എപ്പോഴും ആശ്വാസം നൽകാത്ത വാക്കുകൾ
നിങ്ങൾക്ക് എന്നെങ്കിലും അഗാധമായ ദുഃഖം തോന്നിയിട്ടുണ്ടെങ്കിൽ ചിലപ്പോൾ മറ്റുള്ളവർ ചെയ്ത പ്രസ്താവനകളിൽ നിങ്ങൾക്ക് വിഷമം തോന്നിയിട്ടുണ്ടോ? ആശ്വസിപ്പിക്കുന്നതിനു എന്തു പറയണമെന്ന് മിക്കവർക്കും അറിയാമെങ്കിലും മരണദുഃഖമനുഭവിച്ച അനേകർക്ക് സഹായകമല്ലാഞ്ഞ പ്രസ്താവനകൾ ഓർമ്മിക്കാൻ കഴിയും. “‘നിങ്ങൾക്ക് മറ്റു മക്കൾ ഉണ്ടല്ലോ, ഇല്ലേ?’ എന്നു മറ്റുള്ളവർ പറയുമ്പോൾ ചില മാതാപിതാക്കൾക്ക് അഗാധമായ വിഷമംതോന്നുന്നു” എന്ന് ജർമ്മൻ കീലർ നാച്റിച്റ്റനിൽ എഴുതിയപ്പോൾ ഉർസുലാ മോംസൺ-ഹെന്നബെർഗ്ഗർ പ്രസ്താവിക്കുകയുണ്ടായി. “മറ്റുള്ളവർ ഒരു ആശ്വാസമായിരുന്നേക്കാം, എന്നാൽ അവർ പകരമാകുകയില്ല” എന്ന് അവൾ ഉത്തരം പറയുന്നു.
മരണദുഃഖോപദേശകയായ കാതലീൻ കാപ്പിറ്റലോ ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “‘നിങ്ങളുടെ വിചാരം എനിക്കറിയാം’ എന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു പ്രസ്താവന. മറ്റൊരാളുടെ വികാരം എന്താണെന്ന് യഥാർത്ഥത്തിൽ മറ്റാർക്കും അറിയാൻപാടില്ലെന്നുള്ളതാണു സംഗതിയുടെ വാസ്തവം. എന്നിരുന്നാലും, അവരുടെ വികാരത്തെ നിങ്ങൾക്ക് വിലയിരുത്താൻ കഴിയും. അവരുടെ വികാരങ്ങൾ സ്വാഭാവികമാണെന്ന് നിങ്ങൾക്ക് ഉറപ്പുകൊടുക്കാൻകഴിയും.”
ഒരു കുട്ടിയുടെ നഷ്ടത്തിൽനിന്നു കരകയറൽ എന്ന പുസ്തകത്തിൽ റിപ്പോർട്ട്ചെയ്തപ്രകാരം “ഒരു കുട്ടിയുടെ നഷ്ടമെന്താണെന്ന് ഒരു കുട്ടി നഷ്ടപ്പെട്ട ഒരാൾക്കേ അറിയാവൂ എന്ന ശക്തമായ തോന്നലാണ്” എബി മലാവ്സ്ക്കിക്കുള്ളത്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു പതിനഞ്ചു മക്കളുണ്ടായിരിക്കാം, ഒരു വ്യത്യാസവും അതുകൊണ്ടില്ല. നിങ്ങൾക്ക് ഒരിക്കലും ഒരു കുട്ടിക്കു പകരംവെക്കാവുന്നതല്ല.”
ഒരു ഗർഭമലസലിന്റെയോ ഒരു ചാപിള്ളയുടെയോ സംഗതിയിൽ ആത്മാർത്ഥമെങ്കിലും പരിപുഷ്ടിപ്പെടുത്താത്ത മറ്റു പ്രസ്താവനകളിവയാണ്: “നിങ്ങൾ പെട്ടെന്നുതന്നെ ഗർഭിണിയാകുകയും ഇതെല്ലാം മറക്കുകയുംചെയ്യും.” “ഇതാണു നല്ലത്, കുട്ടിക്ക് ഏതായാലും വൈരൂപ്യമുണ്ടായിരിക്കുമായിരുന്നു.” “ഇത് മറഞ്ഞിരുന്ന ഒരു അനുഗ്രഹമാണ്.” നഷ്ടത്തിന്റെ ഘോരനിമിഷത്തിൽ, എത്ര സദുദ്ദേശ്യത്തോടെയായിരുന്നാലും ഈ പഴയ ശൈലികൾക്കു സഹായിക്കാൻ കഴികയില്ല.
