മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 5: പൊ. യു. മു. 1000-31. യോഗ്യതയില്ലാത്ത കാല്പനിക ദൈവങ്ങൾ
“സകല മതത്തിന്റെയും ഉത്ഭവം ഏഷ്യയിലാണ്.”—ജാപ്പനീസ് പഴമൊഴി
ജപ്പാൻകാർ പറയുന്നതു സത്യമാണ്. മതത്തിന്റെ വേരുകൾ ഏഷ്യയിൽ കണ്ടെത്താവുന്നതാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ലോകത്തിലെ മതങ്ങളിൽ കാണപ്പെടുന്ന അടിസ്ഥാന മതോപദേശങ്ങളും ആചാരങ്ങളും ഏഷ്യയിൽ സ്ഥിതിചെയ്യുന്ന പുരാതന ബാബിലോനിൽനിന്നാണ് പുറപ്പെട്ടത്.
ഇതു സ്ഥിരീകരിച്ചുകൊണ്ട് ബാബിലോണിയായിലെയും അസ്സീറിയായിലെയും മതം എന്ന പുസ്തകം പറയുന്നു: “ഈജിപ്ററിലും പേർഷ്യയിലും ഗ്രീസിലും ബാബിലോണിയൻമതത്തിന്റെ സ്വാധീനം അനുഭവപ്പെട്ടു . . . ആദിമ ഗ്രീക്ക്പുരാണത്തിലും ഗ്രീഷ്യൻ വിശ്വാസപദ്ധതികളിലുമുള്ള ശക്തമായ ശേമ്യഘടകങ്ങളുടെ കലർപ്പ് കൂടുതലായ വിശദീകരണം ആവശ്യമില്ലാത്തവിധം പണ്ഡിതൻമാരാൽ പൊതുവേ സമ്മതിക്കപ്പെട്ടിരിക്കുകയാണ്. ഈ ശേമ്യഘടകങ്ങൾ, ഒരു വലിയ അളവിൽ, കൂടുതൽ കൃത്യമായി ബാബിലോണിയായിലേതാണ്.”
ഗ്രീക്ക് പുരാണത്തിലെ ബാബിലോന്യഘടകങ്ങൾ ആദിമ ഗ്രീക്ക്മതത്തിലേക്ക് അനായാസം ആഗിരണംചെയ്യപ്പെട്ടു. ദി എൻസൈക്ലോപ്പീഡിയാ ഓഫ റിലിജിയൻ പറയുന്നതനുസരിച്ച് അതിന് “എക്കാലത്തേക്കുമായി സത്യം ഉറപ്പിക്കപ്പെട്ടിരുന്ന വിശുദ്ധഗ്രന്ഥം ഇല്ലായിരുന്നു. . . കർമ്മങ്ങൾചെയ്യുന്ന ഒരു വ്യക്തി കുട്ടിക്കാലത്തു പഠിക്കുന്ന കഥകളുടെ ഒരു വിപുലമായ ശേഖരം വിശ്വസിച്ചാൽ മതിയായിരുന്നു. ഈ കഥകളിലോരോന്നും അനേകം ഭാഷ്യങ്ങളിൽ സ്ഥിതിചെയ്തിരുന്നു, അത് വിപുലമായ വ്യാഖ്യാനത്തിന് ഇടംനൽകി.”
ഒരുപക്ഷേ ക്രി.മു. എട്ടാം നൂററാണ്ടിലെയോ ഒൻപതാം നൂററാണ്ടിലെയോ കീർത്തിപ്പെട്ട ഗ്രീക്ക് കവിയായിരുന്ന ഹോമറിന്റെ ഇലിയഡിലെയും ഒഡീസിയിലെയും കഥകൾ അങ്ങനെയുള്ളവയുടെ മാതൃകയായിരുന്നു. ഒളിംബസ്മലയിലെ കാല്പനികദൈവങ്ങളും വീരൻമാരായി പൂജിക്കപ്പെട്ടിരുന്ന ദൈവസമാന മാദ്ധ്യസ്ഥ മർത്ത്യർ ഉൾപ്പെടെയുള്ള മനുഷ്യരും തമ്മിലുള്ള ബന്ധങ്ങളെ പ്രദീപ്തമാക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ ഗ്രീക്ക്മതത്തിന് ആശ്രയിക്കാവുന്ന ഒരു അനായാസ ഉറവായിത്തീർന്നു. അതുകൊണ്ടാണ് “പുരാണവും മതവും കയറിയിറങ്ങി കിടക്കുന്നു” എന്ന് എഴുത്തുകാരനായ ജി. എസ്. കേർക്ക് വിശദീകരിക്കുന്നത്.
