മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞകാലത്തിന്റെ കാഴ്ച്ചപ്പാടിൽ
ഭാഗം 8: ഏതാണ്ട്. ക്രി.മു. 563 മുതൽ മോചനം വാഗ്ദാനം ചെയ്ത ഒരു പ്രബുദ്ധത
“ഒരു മതത്തിന്റെയോ തത്വശാസ്ത്രത്തിന്റെയോ ഉരകല്ല് അതിന് വിശദീകരിക്കാൻകഴിയുന്ന കാര്യങ്ങളുടെ എണ്ണമാണ്.” 19-ാം നൂററാണ്ടിലെ അമേരിക്കൻ കവിയായ റാൾഫ് വാൾഡോ എമേഴ്സൻ
അദ്ദേഹത്തെ സംബന്ധിച്ച് തിട്ടമായി അധികമൊന്നും അറിയപ്പെടുന്നില്ല. അദ്ദേഹത്തിന്റെ പേർ സിദ്ധാർത്ഥ ഗൗതമൻ എന്നായിരുന്നുവെന്നും അദ്ദേഹം ഒരു രാജകുമാരനായിരുന്നുവെന്നും ശാക്യ എന്ന ഒരു ഉത്തരേന്ത്യൻരാജ്യത്ത് ക്രിസ്തുവിന്റെ ജനനത്തിനു 600 വർഷം മുമ്പ് അദ്ദേഹം ജനിച്ചുവെന്നും പാരമ്പര്യം പറയുന്നു. അദ്ദേഹം ശാക്യമുനി (ശാക്യഗോത്രത്തിലെ ഋഷി) എന്നും തഥാഗതൻ എന്നും വിളക്കപ്പെട്ടിരുന്നു, അതിന്റെ അർത്ഥം അനിശ്ചിതമാണ്. നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിയുന്നത് ഏറെ അറിയപ്പെടുന്ന ബുദ്ധൻ എന്ന സ്ഥാനപ്പേരിനാലായിരിക്കാനാണ് ഏററവുമധികം സാദ്ധ്യത.
ഗൗതമൻ വളർത്തപ്പെട്ടത് രാജോചിതമായ ചുററുപാടുകളിലായിരുന്നു. എന്നാൽ 29-ാം വയസ്സിൽ അദ്ദേഹം തന്റെ ചുററുപാടുമുണ്ടായിരുന്ന ദുരിതത്തെക്കുറിച്ചു ബോധവാനായി. ദുഷ്ടതയും കഷ്ടപ്പാടും സ്ഥിതിചെയ്യുന്നതെന്തുകൊണ്ടെന്ന് അറിയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഇന്നത്തെ ആളുകളെപ്പോലെ അദ്ദേഹം ഒരു വിശദീകരണം ആഗ്രഹിച്ചു. തന്റെ ഭാര്യയെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് അദ്ദേഹം മരുഭൂമിയിലേക്ക് ഓടി. അവിടെ അദ്ദേഹം ആറു വർഷം ഒരു സന്യാസജീവിതം നയിച്ചു. അദ്ദേഹം മുള്ളുകളിൻമേൽ കിടക്കുകയും കുറേക്കാലം ദിവസവും ഒരു അരി മാത്രം ഭക്ഷിച്ച് കഴിയുകയുംചെയ്തു. എന്നാൽ ഇതു പ്രബുദ്ധത കൈവരുത്തിയില്ല.
ഇപ്പോൾ 35 വയസ്സായതോടെ, ഗൗതമൻ കുറേകൂടെ മിതമായ ഒരു ഗതി സ്വീകരിച്ചു. മദ്ധ്യമാർഗ്ഗം അഥവാ പാത എന്നാണിതിനെ അദ്ദേഹം വിളിച്ചത്. പ്രബുദ്ധത ലഭിക്കുന്നതുവരെ ഒരു അത്തിമരത്തിൻകീഴിൽ ഇരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞചെയ്തു. ഒടുവിൽ ദർശനങ്ങളുടെ ഒരു രാത്രിക്കുശേഷം തന്റെ അന്വേഷണത്തിനു പ്രതിഫലം ലഭിച്ചുവെന്ന് അദ്ദേഹത്തിനു തോന്നി. അതിനുശേഷം അദ്ദേഹം വെളിച്ചം കിട്ടിയവൻ എന്നർത്ഥമുള്ള ബുദ്ധൻ എന്ന് അറിയപ്പെട്ടു. എന്നാൽ ഗൗതമൻ ഈ സ്ഥാനപ്പേരിന് കുത്തക അവകാശപ്പെട്ടില്ല. ഒരു എന്ന ഉപപദത്തോടെ ആ പദം ഉപയോഗിക്കാവുന്നതാണ്. എന്നാൽ സാധാരണയായി ഗൗതമനെ ഉദ്ദേശിച്ച് ബുദ്ധൻ എന്നു പറയുന്നു.
