വ്യത്യസ്തമായ ഒരു ഉദ്യാനം
കാനഡയിലെ ഉണരുക! ലേഖകൻ
മലയിടുക്കിന്റെ മുകളിൽ നിന്നുകൊണ്ട് താഴ്വാരത്തിലേക്കു നോക്കുമ്പോൾ കാണുന്ന പ്രകൃതിവിലാസം—നിമ്നോന്നത കുന്നുകളും ചെങ്കുത്തായ മലയിടുക്കുകളും—നിങ്ങളെ ഭയാകുലനാക്കുന്നു. നോക്കെത്താ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന പുൽത്തകിടികൾ. നിങ്ങളെ തഴുകി കടന്നുപോയ ഇളംതെന്നലിന് കർപ്പൂര തുളസിയുടെ സൗരഭ്യം. അതേ, ആ പുൽക്കാടിന്റെ സൗരഭ്യമാണത്.
അതിശയകരമെന്നു പറയട്ടെ, വെറും ഇരുന്നൂറു വർഷം മുമ്പ് നിങ്ങൾ കാനഡയുടെ വൻ പുൽപ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നെങ്കിൽ അന്തവും അറുതിയും ഇല്ലാത്ത ഒരു ദൃശ്യത്തിനു സാക്ഷ്യം വഹിക്കുമായിരുന്നു.—ആ പ്രദേശത്തെ കരിമ്പടം പുതപ്പിച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുമാറ് കാട്ടുപോത്തുകളുടെ അസംഖ്യം കൂട്ടങ്ങൾ. ദശലക്ഷക്കണക്കിനു പോന്ന അവയുടെ കുളമ്പടി ശബ്ദം ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ആഫ്രിക്കയിലെ വിഖ്യാതമായ മൃഗ ദേശാടനങ്ങളെ പോലും വെല്ലുവിളിക്കാൻ പോന്നതായിരുന്നു ഈ വൻ പുൽക്കാടുകളിൽ വിഹരിച്ചിരുന്ന കാട്ടുപോത്തുകളുടെ സംഖ്യ.
കാട്ടുപോത്തുകൾ അതിലൂടെ വിഹരിച്ചിരുന്നു എന്നതിന്റെ ഏക തെളിവാണ് അവയുടെ ശരീരങ്ങൾ ഉരസിയിരുന്ന കല്ലുകൾ. ആയിരക്കണക്കിനു കാട്ടുപോത്തുകൾ ചൊറിച്ചിലുള്ള ചർമം ഉരസിയിരുന്നതിന്റെ ഫലമായി ആ കല്ലുകൾ മിനുസമായി. കൂടാതെ, ആ കല്ലുകൾക്കു ചുറ്റും അവ ചവിട്ടിയതിന്റെ അടയാളമായി കുഴികളും കാണാവുന്നതാണ്. നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നത് ശക്തമായ പടിഞ്ഞാറൻ കാറ്റല്ല. മറിച്ച്, നിങ്ങൾക്കു ചുറ്റുമുള്ള, സൃഷ്ടിയിലെ അനുഭൂതി പകരുന്ന ഗംഭീര ദൃശ്യമാണ്. അതു നിങ്ങളെ വികാരഭരിതരാക്കുന്നു. നിങ്ങൾ എവിടെയാണ്? വ്യത്യസ്തമായ ഒരു ഉദ്യാനത്തിൽ.
വ്യത്യസ്തമായ ഒരു ഉദ്യാനം
കാനഡയിലെ തെക്കുപടിഞ്ഞാറൻ സസ്കാച്ചെവനിലുള്ള ഗ്രാസ്ലാൻഡ്സ് നാഷണൽ പാർക്കിലേക്കു സ്വാഗതം. വടക്കേ അമേരിക്കയിൽ സമ്മിശ്ര പുൽക്കാടുകൾക്കു യാതൊരു ശല്യവുമില്ലാതെ വളരാൻ നീക്കിവെച്ചിട്ടുള്ള ഏക പാർക്കാണ് അത്. ആ പാർക്കിനെ രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കു ഭാഗവും പടിഞ്ഞാറു ഭാഗവും. അവ തമ്മിൽ 22.5 കിലോമീറ്റർ അകലമുണ്ട്. മൊത്തം 900 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അതു വ്യാപിച്ചു കിടക്കുന്നു.