ഗ്രീക്ക്മതം മററ് ഉറവുകളെയും ആശ്രയിച്ചു. “പ്രത്യേക തീക്ഷ്ണതയോടെ നിഗൂഢ മതങ്ങളെ അനുകൂലിച്ച യവനലോകം [ഈജിപ്ററിൽനിന്ന്] ഓസിറിസിന്റെയും ഐസിസിന്റെയും ഹോറസിന്റെയും ആരാധനകൾ സ്വീകരിച്ചു” എന്ന് ദി ന്യൂ എൻന്ധൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക ചൂണ്ടികാണിക്കുന്നു. അവിടെനിന്ന് “അവ മുഴു റോമൻസാമ്രാജ്യത്തിലും വ്യാപിച്ചു.” ഇത് എങ്ങനെ സംഭവിച്ചു?
ഗ്രീക്ക പുരാണം റോമായെ അടിമയാക്കുന്നു
റോമാക്കാരുടെ ആദിമ പൂർവികർ സകല തരം ഭൗതികരൂപങ്ങളിലും വസിക്കുന്ന അമൂർത്ത ആത്മാക്കളാണ് ദൈവങ്ങളെന്നു വിശ്വസിച്ച ഒരു ലളിതമായ മതമാണ് ആചരിച്ചിരുന്നത്. അത് ശകുനങ്ങളെയും ചെടികളുടെ അല്ലെങ്കിൽ മൃഗങ്ങളുടെ മാന്ത്രികഗുണങ്ങളെയും അംഗീകരിച്ച അന്ധവിശ്വാസമതമായിരുന്നു. അത് ഡിസംബറിലെ സാററർനേലിയാപോലെയുള്ള വാർഷിക ഉത്സവങ്ങൾ നടത്തിയിരുന്നു, ആ സമയത്ത് ആളുകൾ സമ്മാനങ്ങൾ കൈമാറിയിരുന്നു. ഇംപീരിയൽ റോം എന്ന പുസ്തകം “ആത്മീയത്തിന് അധികം ഊന്നൽ കൊടുക്കാത്ത സമ്പ്രദായത്തിന്റെയും കർമ്മത്തിന്റെയും ഒരു മതം” എന്ന് അതിനെ വർണ്ണിക്കുന്നു. റോമാക്കാരൻ തന്റെ ദൈവങ്ങളുമായി ഒരു കരാർ ചെയ്തു—നീ എനിക്കുവേണ്ടി ചിലതു ചെയ്യുക, എന്നാൽ ഞാൻ നിനക്കുവേണ്ടി ചിലതു ചെയ്യാം. അവന്റെ മതം അധികമായും ആ ഇടപാടിന്റെ സസൂക്ഷ്മമായ അനുഷ്ഠാനമായിരുന്നു.” ഇത് ആത്മീയമായി വ്യർത്ഥമായ ഒരു മതം കൈവരുത്തുകയും റോമാക്കാർ മറെറവിടെയെങ്കിലും ആത്മീയ പോഷണം തേടാനിടയാക്കുകയും ചെയ്തു.
കൂടുതൽ വിപുലമായ മതാനുഷ്ഠാനങ്ങളും ക്ഷേത്രങ്ങളുടെയും പ്രതിമകളുടെയും ബിംബങ്ങളുടെയും ഉപയോഗവും പിന്നീട് എട്രൂസ്ക്കൻസ്a ആണ് അവതരിപ്പിച്ചത്. അവർതന്നെയായിരുന്നു “ഗ്രീക്ക് ദൈവങ്ങളും ദേവികളുമായുള്ള റോമായുടെ ഗണ്യമായ ആദിമസമ്പർക്കത്തിനിടയാക്കിയത്, അവരിലനേകരെ റോമാക്കാർ ഒടുവിൽ യഥാർത്ഥത്തിൽ മാററമില്ലാതെ സ്വീകരിച്ചു”വെന്ന് അതേ പുസ്തകം പറയുന്നു. “റോമിലെ മതം അനേകം മുഖങ്ങളും നാമങ്ങളുമുള്ളതായിരുന്നു”വെന്ന് അധികം താമസിയാതെ പറയാൻകഴിയുമായിരുന്നു. “റോമാക്കാർ ദിഗ്വിജയത്തിലൂടെയോ വാണിജ്യത്തിലൂടെയോ അഭിമുഖീകരിച്ച ഓരോ പുതിയ ജനവും റോമൻ ദൈവഗണങ്ങളെ വർദ്ധിപ്പിച്ചതായി തോന്നുന്നു.”
