ലോകത്തെ വീക്ഷിക്കൽ
എയ്ഡ്സ് പ്രവചനം
ഈ നൂറ്റാണ്ടിന്റെ സമാപ്തിയോടുകൂടി സാധാരണയായി മാരകമായ എയ്ഡ്സ് രോഗത്തിന് ഐക്യനാടുകളിൽ പത്തുലക്ഷത്തിലധികം ഇരകൾ ഉണ്ടായിരിക്കുമെന്ന് ലൂയിസ് ഹാരിസും സഹപ്രവർത്തകരും അഭിമുഖം നടത്തിയ ശാസ്ത്രജ്ഞൻമാർ പ്രസ്താവിക്കുന്നു. ബയോടെക്നോളജി, ക്യാൻസർ, സാംക്രമിക രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരായ ശാസ്ത്രജ്ഞൻമാരുടെ ഇടയിൽ നടത്തപ്പെട്ടതായിരുന്നു ഈ സർവ്വേ. അവരിൽ 28 ശതമാനം പേർ മാത്രമേ 2000-മാണ്ടിനു മുമ്പ് എയ്ഡ്സിനു ഫലപ്രദമായ ഒരു പ്രതിവിധി ലഭ്യമാകും എന്ന് വിശ്വസിക്കുന്നുള്ളു. ഇതുവരെ ഐക്യനാടുകളിൽ 32,000 ആളുകളെ എയ്ഡ്സ് ബാധിച്ചിട്ടുണ്ട്, അവരിൽ പകുതിയിലധികവും മരിച്ചു കഴിഞ്ഞിരിക്കുന്നു.
അമ്പരപ്പിക്കുന്ന സാദ്ധ്യതകൾ
ഒരു വ്യക്തി തന്റെ ആയുഷ്ക്കാലത്ത് ഭീകരകുറ്റകൃത്യത്തിന് ഇരയാകുന്നതിനുള്ള സാദ്ധ്യതയെ യു. എസ്സ്. നീതിന്യായ വകുപ്പ് ആദ്യമായി കണക്കാക്കിയിരിക്കുന്നു. 12 വയസ്സും അതിനു മുകളിലും പ്രായമുള്ള ശതസഹസ്രം ആളുകളിൽ നടത്തിയ ഈ ദശവത്സര സർവ്വേ, “83 ശതമാനം പേർ തങ്ങളുടെ ആയുഷ്ക്കാലത്ത് ഒരിക്കലെങ്കിലും ഭീകരകുറ്റകൃത്യങ്ങൾക്ക് ഇരകളോ അവയുടെ ലക്ഷ്യങ്ങളോ ആയിരിക്കും” എന്നും 52 ശതമാനംപേർ ഒന്നിലധികം പ്രാവശ്യം ഇരകളായിരിക്കും എന്നും പ്രകടമാക്കിയതായി ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു
അനുകരണ ഭീഷണി
ആസ്ട്രേലിയായിലെ മെൽബോണിലുള്ള ഒരു വ്യക്തി ഒരു അൽസേഷ്യന്റെ ഭയപ്പെടുത്തുന്ന കുരയോടുകൂടിയ പൂർണ്ണമായ ഒരു യന്ത്രനായയെ നിർമ്മിക്കുകയുണ്ടായി. വെസ്റ്റ് ആസ്ട്രേലിയൻ വർത്തമാനപ്പത്രം അനുസരിച്ച് തന്റെ ഉപകരണം ഒറ്റയ്ക്കു ജീവിക്കുന്ന ആളുകൾക്ക് ആകർഷകമായിരിക്കുമെന്ന് അതിന്റെ നിർമ്മാതാവ് വിശ്വസിക്കുന്നു. ഈ ഇലക്ട്രോണിക്ക് നായയ്ക്ക് 5 മീറ്റർ പരിധിയിൽ വരുന്ന ചലനങ്ങളെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു റഡാർ സംവിധാനം ഉണ്ട്. കൂടാതെ നുഴഞ്ഞു കയറ്റക്കാർ അടുത്തു വരുന്തോറും ക്രമേണ രൂക്ഷവും ശീഘ്രഗതിയിലുമാകുന്ന കുരയും അതിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 12 വോൾട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ യാന്ത്രിക ‘വളർത്തുനായ’യുടെ വാർഷിക പരിപാലന ചെലവോ? ഏകദേശം 84 ആസ്ട്രേലിയൻ ഡോളർ—ഏതാണ്ട് ഒരു നായയുടെ ഒരു വർഷത്തേക്കുള്ള ഭക്ഷണ ചെലവ്.
