വനങ്ങളില്ലാത്ത ഒരു ഭൂമി—ഭാവിയിൽ വരാനിരിക്കന്നത് അതാണോ?
സഹസ്രാബ്ദങ്ങളിൽ ഇടതൂർന്ന ഉഷ്ണമേഖലാ മഴവനങ്ങളാൽ മൂടിക്കിടന്ന വിസ്തൃതമായ പ്രദേശങ്ങൾ ഇന്ന് ഊഷരമായിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്തു ദശലക്ഷക്കണക്കിനു ചെടികളുടെയും ആകാശത്തിലേക്ക് 60 മീറ്ററോളം ഉയർന്നുനിന്ന വൃക്ഷങ്ങളുടെയും ഫലസമൃദ്ധമായ കുടക്കീഴിൽ അഭയംതേടിയിരുന്ന മനോജ്ഞമായ പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമായിരുന്ന ഭൂമിയിലെ ജീവൻതുടിക്കുന്ന ഈ ഹരിതാഭമായ മനോഹരസ്ഥലങ്ങൾ സത്വരം മരുഭൂമികളായിത്തീരുകയാണ്.
വിനാശകമായ കാര്യക്ഷമതയോടെ മനുഷ്യൻ പർവ്വതങ്ങളെ കോടാലികൊണ്ടും വാൾകൊണ്ടും ബുൾഡോസർകൊണ്ടും തീപ്പെട്ടികൊണ്ടും നശിപ്പിക്കുകയാണ്. അവൻ അവയെ വെട്ടിത്തെളിച്ച് മുറിവേൽപ്പിച്ച് കരിച്ച് പരിത്യക്ത മരുഭുമികളാക്കി മാറ്റുകയാണ്. ഭൂമിയിലെ ഉഷ്ണമേഖലാമഴവനങ്ങളുടെ ഈ കഠോരമായ നാശം മിനിറ്റിൽ 50 ഏക്കർ അല്ലെങ്കിൽ വർഷത്തിൽ 1,00,000-ത്തിൽപരം ചതുരശ്ര കിലോമീറ്റർ എന്ന ഞെട്ടിക്കുന്ന നിരക്കിലാണ് വരുത്തപ്പെടുന്നത്—ആസ്ട്രിയായിക്കു സമായ വിസ്തൃതിയാണിത്.a
ചില വിദഗ്ദ്ധൻമാർ പറയുന്നതനുസരിച്ച് 2000-ാമാണ്ടാകുന്നതോടെ 1980-ൽ ഉണ്ടായിരുന്ന ഉഷ്ണമേഖലാമഴവനങ്ങളുടെ 12 ശതമാനം പൊയ്പ്പോയിരിക്കും—നശീകരണത്തിന്റെ ദുഷ്കീർത്തിയോടുകൂടിയ മനുഷ്യന്റെ ചെറിയ ഒരു നേട്ടമല്ലിത്. ഭൂമിയിലെ മറ്റൊരു കാലാവസ്ഥാപ്രദേശത്തും കാണാൻ കഴിയാത്ത മനോജ്ഞപക്ഷികളും മൃഗജാലങ്ങളും വിവിധയിനം സസ്യങ്ങളും പൊയ്പ്പോകും. മനുഷ്യജീവിതത്തിനു ജീവൽപ്രധാനവും അവനു കണക്കില്ലാതെ പ്രയോജനം ചെയ്യുന്നതുമായ സങ്കീർണ്ണ പരിസ്ഥിതിവ്യവസ്ഥയുടെതന്നെ ഒരു ഭാഗത്തെ അവൻ നശിപ്പിക്കുകയാണ്.