ആദിമ റോമാവൈദികർ ആത്മീയ നേതാക്കളോ ധാർമ്മികനേതാക്കളോ ആയിരിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. അവർ “ദൈവത്തെ സംബോധനചെയ്യുന്ന ശരിയായ രീതിയും അവന്റെ ആരാധനയോടു ബന്ധപ്പെട്ട വിലക്കുകളും സങ്കീർണ്ണമായ പൂജാവിധികളും” അറിഞ്ഞിരുന്നാൽ മതിയായിരുന്നുവെന്ന് ഇമ്പീരിയൽ റോം പറയുന്നു. പ്രാകൃതർ എന്ന് അറിയപ്പെട്ടിരുന്നവരും ഉയർന്ന ഉദ്യോഗം വഹിക്കാൻ അയോഗ്യരുമായിരുന്ന സമാന്യജനത്തിൽനിന്നു വ്യത്യസ്തരായി പ്രമുഖവൈദികർക്ക് ഗംഭീരമായ രാഷ്ട്രീയ സാമൂഹിക അധികാരങ്ങൾ ആർജ്ജിക്കാൻ കഴിയുമായിരുന്നു.
അങ്ങനെ, ഹോമറുടെ കാലം മുതൽ ഗ്രീക്ക്പുരാണം ഗ്രീസിലെയും റോമായിലെയും മതങ്ങളെ വളരെ ശക്തമായി സ്വാധീനിച്ചതുകൊണ്ട് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ പറയുന്നു: “പാശ്ചാത്യമമനുഷ്യന്റെ ബൗദ്ധികവും കലാപരവും വൈകാരികവുമായ ചരിത്രത്തിലെ ഗ്രീക്ക് പുരാണത്തിന്റെ പ്രാധാന്യത്തെ എത്ര മതിച്ചാലും അധികമാകുകയില്ല.” മതപരമായി പറഞ്ഞാലും, ക്രി.മു. ഒന്നാം നൂററാണ്ടിലെ ഒരു ലാററിൻ കവിയായ ഹൊറേസ് “അടിമയായ ഗ്രീസ്, റോമായെ അടിമയാക്കി”യെന്നു പറഞ്ഞത് ശരിയായിരുന്നു.
മുന്നേറിയ ഒരു ഗ്രീക്ക ദൈവം
അലക്സാണ്ടർ മൂന്നാമൻ ക്രി.മു. 356-ൽ മാസിഡോണിയായിലെ പെല്ലായിൽ ജനിച്ചു. രാജകീയസാഹചര്യങ്ങളിൽ വളർത്തപ്പെട്ട അദ്ദേഹത്തിന്റെ ഗുരുവായിരുന്നു പ്രസിദ്ധ ഗ്രീക്ക്തത്വചിന്തകനായിരുന്ന അരിസ്റേറാട്ടിൽ. അദ്ദേഹം തത്വശാസ്ത്രത്തിലും ചികിൽസയിലും ശാസ്ത്രത്തിലും അഭിരുചി വളർത്തിയെടുക്കാൻ അലക്സാണ്ടറെ സഹായിച്ചു. അരിസ്റേറാട്ടിലിന്റെ തത്വശാസ്ത്രോപദേശങ്ങൾ അലക്സണ്ടറിന്റെ ചിന്താരീതിയെ എത്രത്തോളം രൂപപ്പെടുത്തിയെന്നുള്ളത് ഒരു വിവാദവിഷയമാണ്. എന്നാൽ അയാളുടെമേൽ ഹോമറിനുണ്ടായിരുന്ന ഫലത്തെക്കുറിച്ച് സംശയമില്ല, എന്തുകൊണ്ടെന്നാൽ ഒരു ആർത്തിയുള്ള വായനക്കാരനെന്ന നിലയിൽ അലക്സാണ്ടർക്ക് ഹോമറിന്റെ പുരാണ എഴുത്തുകളോട് ഒരു പ്രത്യേക കമ്പമുണ്ടായിരുന്നു. യഥാർത്ഥത്തിൽ, അദ്ദേഹം ഇലിയഡ കാണാപ്പാഠം പഠിച്ചിരുന്നതായി അവകാശപ്പെടുന്നുണ്ട്. ഇതിൽ 15,693 കവിതാവരികൾ ഓർമ്മിയിൽവെക്കുന്നത് ഉൾപ്പെട്ടിരുന്നതുകൊണ്ട് അത് ചെറിയ ഒരു അഭ്യാസമല്ലായിരുന്നു.
