ബലാൽസംഗം—അവൾ വായിച്ച വിവരത്താൽ സംരക്ഷിക്കപ്പെട്ടു
ഒരു ബലാൽസംഗി അഭിമുഖീകരിക്കയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? വിരുദ്ധങ്ങളായ ഉപദേശങ്ങൾ ഉണ്ട്. ചെറുത്തുനിൽപ്പ് ഒരു ആക്രമണകാരിയെ പ്രേരിപ്പിക്കുകമാത്രമെ ചെയ്യുന്നുള്ളുവെന്ന് ചിലർ അവകാശപ്പെടുന്നു. എന്നിരുന്നാലും ഒരു സ്ത്രീ ചെറുത്തുനിൽക്കണമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. (ആവർത്തനം 22:23-27) ഏററവും നല്ല ഉപദേശമെന്താണ്? അമേരിക്കൻ പൊതുജനാരോഗ്യ പത്രികയുടെ ജനുവരി ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പുതിയ പഠനം ചെറുത്തുനിൽക്കണമെന്ന് സൂചിപ്പിക്കുന്നു. ലേഖനം ഇങ്ങനെ പറയുന്നു: “അനുഭവഗവേഷണം ഒരു പ്രധാന നിഗമനത്തെ പിന്താങ്ങാൻ ഒരുമിക്കുന്നു. ചെറുത്തുനിൽപ്പ് ഒരു ആക്രമണം പൂർത്തീകരിക്കപ്പെടാനുള്ള സാധ്യതയെ കുറക്കുന്നു.” ജപ്പാനിലെ ഒരു സ്ത്രീക്ക് 1988 സെപ്ററംബറിൽ സംഭവിച്ചത് ഇതിനെ ദൃഷ്ടാന്തീകരിക്കുന്നു. അവൾ ഒററക്കു താമസിക്കുന്ന വീട്ടിലേക്ക് രാത്രിയിൽ താമസിച്ചു വന്നെത്തിയതേയുണ്ടായിരുന്നുള്ളു. അവൾ വിശദീകരിക്കുന്നു:
“ഒരു ബലാൽസംഗി എന്റെ വീട്ടിൽ വന്നുകയറി കതകടച്ചു. ഞാൻ ഭയപ്പെട്ട് സംഭ്രമിച്ചുപോയതുകൊണ്ട് തികച്ചും മരവിച്ചുപോയി. ആ മനുഷ്യൻ കിടക്കമുറിയിലേക്കെന്നെ വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു, എന്നാൽ ഞാൻ ഒരു തൂണിൽ പിടിക്കുകയും അയാളെ ചെറുത്തുനിൽക്കുകയും ചെയ്തു.
അപ്പോഴാണ് ഞാൻ ആവർത്തനം 22-ാമദ്ധ്യായത്തിലെ തിരുവെഴുത്ത് ഓർത്തത്. ആക്രമിക്കപ്പെടുമ്പോൾ ഒരു സ്ത്രീ നിലവിളിക്കുന്നില്ലെങ്കിൽ അവൾ ആ പുരുഷന് കീഴ്വഴങ്ങി യഹോവയോട് പാപം ചെയ്യുകയാണെന്ന് അത് സൂചിപ്പിക്കുന്നു. കൂടാതെ ‘ബലാൽസംഗം—നിങ്ങൾക്കെങ്ങനെ നിങ്ങളേത്തന്നെ സംരക്ഷിക്കാം’ എന്ന 1980 ഒക്ടോബർ 8 ഉണരുക!യുടെ ജാപ്പനീസ് പതിപ്പിലെ ലേഖനത്തിൽ വായിച്ചത് ഞാൻ ഓർത്തു; ഇംഗ്ലീഷ് പതിപ്പ് 1980 ജൂലൈ 8 ആണ്.
“ഏതായാലും ‘എന്റെ സർവ ശക്തിയുമുപയോഗിച്ച് അയാളോട് ചെറുത്തു നിൽക്കുകയും അലറുകയും ചെയ്യണം’ എന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ട് ‘യഹോവേ എന്നെ സഹായിക്കേണമേ!’ എന്ന് ആവർത്തിച്ചു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബലാൽസംഗി എന്റെ കൈയിൽപിടിച്ചു വലത്തോട്ട് വലിക്കുമ്പോൾ ഞാൻ ഇടത്തോട്ട് വലിക്കും. അയാൾ എന്നെ മുന്നോട്ടുവലിക്കുമ്പോൾ ഞാൻ പിറകോട്ടു വലിക്കും. ഞാൻ അലറുന്നതിൽ നിന്ന് എന്നെ തടയാൻ ശ്രമിക്കുന്നതിന് അയാൾ എന്റെ വായ് മൂടിയപ്പോൾ ഞാൻ അയാളെ കടിച്ചു. ഞാൻ എങ്ങനെയും അയാളെ ചെറുത്തുനിന്നു.
“ക്രമേണ ഞാൻ ക്ഷീണതയായി. എനിക്കു ശ്വാസംവിടുന്നതുപോലും പ്രയാസമായിത്തീർന്നു, എന്റെ ഹൃദയം നിലയ്ക്കാൻപോവുകയാണെന്ന് ഞാൻ വിചാരിച്ചു. എന്നാൽ അയാളെ ചെറുത്തുനിൽക്കുന്നതിന് എന്നാൽ കഴിയുന്നതെല്ലാം ഞാൻ തുടർന്നും ചെയ്യുകയും സഹായിക്കാൻ യഹോവയെ വിളിച്ചപേക്ഷിക്കയും ചെയ്തുകൊണ്ടിരുന്നു. തൽഫലമായി ബലാൽസംഗി പിൻവാങ്ങുകയും വാതിൽക്കലേക്ക് ധൃതിയിൽ നടന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
യഹോവയുടെ സഹായത്താലും ഉണരുക!യിൽ വായിച്ചിരുന്നത് ഞാൻ ബാധകമാക്കിയതുകൊണ്ടുമാണ് ബലാൽസംഗം ഒഴിവാക്കാൻ എനിക്കു കഴിഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഉണരുക!യിലെ ലേഖനം വായിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഭയത്താൽ മൗനം പാലിക്കുമായിരുന്നുവെന്നു ഞാൻ വിചാരിക്കുന്നു, കുററവാളി പറയുന്നതുപോലെ ചെയ്യാനും സാദ്ധ്യതയുണ്ടായിരുന്നു. നിങ്ങൾക്കു വളരെ, വളരെ നന്ദി” (g89 8⁄22)