മോചനത്തിലേക്കുള്ള വഴി
തന്റെ പുതുതായി കണ്ടെത്തപ്പെട്ട സത്യങ്ങൾ മററുള്ളവരോടു പറയാൻ ഹിന്ദുദൈവങ്ങളായ ഇന്ദ്രനും ബ്രഹ്മാവും ബുദ്ധനോട് അഭ്യർത്ഥിച്ചതായി പറയപ്പെടുന്നു. അങ്ങനെ ചെയ്യാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. എല്ലാ മതങ്ങൾക്കും മൂല്യമുണ്ടെന്നുള്ള ഹിന്ദുമതത്തിന്റെ സഹിഷ്ണുതാമനോഭാവം വെച്ചുപുലർത്തുന്നുവെങ്കിലും ബുദ്ധൻ അതിന്റെ ജാതിവ്യവസ്ഥയോടും മൃഗബലിസംബന്ധിച്ച അതിന്റെ ഊന്നലിനോടും വിയോജിച്ചു. ഹൈന്ദവവേദങ്ങൾ ദിവ്യഉത്ഭവമുള്ള തിരുവെഴുത്തുകളാണെന്നുള്ള അതിന്റെ അവകാശവാദത്തെ അദ്ദേഹം നിരസിച്ചു. ദൈവം സ്ഥിതിചെയ്തേക്കാമെന്നതിനെ നിഷേധിക്കാത്തപ്പോൾത്തന്നെ ദൈവം ഒരു സ്രഷ്ടാവാണെന്നുള്ളതിനെ അദ്ദേഹം തള്ളിക്കളയുകതന്നെ ചെയ്തു. ഹേതുകത്തിന്റെ നിയമത്തിന് ആരംഭമില്ലെന്ന് അദ്ദേഹം വാദിച്ചു. തന്റെ ഒന്നാമത്തെ പ്രഭാഷണത്തിൽ വാദിക്കപ്പെട്ടപ്രകാരം, അദ്ദേഹം ഹിന്ദുമതത്തെക്കാൾ മുന്നോട്ടുപോയി ഇങ്ങനെ വാഗ്ദത്തംചെയ്തു: “ഇത്, സന്ന്യാസികൾ, മദ്ധ്യപാതയാണ്, അതിന്റെ അറിവ് . . . ഉൾക്കാഴ്ചയിലേക്കു നയിക്കുന്നു, അതു ജ്ഞാനത്തിലേക്കു നയിക്കുന്നു, അത് ശാന്തതയിലേക്ക്, വിജ്ഞാനത്തിലേക്ക്, പൂർണ്ണപ്രബുദ്ധതയിലേക്ക്, നിർവാണത്തിലേക്കു നയിക്കുന്നു.”
“നിർവ്വാണമെന്താണ്?” നിങ്ങൾ ചോദിക്കുന്നു: “ഈ ചോദ്യത്തിന് തെററായ ഉത്തരം കണ്ടെത്തുക പ്രയാസമാണെ”ന്ന് ചരിത്രകാരനായ വിൽഡൂറൻറ് പറയുന്നു, “എന്തുകൊണ്ടെന്നാൽ ഗുരു ഈ പോയിൻറ് അവ്യക്തമായി വിട്ടു, അദ്ദേഹത്തിന്റെ അനുഗാമികൾ ആ പദത്തിന് സൂര്യനു കീഴിലുള്ള സകല അർത്ഥവും കൊടുത്തിട്ടുണ്ട്.” “ഒരൊററ ബൗദ്ധവീക്ഷണം ഇല്ല” എന്നതിനോട് ദി എൻസൈക്ലോപ്പീഡിയാ ഓഫ റിലിജിയൻ യോജിക്കുന്നു, എന്തുകൊണ്ടെന്നാൽ അത് “സംസ്കാരത്തിനും ചരിത്രകാലഘട്ടത്തിനും ഭാഷക്കും ശിക്ഷണത്തിനും, വ്യക്തിക്കുപോലും അനുസൃതമായി വ്യത്യാസപ്പെടുന്നു.” ഒരു എഴുത്തുകാരൻ അതിനെ “ആഗ്രഹത്തിന്റെ തികഞ്ഞ അഭാവം, ശൂന്യതയുടെ കാലാതീതമായ അനന്തത . . . . പുനർജ്ജനനമില്ലാതെയുള്ള മരണത്തിന്റെ നിത്യ പ്രശാന്തത” എന്നു വിളിക്കുന്നു. മററു ചിലർ “കെടുത്തുക” എന്ന അതിന്റെ സംസ്കൃത ധാത്വർത്ഥത്തെ പരാമർശിച്ചുകൊണ്ട് അത് ഇന്ധനം തീരുമ്പോൾ കെട്ടുപോകുന്ന ഒരു ജ്വാല പോലെയാണെന്നു പറയുന്നു. എങ്ങനെയായാലും, നിർവാണം മോചനത്തെയാണ് വാഗ്ദാനംചെയ്യുന്നത്.
