ലോകത്തെ വീക്ഷിക്കൽ
ചൂതാട്ടക്കാർക്ക് പണത്തെക്കാളധികം നഷ്ടമാകുന്നു
ഓസ്ട്രേലിയയിലെ പത്രമായ ദ സിഡ്നി മോർണിങ് ഹെറാൾഡ് പറയുന്നതനുസരിച്ച്, പുതിയ ചൂതാട്ടസ്ഥലങ്ങൾ തുറന്നതോടുകൂടി അധികാരികൾ അപ്രതീക്ഷിതമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്: “കുട്ടികളെ ഉപേക്ഷിച്ചു ചൂതാട്ടത്തിനുവേണ്ടി പോകുന്ന മാതാപിതാക്കൾ.” മാതാപിതാക്കൾ ചൂതാട്ട മേശകളിൽ മണിക്കൂറുകൾ ചെലവഴിച്ചപ്പോൾ പല കുട്ടികളും കാറിനകത്തു പൂട്ടിക്കിടക്കുന്നതായി കണ്ടിട്ടുണ്ട്. അപകീർത്തികരമായ ഒരു സംഭവം അഞ്ചു മണിക്കൂർ സമയം കാറിനകത്തു പൂട്ടിയിടപ്പെട്ട ഒരു അഞ്ചുവയസ്സുകാരന്റെയും അവന്റെ 18 മാസം പ്രായമുള്ള സഹോദരിയുടെയുമാണ്. രാവിലെ ഏഴുമണിക്ക് പൊലീസ് അവരെ തുറന്നുവിടുന്നതുവരെ അവർ അതിനകത്തായിരുന്നു. തങ്ങളുടെ കുട്ടികളെ ഈ രീതിയിൽ ഉപേക്ഷിച്ചാൽ 5,000 ഡോളർ പിഴ അടയ്ക്കേണ്ടിവരുമെന്നും സാധ്യതയനുസരിച്ച് ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മാതാപിതാക്കൾക്കു മുന്നറിയിപ്പു നൽകുന്ന പ്രമുഖമായ സൂചനകൾ പല ഭാഷകളിൽ എഴുതി ഒരു ചൂതാട്ട സ്ഥലത്തിനു വെളിയിൽ ഇപ്പോൾ വെച്ചിട്ടുണ്ട്. ചൂതാട്ട ആസാക്ഷികൾ “വിവാഹത്തകർച്ചകൾ, കുറ്റകൃത്യം, തൊഴിൽ നഷ്ടങ്ങൾ, ആത്മഹത്യകൾ” എന്നിവയിലേക്കും നയിച്ചിരിക്കുന്നുവെന്ന് ഒരു സാമൂഹിക പ്രവർത്തകൻ അഭിപ്രായപ്പെട്ടതായി ദ ഹെറാൾഡ് പറഞ്ഞു.
ബൈബിളിനു മോശമായ ഭേദഗതികൾ വരുത്തുന്നു
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, ഇതുവരെയില്ലാത്ത മാറ്റങ്ങളോടുകൂടി ബൈബിളിന്റെ ഒരു പരിഭാഷ തയ്യാറാക്കിയിരിക്കുന്നു. ലിംഗവിവേചനം കാണിക്കുന്നതെന്നോ വർഗീയതയുള്ളതെന്നോ ശേമ്യവിരോധത്താൽ കളങ്കപ്പെട്ടതെന്നോ ആരോപിക്കപ്പെടുന്ന പ്രസ്താവനകൾ “രാഷ്ട്രീയപരമായി ശരിയായിരിക്കാ”നുള്ള ഒരു ശ്രമത്തിൽ ഈ പരിഭാഷ ഒഴിവാക്കുന്നു. ഉദാഹരണത്തിന്, ഈ പുതിയ പരിഭാഷ ദൈവത്തെ പരാമർശിക്കുന്നത് “പിതാവ്-മാതാവ്” എന്നാണ്. അതിൽ യേശു “മനുഷ്യപുത്രൻ” അല്ല, പകരം “മനുഷ്യനായവൻ” ആണ്. യഹൂദൻമാർ യേശുക്രിസ്തുവിനെ കൊന്നതായി ആ പരിഭാഷയിൽ ഒരു പരാമർശനവുമില്ല. ദൈവത്തിന്റെ “വലങ്കൈ” “ശക്തമായ കര”മായിത്തീരുമ്പോൾ ഇടങ്കയ്യന്മാർക്കെതിരെ ആരോപിക്കപ്പെടുന്ന പക്ഷാഭേദങ്ങൾ നീക്കംചെയ്യപ്പെടും എന്ന് ദ സൺഡേ ടൈംസ് പറയുന്നു.
