ഒരു ബുദ്ധമത വിശ്വാസിയോട് നിങ്ങൾ എന്തു പറയും?
1 ചില ദേശങ്ങളിൽ സ്നാപനമേൽക്കുന്നവരിൽ പകുതിയിലധികവും ബുദ്ധമത പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇവരെ സത്യത്തിലേക്ക് ആകർഷിക്കുന്നത് എന്താണ്? ഒരു ബുദ്ധമതക്കാരനോട് എങ്ങനെ സുവാർത്ത അവതരിപ്പിക്കാം?
2 യഥാർഥ താത്പര്യം കാണിക്കുക: തങ്ങളെ സത്യത്തിലേക്ക് ആകർഷിച്ചത് അതിവിദഗ്ധമായ ന്യായവാദങ്ങളൊന്നും ആയിരുന്നില്ലെന്ന് മുമ്പ് ബുദ്ധമതക്കാരായിരുന്ന പലരും പറഞ്ഞിട്ടുണ്ട്. പകരം, അവരോടു കാണിച്ച യഥാർഥ വ്യക്തിഗത താത്പര്യം ആയിരുന്നു അവരുടെ ഹൃദയത്തെ സ്പർശിച്ചത്. ഐക്യനാടുകളിൽ താമസിച്ചിരുന്ന ഒരു ഏഷ്യക്കാരി സ്ത്രീയുടെ കാര്യമെടുക്കാം. അവരെ സന്ദർശിച്ച സഹോദരിയുടെ സൗഹൃദപ്രകൃതം അവരിൽ വളരെ മതിപ്പുളവാക്കി. ബൈബിൾ പഠിക്കാൻ ആ സ്ത്രീ സമ്മതിച്ചു. അവർക്ക് ഇംഗ്ലീഷ് നല്ല വശമില്ലായിരുന്നു, എന്നാൽ സഹോദരി ക്ഷമ പ്രകടമാക്കി. ക്ഷീണം നിമിത്തമോ മറ്റു കാരണങ്ങളാലോ അധ്യയനത്തിന് ഇരിക്കാൻ അവർക്കു സാധിക്കാത്ത അവസരങ്ങളിൽ സഹോദരി അധ്യയനം മറ്റൊരു ദിവസത്തേക്കു മാറ്റിവെച്ച് ഒരു സൗഹൃദ സന്ദർശനം നടത്തി മടങ്ങും. കാലാന്തരത്തിൽ ആ സ്ത്രീയും അവരുടെ രണ്ട് ആൺമക്കളും പ്രായംചെന്ന അമ്മയും സ്നാപനമേറ്റു. പിന്നീട് അവർ തന്റെ മാതൃദേശത്തേക്കു തിരിച്ചുപോയി സത്യം പഠിക്കാൻ മറ്റു പലരെയും സഹായിച്ചു. അവരുടെ ഒരു മകൻ ഇപ്പോൾ ബ്രാഞ്ച് ഓഫീസിൽ സേവനം അനുഷ്ഠിക്കുകയാണ്. യഹോവയുടെ “ദയയും മനുഷ്യപ്രീതിയും” പ്രതിഫലിപ്പിച്ചത് എത്ര വലിയ അനുഗ്രഹങ്ങൾക്കാണ് ഇടയാക്കിയത്!—തീത്തൊ. 3:4.
