ഫ്രഞ്ച് വിപ്ലവം—വരാനുള്ള കാര്യങ്ങളുടെ ഒരു പൂർവ്വസ്ഫുരണം
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ഫ്രഞ്ച് വിപ്ലവം 200 വർഷം മുമ്പ് 1789ൽ സംഭവിച്ചു. അതിന്റെ കാരണങ്ങൾ ഏവയായിരുന്നു? അത് വരാനുള്ള കാര്യങ്ങൾക്ക് എന്തു മാതൃക അവശേഷിപ്പിച്ചു?
“അത് ഒരു ലഹളയാണോ?” രാജാവ് ചോദിച്ചു.
“അല്ല, സർ, അതൊരു വിപ്ലവമാണ്.”
ഫ്രഞ്ച് രാജാവായ ലൂയീസ് XVI-ാമൻ 1789 ജൂലൈ 14ന് പാരീസിൽ കാരാഗൃഹം ആക്രമിക്കപ്പെട്ടപ്പോൾ ചോദിച്ച ചോദ്യമാണത്. ഫ്രാൻസിൽ നീണ്ടു നിൽക്കുന്ന മാററങ്ങൾ വരുത്താൻ പോകുന്നതും വരാനുള്ള കാര്യങ്ങൾക്ക് ഒരു പൂർവ്വസ്ഫുരണം പ്രദാനം ചെയ്യുന്നതുമായ സംഭവങ്ങൾ തിരിച്ചറിയാൻ ഫ്രഞ്ച് രാജകുടുംബാംഗങ്ങൾക്ക് കഴിഞ്ഞില്ലെന്ന് അയാൾ പ്രകടമാക്കി.
പതിനെട്ടാം നൂററാണ്ടിൽ പട്ടിണി ഫ്രാൻസിൽ പല ലഹളകൾക്കിടയാക്കി. വിപ്ലവത്തിന് തൊട്ടുമുമ്പ് 25 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 10 ദശലക്ഷത്തോളം പേർ ദാനം കിട്ടുന്നത് കഴിച്ച് ജീവിച്ചിരുന്നു. അതിനുപുറമെ രാജകീയ അധികാരം ക്ഷയിക്കുകയായിരുന്നു, ഭരണകൂടം പരിഷ്ക്കാരങ്ങളോട് അനുഭാവമില്ലാത്തതായിരുന്നു, രാജാവിന്റെ അധികാരം ദേശീയ താൽപ്പര്യങ്ങൾക്ക് അതീതമാണെന്നുള്ളതിനെ ബുദ്ധിജീവികൾ ചോദ്യം ചെയ്തു.
നിയമനിർമ്മാണസഭ
ഭരണകൂടം 1788ൽ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു, അധികവും ബ്രിട്ടനെതിരെയുള്ള സ്വാതന്ത്ര്യസമരത്തിൽ ഫ്രാൻസ് അമേരിക്കക്കാരെ പിന്താങ്ങിയതു നിമിത്തം തന്നെ. നിയമനിർമ്മാണസഭ വിളിച്ചുകൂട്ടാൻ രാജാവ് നിർബ്ബന്ധിതനായി. ഈ സഭ രാജ്യത്തെ മൂന്ന് വർഗ്ഗങ്ങളുടെ പ്രതിനിധികൾ ചേർന്നതായിരുന്നു: പുരോഹിതവർഗ്ഗം (ഒന്നാം സ്ഥാനം); പ്രഭുവർഗ്ഗം (രണ്ടാം സ്ഥാനം); സാധാരണ ജനങ്ങൾ (മൂന്നാം സ്ഥാനം).
