടുന്നു. നമ്മുടെ ടെലഫോൺ ബൽ അടിക്കുമ്പോൾ നാം ഉത്തരം പറയാൻ മടികാണിക്കുന്നില്ല. എന്നാൽ വിക്കൻമാരെ സംബന്ധിച്ചടത്തോളം ഇതുപോലുള്ള അനുദിന സംഭവങ്ങൾ ഒരു ജീവിക്കുന്ന പേടിസ്വപ്നം ആയിത്തീർന്നേക്കാം.
‘എന്നാൽ ആ പ്രശ്നം യഥാർത്ഥത്തിൽ അത്ര ഗുരുതരമാണോ?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. കൊള്ളാം, വിക്കലുള്ള ആരുടെയെങ്കിലും ജീവിതം എങ്ങനെയായിരിക്കുമെന്നറിയാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? അയാളുടെ അവസ്ഥ നന്നായി മനസ്സിലാക്കുന്നതിനും കൂടുതൽ സഹാനുഭൂതിനേടുന്നതിനും വന്ന് ആ ആന്തരിക ലോകവുമായി—അയാളുടെ ചിന്തകളുമായി—പരിചയത്തിലാവുക.
ആന്തരിക ലോകം
ജോയ്: “വിക്കലിനെ ഒരു സംസാര തടസ്സം എന്ന് ഞാൻ വിളിക്കുന്നില്ല; ഞാൻ അതിനെ ഒരു ജീവിത തടസ്സം എന്നാണ് വിളിക്കുന്നത്. ഒരു സാധാരണ വിധത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അത് ഞങ്ങളെ തടയുന്നു. അത് ഞങ്ങളുടെ വിദ്യാഭ്യാസപരമായ അഭിലാഷങ്ങളെയും ഞങ്ങളുടെ തൊഴിൽപരമായ ആശകളെയും ഞങ്ങളുടെ സാമൂഹ്യബന്ധങ്ങളെയും തടസ്സപ്പെടുത്തുന്നു. വിവാഹം കഴിക്കാത്ത ആളുകളെ എനിക്കറിയാം. . . . അവർക്ക് സ്നേഹിതരില്ല. അവർ അകന്നുനിൽക്കുന്നു, അവർ ഒറ്റപ്പെടുത്തപ്പെടുന്നു, അവരെ സമുദായഭ്രഷ്ടരാക്കുന്നു.”
ഡോണാ: എനിക്ക് ഒമ്പത് വയസ്സുമുതൽ വിക്കലുണ്ടായിരുന്നു. എനിക്ക് 27 വയസ്സായപ്പോൾ അത് കഠിനമായിരുന്നു, വീട്ടിൽ ടെലഫോണിന് മറുപടി പറയാൻപോലും എനിക്കു കഴിഞ്ഞില്ല. എന്റെ പേര് എന്താണെന്ന് നിങ്ങൾ ചോദിക്കുകയോ എനിക്ക് അത് പറയേണ്ടിവരുകയോ ചെയ്യുന്നെങ്കിൽ എനിക്ക് മരണഭീതി തോന്നിയിരുന്നു, “ഡോണാ” എന്ന് പറയുന്നത് എനിക്ക് വളരെ വിഷമായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ ഞാൻ 122 പ്രാവശ്യം വ്യത്യസ്ത പേരുകൾ ഉപയോഗിക്കുകയുണ്ടായി.
