ബലാൽസംഗത്തെ തരണംചെയ്യേണ്ട വിധം
മുപ്പത്തിമൂന്നു വർഷങ്ങൾക്കു മുമ്പു മേരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തു. ഇന്നും ആ സംഭവത്തെപ്പററി വിവരിക്കുമ്പോൾ മേരിയുടെ ഹൃദയമിടിപ്പു വർദ്ധിക്കുകയും ഉള്ളംകൈ വിയർക്കുകയും ചെയ്യുന്നു. “അത് ഒരു സ്ത്രീക്ക് അനുഭവിക്കാൻ കഴിയുന്നതിലേക്കും ഏററവും ഹീനമായ കാര്യമാണ്,” എന്നു അവൾ വിതുമ്പിക്കൊണ്ടു പറയുന്നു. “അതു മ്ലേച്ഛവും ഭയാനകവുമായ ഒരു സംഗതിയാണ്.”
ബലാൽസംഗം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏററവുമധികം തകർത്തുകളയുന്ന വൈകാരിക സംഭവങ്ങളിൽ ഒന്നായിരിക്കാൻ കഴിയും, കൂടാതെ അതിന്റെ ഫലങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കാൻ ഇടയുണ്ട്. ഒരു പഠനത്തിൽ, ഇൻറർവ്യൂ ചെയ്ത ബലാൽസംഗ അതിജീവകരിൽ മൂന്നിൽ ഒന്ന് ആത്മഹത്യയെക്കുറിച്ചു പരിചിന്തിക്കുകയുണ്ടായി, ബഹുഭൂരിപക്ഷം അവരുടെ ജീവിതത്തെ ഈ അനുഭവം എന്നന്നേക്കുമായി മാററിമറിച്ചതായും പറഞ്ഞു.
അക്രമി സ്ത്രീ അറിയുന്നവനാണങ്കിൽ ഫലങ്ങൾ പ്രത്യേകിച്ചും ആഘാതമേൽപ്പിക്കുന്നതാണ്. പരിചിതനായ ഒരുവനാൽ ബലാൽസംഗത്തിന് ഇരയായവൾക്കു മററുള്ളവരിൽ നിന്നു പിന്തുണ ലഭിക്കാൻ സാധ്യത കുറവാണ് കാരണം ഒന്നുകിൽ സംഭവിച്ചതെന്താണന്ന് അവൾ ആരോടും പറയുന്നില്ല അഥവാ പറഞ്ഞാൽ അതു ബലാൽസംഗമായിരുന്നുവെന്ന് ആരും വിശ്വസിക്കുകയുമില്ല. അവൾ വിശ്വസിച്ചിരുന്ന ഒരുവനാൽ ദ്രോഹിക്കപ്പെട്ടതിനാൽ സ്വയം പഴിചാരുന്നതിനും മററുള്ളവരെ വിലയിരുത്തുന്നതിനുള്ള തന്റെ കഴിവിനെ സംശയിക്കുന്നതിനും കൂടുതൽ സാദ്ധ്യതയുണ്ട്.
സഹായം സ്വീകരിക്കുക
ബലാൽസംഗത്തെ അതിജീവിക്കുന്ന അനേകരും തുടക്കത്തിൽ നടുക്കത്താലൊ നിഷേധത്താലൊ പ്രതികരിക്കുന്നു. ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെട്ടതു പ്രധാനമായ ഒരു കോളെജ് പരീക്ഷക്കു തൊട്ടു മുമ്പായിരുന്നു. പരീക്ഷ കഴിയുന്നതുവരെ അവൾ ആ സംഭവത്തെ മനസ്സിൽ നിന്നും മാററി നിർത്തി. ബലാൽസംഗത്തെ അതിജീവിച്ച മറെറാരു സ്ത്രീ പറഞ്ഞു: “അതിനെപ്പററി എന്തെങ്കിലും ഓർമ്മിക്കുന്നതിനുപോലും എന്നെ അനുവദിക്കുവാൻ എനിക്കു കഴിഞ്ഞില്ല കാരണം ഞാൻ വിശ്വസിച്ചിരുന്നവൻ എന്റെ കൺമുമ്പിൽ അക്രമിയായി മാറി. നിങ്ങൾ അറിയുന്ന ആരാലെങ്കിലും നിങ്ങൾ ബലാൽസംഗം ചെയ്യപ്പെടാമെന്നത് എനിക്കറിഞ്ഞുകൂടായിരുന്നു. അതു നിസ്സാരമാണെന്നു തോന്നിയേക്കാം പക്ഷേ ആ വിശ്വാസം എന്റെ പ്രത്യാശയെ എല്ലാം തകർത്തു. എനിക്കു വളരെ ഏകാന്തത അനുഭവപ്പെട്ടു.”
