നിങ്ങൾ തെരഞ്ഞെടുക്കുന്നുവോ അതോ നിങ്ങൾക്കുവേണ്ടി മററള്ളവർ തെരഞ്ഞെടുക്കാൻ അനുവദിക്കുന്നുവോ?
പെഡ്രോയിക്ക് എട്ടു വയസ്സാകുന്നതുവരെ അവൻ മമനുഷ്യന്റെ സ്രഷ്ടാവും ഭൂമിയുടെ നിർമ്മാതാവും എന്നു സങ്കൽപ്പിക്കപ്പെട്ട മലീവായെ ആരാധിച്ചിരുന്നു. സകല തിൻമയുടെയും രോഗത്തിന്റെയും മുന്നോടിയെന്നു പറയപ്പെട്ട യോളുജായെ അവനു ഭയമായിരുന്നു. അധോലോക ദേവതയെന്നു കുററപ്പെടുത്തപ്പെട്ടിരുന്ന പുലോവിയുടെ ദുഷ്ടബുദ്ധിയോടുകൂടിയ പദ്ധതികളെ ഒഴിവാക്കാൻ അവൻ ശ്രമിച്ചു.
പെഡ്രോ വെനസ്വേലയിലെ അനേകം ഇൻഡ്യൻ ഗോത്രങ്ങളിലൊന്നായ ഒരു ഗ്വാജിറോ ആയിരുന്നു. അവൻ ഒരു കത്തോലിക്കനായി സ്നാപനമേൽക്കാൻ സ്ഥലത്തെ സ്കൂൾററീച്ചർ ക്രമീകരിക്കുന്നതുവരെ അവൻ തന്റെ പൂർവികരുടെ പാരമ്പര്യമതം അനുസരിച്ചുപോന്നു.
“ആരും എന്നോട് ആലോചിച്ചില്ല, എന്റെ പുതിയ മതത്തെക്കുറിച്ച് എനിക്ക് യാതൊന്നും അറിയാൻ പാടില്ലായിരുന്നു,” പെഡ്രോ വിശദീകരിച്ചു. “എന്നാൽ ഈ പുതിയ വിശ്വാസം സ്വീകരിക്കുന്നത് പ്രയാസമായിരിക്കുകയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു, അത് എന്റെ അനുദിന നടത്തയിൽ യാതൊരു ഗണ്യമായ മാററവും ആവശ്യപ്പെട്ടില്ല. ഡിസംബറിൽ ഒരു സമയത്ത് ഞാൻ എല്ലായ്പ്പോഴും കുറുബാനക്ക് പോയിരുന്നതുകൊണ്ട് ഞാൻ എന്റെ പുതിയ മതത്തോടു വിശ്വസ്തനായിരുന്നു.”
രണ്ടു വ്യത്യസ്ത മതങ്ങളിൽ ഉൾപ്പെട്ടിരുന്നെങ്കിലും രണ്ടു കേസുകളിലും പെഡ്രോ ബോധപൂർവകമായ ഒരു തെരഞ്ഞെടുപ്പു നടത്തിയിരുന്നില്ല. മററുള്ളവർ അവനുവേണ്ടി തെരഞ്ഞെടുത്തിരുന്നു. നൂററാണ്ടുകളിൽ അവന്റെ അനുഭവം അസംഖ്യം പ്രാവശ്യം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഇന്നു ജീവിച്ചിരിക്കുന്ന അഞ്ഞൂറുകോടിയാളുകളിൽ താരതമ്യേന ചുരുക്കംപേരേ മതത്തിന്റെ കാര്യത്തിൽ മനഃപൂർവമായ ഒരു തെരഞ്ഞെടുപ്പു നടത്തിയിട്ടുള്ളു. ഭൂരിപക്ഷത്തിന്റെയും മതം, അവരുടെ ആകാരവും അവരുടെ ലക്ഷണങ്ങളും അല്ലെങ്കിൽ അവർ ജീവിക്കുന്ന വീടും പോലെ ഏറെയും അവകാശപ്പെടുത്തിയതാണ്.
അവർ സ്വന്തം തെരഞ്ഞെടുപ്പു നടത്തി
എന്നാൽ നാം അവകാശപ്പെടുത്തുന്നത് എല്ലായ്പ്പോഴും നല്ലതാണോ? നാം നമ്മുടെ ചമയം നമ്മാൽ കഴിയുന്നതുപോലെ മെച്ചപ്പെടുത്താൻ ശ്രമിച്ചേക്കാം. നമ്മുടെ മാതാപിതാക്കൾ നമുക്കു വിട്ടുതന്നിരിക്കാവുന്ന വീട് മെച്ചപ്പെടുത്താൻ നാം കഠിനയത്നം ചെയ്തേക്കാം. നാം അവകാശപ്പെടുത്തിയിരിക്കുന്ന അനഭിലഷണീയ സ്വഭാവവിശേഷങ്ങൾ തരണംചെയ്യാൻ നാം പോരാടുകപോലും ചെയ്തേക്കാം.