പേരു വെളിപ്പെടുത്താത്തയാൾ: ‘വിക്കൽ എന്റെ ജീവിതത്തെ എങ്ങനെ ആവരണം ചെയ്യുന്നു എന്ന് നിങ്ങളോടു പറയാൻ കഴിയുന്ന എളുപ്പമാർഗ്ഗം ഇന്നു സംഭവിച്ച ചിലകാര്യങ്ങൾ എഴുതുന്നതിനാലാണ്. പ്രഭാതഭക്ഷണം വരെ എനിക്ക് സുഖമായിരുന്നു കാരണം ഞാൻ സംസാരിച്ചില്ല. തുടർന്ന് ഞാൻ കവലയിലുള്ള മരുന്നുകടയിലേക്ക് പോയി, കാരണം ഞാൻ കൂടുതൽ ഉറങ്ങിയിരുന്നു. പോകാതിരുന്നാൽ പേടിസ്വപ്നങ്ങൾ കണ്ടുകൊണ്ട് ഞാൻ ആ കിടക്കയിൽത്തന്നെ കിടക്കേണ്ടി വരുമായിരുന്നു. എനിക്ക് വേണ്ടിയിരുന്നത് കാപ്പിയും റോൾസും ആയിരുന്നു, എന്നാൽ ആ വാക്കുകൾ പറയാൻ ഞാൻ വളരെ വിക്കുമായിരുന്നതുകൊണ്ടും പരിചാരികക്ക് എന്നോട് അവജ്ഞ തോന്നാൻ ഞാൻ ആഗ്രഹിക്കാഞ്ഞതുകൊണ്ടും ഞാൻ പാലും ഓട്ട്മീലും ആവശ്യപ്പെട്ടു. ഞാൻ ഓട്ട്മീൽ വെറുത്തിരുന്നു.’
‘ക്ലാസ്സിൽ അദ്ധ്യാപകൻ എന്നോട് ചോദ്യം ചോദിച്ചു, എനിക്ക് ഉത്തരം അറിയാമായിരുന്നെങ്കിലും, ഊമൻ ചമഞ്ഞ് അറിയില്ലെന്ന് തലയാട്ടി. അതിനുശേഷം ഞാൻ ഒരു നായാണെന്ന് എനിക്കു തോന്നി. ക്ലാസ് കഴിഞ്ഞ് ഞാൻ വായനശാലയിലേക്ക് പോയി ഒരു പുസ്തകമെടുത്ത് എനിക്ക് അറിയാവുന്ന ആരെങ്കിലും കടന്നുപോകുമ്പോൾ ഗൗരവത്തോടെ പഠിക്കുന്നതായി നടിച്ചുകൊണ്ടിരുന്നു.’
“ഞാൻ തകർത്തിരുന്നു, എന്റെ ഡാഡിക്ക് പണം ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തെഴുതുകയും ചെയ്തു. അതിൽ പെട്ടെന്നുള്ള വിതരണത്തിനായി ഒരു സ്റ്റാമ്പൊട്ടിക്കാൻ ഞാൻ ആഗ്രഹിച്ചു, എന്നാൽ കഴിഞ്ഞ പ്രാവശ്യം പോസ്റ്റാഫീസിൽ നിന്ന് അത് വാങ്ങാൻ ശ്രമിച്ച സന്ദർഭം ഞാൻ ഓർത്തു. സ്-സ്-സ്-സ്-സ് അങ്ങനെ തുടർന്നുപോയി. ക്ലാർക്കും ലൈനിലുണ്ടായിരുന്ന മറ്റുള്ളവരും അക്ഷമരായി. ഒടുവിൽ ഞാൻ ഒരു സാധാരണ സ്റ്റാമ്പ് വാങ്ങി അത് അയക്കേണ്ടിവന്നു. അങ്ങനെ 30 സെൻറ് കൂടെ ഭക്ഷണാവശ്യത്തിനു കിട്ടി.”
ഡബ്ലിയു. ജെ.: “ഞാൻ ഒരു വിക്കനാണ്. ഞാൻ മറ്റ് ആളുകളേപ്പോലെയല്ല. ഞാൻ വിക്കുന്നതുകൊണ്ട് ഞാൻ വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായി പ്രവർത്തിക്കുകയും വ്യത്യസ്തമായി ജീവിക്കുകയും ചെയ്തേതീരൂ. മറ്റ് വിക്കൻമാരേയും ഭ്രഷ്ടൻമാരേയും പോലെ ഞാൻ എന്റെ ജീവിതത്തിൽ ഉടനീളം വലിയ സങ്കടവും ഒരു വലിയ പ്രതീക്ഷയും ഒരുമിച്ച് അറിഞ്ഞിരിക്കുന്നു. എന്നെ ഇത്തരത്തിലാക്കിയത് അവയാണ്. വികൃതമായ ഒരു നാവ് എന്റെ ജീവിതത്തെ രൂപപ്പെടുത്തി.”