പുരോഹിതവർഗ്ഗം 1,50,000 ആളുകളെ പ്രതിനിധാനം ചെയ്തു, പ്രഭുവർഗ്ഗം 5,00,000ത്തെയും സാധാരണ ജനങ്ങൾ 2,45,00,000ത്തിൽ അധികത്തെയും. മൂന്നു വർഗ്ഗങ്ങളിൽ ഓരോന്നിനും ഓരോ വോട്ടാണ് ഉണ്ടായിരുന്നത്. (രണ്ട് വോട്ടുള്ള) പുരോഹിതവർഗ്ഗവും പ്രഭുവർഗ്ഗവും സമ്മതിക്കാത്ത പക്ഷം (ഒരു വോട്ടുള്ള) സാധാരണ ജനത്തിന് ഒരു പരിഷ്ക്കാരവും കൊണ്ടുവരാൻ കഴിയില്ലെന്ന് ഇതർത്ഥമാക്കി. ജനസംഖ്യയിൽ ഏതാണ്ട് 3 ശതമാനം മാത്രമായ പുരോഹിതവർഗ്ഗത്തിനും പ്രഭുവർഗ്ഗത്തിനും കൂടെ മറുപക്ഷത്തുള്ള 97 ശതമാനത്തെ കീഴടക്കാൻ കഴിഞ്ഞു! അതിനുപുറമെ പുരോഹിതൻമാരും പ്രഭുക്കൻമാരും കൂടെ ഭൂസ്വത്തിന്റെ 36 ശതമാനം കയ്യടക്കിയിരുന്നു, അവർ നികുതി കൊടുക്കേണ്ടിയിരുന്നുമില്ല.
അത്രയധികം ആളുകൾ പട്ടിണിയിൽ ആയപ്പോൾ സാധാരണജനങ്ങളുടെ പ്രതിനിധികൾ, ഗവൺമെൻറിന്റെ നിഷ്ഠുരഭരണത്തിനും, നീതിരഹിതമായ നികുതിക്കും വോട്ടെടുപ്പിനും കത്തോലിക്കാ പുരോഹിതൻമാരുടെയും പ്രഭുക്കൻമാരുടെയും അനീതികൾക്കും എതിരായി ശബ്ദമുയർത്തി. എന്നിരുന്നാലും രാജാവിന് സുരക്ഷിതത്വം തോന്നി, കാരണം അയാൾ ദിവ്യ അവകാശപ്രകാരം ഭരിക്കുന്നതായി കരുതപ്പെട്ടിരുന്നു. ആളുകൾക്ക് അപ്പോഴും കത്തോലിക്കാ മതത്തിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും, നാലുവർഷത്തിൽ കുറഞ്ഞ സമയംകൊണ്ട് രാജഭരണം മറിച്ചിടപ്പെട്ടു, ക്രിസ്തുമതം ഉപേക്ഷിക്കുന്ന ഒരു നടപടിക്രമം ആരംഭിക്കുകയും ചെയ്തു.
വിപ്ലവത്തിന്റെ നടപടിക്രമം 1789ന്റെ വസന്തകാലത്ത് ആരംഭിച്ചു. പ്രഭുവർഗ്ഗത്തിലെ ചിലർ തെരഞ്ഞെടുപ്പു പ്രക്രിയയിലെ മാററം അംഗീകരിക്കാൻ വിസമ്മതിച്ചതുകൊണ്ട് സാധാരണ ജനങ്ങളുടെ പ്രിതിനിധികൾ സ്വയം നാഷ്ണൽ അസംബ്ലി ആയി പ്രഖ്യാപിച്ചു. ഇത് സാധാരണക്കാരുടെ വിപ്ലവത്തിന്റെ വിജയത്തെയും സ്വേച്ഛാധികാരത്തിന്റെ അന്ത്യത്തെയും അടയാളപ്പെടുത്തി.
എന്നിരുന്നാലും സാധാരണക്കാർ, തങ്ങളെ മറിച്ചിടുന്നതിന് രാജാവും കുലീനജനങ്ങളും തമ്മിലുള്ള ഒരു ഗൂഢാലോചനയെ ഭയപ്പെട്ടു. ഇത് ആളുകളെ തങ്ങളുടെ ഫ്യൂഡൽ നഗരങ്ങളിലേക്ക് പിന്തിരിപ്പിച്ചു, തുടർന്ന് അത് കൂട്ട പ്രക്ഷോഭമായി അധ:പതിക്കുകയും ചെയ്തു. ക്രമം പാലിക്കുന്നതിന്, 1789 ഓഗസ്ററ് 4-ാം തീയതി രാത്രി പ്രഭുവർഗ്ഗത്തിന്റെ പദവികൾ എടുത്തുകളയാനും ഫ്യൂഡൽ ഭരണം റദ്ദാക്കാനും നിയമനിർമ്മാണ സഭ തീരുമാനം എടുത്തു. അങ്ങനെ ഏതാനും ദിവസം കൊണ്ട്, പഴയ ഭരണത്തിന്റെ അടിസ്ഥാനം ഇളക്കപ്പെട്ടു.
