ലോകത്തെ വീക്ഷിക്കൽ
യു. എസ്സ്. എസ്സ്. ആറിലേക്ക് ബൈബിളുകൾ ഒഴുകുന്നു.
സോവിയററ് യുണിയനിലേക്കുള്ള ബൈബിളുകളുടെ ഒഴുക്ക് ഒരു ചെറിയ ചാലിൽ നിന്ന് ഒരു പ്രളയനദിയായി മാറിയിരിക്കുന്നു. മോസ്ക്കോയിൽ 20 ബൈബിളുകൾ വില്പനക്ക് വച്ചപ്പോൾ വ്ളാഡിമിർ എന്നു പേരായ ഒരു യുവ എൻജീനിയർ ഇപ്രകാരം ആശ്ചര്യം പ്രകടിപ്പിച്ചതായി ജപ്പാനിൽനിന്നുള്ള 1988 മെയ് ലക്കം ദി മൈനിച്ചി ഡെയിലി ന്യൂസ് റിപ്പോർട്ട് ചെയ്തു: “എന്റെ ആയുസ്സിൽ ഒരു പുസ്തകശാലയിലും ഞാൻ ഒരു ബൈബിൾ കണ്ടിട്ടില്ല.” ലോസ് എയിഞ്ചൽസ് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് 1985നും 1987നും ഇടയ്ക്ക് 20,000 ബൈബിളുകൾ മാത്രം ഇറക്കുമതി ചെയ്യാനേ സേവിയററ് ഗവൺമെൻറ് അനുവദിച്ചുള്ളു. പിന്നീട്, 1988ലെ ശരത്കാലത്ത് യു. എസ്സ്. എസ്സ്. ആർ 1,00,000 ബൈബിളുകൾ സ്വീകരിച്ചതായി വാർത്ത വന്നു. (1990 ജനുവരി 8ലെ എവേയ്ക്ക്! കാണുക.) 1988 ഒടുവിലത്തെ കണക്കുകൾ കാണിക്കുന്നത് യൂറോപ്പിൽ നിന്ന് 5,00,000 ബൈബിളുകളും പുതിയനിയമപുസ്തകങ്ങളും അയയ്ക്കപ്പെട്ടതായിട്ടാണ്. അതിലും നാടകീയമായ സംഗതി യു. എസ്സ്. എസ്സ്. ആർ മുമ്പ് സേവിയററ് പ്രദേശത്തേക്ക് ബൈബിളുകൾ ഒളിച്ചു കടത്തിയിരുന്നതായി അറിയപ്പെട്ടിരുന്ന രണ്ടു പാശ്ചാത്യ ഉറവിടങ്ങളിൽ നിന്നുള്ള 20 ലക്ഷം ബൈബിളുകൾ സ്വീകരിച്ചിരിക്കുന്നു എന്നതാണ്.
ഭോപ്പാൽ ദുരന്തത്തിന്റെ അനന്തര ദുഷ്ഫലങ്ങൾ
ഇൻഡ്യയിലെ ഭോപ്പാലിൽ നാലുവർഷങ്ങൾക്ക് മുമ്പ് ഒരു യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ നിന്നുണ്ടായ മാരകമായ വിഷവാതക ചോർച്ചയ്ക്ക് ഇരയായിതീർന്നവരുടെ ദുരന്തം ഇപ്പോഴും അവസാനിക്കാറായിട്ടില്ല. മീതയിൽ ഐസോ-സയനെയിററ് എന്ന വിഷവാതകം 1984 ഡിസംബറിൽ 1,800 പേരെ കൊന്നു, എന്നാൽ 1988 അവസാനമായപ്പോഴേക്കും മരിച്ചവരുടെ എണ്ണം 3,289 ആയി ഉയർന്നു—ചോർച്ച കഴിഞ്ഞ് ഓരോ ദിവസവും ശരാശരി ഒരാൾ വച്ച് മരിച്ചു എന്ന് ഇൻഡ്യ ററുഡേ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. “ഇനിയും പതിനായിരക്കണക്കിനാളുകൾ” ഒരു “സാവധാന മരണത്തിന്” വിധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആ മാസിക ഇപ്രകാരം നിരീക്ഷിക്കുന്നു: “അതിജീവിച്ച ചിലർ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. ആശ്വാസവും നഷ്ടപരിഹാരവും ലഭിക്കാനുള്ള പ്രതീക്ഷ അകന്നകന്ന് പോകുന്നതിനാൽ അവർ ഇന്ന് നിരാശരാണ്. “പ്രത്യക്ഷത്തിൽ ദുരന്തത്തിന് ഇരയായവർക്കുവേണ്ടി നഷ്ടപരിഹാരം നേടാനുള്ള നിയമയുദ്ധം വളരെ സങ്കീർണ്ണമാണ്. ഇൻഡ്യ ററുഡേയുടെ അഭിപ്രായമനുസരിച്ച് അതിന്റെ അന്ത്യം ഇപ്പോഴും നോക്കെത്താത്ത ദൂരത്തിലാണ്.”