പേരു വെളിപ്പെടുത്താത്തയാൾ: “ഞാൻ റെയിൽ വണ്ടി പാളം മാറ്റുന്ന ഒരു യാർഡിൽ ഒരു അഗ്നിശമനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം ചില ബോഗികൾ മാറ്റുന്നതിനായി ഞങ്ങൾ മുഖ്യ റെയിൽ ഉപയോഗിക്കുകയായിരുന്നു. അരമണിക്കൂർ സമയത്തിനുള്ളിൽ ആ പാളത്തിൽ ട്രെയിൻ വരുന്നതായി ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഞാൻ എന്തോ പരിശോധിക്കുന്നതിനായി വെളിയിലേക്ക് നോക്കി; ഒരു ചരക്കു വണ്ടി അടുത്തെത്തിയതായി ഞാൻ കണ്ടു. എന്റെ എൻജിനീയർ കാബിനിൽ ആയിരുന്നു. ഞാൻ അയാളോടു പറയാൻ ശ്രമിച്ചു. പക്ഷേ ഒരു വാക്കുപോലും പറയാൻ കഴിഞ്ഞില്ല. എനിക്ക് വിക്കുന്നതിനുപോലും കഴിഞ്ഞില്ല. ചരക്കുവണ്ടി അത്രവേഗതയിലല്ലായിരുന്നെങ്കിലും രണ്ടുംകൂടെ കൂട്ടിമുട്ടി. ആരും മരിച്ചില്ലെങ്കിലും എന്റെ കൂട്ടുകാരന്റെ കാൽ നഷ്ടപ്പെട്ടു. എനിക്ക് എന്നോടു തന്നെ ക്ഷമിക്കാൻ കഴിഞ്ഞില്ല. മുന്നറിയിപ്പുകൊടുക്കാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ.”
അഞ്ച് ആളുകൾ. അവരുടെ ചിന്തകളും അനുഭവങ്ങളും വിക്കൻമാർ അനുദിനജീവിതത്തിൽ അഭിമുഖീകരിക്കുന്ന നിരാശയും ഉൽക്കണ്ഠയും അവമാനവും സംബന്ധിച്ച് കുറച്ചെങ്കിലും ഉൾക്കാഴ്ച നമുക്കു നൽകുന്നു. ഇപ്പോൾ ഈ അനുഭവങ്ങളെ 150 ലക്ഷം ജീവിതങ്ങൾകൊണ്ട് ഗുണിക്കുക. വിക്കലിന് യഥാർത്ഥമായ ഒരു അസ്വസ്ഥതയായിരിക്കാൻ കഴിയുന്നതെന്തുകൊണ്ടെന്ന് നിങ്ങൾ നന്നായി വിലമതിക്കുന്നുവോ?
വിക്കലുള്ള ഒരു സ്നേഹിതൻ നിങ്ങൾക്കുണ്ടെങ്കിൽ അയാൾ അതു സംബന്ധിച്ച് എന്തുവിചാരിക്കുന്നുവെന്ന് ചോദിച്ചു നോക്കികൂടാത്തതെന്തുകൊണ്ട്? അനുദിനം എത്രയധികം ധൈര്യവും നിശ്ചയദാർഢ്യവും ആവശ്യമായിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.
സഹാനുഭൂതി നൽകുക
ഈ വൈകല്യത്തിന്റെ സ്വഭാവം മിക്കപ്പോഴും അതിന്റെ ഇരകളെ മാനസ്സികമായും വൈകാരികമായും ആഴമായി ബാധിക്കുന്നതുകൊണ്ട്, നിങ്ങൾ അത്തരക്കാരോട് എങ്ങനെ ഇടപെടണം? കുട്ടികളോടെന്നപോലെ പെരുമാറികൊണ്ട് നിങ്ങൾക്ക് അവരോട് അവജ്ഞ തോന്നേണ്ടതുണ്ടോ? നിങ്ങൾ വ്യത്യസ്തമായി അവരോട് പെരുമാറണമോ? ഉണരുക! ഇതേ ചോദ്യങ്ങൾ ഈ വൈകല്യം ഉണ്ടായിരുന്നവരും ഇപ്പോൾ ഉള്ളവരുമായ അനേകം ആളുകളോടു ചോദിച്ചു. അവരുടെ അഭിപ്രായങ്ങളിൽ ചിലത് ഇവയാണ്.