മത്സ്യബന്ധനം അപകടത്തിൽ
വ്യത്യസ്ത രാജ്യങ്ങളിലെ മത്സ്യബന്ധന കപ്പലുകൾ പ്രദേശങ്ങൾക്കും മത്സ്യബന്ധന അവകാശങ്ങൾക്കുമായി ശണ്ഠകൂടുമ്പോൾ ലോകത്തിലെ മത്സ്യ കൊയ്ത്ത് അതിന്റെ പാരമ്യത്തിലെത്തിയെന്നും എന്നാൽ ഇപ്പോൾ ഭൂമിയുടെ മിക്ക ഭാഗങ്ങളിലും അത് യഥാർഥത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു റിപ്പോർട്ടു മുന്നറിയിപ്പു നൽകുന്നു. പരിസ്ഥിതി മലിനീകരണം സമുദ്ര ജീവികളുടെ ആഗോള ക്ഷയിക്കലിലെ ഒരു ഘടകമായിരുന്നിട്ടുണ്ടെന്ന് സമ്മതിക്കുമ്പോൾത്തന്നെ അറ്റ്ലാൻറിക്, പസഫിക് സമുദ്രങ്ങളിൽനിന്നും കരിങ്കടലിൽനിന്നും മെഡിറ്ററേനിയൻ സമുദ്രങ്ങളിൽനിന്നും ലഭിക്കുന്ന മത്സ്യത്തിന്റെ എണ്ണത്തിലുള്ള കുറവിനു പ്രഥമ കാരണം വാണിജ്യസംബന്ധമായ മത്സ്യ വ്യവസായം നടത്തുന്ന അമിത മത്സ്യബന്ധനമാണെന്ന് റിപ്പോർട്ടു പറയുന്നു. ചില മേഖലകളിൽ പിടിക്കുന്ന മത്സ്യത്തിന്റെ അളവ് 30 ശതമാനത്തോളം കുറഞ്ഞുപോയിട്ടുണ്ടെന്നും സമുദ്ര വിഭവങ്ങളുടെ ഇപ്പോഴത്തെ പാഴ്ച്ചെലവ് തുടരുകയാണെങ്കിൽ അക്ഷരാർഥത്തിൽ ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികൾക്കു പെട്ടെന്നുതന്നെ തൊഴിലില്ലാതാവുമെന്നും വേൾഡ്വാച്ച് റിപ്പോർട്ടു സൂചിപ്പിച്ചതായി ഏജൻസ് ഫ്രാൻസ് പ്രസ്സ് വാർത്താ സേവനം പറയുന്നു.
