ന്യൂക്ലിയർ ഭീഷണി
രണ്ടു ബാലൻമാർ അടച്ചിട്ടിരിക്കുന്ന ഒരു ഗരാജിൽ പെട്രോൾ നിറച്ചുവെച്ചിരിക്കുന്ന ഒരു തറയിൽ നിൽക്കുന്നതായി സങ്കൽപ്പിക്കുക. ഓരോരുത്തരുടെയും കൈയിൽ തീപ്പെട്ടിയുണ്ട് . . .
രണ്ടു അതിശക്തികൾക്കിടയിൽ ഇന്നു സ്ഥിതിചെയ്യുന്ന സാഹചര്യത്തെ ഇതു നന്നായി ചിത്രീകരിക്കുന്നു. ഉപയോഗിക്കുകയാണെങ്കിൽ പരസ്പരനാശത്തിൽ കലാശിക്കാവുന്ന ഭീതിജനകമായ ന്യൂക്ലിയർ ആയുധങ്ങളുടെ ശേഖരങ്ങൾ ഇരു ശക്തികൾക്കുമുണ്ട്. അവരുടെ മിസൈലുകൾ അശുഭസൂചകമായി കൊല്ലാൻ സജ്ജമായി നിലകൊള്ളുകയാണ്. അവരുടെ മാർഗ്ഗദർശകവ്യവസ്ഥകളുടെ ഗൈറോസ്ക്കോപ്പുകൾ സത്വരം കറങ്ങിക്കൊണ്ടിരിക്കുകയാണ്.
ഈ ആയിരക്കണക്കിനുള്ള മരണദൂതൻമാർ ഭൂമിക്കടിയിൽ കോൺക്രീററ് അറകളിൽ ഒളിച്ചിരിപ്പുണ്ട്. വേറെ നൂറുകണക്കിന് എണ്ണം സബ്മറൈനുകളുടെ ഉള്ളറകളിൽ ഒളിഞ്ഞിരിപ്പുണ്ട്, അതിലും കൂടുതൽ ജററ്വിമാനങ്ങളുടെ കീഴ്പോട്ടുചാഞ്ഞിരിക്കുന്ന ചിറകുകളുടെ അടിയിൽ ഉണ്ട്. ഈ ആയുധങ്ങൾ എന്നെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ എന്തു സംഭവിക്കുമെന്ന് ഭയപ്പാടുള്ള ഒരു ലോകം ആശ്ചര്യപ്പെടുകയാണ്.
ഒരു ചതുർനക്ഷത്ര ജനറൽ ഉത്തരം പറയുന്നു. ഒരു ന്യൂക്ലിയർ യുദ്ധം “വലിപ്പത്തിൽ ചരിത്രത്തിലെ ഏററവും വലിയ വിപത്തായിരിക്കും” എന്ന് അദ്ദേഹം പറയുന്നു. ഒരു ശാസ്ത്രജ്ഞൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മനുഷ്യവർഗ്ഗം നിർമ്മൂലനാശമനുഭവിക്കുന്നതിന്റെ യഥാർത്ഥ അപകടമുണ്ട്.”
ഡമോക്ലിസ് എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യനെക്കുറിച്ച് ഒരു പുരാതന ഗ്രീക്ക് ഐതിഹ്യം പറയുന്നു. ഒരൊററ മുടിനാരിൽ തൂക്കിയിട്ട ഒരു വാളിനു കീഴിൽ അയാൾ ഇരുത്തപ്പെട്ടു. ആ വാളിന് ന്യൂക്ലിയർ ആയുധങ്ങളെയും ഡമോക്ലിസിന് സകല മനുഷ്യരാശിയെയും നന്നായി ചിത്രീകരിക്കാൻ കഴിയും. വാൾ നീക്കംചെയ്യുക, അപ്പോൾ ഡമോക്ലിസ് സുരക്ഷിതനായിരിക്കും എന്നു ചിലർ പറയുന്നു. എന്നാൽ അതിനുള്ള സാദ്ധ്യതയുണ്ടോ? സമീപവർഷങ്ങളിലെ വികാസങ്ങൾ അനേകർക്ക് പ്രത്യാശ കൊടുത്തിരിക്കുന്നു:
മാർച്ച് 1983: യു. എസ്. പ്രസിഡണ്ട് റീഗൻ സ്ട്രാററീജിക്ക് ഡിഫൻസ് ഇനീഷ്യേററീവ് നിർദ്ദേശിച്ചു, അത് ന്യൂക്ലിയർ ആയുധങ്ങളെ “അശക്തവും പഴയതു”മാക്കാൻ ഉദ്ദേശിച്ചുള്ള ശാസ്ത്രീയഗവേഷണമാണ്.
ജനുവരി 1986: സോവ്യററ് നേതാവായ മീഖായേൽ ഗോർബച്ചേവ് ഈ നൂററാണ്ടിന്റെ അവസാനത്തോടെ സകല ന്യൂക്ലിയർ ആയുധങ്ങളും നീക്കംചെയ്യാൻ നിർദ്ദേശിക്കുന്നു. അദ്ദേഹം പിന്നീട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ആയുധമത്സരം ഒഴിവാക്കുന്നതുസംബന്ധിച്ചു മാത്രമല്ല, പൊതുവായ പൂർണ്ണ നിരായുധീകരണംവരെ സാധ്യമായ ഏററം വലിയ ആയുധംകുറയ്ക്കലിനെക്കുറിച്ചും സംസാരിക്കാൻ ഞങ്ങൾ ഒരുക്കമാണ്.”
ഡിസംബർ 1987: മിസൈൽ കുറവുചെയ്യലിനുവേണ്ടി ഗോർബച്ചേവും റീഗനും ഒരു ഉടമ്പടിയിൽ ഒപ്പുവെക്കുന്നു. വാർത്താറിപ്പോർട്ടുകളനുസരിച്ച് “ന്യൂക്ലിയർ ആയുധങ്ങൾ നിയന്ത്രിക്കാൻ മാത്രമല്ല, മുഴുപദ്ധതികളെയും നീക്കംചെയ്യാനും അതിശക്തികൾ സമ്മതിച്ചിരിക്കുന്നത് ആണവയുഗത്തിന്റെ ഉദയത്തിനുശേഷം ഇതാദ്യമായാണ്.”
എന്നിരുന്നാലും, ഈ ഏററവും ഒടുവിലത്തെ വികാസങ്ങൾ ന്യൂക്ലിയർ ആയുധങ്ങളില്ലാത്ത ഒരു ലോകത്തിൽ എന്നെങ്കിലും കലാശിക്കാൻ എന്തു സാദ്ധ്യതയുണ്ട്? വിജയത്തിന്റെ പാതയിൽ എന്തു തടസ്സങ്ങളാണുള്ളത്? (g88 8/22)