ദയവായി ഞങ്ങളെ കളിയാക്കരുത്. ഇരുപത്തൊമ്പതു വയസ്സുകാരനായ ഫ്രാങ്കിന് പത്തുവയസ്സുമുതൽ വിക്കൽ പ്രശ്നം ഉണ്ട്. “വിക്കൻമാർക്കും വികാരങ്ങൾ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കണമെന്നും വ്യക്തികളെന്നനിലയിൽ അവരെ പരിഗണിക്കുകയും കളിയാക്കാതിരിക്കുകയും ചെയ്യണമെന്നും ഞാൻ ആഗ്രഹിക്കുന്നു,” എന്ന് അയാൾ പറയുന്നു. “വിക്കലുള്ളവർക്ക് ഒരു പ്രശ്നമുണ്ട്, അത്രയേയുള്ളു. എല്ലാവർക്കും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ട്, വിക്കൽ എന്റേതായിത്തീർന്നു.” വിക്കൽ ജീവന് ഭീഷണിയല്ലാത്തതുകൊണ്ട് പരസ്യമായി പരിഹസിക്കപ്പെടുന്ന ഏക വൈകൃതം അതാണെന്നു തോന്നുന്നു, എന്ന് പ്രശസ്തനായ ഒരു ന്യൂസ് പേപ്പർ എഴുത്തുകാരൻ ഒരിക്കൽ പറയുകയുണ്ടായി. അതെ, സ്നേഹിതർ താൻ സംസാരിക്കുന്ന രീതി സംബന്ധിച്ച് ലാഘവത്തോടെ തന്നെ കളിയാക്കുമെന്ന് റോബർട്ട് സമ്മതിക്കുന്നു. “എനിക്ക് അതൊരു പ്രശ്നമല്ല, കാരണം അത് വെറും തമാശയാണെന്ന് ഞാൻ അറിയുന്നു,” എന്ന് അയാൾ ഒരു പുഞ്ചിരിയോടെ പറയുന്നു. ഓരോരുത്തരും വ്യത്യസ്തരാണെന്നുള്ളത് സത്യംതന്നെ, വിക്കൻമാരായ ചിലർ അല്പമൊന്ന് കളിയാക്കുന്നതിനെ കാര്യമായിട്ടെട്ടുക്കാറില്ല. എന്നാൽ സഹാനുഭൂതി കാണിക്കുന്നതും വിക്കലുള്ളവരോട് നിങ്ങൾ ആ സാഹചര്യത്തിൽ ആയിരുന്നെങ്കിൽ എങ്ങനെയുള്ള പെരുമാറ്റം ഇച്ഛിക്കുമായിരുന്നോ ആ വിധത്തിൽ പെരുമാറുന്നതും ആണ് ബുദ്ധിപൂർവ്വമായ ഗതി എന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ.
ദയവായി ഞങ്ങളോട് പരിതാപം തോന്നരുത്. ഒരു വിക്കൻ വിവേകമുള്ള ഒരാളെ തീർച്ചയായും വിലമതിക്കുമെങ്കിലും അയാൾ പരിതാപത്തെ ഇഷ്ടപ്പെടുകയില്ല. “ആളുകൾക്ക് ഞങ്ങളോട് പരിതാപം തോന്നാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാൽ ഞങ്ങൾക്ക് അവരുടെ ക്ഷമ ആവശ്യമാണ്,” എന്ന് 25 വർഷമായി വിക്കലുള്ള കരോൾ പറയുന്നു. “വിക്കലുള്ളവളെന്നനിലയിൽ ആളുകൾക്ക് എന്നോട് സങ്കടം തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” എന്ന് ഇപ്പോൾ 60-കളിൽ കഴിയുന്ന കെയ്റ്റ് കൂട്ടിച്ചേർക്കുന്നു. “അവർ ഒരു വ്യക്തിയെന്നനിലയിൽ എന്നെ കാണാനും വിക്കലിനേക്കാൾ വലിയ പ്രശ്നങ്ങൾ ചുറ്റുപാടുമുണ്ടെന്ന് മനസ്സിലാക്കാനും ഞാൻ ആഗ്രഹിക്കുന്നു. വിക്കൽ ഒരു ചെറിയ വൈകല്യം ആണ്.”