മനുഷ്യൻ ഉപയോഗിക്കുന്ന ഔഷധങ്ങളിൽ പകുതിയിലധികവും ചെടികളിൽനിന്നാണു കിട്ടുന്നത്, ഒട്ടനവധിയും ഉഷ്ണമേഖലാസസ്യങ്ങളിൽനിന്നുതന്നെ. റബ്ബർ, റ്റർപ്പൻറ്റൈൻ, ചൂരൽ, മുള എന്നിവയുടെ ഉറവില്ലെങ്കിൽ വ്യവസായം എന്തു ചെയ്യും—എല്ലാം ഉഷ്ണമേഖലാവനത്തിൽനിന്നു ലഭിക്കുന്നതുതന്നെ. കൂടാതെ നാരുകളുടെയും മരക്കറയുടെയും ചായങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ഒരു ഗണവും വേണമല്ലോ. മനുഷ്യൻ വമ്പിച്ച മൂല്യമുള്ള ഒരു നിക്ഷേപത്തെ അന്ധമായും വിവേചനാരഹിതമായും നശിപ്പിക്കുകയാണ്.
ഈ വലിയ വനങ്ങളിൽ നിന്ന് ജീവദായകമായ ധാരാളം ഓക്സിജൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന വനങ്ങളുടെ വമ്പിച്ച നശീകരണം ഭയപ്പെടുന്ന സസ്യോഷ്ണശാലാഫലത്തെ തീവ്രമാക്കുകയും വിപൽക്കരമായി സമുദ്രനിരപ്പുകളെ ഉയർത്തുകയും ചെയ്തേക്കാം.
വനനശീകരണം ഇപ്പോൾത്തന്നെ ലോകത്തിന്റെ അധികഭാഗത്തും ഗുരുതരവും സത്വരവുമായ ആഘാതമുളവാക്കിയിട്ടുണ്ട്. ഇൻഡോനേഷ്യയിലും ഫിലിപ്പീൻസിലും അവരുടെ പ്രദേശങ്ങൾ ഇടതൂർന്ന കാടുകളിൽനിന്ന് ഊഷരമായ പാഴ്പ്രദേശങ്ങളായി മാറിയിരിക്കുകയാണ്. “ദക്ഷിണപൂർവേഷ്യയിൽ ഒരു കാലത്തു വനമായിരുന്ന 2 കോടി 50 ലക്ഷത്തോളം ഏക്കറിൽ ആഹാരമോ ഇന്ധനമോ കാലിത്തീറ്റയോ പ്രദാനംചെയ്യാത്ത ഉപയോഗശൂന്യമായ വാൾപ്പുല്ലുമാത്രമാണ് വിട്ടുമാറാതെ വളർന്നുകിടക്കുന്നത്” എന്ന് ലോകവിഭവസ്ഥാപനം റിപ്പോർട്ടുചെയ്യുന്നു.
ഒട്ടേറെ വൃക്ഷങ്ങൾ വെട്ടിവിൽക്കുന്നതുകൊണ്ട് ഫിജിയിൽ 20 വർഷംകൊണ്ടും തായ്ലണ്ടിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഫിലിപ്പീൻസിലെ താഴ്ന്ന മഴവനപ്രദേശങ്ങളെ 1990-ഓടുകൂടെയും നശിപ്പിക്കുമെന്ന് ഉറപ്പാക്കുന്നു”വെന്ന് സയൻസ് ഡൈജസ്റ്റ് റിപ്പോർട്ടുചെയ്യുന്നു. ആസ്ത്രേലിയായിൽ വനനശീകരണം വിപുലവ്യാപകമാണ്—അവിടത്തെ മഴവനങ്ങളുടെ മൂന്നിൽ രണ്ട് മുഴുവനായി നശിച്ചിരിക്കുന്നു! ഇൻഡ്യയിൽ 32 ലക്ഷം ഏക്കർ വനം ആണ്ടുതോറും വെട്ടിനശിപ്പിക്കുന്നുണ്ട്.