മൂന്നാം ലോകത്തിലെ കുപ്പക്കൂന
തങ്ങളുടെ പാഴ്വസ്തുക്കൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന വികസിത രാജ്യങ്ങൾ അവ കൂനക്കൂട്ടാനുള്ള സ്ഥലങ്ങളായി മൂന്നാം ലോക രാജ്യങ്ങളെ വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. ജേർണൽ വാട്ടർ പൊല്ലൂഷൻ കൺടോൾ ഫെഡറേഷൻ എന്ന പ്രസിദ്ധീകരണം പറയുന്നതനുസരിച്ച് വ്യാവസായവൽകൃത രാജ്യങ്ങൾ അത്രതന്നെ വികസിതമല്ലാത്ത രാജ്യങ്ങളെ എളുപ്പത്തിൽ ലാഭമുണ്ടാക്കാനുള്ള സാദ്ധ്യത കാണിച്ച് വശീകരിച്ച് വിദേശ പാഴ്വസ്തുക്കൾ കുഴികൾ നികത്താനെന്ന നാട്യത്തിലോ അല്ലെങ്കിൽ വളമെന്ന പേരിലോ അവരെക്കൊണ്ട് സ്വീകരിപ്പിക്കുന്നു. എന്നാൽ ഇത്തരം പാഴ്വസ്തുക്കൾ മിക്കപ്പോഴും അപകടകാരികളാണ്. ഉദാഹരണത്തിന് ഐക്യനാടുകളിൽനിന്ന് അനേകം ടൺ ചാരം പടിഞ്ഞാറെ ആഫ്രിക്കയിലെ ഗിനിക്കോസ്ററിന്റെ സമീപത്തുള്ള ഒരു ദ്വീപിൽ നിക്ഷേപിച്ചപ്പോൾ അവിടത്തെ മിക്ക വൃക്ഷങ്ങളും നശിച്ചു. നൈജീരിയായിൽ ഇററലിയിൽ നിന്നുള്ള 4,000 ടൺ വിഷ രാസവസ്തുക്കൾ കണ്ടെത്തപ്പെട്ടു. “ആ പ്രദേശത്തെ നിവാസികൾക്ക് രോഗം ബാധിച്ചുകൊണ്ടിരിക്കുന്നു” എന്ന് റിപ്പോർട്ട് പറയുന്നു. അത്ര വ്യവസായവൽകൃതമല്ലാത്ത രാജ്യങ്ങൾക്ക് “പാഴ്വസ്തുക്കളിലെ വിഷാംശത്തിന്റെ അളവ് തിട്ടപ്പെടുത്താനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല. അത്തരം പാഴ്വസ്തുക്കൾ സ്വീകരിക്കുമ്പോൾ വലിയ അപകടമുണ്ട്” എന്ന് ഒരു മൂന്നാം ലോക രാജ്യത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ജേർണലിനോട് പറഞ്ഞു.
