വിക്കിൽനിന്നു മോചനം!
ഏകദേശം എട്ടു ദശകങ്ങളായി ഉണരുക! അതിന്റെ വായനക്കാരെ അനുദിന പ്രശ്നങ്ങൾ തരണം ചെയ്യാൻ സഹായിച്ചിരിക്കുന്നു. ചിലപ്പോൾ അതു ജീവിതത്തെ കാര്യമായി ബാധിക്കും വിധത്തിലുള്ള, ചികിത്സാരംഗത്തെ പുരോഗതികളെയും മനോഭാവങ്ങളെയും കുറിച്ച് അവർക്ക് അറിവു പകരുന്നു. പിൻവരുന്ന അനുഭവ കഥ അതാണു വ്യക്തമാക്കുന്നത്.
1989-ൽ, ഉത്തര ഇംഗ്ലണ്ടിൽ ആയിരുന്നു മാത്യു ജനിച്ചത്. രണ്ടു വയസ്സുവരെ അവന് യാതൊരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് അവധിക്കാലം ചെലവഴിക്കുന്നതിന് ഇടയിൽ പൊടുന്നനെ അവനു കലശലായ വിക്ക് ഉണ്ടായി.
അവന്റെ അമ്മ, മാർഗരറ്റ് വിശദീകരിക്കുന്നു: “ഞാനും ഭർത്താവും ഞങ്ങളുടെ പ്രദേശത്തുള്ള സംസാര ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ടു. ഏഴു വയസ്സ് ആകാതെ അവന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നു ഞങ്ങളോടു പറയുകയുണ്ടായി. ആ പ്രായം വരെ കുട്ടികൾക്കു തങ്ങളുടെ സ്വനതന്തുക്കളെ നിയന്ത്രിക്കാൻ സാധിക്കാത്തതാണ് അതിനു കാരണമെന്നും അവർ ഞങ്ങളോടു പറഞ്ഞു. എന്നാൽ മാത്യു സ്കൂളിൽ പോയപ്പോൾ മറ്റു കുട്ടികൾ അവനെ കളിയാക്കാൻ തുടങ്ങി. അത് അവനു വളരെ വിഷമം ഉണ്ടാക്കി. അതോടെ വിക്ക് കൂടി. അവൻ ആൾക്കൂട്ടത്തെ വെറുത്തു, എപ്പോഴും തനിച്ച് ആയിരിക്കാൻ ആഗ്രഹിച്ചു. രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുന്നതു പോലും അവനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിരുന്നു.
“അങ്ങനെയിരിക്കെ, 1995 ഏപ്രിൽ 8 ലക്കം ഉണരുക!യിലെ ‘ലോകത്തെ വീക്ഷിക്കലിൽ’ വന്ന ‘വിക്കുള്ളവർക്കു പ്രത്യാശ’ എന്ന വാർത്താശകലം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. വിക്കുള്ള കൊച്ചു കുട്ടികളെ വിജയപ്രദമായി ചികിത്സിച്ചിട്ടുള്ള ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ഒരു സംഘം സംസാര ചികിത്സകരുടെ പ്രവർത്തനത്തെ കുറിച്ച് അതിൽ ഹ്രസ്വമായി വിവരിച്ചിരുന്നു.
“ഞങ്ങൾ സിഡ്നി യൂണിവേഴ്സിറ്റിക്ക് എഴുതി. അവിടെയുള്ള ഡോ. മാർക്ക് ഓസ്ലോ, താനുമായി ടെലഫോണിലൂടെ ബന്ധപ്പെടാൻ ദയാപുരസ്സരം ഞങ്ങൾക്ക് എഴുതി. അവർ സിഡ്നിയിലും ഞങ്ങൾ ഇംഗ്ലണ്ടിലും ആയതിനാൽ അദ്ദേഹത്തിന്റെ സംഘത്തിലുള്ള സംസാര ചികിത്സകർ ‘ദീർഘദൂര ചികിത്സ’ പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു. പ്രസ്തുത സംഘം, മാത്യുവിന്റെ മാതാപിതാക്കളായ ഞങ്ങൾക്ക് ടെലഫോൺ, ഫാക്സ്, ഓഡിയോ കാസെറ്റ് എന്നിവയിലൂടെ ചികിത്സാ രീതികളെ കുറിച്ചു പറഞ്ഞുതന്നു. മാത്യുവിന്റെ വ്യക്തിപരമായ ആവശ്യാനുസൃതം ചികിത്സാ രീതികൾ അവലംബിച്ചു. ഞാൻ ആയാസരഹിതമായ ചുറ്റുപാടിൽ അവനോടൊപ്പം ഇരുന്ന് പ്രയാസമുള്ള പദങ്ങൾ ഉച്ചരിക്കാൻ അവനെ സഹായിക്കുമായിരുന്നു. ‘ഒഴുക്കോടെ’ സംസാരിക്കുമ്പോഴെല്ലാം ഞാൻ അവനെ കലവറയില്ലാതെ പ്രശംസിക്കുമായിരുന്നു, ചെറിയ പാരിതോഷികങ്ങളും കൊടുക്കുമായിരുന്നു.
“ആറു മാസംകൊണ്ടു മാത്യുവിൽ കാര്യമായ മാറ്റമുണ്ടായി. അവൻ മേലാൽ അന്തർമുഖൻ ആയിരുന്നില്ല. മറിച്ച്, ഒരു കുഴപ്പവുമില്ലാത്ത, സന്തോഷമുള്ള, തുറന്നിടപെടുന്ന ഒരു സാധാരണ കുട്ടിയായി അവൻ മാറി. അവനിപ്പോൾ സഭാ യോഗങ്ങളിൽ ഉത്തരം പറയുകയും സസന്തോഷം ബൈബിൾ വായനാ പ്രസംഗം നടത്തുകയും ചെയ്യുന്നു. വീടുതോറുമുള്ള ശുശ്രൂഷയിലും അവനു നല്ല പങ്കുണ്ട്. അവന്റെ സംസാരം സാധാരണ നിലയിലായി!
“ഉണരുക!യിൽ കണ്ട ആ വാർത്താശകലം ഞങ്ങളുടെ മകന്റെ ജീവിതത്തെ ഉടച്ചുവാർത്തതിൽ ഞങ്ങൾ എത്രമാത്രം നന്ദി ഉള്ളവരാണെന്നോ!”—സംഭാവന ചെയ്തത്.