അദ്ദേഹത്തിന്റെ പിതാവു വധിക്കപ്പെട്ട ശേഷം, 20-ാം വയസ്സിൽ അലക്സാണ്ടർ മാസിഡോണിയൻ സിംഹാസനത്തിൽ പിൻഗാമിയായി. പെട്ടെന്നുതന്നെ അദ്ദേഹം ദിഗ്വിജയത്തിന് ഇറങ്ങിപ്പുറപ്പെട്ടു, അത് ഒടുവിൽ അദ്ദേഹത്തിന് മഹാനായ അലക്സാണ്ടർ എന്ന സ്ഥാനപ്പേർ നേടിക്കൊടുത്തു. എക്കാലത്തെയും ഏററവും വലിയ സൈനികമേധാവികളിലൊരാൾ എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ മാഹാത്മ്യം അദ്ദേഹത്തെ ദൈവത്വത്തിലേക്ക് ഉയർത്തി. അദ്ദേഹത്തിന്റെ മരണത്തിനു മുമ്പും പിമ്പും അദ്ദേഹത്തിനു ദൈവത്വം ആരോപിക്കപ്പെട്ടു.
അലക്സാണ്ടർ പേർഷ്യക്കാരെ ഈജിപ്ററിൽനിന്നു തുരത്തി. അവിടെ അദ്ദേഹം വിമോചകനായി വാഴ്ത്തപ്പെട്ടു. മനുഷ്യനും മിത്തും മാജിക്കും എന്ന പുസ്തകം പറയുന്നു: “അദ്ദേഹം ഫറവോനായി അംഗീകരിക്കപ്പെട്ടു. അദ്ദേഹം അമ്മോൻദൈവത്തിന്റെ വെളിപ്പാടിൻസ്ഥലം സന്ദർശിച്ചപ്പോൾ . . . അദ്ദേഹം ‘അമ്മോന്റെ പുത്ര’നെന്ന നിലയിൽ പുരോഹിതനാൽ ഔപചാരികമായി വാഴ്ത്തപ്പെട്ടു.” തെളിവനുസരിച്ച് ഈ സംഭവമാണ് അദ്ദേഹം യവന ദൈവഗണത്തിലെ മുഖ്യദൈവമായ സ്യൂസിന്റെ പുത്രനാണെന്നുള്ള കഥക്ക് കാരണം.
അലക്സാണ്ടർ കിഴക്കോട്ട് നീങ്ങുകയും ഒടുവിൽ ഇൻഡ്യയുടെ ഭാഗങ്ങളിലെത്തുകയുംചെയ്തു. വഴിമദ്ധ്യേ അദ്ദേഹം ബാബിലോനെ കീഴടക്കി. അവിടെനിന്നാണ് അദ്ദേഹത്തിന്റെ സ്വദേശത്തെ പുരാണത്തിലും മതത്തിലും കാണപ്പെടുന്ന ആശയങ്ങളിലനേകവും വന്നത്. അതുകൊണ്ട് അതിനെ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കാൻ അദ്ദേഹം ആസൂത്രണംചെയ്തത് ഉചിതമായിരുന്നു. എന്നാൽ 12 വർഷത്തിൽ അല്പംകൂടെ മാത്രം വാണശേഷം ക്രി.മു. 323 ജൂൺ 13ന് മഹാനായ ഗ്രീക്ക് ദൈവം 32-ാം വയസ്സിൽ മരിച്ചുവീണു!