പക്ഷിക്കൂടുകൊണ്ടുള്ള സൂപ്പിന് ഒടുക്കേണ്ടിവരുന്ന വർധിച്ച വില
ഹോങ്കോങ്ങിലെയും മറ്റുചില ഏഷ്യൻ നഗരങ്ങളിലെയും റെസ്റ്ററന്റുകളിലെ ഒരു ഇഷ്ടഭോജ്യമാണ് തിന്നാൻ കൊള്ളാവുന്ന പക്ഷിക്കൂടുകൊണ്ടുണ്ടാക്കുന്ന സൂപ്പ്. ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നതനുസരിച്ച്, പല ചൈനാക്കാരും പാകംചെയ്ത ഈ കൂടുകളെ ഒരു സ്വാദുഭോജ്യമായി മാത്രമല്ല, ആരോഗ്യത്തിനുള്ള ഒരു ടോണിക്ക് ആയും വീക്ഷിക്കുന്നു. ഹോങ്കോങ്ങ് തന്നെ 1992-ൽ 1 കോടി 70 ലക്ഷം മീവൽപ്പക്ഷിക്കൂടുകൾ ഉപയോഗിച്ചു തീർത്തതായി പരിസ്ഥിതി സംരക്ഷണ സംഘങ്ങൾ കണക്കാക്കുന്നു. എന്നിരുന്നാലും, കൂടുകൾ അമിതമായി കൊയ്തെടുക്കുന്നത് അവയുടെ മൊത്തവില കിലോയ്ക്ക് 500 ഡോളർ എന്ന റെക്കോർഡിലേക്കു വർധിപ്പിച്ചു. ഉയർന്ന നിലവാരത്തിലുള്ള കൂടുകളുടെ വില ഇതിന്റെ എട്ടിരട്ടിയിലധികം വരും. ഈ കൂടുണ്ടാക്കുന്ന മീവൽപ്പക്ഷിയുടെ വില അതിനെക്കാൾ വളരെയധികമാണ്. കൂടെടുക്കുമ്പോൾ മുട്ടകൾക്കും കുഞ്ഞുങ്ങൾക്കുമുണ്ടാകുന്ന നാശം ചിലതരം മീവൽപ്പക്ഷികളുടെ എണ്ണത്തിലെ കുറവിനും മറ്റു ചിലവയുടെ വംശനാശത്തിനും ഇടയാക്കിയിരിക്കുന്നു.
ഭാരിച്ച സ്കൂൾബാഗുകളുടെമേൽ പൊലീസ് ശിക്ഷണ നടപടി
“സ്കൂൾബാഗുകളുടെ ഭാരം [കുട്ടിയുടെ] ശരീര ഭാരത്തിന്റെ 15 ശതമാനം കവിയാൻ പാടില്ല” എന്ന് വടക്കൻ ഇറ്റലിയിലെ കോമോ പ്രവിശ്യയിലെ ഒരു പട്ടണമായ കാൻറൂവിലെ മേയർ പറയുന്നു. പൃഷ്ടാസ്ഥിവക്രത (scoliosis) ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് മേയർ ഉത്കണ്ഠാകുലനാണ്. നിയമം ലംഘിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ 4,00,000 ലിറ [250 യു.എസ്. ഡോളർ] പിഴയടയ്ക്കുകയും ആറു മാസത്തെ തടവുശിക്ഷ അനുഭവിക്കുകയും വേണം. താൻ ഈ സംഗതി ഗൗരവമായി എടുക്കുന്നു എന്നു കാണിക്കാനായി മേയർ, സ്കൂളുകൾക്കു വെളിയിലുള്ള ചെക്ക്പോയിന്റുകളിൽ നിൽക്കാനായി ത്രാസുമായി സിറ്റി പൊലീസിനെ അയച്ചു എന്ന് കൊരീരെ ഡെല്ല സീറ പറയുന്നു. ആദ്യം പരിശോധിക്കപ്പെട്ടവരിൽ രണ്ടു വിദ്യാർഥികൾ മാത്രം പറഞ്ഞ തൂക്കമേ എടുത്തിരുന്നുള്ളൂ. വാസ്തവത്തിൽ, 34 കിലോഗ്രാം തൂക്കമുള്ള ഒരു ആൺകുട്ടി 12 കിലോഗ്രാം തൂക്കമുള്ള ഒരു ബാഗ് വഹിച്ചിരുന്നു. സാഹിത്യകാവ്യ മഞ്ജരികളുടെയും കണക്കിന്റെയും പുസ്തകങ്ങൾക്കു തന്നെ അഞ്ചു കിലോഗ്രാം തൂക്കമുണ്ടെന്നും ദിവസവും കുറഞ്ഞത് നാലു വിഷയങ്ങൾക്കെങ്കിലും പുസ്തകം കൊണ്ടുപോകേണ്ടതുണ്ടെന്നും പരാതിപ്പെട്ടുകൊണ്ട് അവന്റെ സഹപാഠികൾ രക്ഷപെടുത്താനായി അവന്റെ ഒപ്പം ചേർന്നു. മേയർ, “ഭാരം കൂടിയതും ചെലവു കൂടിയതുമായ പുസ്തകങ്ങൾ വിൽക്കുന്നതിൽ” തത്പരരായ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെമേൽ കുറ്റം ചുമത്തി. പാഠപുസ്തകങ്ങൾ ഭാഗങ്ങളായി പ്രസിദ്ധീകരിക്കാൻ അദ്ദേഹം നിർദേശിച്ചു.
