ചെറുപ്പക്കാർ ചോദിക്കുന്നു. . .
സംഭാഷണം നടത്തുന്നതിൽ എനിക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയും?
ചെറുപ്പക്കാരിയായ ഷാരൻ ജൻമനാ തൊട്ടാവാടിയും നാണംകുണുങ്ങിയും ആണ്. ഉണരുക!യുമായുള്ള ഒരു അഭിമുഖത്തിൽ അവൾ ഇപ്രകാരം ഏററു പറഞ്ഞു: “എന്നെ ആരെയെങ്കിലും പരിചയപ്പെടുത്തുമ്പോൾ, എന്തു പറയണമെന്ന് എനിക്കറിയില്ല. തെററായ കാര്യം പറയാനും ഒരുപക്ഷേ ആളെ ക്ഷുഭിതനാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല.” ഷാരനെപ്പോലെ നാണംകുണുങ്ങികളായ ചെറുപ്പക്കാർക്ക് സംഭാഷണം നടത്തുന്നതിന് യഥാർത്ഥ ശ്രമം ആവശ്യമാണ്.
മററുള്ളവരെ സംബന്ധിച്ചിടത്തോളം വർഗ്ഗവ്യത്യാസങ്ങൾ ഒരു ആശയവിനിമയപ്രതിബന്ധം ആയിരിക്കാവുന്നതാണ്. കറുത്ത, ദക്ഷിണാഫ്രിക്കൻ യുവാവായ ലൂക്കാസിന്റെ കാര്യമെടുക്കുക. അയാൾ ആ രാജ്യത്തെ പ്രാദേശിക ഭാഷകളിൽ ഈ മാസിക പ്രസിദ്ധീകരിക്കുന്ന വിവിധ വർഗ്ഗക്കാർ ചേർന്ന ജോലിക്കാരുടെ ഭാഗമായിത്തീർന്നു. അയാൾ ഇപ്രകാരം വിശദീകരിച്ചു: “ഒരു കറുത്തവർഗ്ഗക്കാരൻ വെള്ളക്കാരോടുകൂടെ ഒരു മേശക്കലിരുന്ന് ആഹാരം കഴിക്കുന്നത് ഒരു സാംസ്ക്കാരിക നടുക്കം ആണ്. ഇവിടെ വന്ന് വെള്ളക്കാരോടുകൂടെ ജീവിക്കുന്നത് എന്നെ ശങ്കയുള്ളവനാക്കി, കാരണം ഞങ്ങൾക്ക് വ്യത്യസ്ത പശ്ചാത്തലങ്ങളാണുള്ളത്. ഞാൻ പറയുന്നത് സ്വീകരിക്കപ്പെടുമോയെന്ന് ഞാൻ സംശയിച്ചു. ആ തോന്നൽ മറികടക്കുന്നതിന് സമയമെടുക്കുന്നു.”
ഒരേ വർഗ്ഗക്കാർക്കിടയിൽപോലും ചിലപ്പോൾ ആശയവിനിമയ തടസ്സങ്ങൾ ഉണ്ട്. പീററർ എന്ന ഒരു ദക്ഷിണാഫ്രിക്കക്കാരൻ സ്മരിക്കുന്നതുപോലെ: “ഞാൻ ഒരു കൃഷിസ്ഥലത്ത് ജനിച്ചു വളർന്നു, പിന്നീട് എന്റെ കുടുംബം പട്ടണത്തിലേക്ക് താമസം മാററി. എനിക്ക് കാർഷിക ജീവിതത്തെക്കുറിച്ച് പറയാൻ കഴിയുമായിരുന്നു, എന്നാൽ നഗരജീവിതം വളരെ വ്യത്യസ്തമായിരുന്നു. എന്റെ സ്നേഹിതരുടെ സംഭാഷണം ഞാൻ ആദരവോടെ കേട്ടുകൊണ്ടിരുന്നു, എന്നാൽ ഞാൻ മൗനമായിരുന്നു.
മേൽപ്പറഞ്ഞതിന് സമാനമായ ഒരു പ്രശ്നം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും?
