ജീവിതം ത്രാസ്സിൽ
സ്പെയിനിലെ “ഉണരുക!” ലേഖകൻ
പട്ടികപ്രകാരം ഇറങ്ങാൻ ഞങ്ങൾ വട്ടമിട്ടുപറക്കവേ പരിചിതമായ സ്ഥാനം കാണാനേയില്ല. റൺവേ പറഞ്ഞുബോദ്ധ്യപ്പെടുത്താൻ സാദ്ധ്യമല്ലാത്ത വിധം തകർന്നുപോയിരിക്കുന്നു, യാത്രക്കാർക്കുവേണ്ടിയുള്ള സേവനങ്ങൾ പൊളിച്ചുമാററിയിരിക്കുന്നു. വികൃതമായ ഒരു ഭൂപ്രദേശംമാത്രമാണ് അടുത്തടുത്തു വരുന്നത്. ഞങ്ങളുടെ ജീവൻ ത്രാസ്സിൽ തൂങ്ങുകയായിരുന്നു!
ദേശാടനം നടത്തുന്ന അനേകം പക്ഷികൾ അവയുടെ ശീതകാലവസതികളിലേക്കു വരുമ്പോൾ അവയുടെ ശോകാത്മകമായ സാഹചര്യമിതാണ്. നുററാണ്ടുകളായി അവയുടെ പരമ്പരാഗത സങ്കേതമായ നനവുള്ള പ്രദേശങ്ങൾ നഗരപരമോ കാർഷികമോ ആയ വികസനത്തിനുവേണ്ടി നിരന്തരം നശിപ്പിക്കപ്പെടുകയാണ്. മിക്കപ്പോഴും വിലയില്ലാത്ത പാഴ്നിലങ്ങളായി കരുതപ്പെടുന്നതിനാൽ ആയിരക്കണക്കിന് ജീവികളുടെ ഈ സ്വാഭാവിക വാസസ്ഥലങ്ങൾ ഭൂമുഖത്തുനിന്ന് പെട്ടെന്ന് അപ്രത്യക്ഷപ്പെടുകയാണ്.
കോറ്റോ ഡൊനാനായിക്കു ഭീഷണി
അടുത്തകാലത്ത്, ദക്ഷിണ യൂറോപ്പിലെ അത്യന്തം വിസ്ത്രുതമായ ചതുപ്പുനിലങ്ങളിലൊന്നിന് അങ്ങനെ ഭീഷണിയുണ്ടായി. ആയിരക്കണക്കിന് ജലപക്ഷികളുടെ അതിജീവനം ത്രാസ്സിൽ തൂങ്ങുകയായിരുന്നു. തൽപ്പരരായ പ്രകൃതിശാസ്ത്രജ്ഞൻമാർ ഈ വിലയേറിയ വന്യമൃഗസംരക്ഷണകേന്ദ്രത്തെ രക്ഷിക്കാൻ പണത്തിനുവേണ്ടി അഭ്യർത്ഥിച്ചുകൊണ്ട് ഒരു ഡാനിഷ് നായാട്ടുക്ലബ്ബിന് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “മാന്യരേ, [സ്പെയിനിൽ] കോറേറാ തടാകങ്ങൾ അപ്രത്യക്ഷമാകാൻ അനുവദിക്കപ്പെടുകയാണെങ്കിൽ അഞ്ചു വർഷത്തിനുള്ളിൽ ഡൻമാർക്കിൽ താറാവുകൾ കാണുകയില്ല.”
പരാമർശിക്കപ്പെട്ട കോറേറാ സ്പെയിനിന്റെ തെക്കുപടിഞ്ഞാറേ കോണിലുള്ള കോറേറാ ഡൊനാനാ വന്യജീവിസംരക്ഷണകേന്ദ്രമായിരുന്നു. അതിന്റെ അതിരിങ്കലുള്ള ഗ്വാഡൽക്വിവിർ നദീതടത്തിലെ വിസ്തൃതമായ ചതുപ്പുപ്രദേശങ്ങൾ ഉൾപ്പെടെ ഈ സംരക്ഷണകേന്ദ്രം യൂറോപ്പിലെ ദേശാടനപ്പക്ഷികൾക്കുവേണ്ടിയുള്ള അതിപ്രധാനമായ മൂന്നോ നാലോ വിശ്രമസ്ഥലങ്ങളിലൊന്നായി തിരിച്ചറിയപ്പെടുന്നു. അത് 125 പക്ഷിജാതികൾക്കും നിരവധി സസ്തനങ്ങൾക്കും ഇഴജന്തുക്കൾക്കുമുള്ള ഭവനംകൂടെയാണ്.