ചില വൈദികർ പറയുന്ന മതപരമായ കഴമ്പില്ലാത്ത പ്രസ്താവനകൾ മരണദുഃഖമനുഭവിക്കുന്നവർക്ക് അസഹ്യമുളവാക്കുന്ന മറ്റൊരു സംഗതിയാണ്. ‘ദൈവത്തിനു മറ്റൊരു മാലാഖയെ വേണമായിരുന്നു’ എന്നു പറയുന്നത് ദൈവത്തെ ക്രൂരനും സ്വാർത്ഥനുമായി വരച്ചുകാണിക്കുന്നു. അത് ദൈവദൂഷണമായിത്തീരുന്നു. കൂടാതെ, അതിന് യുക്തിയിലോ ബൈബിളിലോ തെളിവില്ല.
ഒരു ക്രിസ്ത്യാനിക്കു വിലപിക്കാമോ?
മരണത്തിൽ ഒരു കുട്ടി നഷ്ടപ്പെടുന്ന ക്രിസ്ത്യാനികളെ സംബന്ധിച്ചെന്ത്? ചില സമയങ്ങളിൽ ചിലർ തെസ്സലൊനീക്യർക്കുള്ള പൗലോസിന്റെ വാക്കുകൾ ഉദ്ധരിക്കുന്നു: “നിങ്ങൾ പ്രത്യാശയില്ലാത്ത ശേഷിച്ചവരെപ്പോലെ ദുഃഖിക്കരുത്.” (1 തെസ്സലൊനീക്യർ 4:13, New English Bible) ദുഃഖത്തെയും വിലപിക്കലിനെയും പൗലോസ് വിലക്കിയോ? ഇല്ല, ഒരു പ്രത്യാശയുള്ള ക്രിസ്ത്യാനി പ്രത്യാശയില്ലാത്തവരുടെ രീതിയിൽ ദുഃഖിക്കുന്നില്ലെന്നുമാത്രമേ അവൻ പറഞ്ഞുള്ളു.—യോഹന്നാൻ 5:28, 29.
ഈ ആശയം വിശദമാക്കുന്നതിന്, ലാസർ മരിച്ചുവെന്ന് മറിയ പറഞ്ഞപ്പോൾ യേശു എങ്ങനെ പ്രതികരിച്ചു? വിവരണം നമ്മോട് ഇങ്ങനെ പറയുന്നു: “തന്നിമിത്തം, [മറിയ] കരയുന്നതും അവളോടുകൂടെ വന്ന യഹൂദൻമാർ കരയുന്നതും യേശു കണ്ടപ്പോൾ അവൻ ആത്മാവിൽ ഞരങ്ങുകയും അസ്വസ്ഥനാകുകയും ചെയ്തു.” പിന്നീട് അവനെ മരിച്ചവൻ കിടന്നിടത്തേക്കു കൊണ്ടുപോയപ്പോൾ, “യേശു കണ്ണുനീർ വാർത്തു.” അതുകൊണ്ട് ദുഃഖിക്കുന്നതു തെറ്റാണോ? അത് ദൈവത്തിന്റെ പുനരുത്ഥാനവാഗ്ദത്തത്തിലുള്ള വിശ്വാസത്തിന്റെ അഭാവത്തെ കാണിക്കുന്നുവോ? ഇല്ല, പകരം അത് മരിച്ചയാളോടുള്ള ആഴമായ സ്നേഹത്തെ സൂചിപ്പിക്കുന്നു.—യോഹന്നാൻ 11:30-35; യോഹന്നാൻ 20:11-18 താരതമ്യപ്പെടുത്തുക.
അസഹ്യപ്പെടുത്തുന്ന മറ്റൊരു സമീപനമായിരിക്കാവുന്നത് ‘പഴക്കത്തിനു ദുഃഖം ശമിച്ചുകൊള്ളു’മെന്ന് ദാക്ഷിണ്യത്തോടെ ദുഃഖിതന് ഉറപ്പുകൊടുക്കുന്നതാണ്. “നിങ്ങളുടെ പ്രയാസം ഇതുവരെയും മാറിയില്ലേ?” എന്ന ചോദ്യവും ഒഴിവാക്കുക. ഒരു ബ്രിട്ടീഷ്മാതാവ് പറഞ്ഞ പ്രകാരം: “‘നിങ്ങളുടെ പ്രയാസം ഇതുവരെയും മാറിയില്ലേ?’ എന്നു ചോദിക്കുന്നവർ ഒരു കുട്ടിയെപ്പോലെ ഉറ്റ ഒരാളെ നഷ്ടപ്പെടുകയെന്നാൽ എന്താണെന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കുന്നില്ല. പുനരുത്ഥാനത്തിൽ അവനെ തിരികെ കിട്ടുന്നതുവരെ നമ്മുടെ പ്രയാസം മാറുകയില്ല.” ഒരുപക്ഷേ ഷെയിക്സ്പിയറിന്റെ പ്രയോഗം ഉചിതമാണ്: “ഒരു ദുഃഖം ഉള്ള ഒരാളൊഴിച്ച് എല്ലാവർക്കും അതിനെ തരണംചെയ്യാൻ കഴിയും.”