പ്രതിസന്ധിയിലായ സൂപ്പ്
ചൈനീസ് സമൂഹത്തിലുടനീളം നൂറ്റാണ്ടുകളായി ഒരു വിശിഷ്ട ഭോജ്യമായിരിക്കുന്ന പക്ഷിക്കൂട് സൂപ്പ് ഇപ്പോൾ ഒരു പ്രതിസന്ധിയിലായിരിക്കുന്നതായി ചില സൂപ്പ് പ്രേമികൾ അവകാശപ്പെടുന്നു. ഈ അമൂല്യ പക്ഷിക്കൂടുകൾ അധികമധികം ദുർലഭമായിക്കൊണ്ടിരിക്കുകയാണെന്നും, മുന്തിയ ഇനം പക്ഷിക്കൂടുകളുടെ വില 453 ഗ്രാമിന് 13,000 രൂപ വരെ ഉയർന്നിരിക്കയാണ് എന്നും ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഈ ദൗർലഭ്യം എന്തുകൊണ്ട്? പക്ഷികളുടെ എണ്ണത്തിൽ കുറവു വരുത്താൻ ഇടയാക്കിക്കൊണ്ട് അവയുടെ വാസസ്ഥലങ്ങൾ പട്ടണങ്ങളോ കൃഷിയിടങ്ങളോ ആയി മാറ്റപ്പെട്ടതായി ഒരു കേന്ദ്രം പറയുന്നു. കൂടാതെ മലിനീകരണം അവയുടെ പർവ്വത നിവാസങ്ങളെ ദ്രവിപ്പിക്കുകയും അതിക്രമികളായ കൂടുശേഖരണക്കാർ, “കൂടുകൾ കെട്ടിക്കഴിഞ്ഞ ഉടനെ തന്നെ അവ തട്ടിക്കൊണ്ടുപോകുകയോ, മുട്ടകൾ ഉള്ള കൂടുകൾ ഇളക്കി കൊണ്ടുപോകുകയോ ചെയ്യുകയും” ചെയ്യുന്നു. കൂടുകൾ എടുക്കുന്നതിനുവേണ്ടി, പാറക്കുന്നുകൾ കയറാൻ ചെറുപ്പക്കാർക്കും കുരങ്ങുകൾക്കും പരിശീലനം നൽകപ്പെട്ടിരിക്കുകയാണ്. ഈ കൂടുകൾ അധികവും ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ചൈന, അല്ലെങ്കിൽ മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്. അവ നിർമ്മിച്ചിരിക്കുന്നത്, സിമൻറുപോലെയുള്ള നൂലുകളായി ഘനീഭവിക്കുന്ന പക്ഷിയുടെ ഉമിനീരുകൊണ്ടാണ്. ഒരു പാത്രം സൂപ്പിന് 182 രൂപ മുതൽ 494 രൂപ വരെ വിലവരും.
“യുവത്വത്തിന്റെ ഉറവ്”
മിതമായ വ്യായാമം—80-കളിൽ ഉള്ളവർക്കുപോലും—വാർദ്ധക്യ പ്രക്രിയയുടെ മിക്ക ലക്ഷണങ്ങളെയും പിന്നോക്കം തിരിക്കുന്നു എന്ന് ടൊറാന്റോ സർവകലാശാലയിലെ പ്രമുഖ ഗവേഷകർ അവകാശപ്പെടുന്നു. ഗവേഷക സംഘത്തിലെ ഒരംഗമായ ഡോ. റോയ് ജെ. ഷെപ്പേഡ് “യുവത്വത്തിന്റെ ഉറവായി വ്യായാമത്തോളം മെച്ചമായ മറ്റൊന്ന് കണ്ടെത്താൻ നിങ്ങൾക്ക് ബഹുദൂരം പോകേണ്ടിയിരിക്കുന്നു,” എന്നു പ്രസ്താവിച്ചതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “അതിന്റെ പ്രയോജനങ്ങൾ കൊയ്യുന്നതിന് നിങ്ങൾ മാരത്തോണുകൾ ഓടേണ്ട ആവശ്യമില്ല. മുപ്പതു മിനിട്ടു വീതം ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം അല്പം വേഗത്തിൽ നടക്കുന്ന ഒരു ശരാശരി പ്രായം ചെന്നയാൾക്ക് അത് പത്തു വർഷത്തിന്റെ പുനർയുവത്വം പ്രദാനം ചെയ്യുന്നു.” അതിന്റെ പ്രയോജനങ്ങൾ ഹൃദയത്തിന്റെയും ശ്വസനത്തിന്റെയും മെച്ചമായ പ്രവർത്തനം, താഴ്ന്ന രക്തസമ്മർദ്ദം, വർദ്ധിച്ച പേശീബലം സാന്ദ്രമായ അസ്ഥികൾ, തെളിഞ്ഞ ചിന്ത എന്നിവ ഉൾപ്പെടുന്നു.