പൂജിതനായ ഒരു റോമൻദൈവം
അലക്സാണ്ടറുടെ കീഴിൽ ഗ്രീസ് ലോകാധിപത്യത്തിന്റെ കൊടുമുടിയിലെത്തുന്നതിന് നൂററാണ്ടുകൾക്കുമുമ്പ് ക്രി.മു. എട്ടാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ അടുത്തുള്ള ഇററലി എന്ന ഉപദ്വീപിൽ റോമാനഗരം സ്ഥാപിക്കപ്പെട്ടിരുന്നു. അലക്സാണ്ടറിന്റെ മരണശേഷം ലോകാധിപത്യം സാവധാനത്തിൽ റോമിന്റെ ദിശയിലേക്കു മാറി. റോമൻസംസ്ഥാനത്തലവനായിരുന്ന ജനറൽ ജൂലിയസ് സീസർ ക്രി.മു. 44-ൽ വധിക്കപ്പെട്ടു. ഏതാണ്ട് 13 വർഷത്തെ അസ്വസ്ഥതക്കു ശേഷം അദ്ദേഹത്തിന്റെ ദത്തുപുത്രനായിരുന്ന ഒക്ടേവിയസ് തന്റെ എതിരാളികളെ പരാജയപ്പെടുത്തുകയും ക്രി.മു. 31-ൽ റോമാസാമ്രാജ്യം സ്ഥാപിക്കാൻ മുന്നോട്ടുനീങ്ങുകയുംചെയ്തു.
ഇമ്പീരിയൽ റോം ഒക്ടേവിയനെ “റോമിലെ അനേകം ചക്രവർത്തിമാരിൽ ഏററവും മഹാൻ” എന്നു വിളിക്കുകയും “റോമാക്കാർ അദ്ദേഹത്തെ ‘പൂജിതൻ’ എന്നർത്ഥമുള്ള ആഗസ്തൂസ് എന്നു വിളിച്ചുവെന്നും ഗ്രാമീണർ അദ്ദേഹത്തെ ഒരു ദൈവമായി വാഴ്ത്തിയെന്നും” പറയുകയും ചെയ്യുന്നു. ഈ അഭിപ്രായങ്ങളെ സ്ഥിരീകരിക്കാനെന്നപോലെ, ആഗസ്തൂസ് തന്റെയും തനിക്കുമുമ്പേ പോയ അലക്സാണ്ടറുടെയും സാദൃശ്യങ്ങൾ വഹിക്കുന്ന മുദ്രമോതിരങ്ങൾ നിർമ്മിച്ചിരുന്നു. പിന്നീട് റോമൻ സെനററ് ആഗസ്തൂസിനെ ദൈവീകരിച്ചു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സാമ്രാജ്യത്തിലുടനീളം ക്ഷേത്രങ്ങൾ പണിയപ്പെട്ടു.
അവർ നാമത്തിന അർഹരായിരുന്നോ?
ഇന്ന് ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള പ്രത്യാശകൾ റോമാദൈവങ്ങളുടെയോ ഗ്രീക്ക് ദൈവങ്ങളുടെയോ കൈകളിലർപ്പിക്കുകയില്ല—ഒളിമ്പസ്മലയിൽനിന്ന് ഭരിച്ച പുരാണദൈവങ്ങളിലോ രാഷ്ട്രീയ സിംഹാസനങ്ങളിൽനിന്നു ഭരിച്ച യഥാർത്ഥ മനുഷ്യദൈവങ്ങളിലോ അർപ്പിക്കുകയില്ല. എന്നിരുന്നാലും, വ്യാജമതം ഏഷ്യയിലെ അവയുടെ ഉത്ഭവം മുതൽ ഇന്നുവരെയും, പേരുണ്ടെങ്കിലും യോഗ്യതയില്ലാത്ത കാല്പനിക ദൈവങ്ങളിൽ വിശ്വാസമർപ്പിക്കുന്നതിലേക്ക് ജനങ്ങളെ വഴിതെററിക്കുന്നതിൽ തുടരുകയാണ്. ഉചിതമായിത്തന്നെ അലക്സാണ്ടറുടെ പ്രിയപ്പെട്ട ഹോമർ ഇലിയഡിൽ ഇങ്ങനെ എഴുതി: “യോഗ്യതയില്ലാത്ത നാമം എത്ര വ്യർത്ഥം.”
