സമയം—നിങ്ങൾ അതിന്റെ യജമാനനോ അടിമയോ?
“നീ എന്തുകൊണ്ട് വൈകി?” ആൽബർട്ട് ക്ലാസ്സ് മുറിയിലേക്ക് കയറിയപ്പോൾ ടീച്ചർ ചോദിച്ചു. “കാരണം സ്കൂളിലേക്കുള്ള വഴിയത്രയും ഞാൻ എന്റെ സൈക്കിളിനൊപ്പം ഓടുകയായിരുന്നു,” കിതച്ചുകൊണ്ട് ആൽബർട്ട് ഉത്തരം പറഞ്ഞു.
“നീ എന്തുകൊണ്ട് സൈക്കിൾ ഓടിച്ചകൊണ്ട് വന്നില്ല?” എന്ന് ടീച്ചർ കൗതുകപൂർവം ചോദിച്ചു. “എന്തുകൊണ്ടന്നാൽ ഞാൻ നന്നേ വൈകിപ്പോയതുകൊണ്ട് നിർത്തി ബൈക്കിൽ കയറാനുള്ള സാവകാശം എനിക്കില്ലായിരുന്നു,” ആൽബർട്ട് വിശദീകരിച്ചു.
അതിശയോക്തിയുള്ള ഈ ഫലിതകഥ നമ്മിൽ മിക്കവരും ദൈനംദിനം നേരിടുന്ന ഒരു സ്ഥിതിവിശേഷത്തെ വർണ്ണിക്കുന്നു. കർത്തവ്യങ്ങൾ ഒട്ടേറെ ചെയ്തുതീർക്കേണ്ടതായും വാക്കു പറഞ്ഞ അവധികൾ അനവധി പാലിക്കേണ്ടതായും വരുന്ന നമ്മൾ ഒരു കാര്യത്തിൽ നിന്ന് അടുത്തതിലേക്ക് പായുന്നതായി തോന്നിയേക്കാം. പക്ഷേ, ആൽബർട്ടിനെപ്പോലെ ഒന്ന് നിർത്തി കാര്യക്ഷമതയ്ക്ക് ആവശ്യമായ പുന:സ്സംഘടന ചെയ്യാനുള്ള സമയം നമുക്കില്ല എന്ന് നിഗമനം ചെയ്തുകൊണ്ട് നാം നമ്മെത്തന്നെ മന്ദീഭവിപ്പിക്കുന്നു.
എങ്കിലും ഒരു വിരാമം ഇട്ട്, സമയം കൈകാര്യം ചെയ്യാനുള്ള നമ്മുടെ സാമർത്ഥ്യത്തിന് മൂർച്ച വരുത്തുന്നുവെങ്കിൽ സമയം ലാഭിക്കുന്നതിനും കാലാന്തരത്തിൽ അധികം കാര്യങ്ങൾ നിറവേറ്റുന്നതിനും സംഘർഷം കുറക്കുന്നതിനും നമുക്കു കഴിയും. അപ്പോൾ സമയത്തെ ഒരു കർക്കശനായ യജമാനൻ എന്നു വീക്ഷിക്കുന്നതിനു പകരം അതിന് ഒരു സഹായിയായ സേവകൻ ആയിത്തീരാൻ കഴിയും.
നിങ്ങളുടെ സമയം കൂടുതൽ കാര്യക്ഷമതയോടെ നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? പിൻവരുന്നവ ചില നിർദ്ദേശങ്ങളാണ്. നിങ്ങൾ അവ വായിക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് ചേരുന്നവ തെരഞ്ഞെടുക്കുകയും നിങ്ങളുടെ സാഹചര്യങ്ങൾക്ക് ചേരുന്ന വിധത്തിൽ അവയെ പൊരുത്തപ്പെടുത്തുകയും ചെയ്യുക.
നിങ്ങളുടെ ദിവസത്തെ ക്രമീകരിക്കുക
നിങ്ങളുടെ ദിവസം ആരംഭിച്ചതേയുള്ളൂ എന്ന് കരുതുക. നിങ്ങൾക്ക് മുമ്പിൽ എണ്ണിയാലൊടുങ്ങാത്തതു പോലുള്ള ജോലികളുണ്ട്. ഈ കർത്തവ്യങ്ങളെക്കുറിച്ചെല്ലാമുള്ള ചിന്ത ദിവസത്തെ ഭയപ്പെടാൻ നിങ്ങൾക്ക് കാരണമായേക്കാം. നിങ്ങളെവിടെ തുടങ്ങും? ദിവസത്തെ ക്രമീകരിച്ചുകൊണ്ട് തന്നെ തുടങ്ങുക.
ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക എന്നറിയപ്പെടുന്ന ഒന്ന് എഴുതിക്കൊണ്ടാണ് പലരും തുടങ്ങുന്നത്. ഒരു വലിയ സ്ഥാപനത്തിൽ ഒട്ടനവധി ഉത്തരവാദിത്തങ്ങൾ ഉള്ള ഒരു വ്യക്തി താൻ പ്രവർത്തനനിഷ്ഠ പാലിക്കുന്നതെങ്ങനെ എന്ന് വിവരിക്കുന്നതിങ്ങനെയാണ്: “ചെയ്യേണ്ടതായ കാര്യങ്ങളുടെ ഒരു പട്ടിക ഞാൻ എഴുതിസൂക്ഷിക്കുന്നു. പുതിയ ജോലികൾ വന്നുപെടുകയോ മനസ്സിലുദിക്കുകയോ ചെയ്യുമ്പോൾ ഞാനവയെ പട്ടികയോട് ചേർക്കും. ഓരോ കാര്യവും ചെയ്തുതീരുന്നതനുസരിച്ച് ഞാനോരോന്നും വെട്ടിക്കളയും.”
നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഇതുപോലുള്ള ഒരു ലിഖിതപട്ടിക നിങ്ങളെ സഹായിക്കാനിടയില്ലേ? നിങ്ങളിങ്ങനെ പ്രതിവർത്തിച്ചേക്കാം: ‘കാര്യങ്ങൾ തുടങ്ങിവയ്ക്കാൻ അതെന്നെ സഹായിച്ചേക്കാം, പക്ഷേ എന്റെ പട്ടികയിലുള്ള സർവ്വതും ഒരിക്കലും ഞാൻ ചെയ്തുതീർത്തെന്നു വരികയില്ല!’. ഒരുപക്ഷേ നിങ്ങൾ പറഞ്ഞതു ശരിയാകാനുമിടയുണ്ട്. അതുകൊണ്ടാണ് പിൻവരുന്ന സംഗതി സഹായകമായിരിക്കുന്നത് . . .
മുൻഗണനകൾ വയ്ക്കുക
പ്രാധാന്യമനുസരിച്ച് നിങ്ങളുടെ പട്ടികയിലുള്ള ഓരോന്നിനും അക്കമിടുന്നതു വഴി നിങ്ങൾക്ക് മുൻഗണനകൾ വയ്ക്കാൻ കഴിയും. തുടർന്ന്, സാധ്യമാകുവോളം ഓരോ ജോലിയും അതേ ക്രമത്തിൽ കൈകാര്യം ചെയ്യുക. സ്വാഭാവികമായും കൃത്യമായി അതേ മുൻഗണനാക്രമത്തിൽ കാര്യങ്ങൾ ചെയ്യാതെ ചിലപ്പോഴെല്ലാം ഭേദഗതി വരുത്തി നിങ്ങളുടെ സാഹചര്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസരണമായി കാര്യങ്ങൾ ചെയ്യാവുന്നതാണ്. അതുകൊണ്ട് വഴക്കമുള്ളവരായിരിക്കുക. ഓരോ ദിവസവും നിങ്ങളുടെ കാര്യനിർവ്വഹണം യാദൃച്ഛിക രൂപത്തിലായിരിക്കാതെ നിങ്ങളുടെ സ്വന്ത തെരഞ്ഞെടുപ്പിൻ പ്രകാരം ആയിരിക്കുമാറ് കാര്യങ്ങളുടെ മേൽ നിയന്ത്രണമുണ്ടായിരിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശ്യലക്ഷ്യം.
ജോലിയിൽനിന്ന് ജോലിയിലേക്ക് പരക്കം പായുകയോ പട്ടികപ്പെടുത്തിയ സകല കാര്യങ്ങളും ചെയ്യുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്യരുത്. സമയ കൈകാര്യവിദഗ്ദ്ധനായ ആലൻ ലാക്കീൻ ഇങ്ങനെ ഊന്നിപ്പറയുന്നു: “ഒരാൾ അപൂർവ്വമായേ ചെയ്യേണ്ട കാര്യങ്ങളുടേതായ പട്ടികയുടെ അടിയിലെത്തുകയുള്ളൂ. പട്ടിക പൂർത്തിയാക്കുന്നതല്ല പ്രധാനം, പിന്നെയോ നിങ്ങളുടെ സമയത്തിന്റെ ഉത്തമ ഉപയോഗം നടത്തുന്നതാണ്.”