ഈ കാരണത്താൽ, ഭൂമിയിലെല്ലാം തങ്ങളുടെ പൂർവപിതാക്കളിൽനിന്ന് അവകാശപ്പെടുത്തിയ മതത്തെ രണ്ടാമതൊന്നു വീക്ഷിക്കുന്ന ചിലരുണ്ട്. ചോദ്യംചെയ്യാതെ പുലർത്തിപ്പോരേണ്ട ഒരു കുടുംബപാരമ്പര്യത്തിന്റെ നിരസനമായി ഇതിനെ പരിഗണിക്കുന്നതിനു പകരം അവരുടെ ആത്മീയ വാഞ്ഛ മെച്ചമായ ഒന്ന് അന്വേഷിക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നു. ഹിറോക്കോയുടെ കാര്യത്തിൽ ഇതായിരുന്നു വാസ്തവം. അവളുടെ പിതാവ് ജപ്പാനിലെ മയോക്യോ ക്ഷേത്രത്തിലെ ഒരു ബൗദ്ധപുരോഹിതനായിരുന്നു.
“ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ ശീതകാലത്തെ അതിശൈത്യമുള്ള രാത്രികളിൽ ഞാൻ ഞങ്ങളുടെ ഗ്രാമത്തിലെ മഞ്ഞുനിറഞ്ഞ തെരുവുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു,” ഹിറോക്കോ വിശദീകരിക്കുന്നു. “അപ്പൻ ഒരു തമ്പേറടിച്ചുകൊണ്ടും സൂത്രങ്ങൾ ഉരുവിട്ടുകൊണ്ടും മുമ്പിൽ നടക്കും. ഇളംപ്രായത്തിൽതന്നെ ആത്മ പരിത്യാഗചടങ്ങുകളും ബുദ്ധമത കർമ്മങ്ങളും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.”
എന്നിരുന്നാലും, ഹിറോക്കോ അവളുടെ അവകാശപ്പെടുത്തിയ മതത്തിൽ അസന്തുഷ്ടയായിരുന്നു. “എനിക്കുണ്ടായിരുന്ന അനേകം ചോദ്യങ്ങൾക്ക് തൃപ്തികരമായ ഒരു ഉത്തരംപോലും എനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മരിച്ചവരുടെ മരണാനന്തര പേരുമാററങ്ങളും സൂത്രങ്ങൾ ഉരുവിട്ടാലുടനെ ശവകുടീരശിലകളെ ജീവികളായി കരുതുന്നതും ഒരു വിശ്വാസിയെ സംരക്ഷിക്കുമെന്നു സങ്കൽപ്പിക്കപ്പെടുന്ന കടലാസ് മന്ത്രങ്ങളും മററനേകം ക്ഷേത്രചടങ്ങുകളും എന്നെ യഥാർത്ഥമായി പരിഭ്രമിപ്പിച്ചു.
“ഞങ്ങൾ ബുദ്ധമതത്തിലെ അത്യന്തം ഉദ്ബുദ്ധമായ വിഭാഗത്തിൽപെട്ടവരാണെന്ന് എന്നോടു പറയപ്പെട്ടു. എന്നിരുന്നാലും, എന്റെ ചോദ്യങ്ങളെല്ലാം പിന്നെയും ഉത്തരംകിട്ടാതെ ശേഷിക്കുകയായിരുന്നു. എവിടെയെങ്കിലും എന്തെങ്കിലുമുണ്ടായിരിക്കുമെന്ന് എനിക്കു ബോദ്ധ്യമുണ്ടായിരുന്നു. എല്ലാ ഉത്തരങ്ങളും എനിക്കു തരുന്ന ഒരു മതത്തെ യഥേഷ്ടം പരിശോധിക്കണമെന്നായിരുന്നു എന്റെ ആശ.” ഹിറോക്കോ തൃപ്തയാകാതെ ഒരു പൗരസ്ത്യമതത്തിൽനിന്ന് മറെറാന്നിലേക്ക് അലഞ്ഞുനടന്നു. ഒടുവിൽ, യഹോവയുടെ സാക്ഷികളുടെ സഹായത്തോടെ അവൾ സർവശക്തനായ ദൈവത്തെക്കുറിച്ച്, ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനെക്കുറിച്ച്, ബൈബിളിൽനിന്നു പഠിച്ചു. അവളുടെ കുട്ടിക്കാലത്തെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അവൾ കണ്ടെത്തി.
അവളുടെ കാര്യത്തിൽ, യിരെമ്യാപ്രവാചകന്റെ വാക്കുകൾ അക്ഷരീയമായി നിവർത്തിക്കപ്പെട്ടു: “നിങ്ങൾ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും; നിങ്ങൾ നിങ്ങളുടെ പൂർണ്ണഹൃദയത്തോടെ എന്നെ അന്വേഷിക്കുന്നുവെങ്കിൽ, എന്നെ കണ്ടെത്താൻ ഞാൻ നിങ്ങളെ അനുവദിക്കും എന്നു കർത്താവു പറയുന്നു.”—യിരെമ്യാവ് 29:13, 14, ന്യൂ ഇംഗ്ലീഷ് ബൈബിൾ.