മോചനം നേടേണ്ടതിന്റെ ആവശ്യം ബുദ്ധൻ നാലു ശ്രേഷ്ഠസത്യങ്ങളിൽ സംഗ്രഹിച്ചു: ജീവിതം വേദനയും ദുരിതവുമാണ്; രണ്ടിനും കാരണം അസ്തിത്വത്തിനും ആഗ്രഹനിവൃത്തിക്കുംവേണ്ടിയുള്ള വാഞ്ഛയാണ്; ഈ വാഞ്ഛയെ അടിച്ചമർത്തുന്നതാണ് ജ്ഞാനമാർഗ്ഗം; ഇത് എട്ടു വിധത്തിലുള്ള മാർഗ്ഗങ്ങളിൽ നേടുന്നു. ഈ പാതയിൽ ശരിയായ വിശ്വാസം, ശരിയായ ഉദ്ദേശ്യം, ശരിയായ ശ്രമം, ശരിയായ ചിന്ത, ശരിയായ ധ്യാനം എന്നിവ ഉൾപ്പെടുന്നു.
വിദേശത്തു വിജയം, സ്വദേശത്തു പരാജയം
തുടക്കംമുതൽതന്നെ ബുദ്ധമതത്തിന് സത്വരമായ പ്രതികരണം ലഭിച്ചു. ചാർവാകൻമാർ എന്നു വിളിക്കപ്പെട്ടിരുന്ന അക്കാലത്തെ ഒരു കൂട്ടം ഭൗതികവാദികൾ അപ്പോഴേക്കും വഴിയൊരുക്കിയിരുന്നു. അവർ ഹൈന്ദവ വിശുദ്ധലിഖിതങ്ങളെ തള്ളിക്കളയുകയും ദൈവവിശ്വാസത്തെ പരിഹസിക്കുകയും പൊതുവേ മതത്തെ തള്ളിപ്പറയുകയുംചെയ്തു. അവരുടെ സ്വാധീനം കാര്യമായിട്ടുള്ളതായിരുന്നു, ഡൂറൻറ് “ഒരു പുതിയമതത്തിന്റെ വളർച്ചക്ക് മിക്കവാറും നിർബന്ധിച്ച ഒരു ശൂന്യത” എന്നു വിളിക്കുന്നത് ഉളവാക്കാൻ സഹായിക്കുകയും ചെയ്തു. ഈ ശൂന്യത “പഴയ മതത്തിന്റെ ബുദ്ധിപരമായ അധഃപതനത്തോടു ചേർന്ന്” അക്കാലത്തെ രണ്ട് നവീകരണ പ്രസ്ഥാനങ്ങളായിരുന്ന ബുദ്ധമതവും ജൈനമതവും ഉയർന്നുവരാൻ സഹായിച്ചു.
ക്രി.മു. മൂന്നാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ അശോകചക്രവർത്തി ബുദ്ധമതം പ്രചരിപ്പിക്കാൻ വളരെയധികം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഇൻഡ്യൻ ഉപഭൂഖണ്ഡത്തിന്റെ അധികഭാഗവും ഉൾപ്പെട്ടിരുന്നു. അദ്ദേഹം സിലോണിലേക്കും (ശ്രീലങ്ക) ഒരുപക്ഷേ മററു രാജ്യങ്ങളിലേക്കും മിഷനറിമാരെ അയച്ചുകൊണ്ട് അതിന്റെ മിഷനറി വശത്തെ ബലിഷ്ഠമാക്കി. പൊതുയുഗത്തിന്റെ ആദ്യനൂററാണ്ടുകളിൽ ബുദ്ധമതം ചൈനയിലുടനീളം പ്രചരിച്ചു. അവിടെനിന്ന് അത് കൊറിയയിലൂടെ ജപ്പാനിലേക്കു വ്യാപിച്ചു. ക്രി.വ. ആറും ഏഴും നൂററാണ്ടുകളായതോടെ അത് പൂർവേഷ്യയുടെയും ദക്ഷിണപൂർവേഷ്യയുടെയും എല്ലാ ഭാഗങ്ങളിലും കണ്ടെത്തപ്പെടാൻകഴിയുമായിരുന്നു. ഇന്ന്, ലോകവ്യാപകമായി ഏതാണ്ട് 30 കോടി ബുദ്ധമതക്കാരുണ്ട്.
അശോകചക്രവർത്തിക്കു മുമ്പുപോലും ബുദ്ധമതം പുരോഗമിക്കുകയായിരുന്നു. “ക്രി.മു. നാലാം നൂററാണ്ടിന്റെ അവസാനമായതോടെ ബുദ്ധമത മിഷനറിമാർ ഏതെൻസിൽ കണ്ടെത്തപ്പെട്ടിരുന്നു”വെന്ന് ഇ. എം. ലേമാൻ എഴുതുന്നു. ക്രിസ്ത്യാനിത്വം സ്ഥാപിക്കപ്പെട്ടശേഷം അതിന്റെ ആദിമമിഷനറിമാർ പോയിടത്തെല്ലാം ബുദ്ധമതോപദേശത്തെ അഭിമുഖീകരിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. യഥാർത്ഥത്തിൽ, കത്തോലിക്കാമിഷനറിമാർ ആദ്യമായി ജപ്പാനിലേക്കു പോയപ്പോൾ അവർ ഒരു പുതിയ ബുദ്ധമതവിഭാഗമായി തെററിദ്ധരിക്കപ്പെട്ടിരുന്നു. ഇതെങ്ങനെ സംഭവിച്ചു?
