അംഗങ്ങൾ നഷ്ടപ്പെടുന്നതിൽ അവർ വ്യാകുലപ്പെടുന്നതെന്തുകൊണ്ട്
അനേകം സഭകൾക്ക് അംഗങ്ങൾ നഷ്ടപ്പെടുകയാണ്. ഇറ്റലിയിലെ ഉണരുക! ലേഖകൻ എഴുതിയ ആദ്യത്തെ ഈ മൂന്നു ലേഖനങ്ങൾ വത്തിക്കാൻ മാത്രമല്ല, അനേകം കത്തോലിക്കാ പത്രങ്ങളും ഭാഷ്യക്കാരൻമാരും ഉൽക്കണ്ഠപ്പെടുന്നുണ്ടെന്നു പ്രകടമാക്കുന്നു. സഭാംഗങ്ങളുടെ നഷ്ടത്തിന് അവരും മറ്റുള്ളവരും എന്തു കാരണങ്ങളാണു പറയുന്നത്?
വത്തിക്കാന് ഉൽക്കണ്ഠയുണ്ട്. കഴിഞ്ഞതിന്റെ മുമ്പത്തെ മെയ്യിൽ മതവിഭാഗങ്ങൾ അഥവാ പുതിയ മത പ്രസ്ഥാനങ്ങൾ: ഇടയവെല്ലുവിളി എന്ന ശീർഷകത്തിൽ വത്തിക്കാൻ ഒരു റിപ്പോർട്ട് ഇറക്കി. ഇത്രയേറെ കത്തോലിക്കർ സഭ വിട്ടുപോകുന്നതിന്റെ കാരണം തിട്ടപ്പെടുത്താൻ നാലു വത്തിക്കാൻ വകുപ്പുകൾ 1984-ൽ ആരംഭിച്ച ഒരു പഠനത്തിന്റെ ഫലമായിരുന്നു ഈ പ്രമാണം.
കത്തോലിക്കർ സഭ വിട്ടുപോകുന്നതിന് വത്തിക്കാൻ പറഞ്ഞ അനേകം കാരണങ്ങളിൽ പിൻവരുന്നത് ഉൾപ്പെട്ടിരുന്നു: ‘ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ; സത്യത്തിന്റെയും അതു കണ്ടെത്തേണ്ട വിധത്തിന്റെയും സ്വഭാവം; ജീവിതത്തിന്റെ അർത്ഥം; അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ അഭാവം; തള്ളിപ്പറയപ്പെട്ടതായും വഞ്ചിക്കപ്പെട്ടതായും ചൂഷണം ചെയ്യപ്പെട്ടതായും ശ്രദ്ധിക്കപ്പെടാഞ്ഞതായുമുള്ള തോന്നൽ; സഭാനിയമങ്ങളും ആചാരങ്ങളും സംബന്ധിച്ച മിഥ്യാബോധവിമുക്തി.’
അത് യേശുവിന്റെ അടുക്കൽ തടിച്ചുകൂടിയ ജനക്കൂട്ടങ്ങളുടെ അവസ്ഥപോലെ തോന്നുന്നു: “അവർ ഇടയനില്ലാത്ത ആടുകളെപോലെ ഞെരുക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്തു.” (മത്തായി 9:36)a “സഭയുടെ യഥാർത്ഥ പെരുമാറ്റത്തിൽ അനേകം കുറവുകളും പോരായ്മകളുമുണ്ടെ”ന്ന് വത്തിക്കാൻ പ്രമാണം സമ്മതിക്കുകയും “നികത്തേണ്ട ഒരു ശൂന്യത ഉണ്ടെന്ന്” ഊന്നിപ്പറയുകയും ചെയ്തു. അത് “നേതൃത്വത്തിന്റെയും സഭാ നേതാക്കൻമാരുടെ ഭാഗത്തെ ക്ഷമയുടെയും വ്യക്തിപരമായ അർപ്പണബോധത്തിന്റെയും അഭാവ”ത്തെയും പരാമർശിച്ചു.