ഇന്നത്തെ മലിനീകരണ നില
പോളണ്ടും കൊളംബിയായും പോലെ വിഭിന്നങ്ങളായ രാജ്യങ്ങൾക്കും പൊതുവായ ഒരു ഘടകമുണ്ട്: മലിനീകരണം. പോളണ്ടിൽ രാജ്യത്തെ ജനസംഖ്യയിൽ മൂന്നിലൊന്ന് പാരിസ്ഥിതികമായി അപകടമേഖലയിലാണ് പാർക്കുന്നത് എന്ന് ദി അക്കാഡമി ഓഫ് സയൻസ് വാർസോയിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. വിസ്ററുല നദി പതിനായിരക്കണക്കിന് ടൺ മാരകമായ മാലിന്യങ്ങൾ ബാൾട്ടിക് സമുദ്രത്തിലെത്തിക്കുകയും അതു അവധിക്കാല സങ്കേതങ്ങളായ കടൽത്തീരങ്ങൾ നശിപ്പിക്കുകയും പാരിസ്ഥിതിക സമനില തകിടം മറിക്കുകയും ചെയ്തിരിക്കുന്നു. സമാനമായി കൊളംബിയായിലെ ബൊഗോട്ടാ നദി ആയിരത്തിലധികം വ്യത്യസ്ത മലിന വസ്തുക്കൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിൽ സുരക്ഷിതമായിരിക്കാവുന്നതിന്റെ 50 മടങ്ങ് മേർക്കുറി കലർന്നിരിക്കുന്നു. നദീതീരത്തുള്ള ഗ്രാമങ്ങളിൽ പിറക്കുന്ന കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന വൈകല്യങ്ങളുടെ ഉയർന്നനിരക്കിന് കാരണം സാദ്ധ്യതയനുസരിച്ച് ഈ മലിനീകരണമാണ്. പോളണ്ടിലെയും കൊളംബിയയിലേയും ഗവൺമെൻറുകൾ മലിനീകരണം നിയന്ത്രിക്കാനുള്ള പരിപാടികൾ ആരംഭിച്ചിരിക്കുന്നു.
“സുരക്ഷിത ലൈംഗികത” സുരക്ഷിതമല്ലേ?
സൗത്ത് ആഫ്രിക്കയിലെ ജോഹാന്നാസ്ബർഗ്ഗിൽ നിന്നുള്ള ദി സ്ററാർ റിപ്പോർട്ടു ചെയ്തപ്രകാരം എയ്ഡ്സ് പരക്കുന്നത് തടയാൻ ഉറകൾ ഉപയോഗിച്ചുകൊണ്ട് സുരക്ഷിത ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നത് ഒട്ടും തന്നെ സുരക്ഷിതമല്ല എന്ന് കാണിക്കുന്ന തെളിവ് ഡോക്ടർ ക്ലോസ് ന്യൂബറിക്ക് ലഭിച്ചിട്ടുണ്ട്. ഉറകൾ സുരക്ഷിതമല്ല എന്ന് തെളിഞ്ഞതിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഡോ. ന്യൂബറി ഇപ്രകാരം നിഗമനം ചെയ്യുന്നു: “ലൈംഗിക ബന്ധങ്ങളിലൂടെ പരക്കുന്ന എയ്ഡ്സോ അതുപോലെ തന്നെയുള്ള മറേറതെങ്കിലും രോഗങ്ങളോ ബാധിക്കുന്നത് ഒഴിവാക്കാനുള്ള ഏക സുരക്ഷിത മാർഗ്ഗം വിവാഹത്തിന് മുമ്പ് നിങ്ങളുടെ കന്യാത്വം നിലനിർത്തുക, കന്യകയെ മാത്രം വിവാഹം ചെയ്യുക, മരണം വരെ പൂർണ്ണമായും നിങ്ങളുടെ വിവാഹ ഇണയോട് വിശ്വസ്തരായിരിക്കുക എന്നതാണ്.” എങ്കിൽ പിന്നെ “സുരക്ഷിത ലൈംഗികതയ്ക്ക്” ഇത്രമേൽ പ്രചാരം സിദ്ധിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? “അതിനുള്ള കാരണം” ഡോക്ടർ ന്യൂബറി എഴുതുന്നു, “അനുവദനീയതയുടെതായ ഇന്നത്തെ സമൂഹത്താൽ സ്വാധീനിക്കപ്പെട്ടിട്ട് സ്വവർഗ്ഗസംഭോഗവും മററ് വിവാഹത്തിന് പുറമേയുള്ള ലൈംഗികതയും ധാർമ്മികമായും സാമൂഹികമായും വൈദ്യശാസ്ത്രപരമായും ദോഹകരമാണെന്നും അതു മാരകം പോലുമായിരിക്കാമെന്നും ഉല്ലാസം മാത്രം തേടുന്ന ഇന്നത്തെ ലോകത്തോട് പറയാനുള്ള ധാർമ്മിക ബലം മിക്ക ഡോക്ടർമാർക്കും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്.”
യുവത്വം തിരികെ കിട്ടാൻ എന്തുവില?