തന്റെ മാതാപിതാക്കളുടെ മതത്തിൽനിന്നു വ്യത്യസ്തമായിരുന്നെങ്കിലും ഹിറോക്കോ സ്വന്തം മതം തെരഞ്ഞെടുക്കുന്നത് പ്രയോജനകരമാണെന്ന് വിചാരിച്ചു. “പ്രകാശനം ലഭിച്ചതിൽ ഞാൻ അതിരററു സന്തോഷിച്ചു, ഇപ്പോൾ എനിക്ക് എന്നെ അനേക വർഷങ്ങളായി അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങളും ഉൽക്കൺഠകളുമില്ല” എന്ന് അവൾ വിശദീകരിക്കുന്നു. എന്നാൽ നിങ്ങളുടെ ഇപ്പോഴത്തെ മതത്തിൽ നിങ്ങൾ സംതൃപ്തരാണെങ്കിലും അല്ലെങ്കിലും നിങ്ങൾ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടത് ഇപ്പോഴും ഉചിതമാണ്.
ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതെന്തുകൊണ്ട്?
നാം സമയമെടുത്തു ചിന്തിക്കുകയാണെങ്കിൽ, മതം വരുന്നതുപോലെ വരട്ടെയെന്നു വെക്കാൻ പാടില്ലാത്തവണ്ണം പ്രാധാന്യമുള്ളതാണെന്ന് നമ്മിൽ മിക്കവരും സമ്മതിക്കും. എന്തിന്, അനുദിന കാര്യങ്ങളിൽ പോലും നാം സ്വന്തം ജീവിതത്തെ കഴിയുന്നിടത്തോളം നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ആർ സാഹചര്യങ്ങളുടെ ഒരു ഇര മാത്രമായിരിക്കാനാഹ്രിക്കുന്നു?
നിങ്ങൾക്ക് കലശലായ തലവേദനയുണ്ടെങ്കിൽ, നിങ്ങൾ ലേബലിൽ സൂക്ഷ്മതയോടെ നോക്കാതെ കൂടിക്കലർന്നുകിടക്കുന്ന മരുന്നുകളുടെ ഒരു കൂട്ടത്തിൽനിന്ന് പെട്ടെന്ന് ഒന്നുരണ്ടു ഗുളികകൾ എടുത്തു തിന്നുമോ?
നിങ്ങൾ പുതിയ വസ്ത്രം തെരഞ്ഞെടുക്കുകയാണെങ്കിൽ കടയിൽ ആദ്യം കൈയിൽകിട്ടിയ സ്യൂട്ട് കൃത്യമായും ചേരുമെന്ന് ആഹ്ലാദപൂർവം സങ്കൽപ്പിച്ചുകൊണ്ട് കൈക്കലാക്കുമോ?
നിങ്ങൾ ഒരു പഴയ കാർ വാങ്ങുകയാണെങ്കിൽ എൻജിൻപോലും പരിശോധിക്കാതെ നിങ്ങൾ അത് ഓടിച്ചുകൊണ്ടു പോകുമോ?
‘ഭോഷൻമാർ മാത്രമേ അതു ചെയ്യുകയുള്ളു’ എന്ന് നിങ്ങൾ വിചാരിച്ചേക്കാം. അങ്ങനെയുള്ള കാര്യങ്ങൾ നിസ്സാരമായി എടുക്കരുത്. എന്നിരുന്നാലും, നമ്മിലനേകർക്കും ഒരുവന്റെ ജീവിതത്തിലെ ഏററവും നിർണ്ണായകമായ തീരുമാനങ്ങളിലൊന്ന്—നമ്മുടെ മതം ഏതായിരിക്കണമെന്നുളുളത്—പണ്ടേ വിസ്മൃതമായ ചരിത്രത്തിന്റെ സവിശേഷമാററങ്ങളാലും ജൻമസ്ഥലങ്ങളാലും യാദൃച്ഛികമായി തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.
‘എന്റെ മതം എന്തിനോടു കടപ്പെട്ടിരിക്കുന്നു?’ എന്ന് നിങ്ങളോടുതന്നെ ചോദിക്കുന്നത് ബുദ്ധിപൂർവകമായിരിക്കുകയില്ലേ? അത് ഞാൻ ഒരിക്കലും ചോദ്യംചെയ്തിട്ടില്ലാത്തതായി കൈമാറിക്കിട്ടിയതാണോ? അതോ ഞാൻ കരുതിക്കൂട്ടി ഒരു യുക്തിപൂർവകമായ തെരഞ്ഞെടുപ്പു നടത്തിയിരിക്കുന്നുവോ? അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻതന്നെയാണ് ബൈബിൾ നമ്മെ പ്രോൽസാഹിപ്പിക്കുന്നത്? ‘തങ്ങൾ വിശ്വാസത്തിലാണോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കാൻ, അവർ ആരാണെന്ന് തെളിയിച്ചുകൊണ്ടിരിക്കാൻ’ അപ്പോസ്തലനായ പൗലോസ് കൊരിന്ത്യരെ ബുദ്ധിയുപദേശിച്ചു.—2 കൊരിന്ത്യർ 13:5.
ബൈബിൾ തിമൊഥെയോസ് എന്നു പേരുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചു പറയുന്നു. അവന്റെ അമ്മയും വല്യമ്മയും തിരുവെഴുത്തുകൾക്കനുയോജ്യമായി അവനെ വളർത്തി. എന്നാൽ, അവൻ അന്ധമായി അവരുടെ വിശ്വാസം സ്വീകരിച്ചില്ലെന്ന് വ്യക്തമാണ്. അവൻ ‘പഠിക്കുകയും വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെടുകയുംചെയ്ത’തായി വർഷങ്ങൾക്കുശേഷം പൗലോസ് അവനെ ഓർമ്മിപ്പിച്ചു. (2 തിമൊഥെയോസ് 3:14) തിമൊഥെയോസ് സ്വീകരിച്ചിരുന്ന വിശ്വാസത്തിൽ നിലനിൽക്കാൻ അവൻ പ്രേരിപ്പിക്കപ്പെട്ടു—എന്നാൽ അവൻതന്നെ ഒരു പൂർണ്ണപരിശോധന നടത്തിയപ്പോഴാണ്.