ലജ്ജാശീലം തരണം ചെയ്യൽ
മററുള്ളവരോടൊന്നിച്ചായിരിക്കുമ്പോൾ നിങ്ങൾക്ക് നിസ്സഹായാവസ്ഥ തോന്നുന്നുവോ? ഇത് വളർച്ചപ്രാപിക്കുന്നതിന്റെ ഒരു പൊതുലക്ഷണമാണെന്ന് മനസ്സിൽ പിടിക്കുക. കൗമാരപ്രായം ആത്മബോധത്തിന്റെ ഒരു കാലമാണ്—അപ്പോൾ ചെറുപ്പക്കാർ, മററുള്ളവർ തങ്ങളെക്കുറിച്ച് എന്തുവിചാരിക്കുമെന്ന് തീവ്രബോധമുള്ളവർ ആയിത്തീരുന്നു. പലപ്പോഴും അവർ ശ്രദ്ധാകേന്ദ്രമായിത്തീരുന്നതിനെ ഒഴിവാക്കുകയും കഴിവതും കുറച്ചു സംസാരിക്കുകയും ചെയ്യുന്നു.
ഏകാന്തത എന്ന തന്റെ പുസ്തകത്തിൽ ഡോ. ടോണി ലേക്ക് ഇപ്രകാരം വിശദീകരിക്കുന്നു: “ലജ്ജാശീലം ഒരു തരം സംരക്ഷണം ആണ്. ലജ്ജാശീലമുള്ള വ്യക്തി തെററുചെയ്യുന്നതിൽ നിന്ന് രക്ഷപെടുന്നു. കാരണം ലജ്ജാശീലം അത്തരം ഒരാളെ മണ്ടത്തരം ശ്രദ്ധിക്കുന്നതിന്റെയോ സംസാരിക്കുന്നതിന്റെയോ അപകടത്തിൽ ചാടുന്നതിൽ നിന്ന് തടയുന്നു.” ഒരു സംഭാഷണത്തിൽ ചേരുന്നതിന്റെ ആലോചനപോലും നാണം കുണുങ്ങികളെ വിയർപ്പിച്ചേക്കാം! സംസാരിക്കാനുള്ള ധൈര്യം സംഭരിക്കാൻ അവർക്ക് കഴിയുന്നില്ല. അഥവാ അവർ ചെയ്യുന്നെങ്കിൽ തന്നെ വാക്കുകൾ കൂടിക്കുഴയുന്നു. കേൾവിക്കാർ അന്ധാളിച്ച് നോക്കിയേക്കാം, അല്ലെങ്കിൽ ചിരിക്കുകപോലും ചെയ്തേക്കാം. നിങ്ങൾക്ക് ഇതു സംഭവിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
ഡോ. ലേക്ക് ഇപ്രകാരം വിശദീകരിക്കുന്നു: “നമുക്കുതന്നെ സമയം നൽകുക എന്നതാണ് പരിഹാരം, നമുക്ക് അടിസ്ഥാനപരമായി എന്തോ പിശകുണ്ടെന്ന് ചിന്തിക്കുകയുമരുത്. സംസാരിക്കാൻ തയ്യാറാണെന്ന് നമുക്ക് തോന്നുന്നതുവരെ നാം കേൾക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണം.” (യാക്കോബ് 1:19 താരതമ്യം ചെയ്യുക.) ഈ വസ്തുനിഷ്ഠമായ സമീപനം, ഐറിനെപ്പോലെ അനേകരെ സഹായിച്ചിട്ടുണ്ട്. “മററാളുകളുടെ സംഭാഷണങ്ങൾ ഞാൻ സൂക്ഷ്മമായി ശ്രദ്ധിക്കുന്നു, അവരിൽ നിന്ന് പഠിക്കുന്നതിനുതന്നെ,” എന്ന് അവൾ വിശദമാക്കുന്നു. “തുടർന്ന് കൂടുതൽ വിവരം ലഭിക്കുന്നതിന് ഞാൻ ഗവേഷണം നടത്തി പഠിക്കുന്നു. ആ വിഷയം വീണ്ടും പൊന്തിവരുന്നെങ്കിൽ, അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ പ്രാപ്തയാണ്.”
നിങ്ങൾ തെററിദ്ധരിക്കപ്പെടുന്നെങ്കിൽ എന്ത്?