പ്രത്യക്ഷത്തിൽ രണ്ടു മതങ്ങൾക്കും പൊതുവിൽ പലതുമുണ്ടായിരുന്നു. ചരിത്രകാരനായ ഡൂറൻറ് പറയുന്ന പ്രകാരം “സ്മാരകാവശിഷ്ടങ്ങളുടെ പൂജ, വിശുദ്ധജലത്തിന്റെ ഉപയോഗം, മെഴുകുതിരികൾ, ധൂപം, കൊന്ത, വൈദികസ്ഥാനവസ്ത്രങ്ങൾ, മൃതമായ ഒരു ആരാധനാഭാഷ, സന്യാസിമാരും സന്യാസിനികളും, ആശ്രമ ശിരോമുണ്ഡനവും ബ്രഹ്മചര്യവും കുമ്പസാരവും ഉപവാസദിനങ്ങളും പുണ്യവാളൻമാരുടെ വാഴിക്കലും ശുദ്ധീകരണസ്ഥലവും മരിച്ചവർക്കുവേണ്ടിയുള്ള കുർബാനകളും തന്നെ”. ഇവ “ആദ്യം ബുദ്ധമതത്തിൽ പ്രത്യക്ഷപ്പെട്ടതായി തോന്നുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. യഥാർത്ഥത്തിൽ, ബുദ്ധമതം “രണ്ടു മതങ്ങൾക്കും പൊതുവായുള്ള ചടങ്ങുകളും രൂപങ്ങളുമെല്ലും കണ്ടുപിടിക്കുന്നതിലും ഉപയോഗിക്കുന്നതിലും റോമൻ സഭയെക്കാൾ അഞ്ചു നൂററാണ്ടുകൾ മുമ്പായിരുന്നു” എന്നു പറയപ്പെട്ടു.
ഈ സമാനതകൾ എങ്ങനെ വികാസം പ്രാപിച്ചുവെന്ന് വിശദീകരിച്ചുകൊണ്ട് ഗ്രന്ഥകാരനായ ലേമാൻ പൊതു ഉത്ഭവത്തെ സൂചിപ്പിക്കുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ക്രിസ്തീയയുഗത്തിന്റെ കാലമായപ്പോഴേക്ക് . . . ബൗദ്ധാരാധനാരീതികളിൽ പുറജാതിസ്വാധീനങ്ങൾ പ്രകടമായിക്കഴിഞ്ഞിരുന്നു. . . . ക്രിസ്തീയസഭയിൽ വികാസംപ്രാപിച്ച ആരാധനാനടപടികളിൽ ചിലതിനും ഉത്തരവാദിത്തം വഹിക്കുന്നത് പുറജാതിസ്വാധീനങ്ങളായിരിക്കാനിടയുണ്ട്.”
ബുദ്ധമതത്തിന് ലോകവ്യാപകസ്വാധീനമുണ്ടായിരുന്നിട്ടും അത് സ്വദേശത്ത് ഗൗരവമായി പരാജയമനുഭവിച്ചു. ഇന്ന് ഇൻഡ്യയിലെ ജനസംഖ്യയുടെ 1 ശതമാനത്തിൽ കുറവാണ് ബുദ്ധമതക്കാർ; 83 ശതമാനവും ഹിന്ദുക്കളാണ്. കാരണം അവ്യക്തമാണ്. ഒരുപക്ഷേ ബുദ്ധമതം വളരെ സഹിഷ്ണുതയുള്ളതായതുകൊണ്ട് അത് കേവലം കൂടുതൽ പരമ്പരാഗതമായ ഹിന്ദുമതത്താൽ വീണ്ടും ആഗിരണംചെയ്യപ്പെട്ടിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ ബുദ്ധമതസന്യാസികൾ അയ്മേനികളെ മേയിക്കുന്നതിൽ ഉദാസീനരായിത്തീർന്നിരിക്കാം. ഏതായാലും ഒരു മുഖ്യഘടകം ഇൻഡ്യയിലേക്കുള്ള ഇസ്ലാമിന്റെ തുളച്ചുകയററമായിരുന്നു. ഇത് മുസ്ലീം ആധിപത്യത്തിലേക്കു നയിച്ചു. അതിൻകീഴിൽ, വിശേഷിച്ചും വടക്കേ ഇൻഡ്യയിൽ അനേകമാളുകൾ ഇസ്ലാമിലേക്കു പരിവർത്തനംചെയ്തു. യഥാർത്ഥത്തിൽ 13-ാം നൂററാണ്ടിന്റെ അവസാനമായതോടെ ജനസംഖ്യയുടെ ഏതാണ്ട് നാലിലൊന്ന് മുസ്ലീങ്ങളായി. അതിനിടയിൽ, അനേകം ബുദ്ധമതക്കാർ ഹിന്ദുമതത്തിലേക്കു തിരികെപോയി, പ്രത്യക്ഷത്തിൽ മുസ്ലീം ആക്രമണത്തെ നേരിടുന്നതിൽ അതു മെച്ചമായി സജ്ജമാണെന്നു കണ്ടതുകൊണ്ടുതന്നെ. ഹിന്ദുമതം അതിന്റെ സഹിഷ്ണുത സംബന്ധിച്ച കീർത്തിക്ക് അനുഗുണമായി വർത്തിച്ചുകൊണ്ട് അവരെ വാൽസല്യപൂർവം ആശ്ലേഷിച്ചു തിരികെ എടുത്തു, ബുദ്ധൻ വിഷ്ണുവിന്റെ ഒരു അവതാരമായ ഒരു ദൈവമാണെന്ന് പ്രഖ്യാപിച്ചകൊണ്ട് മടങ്ങിവരവ് അനായാസമാക്കുകയും ചെയ്തു!