ചില സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടതിനേപ്പററി ആരോടും പറയാതെ സംഭവിച്ചതെന്താണെന്നുള്ളതു നിഷേധിച്ചുകൊണ്ടിരിക്കുന്നു. അവർ ഈ ആക്രമണത്തെ വർഷങ്ങളോളം അടക്കിവെക്കുന്നതിനാൽ ശമന നടപടികൾക്കു താമസം വരുത്തുകയും ബലാൽസംഗത്തിന്റെ ഫലമായി ഉരുത്തിരിയുന്നതാണെന്ന് അവൾ തിരിച്ചറിയാത്ത മററു വൈകാരിക പ്രശ്നങ്ങൾക്ക് ഇടവരുത്തുകയും ചെയ്യുന്നു.
മററുള്ളവരോടു പറയുന്നതുവരെ സാധാരണഗതിയിൽ പൂർവ്വസ്ഥിതിയിലേക്കുള്ള ഗമനം തുടങ്ങുന്നില്ല. നിങ്ങൾക്കു സംഭവിച്ചതു ബലാൽസംഗമായിരുന്നെന്നും അതു നിങ്ങളുടെ കുററമല്ലായിരുന്നെന്നും കാണാൻ നിങ്ങളെ സഹായിക്കുന്നതിന് ഒരു വിശ്വസ്ത സുഹൃത്തിനു കഴിയും. ഒരു പഴയ സദൃശവാക്യം പ്രസ്താവിക്കുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) കൂടാതെ, ആത്മീയ ഇടയൻമാർക്ക് “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി”രിക്കാൻ കഴിയും. (യെശയ്യാവു 32:2; 1 തെസ്സലൊനീക്യർ 5:14) ചില ഇരകൾക്കു തങ്ങളുടെ വികാരങ്ങളെ നേരിടുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടി ബലാൽസംഗത്തിന് ഇരയായവരെ സഹായിക്കുന്ന ഒരു കേന്ദ്രത്തെയൊ അങ്ങനെയുള്ളവർക്കു മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു ആലോചനക്കാരനെയൊ സമീപിക്കേണ്ടത് ആവശ്യമായിവന്നേക്കാം.
അതിജീവകർ കുററബോധംനിമിത്തം മിക്കപ്പോഴും അതിനെപ്പററി പറയാൻ ഭയപ്പെടുന്നു, ആക്രമണ സമയത്ത് അവർ ലൈംഗികമായി ഉത്തേജിതരായെങ്കിൽ വിശേഷിച്ചും. തങ്ങൾ കളങ്കിതരാണന്നും പ്രയോജനമില്ലാത്തവരാണെന്നും അവർക്കു തോന്നുകയും ബലാൽസംഗത്തിനു തങ്ങളെത്തന്നെ പഴിചാരുകയും ചെയ്തേക്കാം—അപരാധി ബലാൽസംഗക്കാരനല്ലാതെ മററാരുമല്ലെങ്കിൽ പോലും.
“സംസാരിക്കാൻ ഒരു നല്ല സുഹൃത്തുണ്ടായതു വ്യത്യാസം വരുത്തി,” ഒരു സഹ ക്രിസ്ത്യാനിയിൽ വിശ്വാസംവെച്ച മേരി പറഞ്ഞു. “എനിക്ക് അവളോടു സംസാരിക്കാനും അറപ്പുതോന്നാതിരിക്കാനും ബലാൽസംഗം ചെയ്തപ്പെട്ടതുസംബന്ധിച്ച് അപമാനം തോന്നാതിരിക്കാനും കഴിഞ്ഞു.”