ചിലപ്പോൾ സംഭാഷണം നടത്താനുള്ള നിങ്ങളുടെ ആത്മാർത്ഥമായ ശ്രമം ഒരു പ്രതികൂല പ്രതികരണം ഉളവാക്കിയേക്കാം, നിങ്ങൾ പറയുന്നത് തെററായ വിധത്തിൽ എടുക്കുന്നു. അത്തരം സംഭവങ്ങൾ നിങ്ങളെ വീണ്ടും സംഭാഷണവിരക്തിയിലേക്ക് പിന്തിരിയാൻ ഇടയാക്കത്തക്കവണ്ണം കാര്യമായെടുക്കരുത്. “കുപിതനായിത്തീരാൻ നിങ്ങൾതന്നെ തിടുക്കം കൂട്ടരുത്, എന്തെന്നാൽ കോപം ഭോഷൻമാരുടെ ഹൃദയത്തിൽ കുടികൊള്ളുന്നു,” എന്ന് സഭാപ്രസംഗി 7:9 പറയുന്നു.
ദീർഘകാലം മുമ്പ് തെററിദ്ധരിക്കപ്പെട്ട യുവാവായ ദാവീദിനെ സംബന്ധിച്ച് ബൈബിൾ പറയുന്നു. യിസ്രായേൽ സൈന്യത്തിൽ സേവിച്ചുകൊണ്ടിരുന്ന തന്റെ മൂത്ത സഹോദരൻമാർക്ക് ഒരു സമ്മാനവുമായി അവന്റെ അപ്പൻ അവനെ അയച്ചു. ചെന്നപ്പോൾ ഫെലിസ്ത്യമല്ലനായ ഗോല്യാത്തിന്റെ നിന്ദാവാക്കുകൾകേട്ട് ദാവീദ് ഞെട്ടിപ്പോയി. “ജീവനുള്ള ദൈവത്തിന്റെ യുദ്ധനിരകളെ നിന്ദിക്കാൻ തക്കവണ്ണം ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആര്?” എന്ന് അവൻ പടയാളികളോട് ചോദിച്ചു. ദാവീദിന്റെ ജ്യേഷ്ഠൻമാരിൽ ഒരാളായ ഏലിയാബ് ഇതുകേട്ട് കുപിതനായി. തന്റെ അനുജൻ വന്നതിന്റെ ആന്തരം തെററായി വിധിച്ചുകൊണ്ട് അവൻ പറഞ്ഞു: “നിന്റെ അഹങ്കാരവും നിന്റെ ഹൃദയത്തിലെ വഷളത്വവും എനിക്ക് നന്നായി അറിയാം, എന്തെന്നാൽ നീ വന്നിരിക്കുന്നത് യുദ്ധം കാണുക എന്ന ഉദ്ദേശ്യത്തിലാണ്.”—1 ശമുവേൽ 17:26-28.
ഒരുപക്ഷേ അതുപോലെ മററുള്ളവർ നിങ്ങളെ തെററിദ്ധരിച്ചേക്കാം. അങ്ങനെയെങ്കിൽ നിങ്ങളെ തകർക്കാൻ അതിനെ അനുവദിക്കരുത്. ദാവീദിന്റെ നല്ല ആന്തരം പെട്ടെന്നുതന്നെ വെളിപ്പെടുത്തപ്പെട്ടതുപോലെ നല്ല സംഭാഷണം നടത്തുന്നതിനുള്ള നിങ്ങളുടെ ആത്മാർത്ഥമായ ശ്രമങ്ങൾക്കും ഒടുവിൽ പ്രതിഫലം ലഭിക്കും. “സൽപ്രവൃത്തികൾ പരസ്യമായി പ്രകടമായിത്തീരുന്നു എന്ന് ബൈബിൾ ഉറപ്പു നൽകുന്നു. (1 തിമൊഥെയോസ് 5:24, 25) അതുകൊണ്ട്, പരിശ്രമിച്ചുകൊണ്ടിരിക്കുക.