പുരാതന ഗ്രീക്കുകാർ ഇലിയഡിനെ “ധാർമ്മികവും പ്രായോഗികവും പോലുമായ ഉദ്ബോധനത്തിന്റെ ഉറവായി” വീക്ഷിച്ചിരുന്നുവെന്ന് പറയപ്പെട്ടിരിക്കുന്നു. ഇന്ന്, സമാനമായി കരുതപ്പെടുന്ന മററനേകം എഴുത്തുകളുണ്ട്. അത്തരം ബസ്ററ് സെല്ലറുകളായ മതഗ്രന്ഥങ്ങളെ എത്ര ഉചിതമായി വിലയിരുത്തണമെന്നുള്ളതായിരിക്കും ഞങ്ങളുടെ ജൂൺ 8-ലെ ലക്കത്തിലെ ലേഖനത്തിന്റെ വിഷയം. (g89 3⁄8)
[അടിക്കുറിപ്പുകൾ]
a എട്രൂസ്ക്കൻസിന്റെ ഉത്ഭവം വിവാദപരമാണ്, എന്നാൽ ഏററവും വിപുലമായി പിന്താങ്ങപ്പെടുന്ന സിദ്ധാന്തം അവർ ക്രി.മു. ഏഴാം നൂററാണ്ടിലോ എട്ടാം നൂററാണ്ടിലോ ഈജിയോ-ഏഷ്യൻ പ്രദേശത്തുനിന്ന് ഇററലിയിൽ കുടിയേറിയവരാണെന്നുള്ളതാണ്, ഒരു ഏഷ്യൻ സംസ്ക്കാരവും മതവും അവർ കൂടെ കൊണ്ടുപോന്നെന്നും.
[27-ാം പേജിലെ ചതുരം]
വ്യാപകമായിരുന്ന ഗ്രീക്ക് ഭക്തി
പുരാതന ഗ്രീക്കുകാർക്ക് മതത്തിന് പ്രത്യേക പദമില്ലായിരുന്നു. അവർ യൂസേബിയ എന്ന പദം ഉപയോഗിച്ചു. അതിനെ “ഭക്തി” എന്നോ “ദൈവങ്ങളെ സംബന്ധിച്ച ശരിയായ നടത്ത” എന്നോ “നല്ല പൂജ” എന്നോ “ദൈവികഭക്തി” എന്നോ വിവർത്തനംചെയ്യാൻ കഴിയും.b
ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഗ്രീക്ക്മതം, അതിന്റെ വികസിതരൂപത്തിൽ ഹോമറിന്റെ കാലം മുതൽ (ഒരുപക്ഷേ ക്രി.മു. 9-ാം നൂററാണ്ടോ 8-ാം നൂററാണ്ടോ) ജൂലിയൻ ചക്രവർത്തിയുടെ (ക്രി.വ. 4-ാം നൂററാണ്ട്) വാഴ്ചവരെ ഒരു ആയിരത്തിൽപരം വർഷം നിലനിന്നു, അതിന്റെ ഉത്ഭവം അതിവിദൂരയുഗങ്ങളിൽ കണ്ടെത്താമെങ്കിലും. ആ കാലഘട്ടത്തിൽ അതിന്റെ സ്വാധീനം പടിഞ്ഞാറ് സ്പെയിൻ വരെയും കിഴക്ക് ഇൻഡസ് വരെയും മെഡിറററേനിയൻ ലോകത്തുടനീളവും വ്യാപിച്ചു. അതിന്റെ ഫലം റോമാക്കാരിൽ അതീവശ്രദ്ധേയമായിരുന്നു. അവർ തങ്ങളുടെ ദൈവങ്ങളെ ഗ്രീക്ക്ദൈവങ്ങൾ തന്നെയായി കണ്ടെത്തി. ക്രിസ്ത്യാനിത്വത്തിൻ കീഴിൽ ഗ്രീക്ക്വീരൻമാരും ദൈവങ്ങൾപോലും പുണ്യവാളൻമാരായി അതിജീവിച്ചു, അതേസമയം ദക്ഷിണ യൂറോപ്യൻ സമൂഹങ്ങളിലെ വിമത മഡോണാകൾ തദ്ദേശവിശ്വാസപദ്ധതികളുടെ സ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിച്ചു.”