വീണ്ടും യുവത്വത്തിലേക്ക് മടക്കി കൊണ്ടുവരാപ്പെടാൻ നിങ്ങൾ എന്തു വിലകൊടുക്കാൻ തയ്യാറാകും? ടോക്കിയോയിലെ ഒരു ബാങ്ക് 600 സ്ത്രീകളോട് ഈ ചോദ്യം ചോദിച്ചു, അവരുടെ പ്രതികരണം വളരെ ഉത്സാഹഭരിതമായിരുന്നു. നാല്പതുകളിലെത്തിയ സ്ത്രീകൾ 10 ദശലക്ഷം യെൻ (80,000 ഡോളർ) നൽകാൻ തയ്യാറായിരുന്നു. എന്നാൽ അതിൽ ഉത്സാഹഭരിതരായ ഒരു 10 ശതമാനം പേർ 30 ദശലക്ഷം യെൻ (2,40,000 ഡോളർ) വരെ കൊടുക്കാൻ തയ്യാറായിരുന്നു. ഏററം ഉയർന്ന വില നൽകാൻ തയ്യാറായ സ്ത്രീ യൗവ്വനം തിരികെ കിട്ടുന്നതിന് 70 ദശലക്ഷം യെൻ (5,60,000 ഡോളർ) കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു. എന്നാൽ എത്ര ഉയർന്ന വിലകൊടുത്താലും അത്തരം ഒരു പ്രതീക്ഷ സാദ്ധ്യമാവുകയില്ല. എന്നാൽ ദൈവത്തിന് അത് സാദ്ധ്യമാണ്. വാർദ്ധക്യവും മരണവും ഇല്ലാതാകുന്ന ഒരു സമയം അവിടന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. (വെളിപ്പാട് 21:4) അതുകൊണ്ടാണ് ഇയ്യോബ് എന്ന ബൈബിൾ പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നത്: “അവന്റെ ദേഹം യൗവ്വനത്തിലേതിലും പുഷ്ടിപ്രാപിക്കട്ടെ: അവൻ തന്റെ യൗവ്വനബലത്തിന്റെ നാളുകളിലേക്ക് തിരികെ വരട്ടെ.”—ഇയ്യോബ് 33:25. (g89 4/8)
കഫീൻ ആസക്തിയുള്ള ശിശുക്കൾ
കണക്കിലേറെ കഫീൻ ഉപയോഗിക്കുന്നതിന്റെ അപകടമുള്ളവരുടെ പട്ടികയിൽ ശിശുക്കളും ഉൽക്കണ്ഠയും മ്ലാനതയും പോലുള്ള ക്രമക്കേടുകളുള്ള ആളുകളും ഉൾപ്പെടുന്നു. “ഗർഭിണിയായ ഒരു സ്ത്രീ ഒരു ദിവസം 15 കപ്പ് കാപ്പിയും രണ്ട് ലിററർ കോളായും കുടിച്ചതായി” സിഡ്നിയിൽ നിന്നുള്ള ദി ഓസ്ട്രേലിയൻ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. “മറെറാരു ഗർഭിണി ദിവസം അഞ്ച് കപ്പ് കാപ്പി കുടിച്ചതായി തന്റെ ഡോക്ടറോട് സമ്മതിച്ചു. എന്നാൽ ഓരോ കപ്പിലും 5 സ്പൂൺ ഇൻസ്ററൻറ് കോഫി വീതം ഉണ്ടായിരുന്നു എന്ന് പറയാൻ അവർ മറന്നുപോയി. ഫലം ഒന്നുതന്നെയായിരുന്നു—ഈ കുട്ടികൾ കഫീൻ ആസക്തിയുള്ളവരായി ജനിക്കുകയും അതിൽനിന്ന് രക്ഷപെടാൻ ഹെറോയിൻ ആസക്തിയുള്ളവരായി ജനിക്കുന്ന കുട്ടികളേക്കാൾ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു.” കൂടാതെ ഉൽക്കണ്ഠയും ഭയവുമുള്ള ആളുകളുടെ അത്തരം വികാരങ്ങൾ കൂടുതൽ രൂക്ഷമാകാൻ കഫീൻ ഇടയാക്കുന്നു എന്ന് അമേരിക്കൻ ജേർണൽ ഓഫ് സൈക്യാട്രിയിലെ ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. മ്ലാനതക്ക് ഇരയായിരിക്കുന്നവർ കൂടുതൽ ഉൽക്കണ്ഠ അനുഭവിക്കാനും അത് ഇടയാക്കിയേക്കാം.