മറിച്ച്, ചിലർ തങ്ങളുടെ മതപരമായ വളർത്തലിനെ പുനഃപരിശോധിക്കാൻ പ്രേരിതരായി. സെർഗ്ഗ്യസ് പൗലോസ് ഒരു പ്രാദേശിക റോമൻ ഭരണാധികാരിയായിരുന്നു. അയാൾ ചില റോമാ ദൈവങ്ങളെ പൂജിച്ചിരുന്നുവെന്നതിനു സംശയമില്ല. എന്നിരുന്നാലും, പൗലോസിന്റെ പ്രസംഗം കേട്ടശേഷം “കർത്താവിനെക്കുറിച്ച് താൻ പഠിച്ചതിൽ ആഴമായ മതിപ്പുളവാകയാൽ അയാൾ ഒരു വിശ്വാസിയായിത്തീർന്നു.”—പ്രവൃത്തികൾ 13:12, NE.
രണ്ടു കേസുകളിലും ദൈവവചനത്തിലടിസ്ഥാനപ്പെടുത്തി ഒരു പൂർണ്ണമായ പരിശോധന നടത്തപ്പെട്ടു. സെർഗ്ഗ്യസ് പൗലോസിന്റെയും തിമൊഥെയോസിന്റെയും ഗതി അനുകരിക്കാൻപാടില്ലയോ? ഒരാൾ തന്റെ മതം മാറി, മറേറയാൾ മാറിയില്ല; എന്നാൽ ഇരുവരും വ്യക്തിപരമായി സത്യം കണ്ടെത്തിയതിൽ പ്രതിഫലം പ്രാപിച്ചു. എന്നിരുന്നാലും, പാരമ്പര്യവും ഭയവും മുൻവിധിയും നിമിത്തം അത്തരമൊരു നടപടി സീകരിക്കുന്നതിന് ചിലർക്ക് മടിയായിരിക്കാം.
ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ വെല്ലുവിളി
മതപാരമ്പര്യങ്ങൾ നീണാൾ നിൽക്കുന്നു, അനേകരും യുഗപഴക്കമുള്ള ആചാരങ്ങളിലും വിശ്വാസപ്രമാണങ്ങളിലും ആശ്വാസംകണ്ടെത്തുന്നു. “ഒരിക്കൽ കത്തോലിക്കനെങ്കിൽ എല്ലായ്പ്പോഴും കത്തോലിക്കൻ” എന്നു ചിലർ പറഞ്ഞേക്കാം. ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് അതേ വിധത്തിൽ വിചാരിച്ചേക്കാം, അറിയാത്തതിനെ അപേക്ഷിച്ച് പരമ്പരാഗതമായതിനെ കൂടുതലിഷ്ടപ്പെടുകയും ചെയ്തേക്കാം. തീർച്ചയായും ഏതൊരു പാരമ്പര്യത്തെയും വിശകലനംചെയ്യുന്നതിനു മുമ്പ് അതിനെ പൊടുന്നനേ തള്ളിക്കളയുന്നത് ബുദ്ധിയല്ലായിരിക്കും. ‘തങ്ങൾ പഠിച്ചിരുന്ന പാരമ്പര്യങ്ങളോടു പററിനിൽക്കാൻ’ പൗലോസ് തെസ്സലോനിക്യ ക്രിസ്ത്യാനികളോടു പറഞ്ഞു. (2 തെസ്സലോനിക്യർ 2:15, NE) മറിച്ച്, മതപാരമ്പര്യങ്ങൾക്ക് ബൈബിളാകുന്ന ദൈവവചനത്തെ അസാധുവാക്കിക്കൊണ്ട് നമ്മെ ദൈവത്തിൽ നിന്ന് അന്യപ്പെടുത്താൻ കഴിയുമെന്ന് യേശു മുന്നറിയിപ്പുനൽകി. (മത്തായി 15:6) എല്ലായ്പ്പോഴും പാരമ്പര്യത്തെ ആശ്രയിക്കാൻ കഴികയില്ല.
