കത്തോലിക്കാ സഭയും കൂട്ടക്കൊലയും
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ജർമനിയിലെ കൂട്ടക്കൊല. തങ്ങൾക്ക് അതിലുണ്ടായിരുന്ന ഉത്തരവാദിത്വം അംഗീകരിക്കുന്ന ഒരു പ്രമാണം തയ്യാറാക്കാൻ കത്തോലിക്കാ സഭ പദ്ധതി ഇടുന്നതായി 1987-ന്റെ ആരംഭം മുതലേ സംസാരം ഉണ്ടായിരുന്നു. അതുകൊണ്ട്, 1998 മാർച്ചിൽ, യഹൂദന്മാരുമായുള്ള മത ബന്ധങ്ങൾക്കായി നിയമിക്കപ്പെട്ട വത്തിക്കാൻ കമ്മീഷൻ, ഞങ്ങൾ ഓർക്കുന്നു: ഷോവായെ കുറിച്ച് ഒരു വിചിന്തനംa (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള പ്രമാണം പ്രകാശനം ചെയ്യവേ പ്രതീക്ഷകൾ വാനോളം ഉയർന്നു.
പ്രസ്തുത പ്രമാണം ചിലരുടെ കയ്യടി വാങ്ങിയെങ്കിലും അതിന്റെ ഉള്ളടക്കത്തിൽ അനേകരും അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ട്? അതിൽ പ്രതിഷേധാർഹമായി അവർ എന്താണു കണ്ടത്?
യഹൂദ വിരോധവും ശേമ്യ വിരോധവും
യഹൂദ വിരോധവും ശേമ്യ വിരോധവും തമ്മിൽ വത്തിക്കാൻ പ്രമാണം വ്യത്യാസം കൽപ്പിക്കുന്നു. യഹൂദ വിരോധത്തിന്റെ കാര്യത്തിൽ കുറ്റം സമ്മതിക്കുമ്പോൾ തന്നെ തങ്ങൾക്കു ശേമ്യ വിരോധം ഇല്ലായിരുന്നു എന്നു സഭ അവകാശപ്പെടുന്നു. സഭ കൽപ്പിക്കുന്ന ആ വ്യത്യാസവും അതു കൊണ്ടെത്തിക്കുന്ന നിഗമനവും അതൃപ്തികരമായി അനേകരും കണ്ടെത്തുന്നു. ജർമൻ റബ്ബി ആയ ഇഗ്നാറ്റ്സ് ബൂബിസ് ഇങ്ങനെ പറഞ്ഞു: “അതു ഞങ്ങളുടെ തെറ്റല്ല, വേറെ ആരുടെയോ തെറ്റാണ് എന്നു സഭ പറയുന്നതു പോലെയാണ് എനിക്കു തോന്നുന്നത്.”
ഇറ്റാലിയൻ കത്തോലിക്കാ ചരിത്രകാരനായ ജോർജോ വേക്കിയോ, യഹൂദ വിരോധത്തിന്റെയും ശേമ്യ വിരോധത്തിന്റെയും കാര്യത്തിൽ സഭ കൽപ്പിക്കുന്ന വ്യത്യാസം അംഗീകരിക്കുന്നുണ്ട്. എന്നാൽ, അദ്ദേഹം ഇങ്ങനെയും അഭിപ്രായപ്പെടുന്നു: “ഒരു പ്രശ്നം ഉത്തരം കിട്ടാത്തതായി അവശേഷിക്കുന്നു, കത്തോലിക്കാ യഹൂദ വിരോധം ശേമ്യ വിരോധത്തിനു വഴിമരുന്ന് ഇട്ടിരിക്കാവുന്നത് എങ്ങനെയെന്നതു തന്നെ.” രസാവഹം എന്നു പറയട്ടെ, വത്തിക്കാൻ പത്രമായ ലൊസേർവാറ്റോറേ റോമാനോ 1895 നവംബർ 22-23 തീയതികളിൽ പ്രസിദ്ധീകരിച്ച ഒരു കത്ത് ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “ഏതൊരു ആത്മാർഥ കത്തോലിക്കനും ഫലത്തിൽ ശേമ്യ വിരോധിയാണ്: അതുപോലെ തന്നെ പുരോഹിത വർഗവും. കാരണം, ഉപദേശവും ശുശ്രൂഷയും അവരെ അതിനു ബാധ്യസ്ഥരാക്കുന്നു.”
രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനു തൊട്ടു മുമ്പ് പാപ്പാ ആയി വാഴിക്കപ്പെട്ട പീയൂസ് പന്ത്രണ്ടാമന്റെ നടപടികളെ പിന്താങ്ങുന്ന വത്തിക്കാൻ പ്രമാണത്തിന്റെ ഭാഗമാണ് ഏറ്റവും അധികം വിമർശനം ഇളക്കിവിട്ടത്. 1917 മുതൽ 1929 വരെ ജർമനിയിൽ നുൻസിയോ (പാപ്പാ പ്രതിനിധി) ആയി അദ്ദേഹം സേവിച്ചിരുന്നു.
പീയൂസ് പന്ത്രണ്ടാമൻ മൗനം ഭജിച്ചു
“വ്യാപകമായി വിവാദത്തിനു തിരികൊളുത്തിയിരിക്കുന്ന പീയൂസ് പന്ത്രണ്ടാമൻ പാപ്പായുടെ ‘മൗന’ത്തെ കുറിച്ചോ ജർമൻകാരോട് അദ്ദേഹം കാട്ടിയതായി ആരോപിക്കപ്പെടുന്ന അനുഭാവത്തെ കുറിച്ചോ പാപ്പാ ആകുന്നതിനു മുമ്പും ആയതിനു ശേഷവും നാസി ഭരണകൂടവുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന നയതന്ത്രപരമായ ഇടപാടുകളെ കുറിച്ചോ” പ്രസ്തുത പ്രമാണം “പുതിയ എന്തെങ്കിലും വിവരങ്ങളോ വിശദീകരണങ്ങളോ നൽകുന്നതായി” താൻ കരുതുന്നില്ല എന്ന് ഇറ്റാലിയൻ നിയമജ്ഞനായ ഫ്രാൻച്ചേസ്കോ മാർജൊറ്റാ ബ്രോലിയോ അഭിപ്രായപ്പെട്ടു.
ഞങ്ങൾ ഓർക്കുന്നു എന്ന പ്രമാണത്തിന്റെ പൊരുളിനെ ഒരുവൻ എങ്ങനെ വീക്ഷിച്ചാലും, നാസി തടങ്കൽപ്പാളയങ്ങളിലെ വംശഹത്യയെ കുറിച്ചു കത്തോലിക്കാ സഭയുടെ നേതാക്കൾ മൗനം ഭജിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം “ഉത്തരം കിട്ടാതെ അവശേഷിക്കുന്നു” എന്ന് ഭൂരിപക്ഷം ഭാഷ്യകാരന്മാരും സമ്മതിക്കുന്നു. അമേരിക്കൻ ചരിത്രകാരനായ ജോർജ് മോസ് പറയുന്ന പ്രകാരം, മൗനം ഭജിച്ചതിലൂടെ പീയൂസ് പന്ത്രണ്ടാമൻ “സഭയെ കാത്തു സംരക്ഷിച്ചെങ്കിലും അതിന്റെ ധാർമിക പ്രതിച്ഛായ ബലികഴിച്ചു. അദ്ദേഹം പാപ്പായെ പോലെയല്ല, ഒരു രാഷ്ട്രീയ നേതാവിനെ പോലെയാണു പെരുമാറിയത്.” കൂട്ടക്കൊലയിൽ പീയൂസ് പന്ത്രണ്ടാമൻ വഹിച്ച പങ്കിനെ കുറിച്ചു വിശദീകരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാണു പ്രസ്തുത പ്രമാണം പ്രകാശനം ചെയ്യാൻ വൈകിയത് എന്നു വത്തിക്കാനിലെ അഭിജ്ഞരായ നിരീക്ഷകർ കരുതുന്നു.
പീയൂസ് പന്ത്രണ്ടാമനെ പിന്തുണയ്ക്കുന്ന ആ പ്രമാണം അനേകരെയും അലോസരപ്പെടുത്തി. “പ്രമാണം ‘പാപ്പായുടെ മൗന’ത്തെ കുറിച്ചു മൗനം ഭജിക്കുന്നത് നിരാശ ഉളവാക്കുന്നു” എന്ന് ആറിഗോ ലേവി എഴുതുന്നു. 1986-ലെ, സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഏലി വിസെൽ ഇങ്ങനെ പറഞ്ഞു: “യഹൂദരായ നാം പീയൂസ് പന്ത്രണ്ടാമനോടു നന്ദിയുള്ളവർ ആയിരിക്കണം എന്നു ശഠിക്കുന്നത്, മയമുള്ള ഭാഷയിൽ പറഞ്ഞാൽ, പാഷണ്ഡതയാണ് എന്ന് എനിക്കു തോന്നുന്നു.”
