നിങ്ങൾക്ക് ജിജ്ഞാസയുള്ള ഒരു മനസ്സുണ്ടോ?
ജിജ്ഞാസ “അറിയാനുള്ള ആഗ്രഹം” ആണ്. ഒരു ശക്തമായ ജിജ്ഞാസ ഒരാളെ പഠിക്കാൻ അഥവാ കാര്യങ്ങൾ മനസ്സിലാക്കാൻ ഉത്സാഹമുള്ളവനാക്കിത്തീർക്കുന്നു. യഹോവ നമ്മിൽ ഈ ഉത്സാഹം സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് ജനന നിമിഷം മുതൽ നമുക്ക് ചുററുമുള്ള ലോകത്തെക്കുറിച്ച് പഠിക്കാൻ നമുക്കു പ്രചോദനം ലഭിക്കുന്നു. നമ്മുടെ നിലനില്പുതന്നെ ഒരിക്കലും അവസാനിക്കാത്ത ഒരു പഠന പ്രക്രിയയാണ്. നാം പക്വതയുള്ളവർ സമനിലയുള്ള മുതിർന്ന ആളുകൾ ആയിത്തീരണമെങ്കിൽ നാം നമ്മുടെ ജിജ്ഞാസയെ, കാര്യങ്ങൾ മനസ്സിലാക്കാനുള്ള ആഗ്രഹത്തെ, തൃപ്തിപ്പെടുത്തേണ്ട ആവശ്യമുണ്ട്.
ഇത് ആത്മീയ നിലവാരത്തിൽ വിശേഷിച്ചും സത്യമാണ്. നിത്യജീവനായുള്ള നമ്മുടെ പ്രതീക്ഷകൾ യഹോവയാം ദൈവത്തേക്കുറിച്ചുള്ള നമ്മുടെ അറിവിനെ ആശ്രയിച്ചിരിക്കുന്നു. (യോഹന്നാൻ 17:3) നാം അവനേക്കുറിച്ച് അന്വേഷിക്കാൻ, “അവനെ തപ്പിനോക്കി കണ്ടെത്തുവാൻ” അവൻ ആഗ്രഹിക്കുന്നതായി ബൈബിൾ നമ്മോടുപറയുന്നു. (പ്രവൃത്തികൾ 17:23, 24, 27) നാം നമ്മുടെ ജിജ്ഞാസയെ അടിച്ചമർത്തുന്നെങ്കിൽ, അതു വികസിക്കാൻ അനുവദിക്കുന്നതിൽ പരാജയപ്പെടുന്നെങ്കിൽ, നമ്മുടെ അഭിവൃദ്ധി മന്ദഗതിയിൽ ആയിരിക്കും. ആത്മീയ കാര്യങ്ങളിലുള്ള താല്പര്യക്കുറവ് മരണകരവും ആയിരുന്നേക്കാം.—സങ്കീർത്തനം 119:33, 34; ഹോശെയ 4:6.
തദനുസരണം, പുരാതനകാലം മുതൽ പഠിക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി പ്രബോധനത്തിന്റെയും പഠനത്തിന്റെയും ആവശ്യം യഹോവയുടെ ജനത്തോട് എല്ലായ്പ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. (ആവർത്തനം 6:6, 7; 7:12; 2 ദിനവൃത്താന്തം 17:9) മശിഹയായിരുന്ന യേശു ഭൂമിയിൽ ഉണ്ടായിട്ടുള്ളതിലേക്കും ഏററവും മഹാനായ ഉപദേഷ്ടാവായിരുന്നു. (മത്തായി 9:35) അവന്റെ ശിഷ്യൻമാർ അവന്റെ ദൃഷ്ടാന്തം പിൻപററി. എതിർപ്പിനെ അഭിമുഖീകരിച്ചപ്പോൾ പോലും അവർ “സുവാർത്ത പഠിപ്പിക്കുകയും ഘോഷിക്കുകയും ചെയ്യുന്നതിൽ അവിരാമം തുടർന്നു.” (പ്രവൃത്തികൾ 5:42) അത്തരം പഠിപ്പിക്കൽ ജിജ്ഞാസയുള്ള മനസ്സുകളിൽ താല്പര്യം ഉണർത്തി. അനേകർ “ഈ കാര്യങ്ങൾ അങ്ങനെതന്നെയോ എന്ന് ദിവസവും ശ്രദ്ധാപൂർവ്വം തിരുവെഴുത്തുകളെ പരിശോധിച്ചുകൊണ്ട് മനസ്സിന്റെ ഏററവും വലിയ ആകാംക്ഷയോടെ” പ്രതികരിച്ച ബെരോവാക്കാരേപ്പോലെ ആയിരുന്നു.—പ്രവൃത്തികൾ 17:11.