വൈദ്യശാസ്ത്രം, സയൻസ്, സാങ്കേതികശാസ്ത്രം, എന്നീ മണ്ഡലങ്ങളിൽ മിക്കപ്പോഴും അറിവു വർദ്ധിക്കുമ്പോൾ പരമ്പരാഗത നടപടികൾ പരിഷ്ക്കരിക്കപ്പെടുകയോ മാററപ്പെടുകപോലുമോ ചെയ്യുന്നു. ഈ മണ്ഡലങ്ങളിൽ മിക്കയാളുകൾക്കും ഒരു തുറന്ന മനസ്സുണ്ട്, അത് മെച്ചപ്പെടുന്നതിന് സഹായകമാണ്. നമ്മുടെ മതപാരമ്പര്യം ദിവ്യ ഉൽഭവമുള്ളതാണെന്ന് നാം വിശ്വസിച്ചേക്കാമെങ്കിലും “എല്ലാ നിശ്വസ്തമൊഴിയെയും വിശ്വസിക്കരുത്” എന്ന് ബൈബിൾ നമുക്ക് മുന്നറിയിപ്പു നൽകുന്നു. എന്നാൽ, “നിശ്വസ്തമൊഴികൾ ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നുവോയെന്നു കാണാൻ അവയെ പരിശോധിക്കാൻ” ആവശ്യപ്പെടുന്നു. (1 യോഹന്നാൻ 4:1) നാം “സകലവും നിശ്ചയപ്പെടുത്തുക; നല്ലതിനെ മുറുകെപ്പിടിക്കുക” എന്ന് അതു ശുപാർശചെയ്യുന്നു. (1 തെസ്സലോനീക്യർ 5:21) അങ്ങനെയുള്ള സൂക്ഷ്മപരിശോധനയിൽ പ്രയോജനപ്രദമായ പാരമ്പര്യങ്ങൾ എല്ലായ്പ്പോഴും പിടിച്ചുനിൽക്കും.
മതകാര്യങ്ങളിൽ ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള മറെറാരു തടസ്സം ഭയമാണ്. “ഞാൻ ഒരിക്കലും മതമോ രാഷ്ട്രീയമോ ചർച്ചചെയ്യുന്നില്ല” എന്നത് ഒരു സാധാരണ പ്രസ്താവനയാണ്. നാം വഴിതെററിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ടുപിടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഭയമോ മററുള്ളവർ എന്തു ചിന്തിച്ചേക്കാമെന്ന ഭയമോ യാതൊന്നും ചെയ്യാതിരിക്കുന്നതിനുള്ള ശക്തമായ ഒഴികഴിവാണ്. യേശുവിന്റെ നാളിൽ അവന്റെ പഠിപ്പിക്കലിന്റെ മൂല്യത്തെ തിരിച്ചറിഞ്ഞ അനേകർ ഉണ്ടായിരുന്നു, എന്നാൽ അവർ “സിനഗോഗിൽനിന്നു നിരോധിക്കപ്പെടുമെന്നുള്ള ഭയത്താൽ” അവനെ മശിഹായായി അംഗീകരിക്കുന്നതിൽനിന്ന് പിൻമാറിനിന്നു. “എന്തുകൊണ്ടെന്നാൽ അവർ മനുഷ്യരുടെ മുമ്പാകെയുള്ള അവരുടെ കീർത്തിയെ ദൈവത്തിൽനിന്നു വരുന്ന മാനത്തെക്കാളുപരിയായി വിലമതിച്ചു.”—യോഹന്നാൻ 12:42, 43, NE.
യേശുവിന്റെ നാളിലെ ആ ആളുകൾ ആ ഇടുങ്ങിയ മനസ്ഥിതിക്കാരായ മതസമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയതുകൊണ്ട് ക്രിസ്തുവിന്റെ ശിഷ്യരാകുന്നതിനുള്ള അനുപമമായ പദവി നഷ്ടപ്പെടുത്തി. ഒഴുക്കിനെതിരെ നീന്താൻ ധൈര്യമാവശ്യമാണെന്നുള്ളത് സത്യംതന്നെ. വ്യത്യസ്തരായിരിക്കുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ നിങ്ങൾ ഒരു തെരഞ്ഞെടുപ്പു നടത്താൻ വിളംബം വരുത്തുകയാണെങ്കിൽ അനിവാര്യമായി മററുള്ളവർ നിങ്ങൾക്കുവേണ്ടി തെരഞ്ഞെടുപ്പു നടത്തും.
“വിദേശീയ”മായ എന്തിനോടുമുള്ള മുൻവിധിക്ക് ഒരു നിഷ്പക്ഷ പരിശോധന നടത്താൻ ആഗ്രഹിക്കുന്നവരെ തടസ്സപ്പെടുത്താൻ കഴിയും. യേശുവിന്റെ നാളിൽ മശിഹാ ഒരു നസറായൻ ആയിരുന്നതുകൊണ്ടും ഒരു ഗലീലക്കാരനായിരുന്നതുകൊണ്ടും അവനെ പുച്ഛത്തോടെ വീക്ഷിച്ചിരുന്നു. ഇരുപതാം നൂററാണ്ടിലെ മുൻവിധി സമാനമാണ്.—യോഹന്നാൻ 1:46; 7:52.
“അത് പുതുമോടി കാട്ടുന്ന പുതിയ അമേരിക്കൻമതങ്ങളിലൊന്നു മാത്രമാണ്!” തന്റെ വിശ്വാസങ്ങളെ പരിശോധിക്കാൻ യഹോവയുടെ സാക്ഷികളാൽ ക്ഷണിക്കപ്പെട്ടപ്പോൾ റിക്കാഡോയുടെ ആദ്യപ്രതികരണം ഇതായിരുന്നു. അയാളുടെ ലാററിൻ അമേരിക്കൻ പശ്ചാത്തലം ഐക്യനാടുകളുടെ ചുവയുള്ള എന്തിനെയുംകുറിച്ച് അയാൾ ജാഗ്രതപുലർത്താൻ ഇടയാക്കി. എന്നിരുന്നാലും, അയാളുടെ മുൻവിധി അയാൾക്കു സമർപ്പിക്കപ്പെട്ട തെളിവിനാൽ തകർക്കപ്പെട്ടു. എല്ലാററിനുമുപരി, അയാൾക്ക് സാക്ഷികളുടെ ഇടയിൽ കാണപ്പെട്ട ക്രിസ്ത്യാനിത്വത്തിന്റെ പ്രായോഗികപ്രകടനത്താൽ ബോദ്ധ്യം വന്നു. അവരുടെ യഥാർത്ഥ സ്നേഹവും വിശ്വാസവും അയാൾക്ക് ഇഷ്ടപ്പെട്ടു.—10-ാം പേജിലെ ചതുരം കാണുക.