പ്രശംസ സമ്മർദത്തെ ചെറുക്കുന്നു
ഹൃദയസ്തംഭനം ഓരോ വർഷവും ജർമനിയിൽ 2,00,000 പേരുടെ ജീവനൊടുക്കുന്നു. എന്താണ് മുഖ്യ കാരണം? “സമ്മർദ”മാണെന്ന് സ്യൂഡെയ്ച്ചെ സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ജർമനിയിൽ ജോലി ചെയ്യുന്നത് “ചുമതല മുഴുവനും ഏറ്റെടുക്കുന്നതും സ്ഥിരമായി സമ്മർദം അനുഭവിക്കുന്നതും” ആവശ്യമാക്കിത്തീർക്കുന്നു. ജോലിസ്ഥലത്തെ സമ്മർദം രോഗം മൂലമുള്ള ഉയർന്ന നിരക്കിലെ ഹാജരില്ലായ്മയ്ക്കും തളർച്ചയ്ക്കും ഇടയാക്കുന്നു. രണ്ടു നഴ്സുമാരിൽ ഒരാൾ വീതം സമ്മർദത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്നു, ഓരോ 3 അധ്യാപകരിലും ഒരാൾ ജോലിയിൽനിന്ന് നേരത്തെ വിരമിക്കുന്നു, പലരുടെയും കാരണം “നാഡീ പിരിമുറുക്ക”മാണ്. ജോലിസ്ഥലത്തെ സമ്മർദം എങ്ങനെ കുറയ്ക്കാമെന്ന് ആരോഗ്യ ഇൻഷ്വറൻസ് കമ്പനികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇടത്തരം വലിപ്പമുള്ള നൂറുകണക്കിനു കമ്പനികളിൽ നടത്തിയ ഒരു പഠനം അതിനിടയാക്കുന്നതായി തോന്നുന്ന കാരണത്തിലേക്കു വിരൽചൂണ്ടുന്നു: സർവേ നടത്തപ്പെട്ട ജോലിക്കാരിൽ 44 ശതമാനത്തിന് ജോലിയിൽ ഒരിക്കലും പ്രശംസ ലഭിച്ചിരുന്നില്ല.
ഒളിച്ചോടുന്ന കുട്ടികൾ
ബ്രിട്ടനിൽ ഓരോ വർഷവും 98,000 കുട്ടികൾ ഭവനത്തിൽനിന്ന് ഒളിച്ചോടിപ്പോകുന്നുവെന്ന് ദി ഇൻഡിപ്പെൻഡൻറ് എന്ന പത്രം സൂചിപ്പിക്കുന്നു. കുടുംബത്തിലെ അക്രമത്തിൽനിന്നു രക്ഷപെടാനാണു പലരും പോകുന്നത്. 10,000-ത്തിലധികം പേർ തങ്ങൾക്ക് 16 വയസ്സാകുന്നതിനു മുമ്പ് കുറഞ്ഞതു പത്തു തവണയെങ്കിലും ഒളിച്ചോടുന്നു. ക്ഷേമധനം ലഭിക്കാൻ തക്ക പ്രായമില്ലാത്ത ഈ ഓടിപ്പോക്കുകാർ പലരും കുറ്റകൃത്യത്തിലേക്കും വേശ്യാവൃത്തിയിലേക്കും തിരിയുന്നു. നാം ഈ പ്രശ്നത്തെ അവഗണിക്കുകയാണെങ്കിൽ ഈ കുട്ടികൾ “സമൂഹത്തിൽനിന്നും വേർപെട്ട ഭവനരഹിതരായ മുതിർന്നവരാ”യി വളർന്നുവരുമെന്ന് ചിൽഡ്രൻസ് സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ആയ ഇയാൻ സ്പാർക്സ് മുന്നറിയിപ്പു നൽകുന്നു. “സമൂഹം ഒന്നാകെ” മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലും കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നെങ്കിൽ “വളരെയധികം പ്രശ്നങ്ങൾ ആരംഭിക്കുകപോലുമില്ല.”