അതുപോലെതന്നെ, ആധുനിക ക്രിസ്തീയ സഭയുടെയും പല പ്രവർത്തനങ്ങളും പഠിപ്പിക്കലിനെ കേന്ദ്രീകരിച്ചാണ്. അങ്ങനെ, സഭ അതിന്റെ നിലനിൽപ്പിന്റെ ഒരു പ്രാഥമിക ഉദ്ദേശ്യം നിറവേററുന്നു, യഹോവയേയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച് പഠിക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുകയും ഉന്നമിപ്പിക്കുകയും ചെയ്യുക എന്നതുതന്നെ. ഇത്തരം ജിജ്ഞാസ ആരോഗ്യാവഹവും പ്രയോജനപ്രദവും ആണ്.
ജിജ്ഞാസയുടെ ഉചിതമായ അതിരുകൾ
എന്നിരുന്നാലും, ചിലപ്പോൾ കുട്ടികളെ അവരുടെ ജിജ്ഞാസയിൽനിന്ന് സംരക്ഷിക്കേണ്ടതുണ്ടായിരിക്കാം. ഒരു കുട്ടി ചൂടുള്ള എന്തിലെങ്കിലും പിടിക്കാൻ പോകുമ്പോൾ, അഥവാ ഒരു ഗ്ലാസ് കഷണം അതിന്റെ രുചിയെന്താണെന്നറിയുന്നതിന് വായിൽ വെക്കുമ്പോൾ അവന് ദ്രോഹം വന്നേക്കാം. ആ ബന്ധത്തിൽ നാം അവന്റെ ജിജ്ഞാസയെ നിരുത്സാഹപ്പെടുത്തുമ്പോൾ നാം അവന്റെ വളർച്ചയെ തടയുകയല്ല.
കുട്ടികൾക്ക് പ്രായമാകുമ്പോൾ അവരുടെ ജിജ്ഞാസ വീണ്ടും കുഴപ്പത്തിലേക്കു നയിച്ചേക്കാം. അങ്ങനെ, ഒരു കൗമാര പ്രായക്കാരൻ ഒരു അശ്ലീല മാസികയിൽ എന്താണുള്ളത് എന്ന കാര്യത്തിൽ വളരെ ജിജ്ഞാസയുള്ളവനായിരുന്നേക്കാം. അല്ലെങ്കിൽ, ഒരു കൗമാരപ്രായക്കാരി ജിജ്ഞാസ നിമിത്തം പുകയിലയോ മററു മയക്കുമരുന്നുകളോ പരീക്ഷിച്ചുനോക്കിയേക്കാം. ചെറുപ്പക്കാരുടെ ഒരുകൂട്ടം ഒത്തുകൂടി വളരെയധികം ബിയർ കുടിച്ചേക്കാം—കുടിച്ച് മത്തരാകുന്നത് എങ്ങനെയായിരിക്കും എന്ന് അറിയുന്നതിനുതന്നെ! ഒരിക്കൽകൂടെ, ഇത്തരം ജിജ്ഞാസയെ നാം നിരുത്സാഹപ്പെടുത്തുമളവിൽ നാം ഒരു കൗമാരപ്രായക്കാരന്റെ സ്വാഭാവിക വളർച്ചയേയോ വികാസത്തേയോ നിയന്ത്രിക്കുകയല്ല.