മനുഷ്യന്റെ അവകാശങ്ങൾ
നിയമനിർമ്മാണസഭ പിന്നീട് മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനം അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആദർശങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ മതസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ അംഗീകരിക്കുന്ന 10, 11 വകുപ്പുകൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് നിയമനിർമ്മാണ സഭക്ക് പുരോഹിതൻമാരുടെ എതിർപ്പുകളെ തരണം ചെയ്യേണ്ടി വന്നു.
തങ്ങൾ പൂർണ്ണതയുള്ള ഒരു ഗവൺമെൻറ് കണ്ടെത്തിയതായി അനേകർ കരുതി. എന്നിരുന്നാലും പീയൂസ് VI-ാമൻ പാപ്പ സഭക്കുവേണ്ടി ആ പ്രഖ്യാപനത്തെ കുററം വിധിച്ചു. പല വിപ്ലവകാരികളും ശമിക്കാത്ത രക്തദാഹത്തിന് ഇട നൽകിക്കൊണ്ട് ആ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞു.
ഐക്യരാഷ്ട്ര പൊതുസഭ 150ലധികം വർഷങ്ങൾക്കുശേഷം 1948ൽ, 1789ലെ ഫ്രഞ്ച് പാഠത്താൽ പ്രചോദിതമായി മനുഷ്യാവകാശങ്ങളുടെ സാർവ്വത്രിക പ്രഖ്യാപനം അംഗീകരിച്ചു. എന്നാൽ ഇന്ന് മുൻകാലത്തേപ്പോലെ അത്തരം അവകാശങ്ങൾക്ക് അധരസേവനം അർപ്പിക്കുന്ന അനേകരും ഉന്നയിച്ചിരിക്കുന്ന തത്വങ്ങളോട് അങ്ങേയററം അനാദരവ് പ്രകടമാക്കുന്നു. സഭാപ്രസംഗി 8:9ലെ വാക്കുകൾ എത്ര സത്യമാണ്: “ചില മനുഷ്യർക്ക് അധികാരമുണ്ട്, മററുള്ളവർ അവരുടെ കീഴിൽ കഷ്ടപ്പെടേണ്ടി വരുന്നു.”—ററുഡേസ് ഇംഗ്ലീഷ് വേർഷൻ.
സഭ രണ്ടു ചേരിയിൽ
ചില പ്രതിനിധികൾ 1789 ഓഗസ്ററിൽ സഭാസ്വത്തുക്കൾ ദേശസാൽക്കരിക്കുന്ന ആശയം അവതരിപ്പിച്ചു. നിർദ്ദേശം നിയമമായിത്തീരുകയും സംസ്ഥാനം സഭാസ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അതിനുപുറമെ, നിയമനിർമ്മാണ സഭ എഴുതിയുണ്ടാക്കിയ സിവിൾ ഭരണഘടനയോട് പുരോഹിതൻമാർ കൂറ് പ്രഖ്യാപിക്കുന്നത് നിർബ്ബന്ധിതമാക്കി.
സഭ രണ്ടുചേരിയിലായി. പ്രതിജ്ഞയെടുത്ത സംസ്ഥാന പുരോഹിതൻമാരും (പുരോഹിതൻമാരുടെ 60 ശതമാനം) പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ച് റോമിനോട് കൂറു പുലർത്തിയ പുരോഹിതൻമാരും തന്നെ. ഈ വിഭജനം പല സംഘട്ടനങ്ങൾക്ക് ഇട നൽകി. പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ച പുരോഹിതൻമാർ പലപ്പോഴും വിപ്ലവത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കളായി കരുതപ്പെട്ടു.
ഭീതിയും രക്തച്ചൊരിച്ചിലും
ബാഹ്യവിപത്തുകളും വിപ്ലവത്തെ ഭീഷണിപ്പെടുത്തി. രാജാവിനെ വീണ്ടും അധികാരത്തിൽ വരുത്തുന്നതിന് വിദേശരാജ്യങ്ങൾ ഫ്രാൻസിന്റെ കാര്യങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. സാധാരണ ജനങ്ങളെ സംബന്ധിച്ചാണെങ്കിൽ, 1791 ജൂൺ 21ന് രാജ്യത്തുനിന്ന് പലായനം ചെയ്യാൻ ശ്രമിച്ചപ്പോൾ ലൂയി XVI-ാമനിലുള്ള വിശ്വാസം അവർക്ക് നഷ്ടപ്പെട്ടു.
