കളിക്കുന്നസമയം വളർച്ചയുടെസമയം
ഈ പിഞ്ചോമനയ്ക്കു ഇതൊരു പര്യവേക്ഷണത്തിനുള്ള സമയമാണ്. സജീവമായ ജിജ്ഞാസകൊണ്ട് ഉത്തേജിതയായ അവൾ വീട്ടിലുള്ള സർവ്വതും പിടിച്ചു വലിക്കുന്നു. കുട്ടികളുടെ കൈകൾക്ക് എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലല്ല വസ്തുക്കൾ വച്ചിരിക്കുന്നതെങ്കിൽ, അമ്മ എപ്പോഴും “അരുത്-അരുത്” എന്ന് മുറവിളികൂട്ടുകയും കുഞ്ഞുകൈകളിൽ അടിക്കുകയും ചെയ്യും, അങ്ങനെ ചെയ്യവെ അവർ അവളുടെ ജിജ്ഞാസയെ തടയുന്നു—സ്കൂളിലും പിൽക്കാലജീവിതത്തിലും കുട്ടിയെ വിജയി ആക്കിത്തീർക്കുന്ന അതേ ജിജ്ഞാസയെ തന്നെ. സംരക്ഷിക്കുക, പക്ഷേ സംരക്ഷണം അമിതമാകരുത്. ഏറെ സ്വാതന്ത്ര്യം കൈവരുത്തുന്നത് വീടിനു വെളിയിൽ ഒരു പാർക്കിൽ വച്ചായിരിക്കാം, അവിടെ കിടക്കുന്ന ഒരു പൈപ്പ് ഒരു പർവ്വതത്തിനുള്ളിലൂടെയുള്ള ഒരു തുരങ്കമോ, കരടിക്കുട്ടിക്കും തള്ളയ്ക്കും കഴിഞ്ഞുകൂടാനുള്ള ഗുഹയോ ആയിത്തീരുന്നു.
ചുരുങ്ങിയ ചില വർഷങ്ങൾകൊണ്ട് ഭാവന വികസിക്കുന്നു. ഒരു വീഞ്ഞപ്പെട്ടി കളിക്കാനുള്ള വീടായി മാറുന്നു. ഒരു കസേര കാറിലെ ഡ്രൈവറിന്റെ ഇരിപ്പിടം ആയും ഒരു ചൂല് മറെറാരാളെ രക്ഷിക്കാൻ കുതിക്കുന്ന കുതിരയായും മാറുന്നു. ചെറിയ ചട്ടിയും കലവും ഒരു പാത്രം നിറയെ മണലും ഒരു തൊട്ടി വെള്ളവും ഒത്തു ചേർന്നാൽ അനന്തമായ സാദ്ധ്യതയാണുള്ളത്. കളിക്കു പിന്നിൽ മാതാപിതാക്കളുടെ മേൽനോട്ടം പ്രധാനമാണെന്നിരിക്കെ, എപ്പോഴും അതു രൂപസംവിധാനം ചെയ്യുകയോ സംഘടിപ്പിക്കുകയോ ചെയ്യാതെ അന്നേരത്തെ കുട്ടികളുടെ മനോനില എങ്ങനെയോ അതിനൊത്തവിധം പ്രതികരിക്കാൻ സാധിക്കും. ഉൾപ്രേരണയാലെന്നവണ്ണം കൊച്ചുകുട്ടികൾ കൗബോയ്മാരും പറന്നുയരുന്ന വിമാനങ്ങളും ഡോക്ടർമാരും നേഴ്സുമാരും പപ്പാമാരും മമ്മാമാരും ചന്ദ്രയാത്രികരും ഇരമ്പിവരുന്ന ബുൾഡോസറുകളും മററും ആയിത്തീരുന്നു—ഇതത്രയും കേവലം അരമണിക്കൂറിനുള്ളിൽ.
കുട്ടികളുടെ വികാസത്തിന് കളികൾ ആവശ്യമാണ്. കളിക്കാൻ ആവശ്യമായ സമയവും വസ്തുക്കളും അവർക്കു നിഷേധിക്കുക എന്നാൽ അവരുടെ മനസ്സിന്റെയും ശരീരത്തിന്റെയും വികാരങ്ങളുടെയും ആത്മാവിന്റെയും വളർച്ച മന്ദീഭവിപ്പിക്കുക എന്നാണ് അതിന്റെ അർത്ഥം. (g88 9/22)