പക്വതയുള്ള ഒരു ക്രിസ്ത്യാനിയുടെ ജിജ്ഞാസ അവനെ കുഴപ്പത്തിൽ ചാടിച്ചേക്കാവുന്ന മണ്ഡലങ്ങളുണ്ടോ? തീർച്ചയായും ഉണ്ട്. അവന്റെ വിശ്വാസത്തെ മറിച്ചുകളയാനുള്ള ഒരു ശ്രമത്തിൽ ഒരു ക്രിസ്ത്യാനിയുടെ ജിജ്ഞാസയെ ആകർഷിച്ചേക്കാവുന്നവർക്കെതിരെ പൗലോസ് തിമൊഥെയോസിന് മുന്നറിയിപ്പു നൽകി. പൗലോസ് ഇങ്ങനെ പറഞ്ഞു: “തിമൊഥെയോസേ, വിശുദ്ധമായതിനെ നശിപ്പിക്കുന്ന വ്യർത്ഥ സംഭാഷണങ്ങളിൽനിന്നും ‘പരിജ്ഞാനം’ എന്ന് വ്യാജമായി വിളിക്കപ്പെടുന്നതിന്റെ വൈരുദ്ധ്യങ്ങളിൽനിന്നും പിന്തിരിഞ്ഞ് നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നത് പരിരക്ഷിക്കുക. എന്തെന്നാൽ അത്തരം പരിജ്ഞാനം സ്വീകരിച്ചതുകൊണ്ട് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ചുപോയിരിക്കുന്നു.”—1 തിമൊഥെയോസ് 6:20, 21.
തിമൊഥെയോസിനുള്ള തന്റെ രണ്ടാം ലേഖനത്തിൽ പൗലോസ് കൂടുതലായ ഒരു മുന്നറിയിപ്പ് നൽകി: “ഈ മനുഷ്യർ പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് സത്യത്തിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു; അവർ ചിലരുടെ വിശ്വാസത്തെ മറിച്ചുകളഞ്ഞുകൊണ്ടുമിരിക്കുന്നു.” (2 തിമൊഥെയോസ് 2:18) അത്തരം സംസാരം എത്രത്തോളം ജിജ്ഞാസ ഉണർത്തിയിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ജാഗ്രതയില്ലാതിരുന്ന വ്യക്തികൾ ഇപ്രകാരം ചിന്തിച്ചിരിക്കാം: ‘എന്താണ് ഇവർ പറയുന്നതിന്റെ അർത്ഥം? പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന് അവർക്ക് എങ്ങനെ പറയാൻ കഴിയും?’ വിസ്മയത്തോടെ അവർ ശ്രദ്ധിച്ചിരിക്കാം. ഫലമോ? ചിലരുടെ വിശ്വാസം മറിച്ചുകളയപ്പെട്ടു. ജിജ്ഞാസ നിമിത്തം മയക്കുമരുന്നുകളോ അശ്ലീല സാഹിത്യമോ പരീക്ഷിച്ചുനോക്കുന്നത് അപകടകരമായിരിക്കുന്നതുപോലെതന്നെ ജിജ്ഞാസയോടെ അത്തരം സംസാരം ശ്രദ്ധിക്കുന്നതും അപകടകരമായിരുന്നു.