തൻമയീഭാവത്തിന്റെ ആവശ്യം
എങ്കിലും നിങ്ങൾക്ക് എങ്ങനെ തുടക്കമിടാൻ കഴിയും? ആശയവിനിയമം എന്ന തന്റെ പുസ്തകത്തിൽ ലാറി എൽ. ബാർക്കർ ഇപ്രകാരം പറയുന്നു: “ആശയവിനിമയത്തിന്റെ അത്യന്തം ഫലപ്രദമായ രൂപം തൻമയീഭാവത്തോടുകൂടിയ പരസ്പര പ്രവർത്തനം ആണ്. തൻമയീഭാവം മററാളുകളെ സംബന്ധിച്ച് അഗാധമായ ഗ്രാഹ്യത്തെ അവരുടെ ചിന്തകളോട് താദാത്മ്യം പ്രാപിക്കുന്നതിനെ, അവരുടെ വേദന അനുഭവിച്ചറിയുന്നതിനെ, അവരുടെ സന്തോഷത്തിൽ പങ്കുകാരാകുന്നതിനെ അർത്ഥമാക്കുന്നു.” ഈ ഗുണം പ്രദർശിപ്പിക്കുന്നതിൽ ഒരു മികച്ച ദൃഷ്ടാന്തം യേശുക്രിസ്തുവാണ്. ഒരിക്കൽ അവന്റെ മരണത്തിൽ വിലപിച്ചുകൊണ്ടിരുന്ന തന്റെ രണ്ടു ശിഷ്യൻമാരുമായി യേശു ഒരു സംഭാഷണം തുടങ്ങി. തന്റെ യഥാർത്ഥ താദാത്മ്യം മറച്ചുപിടിച്ചുകൊണ്ട് പുനരുത്ഥാനം പ്രാപിച്ച യേശു ചോദിച്ചു: “നിങ്ങൾ നടന്നുപോകുമളവിൽ തമ്മിൽ വാദിക്കുന്ന ഈ കാര്യങ്ങൾ എന്താണ്?”—ലൂക്കോസ് 24:17.
യെരുശലേമിൽ ആയിടക്ക് സംഭവിച്ച സങ്കടകരമായ സംഭവങ്ങൾ ഈ “അപരിചിതർ” കേട്ടിരുന്നില്ല എന്നതിൽ രണ്ടുപേരും ആശ്ചര്യം പ്രകടമാക്കി. “ഏതു കാര്യങ്ങൾ?” യേശു വീണ്ടും ചോദിച്ചു. തുടർന്ന് ഒരു സജീവ സംഭാഷണം നടന്നു, അതിനുശേഷം ശിഷ്യൻമാരിൽ ഒരുവൻ ഇപ്രകാരം അഭിപ്രായം പറഞ്ഞു: “ അവൻ വഴിയിൽവെച്ച് നമ്മോട് സംസാരിക്കുമളവിൽ, അവൻ തിരുവെഴുത്തുകളെ നമുക്ക് പൂർണ്ണമായി വെളിപ്പെടുത്തിത്തരുമളവിൽ നമ്മുടെ ഹൃദയങ്ങൾ കത്തിക്കൊണ്ടിരുന്നില്ലയോ?” (ലൂക്കോസ് 24:13-32) അതെ, യേശു മററുള്ളവരെ ശ്രദ്ധിക്കുകയും തൻമയീഭാവം പ്രകടമാക്കുകയും ചെയ്തിരുന്നതുകൊണ്ട് അവൻ പല നല്ല സംഭാഷണങ്ങൾ ആസ്വദിച്ചു.—യോഹന്നാൻ 4:7-26.