“അജ്ഞാത” ഗോളങ്ങൾ
വർഷത്തിൽ ഒന്നോ രണ്ടോ തവണ സ്വയം കറങ്ങുന്ന കറുത്തിരുണ്ട ഒരു ലോഹഗോളം തെക്കെ ആഫ്രിക്കയിലുള്ള ക്ലെർക്ക്സ് ഡോർപ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. ചെറിയ കോഴിമുട്ടയുടെ വലിപ്പമുള്ള അതിന്റെ മദ്ധ്യഭാഗത്ത് ചുറ്റും മൂന്നു സമാന്തര ചാലുകളുണ്ട്. മ്യൂസിയം വിചാരിപ്പുകാരൻ, ജോഹന്നസ്ബർഗിലുള്ള സൺഡേ ടൈംസ് മാസികയോട് പറഞ്ഞത്, “ഈ ഗോളം ഏവരെയും അമ്പരപ്പിക്കുന്നു” എന്നും “മനുഷ്യൻ വാർത്തുണ്ടാക്കിയ ഒന്നായി കാണപ്പെടുന്നു” എന്നുമാണ്. ഈ ഗോളവും ഇതിനോടു സമായ നൂറുകണക്കിനു മറ്റുള്ളവയും തെക്കെ ആഫ്രിക്കയിലുള്ള ‘വണ്ടർ സ്റ്റോൺ’ ഖനിയിലാണ് കാണപ്പെട്ടത്. ഇത് പ്രളയകാലത്തിന് മുമ്പ് സ്ഥിതിചെയ്തിരുന്ന ഉയർന്ന സംസ്കാരത്തിന്റെ തെളിവ് നൽകുന്നുവെന്ന് ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടു. എന്നാൽ ഈ ഗോളങ്ങൾ രൂപപ്പെട്ടതെങ്ങനെയെന്ന് പൂർണ്ണമായും അജ്ഞാതമാണെന്നാണ് മ്യൂസിയം വിചാരിപ്പുകാരന്റെ അഭിമതം.
സൂക്ഷ്മബോധമുള്ള പെൻഗ്വിനുകൾ
ജനുവരി മാസം വെസ്റ്റ് ബർലിനിൽ പലതവണ ധൂമ നിരപ്പ് കാണിക്കുന്ന അപകട സൂചന മുഴക്കപ്പെട്ടു. എന്നാൽ പട്ടണത്തിൽ ഉപയോഗിക്കപ്പെടുന്ന 31 ധൂമ മാപിനികളെക്കാൾ മെച്ചമായതും മുന്നറിയിപ്പു നൽകുന്നതുമായ രീതി തങ്ങൾക്കുണ്ടെന്ന് പ്രാദേശിക മൃഗശാല അവകാശപ്പെടുന്നു—അവിടെയുള്ള പെൻഗ്വിൻ പക്ഷികൾ തന്നെ. ഈ അൻറാർട്ടിക്ക് പക്ഷികൾ ശക്തിയായി ശ്വസിക്കുന്നതിന് ആരംഭിക്കുമ്പോൾ പുകയുടെ സാന്ദ്രത കൂടിയെന്ന് മൃഗശാലയുടെ സൂക്ഷിപ്പുകാർ മനസ്സിലാക്കുകയും അവയെ എയർകണ്ടീഷൻ ചെയ്തിട്ടുള്ള ശാലയിലേക്കു മാറ്റുകയും ചെയ്യുന്നു. വായു മലിനീകരണത്തോടുള്ള പെൻഗ്വിനുകളുടെ സംവേദകത്വം ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് ജർമ്മൻപത്രമായ ഫ്രാങ്ക്ഫർട്ടർ ആൾജമിൻ ഡ്യൂട്ടംഗ് പറയുന്നു. കാരണം പക്ഷികളുടെ സ്വദേശമായ ദക്ഷിണ ധ്രുവപ്രദേശം താരതമ്യേന അണുബാധയിൽ നിന്ന് സ്വതന്ത്രവും പൂർണ്ണമായ അളവിൽ ശുദ്ധവായു നിറഞ്ഞതുമാണ്.