ഇതിന്റെ അർത്ഥം, ക്രിസ്ത്യാനികൾ മററ് ആളുകളുടെ അഭിപ്രായഗതികൾ ശ്രദ്ധിക്കാൻ മനസ്സില്ലാത്തവരായിരുന്നുകൊണ്ട് ഇടുങ്ങിയ മനഃസ്ഥിതിക്കാരായിരിക്കണമെന്നാണോ? അല്ല, അതല്ല ആശയം. പകരം, പിൽക്കാലത്ത് അവർക്ക് ദുഃഖം വരുത്തിയേക്കാവുന്ന കാര്യങ്ങളുടെ നേർക്ക് അവരുടെ മനസ്സുകൾ തുറക്കുന്നത് ഒഴിവാക്കാൻ അവർ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുകയാണ്. പിശാചായ സാത്താന്റെ വഞ്ചനാത്മക വചനങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഹവ്വ അവളുടെ ജിജ്ഞാസയെ താലോലിക്കാൻ വിസമ്മതിച്ചിരുന്നെങ്കിൽ, ചരിത്രം എത്ര വ്യത്യസ്തമായിരിക്കുമായിരുന്നു എന്ന് ചിന്തിക്കുക! (ഉല്പത്തി. 3:1-6) സാത്താൻ ഹവ്വയുടെ അടുക്കൽ പ്രകടമാക്കിയ അതേ ആത്മാവ് പ്രകടിപ്പിച്ചുകൊണ്ട് “ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകൊണ്ടുപോകാൻ വളച്ചൊടിച്ച കാര്യങ്ങൾ സംസാരിക്കുന്ന ചെന്നായ്ക്കളെ” സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എഫേസോസിലെ മൂപ്പൻമാർക്ക് മുന്നറിയിപ്പു നൽകി. (പ്രവൃത്തികൾ 20:29, 30) അവർ നമ്മെ “ചൂഷണം” ചെയ്യുന്നതിന് സംവിധാനം ചെയ്ത “കപട വാക്കുകൾ” ഉപയോഗിക്കുന്നു. ഈ വാക്കുകൾ ഒരു ക്രിസ്ത്യാനിയുടെ ആത്മീയതയ്ക്ക് വിഷലിപ്തമായ ആശയങ്ങൾ വെളിപ്പെടുത്തുന്നു.—2 പത്രോസ് 2:3.
ഒരു പാനീയം വിഷലിപ്തമാണെന്ന് നിങ്ങൾ അറിഞ്ഞാൽ അതിന്റെ രുചി എന്താണെന്നറിയാൻ അഥവാ ആ വിഷം കൈകാര്യം ചെയ്യാൻ നിങ്ങളുടെ ശരീരം കരുത്തുള്ളതാണോ എന്നറിയാൻ നിങ്ങൾ ജിജ്ഞാസ നിമിത്തം അത് കുടിച്ചു നോക്കുമോ? തീർച്ചയായും ഇല്ല. അതുപോലെതന്നെ, നിങ്ങളെ വഞ്ചിക്കാനും സത്യത്തിൽനിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാനും ഉദ്ദേശ്യപൂർവ്വം സംവിധാനം ചെയ്ത വാക്കുകൾക്കായി നിങ്ങളുടെ മനസ്സ് തുറന്നുകൊടുക്കുന്നത് ബുദ്ധിപൂർവ്വകമാണോ? ഒരിക്കലുമല്ല!
ലൗകിക തത്വശാസ്ത്രങ്ങൾ സൂക്ഷിക്കുക
ജിജ്ഞാസ, ലൗകിക തത്വശാസ്ത്രങ്ങൾ ഗവേഷണം നടത്തുന്നതിലേക്ക് നമ്മെ നയിക്കുന്നെങ്കിൽ അതും നമുക്ക് ദ്രോഹം ചെയ്തേക്കാം. “മനുഷ്യാനുഭവം മുഴുവൻ, യാഥാർഥ്യത്തിന് ആധാരമായിരിക്കുന്ന കാരണങ്ങളും തത്വങ്ങളും ന്യായവാദത്തിലൂടെയും സിദ്ധാന്തത്തിലൂടെയും മനസ്സിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള മാനുഷശ്രമങ്ങൾ” എന്നാണ് തത്വശാസ്ത്രം നിർവ്വചിക്കപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, മാനുഷ തത്വശാസ്ത്രങ്ങളെ പിന്താങ്ങുന്നവർ ഒടുവിൽ “എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്താൻ കഴിയാത്ത”വരേപോലെ ആകുന്നു. (2 തിമൊഥെയോസ് 3:7) അവരുടെ പരാജയം ഒരു അടിസ്ഥാന പിശക് നിമിത്തമാണ്: അവർ ദൈവത്തിൽനിന്നുള്ള ജ്ഞാനത്തിനു പകരം മാനുഷജ്ഞാനത്തെ ആശ്രയിക്കുന്നു എന്നതുതന്നെ.