ഇത് നിരപ്പില്ലാത്ത പ്രദേശമാണ്, വെല്ലുവിളി നിറഞ്ഞ നിരവധി പ്രതിബന്ധങ്ങളും തരണം ചെയ്യേണ്ടതുണ്ട്. നടന്നോ കുതിരപ്പുറത്തോ പര്യടനം നടത്തുന്നതാണ് ഉത്തമം. നക്ഷത്ര നിബിഡമായ നഭസ്സിൻകീഴെ പല രാത്രങ്ങൾ തലചായ്ക്കാൻ സാഹസികരായവർക്കേ സാധിക്കൂ. എന്താണെങ്കിലും, വേണ്ടത്ര വെള്ളവും മറ്റ് അത്യാവശ്യ വസ്തുക്കളും കൂടെ കരുതണം. (“പാർക്ക് പര്യടനം” എന്ന ചതുരം കാണുക.) പാർക്കിലൂടെയുള്ള യാത്രയിൽ ആധുനിക കെട്ടിടങ്ങളോ നിരപ്പാക്കിയ, ചരൽ പാകിയ വീഥികളോ വൈദ്യുത കമ്പികളോ ചപ്പുചവറു കുഴിച്ചുമൂടാനുള്ള സ്ഥലമോ പാർക്കിങ് സ്ഥലമോ കാണാനുണ്ടാവില്ല. വേറൊരു മനുഷ്യനെപോലും കണ്ടെന്നു വരില്ല. തീർച്ചയായും, അത് വ്യത്യസ്തമായ ഒരു ഉദ്യാനം തന്നെ! പാർക്കിൽ പ്രവേശിച്ചു കഴിഞ്ഞാൽപ്പിന്നെ അനുപമ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ലോകമാണു മുന്നിൽ.
വടക്കേ അമേരിക്കയിലെ വൻ സമതലപ്രദേശങ്ങൾ ആവാസ വ്യവസ്ഥയുടെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ മാറ്റം വരുത്തപ്പെട്ട പ്രദേശങ്ങളിലൊന്നാണ്. ഏതാണ്ട് ഇരുന്നൂറു വർഷം മുമ്പ് ഇത് 100 ശതമാനവും അധിവാസയോഗ്യമല്ലാത്ത, ആൾപാർപ്പില്ലാത്ത പ്രദേശമായിരുന്നു. ഇന്ന് കാനഡയിലെ സമ്മിശ്ര പുൽക്കാടിന്റെ ഏതാണ്ട് 25 ശതമാനമേ ആ സ്ഥിതിയിലുള്ളൂ. 1830-കളിലാണ് ഈ പുൽക്കാടിനെ പാർക്കാക്കി മാറ്റി സംരക്ഷിക്കുക എന്ന ആശയം ഉദിച്ചത്. നൂറിലധികം വർഷത്തിനു ശേഷം, 1957-ൽ ഒരു നാഷണൽ പാർക്കിനു രൂപം നൽകുന്നതിനുവേണ്ടി സസ്കാച്ചെവൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു.
എന്നാൽ 1988-ലാണ് ഒരു ഫെഡറൽ പ്രവിശ്യാ കരാറിൻ പ്രകാരം ഗ്രാസ്ലാൻഡ് നാഷണൽ പാർക്ക് രൂപംകൊണ്ടത്. ഈ പാർക്കും കാനഡയുടെ പുൽക്കാടുകളിലുള്ള മറ്റു പാർക്കുകളും ഇപ്പോൾ കാനഡയുടെ ഔദ്യോഗിക ലിസ്റ്റിലുള്ള വംശനാശ ഭീഷണി നേരിടുന്ന 22 തരം സസ്യങ്ങളെയും സസ്തനികളെയും പക്ഷികളെയും സംരക്ഷിക്കുന്നു. അതിനുപുറമേ, ലോകത്തിൽ വേറൊരിടത്തും കാണാത്ത ജീവജാലങ്ങളിൽ ചിലതും അവിടെ പരിരക്ഷിക്കപ്പെടുന്നുണ്ട്.
കഠിനമായ കാലാവസ്ഥയാണു ഗ്രാസ്ലാൻഡ് പാർക്കിലേത്. ഭൂഖണ്ഡ മധ്യത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ഏതെങ്കിലും സമുദ്രത്തിന്റെ മിതവത്കരണ പ്രഭാവം അതിനു ഫലം ചെയ്യുന്നില്ല. തന്മൂലം, ശൈത്യകാലത്ത് താപനില -50 ഡിഗ്രി സെൽഷ്യസ് വരെയും വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസിലധികവും ആകുന്നതു സാധാരണമാണ്. മഴയുടെ അഭാവവും തുടർച്ചയായുള്ള കാറ്റും നിമിത്തം കാലാവസ്ഥ അസഹനീയമാണ്.