അവൾക്കു പിൻതുണ നല്കുക
നേരെമറിച്ച് ഇരയുടെ സുഹൃത്തുക്കൾ അവളെ സംശയിക്കുകയും അവൾ “വാസ്തവമായും ബലാൽസംഗം ചെയ്യപ്പെടുകതന്നെ ആയിരുന്നോ” എന്നു തങ്ങൾ തന്നെ തീരുമാനിക്കുകയുമാണെങ്കിൽ അതു അനുചിതവും സ്നേഹരഹിതവും ആയിരിക്കും. അവൾ അത് ആസ്വദിച്ചതായോ ദുർമ്മാർഗ്ഗി ആയിരുന്നതായോ ഒരിക്കലും സൂചിപ്പിക്കരുത്. സഹായം ആവശ്യപ്പെടുമ്പോൾ ഒരു സുഹൃത്തിനു ചെയ്യാൻ കഴിയുന്ന ഏററവും പ്രധാനകാര്യം അവളെ വിശ്വസിക്കുക എന്നതാണ്. അവളെ ധൈര്യപ്പെടുത്തുക. അവൾ സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ ചെവികൊടുക്കുക എന്നാൽ കൂടുതൽ വിശദാംശങ്ങൾക്കായി അവളുടെമേൽ സമ്മർദ്ദം ചെലുത്തരുത്.
ബലാൽസംഗം നടന്നത് അടുത്തകാലത്താണങ്കിൽ ഇരയെ വൈദ്യസഹായം തേടുന്നതിനു സഹായിക്കുന്നതിനും സുരക്ഷിതമായ താമസസ്ഥലം പ്രദാനം ചെയ്യുന്നതിനും സുഹൃത്തുക്കൾക്കു കഴിയും. ബലാൽസംഗത്തെപ്പററി റിപ്പോർട്ടു ചെയ്യുന്നതിന് അവളെ പ്രോത്സാഹിപ്പിക്കുക എങ്കിലും, അവൾ തന്നെ തീരുമാനം എടുക്കട്ടെ. സകല നിയന്ത്രണങ്ങളും തകർന്നടിഞ്ഞ ഒരു സാഹചര്യത്തിൽനിന്നും അവൾ പുറത്തുവന്നതേയുള്ളു. അടുത്തതായി ചെയ്യേണ്ടതെന്താണന്നു തീരുമാനിക്കാൻ അവൾക്കു സ്വാതന്ത്ര്യം നൽകിക്കൊണ്ടു കുറെ നിയന്ത്രണം വീണ്ടെടുക്കാൻ അവളെ അനുവദിക്കുക.
ബലാൽസംഗത്തിനിരയായവരുടെ കുടുംബങ്ങൾ സന്ദർഭത്തെ വൈകാരികമായി നേരിടുന്നതിനുള്ള പ്രേരണയെ തടുക്കണം. അവർ ബലാൽസംഗത്തിന് ആരെയെങ്കിലും പഴിചാരാനൊ ബലാൽസംഗക്കാരനോടു പ്രതികാരം ചെയ്യുന്നതിനായി ഇറങ്ങിത്തിരിക്കാനൊ ആഗ്രഹിച്ചേക്കാം. ഈ രണ്ടു മാർഗ്ഗവും ഇരക്കു പ്രയോജനം ചെയ്യുന്നില്ല. (റോമർ 12:19) സംഭവിച്ചതിൽ ബലാൽസംഗക്കാരനെ അല്ലാതെ മററാരെയെങ്കിലും പഴിചാരുന്നതു വ്യർത്ഥമാണ്, പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നത് അപകടകരവുമാണ്. അത് അതിജീവിക്കുന്നവൾ പൂർവ്വസ്ഥിതി പ്രാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അവൾ തന്റെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വംസംബന്ധിച്ചു വ്യാകുലപ്പെടാൻ ഇടയാക്കും.