അപ്പോസ്തലനായ പൗലോസ് ഈ പിശക് തുറന്നു കാട്ടിയിട്ടുണ്ട്. അവൻ “ദൈവമുമ്പാകെ ഭോഷത്വമായ ഈ ലോകത്തിന്റെ ജ്ഞാന”ത്തെ സംബന്ധിച്ച് കൊരിന്ത്യരോട് സംസാരിച്ചു. (1 കൊരിന്ത്യർ 3:19) കൂടാതെ, “തങ്ങളുടെ ന്യായവാദങ്ങളിൽ ശൂന്യമസ്തിഷ്ക്കരായ”വർക്കെതിരെ അവൻ റോമർക്ക് മുന്നറിയിപ്പുനൽകി. (റോമർ 1:21, 22) നമുക്കുള്ള സകലതിന്റെയും ഉറവിടം യഹോവയാണ്. ഉചിതമായും “സൂക്ഷ്മപരിജ്ഞാനവും പൂർണ്ണവിവേകവും” നൽകാനും “ദൈവത്തിന്റെ അഗാധ കാര്യങ്ങൾ” നമുക്ക് വെളിപ്പെടുത്തിത്തരാനുമായി നാം അവനിലേക്കു നോക്കുന്നു. (ഫിലിപ്യർ 1:9; 1 കൊരിന്ത്യർ 2:10) ദൈവജ്ഞാനത്തിന്റെ പ്രഥമ ഉറവ് അവന്റെ വചനമായ ബൈബിളാണ്.
മാനുഷതത്വശാസ്ത്രങ്ങൾ ദൈവവചനത്തെ അവഗണിക്കുന്നതുകൊണ്ട് അവ കൈവരുത്തുന്ന അപകടങ്ങൾ നാം ഒരിക്കലും അവമതിക്കരുത്. ആധുനിക തത്വശാസ്ത്ര ചിന്താഗതി ക്രൈസ്തവലോകത്തിലെ അനേകം ഉപദേഷ്ടാക്കൻമാരെ പരിണാമോപദേശം സ്വീകരിക്കുന്നതിലേക്ക് വഴിതെററിച്ചിരിക്കുന്നു. ബുദ്ധിപരമായ ആദരണീയത നേടുന്നതിനുള്ള ഒരു ശ്രമത്തിൽ അവർ അമിത വിമർശനത്തിന് അനുകൂലമായി ബൈബിളിന്റെ നിശ്വസ്തതയിലുള്ള അവരുടെ വിശ്വാസംപോലും അവർ ഉപേക്ഷിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്ന രാഷ്ട്രീയ—സാമൂഹിക തത്വശാസ്ത്രങ്ങൾ വളരെ ഗർഭഛിദ്രങ്ങളിലേക്കും വ്യാപകമായ ലൈംഗിക ദുർമ്മാർഗ്ഗത്തിലേക്കും മയക്കുമരുന്നു ദുരുപയോഗത്തിലേക്കും മററ് നശീകരണ പ്രവണതകളിലേക്കും നയിച്ചിരിക്കുന്നു. ഭൗതികത്വ ചിന്താഗതി, ഇന്ന് മിക്ക ആളുകളെയും അവരുടെ ഭൗതിക സമ്പാദ്യങ്ങളുടെ അടിസ്ഥാനത്തിൽ വിജയവും സന്തുഷ്ടിയും അളക്കുന്നതിലേക്ക് നയിക്കുന്നു.