ചിലപ്പോൾ ഒരു പിതാവ് ചിന്താരഹിതമായ ഒരു മനോഭാവത്തിനിരയായിത്തീരുന്നു. “നിങ്ങളുടെ ഭാര്യ എങ്ങനെയിരിക്കുന്നു?” എന്ന് ആളുകൾ ചോദിച്ചപ്പോൾ ഒരു മരണദുഃഖമനുഭവിച്ചുകൊണ്ടിരുന്ന പിതാവ് കുപിതനായി. ഭർത്താവെങ്ങനെയിരിക്കുന്നുവെന്ന് അവർ ഒരിക്കലും ചോദിക്കുകയില്ല . . . അതു വളരെ തെറ്റാണ്, അപമര്യാദയാണ്. ഭർത്താവിനും ഭാര്യയുടെ അതേ അനുഭവമാണ്. അയാളും ദുഃഖിക്കുന്നു.”
‘വായ് പൊളിക്കരു’തെന്നോ?
അനേകം സംസ്കാരങ്ങളിൽ വിശേഷിച്ച് പുരുഷൻമാർ തങ്ങളുടെ വികാരങ്ങളും ദുഃഖവും പ്രകടമാക്കാതെയും ‘വായ്പൊളിക്കാതെയുമിരിക്കണ’മെന്നുള്ള ആശയം പഠിപ്പിക്കുന്നു. “ദുഃഖത്തിന്റെ നിശബ്ദ പൗരുഷ”ത്തെക്കുറിച്ചു 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഗ്രന്ഥകർത്താവായിരുന്ന ഒലിവർ ഗോൾഡ്സ്മിത്ത് പ്രസ്താവിച്ചു. എന്നാൽ ഒരുവന്റെ ദുഃഖത്തെ തരണം ചെയ്യുന്നതിനുള്ള ഏറ്റം നല്ല മാർഗ്ഗം അവശ്യം ആ നിശ്ശബ്ദ പൗരുഷമാണോ?
മരണദുഃഖാർത്തനായ പിതാവ് എന്ന തന്റെ പുസ്തകത്തിൽ ഹാര്യറ്റ് സാണോഫ് തന്റെ ഭർത്താവിന്റെ സംഗതി എടുത്തുപറയുന്നു: “തന്റെ കുട്ടി അടക്കപ്പെടുന്നതും പാരമ്പര്യമനുസരിച്ച് ‘വായ്പൊളിക്കരു’തെന്നു സമുദായം ആവശ്യപ്പെട്ടതുമായ ഒരു പുരുഷൻ, ഒരു പിതാവ്, ഇവിടെയുണ്ടായിരുന്നു.” അവൾ കൂട്ടിച്ചേർത്തു: “അങ്ങനെ ചെയ്തതിനു അദ്ദേഹം കനത്ത വില കൊടുത്തു. കാലം കടന്നുപോയതോടെ തന്റെ ദുഃഖാവസ്ഥയിൽനിന്നു പുറത്തുവരുന്നതിനു പകരം അദ്ദേഹം ദുഃഖത്തിൽ അധികമധികം ആണ്ടുപോകുകയാണുണ്ടായത്.”
ഭർത്താവ് തന്റെ വികാരങ്ങൾ വർണ്ണിച്ചു, ഒരുപക്ഷേ മറ്റുള്ളവർക്ക് അവയെ അംഗീകരിക്കാൻ കഴിയും. “ഞാൻ ആർക്റ്റിക്ക് ഹിമൂടിയിലൂടെ നടക്കുന്നതുപോലെ തോന്നുന്നു. ഞാൻ വളരെ ക്ഷീണിതനാണ്. ഞാൻ വിശ്രമിക്കാൻ കിടന്നാൽ ഞാൻ ഉറങ്ങിപ്പോകുമെന്ന് എനിക്കറിയാം. ഞാൻ ഉറങ്ങിപ്പോയാൽ ഞാൻ മരച്ച് മരിച്ചുപോകുമെന്ന് എനിക്കറിയാം. ഞാൻ ഒട്ടും കൂട്ടാക്കുന്നില്ല. എനിക്ക് എന്റെ ക്ഷീണത്തോട് മേലാൽ പോരാടാനാവില്ല.”