പ്രഥമദൃഷ്ട്യാ കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടെ ധാരാളം വന്യജീവികളുണ്ട്. ക്ഷമയും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ ഉദയാസ്തമയ നേരങ്ങളിൽ മാൻ, കൊയോട്ടകൾ, ബോബ് കാട്ടുപൂച്ചകൾ, ജാക്ക് മുയലുകൾ, സേജ് കുളക്കോഴികൾ, കിലുക്ക പാമ്പുകൾ, ബറോയിങ് മൂങ്ങകൾ, തവിട്ടു നിറത്തിലുള്ള പ്രാപ്പിടിയൻ പക്ഷികൾ, സ്വർണ കഴുകന്മാർ, കൂർത്തകൊമ്പുള്ള വിദേശ മാനുകൾ (അതു വടക്കേ അമേരിക്കയിലെ ഒരുപക്ഷേ ഏറ്റവും വേഗതയും വലിപ്പവുമേറിയ മൃഗമായി വർണിക്കപ്പെടുന്നു) എന്നിവയുടെയോ പുൽക്കാട്ടിലെ കരിവാലൻ നായ് കൂട്ടത്തിന്റെയോ ഫോട്ടോ എടുക്കാൻ സാധിക്കും. ഈ പ്രദേശത്തു മാത്രമുള്ള വേറെയും ഒട്ടേറെ പക്ഷികളെയും സസ്യങ്ങളെയും നിങ്ങൾക്കു കാണാൻ സാധിക്കും.
പ്രദേശത്തിന്റെ നിറപ്പകിട്ടാർന്ന ചരിത്രം
അനുപമമായ ഈ പാർക്കു സന്ദർശിക്കാൻ പരിപാടിയുണ്ടെങ്കിൽ ഈ പ്രദേശത്തെ കുറിച്ച് അൽപ്പസ്വൽപ്പം ഗവേഷണം നടത്തുന്നതു നന്നായിരിക്കും. ചരിത്രത്തിൽ അതിനു വലിയ സ്ഥാനമുള്ളതായി നിങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന്, ചരിത്ര പ്രസിദ്ധമായ നോർത്ത് വെസ്റ്റ് മൗണ്ടട് പൊലീസ് റെഡ് കോട്ട് ട്രെയിലിലേക്കുള്ള വഴിയെ കുറിക്കുന്ന അടയാളങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. 1874-ൽ അമേരിക്കൻ ഇൻഡ്യക്കാർക്കും വെള്ളക്കാർക്കും ഇടയിലെ സംഘർഷാവസ്ഥയെ കുറിച്ചുള്ള കിംവദന്തി കേട്ട് കാനഡ ഗവൺമെന്റ് ക്രമസമാധാന നില സ്ഥാപിക്കാൻ മുന്നൂറു പേരടങ്ങുന്ന അശ്വഭടന്മാരുടെ ഒരു സംഘത്തെ പടിഞ്ഞാറോട്ട് അയച്ചു. കാനഡയുടെ പടിഞ്ഞാറു ഭാഗം ഐക്യനാടുകൾ കയ്യടക്കാൻ പോകുകയാണെന്ന അനേകരുടെ ഭയത്തെയും അതു ദൂരീകരിച്ചു. ചെമപ്പു നിറത്തിലുള്ള പട്ടാളക്കുപ്പായം അണിഞ്ഞ് സുസജ്ജമാക്കിയ കുതിരപ്പുറത്തേറി ആ ഭടന്മാർ മതിപ്പുളവാക്കുന്ന പ്രതിച്ഛായ സൃഷ്ടിച്ചു. തന്മൂലം, ഇന്നോളം ആ പാത റെഡ് കോട്ട് ഹൈവേ എന്നാണ് അറിയപ്പെടുന്നത്.
രസകരമെന്നു പറയട്ടെ, 1878-ൽ ഈ പ്രദേശം, ആളുകൾ അങ്ങേയറ്റം ഭയപ്പെട്ടിരുന്ന ഒരു ഇൻഡ്യൻ യോദ്ധാവിന്റെ—സൂ വർഗക്കാരനായ സിറ്റിങ് ബുൾ എന്ന മഹാനായ വ്യക്തിയുടെ—വാസസ്ഥാനമായി. ലിറ്റിൽ ബിഗ്ഹോണിൽവെച്ച് കസ്റ്ററിന്റെ സൈന്യങ്ങളെ കീഴടക്കിയ ശേഷം സൂ വർഗക്കാരായ ആയിരക്കണക്കിന് അമേരിക്കൻ ഇൻഡ്യക്കാർ അമേരിക്കൻ കുതിരപ്പടയിൽ നിന്നു രക്ഷ നേടാൻ കാനഡയുടെ ഈ ഭാഗത്തേക്കു പലായനം ചെയ്തു.