വേദനയില്ലാത്ത കുത്തിവെയ്പുകൾ
കുത്തിവെയ്ക്കുമ്പോഴുള്ള വേദന നിങ്ങൾ ഭയപ്പെടുന്നുണ്ടോ? ഇംഗ്ലണ്ടിലെ സുറേ യൂണിവേഴ്സിറ്റിയിലുള്ള നാഡീവ്യൂഹ ശരീര ശാസ്ത്രജ്ഞനായ ഹാരോൾഡ് ഹിൽമാൻ നൽകുന്ന പ്രായോഗിക വിവരം കുറെ ഉൽക്കണ്ഠ മാറ്റുവാൻ പര്യാപ്തമാണ്. സൂചി കുത്തുന്നതിനു മുമ്പ് 15 സെക്കൻറ് സമയത്തേക്ക് ഐസ് കട്ട നിശ്ചിത സ്ഥാനത്ത് അമർത്തിപ്പിടിക്കുക. വേദന കൂടാതെ തൊലിക്കടിയിലോ മാംസപേശിയിലോ ഉള്ള കുത്തിവെയ്പ് നടത്തുന്നതിനാവശ്യമുള്ള, ഏതാണ്ട് രണ്ടു മിനിറ്റ് സമയം ആ ഭാഗം മരവിച്ചിരിക്കാൻ ഇടയാക്കും. (ഞരമ്പിലുള്ള കുത്തിവെയ്പ് ഇങ്ങനെ ചെയ്യരുത്, കാരണം സൂചി അനായാസം കയറുന്നതിനെ തടയത്തക്കവിധം ഞരമ്പുകോച്ചൽ ഉണ്ടാകാൻ അതിടയാക്കും.) ലണ്ടനിൽ നിന്നുള്ള ദി ഇൻഡിപെൻറൻഡ് അനുസരിച്ച് എട്ടു വയസ്സുള്ള പ്രമേഹരോഗിയായ പെൺകുട്ടിക്ക് ആവർത്തിച്ചുള്ള കുത്തിവെയ്പുകൾ നടത്താൻ സഹായിക്കുമ്പോഴാണ് ഡോ. ഹിൽമാൻ ആദ്യമായി മഞ്ഞുകട്ടയെന്ന വേദനാസംഹാരി കണ്ടുപിടിച്ചത്.
വണ്ണം കൂടിയ ശിശുക്കളും പ്രായപൂർത്തിയായവരും
തങ്ങളുടെ ശിശുക്കൾക്ക് അമിത പോഷണം നൽകുന്ന മാതാപിതാക്കൾ അവർ പ്രായപൂർത്തിയിലെത്തുമ്പോൾ വണ്ണം കൂടിയവരായിരിക്കുന്നതിന് ഉറപ്പ് വരുത്തുന്നു എന്നാണ് ടെക്സാസിലെ സാൻഅന്റോണിയായിൽ തെക്കുപടിഞ്ഞാറുള്ള ജീവിനൗഷധ പര്യവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായ ഡഗ്ലസ് എസ്. ലൂയിസ് അവകാശപ്പെടുന്നത്. അമേരിക്കയിലെ ഹൃദയ സംഘടനയ്ക്കുള്ള തന്റെ റിപ്പോർട്ടിൽ ഇത്തരത്തിലുള്ള വണ്ണിപ്പ് പെട്ടെന്ന് പ്രത്യക്ഷമാകുന്നില്ല എന്ന് കാണിച്ചിരിക്കുന്നു. വാലില്ലാ കുരങ്ങുകളിൽ അഞ്ചുവർഷമായി നടത്തിയിട്ടുള്ള പരീക്ഷണങ്ങളുടെ ഫലമാണ് തന്റെ അഭിപ്രായത്തിനടിസ്ഥാനമായി അദ്ദേഹം നൽകുന്നത്. കുരങ്ങുകൾക്ക് ആദ്യത്തെ നാലുമാസം നൽകുന്ന അമിത പോഷണം മനുഷ്യർക്ക് ഒരു വർഷം നൽകുന്നതിനു സമാണ്. ന്യായമായ പോഷണമോ വികലപോഷണമോ നൽകിയ മറ്റു കുരങ്ങുകളോടുള്ള താരതമ്യത്തിൽ ഈ വാലില്ലാ കുരങ്ങുകൾക്ക് അവയുടെ മൂന്നാമത്തെയും നാലാമത്തെയും വർഷങ്ങളിൽ തൂക്കം വർദ്ധിച്ചു തുടങ്ങി. അവയുടെ യൗവനകാലം അവസാനിച്ചപ്പോൾ അതായത് 5 വർഷം പ്രായമായപ്പോൾ അവയ്ക്കു 39% അമിത തൂക്കം കാണുകയുണ്ടായി.