നിങ്ങളുടെ സമയത്തിന്റെ സിംഹഭാഗവും വാസ്തവമായി പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടാൽ നിങ്ങൾ ഇത് നിവർത്തിച്ചിരിക്കും. തീർക്കാനാകാതെ അവശേഷിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചാണെങ്കിൽ അവയെ മറ്റാർക്കെങ്കിലും എൽപ്പിച്ചുകൊടുക്കാൻ കഴിയുമോ എന്നോ പിറ്റെ ദിവസത്തെ പട്ടികയിലേക്ക് മാറ്റാൻ കഴിയുമോ എന്നോ ചിന്തിക്കുക. മുൻഗണന അർഹിക്കാത്ത കാര്യങ്ങളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കിയാൽ പലപ്പോഴും അവ ചെയ്യേണ്ടതേയില്ല എന്ന് വ്യക്തമാകും. അതേ സമയം ഇന്നത്തെ പട്ടികയുടെ ഏറ്റവും താഴെയുള്ള ഒരിനത്തിന് നാളെ ഏറിയ മുൻഗണന അർഹിക്കുന്നുണ്ടാവാം.
എന്നാൽ നിങ്ങളുടെ പട്ടികയിലെ പ്രവർത്തനങ്ങളിൽ മുൻഗണന അർഹിക്കുന്നവ ഏതെന്നു നിങ്ങൾ എങ്ങനെ നിർണ്ണയിക്കും? ഏതായാലും, കർത്തവ്യങ്ങളുടെ ഒരു നീണ്ട പട്ടികയിലേക്ക് നോക്കുമ്പോൾ പലതിനും തുല്യ പ്രാധാന്യം ഉള്ളതായി തോന്നാറുണ്ട്. അതുകൊണ്ട് കാര്യക്ഷമമായി മുൻഗണനകൾ വയ്ക്കുന്നതിന്, നിങ്ങൾ . . .
“അടിയന്തിരവും” “പ്രധാനവും” തമ്മിൽ വേർതിരിച്ചറിയുക
“ഒരു മനുഷ്യൻ തന്റെ സകല കഠിനാദ്ധ്വാനത്തിന്റെയും നൻമ കാണേണ്ടതുണ്ട്,” എന്ന് ബൈബിൾ കാലങ്ങളിലെ ഒരു ജ്ഞാനിയായ രാജാവ് പറഞ്ഞു. (സഭാപ്രസംഗി 3:13) ചില ജോലികൾ മറ്റുള്ളവയെക്കാൾ നല്ല ഫലം ഉളവാക്കുന്നു. അതുകൊണ്ട് ഒരു പട്ടികയിലെ കർത്തവ്യനിര നോക്കുമ്പോൾ ഓരോന്നും ഉത്പാദിപ്പിക്കുന്ന ഫലങ്ങളെ സംബന്ധിച്ച് പരിചിന്തിക്കുക. ഒരു ജോലിയുടെ പൂർത്തീകരണം ഗണ്യമായ പ്രയോജനങ്ങൾ കൈവരുത്തുമോ? നിങ്ങളുടെ കഠിനാദ്ധ്വാനത്തിൽ നിന്ന് നിങ്ങൾ “നൻമ കാണുമോ?” ഇല്ലെങ്കിൽ അത് മുൻഗണന അർഹിക്കുന്ന ഒരു ജോലി ആയിരിക്കുകയില്ല.