ന്യൂയോർക്കിൽ 1962ൽ നടന്ന പക്ഷിശാസ്ത്രജ്ഞൻമാരുടെ ലോക കൗൺസിൽ മീററിംഗിൽ ഈ നിരീക്ഷണം ഉണ്ടായി: “ഗ്വാഡൽക്വിവീറിലെ ചതുപ്പുസ്ഥലങ്ങൾ യൂറോപ്പിൽ പിങ്ക് ഫെമ്ലിംഗോയുടെയും ചിലയിനം കൊററികളുടെയും തിട്ടമുള്ള സങ്കേതമാണ്; . . .വെള്ളത്തലയൻതാറാവ്, ഉച്ചിപ്പൂവുള്ള മുണ്ടി, നീലാരുണ ചതുപ്പുകോഴി എന്നിങ്ങനെയുള്ള അപൂർവവും മനോഹരങ്ങളുമായ പക്ഷികളും മററസംഖ്യം പക്ഷികളും പെരുകുന്ന ഒരു പ്രദേശമാണ്.”
രാജാക്കൻമാരുടെയും പ്രഭുക്കൻമാരുടെയും പദവിയുള്ളവർക്കുള്ള ഒരു നായാട്ടുസ്ഥലം എന്ന അതിന്റെ സ്ഥാനം നിമിത്തവും താരതമ്യേന ചെന്നെത്താനുള്ള പ്രയാസവും ഗുണക്കുറവുള്ള മണ്ണും നിമിത്തവും 270 ചതുരശ്രമൈൽ വരുന്ന പ്രദേശം നൂററാണ്ടുകളിൽ മനുഷ്യകൈയേററത്തിൽനിന്ന് രക്ഷപെട്ടുനിന്നിരുന്നു. എന്നിരുന്നാലും മലിനീകരണവും മണ്ണിട്ടുനികത്തലും നഗരവികസനവും സംരക്ഷണകേന്ദ്രത്തിന്റെ അസ്തിത്വത്തെ അപകടപ്പെടുത്തുകയായിരുന്നു.
കോറേറാ ഡൊനാനാ വിലക്കു വാങ്ങുന്നതിന് പണച്ചെലവു വഹിക്കാനുള്ള അന്താരാഷ്ട്ര പിന്തുണയുടെ ആവശ്യം 1961ൽ ലോക വന്യജീവിഫണ്ടിന്റെ സ്ഥാപനത്തെ പ്രേരിപ്പിച്ചു. ഈ അന്താരാഷ്ട്ര സ്ഥാപനത്തിന്റെ ആദ്യ നടപടി സ്പാനീഷ് ഗവൺമെൻറിനോടു സഹകരിച്ച് കോറേറാ ഡൊനാനായുടെ ഒരു ഭാഗം വാങ്ങുകയായിരുന്നു. സംരക്ഷണകേന്ദ്രത്തിന് താൽക്കാലികാശ്വാസം കൊടുക്കപ്പെട്ടു.