ജോലിയുള്ള മുലയൂട്ടുന്ന അമ്മമാർ
ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം തങ്ങളുടെ ശിശുക്കളെ പോറ്റുന്ന ജോലിയുള്ള അമ്മമാർ പാൽ നൽകാനുള്ള തങ്ങളുടെ കഴിവ് നഷ്ടപ്പെടുമെന്ന് വ്യാകുലപ്പെടേണ്ടതില്ലെന്ന് പ്രസവ ചികിത്സ, സ്ത്രീരോഗവിജ്ഞാനം, ജനനശേഷമുള്ള ശുശ്രൂഷ എന്നിവയ്ക്കായുള്ള ജേർണൽ പ്രസ്താവിക്കുന്നു. പാലുല്പാദനം നിലനിർത്തുന്നതിന് കൂടെക്കൂടെയുള്ള മുലയൂട്ടൽ ആവശ്യമില്ല. ജോലിയുള്ള അമ്മമാർ ശിശുക്കളുടെ മുലയൂട്ടൽ നേരത്തെതന്നെ നിർത്തുന്നതിന് ചായ്വുള്ളവരാകയാൽ മുലയൂട്ടലിൽ വരുത്തുന്ന കുറവ് മാതൃ ശിശു ബന്ധത്തിൻമേൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നതിനിടയാക്കുന്നു. എന്നുവരികിലും കൂടെക്കൂടെയല്ലാതുള്ള മുലയൂട്ടലിന്റെ ഫലമായി പാലിന്റെ ഘടനയിൽ വ്യത്യാസമുണ്ടാകുന്നുണ്ടോ എന്നും കൂടെക്കൂടെ പോഷിപ്പിക്കപ്പെടുന്ന ശിശുക്കളുടെ അതേ രോഗപ്രതിരോഗ ശക്തിലഭിക്കുന്നുണ്ടോ എന്നും അറിയാൻ പാടില്ലെന്ന് പ്രസ്താവന സമ്മതിക്കുന്നു.
കൂടുതൽ ജനനങ്ങൾ—ചുരുക്കം വിവാഹങ്ങൾ
ഫ്രാൻസ്, 1987 ജനുവരി 1-ന് അതിന്റെ ജനസംഖ്യ 5,550,600,0 എന്ന് രേഖപ്പെടുത്തി. ഫ്രഞ്ച് കാത്തലിക്ക് ദിനപ്പത്രമായ ലാ ക്രോയിക്സ് ജനന നിരക്കിൽ ഉണ്ടായ ചെറിയ തലതിരിയൽ സൂചിപ്പിക്കുന്നു. അതിങ്ങനെ തുടരുന്നു: “നിയമാനുസൃത ജനനങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു എങ്കിലും അനുഭവപ്പെടുന്ന ആകമാന ജനസംഖ്യാവർദ്ധനവ് വിവാഹത്തിനു പുറത്തുണ്ടാകുന്ന ജനനത്തിലുള്ള വർദ്ധനവുകൊണ്ടാണ്. ഇത് 1985-ൽ ഉണ്ടായ ആകെ ജനനങ്ങളുടെ 20 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.” സ്ഥിതിവിവരക്കണക്കുകൾക്കും ജനന മരണ പഠനങ്ങൾക്കും വേണ്ടിയുള്ള ഫ്രഞ്ച് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് (INSEE) അവസാനമായി പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് വിവാഹങ്ങളുടെ എണ്ണത്തിൽ കുറവും (1986-ൽ 2,66,000 വിവാഹങ്ങൾ) വിവാഹമോചനനിരക്കിൽ വർദ്ധനവും കാണിക്കുന്നു. വിവാഹമോചന നിരക്ക് 20 വർഷം കൊണ്ട് മൂന്നിരട്ടിയായി വർദ്ധിച്ചു. (g87 6/22)