പല അതിജീവകരും അതിനുശേഷം ലൈംഗിക ബന്ധങ്ങളെ വ്യത്യസ്തമായി കാണുന്നുവെന്നതും കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കണം. അവരുടെ മനസ്സിൽ ലൈംഗികത ഒരു ആയുധമായിത്തീർന്നിരിക്കുന്നു, അവർ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുമായി പോലും ലൈംഗികബന്ധം പുലർത്തുന്നത് ഒരു സമയംവരെ അവർക്കു പ്രയാസമായിത്തീരുകയും ചെയ്തേക്കാം. അക്കാരണത്താൽ ഭാര്യ അതിനു തയ്യാറാകുന്നതുവരെ ലൈംഗിക പ്രവർത്തനം പുനഃസ്ഥാപിക്കുവാൻ ഭർത്താവു അവളെ പ്രേരിപ്പിക്കരുത്. (1 പത്രൊസ് 3:7) ചെറുപ്പക്കാരിയായ സ്ത്രീയുടെ ആത്മാഭിമാനം വളർത്തിയെടുത്തുകൊണ്ടും സംഭവിച്ചതൊന്നും കൂട്ടാക്കാതെ ഇപ്പോഴും അവൾ സ്നേഹത്തിനും ബഹുമാനത്തിനും പാത്രമാണെന്നു കാണിച്ചുകൊണ്ടും കുടുംബാംഗങ്ങൾക്ക് അവളെ സഹായിക്കുവാൻ കഴിയും. ബലാൽസംഗത്തെ അതിജീവിച്ചവർ വൈകാരികമായി സുഖം പ്രാപിക്കുന്നതിനു ചിലസമയങ്ങളിൽ സുദീർഘമായ പടികളിലൂടെ കടന്നുപോകുമ്പോൾ നിരന്തരമായ പിന്തുണ ആവശ്യമായി വരും.
ഭയത്തേയും വിഷാദത്തേയും നേരിടൽ
ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീകൾ പറയുന്നത് അവരെ ഏററവും ആകുലചിത്തരാക്കുന്ന പ്രതികരണം ഭയം ആണെന്നാണ്. ബലാൽസംഗത്തിന് ഇരയായവരിൽ മിക്കവരും ആ ആക്രമണത്തെ അതിജീവിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് അവർ വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നതായി ഭയപ്പെട്ടേക്കാം, അഥവാ ബലാൽസംഗക്കാരനെ യാദൃച്ഛയാ കാണുന്നതിനെക്കുറിച്ചുപോലും ഭയപ്പെട്ടേക്കാം.
ബലാൽസംഗം നടന്നപ്പോഴുണ്ടായ ഭയം സമാനമായ ശബ്ദങ്ങളാലൊ മണങ്ങളാലൊ സ്ഥലങ്ങളാലൊ വീണ്ടും ഉണർത്തപ്പെട്ടേക്കാം. ഒരു സ്ത്രീയെ ഇടവഴിയിലിട്ടാണു ബലാൽസംഗം ചെയ്തത് എങ്കിൽ ഇടവഴിയിലൂടെ പോകുവാൻ അവൾക്കു ഭയമായിരുന്നേക്കാം. അവൾ വീട്ടിൽവെച്ചാണു ബലാൽസംഗം ചെയ്യപ്പെട്ടതെങ്കിൽ അവിടെ അവൾക്ക് ഒരിക്കലും സുരക്ഷിതത്വം അനുഭവപ്പെടുകയില്ല എന്നുതന്നെയല്ല അവിടെ നിന്നും താമസം മാററാനും അവൾ നിർബന്ധിതയായേക്കാം. ബലാൽസംഗക്കാരൻ ഉപയോഗിച്ചിരുന്നതിനു സമാനമായ ഒരു സുഗന്ധദ്രവ്യത്തിന്റെ മണത്തിനു പോലും അരോചകമായ സ്മരണകളുടെ കാഞ്ചി വലിക്കാൻ കഴിയും.