‘പരിസ്ഥിതീയ കുറ്റ്കൃത്യം’
ചതുപ്പുനിലങ്ങൾ പിന്നെയും മുഖ്യമായി സ്വകാര്യവ്യക്തികളുടേതായിരുന്നു. സമീപ കൃഷിസ്ഥലങ്ങളിൽനിന്നുള്ള മലിനീകരണത്തിന്റെ നിരന്തരഭീഷണിയുമുണ്ടായിരുന്നു. 1973ൽ അടുത്തുള്ള നെൽവയലുകളിൽ തളിച്ച ശക്തിയേറിയ ഒരു കീടനാശിനി ഏതാണ്ട് 40,000 ജലപക്ഷികളുടെ മരണത്തിനിടയാക്കി. “മനുഷ്യവർഗ്ഗത്തിന്റെ പരിസ്ഥിതീയ കുററകൃത്യത്തിന്റെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്ത” ഒരു വിപത്ത് എന്ന് അതിനെ ഒരു പ്രകൃതിശാസ്ത്രജ്ഞൻ വർണ്ണിക്കുകയുണ്ടായി. അർദ്ധവികസിത കടൽത്തീരങ്ങൾ വാങ്ങാൻ ഭൂവികസനമോഹികൾ ആഗ്രഹിച്ചു. ഈ പാർക്കിലൂടെത്തന്നെ ഒരു സമുദ്രതീര ഹൈവേ നിർമ്മിക്കാനുള്ള ഒരു പദ്ധതിയുമുണ്ടായിരുന്നു. ഇതിനിടയിൽ കാർഷികപദ്ധതികൾക്കുവേണ്ടി ചതുപ്പുനിലങ്ങൾ കർശനമായി വററിക്കുകയായിരുന്നു.
ഒടുവിൽ, 1978ൽ സ്പാനീഷ് ഗവൺമെൻറ് മുഴുപ്രദേശവും ദേശീയ പാർക്കായി പ്രഖ്യാപിച്ചു. മലിനീകരണം കർശനമായി നിയന്ത്രിക്കപ്പെട്ടു. ഹൈവേ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ചതുപ്പുനിലത്തെ സ്വാഭാവിക ജലനിരപ്പ് നിലനിർത്താൻ ഒരു ഹൈഡ്രോളിക്ക് പദ്ധതി സ്ഥാപിക്കപ്പെട്ടു. ഒരിക്കൽകൂടി സംരക്ഷണകേന്ദ്രത്തിന് തഴച്ചുവളരാൻ കഴിഞ്ഞു.
ഇപ്പോൾത്തന്നെ പ്രയോജനങ്ങൾ നിരീക്ഷിക്കാൻ കഴിയും. ഫെമ്ലിംഗോപോലെയുള്ള വിശിഷ്ട പക്ഷിജാലം വർദ്ധിക്കുകയാണ്. അതേ സമയം അപകടത്തിലായ മററു പ്രാണിജാലം കൂടുതലായ പുറകോട്ടുപോക്കിൽനിന്ന് സംരക്ഷിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. പാർക്ക് സന്ദർശിക്കുന്നവർക്ക് വന്യജീവികളെ ശല്യപ്പെടുത്താത്ത നിരീക്ഷണശാലകളിൽനിന്ന് അനേകം ജീവികളെ അവയുടെ സ്വാഭാവികവാസസ്ഥലങ്ങളിൽ കാണാൻ കഴിയും. അതേസമയം സംഘടിത വിനോദയാത്രകൾ മാനിന്റെയും കാട്ടുപന്നികളുടെയും കൂട്ടങ്ങൾ അവയുടെ അതിർത്തികളിൽ മേയുന്നത് നേരിട്ടുകാണാൻ പൊതുജനങ്ങളെ അനുവദിക്കുന്നു. എന്നാൽ പാർക്കിന്റെ ചില അസാധാരണ സവിശേഷതകളെ നമുക്ക് അടുത്തുനിന്ന് നോക്കാം.
ദേശാടനത്തിൽ പാർക്കിന്റെ റോൾ
സോവ്യററ് യൂണിയനിൽനിന്നും സ്കാൻഡിനേവിയായിൽനിന്നും 40,000 ഹംസങ്ങളും 2,00,000ത്തോളം ഡക്കുകളും വരുന്നു. വടക്ക് ആർട്ടിക് വൃത്തത്തിൽനിന്നു പോലും അസംഖ്യം കൊക്കുകളും പ്രശാന്തമായ കടൽത്തീരങ്ങളിൽ ശീതകാലം കഴിച്ചുകൂട്ടുന്നു. ശീതകാല സന്ദർശകർ വസന്തത്തിൽ വിട്ടുപോകുന്നു. ആഫ്രിക്കയിൽനിന്ന് സ്പൂൺബില്ലുകളും കൊററികളും പരുന്തുകളും മററു നിരവധി പക്ഷികളും വരുന്നു. അവ വേനൽമാസങ്ങളിൽ ഇവിടെ പെരുകുന്നു.