ഞങ്ങൾ മടയൻമാരോ സിരാരോഗികളോ ആണെന്ന് ദയവായി ചിന്തിക്കരുത്. “ആഴമായി മനസ്സിലാക്കാനും അബോധ വിശ്ലേഷണം നടത്താനും ആളുകൾ ശ്രമിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,” എന്ന് റോബർട്ട് പറയുന്നു. “ഞങ്ങളെ ഭയപ്പെടേണ്ടതില്ല” എന്ന് കരോൾ പറയുന്നു. “ഞങ്ങൾ ‘പകർച്ചവ്യാധി’ക്കാരല്ല. അമ്മമാർ തങ്ങളുടെ മക്കളെ ഞങ്ങളിൽനിന്ന് മറച്ചു പിടിക്കേണ്ടതില്ല. ആളുകൾ വിക്കലുള്ളവർക്ക് അന്തസ്സും ബഹുമാനവും കൊടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ മറ്റ് ആരെയും പോലെ ബുദ്ധിശാലികൾ ആണ്. ഞങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങൾക്ക് പറയാൻ കഴിയുന്നില്ല എന്നുമാത്രം. എല്ലാ ആംഗ്യങ്ങളും ചലനങ്ങളും വൈകൃതങ്ങളും—അവ വാക്കുകൾ പുറത്തേക്കു കൊണ്ടുവരാനുള്ള ശ്രമം മാത്രമാണ്.”
‘വിക്കൻമാരുടെ അനുഭവം അറിയുന്നത് നല്ലതാണ്,’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. ‘ഇത് ഭാവിയിൽ എന്നെ സഹായിക്കും. എന്നാൽ ഞാൻ അറിയാൻ ആഗ്രഹിക്കുന്ന സംഗതി: ‘അവർ എങ്ങനെ തരണം ചെയ്യുന്നു? എന്നതാണ്.’ ഇത് പരിചിന്തനം അർഹിക്കുന്ന ഒരു നല്ല ചോദ്യമാണ്.
ചിലർ തരണം ചെയ്തിരിക്കുന്നവിധം
ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് യഹോവയുടെ സാക്ഷികളിൽപെട്ട ചിലരുടെ അഭിപ്രായം ആരാഞ്ഞു, കാരണം അവരുടേത് കൂടുതൽ വെല്ലുവിളിപരമായ ഒരു അവസ്ഥയാണ്. ദൃഷ്ടാന്തത്തിന്, ഒരു പ്രതിവാരയോഗത്തിൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ വലിയ സദസ്സിന് മുമ്പാകെ പ്രസംഗിക്കാൻ സാക്ഷികൾ പരിശീലിപ്പിക്കപ്പെടുന്നു. വിക്കലുള്ള ചിലരും ഈ സ്കൂളിൽ പേർചാർത്തുന്നു. കൂടാതെ, ഓരോ സാക്ഷിയും പരസ്യമായി ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുന്നു, മിക്കപ്പോഴും അത് വീടുതോറും ചെയ്യപ്പെടുന്നു. സ്പഷ്ടമായും പ്രയാസം നിറഞ്ഞ സാഹചര്യങ്ങളിൽ വളരെയധികം ആയശവിനിയമം ആവശ്യമായിരിക്കുന്നു. അവർ ഇത് എങ്ങനെയാണ് ചെയ്യുന്നത്? രണ്ടു കാര്യങ്ങൾ സഹായം ചെയ്യുന്നു: മറ്റുള്ളവരുടെ മാതൃകകൾ ഓർക്കുന്നതും പ്രാർത്ഥനയും.