ബുദ്ധന്റെ അനേകം മുഖങ്ങൾ
“ബുദ്ധന്റെ ആദ്യത്തെ പ്രതിമകൾ ഗ്രീക്കുകാരാണ് ഉണ്ടാക്കിയത്” എന്ന് ഈ. എം. ലേമാൻ എഴുതുന്നു. ഈ പ്രതിമകൾ ആരാധിക്കപ്പെടുന്നില്ലെന്നും മഹദ്ഗുരുവിനോടുള്ള ആദരവുപ്രകടമാക്കാൻ ഭക്തിക്കുള്ള സഹായങ്ങൾ മാത്രമാണെന്നും ബുദ്ധമതക്കാർ അവകാശപ്പെടുന്നു. ചിലപ്പോൾ ബുദ്ധൻ നിൽക്കുന്നതായി കാണിക്കപ്പെട്ടിരിക്കുന്നു, എന്നാൽ ഒട്ടുമിക്കപ്പോഴും അദ്ദേഹം ചമ്രംപടഞ്ഞിരിക്കുകയാണ്, ഉള്ളംകാലുകൾ മേലോട്ട് തിരിച്ചുവെച്ചുകൊണ്ട്. കൈകൾ ഒന്നിനുമീതെ മറേറതു വെച്ചിരിക്കുമ്പോൾ അദ്ദേഹം ധ്യാനിക്കുകയാണ്; അദ്ദേഹത്തിന്റെ വലങ്കൈ താടിവരെ ഉയർത്തിയിരിക്കുമ്പോൾ അദ്ദേഹം അനുഗ്രഹിക്കുകയാണ്. വലങ്കൈയുടെ തള്ളവിരൽ ചൂണ്ടുവിരലിനെ തൊട്ടിരിക്കുമ്പോൾ അല്ലെങ്കിൽ ഇരുകൈകളും നെഞ്ചിനുമുമ്പിൽ കൂട്ടിപ്പിടിച്ചിരിക്കുമ്പോൾ അദ്ദേഹം ഉപദേശിക്കുകയാണ്. ചാരിക്കിടക്കുന്ന നില നിർവാണത്തിലേക്കു കടക്കുന്ന നിമിഷത്തിൽ അദ്ദേഹത്തെ ചിത്രീകരിക്കുന്നു.
അദ്ദേഹത്തിന്റെ നിലകളിൽ വ്യത്യാസങ്ങളുള്ളതുപോലെ അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ വൈവിദ്ധ്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ മരണത്തിനുശേഷമുള്ള 200 വർഷങ്ങൾക്കുള്ളിൽ ബുദ്ധമതത്തിന്റെ 18 വ്യത്യസ്ത ഭാഷ്യങ്ങൾ നിലവിൽ വന്നുവെന്ന് പറയപ്പെടുന്നു. ഇന്ന്, ഗൗതമന്റെ “പ്രബുദ്ധത”ക്കുശേഷം 25 നൂററാണ്ടുകൾ കഴിഞ്ഞിരിക്കെ നിർവാണം പ്രാപിക്കുന്നതുസംബന്ധിച്ച ബൗദ്ധവ്യാഖ്യാനങ്ങൾ നിരവധിയാണ്.
“ബുദ്ധമതത്തിനുള്ളിൽ മൂന്ന് അടിസ്ഥാന നവീകരണങ്ങളുണ്ടെന്നും ഓരോന്നിനും സ്വന്തം ഉപദേശപരമായ ആശയങ്ങളും ആരാധനാനടപടികളും വിശുദ്ധലിഖിതങ്ങളും പ്രതിമാശേഖരപാരമ്പര്യങ്ങളും ഉണ്ട് എന്നും” നെതർലാൻഡിലെ ലേയ്ഡൻ യൂണിവേഴ്സിററിയിലെ എറിക്ക് സൂർച്ചെർ വിശദീകരിക്കുന്നു. ബുദ്ധമതപദാവലിയിൽ ഈ പ്രസ്ഥാനങ്ങൾ വാഹനങ്ങൾ എന്നാണ് വിളിക്കപ്പെടുന്നത്, എന്തുകൊണ്ടെന്നാൽ അവ കടത്തുവള്ളങ്ങൾ പോലെ ഒരു വ്യക്തിയെ ഒടുവിൽ വിമോചനതീരത്തെത്തുംവരെ ജീവിതനദിയ്ക്കക്കരെ കടത്തുന്നു. പിന്നീട് വാഹനത്തെ സുരക്ഷിതമായി ഉപേക്ഷിക്കാവുന്നതാണ്. യാത്രാരീതി—വാഹനം ഏതുതരമെന്നുള്ളത്—അപ്രധാനമാണെന്ന് ബുദ്ധമതക്കാരൻ നിങ്ങളോടു പറയും. അവിടെ എത്തുപെടുകയെന്നതാണ് കാര്യമായിട്ടുള്ളത്.