ഞെട്ടിക്കുന്ന ജലദൗർലഭ്യം
“ദക്ഷിണാഫ്രിക്ക ഞെട്ടിക്കുന്ന അളവിലുള്ള ജലപ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു” എന്ന് ദ സ്റ്റാർ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ഇതര ഉറവുകൾ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ഇപ്പോഴുള്ള നീരുറവകൾ “അടുത്ത 15 വർഷത്തിനുള്ളിൽ” വറ്റിപ്പോകുന്നതായിരിക്കും. അതിവേഗം വർധിക്കുന്ന ജനസംഖ്യയാണ് ഇതിനൊരു കാരണം. കുറഞ്ഞ അളവിലുള്ള മഴ, അതായത് ലോകത്തിനു മൊത്തം ലഭിക്കുന്ന ശരാശരി മഴയുടെ ഏതാണ്ടു പകുതി, ആണ് മറ്റൊരു കാരണം. അസാധാരണമായി ഉയർന്ന ബാഷ്പീകരണ നിരക്ക് പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണ ഡാമിന് ഓരോ വർഷവും ശരാശരി 5,00,000 കിലോലിറ്റർ വെള്ളം ബാഷ്പീകരണത്തിലൂടെ നഷ്ടമാകുന്നു. ബാക്കിയുള്ള ജലത്തിന്റെ ഗുണമേൻമയും മലിനീകരണത്തിന്റെ ഫലമായി കുറഞ്ഞുപോകുന്നു. ദ സ്റ്റാർ ഇപ്രകാരം പ്രസ്താവിക്കുന്നു: “അവിടെ ഇപ്പോൾ ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത 1.2 കോടി ആളുകളും (ജലം ഉപയോഗപ്പെടുത്തുന്ന) മതിയായ ശുചീകരണരീതികളില്ലാത്ത 2 കോടിയിലധികം ആളുകളും ഉണ്ട്.”
ശബ്ദ മലിനീകരണം
ലോക ജനസംഖ്യയുടെ കുറഞ്ഞത് 10 ശതമാനം പേർ കുറെ അളവിലുള്ള കേൾവിക്കുറവ് അനുഭവിക്കുന്നുണ്ട്. “ആധുനികകാല സമൂഹം ഉളവാക്കുന്ന ഒച്ചപ്പാടു സഹിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്യപ്പെട്ടതായിരുന്നില്ല മാനുഷ കർണം” എന്ന് ബ്രസീലിയൻ പത്രമായ ഗ്ലോബോ സയെൻസ്യാ വിശദീകരിക്കുന്നു. കൂടാതെ, അനാരോഗ്യകരമായ അളവിലുള്ള ശബ്ദം ദിവസവും കേൾക്കുന്നത് ശ്രദ്ധക്കുറവിനും കുറഞ്ഞ ഉത്പാദനക്ഷമതയ്ക്കും അസ്വസ്ഥതക്കും ജോലി സംബന്ധമായ അപകടങ്ങൾക്കും ഇടയാക്കിയേക്കാം.