ഈ തത്വശാസ്ത്രങ്ങളെല്ലാം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ സന്തുഷ്ടി തേടുന്നതിനോ ഉള്ള ശ്രമങ്ങളെ പ്രതിനിധീകരിക്കുന്നു, ദൈവസഹായം കൂടാതെ മനുഷ്യ ന്യായവാദത്തിന്റെ അടിസ്ഥാനത്തിൽതന്നെ. യിരെമ്യാവ് തിരിച്ചറിഞ്ഞ അടിസ്ഥാന സത്യം അവരെല്ലാം അവഗണിക്കുന്നു: “യഹോവേ, ഭൗമീക മനുഷ്യനുള്ളതല്ല അവന്റെ വഴിയെന്ന് ഞാൻ നന്നായി അറിയുന്നു. തന്റെ കാലടിയെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” (യിരെമ്യാവ് 10:23) നമ്മുടെ സന്തുഷ്ടിയും രക്ഷയും യഹോവയിലുള്ള നമ്മുടെ ആശ്രയത്തെയും അവനോടുള്ള നമ്മുടെ അനുസരണത്തെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ചിന്തയെ ദുഷിപ്പിച്ചേക്കാവുന്നതും ഒടുവിൽ പ്രത്യാശയില്ലാത്തവരുടെ കൂട്ടത്തിലേക്ക് നമ്മെ തള്ളി വിട്ടേക്കാവുന്നതും ആയ മാനുഷ ആശയഗതികൾക്കായി മനസ്സ് തുറന്നുകൊടുത്തുകൊണ്ട് നമ്മുടെ ജിജ്ഞാസയെ അഴിച്ചുവിടുന്നതിനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കുന്നത് ജ്ഞാനത്തിന്റെ ഗതിയാണ്.
ആസന്നമായ അന്ത്യത്തെക്കുറിച്ചുള്ള ജിജ്ഞാസ
സാത്താന്റെ മത്സരത്തിന്റെ ദുഷ്ഫലങ്ങൾ നീക്കം ചെയ്യാൻ തനിക്ക് ഒരു ഉദ്ദേശ്യമുണ്ടെന്ന് യഹോവ ഏദെനിൽ വെളിപ്പെടുത്തിയതു മുതൽ അവന്റെ വിശ്വസ്തദാസൻമാർക്ക് എപ്പോഴും ദിവ്യോദ്ദേശ്യത്തിന്റെ നിർവ്വഹണം സംബന്ധിച്ച് തീവ്രമായ ജിജ്ഞാസയുണ്ടായിരുന്നിട്ടുണ്ട്. എന്തിന്, ദൂതൻമാർപോലും ഇക്കാര്യത്തിൽ ജിജ്ഞാസ കാണിച്ചിട്ടുണ്ട്. (1 പത്രോസ് 1:12) യേശുവിന്റെ നാളിൽ, അനേകർ രാജ്യം വരുന്ന കൃത്യമായ സമയം അറിയാൻ തീവ്രമായ താല്പര്യമുള്ളവരായിരുന്നു. എന്നിരുന്നാലും, അവർ അത് അറിയുന്നത് ദൈവോദ്ദേശ്യമല്ലെന്ന് യേശു ആവർത്തിച്ച് അവരോടു പറഞ്ഞു. (മത്തായി 25:13; മർക്കോസ് 13:32; പ്രവൃത്തികൾ 1:6, 7) ഒരു പ്രത്യേക തീയതി നിശ്ചയിക്കാനുള്ള ഏതു ശ്രമവും നിഷ്ഫലമായിരുന്നിട്ടുണ്ട്. അതിനുപകരം, ഓരോ ദിവസവും അടിയന്തിരതാബോധം നിലനിർത്തിക്കൊണ്ട് തങ്ങളുടെ ക്രിസ്തീയ ഉത്തരവാദിത്തങ്ങൾക്ക് ശ്രദ്ധ നൽകാൻ അവൻ ജ്ഞാനപൂർവ്വം അവരെ പ്രബോധിപ്പിച്ചു.—ലൂക്കോസ് 21:34-36.