3 ബുദ്ധമത വിശ്വാസം: ബുദ്ധമതക്കാർ പൊതുവെ മറ്റ് ആശയങ്ങളോടു സഹിഷ്ണുത പുലർത്തുന്നവരാണ്. അതേസമയം, ഒരു പ്രത്യേക വിശ്വാസത്തോടു പറ്റിനിൽക്കേണ്ട ആവശ്യമുണ്ടെന്ന് അവർ കരുതുന്നില്ല. അതുകൊണ്ടുതന്നെ അവരോരോരുത്തർക്കും വ്യത്യസ്ത വിശ്വാസങ്ങളാണുള്ളത്. ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്നും പ്രബുദ്ധത കൈവരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് അതൃപ്തികരമായ പുനർജന്മ ചക്രത്തിൽനിന്നു മോചനം നേടാൻ സാധിക്കുമെന്നുമാണ് ബുദ്ധമതത്തിലെ ഒരു വിഭാഗത്തിന്റെ പൊതുവായ വിശ്വാസം. പുനർജന്മ ചക്രത്തിൽനിന്നു വിമുക്തനാകാൻ ഒരു വ്യക്തി നിർവാണം—വേദനയും തിന്മയും ഇല്ലാത്ത ഒരുതരം ശൂന്യത; ഒരു സ്ഥലമോ സംഭവമോ അല്ലാത്തതുകൊണ്ട് ഈ അവസ്ഥയെ വിവരിക്കുക സാധ്യമല്ല—പ്രാപിക്കണം എന്നു പറയപ്പെടുന്നു. (മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? എന്ന ഇംഗ്ലീഷിലുള്ള ലഘുപത്രികയുടെ 9-10 പേജുകൾ കാണുക.) ഇത് എന്തു വ്യക്തമാക്കുന്നു? ബുദ്ധമത തത്ത്വജ്ഞാനത്തെ കുറിച്ച് ആളുകളുമായി സംവാദത്തിൽ ഏർപ്പെടുന്നത് യാതൊരു ഫലവും ചെയ്യുകയില്ല എന്നുതന്നെ. അതുകൊണ്ട്, എല്ലാവരെയും ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങൾ ചർച്ച ചെയ്യുക.
4 എല്ലാവർക്കും താത്പര്യമുള്ള വിഷയങ്ങൾക്ക് ഊന്നൽ നൽകുക: ഭൂമിയിലെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞ ഒന്നാണെന്നു പൊതുവെ ബുദ്ധമതക്കാർ കരുതുന്നു. അതുകൊണ്ട് ഭൂമിയിൽ നിത്യമായി ജീവിക്കുക എന്ന ആശയം യുക്തിഹീനമായി അവർക്കു തോന്നിയേക്കാം. എങ്കിലും, സന്തുഷ്ടമായ കുടുംബജീവിതം ആസ്വദിക്കാനും കഷ്ടപ്പാടുകൾ നീക്കം ചെയ്തു കാണാനും ജീവിതത്തിന്റെ അർഥം എന്താണെന്ന് അറിയാനും നാമെല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവർക്കും താത്പര്യമുള്ള അത്തരം ആവശ്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് എങ്ങനെ സംസാരിക്കാമെന്നു ശ്രദ്ധിക്കുക.
5 ഈ അവതരണം ശ്രമിച്ചുനോക്കാവുന്നതാണ്:
◼“ലോകത്തിൽ ഇന്ന് നിരപരാധികളായ ഒട്ടേറെ ആളുകൾ ദുരിതം അനുഭവിക്കുന്നു. വേദനയ്ക്കും കഷ്ടപ്പാടിനുമെല്ലാം അറുതി വരുത്താൻ ആവശ്യമായിരിക്കുന്നത് എന്താണെന്നാണു താങ്കൾ കരുതുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] എനിക്ക് വളരെ ആശ്വാസം നൽകുന്ന ഒരു പുരാതന വാഗ്ദാനമുണ്ട്. [വെളിപ്പാടു 21:4, 5എ വായിക്കുക.] ഇവിടെ പറഞ്ഞിരിക്കുന്ന അവസ്ഥകൾ ഇതുവരെ വന്നിട്ടില്ലെങ്കിലും അങ്ങനെയൊരു കാലം വരുമ്പോൾ അതു കാണാൻ നമ്മൾ ആഗ്രഹിക്കില്ലേ?” കഷ്ടപ്പാടുകൾ എങ്ങനെ അവസാനിക്കുമെന്നു വിവരിക്കുന്ന ഒരു പ്രസിദ്ധീകരണം നൽകുക.