ആദിമ ക്രിസ്ത്യാനികൾക്ക് ഗ്രീക്ക്, റോമൻ ദൈവങ്ങളുടെ ആരാധകരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ബൈബിൾവിവരണം നമ്മോടിങ്ങനെ പറയുന്നു: “ജനക്കൂട്ടങ്ങൾ പൗലോസ് ചെയ്തത് കണ്ടുകൊണ്ട് തങ്ങളുടെ ശബ്ദങ്ങളുയർത്തുകയും: ‘ദൈവങ്ങൾ മനുഷ്യരെപ്പോലെ ആകുകയും നമ്മുടെയടുക്കൽ ഇറങ്ങിവരികയും ചെയ്തിരിക്കുന്നു’ എന്ന് ലുക്കവോന്യഭാഷയിൽ പറയുകയും ചെയ്തു. അവർ ബർന്നബാസിനെ സ്യൂസ് എന്നും [ഗ്രീക്ക് ദൈവഗണത്തിലെ അദ്ധ്യക്ഷദൈവം] എന്നാൽ പൗലോസിനെ ഹെർമ്മിസ് [മററു ദൈവങ്ങളുടെ സന്ദേശവാഹകനായി സേവിച്ച ദൈവം] എന്നും വിളിച്ചു, കാരണം സംസാരത്തിൽ നേതൃത്വം വഹിച്ചതവനായിരുന്നു. നഗരത്തിൽ ക്ഷേത്രമുണ്ടായിരുന്ന സ്യൂസിന്റെ പുരോഹിതൻ പടിവാതിൽക്കലേക്ക് കാളകളേയും മാലകളും കൊണ്ടുവരികയും ജനക്കൂട്ടങ്ങളുമായി ചേർന്ന് യാഗങ്ങൾ അർപ്പിക്കാൻ ആഗ്രഹിക്കയും ചെയ്തു. എന്നിരുന്നാലും അപ്പോസ്തലൻമാരായ ബർന്നബാസും പൗലോസും അതിനേക്കുറിച്ചു കേട്ടപ്പോൾ തങ്ങളുടെ മേലങ്കികൾ കീറി ജനക്കൂട്ടത്തിലേക്ക് ചാടിയിറങ്ങിക്കൊണ്ട് ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘പുരുഷൻമാരേ, നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുന്നതെന്തിന്? ഞങ്ങൾ നിങ്ങളേപ്പോലെ അതേ ദൗർബല്യങ്ങളുള്ള മനുഷ്യർ തന്നെയാണ്. നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളിൽനിന്ന് ആകാശത്തേയും ഭൂമിയെയും സമുദ്രത്തെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിലേക്ക് തിരിയേണ്ടതിന് നിങ്ങളോട് സുവാർത്ത അറിയിക്കുകയുമാകുന്നു.’”—പ്രവൃത്തികൾ 14:11-15. (g89 3/8)
[അടിക്കുറിപ്പുകൾ]
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി പ്രസിദ്ധീകരിച്ച ഗ്രീക്ക് തിരുവെഴുത്തുകളുടെ രാജ്യവരിമദ്ധ്യ ഭാഷാന്തരത്തിൽ 1 തിമൊഥെയോസ് 4:7, 8 കാണുക.
[28-ാം പേജിലെ ചാർട്ട്/ചിത്രങ്ങൾ]
ഗ്രീക്ക്, റോമൻ ദൈവങ്ങൾ
ഗ്രീക്ക്പുരാണത്തിലെ അനേകം ദൈവങ്ങൾക്കും ദേവിമാർക്കും റോമൻപുരാണത്തിലെ സമാനസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. താഴെക്കൊടുക്കുന്ന പട്ടിക പ്രധാനപ്പെട്ട ചില ഗ്രീക്ക്, റോമൻ ദൈവങ്ങളുടെ ലിസ്ററ് നൽകുന്നു.