മറ്റുള്ളവരിൽ പഴിചാരൽ
കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാർ കൽപ്പിച്ചു വരുന്ന പരമ്പരാഗത വിവേചനം ആ പ്രമാണത്തിലും പ്രകടമാണ്. അവരുടെ അവകാശവാദം അനുസരിച്ച്, ഒരു സ്ഥാപനം എന്ന നിലയിൽ സഭ വിശുദ്ധവും ദൈവകൃപയാൽ തെറ്റിൽ നിന്നു വിമുക്തവും ആയിരിക്കുമ്പോൾ തന്നെ, ചെയ്യപ്പെടുന്ന ഏതു തിന്മകൾക്കും ഉത്തരവാദികൾ പാപികളായ അതിന്റെ അംഗങ്ങളാണത്രേ. വത്തിക്കാൻ കമ്മീഷൻ ഇങ്ങനെ എഴുതുന്നു: “ക്രിസ്തുവിന്റെ അനുഗാമികൾ എന്ന നിലയിൽ മറ്റു ക്രിസ്ത്യാനികൾ ആത്മീയമായി കൂടുതൽ ശക്തിയോടെ ചെറുത്തു നിൽക്കുകയും കൂടുതൽ ഉറച്ച നടപടികൾ സ്വീകരിക്കുകയും ചെയ്യാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. . . . പക്ഷേ, [അത്തരക്കാർ പീഡനങ്ങൾക്ക്] എതിരെ ശബ്ദം ഉയർത്താൻ പോന്നവണ്ണം ബലിഷ്ഠരായിരുന്നില്ല. . . . സഭയുടെ ആ പുത്രീപുത്രന്മാരുടെ തെറ്റുകളിലും വീഴ്ചകളിലും ഞങ്ങൾ ആഴമായി ഖേദിക്കുന്നു.”
എന്നിരുന്നാലും, സമീപകാലത്തു നടത്തിയ തുറന്ന ക്ഷമാപണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു സംഘടന എന്ന നിലയിൽ കുറ്റം ഏറ്റെടുക്കുന്നതിനു പകരം സഭയിലെ ഒറ്റപ്പെട്ട അംഗങ്ങളിൽ അത് ആരോപിക്കുന്നത് അധോഗതിയിലേക്കുള്ള പതനമാണെന്നു ഭൂരിപക്ഷം പേർക്കും തോന്നുന്നു. ഉദാഹരണത്തിന്, ഫ്രാൻസിലെ യുദ്ധകാല വിച്ചി ഗവൺമെന്റിന്റെ നേതൃത്വത്തിൽ യഹൂദർക്ക് എതിരെ നടന്ന പീഡനത്തോടു കത്തോലിക്കാ സഭ പുലർത്തിയ “അനാസ്ഥയ്ക്ക്” ദൈവത്തോടും യഹൂദരോടും ക്ഷമ യാചിച്ചു കൊണ്ടുള്ള ഒരു ഔദ്യോഗിക “പശ്ചാത്താപ പ്രഖ്യാപനം” ഫ്രാൻസിലെ റോമൻ കത്തോലിക്കാ സഭ പ്രസിദ്ധീകരിച്ചു. “ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട സകല മനുഷ്യരെയും ആദരിക്കാനുള്ള ബൈബിൾപരമായ ഉത്തരവാദിത്വം മൂടിവെക്കാൻ” സഭ സ്വന്തം താത്പര്യങ്ങളെ അനുവദിച്ചിരുന്നു എന്ന് ആർച്ച് ബിഷപ്പ് ഒലീവ്യേ ദെ ബെറാൻഷ്യേ വായിച്ച ഒരു പ്രസ്താവനയിൽ അതു സമ്മതിച്ചു പറഞ്ഞു.