മററനേകം വർഗ്ഗങ്ങൾ വിദൂര രാജ്യങ്ങളിലേക്കു ദേശാടനംചെയ്യുമ്പോൾ ഈ പാർക്കിൽ വിശ്രമിക്കുന്നതിനും തീററി തിന്നുന്നതിനും ഇറങ്ങുന്നു. ആഗസ്ററിൽ നൂറു കണക്കിന് കൊക്കുകൾ ആഫ്രിക്കയിലേക്കു പോകുമ്പോൾ ജിബ്രാൾട്ടർ കടലിടുക്ക് കുറുകെ കടക്കുന്നതിനുമുമ്പ് ഇവിടെ സമ്മേളിക്കുന്നു. അനേകം ഇരപക്ഷികളെ സംബന്ധിച്ചും ഇതു സത്യമാണ്, ഏററവും കുറഞ്ഞ അദ്ധ്വാനത്തോടെ ഉയർന്നു പറക്കാൻ സഹായിക്കുന്ന ഉഷ്ണവായൂപ്രവാഹത്തിന്റെ അഭാവം നിമിത്തം അവക്ക് കടലിൻമീതെ ദീർഘദൂരം പറക്കാൻ കഴികയില്ല.
എന്നിരുന്നാലും, പാർക്കിലേക്കു വരുന്ന എല്ലാ സന്ദർശകരുടെയും താൽപ്പര്യവും ആദരവും ഉണർത്തുന്ന ഒരു സ്ഥിരവാസിയുണ്ട്—ഇംപീരിയൽ ഈഗിൾ.
ഇംപീരിയൽ ഈഗിൾ
ഈ നൂററാണ്ടിൽ, ഇംപീരിയൽ ഈഗിളിന്റെ എണ്ണം അവയുടെ നിയന്ത്രിത വാസസ്ഥലത്തെല്ലാം പരിഭ്രമജനകമാംവിധം കുറഞ്ഞിരിക്കുന്നു. മുട്ടശേഖരണക്കാർ നിർദ്ദയം കൂടുകളിൽ കവർച്ചനടത്തി. പ്രദർശനശാലകളിൽ ട്രോഫികളായി കൊടുക്കുന്നതിന് ചിലർ വളർന്ന പക്ഷികളെ വേട്ടയാടി അല്ലെങ്കിൽ, വേട്ടക്കാർ കൊതിക്കുന്ന മൃഗങ്ങളെ കഴുകൻ ശൂന്യമാക്കുന്നുവെന്ന തെററായ വിശ്വാസത്തിൽ അങ്ങനെ ചെയ്തു. കിഴക്കൻ ഇംപീരിയൽ ഈഗിളിൽനിന്ന് ചില വിധങ്ങളിൽ വ്യത്യസ്തമായ സ്പാനീഷ് ജാതി ശുഷ്ക്കിപ്പിക്കപ്പെട്ടു. 1970കളിൽ സ്പെയിനിൽ 30 ജോഡികൾ മാത്രമേ അതിജീവിച്ചുള്ളു . മമനുഷ്യന്റെ കാർക്കശ്യത്താൽ നിർമ്മൂലമാക്കപ്പെട്ട പക്ഷികളുടെ ലിസ്ററിൽ മറെറാരു വർഗ്ഗംകൂടെ ചേരുന്നത് അനിവാര്യമാണെന്നു തോന്നി.