മററ് യൂറോപ്യൻ രാജ്യങ്ങളിൽ വിപ്ലവത്തോട് വർദ്ധിച്ചുവരുന്ന എതിർപ്പിന്റെ വീക്ഷണത്തിൽ 1792ലെ വസന്തകാലത്ത് ഫ്രാൻസ് ബൊഹീമിയയുടെയും ഹംഗറിയുടെയും രാജാവുമായി യുദ്ധം പ്രഖ്യാപിച്ചു. യുദ്ധം യൂറോപ്പിലുടനീളം വ്യാപിക്കുകയും 1799വരെ തുടരുകയും ചെയ്തു, 5,00,000ലധികം ഫ്രഞ്ചുകാരെ ബലിയാടുകളാക്കിക്കൊണ്ടുതന്നെ.
വിപ്ലവത്തിന് 1792 ഓഗസ്ററ്-സെപ്ററംബറിൽ സമൂല മാററം വന്നു. രാജാവിനെ നിഷ്ക്കാസനം ചെയ്യുകയും മരണത്തിന് വിധിക്കുകയും ചെയ്തു, ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. രാജാവ് 1793 ജനുവരി 21നും രാജ്ഞിയായ മേരി ആൻറ്വാനെററ് 1793 ഒക്ടോബർ 16നും വധിക്കപ്പെട്ടു. സഹകരിക്കാതിരുന്ന പല പുരോഹിതൻമാരും നാടുകടത്തപ്പെട്ടു. തങ്ങൾ നിഷ്ഠുരരായ രാജാക്കൻമാരുടെ കീഴിൽ കഴിയുന്ന മററ് ആളുകളെയും സ്വതന്ത്രരാക്കേണ്ടതുണ്ടെന്ന് വിപ്ലവകാരികൾ കരുതി. എന്നാൽ വിമോചകർ പലപ്പോഴും തങ്ങൾതന്നെ സ്വേച്ഛാധികാരികൾ ആയിത്തീർന്നു.
എന്നാൽ യുദ്ധം വഷളാക്കിയ ക്ലേശങ്ങളിൽ നിന്ന് യാതൊന്നും ആശ്വാസം വരുത്തിയില്ല. മൂന്നുലക്ഷം പുരുഷൻമാരെ പട്ടാളത്തിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള കൽപ്പനയെ തുടർന്ന് രാജ്യത്ത് കലാപം ഉണ്ടായി. പശ്ചിമ ഫ്രാൻസിൽ കുരിശിന്റെയും തിരുഹൃദയത്തിന്റെയും ചിഹ്നത്തിൻ കീഴിൽ രാജവാഴ്ചയെ അനുകൂലിക്കുന്ന ഒരു കത്തോലിക്കാ സൈന്യം രൂപീകരിക്കപ്പെട്ടു. നാലു പ്രവിശ്യകളിൽ അത് പട്ടണങ്ങളുടെ നിയന്ത്രണം കയ്യടക്കുകയും അവിടെയുണ്ടായിരുന്ന ജനാധിപത്യവാദികളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.
“പൊതു സുരക്ഷിതത്വസമിതി”യുടെ കരങ്ങളിലേക്ക് സ്വേച്ഛാധികാരം ഏൽപ്പിക്കുന്നതിന് കേന്ദ്രഗവൺമെൻറ് ഈ പ്രശ്നങ്ങളെ പ്രയോജനപ്പെടുത്തി, റോബസ്പിയറി അതിലെ ഒരു പ്രമുഖ അംഗമായിരുന്നു. ഭീഷണി ഗവൺമെൻറിന്റെ ഒരു പ്രമാണമായിത്തീർന്നു. പലപ്പോഴും 1789ലെ പ്രഖ്യാപനത്താൽ സ്ഥാപിക്കപ്പെട്ട അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടു. വിപ്ലവകോടതികൾ കൂടുതൽ കൂടുതൽ മരണവിധി ഉച്ചരിച്ചു, ശിരച്ഛേദനയന്ത്രം കുപ്രസിദ്ധമായിത്തീർന്നു.