ബലാൽസംഗങ്ങൾ ഗർഭധാരണത്തിൽ കലാശിക്കുന്നതു വിരളമാണെന്നിരിക്കെ പല ഇരകളും സാദ്ധ്യതയെപ്പററി ചകിതരാണ്. ലൈംഗികമായ പകരുന്ന രോഗങ്ങൾ തങ്ങൾക്കു ബാധിച്ചിട്ടുണ്ടൊ എന്നകാര്യത്തിൽ അനേകർ ന്യായമായും ഉത്കണ്ഠാകുലരാണ്. ബലാൽസംഗത്തിന് ഇരയായവരിൽ പകുതിയോളം പേർ പല ആഴ്ചകൾതുടങ്ങി പല മാസങ്ങളോളം നിലനിൽക്കാവുന്ന വിഷാദം, നിരാശ, വിലകെട്ടവൾ എന്നതോന്നൽ മുതലായ വികാരങ്ങൾക്ക് അധീനരാകുന്നു. അവർ ഉൽകണ്ഠ, ഭയം, ആക്രമിക്കുന്നു എന്ന തോന്നൽ തുടങ്ങിയവയുമായി മല്ലിടേണ്ടതായും വന്നേക്കാം.
സ്ത്രീകൾക്കു ബലാൽസംഗത്തെ തടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും കാലക്രമേണ ആക്രമണത്തിനുനേരെയുള്ള അവരുടെ വിചാരങ്ങളെയും വികാരങ്ങളെയും പ്രതികരണത്തെയും അവർക്കു നിയന്ത്രിക്കാൻ കഴിയും. അവർക്കു തങ്ങളേപ്പററിയുള്ള നിഷേധാത്മക ചിന്തകൾ മാററി പകരം ക്രിയാത്മക വീക്ഷണങ്ങൾ സ്ഥാപിക്കാൻ പഠിക്കാവുന്നതാണ്.
“നിങ്ങൾ എത്ര ക്ഷീണിതയും കൊള്ളരുതാത്തവളും നിസഹായയുമാണ് എന്നു നിങ്ങളോടു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം എത്ര മെച്ചമായാണു നിങ്ങൾ കാര്യങ്ങൾ ചെയ്യുന്നത് എന്നും ആക്രമണാനന്തരം തുടർന്നുണ്ടായ പ്രക്ഷുബ്ധാവസ്ഥയിൽനിന്നും നിങ്ങൾ എത്ര മാത്രം പുരോഗതി പ്രാപിച്ചുവെന്നും നിങ്ങളോടുതന്നെ പറയുവാൻ പഠിക്കുക,” എന്നു ലിൻഡാ ലെഡ്റെയ് ബലാൽസംഗത്തിൽ നിന്നും സുഖം പ്രാപിക്കൽ (Recovering From Rape) എന്ന പുസ്തകത്തിൽ പറഞ്ഞു. “നിഷേധാത്മക ചിന്തകളാലും വികാരങ്ങളാലും ഉള്ള പരിഭ്രമത്തിനു കുറവു തോന്നുന്ന ഓരോ ദിവസവും ‘ഞാൻ നിയന്ത്രണത്തെ വീണ്ടെടുക്കുവാൻ പഠിക്കുകയാണ്’ എന്നു സ്വയം പറയുക.”
ഭയത്തിന് ഇടയാക്കുന്ന യഥാർത്ഥ കാരണമെന്താണെന്നു തിരിച്ചറിയാൻ പഠിച്ചുകൊണ്ട് അതിനെയും നേരിടാൻ കഴിയും. ഭയം ഇളക്കിവിടുന്നത് എന്താണെന്ന് ഇര തിരിച്ചറിയുമ്പോൾ അവൾക്കു തന്നോടുതന്നെ ചോദിക്കാൻ കഴിയും, എത്ര യാഥാർത്ഥ്യമാണ് ആ ഭയം? ഉദാഹരണത്തിന്, ബലാൽസംഗക്കാരനെപ്പോലിരിക്കുന്ന ഒരു വ്യക്തിയെ കാണുന്നെങ്കിൽ അയാൾ ബലാൽസംഗക്കാരനല്ല എന്നും അയാൾ തനിക്ക് ഒരു ദ്രോഹവും ചെയ്യുകയില്ല എന്നും അവൾക്കു തന്നെത്താൻ ഓർമ്മപ്പെടുത്താൻ കഴിയും.