മറ്റു കേന്ദ്രങ്ങൾ സഭകളിൽനിന്നുള്ള വിട്ടുപോക്കിന് കൂടുതൽ കാരണങ്ങൾ പട്ടികപ്പെടുത്തുന്നു. സുപ്രസിദ്ധ ഡച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ജോഹാനസ് ബാപ്റ്റിസ്റ്റ് മെറ്റ്സ് ഈ പ്രസ്താവന ചെയ്തു: “നമ്മുടെ പാശ്ചാത്യ മതം അസ്ഥിവരെ മതേതരമാണ്. അതിൽ ക്രൈസ്തവത്വത്തിന്റെ കണികപോലും ശേഷിച്ചിട്ടില്ല. ദൈവത്താലുള്ള ഭരണം അതിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. സഭകൾക്കുള്ളിലോ ദൈവശാസ്ത്രത്തിനുള്ളിലോ നമ്മുടെനാളിലെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലോ ദൈവം മേലാൽ കാണപ്പെടുന്നില്ല.”
സ്പെയിനിലെ യുവജനങ്ങളുടെ അവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഒരു സാർവ്വദേശീയ ദൈവശാസ്ത്രമാസികയായ കോൺസിലിയം ഇങ്ങനെ പറഞ്ഞു: “യുവാക്കളും സഭയും അന്യോന്യം വളരെ അകന്നുനിൽക്കുന്ന, തികച്ചും വ്യത്യസ്തമായ രണ്ടു ലോകങ്ങളെ പ്രതിനിധാനം ചെയ്യുന്നു.” ഈ മാസിക ഹോളണ്ട്, ബൽജിയം, ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി, ആസ്ത്രേലിയ എന്നിവിടങ്ങളിലെ സമാന്തരമായ അവസ്ഥകളെക്കുറിച്ചും പറയുന്നു.
ഒരു പ്രസ് റിപ്പോർട്ട് പാപ്പായുടെ ഈ പ്രമാണത്തെ “വത്തിക്കാനിന്റെ ഭയപ്പാടിന്റെ മുറവിളി”യെന്നാണ് പരാമർശിച്ചത്. പ്രമാണം ‘ഇടവക സമുദായ സമീപനത്തിന്റെ ഒരു പുനഃശ്ചിന്ത’ക്കു നിർദ്ദേശം വെക്കുന്നു. അത് ‘മുന്നോട്ടിറങ്ങി സാക്ഷീകരിക്കുന്നത്’ ആയിരിക്കണം. മതവിഭാഗങ്ങൾ “ആളുകളെ സ്നേഹോഷ്മളമായും വ്യക്തിപരമായും നേരിട്ടും ചെന്നു കാണുന്നതിന് വഴിവിട്ടു പ്രവർത്തിക്കുകയും പങ്കാളിത്തം, സ്വാത്മ പ്രചോദനം, ഉത്തരവാദിത്തം, പ്രതിജ്ഞാബദ്ധത എന്നിവ വർദ്ധിപ്പിച്ചുകൊണ്ട് വ്യക്തിയെ അജ്ഞാതാവസ്ഥയിൽനിന്ന് വലിച്ചെടുക്കുകയും വേണ”മെന്ന് അത് പ്രസ്താവിക്കുന്നു.
ഇന്നത്തെ സഭാംഗങ്ങളുടെ ഇടയിൽ വളരെ വ്യാപകമായിരിക്കുന്ന മതപരമായ അജ്ഞതയോടു പോരാടാൻ “വിശ്വാസ സംബന്ധമായ സ്ഥിരമായ വിദ്യാഭ്യാസ”ത്തിന് അത് ആഹ്വാനം ചെയ്യുന്നു. “ദൈവവചനം ഒരു പ്രധാനപ്പെട്ട സമുദായ നിർമ്മാണ ഘടകമെന്നനിലയിൽ വീണ്ടും പ്രസിദ്ധമാക്കപ്പെടേണ്ട”താണെന്നും പ്രസംഗവേലക്ക് ഒരു “ബൈബിൾപരമായ മാനമുണ്ടായിരിക്കണമെന്നും” പ്രമാണം പ്രഖ്യാപിക്കുന്നു.