ഫ്രഞ്ച് പ്രഖ്യാപനം ഭാഗികമായി ഇങ്ങനെ പ്രസ്താവിച്ചു: “യഹൂദന്മാരെ പീഡിപ്പിച്ചതിലും പ്രത്യേകിച്ച്, വിച്ചി അധികൃതർ കൈക്കൊണ്ട നിരവധി ശേമ്യവിരുദ്ധ നടപടികളുടെ കാര്യത്തിലും അമർഷത്തെക്കാൾ അനാസ്ഥ എങ്ങും പ്രകടമായിരുന്നു എന്നു സഭ തിരിച്ചറിയേണ്ടതുണ്ട്. മൗനം ഭജിച്ചതല്ലാതെ പീഡനത്തിന് ഇരയായവർക്കുവേണ്ടി കാര്യമായി ആരുംതന്നെ വാദിച്ചില്ല. . . . മൗനം ഭജിച്ചത് തെറ്റായിരുന്നു എന്നു നാം ഇന്നു സമ്മതിക്കുന്നു. ഫ്രാൻസിലെ ജനതയുടെ മനസ്സാക്ഷി പ്രബോധകൻ എന്ന നിലയിലുള്ള ദൗത്യം നിറവേറ്റുന്നതിൽ സഭ പരാജയപ്പെട്ടെന്നും നാം തിരിച്ചറിയുന്നു.”
ദാരുണമായ ഷോവാ അഥവാ കൂട്ടക്കൊല നടന്ന് 50-ലധികം വർഷത്തിനു ശേഷവും കത്തോലിക്കാ സഭയ്ക്കു സ്വന്തം ചരിത്രത്തെ കുറിച്ചുള്ള—ചുരുങ്ങിയപക്ഷം അസ്പഷ്ടതയും മൗനവും കലർന്ന ചരിത്ര ഭാഗത്തെ കുറിച്ചെങ്കിലുമുള്ള—യാഥാർഥ്യം അംഗീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അത്തരത്തിലുള്ള യാതൊരു നടപടിയും ഒരിക്കലും സ്വീകരിക്കേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടുള്ള ചിലരുണ്ട്. യഹോവയുടെ സാക്ഷികൾ. നാസികളാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ മത ന്യൂനപക്ഷം ധാർമികമായ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.
സമീപ കാലങ്ങളിൽ പൂർവാധികം വ്യക്തമായിരിക്കുന്ന പ്രകാരം, കത്തോലിക്കാ സഭാംഗങ്ങളിൽ നിന്നു നേർ വിപരീതമായി സാക്ഷികൾ നാസി മൃഗീയതയെ കുറ്റം വിധിച്ചിരിക്കുന്നു. വ്യക്തികൾ എന്ന നിലയിൽ മാത്രമല്ല അവർ അങ്ങനെ ചെയ്തിരിക്കുന്നത്. അവരുടെ ഔദ്യോഗിക വക്താക്കളും പ്രസിദ്ധീകരണങ്ങളും അപ്രകാരം ചെയ്തിരിക്കുന്നു. ചരിത്രകാരിയും ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയർ സർവകലാശാലാ വൈസ്ചാൻസ്ലറുമായ ക്രിസ്റ്റീൻ കിങ് ഇങ്ങനെ വിശദീകരിച്ചു: “യഹോവയുടെ സാക്ഷികൾ തുറന്നു പറയുകതന്നെ ചെയ്തു. അവർ തുടക്കം മുതലേ തുറന്നു പറഞ്ഞു. അവർ ഏകസ്വരത്തോടെ തുറന്നു പറഞ്ഞു. അവർ വളരെയേറെ ധൈര്യത്തോടെ തുറന്നു പറഞ്ഞു. അതിൽ നമുക്കെല്ലാവർക്കും ഉൾക്കൊള്ളാൻ ഒരു സന്ദേശമുണ്ട്.”
[അടിക്കുറിപ്പ്]
a കൂട്ടക്കൊല എന്നതിന്റെ എബ്രായ പദമാണു ഷോവാ. രണ്ടാം ലോക മഹായുദ്ധകാലത്ത് യഹൂദന്മാർ, ജിപ്സികൾ, പോളണ്ടുകാർ, സ്ലാവുകൾ എന്നിവരെയും മറ്റും നാസികൾ കൂട്ടമായി അരുങ്കൊല ചെയ്തതിനെ അതു പരാമർശിക്കുന്നു.
[26-ാം പേജിലെ ചിത്രം]
പീയൂസ് പന്ത്രണ്ടാമൻ പാപ്പാ കൂട്ടക്കൊല നടന്നപ്പോൾ മൗനം ഭജിച്ചു
[കടപ്പാട്]
U.S. Army photo