ഈ വാഹനങ്ങളിൽ തെരവാദ ബുദ്ധമതം ഉൾപ്പെടുന്നു, പ്രത്യക്ഷത്തിൽ അതാണ് ബുദ്ധൻ പ്രസംഗിച്ചതിനോട് കൂടുതൽ അടുത്തുവരുന്നത്. അതാണ് ബർമ്മയിലും തായ്ലണ്ടിലും ശ്രീലങ്കയിലും ലാവോസിലും കംപൂച്ചിയായിലും (മുമ്പ് കംബോഡിയാ) വിശേഷാൽ പ്രാബല്യത്തിലിരിക്കുന്നത്. ചൈനയിലും കൊറിയയിലും ജപ്പാനിലും ടിബററിലും മംഗോളിയായിലും പ്രബലപ്പെട്ടിരിക്കുന്ന മഹായാന ബുദ്ധമതം കൂടുതൽ ഉദാരമാണ്, അത് കൂടുതൽ ആളുകളിലേക്ക് എത്തുന്നതിന് ഉപദേശങ്ങളെ പൊരുത്തപ്പെടുത്തിയിരിക്കുകയാണ്. ആ കാരണത്താൽ അത് ചെറിയ വാഹനമായ തേരവാദത്തിൽനിന്നു വിഭിന്നമായി വലിപ്പമേറിയ വാഹനമെന്നു വിളിക്കപ്പെടുന്നു. തന്ത്രിസമെന്നോ നിഗൂഢ ബുദ്ധമതമെന്നോ സാധാരണ അറിയപ്പെടുന്ന വജ്രയാനം കർമ്മങ്ങളെ യോഗാഭ്യാസത്തോടു ബന്ധിപ്പിക്കുന്നു, സങ്കൽപ്പമനുസരിച്ച് നിർവാണത്തിലേക്കുള്ള ഒരുവന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുകയുംചെയ്യുന്നു.
ഈ മൂന്നു പ്രസ്ഥാനങ്ങൾ മൂന്നു തത്ത്വസമിതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോന്നും ചില അടിസ്ഥാന ഘടകങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്കപ്പോഴും അതിനു കാരണം ബുദ്ധമത തിരുവെഴുത്തുകളുടെ ചില വിഭാഗങ്ങൾക്ക് പ്രത്യേകദൃഢത കൊടുക്കുന്നുവെന്നതാണ്. സുർച്ചർ പറയുന്നതനുസരിച്ച്, ബുദ്ധമതം പ്രചരിച്ചടത്തെല്ലാം “അത് പ്രാദേശിക വിശ്വാസങ്ങളാലും ആചാരങ്ങളാലും വ്യത്യസ്ത അളവുകളിൽ സ്വാധീനിക്കപ്പെട്ടു.” ഈ തത്ത്വസമിതികൾ പെട്ടെന്നുതന്നെ നിരവധി പ്രാദേശികവിഭാഗങ്ങൾക്കു ജൻമമേകി. വ്യാമിശ്രമായ ആയിരക്കണക്കിനു വിഭാഗങ്ങളും ഉപവിഭാഗങ്ങളും സഹിതമുള്ള ക്രൈസ്തവലോകത്തിൽനിന്ന് ഒട്ടും വ്യത്യാസമില്ലാതെ, ബുദ്ധൻ, ആലങ്കാരികമായി പറഞ്ഞാൽ, അനേകം മുഖങ്ങൾ കാണിക്കുന്നു.