പ്രഥമ നോട്ടത്തിൽ നിങ്ങളുടെ പട്ടികയിലുള്ള സർവ്വതും അടിയന്തരമായി തോന്നാം. പക്ഷേ, അടിയന്തരകാര്യങ്ങൾ എപ്പോഴും നമ്മുടെ സമയത്തിന്റെ ഗണ്യമായ അളവ് കൈയ്യടക്കത്തക്കവിധം പ്രധാനമാണോ? ന്യൂ ഓർലിയൻസ് സർവ്വകലാശാലയിലെ സമയ മാനേജ്മെൻറിന്റെ പ്രൊഫസർ ആയ മൈഖേൽ ലീബോഫ് ഇങ്ങനെ നിരീക്ഷണം നടത്തുന്നു: “പ്രധാന കാര്യങ്ങൾ അടിയന്തരമോ അടിയന്തര കാര്യങ്ങൾ പ്രധാനമോ ആയിത്തീരുന്നത് അപൂർവ്വമാണ്. പോകാൻ വൈകിയ വേളയിൽ കാറ്റുപോയ ഒരു ടയറിന്റെ കേടു പോക്കുക എന്നത് നിങ്ങളുടെ ഓട്ടോ ഇൻഷ്വറൻസ് പ്രീമിയം അടക്കാൻ ഓർമ്മിക്കുന്നതിനേക്കാൾ അടിയന്തിരമാണ്. പക്ഷേ, അതിന് (ടയറിന്) മിക്ക കേസുകളിലും താരതമ്യേന കുറഞ്ഞ പ്രാധാന്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളു.”
അനന്തരം അദ്ദേഹം ഇങ്ങനെ വിലപിക്കുന്നു: “നിർഭാഗ്യവശാൽ, നമ്മിൽ മിക്കവരും അടിയന്തരതയുടെ ഭീകരവാഴ്ചക്ക് അടിപ്പെട്ട് അഗ്നിക്കെതിരെ പോരാടിക്കൊണ്ട് ജീവിതം ചെലവഴിക്കുന്നു. അതിന്റെ ഫലം നാം അടിയന്തരത കുറഞ്ഞതും പക്ഷേ ജീവിതത്തിൽ അധികം പ്രാധാന്യം ഉള്ളതുമായ കാര്യങ്ങൾ അവഗണിച്ചുപോവുന്നു എന്നതാണ്. അത് ഒരു വലിയ കാര്യക്ഷമതാഹന്തകനാണ്”.
അതുകൊണ്ട് മുൻഗണനകൾ വയ്ക്കുമ്പോൾ സത്യത്തിൽ പ്രാധാന്യം ഉള്ള കാര്യങ്ങൾ ഏതെല്ലാം എന്ന് നിങ്ങളോട് തന്നെ ചോദിക്കുക. അനന്തരം നിങ്ങളുടെ സമയത്തിന്റെ ഏറിയ പങ്കും ഇവയിൽ ചെലവഴിക്കുക. ഒരുപക്ഷേ ഒരു അടിയന്തര കാര്യത്തിന് ഉടനടിയുള്ള ശ്രദ്ധ ആവശ്യമില്ലായിരിക്കാം. അതിന് ഒരു വലിയ അളവ് സമയം ചെലവിടുന്നതു ന്യായമായിരിക്കുമോ? നിങ്ങൾക്ക് അത് പെട്ടെന്ന് ചെയ്തു തീർത്ത് ഏറിയ നേട്ടമുള്ള മറ്റൊരു പ്രവൃത്തിയിലേക്ക് നീങ്ങാൻ കഴിയുമോ? അല്ലെങ്കിൽ അതിലും മെച്ചമായി അത് മറ്റൊരാൾക്ക് എൽപ്പിച്ചുകൊടുക്കാൻ കഴിയുമോ?
കൈയിൽ കിട്ടുന്ന ഏതെങ്കിലും ജോലിയിൽ തിരക്കിട്ട് വ്യാപൃതനാകുന്നതിനേക്കാൾ സുപ്രധാന നേട്ടങ്ങൾ ഉണ്ടാക്കിത്തരുന്ന മറ്റെന്തിലെങ്കിലും വ്യാപൃതനാകുന്നതാണ് അധികം പ്രതിഫലദായകം എന്നതിനോട് നിങ്ങൾ നിസ്സംശയമായും യോജിക്കും. നിങ്ങളുടെ പ്രയത്നത്തിലേറിയ പങ്കും യഥാർത്ഥ നേട്ടങ്ങളിൽ കലാശിക്കുന്ന പ്രവൃത്തികളിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുക.