ഭയത്തെ നേരിടുന്നതിനുള്ള മറെറാരു മാർഗ്ഗം ക്രമാനുഗതമായി സംവേദനക്ഷമത കുറക്കുകയാണ്. സ്ത്രീ താൻ ഭയപ്പെടുന്ന ഏററവും ഭീതികുറഞ്ഞതുമുതൽ കൂടിയതുവരെയുള്ള പ്രവർത്തനങ്ങളുടെയൊ സന്ദർഭങ്ങളുടെയൊ, യഥാക്രമം രേഖപ്പെടുത്തിയ ഒരു പട്ടിക തയ്യാറാക്കുന്നു. അതിൽ ഏററവും ആയാസം കുറഞ്ഞ സന്ദർഭത്തിൽ ആയിരിക്കുന്നതായി അവൾ സങ്കല്പിക്കുന്നു, അതു തന്നെ ഒട്ടും ഭയപ്പെടുത്താതാകുംവരെതന്നെ. അവൾ പട്ടികയിലെ അടുത്ത സന്ദർഭത്തിലേക്കു വരുന്നു, ഒടുവിൽ പട്ടികയിൽ രേഖപ്പെടുത്തിയ എല്ലാ സന്ദർഭങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴും സ്വസ്ഥത അനുഭവിക്കുന്നതുവരെ അപ്രകാരം ചെയ്യുന്നു.
ഒരു സുഹൃത്തിന്റെ സഹായത്തോടെ അവൾക്കു രാത്രിയിൽ വീട്ടിനു വെളിയിൽ പോകുന്നതൊ തനിയെ വീട്ടിലിരിക്കുന്നതൊ പോലെ യഥാർത്ഥ ജീവിതത്തിലെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിൽ പുരോഗമിക്കാൻ കഴിയും. ഒടുവിൽ ഭയം ദിനചര്യകളെ ബാധിക്കാതിരിക്കുമാറ് അതിനെ നിയന്ത്രിക്കുന്നതിന് അവൾക്കു കഴിയും. എന്നിരുന്നാലും, രാത്രിയിൽ തനിയെ ഒരു ഇടവഴിയിലൂടെ പോകുന്നതുപോലെ ചില പ്രവൃത്തികളിലുള്ള ഭയം സാധാരണമാണ്, അപ്രകാരമുള്ള സാഹചര്യങ്ങളിലുണ്ടാകുന്ന അസ്വസ്ഥതയെ കീഴടക്കുവാൻ പരിശ്രമിക്കുന്നതിൽ യാതൊരർത്ഥവുമില്ല.
കോപത്തെ തിരിച്ചുവിടൽ
ബലാൽസംഗത്തെ അതിജീവിക്കുന്നവർക്കു കോപം ഉണ്ടാകുന്നു, ആദ്യം അത് എല്ലാ പുരുഷൻമാരുടെയും നേർക്കായിരിക്കും, പിന്നെ സമയം പിന്നിടുന്നതനുസരിച്ചു സാധാരണഗതിയിൽ ബലാൽസംഗിയുടെ മേൽ കേന്ദ്രീകരിക്കുന്നു. കോപിഷ്ഠർ മിക്കപ്പോഴും അന്ധമായി കോപിക്കുന്നു. മററുചിലർ വികാരങ്ങളെ അടക്കിക്കൊണ്ടു പ്രതികരിക്കുന്നു. എന്നിരുന്നാലും കോപത്തെ പ്രയോജനപ്രദമായ വഴിയിലേക്കു തിരിച്ചുവിടാൻ കഴിയും തന്നെയുമല്ല, ഒരു വ്യക്തി കോപത്തെ കൈകാര്യം ചെയ്യുന്നവിധം അവളെ പൂർവ്വസ്ഥിതിപ്രാപിക്കാൻ സഹായിച്ചേക്കാം. “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ” എന്നു തിരുവെഴുത്തു പറയുന്നു.—എഫെസ്യർ 4:26.