ബുദ്ധമതവും രാഷട്രീയവും
യഹൂദമതത്തെയും നാമധേയക്രിസ്ത്യാനിത്വത്തെയുംപോലെ, ബുദ്ധമതം മതപ്രവർത്തനങ്ങളിൽ പരിമിതപ്പെട്ടിരിക്കാതെ രാഷ്ട്രീയചിന്തയും പെരുമാററവും രൂപപ്പെടുത്തുന്നതിനും കൂടെ സഹായിച്ചിരിക്കുന്നു. “ബുദ്ധമതത്തിന്റെയും രാഷ്ട്രീയപ്രവർത്തനത്തിന്റെയും ആദ്യത്തെ സംയോജനം അശോകചക്രവർത്തിയുടെ വാഴ്ചക്കാലത്താണുണ്ടായത്” എന്ന് ഗ്രന്ഥകാരനായ ജറോൾഡ് ഷെക്ററർ പറയുന്നു. ബുദ്ധമതത്തിന്റെ രാഷ്ട്രീയപ്രവർത്തനം നമ്മുടെ നാളോളം തുടരുന്നു. 1987ന്റെ ഒടുവിൽ ചൈനീസ്വിരുദ്ധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് 27 ടിബററൻ ബുദ്ധമതസന്യാസികൾ അറസ്ററുചെയ്യപ്പെട്ടു. 1960കളിലെ വിയററ്നാം യുദ്ധത്തിലെ ബുദ്ധമത ഉൾപ്പെടൽ ഷെക്ടർ ഇങ്ങനെ നിഗമനംചെയ്യാനിടയാക്കി: “മദ്ധ്യമാർഗ്ഗത്തിന്റെ സമാധാനപാത തെരുവുപ്രകടനങ്ങളിലെ പുതിയ അക്രമമായി വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. . . .ഏഷ്യയിലെ ബുദ്ധമതം കത്തിക്കാളുന്ന ഒരു വിശ്വാസമാണ്.”
പാശ്ചാത്യലോകത്തിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ധാർമ്മികവുമായ പരിതാപകരമായ അവസ്ഥകളിൽ അസംതൃപ്തരായി ചിലർ വിശദീകരണങ്ങൾക്കായി ബുദ്ധമതം ഉൾപ്പെടെയുള്ള പൗരസ്ത്യമതങ്ങളിലേക്കു തിരിഞ്ഞിരിക്കുന്നു. എന്നാൽ “കത്തിക്കാളുന്ന ഒരു വിശ്വാസ”ത്തിനു ഉത്തരങ്ങൾ നൽകാൻ കഴിയുമോ? “ഒരു മതത്തിന്റെ ഉരകല്ല് . . . അതിനു വിശദീകരിക്കാൻകഴിയുന്ന കാര്യങ്ങളുടെ എണ്ണമാണ്” എന്ന എമേഴ്സന്റെ മാനദണ്ഡം നിങ്ങൾ ബാധകമാക്കുകയാണെങ്കിൽ, നിങ്ങൾ ഗൗതമന്റെ പ്രബുദ്ധതയെ എങ്ങനെ വിലയിരുത്തും? “ശരിയായ മാർഗ്ഗം തേടുന്ന” മററു ചില ഏഷ്യൻമതങ്ങൾ മെച്ചമായിരിക്കുമോ? ഉത്തരത്തിനുവേണ്ടി ഈ പരമ്പരയിലെ ഞങ്ങളുടെ അടുത്ത ലേഖനം വായിക്കുക. (g89 4/22)
[26-ാം പേജിലെ ചതുരം]
അതിന്റെ ആളുകളിലും സ്ഥലങ്ങളിലും വസ്തുക്കളിലും ചിലത്
ആദാമിന്റെ കൊടുമുടി, വിശുദ്ധമെന്നു വീക്ഷിക്കപ്പെടുന്ന ശ്രീലങ്കയിലെ ഒരു പർവതം; അവിടത്തെ ഒരു കല്ലിലെ ഒരു പാട് ബുദ്ധന്റെ കാല്പാടാണെന്ന് ബുദ്ധമതക്കാരും ആദാമിന്റേതാണെന്ന് മുസ്ലീങ്ങളും ശിവന്റേതാണെന്ന് ഹിന്ദുക്കളും പറയുന്നു.
ബോധിവൃക്ഷം, ഈ വൃക്ഷത്തിന്റെ കീഴിലിരുന്നാണ് ഗൗതമൻ ബുദ്ധനായിത്തീർന്നത്, “ബോധി” എന്നതിന്റെ അർത്ഥം “പ്രബുദ്ധത”യെന്നാണ്; മാതൃവൃക്ഷത്തിന്റെ ഒരു ശാഖ ഇപ്പോഴും ഉള്ളതായി പറയപ്പെടുന്നു, അത് ശ്രീലങ്കയിലെ അനുരാധപുരത്ത് ആരാധിക്കപ്പെടുന്നു.
ബുദ്ധമതസന്യാസികൾ; അവരുടെ പ്രത്യേക കുപ്പായങ്ങളാൽ തിരിച്ചറിയപ്പെടുന്നു, ബുദ്ധമതത്തിന്റെ ഒരു മുഖ്യഘടകമാണ്; അവർ സത്യസന്ധരായിരിക്കുമെന്നും മനുഷ്യനോടും മൃഗത്തോടും അനുകമ്പയുള്ളവരായിരിക്കുമെന്നും ഉപജീവനത്തിനുവേണ്ടി ഇരക്കുമെന്നും വിനോദങ്ങൾ ഒഴിവാക്കുമെന്നും നിർമ്മലജീവിതം നയിക്കുമെന്നും വാഗ്ദത്തംചെയ്യുന്നു.