80⁄20 എന്ന പ്രമാണം
ഇതുവരെ ചർച്ച ചെയ്ത തത്വങ്ങൾ ബാധകമാക്കിയാൽ നിങ്ങളുടെ അനുദിന ജോലികളിൽ എത്ര ശതമാനം ഏറ്റവും മുൻഗണനയുള്ളതായി തരം തിരിക്കേണ്ടി വരും എന്നു നിങ്ങൾ കരുതുന്നു? തീർച്ചയായും അതു നിങ്ങളുടെ പ്രത്യേക ഉത്തരവാദിത്തങ്ങളെ ആശ്രയിച്ചിരിക്കുന്നു. സമയ-ആസൂത്രണ വിദഗ്ദ്ധരിൽ അനവധിപ്പേർ അഭിപ്രായപ്പെടുന്നതനുസരിച്ച് അതീവ മുൻഗണനയുള്ള കാര്യങ്ങളെ, മിക്ക കേസുകളിലും ഏകദേശം 20 ശതമാനമായി ചുരുക്കാൻ കഴിയും. ഒരു വഴികാട്ടിയെന്ന നിലയിൽ അവർ 80⁄20 പ്രമാണം ചൂണ്ടിക്കാണിക്കുന്നു.
ഈ തത്വം ആവിഷ്കരിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ സാമ്പത്തിക വിദഗ്ദ്ധനായ വിൽഫ്രേഡോ പാരെറ്റോ ആയിരുന്നു. ഈ തത്വം കാണിക്കുന്നത് ഹേതുക്കളിൽ 20 ശതമാനം മാത്രമാണ് ഫലങ്ങളുടെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് എന്നാണ്. നിങ്ങൾ ജാഗരൂകനാണെങ്കിൽ, അനുദിന ജീവിതത്തിൽ പാരെറ്റോയുടെ തത്വം ബാധകമാകുന്ന ഒട്ടേറെ രംഗങ്ങളുണ്ട് എന്ന് നിങ്ങൾ കണ്ടെത്തും. എന്നാൽ നിങ്ങളുടെ സമയവിനിയോഗത്തിന്റെ കാര്യത്തിൽ 80⁄20 പ്രമാണം എങ്ങനെ ബാധകമാക്കാൻ കഴിയും?
നിങ്ങൾക്ക് ചെയ്യേണ്ടതായ കാര്യങ്ങളുടെ പട്ടികയിലെ ഇനങ്ങൾ വിശകലനം ചെയ്യുക. പട്ടികപ്പെടുത്തിയിരിക്കുന്ന പത്തു കാര്യങ്ങളിൽ രണ്ടെണ്ണം നിറവേറ്റുന്നതിലൂടെ നിങ്ങൾക്ക് 80 ശതമാനം ഫലപ്രദത്വം കൈവരിക്കാൻ കഴിയും. അങ്ങനെയെങ്കിൽ നിങ്ങളുടെ പട്ടികയിലെ ഏറ്റവും പ്രധാനമായ രണ്ടിനങ്ങൾ ഇവയാണ്. കൂടാതെ, ഒരു സംരംഭത്തിലേക്ക് എടുത്തുചാടുന്നതിന് മുമ്പ് അതിനെ അപഗ്രഥിക്കുക. അതിൽ നിങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമായിരിക്കുന്നത് ഏതളവോളം? ആ ജോലിയുടെ ഏതു ഭാഗം ഏറ്റവും പ്രധാനമായ ഫലങ്ങൾ ഉത്പാദിപ്പിക്കും? ജോലിയുടെ ഈ ഭാഗമാണ് മുൻഗണന അർഹിക്കുന്നത്.
സമയ-വിനിയോഗ വിദഗ്ദ്ധനായ ഡ്രൂ സ്കോട്ട്, പാരെറ്റോയുടെ തത്വം ചർച്ച ചെയ്തതിനുശേഷം, അത് നിങ്ങൾക്ക് എങ്ങനെ ഉപയോഗക്ഷമമാക്കാം എന്ന് വിശദീകരിക്കുന്നു. അവർ പറയുന്നു: “നിങ്ങളുടെ ഉദ്ദേശ്യലക്ഷ്യം നേടിയെടുക്കുന്നതിന് അതിപ്രധാനമായ ഘടകങ്ങളെ തിരിച്ചറിയുക. ആദ്യം അവ ചെയ്യുക. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും അധികം ഫലം ലഭിക്കും.”