തന്റെ പൂർവ മുൻവിധി മാററിയ ശേഷം റിക്കാഡോ മറെറാരു നിരീക്ഷകനോടു യോജിച്ചു. യഹോവയുടെ സാക്ഷികൾ “അവരുടെ സംഘടനയിലും സാക്ഷീകരണവേലയിലും . . . ആദിമക്രിസ്തീയ സമൂഹത്തോട് പൊരുത്തപ്പെടുന്ന ഏതു കൂട്ടത്തോടും അടുത്തുനിൽക്കുന്നു” എന്ന് അദ്ദേഹം എഴുതി. സാദ്ധ്യമാകുന്നതിലേക്കും ഏററം നല്ല തെരഞ്ഞെടുപ്പു നടത്താൻ ഒരു തുറന്ന മനസ്സ് അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹത്തിന് ഇപ്പോൾ തോന്നുന്നു.
നിങ്ങൾ എന്തു തെരഞ്ഞെടുക്കും?
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച പെഡ്രോ സ്വയം തിരുവെഴുത്തുകൾ പഠിക്കുന്നതിന് പാരമ്പര്യത്തെയും ഭയത്തെയും മുൻവിധിയെയും തരണംചെയ്തു. പൊതുവേ മതത്തിന്റെ കാര്യത്തിൽ തനിക്കുണ്ടായ മോഹഭംഗം നിമിത്തം ആദ്യം അയാൾക്ക് തെററിദ്ധാരണകൾ ഉണ്ടായിരുന്നു. അയാൾ വിശദീകരിക്കുന്നു: “മളീവായിലോ കത്തോലിക്കരുടെ ദൈവത്തിലോ ഉള്ള എന്റെ വിശ്വാസം എനിക്ക് അധികം സന്തുഷ്ടി കൈവരുത്തിയില്ല—കത്തോലിക്കരുടെ ദൈവത്തിന്റെ പേരു പോലും എനിക്ക് അറിയാൻപാടില്ലായിരുന്നു.” എന്നാൽ ഒടുവിൽ അയാൾ യഹോവയുടെ സാക്ഷികളിലൊരാളാകാൻ തീരുമാനിച്ചു, 36-ാം വയസ്സിൽ അങ്ങനെ സ്നാപനമേററു. “എന്നെ സഹായിച്ചവരുടെ സ്നേഹവും ക്ഷമയും ബൈബിളിൽനിന്ന് എനിക്കു കിട്ടിയ സംതൃപ്തികരമായ ഉത്തരങ്ങളുമായിരുന്നു നിർണ്ണായകഘടകങ്ങൾ,” അയാൾ പറഞ്ഞു.
നിങ്ങൾക്ക് പെഡ്രോയുടെ ദൃഷ്ടാന്തത്തെ അനുകരിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കുമോ? നിങ്ങളുടെ മതം എന്തായിരുന്നാലും അതിനെ യാദൃച്ഛികതക്കു വിടരുത്. സത്യം, യേശു പഠിപ്പിച്ച വിലപ്പെട്ടതും അനുപമവുമായ സത്യം, എന്താണെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്തുക. യഹോവയുടെ സാക്ഷികൾ സഹായം വാഗ്ദാനംചെയ്യാൻ സന്തോഷമുള്ളവരാണ്. ‘നിങ്ങൾ ആരെ സേവിക്കുമെന്ന് തെരഞ്ഞെടുത്തുകൊൾക’ എന്ന യോശുവായുടെ വാക്കുകൾ അനുസരിക്കാൻ അവർ ആത്മാർത്ഥമായി നിങ്ങളെ ക്ഷണിക്കുകയാണ്.—യോശുവാ 24:15 (g88 8/8)
[10-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾ—ഒരു “അമേരിക്കൻ മത”മോ?
അനേകം ദേശഭക്തരായ ആളുകൾക്ക് വിദേശീയമോ അന്യമോ ആയ എന്തിനെക്കുറിച്ചും സംശയമോ ഭയമോ ഉണ്ട്. ഇത് മററു മതങ്ങളെക്കുറിച്ചുള്ള അവരുടെ വീക്ഷണത്തിനും നിറം കൊടുക്കുന്നു.
യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും “അമേരിക്കൻനിർമ്മിത” അമേരിക്കൻമതമെന്ന് കുററപ്പെടുത്തപ്പെടുന്നതിനാൽ ഈ മനോഭാവത്തിന്റെ ഇരകളാണ്, ആ അടിസ്ഥാനത്തിൽ നിരസിക്കപ്പെടാൻ അർഹരാണെന്നും കരുതപ്പെടുന്നു. അത് ന്യായമായ ഒരു പ്രതികരണമാണോ?