യൂറോടണ്ണൽ നിർമ്മാണത്തിൽ
എല്ലാം പ്ലാൻ അനുസരിച്ച് പോവുകയാണെങ്കിൽ 1993-ൽ ഇംഗ്ലണ്ടും ഫ്രാൻസും ഒരു തുരങ്കം കൊണ്ട് പരസ്പരം ബന്ധിക്കപ്പെടും. ഈ ആശയം പുതിയതല്ല ഒരു തുരങ്കത്തിലൂടെ ഈ രാഷ്ട്രങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള 27 ശ്രമങ്ങളിൽ ആദത്തേതിന് 187 വർഷം മുമ്പ് നെപ്പോളിയൻ അംഗീകാരം നൽകി. ഒരു ഫ്രഞ്ച് ആക്രമണം ഭയന്ന ബ്രിട്ടീഷുകാർ അതിനെതിരായിരുന്നു. ആയിരത്തിയെണ്ണൂററി എൺപതുകളിൽ ആരംഭിച്ച ഒരു തുരങ്കം ഇരു ഭാഗത്തുനിന്നും ഓരോ മൈൽ പൂർത്തിയാക്കപ്പെട്ടശേഷം ഉപേക്ഷിക്കപ്പെട്ടു. അവസാനത്തെ ശ്രമം 1987-ൽ വിഫലമായി. എന്നാൽ യൂറോടണ്ണൽ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഇപ്പോഴത്തെ ശ്രമം വിജയിക്കുമെന്ന് ഉറപ്പുള്ളതായി തോന്നുന്നു. ഈ പദ്ധതിയിൽ 26 അടി വീതിയുള്ള 2 തുരങ്കങ്ങളും അവയ്ക്കിടയിൽ 10 അടി വീതിയുള്ള ഒരു തുരങ്കവും സാധാരണ ഉപയോഗത്തിനും രക്ഷാകരപ്രവർത്തനങ്ങൾക്കുമായി ഉണ്ടായിരിക്കും. തുരങ്ക നിർമ്മാണത്തിനുള്ള വലിയ യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ജോലിക്കാർ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു, പ്രത്യേകിച്ച് വീതികൂടിയ തുരങ്കങ്ങളിൽ ഇംഗ്ലണ്ടിൽനിന്ന് രണ്ടര മൈലും ഫ്രാൻസിൽനിന്ന് കാൽ മൈലും. ഇരുഭാഗത്തുനിന്നുമുള്ള തുരങ്കനിർമ്മതാക്കൾ ഏതാനും ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിൽ 1991-ൽ കൂടികാണുമെന്ന് പ്രതീക്ഷിക്കുന്നു.
മണ്ണിനടിയിൽ ജീവൻ
മണ്ണിരയുടെയും ചെടികളുടെ വേരുകളുടെയും കീടങ്ങളുടെ മേഖലയായ മേൽമണ്ണിനു കീഴെ യാതൊന്നും ജീവിക്കുന്നില്ല എന്ന് ശാസ്ത്രജ്ഞൻമാർ ദീർഘകാലമായി വിശ്വസിച്ചിരുന്നു. എന്നാൽ അവർക്ക് തെററുപററി. സൗത്ത് കറോളിന, യു. എസ്സ്. ഏയിൽ അടുത്തകാലത്ത് കുഴിച്ച നാല് കുഴികൾ കാണിക്കുന്നത് 1,800 അടി ആഴത്തിൽ 3,000 വ്യത്യസ്ത ഇനം അണുജീവികൾ ഉള്ളതായിട്ടാണ്. ഇവയിൽ പലതും മുമ്പ് അറിയപ്പെട്ടിരുന്നവയല്ല. വായുവും ഭക്ഷണവും അധികം ലഭ്യമല്ലാത്ത ഒരു അന്ധകാര ലോകത്തിൽ ജീവിക്കുന്ന ഇവയ്ക്ക് ആവശ്യമുള്ള ഓക്സിജൻ ഭൂമിക്കടിയിലെ ജലത്തിൽ നിന്നാണ് ലഭിക്കുന്നത്. ഭക്ഷണക്കുറവ് അവ പരിഹരിക്കുന്നത് സാവകാശത്തിലുള്ള ഒരു ശീതകാല ജീവിതം നയിച്ചുകൊണ്ടാണ്. ഇപ്പോൾ അവ ആയിരിക്കുന്നിടത്ത് അവ ജീവിക്കാനിടയായത് എങ്ങനെയെന്നും മലിനമായ കിണറുകൾ ശുദ്ധിയാക്കുന്നതിന് അവയുടെ സേവനം ഉപയോഗിക്കാൻ കഴിയുമോ എന്നും അറിയുന്നതിനാണ് ഇന്ന് ശാസ്ത്രജ്ഞൻമാർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. (g89 4/22)