പ്രയോജനങ്ങൾ ആസ്വദിക്കുക
നിങ്ങളുടെ സമയത്തിന്റെ യജമാനനായിരിക്കുകയെന്നാൽ ഒരു മിനിറ്റു പോലും പാഴാക്കാതെ കർമ്മനിരതനായിരിക്കുകയെന്നോ പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് പായുകയെന്നോ അല്ല അതിന്റെ അർത്ഥം എന്ന് ഈ ഘട്ടത്തിൽ മെച്ചമായി മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടാവും. മറിച്ച് ഫലപ്രദമായ സമയ വിനിയോഗത്തിന്റെ അർത്ഥം ഇപ്പോൾ ചെയ്യേണ്ടതായ യോഗ്യമായ ജോലി തെരഞ്ഞെടുക്കുക എന്നാണ്. അതിന്റെ അർത്ഥം ഉത്തമ നേട്ടങ്ങൾ കൈവരുത്തുന്ന പ്രവർത്തനങ്ങൾ ഏവ എന്ന് തിരിച്ചറിയുകയും സാദ്ധ്യമാകുവോളം ഇവയിൽ സമയം ചെലവഴിക്കുകയും ചെയ്യുക എന്നാണ്.
നിങ്ങളുടെ സമയത്തിന്റെ വ്യക്തിപരമായ ക്രമീകരണത്തിന് കർക്കശമായ ചട്ടങ്ങളില്ല. ഈ ലേഖനത്തിലെ അഭിപ്രായങ്ങളിൽ നിന്ന് പ്രയോജനമനുഭവിക്കുന്നതിന് വഴക്കമുള്ളവരായിരിക്കുക. പരീക്ഷണം നടത്തുക. പൊരുത്തപ്പെടുത്തുക. നിങ്ങൾക്ക് ഉത്തമായിരിക്കുന്നതെന്തെന്ന് കണ്ടുപിടിക്കുക. ഈ പേജിലെ കളത്തിലുള്ള ആശയങ്ങൾ വായിച്ച് അവയിലേതെല്ലാം കർക്കശനായ ഒരു യജമാനനെ സഹായിയായ സേവകനാക്കി മാറ്റാൻ നിങ്ങളെ സഹായിക്കും എന്നു കാണുക.
നിങ്ങളുടെ സമയത്തിന്റെ മേൽ നിങ്ങൾക്ക് മെച്ചമായ നിയന്ത്രണം ലഭിക്കുന്നതോടെ ഓരോ ദിവസാന്ത്യത്തിലും നിങ്ങൾക്ക് എന്തൊരു കൃതാർത്ഥതയായിരിക്കും അനുഭവപ്പെടുക! നാളത്തേക്ക് ഒട്ടേറെ ജോലികൾ അവശേഷിക്കാൻ ഇടയായേക്കാമെങ്കിലും ഏറ്റവും പ്രധാനമായ കാര്യങ്ങളിലേക്ക് നിങ്ങൾ നിങ്ങളുടെ യത്നങ്ങൾ തിരിച്ചുവിട്ടു എന്നറിയുന്നതിന്റേതായ സംതൃപ്തി നിങ്ങൾക്കുണ്ടായിരിക്കും. നിങ്ങൾ നിങ്ങളുടെ കഠിനാദ്ധ്വാനത്തിൽ നിന്നുള്ള “നൻമ കാണും.”
ഒടുവിൽ ഇതാ—സാരവത്തായ കാര്യങ്ങൾക്ക് വേണ്ടുവോളം സമയം എന്നുപോലും നിങ്ങൾക്ക് തോന്നും. അപ്പോൾ നിങ്ങൾ ധൃതിപൂണ്ട സാഹചര്യങ്ങളുടെ ഇരയാകുകയില്ല, പിന്നെയോ നിങ്ങൾ നിങ്ങളുടെ സമയത്തിന്റെ യജമാനനായിത്തീരും. അത് നിങ്ങളുടെ ജോലിക്ക് ഏറിയ ഫലപ്രദത്വം മാത്രമല്ല ഏറിയ സന്തോഷവും കൈവരുത്തും. (g87 12/8)
[19-ാം പേജിലെ ചതുരം]
സമയം ലാഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
1. ജീവിതത്തിൽ വ്യക്തമായ മൂല്യങ്ങളും ലാക്കുകളും ഉണ്ടായിരിക്കുക. ദൈനംദിന മുൻഗണനകൾ വയ്ക്കുന്നതിലുള്ള താക്കോൽ ഇതാണ്.
2. ഏകാഗ്രത ആവശ്യമായ ജോലികൾ നിങ്ങൾ ഏറ്റവും ജാഗരൂകനായിരിക്കുന്ന സമയത്ത് ചെയ്യുക.
3. ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്താൻ മിക്കവാറും സാദ്ധ്യതയുള്ളപ്പോൾ ഫോൺ കോളുകൾ നടത്തുക.
4. സാദ്ധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ ജോലികൾ ഏൽപ്പിക്കുക. അത് കൂടുതൽ കർത്തവ്യനിർവ്വഹണത്തിന് നിങ്ങളെ സ്വതന്ത്രനാക്കുന്നു, അതോടൊപ്പം അത് മറ്റുള്ളവർക്ക് പരിശീലനവും സാദ്ധ്യമാക്കിത്തീർക്കുന്നു.
5. കടലാസു ജോലികൾ ചെയ്യുമ്പോൾ അതിന് ‘തത്ക്കാല ഇരിപ്പിടം’ നൽകാതെ ഓരോ തുണ്ടു കടലാസ്സും ഒരിക്കൽ മാത്രം കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
6. മറ്റുള്ളവരും ഒത്തുള്ള യോഗങ്ങളിൽ ഒരു അജണ്ടയോട് (ഇനവിവരപ്പട്ടിക) പറ്റി നിൽക്കുക. ആരംഭത്തിനും അവസാനത്തിനും നിർദ്ദിഷ്ട സമയം ഉണ്ടായിരിക്കട്ടെ.
7. ആവശ്യമായ പണിയായുധങ്ങൾ വളരെ സമീപം കരുതിക്കൊണ്ട് നിങ്ങളുടെ പണിസ്ഥലം ക്രമീകരിക്കുക.
8. നിങ്ങളുടെ വഴിക്കുവരുന്ന ഓരോ സാമൂഹ്യക്ഷണവും സ്വീകരിക്കാൻ കടപ്പെട്ടവനാണ് നിങ്ങൾ എന്ന് കരുതരുത്. നയപൂർവം ഇല്ല എന്നു പറയാൻ പഠിക്കുക.
9. വാങ്ങുന്നതിനും പായ്ക്കു ചെയ്യുന്നതിനും ഉള്ള ഇനങ്ങളുടെ പട്ടികകൾ ആവർത്തിച്ച് പുതുക്കി എഴുതുന്നതിനു പകരം സാദ്ധ്യമാകുവോളം സ്ഥിരമായ മാതൃകാപട്ടികകൾ ഉണ്ടാക്കുക.
10. നിങ്ങൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയത്തക്കവണ്ണം വേണ്ടത്ര വിശ്രമവും വിനോദവും ആസ്വദിക്കുക.
11. കാര്യങ്ങളുടെ പൂർത്തീകരണത്തിന് നിശ്ചിത അവധികൾ വയ്ക്കുക.
12. കാലവിളംബം വരുത്താതിരിക്കുക.
13. ഭീമായ ജോലികളെ ചെറുജോലികളായി വിഭജിക്കുക.
14. പൂർണ്ണതാവാദി ആയിരിക്കരുത്. വാസ്തവത്തിൽ എന്തു പ്രധാനം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
15. കാത്തുനിൽക്കുന്ന വേളകളെ നന്നായി ഉപയോഗിക്കുക. ഒരു കത്തെഴുതുകയോ, വായിക്കുകയോ, മറ്റെന്തെങ്കിലും സുപ്രധാനമായ ജോലി നിറവേറ്റുകയോ ചെയ്യുക.
16. നിങ്ങൾ തെരഞ്ഞെടുക്കാത്ത ജോലികളിൽ സമയം ചെലവിടാനുള്ള സന്ദർഭങ്ങൾ ഉണ്ടാകും എന്ന് തിരിച്ചറിയുക. അവയെപ്രതി ആവലാതിപൂണ്ട് സമയം പാഴാക്കാതിരിക്കുക. പകരം അത് നിറവേറ്റാൻ പ്രവർത്തിക്കുക.
[17-ാം പേജിലെ ചിത്രം]
ചെയ്യേണ്ടതായ കാര്യങ്ങളുടെ ഒരു മുൻഗണനാപട്ടിക തയ്യാറാക്കുന്നത് സഹായകമാണെന്ന് അനേകർ കണ്ടെത്തുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
വ്യക്തിപരമായ സംവിധാനത്തിനും മുൻഗണനകൾ വയ്ക്കലിനും ലോകത്തിലെ മാറ്റങ്ങളെല്ലാം വരുത്താൻ കഴിയുന്നു