തടവുകാരുടെ നിരക്കു വർധിക്കുന്നു
ലോകവ്യാപകമായി കുറ്റകൃത്യങ്ങൾ വർധിക്കുന്നതോടൊപ്പം തടവുശിക്ഷയുടെ നിരക്കും വർധിക്കുന്നു. റഷ്യയിലെ തടവുശിക്ഷാ നിരക്ക് ഓരോ 1,00,000 ആളുകളിലും 558 ആണ്. രണ്ടാമത്തെ സ്ഥാനം ഐക്യനാടുകൾക്കാണ്, ഓരോ 1,00,000 പേരിലും 519. അടുത്തവ 368 പേരുള്ള ദക്ഷിണാഫ്രിക്കയും 229 പേരുള്ള സിംഗപ്പൂരും 116 പേരുള്ള കാനഡയുമാണ്. മുൻ സോവിയറ്റ് യൂണിയന്റെ വിഭജനത്തെ തുടർന്ന് റഷ്യയിൽ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും വളരെയധികം വർധിച്ചിട്ടുണ്ട്, തടവിലാക്കലിന്റെ നിരക്കും ആദ്യം മുന്നിലായിരുന്ന ഐക്യനാടുകളിലേതിനെക്കാൾ അവിടെ കുതിച്ചുയർന്നിരിക്കുന്നു. പല യൂറോപ്യൻ രാജ്യങ്ങളിലെയും തടവിലാക്കലിന്റെ നിരക്ക് ഐക്യനാടുകളുടേതിന്റെ ആറിലൊന്ന് ആയിരിക്കുന്നതെന്തുകൊണ്ട്? “മൊത്തം കുറ്റകൃത്യങ്ങളുടെ നിരക്ക് രാജ്യങ്ങൾതോറും വ്യത്യാസപ്പെടുമെങ്കിലും അക്രമം ഐക്യനാടുകളിലും റഷ്യയിലും ദക്ഷിണാഫ്രിക്കയിലും കൂടുതൽ പ്രബലമാണ് എന്നതാണ് ഒരു വിശദീകരണം” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. “കാരണങ്ങൾ എന്തായാലും തടവുശിക്ഷയിലുള്ള വ്യത്യാസം വളരാനാണു സാധ്യത.”
മെച്ചമായി എഴുതുകയും വായിക്കുകയും ചെയ്യുന്ന കുട്ടികൾ
“കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നത് അവരുടെ എഴുതാനുള്ള പ്രാപ്തികളെ വർധിപ്പിക്കുന്നു” എന്ന് കാനഡയിലെ പത്രമായ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. വളർന്നുവന്നപ്പോൾ മിക്കപ്പോഴും കഥകൾ വായിച്ചുകേട്ടിട്ടുള്ള വിദ്യാർഥികൾ വല്ലപ്പോഴും മാത്രം അല്ലെങ്കിൽ ഒരിക്കലും പുസ്തകം വായിച്ചു കേട്ടിട്ടില്ലാത്തവരെക്കാൾ ഉയർന്ന നിലവാരം പ്രകടമാക്കിയതായി കാനഡയിലെ ഒൺടേറിയയിലുള്ള വിദ്യാഭ്യാസ മന്ത്രാലയം അടുത്തകാലത്തു നടത്തിയ പരിശോധനാ ഫലങ്ങൾ കണ്ടെത്തി. “നന്നായി വായിക്കുന്ന കുട്ടികൾ നന്നായി എഴുതുകയും ചെയ്തു”വെന്നും “സ്കൂൾവിഷയങ്ങൾ അല്ലാതെയുള്ള കാര്യങ്ങൾ വായിച്ചിരുന്നവർ ഒരുപോലെ നന്നായി വായിക്കുകയും എഴുതുകയും ചെയ്തുവെന്നും” ഗ്ലോബ് കൂട്ടിച്ചേർത്തു. “14 വയസ്സിനുള്ളിൽ തന്നെത്താൻ വായിച്ചോ വായിച്ചുകേട്ടോ ശീലമില്ലാത്തവർ പിന്നെ വായിക്കുകയില്ലെ”ന്ന് പരിശോധനാ ഫലങ്ങൾ വെളിപ്പെടുത്തിയതായി ഒൺടേറിയോ അധ്യാപക ഫെഡറേഷന്റെ പ്രസിഡന്റ് പറഞ്ഞു.