കെയ്റ്റ് എപ്പോഴും മോശെയുടെ ദൃഷ്ടാന്തം കൺമുമ്പിൽ നിർത്തുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, മോശെക്ക് ഏതോതരം സംസാരവൈകല്യം ഉണ്ടായിരുന്നതായി പരക്കെ സമ്മതിക്കപ്പെടുന്നു. യിസ്രായേല്യരെ ഈജിപ്റ്റിനു വെളിയിലേക്ക് നയിക്കാൻ യഹോവ നിയോഗം നൽകിയപ്പോൾ മോശെ ഇപ്രകാരം മറുപടി പറഞ്ഞു: “ഞാൻ വാക് സാമർത്ഥ്യം ഉള്ളവനല്ല, . . . എന്തെന്നാൽ ഞാൻ വാക്കിനും നാവിനും താമസമുള്ളവനാകുന്നു.” അതുകൊണ്ട് യഹോവ സ്നേഹപൂർവ്വം അവന്റെ സഹോദരനായ അഹരോനെ വക്താവായി നൽകി. എന്നാൽ ഈ ക്രമീകരണം നീണ്ടുനിൽക്കേണ്ടതല്ലായിരുന്നു. പിൽക്കാലത്ത് മോശെ യിസ്രായേല്യരോടു നടത്തിയ ഉത്തേജകമായ പ്രസംഗങ്ങളുടെ രേഖ നാം ആവർത്തനപുസ്തകത്തിൽ കാണുന്നു. അപ്പോൾ അഹരോൻ ആവശ്യമില്ലായിരുന്നു! മോശെ ഒടുവിൽ തന്റെ സംസാര വൈഷമ്യത്തിൻമേൽ വിജയം നേടിയെന്നറിയുന്നത് കെയ്റ്റിന്റെ സംഗതിയിൽ വലിയ ഒരു പ്രോത്സാഹനത്തിന്റെ ഉറവാണെന്ന് തെളിഞ്ഞു.
റോബർട്ട് തന്റെ സഭയിൽ ഒരു മൂപ്പനാണ്. “ഒരു പ്രസംഗം നടത്താൻ എഴുന്നേൽക്കുന്നതിനുമുമ്പ് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു,” എന്ന് അയാൾ പറയുന്നു. അത് സഹായിക്കുന്നുവോ? “ഉവ്വ്. അതിന് ഒരു യഥാർത്ഥ സാന്ത്വന ശക്തിയുണ്ട്.” മെയ് അവളുടെ അമ്പതുകളിൽ ആണ്, അവൾക്ക് കഴിഞ്ഞ 11 വർഷമായി വിക്കലുമുണ്ട്. താൻ ഒരു നിരീക്ഷകയായി മാത്രം വീടുതോറും പോയിരുന്നുവെന്ന് അവൾ പറയുന്നു. ഒരു ദിവസം ഒരു സാക്ഷിയോടു കൂടെ പ്രവർത്തിക്കാൻ ഇടയായി, “നീ ആളുകളോട് സംസാരിക്കുന്നില്ലെങ്കിൽ സേവനത്തിനു പോകുന്നതിന്റെ അർത്ഥമെന്താണ്?” എന്ന് അവളോട് ദയാപുരസരം ആ സാക്ഷി ചോദിച്ചു. അയാൾ പറഞ്ഞത് ശരിയായിരുന്നു. അതുകൊണ്ട് സഹായം കിട്ടുന്നതിന് താൻ എന്തു ചെയ്യണമെന്ന് അവൾ ചോദിച്ചു. അയാളുടെ ഉപദേശമോ? പ്രാർത്ഥിക്കുക. പല വർഷങ്ങളായി ഒരു പയനിയർ ശുശ്രൂഷകയായിരിക്കാനും ദൈവരാജ്യത്തേക്കുറിച്ച് ആളുകളോടു പറയുന്നതിന് ഓരോ മാസവും 90 മണിക്കൂർ ചെലവഴിക്കുന്നതിനും മെയ്ക്ക് കഴിഞ്ഞു. “വീട്ടുവാതിൽക്കൽ ആരോടെങ്കിലും സംസാരിക്കുമ്പോൾ എനിക്ക് വിക്കൽ ഉണ്ടാകുന്നെങ്കിൽ ഞാൻ പെട്ടെന്ന് ഒരു ചെറിയ പ്രാർത്ഥന നടത്തും. ഞാൻ പൂർവ്വസ്ഥിതിയിലാകുന്നു, വീണ്ടും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു,” എന്ന് അവൾ പറയുന്നു.