“1980-കളുടെ മദ്ധ്യത്തോടെ ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലും വൃക്ഷാവരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തീർച്ചയായും വനത്തിന്റെ കുറവ് മൂന്നാം ലോകത്തുടനീളമുണ്ട്” എന്ന് 1986 ഏപ്രിലിലെ നാച്വറൽ ഹിസ്ററ്റ മാസിക റിപ്പോർട്ടുചെയ്യുന്നു. 63 രാജ്യങ്ങളിൽ 150 കോടി ആളുകൾ തിരികെ വളരാൻ കഴിയുന്നതിനെക്കാൾ വേഗത്തിൽ മരം മുറിക്കുകയും വനത്തിന്റെയും വിറകിന്റെയും പാപ്പരത്വത്തിലേക്കു മാത്രം നയിക്കാൻ കഴിയുന്ന ഒരു കമ്മി സൃഷ്ടിക്കുകയുമാണ്. 2000-ാമാണ്ടോടെ കമ്മി ഇരട്ടിക്കുമെന്ന് വിദഗ്ദ്ധൻമാർ പ്രതീക്ഷിക്കുന്നു.
വനനശീകരണം ആസ്തിക്യത്തിലിരിക്കുന്നതിനുള്ള മനുഷ്യന്റെ പ്രാപ്തിയുടെ ഹൃദയത്തെ—കൃഷിയെ—ത്തന്നെ സ്പർശിക്കുന്നു. തുടക്കത്തിൽതന്നെ മനുഷ്യൻ വിത്തു വിതക്കുന്നതിനു പർവ്വതങ്ങളിലെയും കുന്നുകളിലെയും വൃക്ഷങ്ങൾ വെട്ടിയിടുമ്പോൾ മണ്ണിനെ തടഞ്ഞുനിർത്തുന്ന സസ്യങ്ങളില്ലാത്തതിനാൽ മണ്ണു പെട്ടെന്ന് ഒലിച്ചുപോകുന്നു. കൂടാതെ വിറകു ദുർല്ലഭമായിരിക്കുന്ന രാജ്യങ്ങളിൽ “കണക്കാക്കപ്പെട്ട പ്രകാരം 40 കോടി ടൺ ചാണകം വർഷം തോറും തീകത്തിക്കുന്നു. . . . നല്ല വളത്തിന്റെ ഈ കത്തിക്കൽ ധാന്യവിളകളെ 1 കോടി 40 ലക്ഷം ടൺ കണ്ട് കുറക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു.”
ഭൂമിയിലെ വലിയ വനങ്ങൾ യഥാർത്ഥത്തിൽ അപ്രതിരോധ്യശക്തികളാലുള്ള നാശത്തിനു വിധിക്കപ്പെട്ടിരിക്കുകയാണോ? അതോ ഈ തലമുറ ഭൂമിയിലെ വിഭവങ്ങളുടെയും മനോഹാരിതയുടെയും അധികപങ്കും അതിന്റെ മക്കൾക്കു വിട്ടേക്കുമോ? അതു ധാരാളം സംസാരിക്കുന്നുണ്ട്, റീംകണക്കിനു കടലാസ്സിൽ എഴുതുന്നുണ്ട്, എന്നാൽ അധികമൊന്നും ചെയ്യുന്നില്ല. അതുകൊണ്ട് അത് അതിന്റെ മക്കൾക്ക് എന്തു ഭാവിയാണ് അവശേഷിപ്പിക്കുക? കാലം തെളിയിക്കും, എന്നാൽ അല്പകാലമേ ശേഷിച്ചിട്ടുള്ളു. (g87 7/22)
[അടിക്കുറിപ്പുകൾ]
a 1 ft = 0.3 m.
1ഏ.=0.4 ഹെ.
[7-ാം പേജിലെ ആകർഷകവാക്യം]
അറുപത്തിമൂന്നു രാജ്യങ്ങളിൽ 150 കോടി ആളുകൾ വീണ്ടും വളരാൻ കഴിയുന്നതിനെക്കാൾ വേഗം മരം വെട്ടിക്കൊണ്ടിരിക്കുകയാണ്
[7-ാം പേജിലെ ചിത്രം]
ജനതകൾ ഇടതൂർന്ന വനങ്ങളെ ഊഷരമായ പാഴ്നിലങ്ങളായി മാറ്റുകയാണ്