കാല യവനികയ്ക്കു വളരെ പിന്നിലേക്കു ചെല്ലുന്ന, പുരാവസ്തുപരമായി ശ്രദ്ധേയമായിരിക്കുന്ന 1,800 സ്ഥലങ്ങൾ അവിടെ കണ്ടെത്താനാകും. നിരവധി പർവത സാനുക്കളിലും ഗിരിശൃംഗങ്ങളിലും പർവതശിഖരങ്ങളിലും വൃത്താകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന, ടീപ്പീ അല്ലെങ്കിൽ ടിപ്പി വലയങ്ങൾ എന്നു വിളിക്കപ്പെടുന്ന വലിയ പാറകൾ കാണാനാകും. കാട്ടുപോത്തിന്റെ ചർമം കൊണ്ടുണ്ടാക്കിയ ടീപ്പീകൾ (തമ്പുകൾ) കാറ്റത്തു പറന്നു പോകാതിരിക്കാൻ അവയുടെ അറ്റങ്ങൾ ഒരുകാലത്ത് ഈ പാറകളുമായി ബന്ധിച്ചിരുന്നു. സമതലപ്രദേശത്തു വസിച്ചിരുന്ന അമേരിക്കൻ ഇൻഡ്യക്കാർ പോത്തുകളെ കൊല്ലാൻ കൊണ്ടുപോയിരുന്ന സങ്കീർണമായ നിരവധി പാതകളും അവിടെയുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് ആ പ്രദേശം ഗ്രോവൻ, ക്രീ, അസ്സിനിബോയിൻ, ബ്ലാക്ക്ഫൂട്ട്, സൂ എന്നീ വർഗക്കാരുടെ വേട്ടസ്ഥലമായിരുന്നു.
പാർക്കിന്റെ പൂർവ ഭാഗത്ത്, കിൽഡീർ ബാഡ്ലാൻഡ് കുന്നുകളിലെ അങ്ങേയറ്റം ദ്രവിച്ചുപോയ ചെങ്കല്ലുകൾക്കിടയിൽ ദിനോസറുകളുടെ കാലങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി.
ചാരുതയാർന്ന പ്രകൃതിദൃശ്യങ്ങൾ
ഈ പ്രദേശത്തെ വൈവിധ്യ സമൃദ്ധമായ സസ്യ, ജന്തുജാലങ്ങളോ ഹൃദയഹാരിയായ അതിന്റെ ചരിത്രമോ നിങ്ങളെ വിസ്മയഭരിതർ ആക്കാൻ പര്യാപ്തമല്ലെങ്കിൽ ആ പ്രദേശത്തിന്റെ ചേതോഹരവും വിസ്മയാവഹവുമായ വിശാലത അക്കാര്യം നിർവഹിക്കും. കൂടാതെ, അസംഖ്യം പക്ഷി വർഗങ്ങളുടെ കളകൂജനവും കർപ്പൂര തുളസിയുടെ സൗരഭ്യവും തുടുവെയിൽ സ്പർശവും മന്ദമാരുതന്റെ തലോടലും അവിടത്തെ സവിശേഷതകളാണ്. കൊണ്ടുനടക്കാവുന്ന ഗ്യാസ് സ്റ്റൗവിൽ പാചകം ചെയ്ത ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ ഉതകുന്നതാണ് നിങ്ങളുടെ കണ്ണിനെ സദാ വിരുന്നൂട്ടുന്ന ചാരുതയാർന്ന പ്രകൃതിദൃശ്യങ്ങൾ. സർവോപരി, പാർക്കിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള റ്റൂ ട്രീസ് ഇന്റർപ്രെട്ടീവ് ട്രെയിലിൽ ആയിരിക്കുമ്പോൾ ചക്രവാളത്തെ നിർവിഘ്നം മൊത്തമായി വീക്ഷിക്കാൻ സാധിക്കും. ചിലപ്പോൾ ദൃശ്യമാകുന്ന പഞ്ഞിപോലുള്ള വെൺമേഘങ്ങൾ അനന്ത വിഹായസ്സിനെ മോടിപിടിപ്പിക്കുന്നു. അവയെ കണ്ടാൽ ഒഴുകി നടക്കുന്ന പർവതം പോലെ തോന്നിക്കും. വിസ്മയാവഹമായ പ്രകൃതിദൃശ്യങ്ങൾ നിങ്ങളിൽ ശക്തമായ സ്വാതന്ത്ര്യബോധം ജനിപ്പിക്കുന്നു. അതേസമയംതന്നെ, നിങ്ങൾ തീരെ നിസ്സാരനാണ് എന്ന തോന്നൽ ഉളവാക്കാനും നിങ്ങളെ വിസ്മയഭരിതരാക്കാനും അത് ഉതകുന്നു.