അസ്വസ്ഥതയെ പലായനം ചെയ്യിക്കുന്നു
വിക്കലുള്ള ആരെങ്കിലുമായി നിങ്ങൾക്ക് അടുപ്പമുണ്ടോ? ഈ യുവതിക്ക് തോന്നിയതുപോലെ നിങ്ങൾക്ക് തോന്നുന്നുണ്ടോ? അവൾ തന്റെ സുഹൃത്തിനേക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “അയാൾ സുന്ദരനും സ്നേഹവും കരുതലുമുള്ളവനുമായ ഒരു വൃക്ഷിയാണ്. അയാൾക്ക് നൽകാൻ വളരെയധികം ഉണ്ട്, പക്ഷേ ആശയം പ്രകടിപ്പിക്കാൻ മാർഗ്ഗമില്ല.” നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ അപ്പോൾ നിങ്ങളും അയാളേപ്പോലെതന്നെ ഒരു സൗഖ്യം അതിയായി ആഗ്രഹിക്കും.
‘ഇതു ചെയ്യുക, അതുചെയ്യുക. അത് എപ്പോഴും ഫലം ചെയ്യും!’ എന്ന് നിങ്ങൾക്ക് ഒരു വിക്കനോട് പറയാൻ കഴിയുന്നെങ്കിൽ അത് വാസ്തവത്തിൽ അതിശയകരമായിരിക്കും. എന്നാൽ അത് സത്യമല്ല. വിക്കൽ അത്തരം ഒരു സങ്കീർണ്ണ വൈകല്യമാണ്, ഓരോ വിക്കനും വ്യക്തിഗതമായ ആവശ്യങ്ങളുള്ള ഒരാളാണ്. അതുകൊണ്ട്, തന്റെ വിക്കൽ നിയന്ത്രണാധീനമാക്കുന്നതിന് ഒരാളെ സഹായിച്ചേക്കാവുന്നത് മറ്റൊരാളിൽ അതേ ഫലം ഉളവാക്കുകയില്ല. അപ്പോൾ, ഒരു വിക്കൻ ആശയില്ലാത്ത ഒരു ജീവിതത്തിന് വിധിക്കപ്പെട്ടിരിക്കുന്നു എന്നാണോ അതിന്റെ അർത്ഥം?a
റോബർട്ടും മെയും കെയ്റ്റും പെട്ടെന്നു തന്നെ ഒരു സൗഖ്യമുണ്ടാകുമെന്നതിന് നിങ്ങൾക്ക് ഉത്സാഹപൂർവ്വം ഉറപ്പുനൽകും. ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും എന്ന ദൈവിക വാഗ്ദത്തത്തിലുള്ള തങ്ങളുടെ പ്രത്യാശ അവർ സന്തോഷപൂർവ്വം നിങ്ങളോടൊത്ത് പങ്കുവെക്കും. സംസാര വൈകല്യമുണ്ടായിരുന്ന ഒരു മനുഷ്യനെ യേശു സൗഖ്യമാക്കിയതു സംബന്ധിച്ചു അവർ നിങ്ങളോടു പറയും. അഥവാ, ദൈവരാജ്യത്തിന്റെ മഹത്വീകരിക്കപ്പെട്ട രാജാവായ യേശുക്രിസ്തു ഭൂമിയിലേക്ക് തന്റെ ശ്രദ്ധതിരിക്കാനുള്ള സമയം വേഗത്തിൽ ആഗതമാകുമെന്ന് അവർ നിങ്ങളോട് വിശദീകരിക്കും. അവൻ ശ്രദ്ധതിരിക്കുമ്പോൾ അനേക വർഷങ്ങൾക്കു മുമ്പ് അവൻ ആ മനുഷ്യനോടുള്ള ബന്ധത്തിൽ ചെയ്തതുപോലെ പലരുടെയും കാര്യത്തിൽ അവൻ പ്രവർത്തിക്കും. അതെ, “സർവ്വാശ്വാസത്തിന്റെയും ദൈവമായ” യഹോവയും അവന്റെ പുത്രനായ യേശുക്രിസ്തുവും ഈ അസ്വസ്ഥതയെ എന്നേക്കുമായി പലായനം ചെയ്യിക്കും എന്നതാണ് അവരുടെ ഉറച്ചവിശ്വാസം.—2 കൊരിന്ത്യർ 1:3, 4.