ആത്മപരിശോധനയിൽനിന്ന് വിട്ടുമാറിക്കൊണ്ട് പ്രമാണം ഒരു അശുഭസൂചകമായ പ്രസ്താവന ചെയ്യുന്നു: “ചില സമയങ്ങളിൽ സംസ്ഥാനം അതിന്റെ സ്വന്തം മണ്ഡലത്തിൽ നിർവ്വഹിക്കുന്ന സമൂലമായ ഇടപെടലുകളെ നാം അംഗീകരിക്കുക മാത്രമല്ല, പിന്തുണക്കുകപോലും ചെയ്യേണ്ടതുണ്ടായിരിക്കാം.” (ഇറ്റാലിക്സ് ഞങ്ങളുടേത്) യുദ്ധത്തിൽ സഹായിക്കുന്നതിന് കടന്നുവരാൻ സംസ്ഥാനത്തിനു കൊടുക്കുന്ന ഈ “ക്തണം” പ്രസ്സിൽ പ്രത്യക്ഷമാകാതിരുന്നില്ല. ‘മതേതരഭുജ’ത്തിന്റെ നിഴൽ അകത്തോലിക്ക മതങ്ങളുടെ കാര്യത്തിൽ, വിശേഷാൽ ‘മതവിഭാഗങ്ങൾ’ എന്നു വിളിക്കപ്പെടുന്നവയുടെ കാര്യത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുകയാണോ?” എന്ന് 1986 ജൂൺ 4-ലെ ലാ സ്റ്റാമ്പായിൽ മാർക്കോറ്റോസ്റ്റി ചോദിക്കുകയുണ്ടായി.
ഗവൺമെൻറിനെ ഉപയോഗിക്കുന്നതിനുള്ള ഈ സാദ്ധ്യത ആരാധനാ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന് അന്ധകാര, മദ്ധ്യയുഗങ്ങളിൽ ഉപയോഗിച്ചിരുന്ന രീതികളിലേക്ക് വത്തിക്കാൻ തിരികെപ്പോകാനാഗ്രഹിക്കുന്നുവെന്നു സൂചിപ്പിക്കുന്നുവോ? യേശു തന്റെ ഉപദേശങ്ങളെ എതിർത്തവരെ നിർവീര്യമാക്കാൻ എന്നെങ്കിലും രാഷ്ട്രീയാധികാരികളുടെ സഹായത്തിന് അപേക്ഷിച്ചോ? പത്രോസ് എന്നെങ്കിലും അങ്ങനെ ചെയ്തോ? മറ്റ് അപ്പോസ്തലൻമാർ എന്നെങ്കിലും അങ്ങനെ ചെയ്തോ? യേശുവിനെ തൂക്കിലേറ്റാൻ പരീശൻമാരല്ലേ പീലാത്തോസിനോടഭ്യർത്ഥിച്ചത്? ഭരണകൂടത്തിന്റെ സഹായം അപേക്ഷിക്കുന്നത് ആത്മീയശക്തിയുടെ തെളിവാണോ, അതോ അത് ആത്മീയ ദൗർബ്ബല്യത്തിന്റെ ഒരു സമ്മതമാണോ?
സഭ വിട്ടുപോകുന്ന എല്ലാ കത്തോലിക്കരും മറ്റൊരു മതത്തിൽ ചേരുന്നില്ല. എന്നാൽ ഒട്ടേറെ പേർ ഒരു പ്രത്യേക മതസ്ഥാപനത്തിലേക്ക് തടിച്ചുകൂടുന്നുണ്ട്. അത് ഏതു സമൂഹമാണ്? തങ്ങളുടെ സഭ വിടുന്ന ഇത്രയധികം പേർ അതിനെ തെരഞ്ഞെടുക്കുന്നതെന്തുകൊണ്ട്? (g87 3/22)
[അടിക്കുറിപ്പുകൾ]
a ഒരു കത്തോലിക്കാ ബൈബിളായ യെരൂശലേം ബൈബിളിൽനിന്ന് ഉദ്ധരിക്കപ്പെട്ടത് ഈ ലേഖനത്തിലും തുടർന്നുവരുന്ന രണ്ടു ലേഖനങ്ങളിലും ഉദ്ധരിക്കപ്പെട്ടിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും, മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, ഈ കത്തോലിക്കാ ബൈബിളിൽനിന്നാണ്.