ദലായ്ലാമ, ടിബററിലെ ലൗകിക, മതനേതാവ്. ബുദ്ധന്റെ ഒരു അവതാരമാണെന്ന് ബുദ്ധമതക്കാർ വീക്ഷിക്കുന്നു, അദ്ദേഹം 1959-ൽ പ്രവാസത്തിലേക്ക് ബഹിഷ്ക്കരിക്കപ്പെട്ടു; “ദലായ്” “സമുദ്രം” എന്നതിനുള്ള മംഗോളിയൻപദത്തിൽനിന്നു വന്നതാണ്, വിപുലമായ അറിവിനെ സൂചിപ്പിക്കുന്നു; “ലാമാ” ആത്മീയ ഉപദേഷ്ടാവിനെ പരാമർശിക്കുന്നു (സംസ്ക്കൃതത്തിലെ ഗുരുവിനെപ്പോലെ). വാർത്താറിപ്പോർട്ടുകളനുസരിച്ച്, 1987-ലെ ടിബററൻ പ്രകടനങ്ങളിൽ ദലായ്ലാമാ “ആഭ്യന്തര നിയമലംഘനത്തിന് തന്റെ ആശീർവാദം കൊടുത്തുവെങ്കിലും അക്രമത്തെ കുററംവിധിച്ചു.” ഇത് ആതിഥേയ രാജ്യമായ ഇൻഡ്യാ രാഷ്ട്രീയപ്രസ്താവനകൾ അദ്ദേഹത്തിന്റെ ഇൻഡ്യയിലെ താമസത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാനിടയാക്കി.
പൽക്ഷേത്രം, ശ്രീലങ്കയിലെ കാൻഡിയിലുള്ള ഒരു ബുദ്ധമതക്ഷേത്രം, കീർത്തികേട്ടിരിക്കുന്നപ്രകാരം, ബുദ്ധന്റെ പല്ലുകളിലൊന്നിനെ ഒരു തിരുശേഷിപ്പായി സൂക്ഷിക്കുന്നു.
[27-ാം പേജിലെ ചതുരം]
തേയിലയും ബുദ്ധമത “പ്രാർത്ഥന”യും
സമാനതകളുണ്ടെങ്കിലും ബുദ്ധമത “പ്രാർത്ഥന” കൂടുതൽ ശരിയായി “ധ്യാനം” എന്നു വിളിക്കപ്പെടുന്നു. വിശേഷാൽ ആത്മശിക്ഷണത്തിനും ആഴമായ ധ്യാനത്തിനും ഊന്നൽ കൊടുക്കുന്ന ഒരു രൂപം സെൻബുദ്ധമതമാണ്. ജപ്പാനിലേക്ക് ക്രി.വ. 12-ാം നൂററാണ്ടിൽ വരുത്തപ്പെട്ട അത് ചാൻ എന്നറിയപ്പെടുന്ന ഒരു ചൈനീസ് ബുദ്ധമതരൂപത്തിൽ അധിഷ്ഠിതമാണ്. അത് ബോധിധർമ്മ എന്നു പേരുണ്ടായിരുന്ന ഒരു ഇൻഡ്യൻസന്യാസിയിൽനിന്നുണ്ടായതാണെന്ന് കണ്ടെത്താൻ കഴിയും. അയാൾ ക്രി.വ. ആറാം നൂററാണ്ടിൽ ചൈനയിലേക്കു പോകുകയും ചാൻ രൂപവൽക്കരിക്കുന്നതിൽ ചൈനീസ് തായോമതത്തെ വളരെയധികം ആശ്രയിക്കുകയും ചെയ്തു. അയാൾ ധ്യാനനിരതനായിരിക്കെ ഉറങ്ങിപ്പോയശേഷം കോപാവേശത്താൽ ഒരിക്കൽ തന്റെ കൺപോളകൾ ഛേദിച്ചുകളഞ്ഞുവെന്ന് പറയപ്പെടുന്നു. അവ നിലത്തുവീഴുകയും വേരുപിടിക്കുകയും ആദ്യത്തെ തേയിലച്ചെടി ഉൽപ്പാദിപ്പിക്കുകയുംചെയ്തു. സെൻസന്യാസിമാർ ധ്യാനനിരതരായിരിക്കുമ്പോൾ ഉണർന്നിരിക്കാൻ ചായ കുടിക്കുന്നതിന്റെ പാരമ്പര്യാടിസ്ഥാനം ഈ ഐതിഹ്യമാണ്.
[24, 25 പേജുകളിലെ ചിത്രങ്ങൾ]
തായ്ലണ്ട് ബാങ്കോക്കിലെ മാർബിൾക്ഷേത്രംപോലെയുള്ള ബുദ്ധമതക്ഷേത്രങ്ങൾ വളരെ ഗംഭീരങ്ങളാണ്
ഒരു ക്ഷേത്രം കാവൽചെയ്യുന്ന ഒരു ബുദ്ധഭൂതത്തിന്റെ പ്രതിമയും ഇവിടെ കാണാം, താഴെ ബുദ്ധന്റെ ഒരു പ്രതിമയും. ബൗദ്ധരാജ്യങ്ങളിൽ ഇവ പരിചിതങ്ങളായ കാഴ്ചകളാണ്