ഇന്ന്, ലോക സംഭവങ്ങൾ അന്ത്യം ആസന്നമാണെന്നുള്ളതിന് വർദ്ധിച്ച തെളിവ് പ്രദാനം ചെയ്യുന്നു, അത് ഏത് തീയതിയിൽ സംഭവിക്കുമെന്നതു സംബന്ധിച്ച ജിജ്ഞാസയും വർദ്ധിച്ചിരിക്കുന്നു. ചില വികാസങ്ങൾ തങ്ങൾ നാളും നാഴികയും കണ്ടെത്തിയിരിക്കുന്നതായി ചിലരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രതീക്ഷകൾ സംഭവിക്കാതെ വന്നപ്പോൾ അവർക്ക് വളരെ വേദന അനുഭവപ്പെടുകയുണ്ടായി, ചിലപ്പോൾ ദൈവത്തെ സേവിക്കുന്നതിൽനിന്ന് പിൻമാറിപ്പോകുന്നതിലേക്കുപോലും അത് നയിച്ചിരിക്കുന്നു. യഹോവ തക്കസമയത്ത് അവസാനം കൈവരുത്തുമെന്ന് വിശ്വസിച്ചുകൊണ്ട് ആ വിഷയം അവന്റെ കരങ്ങളിൽ വിട്ടുകൊടുക്കുന്നത് ഏറെ മെച്ചമാണ്. ഒരുക്കമുള്ളവരായിരിക്കാൻ നമുക്ക് ആവശ്യമുള്ള സകലവും പ്രദാനം ചെയ്തിട്ടുമുണ്ട്.
സമനിലയുടെ ആവശ്യം
അതുകൊണ്ട്, ജീവിതത്തിലെ മററ് അനേകം കാര്യങ്ങളെപ്പോലെതന്നെ നമ്മുടെ ജിജ്ഞാസയും ഒരു അനുഗ്രഹമോ ശാപമോ ആയിരിക്കാൻ കഴിയും. ഉചിതമായി നയിക്കപ്പെടുന്നെങ്കിൽ, അതിന് സന്തോഷവും ഉൻമേഷവും കൈവരുത്തുന്ന പരിജ്ഞാനത്തിന്റെ അമൂല്യ രത്നങ്ങൾ വെളിപ്പെടുത്തിത്തരാൻ കഴിയും. നമ്മുടെ സ്രഷ്ടാവിനെയും അവന്റെ ഇഷ്ടത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച ആരോഗ്യാവഹമായ ഒരു ജിജ്ഞാസ വളരെ സംതൃപ്തികരവും പ്രയോജനപ്രദവും ആയിരിക്കാവുന്നതാണ്. അനിയന്ത്രിതമായ ആരോഗ്യകരമല്ലാത്ത ഒരു ജിജ്ഞാസ മാനുഷ സിദ്ധാന്തങ്ങളുടെയും ഊഹങ്ങളുടെയും ഒരു ചതുപ്പുനിലത്തിലേക്ക് നമ്മെ ആകർഷിച്ചേക്കാം, യഥാർത്ഥ വിശ്വാസത്തിനും ദൈവീക ഭക്ഷിക്കും അവിടെ അതിജീവിക്കാൻ കഴിയുകയില്ല. അതുകൊണ്ട് ചോദ്യം ചെയ്യാവുന്ന എന്തിലേക്കെങ്കിലും നിങ്ങളെ നയിക്കുന്നതിന് നിങ്ങളുടെ ജിജ്ഞാസ ഭീഷണി പ്രയോഗിക്കുമ്പോൾ, “നിങ്ങൾ വഴിതെററിക്കപ്പെട്ട് . . . നിങ്ങളുടെ സ്ഥിരതയിൽ നിന്ന് വീണുപോകാതിരിക്കാൻ ജാഗ്രത പാലിക്കുക.”—2 പത്രോസ് 3:17. (w87 2/1)