സംഭാഷണം തുടങ്ങൽ
മേൽപ്പറഞ്ഞ സംഭാഷണം ഒരു ലളിതമായ ചോദ്യത്തോടെ തുടങ്ങിയത് ഗൗനിക്കുക. ചോദ്യങ്ങൾ സംഭാഷണം തുടങ്ങുന്നതിന് വളരെ മികച്ച ഉപാധിയാണ്. ഒരു വിഷയത്തിൽ നിങ്ങൾക്ക് വളരെ താൽപ്പര്യമുള്ള ഒരു ചോദ്യത്തെക്കുറിച്ച് എളുപ്പം ചിന്തിക്കാൻ സാദ്ധ്യതയുണ്ട് എന്നതു സത്യം തന്നെ, എന്നാൽ ഇത് എല്ലായ്പ്പോഴും ഒരു സജീവസംഭാഷണത്തിലേക്ക് നയിക്കണമെന്നില്ല. “മററുള്ളവരുടെ കാര്യത്തിലും അവർ ചെയ്യുന്നതിലും” താൽപ്പര്യമെടുക്കാൻ ബൈബിൾ നമ്മെ പ്രബോധിപ്പിക്കുന്നുവെന്ന് ഓർക്കുക. (ഫിലിപ്പിയർ 2:4, ദ ലിവിംഗ് ബൈബിൾ) അതുകൊണ്ട്, നിങ്ങളുടെ ചങ്ങാതി ഉത്തരം നൽകുന്നത് ആസ്വദിക്കുന്ന ഒരു ചോദ്യം നിങ്ങൾ ചിന്തിച്ചെടുക്കുക എന്നതാണ് ആവശ്യം. അതിന് തൻമയീഭാവം വേണം. നിങ്ങൾക്ക് ഒട്ടും താൽപ്പര്യമില്ലാത്ത ഒരു വിഷയം നിങ്ങൾ തെരഞ്ഞെടുക്കേണ്ടി വന്നേക്കാം, എന്നാൽ ഉൽസാഹപൂർവകമായ ഒരു പ്രതികരണത്താലും കുറെ വിലപ്പെട്ട വിവരണത്താലും നിങ്ങൾക്ക് പ്രതിഫലം ലഭിച്ചേക്കാം.
“ഒരു സംഭാഷണം തുടങ്ങാനുള്ള പത്ത് എളുപ്പ വഴികൾ” ഗ്രന്ഥകാരനായ ലെസ് ഡൊണാൾഡ്സൻ പട്ടികപ്പെടുത്തുന്നു. അയാളുടെ ഏഴു നിർദ്ദേശങ്ങളിൽ ചോദ്യങ്ങൾ ഉൾപ്പെടുന്നു, ഒരു വ്യക്തിയുടെ പശ്ചാത്തലം സംബന്ധിച്ച ചോദ്യം, ഉപദേശത്തിനുവേണ്ടിയുള്ള ചോദ്യം, സഹായത്തിനു വേണ്ടി, ഒരു അഭിപ്രായത്തിനുവേണ്ടി, ഒരു വിലനിർണ്ണയത്തിനുവേണ്ടി, പ്രാദേശിക ആചാരങ്ങൾ സംബന്ധിച്ച് അഥവാ പ്രദേശത്തെ റെസ്റേറാറൻറുകൾ സംബന്ധിച്ച ചോദ്യം. ചോദ്യം എന്തായാലും അത് ആത്മാർത്ഥതയോടെ ചോദിക്കണം. നിങ്ങൾ എങ്ങനെ കേൾക്കുന്നുവെന്നതിനും ശ്രദ്ധ നൽകണം. (ലൂക്കോസ് 8:18 താരതമ്യം ചെയ്യുക.) നിങ്ങളുടെ മനസ്സും കണ്ണുകളും അലഞ്ഞുതിരിയാൻ നിങ്ങൾ അനുവദിക്കുന്നെങ്കിൽ ഉത്തരം നൽകുന്ന വ്യക്തി അയാൾക്കു പറയാനുള്ളതിൽ നിങ്ങൾ യഥാർത്ഥത്തിൽ തൽപ്പരനാണോ എന്ന് സംശയിച്ചേക്കാം.