വസ്തുതകൾ എന്താണ്?
1.ആനുപാതികമായി അമേരിക്കയിലുള്ളതിനെക്കാൾ കൂടുതൽ സാക്ഷികൾ കാനഡായിലും കോസ്ററാറിക്കായിലും ഫിൻലണ്ടിലും ജമയിക്കായിലും പ്യൂർട്ടോറിക്കായിലും സാമ്പിയായിലും മററു രാജ്യങ്ങളിലുമുണ്ട്.
2.യഹോവയുടെ സാക്ഷികൾ സാർവദേശീയത്തിലും കവിഞ്ഞതാണ്, അവർ ദേശീയാതീതരാണ്, അതായത്, ഇടുങ്ങിയ ദേശീയാതിർത്തികൾക്കോ വർഗ്ഗീയ താൽപ്പര്യങ്ങൾക്കോ അതീതരാണ്. വർഗ്ഗീയവും ഗോത്രപരവും ദേശീയവുമായ മുൻവിധികളെ തരണംചെയ്യുന്നതിൽ യഹോവയുടെ സാക്ഷികൾക്കു ലഭിച്ചിട്ടുള്ള വലിയ വിജയവും ശ്രദ്ധേയമാണ്. മതപരമായ അസ്വസ്ഥതയുള്ള ദക്ഷിണാഫ്രിക്കയിലും ഇസ്രായേലിലും ലബനനിലും വടക്കൻ അയർലണ്ടിലും ഇതു സത്യമാണ്. ഇപ്പോൾ യഹോവയുടെ സാക്ഷികളായിരിക്കുന്ന കറുത്തവരും വെളുത്തവരും യഹൂദൻമാരും അറബികളും മുൻ കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും അവരുടെ കൺവൻഷനുകളിലും രാജ്യഹാളുകളിലും ഒരുമിച്ചു ജോലിചെയ്യുകയും ആരാധിക്കുകയും ചെയ്യുന്നു.
3.അവർ ഏതാണ്ട് 200 ഭാഷകളിൽ തങ്ങളുടെ ബൈബിൾസാഹിത്യം അച്ചടിക്കുന്നുണ്ട്. ദൃഷ്ടാന്തമായി, “വീക്താഗോപുരം” 105 ഭാഷകളിലും “ഉണരുക”! 54 ഭാഷകളിലും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. മൊത്തം 4 കോടി 80 ലക്ഷം പ്രതികൾ മാസംതോറും അച്ചടിക്കുന്നുമുണ്ട്.
4.യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനം ന്യൂയോർക്ക് നഗരത്തിലാണെങ്കിലും അവരുടെ 23 ശതമാനം മാത്രമേ ഐക്യനാടുകളിലുള്ളു.
ആദിമക്രിസ്ത്യാനിത്വത്തിന് യരുശലേം ഒരു സൗകര്യപ്രദമായ കേന്ദ്രമായിരുന്നതുപോലെ ലോകയുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും ഈ യുഗത്തിൽ ഐക്യനാടുകൾ സർവലോകത്തിലും സുവാർത്ത പ്രസംഗിക്കുന്നതിനുള്ള ഒരു സൗകര്യപ്രദമായ ഒരു ചവിട്ടുപടി, ഒരു കേന്ദ്രം, ആയിരുന്നിട്ടുണ്ട്. മറെറവിടെയായിരുന്നെങ്കിലും വേല മുൻവിധിയാലും നിരോധനങ്ങളാലും അല്ലെങ്കിൽ അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യത്താലും തടസ്സപ്പെടുമായിരുന്നുവെന്ന് അനുഭവം പ്രകടമാക്കിയിരിക്കുന്നു. എന്നാൽ സാക്ഷികളുടെ ആസ്ഥാനം ന്യൂയോർക്കിലായിരിക്കുന്നതുകൊണ്ട് അവർ ഒരു “അമേരിക്കൻമതം” ആണെന്ന് അതിനർത്ഥമില്ല, ആദിമക്രിസ്ത്യാനികൾ ഒരു യഹൂദമതമായിരിക്കാഞ്ഞതുപോലെതന്നെ, അങ്ങനെ മുദ്രയടിക്കപ്പെട്ടെങ്കിലും.
അന്യായമായ പീഡനം
അവരുടെ ദേശീയാതീത വീക്ഷണത്തെ വ്യക്തമായി പ്രകടമാക്കുന്ന ഒരു വസ്തുത വ്യത്യസ്ത രാഷ്ട്രീയഭരണകൂടങ്ങളാൽ അവർ മുദ്രയടിക്കപ്പെട്ടിരിക്കുന്ന വിധമാണ്. കഴിഞ്ഞകാലത്ത്, അവർ ഐക്യനാടുകളിൽ കമ്യൂണിസ്ററുകാരാണെന്നും കമ്മ്യൂണിസ്ററുരാജ്യങ്ങളിൽ അവർ സിഐഎ ഏജൻറൻമാരാണെന്നും കുററപ്പെടുത്തപ്പെട്ടിട്ടുണ്ട്!