6 മുതിർന്ന ഒരു വ്യക്തിയോടാണു സംസാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം:
◼ഇന്നത്തെ തരംതാണ ആശയങ്ങളെ കുറിച്ചും അവയ്ക്കു നമ്മുടെ കുട്ടികളുടെ മേലുള്ള സ്വാധീനത്തെ കുറിച്ചും ഒരുപക്ഷേ എന്നെപ്പോലെതന്നെ താങ്കൾക്കും ഉത്കണ്ഠയുണ്ടായിരിക്കും. യുവജനങ്ങൾക്കിടയിൽ അധാർമികത ഇത്രയധികം വർധിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? [പ്രതികരണത്തിന് അനുവദിക്കുക.] ഇസ്ലാം മതവും ഹിന്ദു മതവും ക്രിസ്ത്യാനിത്വവും സ്ഥാപിക്കപ്പെടുന്നതിനും ഏറെക്കാലം മുമ്പ് എഴുതി തുടങ്ങിയ ഒരു പുസ്തകത്തിൽ ഇതു മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യം താങ്കൾക്ക് അറിയാമോ? [2 തിമൊഥെയൊസ് 3:1-3 വായിക്കുക.] മനുഷ്യർ അറിവു നേടുന്നതിൽ തുടരുന്നുവെങ്കിലും ഈ അവസ്ഥകൾ നിലനിൽക്കുന്നതായി ശ്രദ്ധിക്കുക. [7-ാം വാക്യം വായിക്കുക.] മിക്ക ആളുകളും ഒരിക്കലും മനസ്സിലാക്കാത്ത സത്യം കണ്ടെത്താൻ ഈ പ്രസിദ്ധീകരണം എന്നെ സഹായിച്ചിരിക്കുന്നു. ഇതു വായിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?” ഉചിതമായ ഒരു പുസ്തകമോ ലഘുപത്രികയോ സമർപ്പിക്കുക.
7 ഒരു വിശുദ്ധ ലിഖിതം എന്ന നിലയിൽ ബുദ്ധമതക്കാർ ബൈബിളിനെ ആദരിക്കുന്നു. അതുകൊണ്ട് അതിൽനിന്നു നേരിട്ടു വായിക്കുക. (എബ്രാ. 4:12) പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തെ കുറിച്ച് വ്യക്തി അസ്വസ്ഥനാണെങ്കിൽ ബൈബിൾ എഴുത്തുകാരെല്ലാം ഏഷ്യക്കാരായിരുന്നുവെന്ന് അദ്ദേഹത്തോടു പറയുക.
8 ഏറ്റവും ഫലപ്രദമായ പ്രസിദ്ധീകരണങ്ങൾ ഏതാണ്? പല പ്രസാധകരും പിൻവരുന്ന സാഹിത്യങ്ങൾ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്: കുടുംബസന്തുഷ്ടിയുടെ രഹസ്യം, ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകങ്ങൾ; “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികകൾ; ലഭ്യമാണെങ്കിൽ എല്ലാ ആളുകളും പരസ്പരം സ്നേഹിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ? എന്ന രാജ്യവാർത്ത നമ്പർ 35. ഇപ്പോൾ സത്യം പഠിച്ചുകൊണ്ടിരിക്കുന്ന മിക്ക ബുദ്ധമതക്കാരും ആദ്യം ആവശ്യം ലഘുപത്രികയും പിന്നെ പരിജ്ഞാനം പുസ്തകവുമാണു പഠിക്കുന്നത്.
9 പൗലൊസ് അഥേനയിൽ വന്നെത്തുന്നതിന് ഏകദേശം 400 വർഷം മുമ്പ് ബുദ്ധമത മിഷനറിമാർ അവിടെ എത്തിയതായി പറയപ്പെടുന്നുണ്ടെങ്കിലും ബുദ്ധമത വിശ്വാസത്താൽ സ്വാധീനിക്കപ്പെട്ട ഒരു വ്യക്തിയെ എപ്പോഴെങ്കിലും അവൻ കണ്ടുമുട്ടിയതായി യാതൊരു സൂചനയുമില്ല. എന്നാൽ, എല്ലാത്തരത്തിലുമുള്ള ആളുകളോടും സാക്ഷീകരിക്കുന്നതിനെ പൗലൊസ് എങ്ങനെ വീക്ഷിച്ചു എന്നു നമുക്ക് അറിയാം. “അധികംപേരെ നേടേണ്ടതിന്നു” അവൻ തന്നെത്തന്നെ “എല്ലാവർക്കും ദാസനാക്കി.” (1 കൊരി. 9:19-23) ആളുകളിൽ വ്യക്തിപരമായ താത്പര്യം കാണിച്ചുകൊണ്ടും കണ്ടുമുട്ടുന്ന ഓരോരുത്തർക്കും സാക്ഷ്യം നൽകുമ്പോൾ നമുക്കു പൊതുവായുള്ള പ്രത്യാശയെ എടുത്തുപറഞ്ഞുകൊണ്ടും പൗലൊസിന്റെ മാതൃക നമുക്കു പിന്തുടരാം.