ഗ്രീക്ക് റോമൻ സ്ഥാനം
അഫ്രോഡൈററ് വീനസ് പ്രേമദേവത
അപ്പോളൊ അപ്പോളൊ വെളിച്ചത്തിന്റെയും ഔഷധത്തിന്റെയും കവിതയുടെയും ദൈവം
ഏരിസ് മാഴ്സ് യുദ്ധദേവൻ
അർത്തേമിസ് ഡയാന നായാട്ടിന്റെയും ശിശുജനനത്തിന്റെയും ദേവി
ആസ്ക്ലിപ്പിയസ് ഈസ്കുലാപ്പിയസ് രോഗശാന്തിയുടെ ദൈവം
അഥീന മിനർവ കലയുടെയും യുദ്ധത്തിന്റെയും ജ്ഞാനത്തിന്റെയും ദേവി
ക്രോണസ് സാറേറൺ ഗ്രീക്ക്പുരാണത്തിൽ അസുരൻമാരുടെ ഭരണകർത്താവും സ്യൂസിന്റെ പിതാവും; റോമൻ പുരാണത്തിൽ കാർഷികദൈവവും
ഡമററർ സെറിസ് വളരുന്ന വസ്തുക്കളുടെ ദേവി
ഡയനീഷ്യസ് ബാക്കസ് വീഞ്ഞിന്റെയും ഫലപുഷ്ടിയുടെയും വന്യപ്രവർത്തനത്തിന്റെയും ദൈവം
ഈറോസ് ക്യൂപ്പിഡ് കാമദേവൻ
ഗിയാ ടെറാ ഭൂമിയുടെ പ്രതീകം, യുറാനസിന്റെ അമ്മയും ഭാര്യയും
ഹെഫീസ്ററസ് വൾക്കൻ ദൈവങ്ങളുടെ കൊല്ലനും തീയുടെയും ലോഹവേലയുടെയും ദൈവവും.
ഹെറാ ജൂണോ വിവാഹത്തിന്റെയും സ്ത്രീകളുടെയും സംരക്ഷകൻ. ഗ്രീക്കുപുരാണത്തിൽ സ്യൂസിന്റെ സഹോദരിയും ഭാര്യയും; റോമൻ പുരാണത്തിൽ ജൂപ്പിറററിന്റെ ഭാര്യ
ഹെർമിസ് മെർക്കുറി ദൈവങ്ങളുടെ സന്ദേശവാഹകൻ; വാണിജ്യത്തിന്റേയും ശാസ്ത്രത്തിന്റെയും ദൈവം; സഞ്ചാരികളുടെയും മോഷ്ടാക്കളുടെയും നാടുതെണ്ടികളുടെയും സംരക്ഷകൻ
ഹെസ്ററിയാ വെസ്ററാ കുടുംബദേവി
ഹിപ്പ്നോസ് സോംനെസ് നിദ്രാദേവി
പ്ലൂട്ടോ പ്ലൂട്ടോ അധോലോകത്തിന്റെ ദൈവം അല്ലെങ്കിൽ ഹേഡീസ്
പോസിഡോൺ നെപ്ട്യൂൺ സമുദ്ര ദൈവം. ഗ്രീക്ക്പുരാണത്തിൽ ഭൂകമ്പങ്ങളുടെയും കുതിരകളുടെയും കൂടെ ദൈവം
റിയാ ഓപ്സ് ക്രോണസ്സിന്റെ ഭാര്യയും സഹോദരിയും
യുറാനസ്സ് യുറാനസ്സ് റിയായുടെ പുത്രനും ഭർത്താവും അസുരൻമാരുടെ പിതാവും
സ്യൂസ് ജൂപ്പിററർ ദൈവങ്ങളുടെ ഭരണാധികാരി
അവലംബം: “ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ,” 1987-ലെ പതിപ്പ്, വാല്യം 13, പേജ് 820
[ചിത്രങ്ങൾ]
ഹെർമിസ്
ഡയാനാ
ആസ്ക്ലിപ്പിയസ്
ജൂപ്പിററർ
[കടപ്പാട്]
ചിത്രങ്ങളുടെ ഉറവുകൾ: ഹെർമിസ്, ഡയനാ, ജൂപ്പിററർ—ലണ്ടനിലെ ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിന്റെ ഔദാര്യം.
ആസ്ക്ലിപ്പിയസ്—ഗ്രീസിലെ ഏതൻസിലുള്ള ദേശീയ പുരാവസ്തുശാസ്ത്ര കാഴ്ചബംഗ്ലാവ്
[28-ാം പേജിലെ ചിത്രം]
യുദ്ധത്തിന്റെയും ജ്ഞാനത്തിന്റെയും ദേവിയായ അഥീനാ—ജർമ്മനി, വീസലിലെ നഗരഗേററിങ്കലെ പ്രതിമ