ദൃഷ്ടാന്തമായി, 1950കളിൽ ഒരു വർത്തമാനപ്പത്ര ലേഖനം “പോളണ്ട് കമ്മ്യൂണിസ്ററുകൾ ‘യഹോവാ’ ഏജൻറൻമാർക്ക് സാമ്പത്തികസഹായം ചെയ്യന്നു” എന്നു വായിക്കപ്പെട്ടു. ഒരു യു.എസ്. റേഡിയോ സ്റേറഷനിൽനിന്നുള്ള മറെറാരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “സോവ്യററ് ഉപ്രഗഹ [പോളീഷ്] ഗവൺമെൻറ് സാക്ഷികളെ പ്രോൽസാഹിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു.” അയർലണ്ടിൽ സാക്ഷികൾ അക്രമാസക്തരായ ജനക്കൂട്ടങ്ങളാൽ “കമ്മ്യൂണിസ്ററുകൾ!” “ഇവിടെനിന്ന് ഇറങ്ങിക്കൊള്ളണം!” എന്നിങ്ങനെയുള്ള പരിഹാസങ്ങളെ അഭിമുഖീകരിച്ചു.
ഇതിനിടയിൽ, പോളണ്ടിലും മററു കമ്മ്യൂണിസ്ററ് രാജ്യങ്ങളിലും സാക്ഷികൾ നിയമവിരുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു. അനേകർ തങ്ങളുടെ വിശ്വാസംനിമിത്തം ജയിലിലടക്കപ്പെട്ടു. ചിലർ സിഐഎയുടെ ആഭിമുഖ്യത്തിലുള്ള ഒരു ചാരവലയത്തിൽപെട്ടവരെന്ന് ആരോപിക്കപ്പെടുകപോലുംചെയ്തു. സോവ്യററ് യൂണിയനിലെ അവരുടെ അവസ്ഥ 1976ൽ പാശ്ചാത്യരാജ്യത്തേക്ക് കുടിയേറിയ വ്ളാഡിമിർ ബുക്കോവിസ്ക്കിയാൽ പിൻവരുന്നപ്രകാരം വർണ്ണിക്കപ്പെട്ടു: “ലണ്ടനിൽ ഒരു സന്ധ്യാവേളയിൽ ഒരു കെട്ടിടത്തിൻമേലുള്ള ഒരു ഫലകത്തിൽ യഹോവയുടെ സാക്ഷികൾ. . . . എന്ന് എഴുതപ്പെട്ടിരിക്കുന്നതു ഞാൻ കാണാനിടയായി. ഞാൻ അന്ധാളിച്ചുപോകത്തക്കവണ്ണം ഞെട്ടിപ്പോയി. അതെങ്ങനെ സാധിക്കും? ഞാൻ എന്നോടുതന്നെ ചോദിച്ചു. യു. എസ്. എസ്. ആറിൽ നിങ്ങൾ മാംസരക്തങ്ങളായ സാക്ഷികളെ തുറുങ്കുകളിലും തടങ്കൽപാളയങ്ങളിലും മാത്രമാണ് കാണുന്നത്. യഥാർത്ഥത്തിൽ ആർക്കെങ്കിലും പോയി അവരോടുകൂടെ ഒരു ചായ കഴിക്കാൻ കഴിയുമോ? എന്റെ തുലനം അൽപ്പം അസ്ഥാനത്തായിരിക്കാം, എന്നാൽ COSA NOSTRA LTD.,MAFIA GENERAL STAFF എന്ന ഫലകത്തോടുകൂടിയ ഒരു കെട്ടിടം ഒരുവൻ കാണുന്നുവെന്ന് ഒരു നിമിഷത്തേക്കു സങ്കൽപ്പിക്കുക. അവരുടെ രാജ്യത്ത് മാഫിയായോടുള്ളതുപോലെയുള്ള ക്രോധത്തോടെയാണ് ഞങ്ങളുടെ രാജ്യത്ത് ‘സാക്ഷികൾ’ പിൻതുടരപ്പെടുന്നത്.”
ഈ ചുരുങ്ങിയ ദൃഷ്ടാന്തങ്ങൾ അനേകം നിഷ്പക്ഷ നിരീക്ഷകർ ഇപ്പോൾത്തന്നെ തിരിച്ചറിയുന്നതിനെ—അതായത്, യഹോവയുടെ സാക്ഷികൾ ദേശീയമോ രാഷ്ട്രീയമോ ആയ ഏതു ചായ്വിൽനിന്നും വിട്ടുനിൽക്കുന്നുവെന്ന്— പ്രകടമാക്കുന്നു. അവർ തങ്ങളുടെ നിഷ്പക്ഷ ദൈവത്തെ അനുകരിക്കാനാഗ്രഹിക്കുന്നതുകൊണ്ട് അവരുടെ വിശ്വാസം ദേശീയാതീതമാണ്.—പ്രവൃത്തികൾ 10:34. (g88 8/8)
[8-ാം പേജിലെ ചിത്രം]
ലേബൽ വായിക്കാതെ നിങ്ങൾക്ക് ആദ്യം കൈയിൽ കിട്ടുന്ന ഔഷധം നിങ്ങൾ ഉപയോഗിക്കുമോ?
[9-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ നിങ്ങളുടെ മതത്തിൽ ജനിച്ചതാണോ, അതോ നിങ്ങൾ അതിനെ തെരഞ്ഞെടുത്തതാണോ?