അതുകൊണ്ട്, ഹാര്യറ്റ് ഷിഫിന്റെ ഉപദേശമെന്താണ്? “ദുഃഖം കടിച്ചമർത്തുന്ന ആ പഴയ ആംഗ്ലോസാക്സൻ നടപടി അപ്പാടെ മറന്ന് കരയുക. കണ്ണുനീർ വരട്ടെ. . . . അവ ദുഃഖത്തെ കഴുകിക്കളയാൻ സഹായിക്കുന്നു.” ഗർഭനഷ്ടത്തെ അതിജീവിക്കൽ എഴുതിയവർ സ്ത്രീകൾക്കും പുരുഷൻമാർക്കും ബാധകമാകുന്ന ബുദ്ധിയുപദേശം നൽകുന്നു: “ദുഃഖസഹനവാദത്തെ ചിലർ അതിയായി ആദരിച്ചേക്കാം, എന്നാൽ ദുഖവുമായി മല്ലിടുന്നതിനാൽമാത്രമേ ഒരുവന് കാലക്രമത്തിൽ അതിൽനിന്നു വിമുക്തനാകാൻ കഴിയൂ.” (ഇറ്റാലിക്സ് ഞങ്ങളുടേത്) അല്ലാത്തപക്ഷം, “അപര്യാപ്തമായ ദുഃഖിക്കൽ” എന്നു പറയപ്പെടുന്നതിലേക്കുള്ള പിന്നോക്കം പോകലിന്റെ അപകടം സ്ഥിതിചെയ്യുന്നു, അതിന് വരുംവർഷങ്ങളിലെല്ലാം വിപൽക്കരമായ പരിണതഫലം ഉണ്ടായിരിക്കും.
അപര്യാപ്തമായ ദുഃഖിക്കൽ അപൂർണ്ണമായ ദുഃഖിക്കലാണ്, അപ്പോൾ വ്യക്തി ദുഃഖിക്കൽനടപടിയെ വേർപാടിന്റെ അംഗീകരണത്തിലേക്കു പ്രവഹിക്കാൻ അനുവദിക്കുന്നതിനു പകരം അതിനെ പിടിച്ചുനിർത്തുന്നു. കുറഞ്ഞപക്ഷം മൂന്നു വിധങ്ങളിൽ അതിനു പ്രത്യക്ഷപ്പെടാൻകഴിയും—അമർത്തപ്പെട്ടതോ വിളംബംവരുത്തപ്പെട്ടതോ പഴകിയതോ ആയ ദുഃഖിക്കലായി. സഹായകമായി എന്തു ചെയ്യാൻ കഴിയും?
വിദഗ്ദ്ധോപദേശം ആവശ്യമായിരിക്കാം. പിന്താങ്ങൽ നൽകുന്ന ഒരു കുടുംബഡോക്ടറോ ആത്മീയ ഉപദേശകനോ ആയിരിക്കാം ഉത്തരം. അവബോധമുള്ള കുടുംബാംഗങ്ങൾക്കും സഹായിക്കാം. ദുഃഖപ്രക്രിയയിലൂടെ നീങ്ങാനാണ് വ്യക്തിക്കു സഹായംവേണ്ടത്.
അങ്ങനെ തന്റെ മകളും ഭാര്യയും വിമാനാപകടത്തിൽ നഷ്ടപ്പെട്ടപ്പോൾ താൻ വാവിട്ടു കരഞ്ഞുവെന്ന് ജസ് റോമറോ സമ്മതിക്കുന്നു. അദ്ദേഹം ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ഏതാനും ആഴ്ചകൾക്കുശേഷം എന്റെ സഹോദരിമാർ എന്നെ ആശുപത്രിയിൽനിന്നു വീട്ടിലേക്കു കൊണ്ടുപോയി, അവിടെ ഞാൻ ഭിത്തിയിൽ എന്റെ പുത്രിയുടെ ചിത്രം കണ്ടു. അതു എന്നെ ബാധിച്ചുവെന്ന് എന്റെ അളിയൻ കണ്ടിട്ട് ‘നീ മടിക്കാതെ കരഞ്ഞുകൊള്ളൂ’ എന്നു പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തു. കെട്ടിക്കിടന്ന എന്റെ ദുഃഖത്തിൽ കുറെ ഇറക്കിവെക്കാൻ എനിക്കു കഴിഞ്ഞു.”
ദുഃഖിക്കൽനടപടിക്ക് വേദനയിൽ കുറെ ശമിപ്പിക്കാൻ കഴിയുമെങ്കിലും മരണദുഃഖമനുഭവിക്കുന്ന മിക്കവർക്കും ശാശ്വത പരിഹാരം ഒന്നേയുള്ളു—അവരുടെ പ്രിയപ്പെട്ടവനെ വീണ്ടും കാണുക. അതുകൊണ്ട് മരിച്ചവർക്ക് ഒരു പ്രത്യാശയുണ്ടോ? ഒരു പുനരുത്ഥാനമുണ്ടായിരിക്കുമോ? ഈ പരമ്പരയിലെ അവസാനത്തെ ലേഖനം ദയവായി വായിക്കുക. (g87 8/8)