അക്രൈസ്തവവൽക്കരണം
വിപ്ലവഗവൺമെൻറ് 1793ലെ ശരത്ക്കാലത്ത് ക്രിസ്തുമതം ഉപേക്ഷിച്ചു പോകാനുള്ള വിപുലമായ ഒരു പദ്ധതിക്ക് തുടക്കമിട്ടു. ലക്ഷ്യം പാപബോധമില്ലാത്ത ഒരു “പുതിയ മനുഷ്യനെ” കെട്ടുപണിചെയ്യുക എന്നതായിരുന്നു. കത്തോലിക്കാമതം ജനത്തിന്റെ വിശ്വാസശീലം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതായി കുററമാരോപിക്കപ്പെട്ടു. ചില പള്ളികൾ തകർക്കപ്പെട്ടു, മററുള്ളവ പട്ടാളത്താവളങ്ങളായി മാററപ്പെട്ടു. തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ച് വിവാഹം ചെയ്യാൻ പുരോഹിതൻമാരെ നിർബ്ബന്ധിച്ചു. വിസമ്മതിച്ചവരെ അറസ്ററു ചെയ്ത് കൊന്നുകളഞ്ഞു. ചിലർ രാജ്യം വിട്ട് പലായനം ചെയ്തു.
കത്തോലിക്കാമതത്തെ മാററി തൽസ്ഥാനത്ത് യുക്തിമതം വന്നു. ചിലർ യുക്തിവാദത്തെ ഒരു ദേവതയായി, “മാതൃഭൂമിയുടെ അമ്മയായി” വീക്ഷിച്ചു. പിന്നീട്, റോബസ്പിയറി അടിച്ചേൽപ്പിച്ച ഒരു ആസ്തികമതം യുക്തിയുടെ ആരാധനയെ നീക്കി തൽസ്ഥാനത്തുവന്നു. അയാൾ തന്റെ എതിരാളികളെ നീക്കം ചെയ്യുകയും നിഷ്ക്കരുണമായ ഒരു സ്വേച്ഛാധിപത്യം സ്ഥാപിക്കുകയും ചെയ്തു. രക്തത്തിനായുള്ള ഈ ഭ്രാന്ത് പിന്നീട് അയാളുടെ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി. അയാളെ 1794 ജൂലൈ 28ന് അലറിക്കൊണ്ട് ശിരച്ഛേദനയന്ത്രത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
അതിജീവിച്ച രാജ്യതന്ത്രജ്ഞൻമാർ ഒരുവന്റെ സ്വേച്ഛാധികാരം ഒഴിവാക്കാൻ ആഗ്രഹിച്ചു, അതുകൊണ്ട് അവർ അഞ്ചുപേർ ചേർന്ന ഒരു സമിതിക്ക് അധികാരം ഏൽപ്പിച്ചുകൊടുത്തു. എന്നാൽ യുദ്ധം പുനരാരംഭിക്കുകയും സാമ്പത്തികസ്ഥിതി വഷളാവുകയും ചെയ്തപ്പോൾ ഒരു വ്യക്തിയുടെ കയ്യിലേക്ക് അധികാരം ഏൽപ്പിക്കുന്നതിനെ അനുകൂലിക്കുകയുണ്ടായി, നെപ്പോളിയൻ ബോണപ്പാർട്ടിനെത്തന്നെ. മറെറാരു സ്വേച്ഛാധികാരത്തിന് വഴി തുറക്കപ്പെട്ടു.
പിൽക്കാലത്ത് ജനാധിപത്യങ്ങളിലേക്കും സ്വേച്ഛാധിപത്യങ്ങളിലേക്കും വളർച്ച പ്രാപിച്ച ആശയങ്ങൾ ഫ്രഞ്ച് വിപ്ലവം വിതച്ചു. രാഷ്ട്രീയശക്തികൾ പൊടുന്നനേ സംഘടിതമതത്തിനെതിരെ തിരിയുമ്പോൾ എന്തു സംഭവിക്കാമെന്നും ഇതു കാണിച്ചു തരുന്നു. ഈ ബന്ധത്തിൽ അത് വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പൂർവ്വസ്ഫുരണം നൽകിയേക്കാം.—വെളി. 17:16; 18:1-24. (g89 12/22)
[28-ാം പേജിലെ ചിത്രം]
നോട്ടർഡാം കത്തീഡ്രലിനുള്ളിൽ യുക്തിദേവതക്കുള്ള വിഗ്രഹാരാധനാപരമായ ഒരു ഉൽസവം
[കടപ്പാട്]
Bibliothèque Nationale, Paris
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From an old engraving, by H. Bricher sc.