സംഭാഷണം തുടങ്ങുന്നതു സംബന്ധിച്ച് ഡൊണാൾഡ്സന്റെ മററ് മൂന്നു നിർദ്ദേശങ്ങൾ ഇവയാണ്: “ഒരു പ്രാദേശിക സംഭവം സംബന്ധിച്ച് അഭിപ്രായം പറയൽ; പ്രകൃതി ദൃശ്യം പോലെ നിങ്ങൾ സ്തുത്യർഹമായി കണ്ടെത്തിയ എന്തെങ്കിലും സംബന്ധിച്ച് അഭിപ്രായം പറയൽ; അല്ലെങ്കിൽ ഒരു ആശീർവാദം നൽകൽ. “ആളുകളെ അഭിനന്ദിക്കാനുള്ള കാര്യങ്ങൾ നോക്കുന്നെങ്കിൽ നിങ്ങൾ അവ ധാരാളം കണ്ടെത്തും” എന്ന് സംഭാഷണത്തിന്റെ ഇന്ദ്രജാലം എന്ന തന്റെ പുസ്തകത്തിൽ ഗ്രൻഥകാരൻ പറയുന്നു. എന്നാൽ അയാൾ ഈ മുന്നറിയിപ്പ് കൂട്ടിച്ചേർക്കുന്നു: “ആളുകൾ ആത്മാർത്ഥതയില്ലാത്ത അഭിനന്ദനങ്ങൾ തിരിച്ചറിയും, ആത്മാർത്ഥതയില്ലാത്ത ഒരു വ്യക്തിയോട് ദീർഘനേരം സംഭാഷിക്കാനും ഇടയില്ല.”
സംഭാഷണത്തിന് നിങ്ങൾ ഏതു “ചൂണ്ട” തെരഞ്ഞെടുത്താലും സ്ഥിരപരിശ്രമം സാധാരണയായി ഫലമുളവാക്കുന്നു. തുടക്കത്തിൽ പരാമർശിച്ച ഷാരന്റെ കാര്യമെടുക്കുക. അവൾക്ക് ഇപ്പോൾ 22 വയസ്സ് പ്രായമുണ്ട്, അവൾ തന്റെ ലജ്ജാശീലം തരണം ചെയ്യുന്നതിൽ ശ്രദ്ധേയമായ പുരോഗതി വരുത്തുകയും ചെയ്തിരിക്കുന്നു. രണ്ടു വർഷം മുമ്പ് അഭിമുഖം നടത്തിയതിനുശേഷം അവൾ അപരിചിതരെ സന്ദർശിച്ച് ബൈബിൾ സംബന്ധമായ സംഭാഷണങ്ങൾ തുടങ്ങുന്നതിൽ ഒരു വർഷം ആയിരം മണിക്കൂറിലധികം ചെലവഴിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളിലെ ഒരു മുഴുസമയശുശ്രൂഷകയായിത്തീർന്നിരിക്കുന്നു. ലൂക്കാസിനെയും പീറററിനെയും സംബന്ധിച്ചാണെങ്കിൽ ദക്ഷിണാഫ്രിക്കയിലെ വാച്ച്ററവർ സൊസൈററിയുടെ ശാഖയിൽ ബൈബിൾ സാഹിത്യം ഉൽപ്പാദിപ്പിക്കുന്നതിൽ അവർ ഇപ്പോൾ അനേകം വർഷങ്ങൾ വേലചെയ്തിരിക്കുന്നു. അവർക്ക് ഒരു സമയത്ത് സംഭാഷണം നടത്താൻ ശ്രമിക്കുന്നതിൽ ഒരു പ്രശ്നമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് പ്രയാസം തോന്നും.
അതുകൊണ്ട് ഏതെങ്കിലും കാരണത്താൽ നിങ്ങൾക്ക് സംഭാഷണം നടത്താൻ പ്രയാസം തോന്നുന്നെങ്കിൽ, വിട്ടുകളയരുത്; നിങ്ങൾക്കു തന്നെ സമയം അനുവദിക്കുക. മററുള്ളവരെ ശ്രദ്ധിക്കുക. നിലവിലുള്ള വിഷയങ്ങൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ ഉണ്ടായിരിക്കുന്നതിന് വായിക്കുകയും പഠിക്കുകയും ചെയ്യുക. സംഭാഷണകല വികസിപ്പിക്കുന്നത് നിങ്ങളുടെ ജീവിതം ധന്യമാക്കും, മററുള്ളവരുടെ സന്തുഷ്ടി വർദ്ധിപ്പിക്കുകയും ചെയ്യും. (g89 5/22)
[31-ാം പേജിലെ ചിത്രം]
സംഭാഷണത്തിൽ ഉൾപ്പെടാൻ ഒരു മന:പൂർവ്വശ്രമം നടത്തുക