അതുകൊണ്ട്, ഭാവി ശോഭനമായിരിക്കുമെന്നതിന് സംശയമില്ല. എന്നാൽ ഇപ്പോഴെന്ത്? റോബർട്ടും മെയും കെയ്റ്റും അവരേപ്പോലുള്ള മറ്റുള്ളവരും സാദ്ധ്യമാകുന്നിടത്തോളം പ്രസന്നതയോടെ അവരുടെ പ്രശ്നത്തെ നേരിട്ട് ജീവിക്കാൻ കഠിനശ്രമം ചെയ്യുകയാണ്. ഉത്തരവാദിത്വ ഭാരം അവരുടേത് മാത്രമായിരിക്കുമോ? അല്ലെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. നമ്മുടെ ബഹുമാനം അവർക്ക് നൽകിക്കൊണ്ട് നമുക്ക് അവരെ സഹായിക്കാൻ കഴിയും. നമുക്ക് എല്ലായ്പ്പോഴും ദയയും വിവേകവും ക്ഷമയും ഉള്ളവരായിരിക്കാൻ കഴിയും. അവർ പറയുന്നതെന്തെന്ന് നമുക്ക് ശ്രദ്ധിക്കാൻ കഴിയും. അതെ, അവരുടെ പ്രശ്നം അവർ എത്ര അനായാസം സ്വീകരിക്കുന്നുവെന്നത് വിക്കന്റെ അസ്വസ്ഥതയെ മനസ്സിലാക്കാനുള്ള നമ്മുടെ മനസ്സൊരുക്കത്തെ ആശ്രയിച്ചിരിക്കുന്നു. (g86 11/8)
[അടിക്കുറിപ്പുകൾ]
a ചികിത്സയും സ്വയ സഹായവും സംബന്ധിച്ച് ചില ആശയങ്ങൾക്കായി അടുത്ത അഭിമുഖം കാണുക, അതുപോലെതന്നെ 1966 മെയ് 8-ലെ ഉണരുക! ലക്കത്തിൽ “ലഘൂകരിക്കാവുന്ന ഒരു സംസാര വൈകല്യം” എന്ന ലേഖനവും കാണുക.
[23-ാം പേജിലെ ആകർഷകവാക്യം]
“ആളുകൾ വിക്കലുള്ളവർക്ക് അന്തസ്സും ബഹുമാനവും കൊടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു”
[25-ാം പേജിലെ ആകർഷകവാക്യം]
“വിക്കൻ എങ്ങനെ സംസാരിക്കുന്നു എന്നതിനുപകരം എന്തു സംസാരിക്കുന്നു എന്നതിനോട് ശ്രോതാക്കൾ പ്രതികരിക്കുമ്പോൾ അവർ വിക്കൻമാരെ ഏറ്റവും നന്നായി സഹായിക്കുന്നു.”—ഡോ. ഒലിവർ ബഡ്ള്സ്റ്റീൻ, സംസാര രോഗവിദഗ്ദ്ധൻ
[26-ാം പേജിലെ ചതുരം]
“സംസാരം രജത സമാനം, മൗനം കനക സമാനം”
ഈ പഴമൊഴിക്ക് പൗരസ്ത്യ ഉത്ഭവമാണുള്ളതെന്ന് പറയപ്പെടുന്നു. തത്തുല്യമായ എബ്രായ പഴമൊഴി, “ഒരു വാക്കിന് ഒരു ശേക്കെൽ വിലയുണ്ടെങ്കിൽ നിശബ്ദതക്ക് രണ്ടു ശേക്കെൽ വിലയുണ്ട്” എന്നതാണ്.—ബ്രൂവേഴ്സ് ഡിക്ഷനറി ഓഫ് ഫ്രേസ് ആൻഡ് ഫേബിൾ
പുരാതനകാലത്തെ ജ്ഞാനിയായ ഒരു മനുഷ്യൻ അത് ഇപ്രകാരം ചുരുക്കി പറഞ്ഞു: “എല്ലാറ്റിനും അതതിന്റെ കാലമുണ്ട്, ആകാശത്തിൻ കീഴിലുള്ള സകല പ്രവർത്തനത്തിനും അതതിന്റെ സമയവുമുണ്ട്: . . . മൗനമായിരിക്കാൻ ഒരു സമയവും സംസാരിക്കാൻ ഒരു സമയവും.”—സഭാപ്രസംഗി 3:1, 7, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ
[24-ാം പേജിലെ ചിത്രം]
വിക്കലുള്ള ആരുടെയെങ്കിലും ജീവിതം എങ്ങനെയായിരിക്കുമെന്നറിയാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?