എന്നിരുന്നാലും, പാർക്കിലെ പ്രകൃതിശാസ്ത്രജ്ഞൻമാർ ഈ കഴുകനുവേണ്ടി നടത്തിയ ബോധപൂർവകമായ ശ്രമങ്ങൾ ഇപ്പോൾത്തന്നെ ക്രിയാത്മകമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു. ഇപ്പോൾ പാർക്കിൽ കൂടുകെട്ടുന്ന 14 ജോഡികൾ ഉണ്ട്. ഓരോ ജോഡിക്കും ആവശ്യമായ 19 ചതുരശ്രമൈലിന്റെ വലിയ പ്രദേശം നിമിത്തം അവിടെ വളർത്താവുന്ന ഏററവും കൂടിയ എണ്ണം ഇതാണ്. ഓരോ കൂടും ശ്രദ്ധാപൂർവം പരിശോധിക്കപ്പെടുന്നു. ഒരു കൂട്ടിൽ മൂന്നു മുട്ടകളും മറെറാന്നിൽ ഒന്നും കാണപ്പെട്ടാൽ ഓരോന്നിലും രണ്ടുവീതം ഉണ്ടായിരിക്കാൻ ഒന്ന് ശ്രദ്ധാപൂർവം മാററപ്പെടുന്നു. ഒരു സമയത്ത് വിജയകരമായി രണ്ടു കുഞ്ഞുങ്ങളിലധികം വളർത്താൻ ഇംപീരിയൽ കഴുകന് കഴിവില്ല.
കഴുകൻമാരും പരുന്തുകളും ആകാശത്തുയരുന്നത് കാണുന്നതും ഡൊനാനായിലെ തടാകങ്ങളിലെ നീലജലത്തിൽ ആയിരക്കണക്കിന് ഫെമ്ലിംഗോകൾ മനോജ്ഞമായി തുടിക്കുന്നതു കാണുന്നതും കാട്ടുപന്നികൾ പൈൻമരങ്ങൾക്കു കീഴിൽ തുള്ളിച്ചാടുന്നതു നേരിൽ കാണുന്നതും യഹോവയുടെ സൃഷ്ടിയുടെ അനുപമമായ വൈവിധ്യവും ഭംഗിയും ഗ്രഹിക്കുന്നതുതന്നെയാണ്. ജനസാന്ദ്രതയേറിയ യൂറോപ്പിൽ തീർച്ചയായും അങ്ങനെയുള്ള സ്ഥലങ്ങൾ അപൂർവമാണ്, അവയുടെ അതിജീവനത്തിനാവശ്യമായ ശ്രമകരമായ ജാഗ്രത വളരെയേറെ അർഹിക്കുകയുംചെയ്യുന്നു.
ഹംസങ്ങളും ഡക്കുകളും ശരൽക്കാലത്തും കൊക്കുകൾ ജനുവരിയിലും സ്പൂൺബില്ലുകളും കൊററികളും പരുന്തുകളും വസന്തത്തിലും വന്നെത്തുമ്പോൾ സംരക്ഷിതമായ ഒരു അഭയസ്ഥലമാണ് അവയെ കാത്തിരിക്കുന്നത്. അവിടെ അവക്ക് വിശ്രമിക്കാനും ശീതകാലം കഴിച്ചുകൂട്ടാനും വംശവർദ്ധന നടത്താനും കഴിയും. ഇവിടെ സകല വൈവിദ്ധ്യങ്ങളോടുംകൂടിയ ജീവിതം സമൃദ്ധമാണ്. ഒരിക്കൽ ത്രാസ്സിൽ തൂങ്ങുകയായിരുന്ന ജീവിതം ഈ സ്വാഭാവിക പറുദീസയിലെങ്കിലും തഴച്ചുവളരാൻ അനുവദിക്കപ്പെടുന്നതിൽ 3,00,000 വാർഷികസന്ദർശകർ നന്ദിയുള്ളവരാണെന്നുള്ളതിന് സംശയമില്ല. (g88 7/8)
[16-ാം പേജിലെ ചിത്രം]
Red-crested pochard
[കടപ്പാട്]
J. L. González/INCAFO, S. A.
[17-ാം പേജിലെ ചിത്രങ്ങൾ]
സ്പൂൺബില്ലകൾ
[കടപ്പാട്]
A. Camoyán/INCAFO, S. A.
നീലാരുണ ചതുപ്പുകോഴി
[കടപ്പാട്]
A. Camoyán/INCAFO, S. A.
[18-ാം പേജിലെ ചിത്രം]
ഇംപീരിയൽ ഈഗിൾ കഠിനവെയിലിൽനിന്ന് അതിന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നു
[കടപ്പാട്]
J. A. Fernández/INCAFO, S. A.