പുൽക്കാടുകളിൽ വന്നെത്തുമ്പോൾ നിങ്ങളുടെ കൺമുമ്പിൽ ഇതളഴിയുന്ന ദൃശ്യങ്ങൾ മാത്രമല്ല, നിങ്ങളിൽ ഉണരുന്ന അനുഭൂതിയും കണക്കിലെടുക്കേണ്ടതു പ്രധാനമാണ്. ഈ സ്ഥലത്തെ കുറിച്ചുള്ള നിങ്ങളുടെ അനുഭൂതിയാണു നിങ്ങളെ വ്യത്യസ്തമായ ഈ ഉദ്യാനത്തിലേക്കു വീണ്ടും ആകർഷിക്കുക. ഈ അനുഭവത്തിന്റെ ഫലമായി നിങ്ങൾ കൃതജ്ഞതാഭരിതരാകുന്നു. അവയുടെയെല്ലാം മഹാ സ്രഷ്ടാവായ യഹോവയ്ക്കുള്ള സ്തുതികൊണ്ട് നിങ്ങളുടെ അന്തരംഗം നിറഞ്ഞു കവിയും. ആറ്റുനോറ്റു കാത്തിരിക്കുന്ന നാൾ പെട്ടെന്നുതന്നെ വന്നെത്തും. അന്ന് മുഴു ഭൂമിയും പറുദീസയായി രൂപാന്തരപ്പെടുകയും അതിന്റെ പ്രകൃതി സൗന്ദര്യം എങ്ങും വഴിഞ്ഞൊഴുകുകയും ചെയ്യും.
[26-ാം പേജിലെ ചതുരം]
പാർക്ക് പര്യടനം
ഓർമിക്കേണ്ട കാര്യങ്ങൾ
1. പാർക്കിലെ ജീവനക്കാരുടെ പക്കൽ രജിസ്റ്റർ ചെയ്യുക. പാർക്കിൽ പ്രവേശിക്കുന്നതിനു മുമ്പ് വിവരങ്ങൾ ശേഖരിക്കുക.
2. വേണ്ടത്ര കുടിവെള്ളം കൂടെ കരുതുക. പാർക്ക് ഇൻഫർമേഷൻ സെന്ററിലേ കുടിവെള്ളം ലഭ്യമാകൂ.
3. തൊപ്പിയും ഉറപ്പുള്ള, കാലിനിണങ്ങുന്ന, ഷൂസും ഉപയോഗിക്കുക. കണങ്കാലുകൾ മറയ്ക്കുന്ന ഷൂസുകൾ, കുത്തിത്തുളയ്ക്കുന്ന മുള്ളുകളിൽ നിന്നു സംരക്ഷണം നൽകും.
4. ഉയരം കൂടിയ പുല്ലുകൾക്കും കുറ്റിച്ചെടികൾക്കും ഇടയിലൂടെ നടക്കുമ്പോൾ അവ വകഞ്ഞു മാറ്റാൻ ഒരു വടി കയ്യിൽ പിടിക്കുക.
5. ക്യാമറയോ ബൈനോക്കുലറോ ഉണ്ടെങ്കിൽ കൂടെ കരുതുക. സൂര്യോദയവും അസ്തമയവുമാണു മൃഗങ്ങളെ നിരീക്ഷിക്കാൻ പറ്റിയ സമയം.
മുന്നറിയിപ്പുകൾ: കാണാൻ പറ്റാത്ത സ്ഥലങ്ങളിൽ പിടിക്കുകയോ കാൽ വെക്കുകയോ ചെയ്യാതിരിക്കുക. അളമുട്ടിയാൽ അല്ലെങ്കിൽ ഭ്രമിച്ചുപോയാൽ കിലുക്ക പാമ്പുകൾ കൊത്തിയേക്കാം. നാഷണൽ പാർക്കിൽ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ വേട്ടയാടുകയോ ചെയ്യുന്നതു നിയമ വിരുദ്ധമാണ്.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Parks Canada