ഒന്നാമതായി, ബലാൽസംഗത്തെ അതിജീവിക്കുന്നവർ കോപം പ്രകടിപ്പിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. അവർക്കു അതിനെപ്പററി മററുള്ളവരോടു സംസാരിക്കാൻ കഴിയും. നിയമപ്രകാരമുള്ള നടപടിക്രമത്തിൽ ഏർപ്പെടുന്നതോ രേഖകൾ സൂക്ഷിക്കുന്നതോ ഒഴിഞ്ഞുപോകാനുള്ള വഴിയായിരുന്നേക്കാം. ടെന്നീസ്, റാക്കെററ്ബോൾ, ഹാൻഡ്ബോൾ, നടത്തം, ജോഗ്ഗിംഗ്, സൈക്കിൾസവാരി, നീന്തൽ മുതലായ ഏതെങ്കിലും കായികാഭ്യാസങ്ങളാൽ കോപത്തെ വിട്ടുമാറുന്നതിനു അവർക്കു സാധിക്കും, വിഷാദത്തിനെതിരെ പൊരുതാൻ സഹായിക്കുന്നുവെന്ന പ്രയോജനവും ഇതിനുണ്ട്.
നിങ്ങൾക്കു നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറെറടുക്കാൻ കഴിയും.
ബലാൽസംഗത്തെ നിർത്തലാക്കുന്നത് എന്ത്?
ബലാൽസംഗം നിർത്തലാക്കുന്നതിൽ സ്ത്രീകൾ ബലാൽസംഗക്കാരിൽ നിന്നും മറഞ്ഞിരിക്കുന്നതിലും അവരോട് എതിർക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. “ബലാൽസംഗം ചെയ്യുന്നതു പുരുഷൻമാരാണ് അതുകൊണ്ടു ബലാൽസംഗം നിർത്തുന്നതിനും മൊത്തത്തിൽ പുരുഷൻമാർക്കു ശക്തിയുണ്ട്,” എന്നു ഗ്രന്ഥകാരനായ തിമൊഥി ബെനെക്കി മെൻ ഓൺ റേപ് എന്ന തന്റെ ഗ്രന്ഥത്തിൽ പറഞ്ഞു.
പുരുഷൻമാർ സ്ത്രീകളെ വെറും ലൈംഗിക സാമഗ്രിയായി കൈകാര്യം ചെയ്യുന്നത് അവസാനിക്കുകയും വിജയപ്രദമായ ബന്ധങ്ങൾ ക്രൂരമായ ആധിപത്യത്തിൽ ആശ്രയിച്ചിരിക്കുന്നില്ലെന്നു മനസ്സിലാക്കുകയും ചെയ്യുന്നതുവരെ ബലാൽസംഗത്തിനു അറുതിവരുകയില്ല. വ്യക്തിപരമായ നിലയിൽ പക്വതവന്ന പുരുഷൻമാർക്കു മററുള്ള പുരുഷൻമാരോടു സംസാരിക്കുന്നതിനും അവരെ സ്വാധീനിക്കുന്നതിനും കഴിയും. പുരുഷൻമാർക്കും സ്ത്രീകൾക്കും ലൈംഗികചുവകലർന്ന തമാശകൾ അംഗീകരിക്കുന്നതൊ, ലൈംഗിക അതിക്രമം ചിത്രീകരിക്കുന്ന സിനിമകൾ കാണുന്നതൊ, ഉത്പന്നങ്ങൾ വില്ക്കുന്നതിനു ലൈംഗികതയെ ചൂഷണ്ണം ചെയ്യുന്ന പരസ്യക്കാർക്കു പിന്തുണ നൽകുന്നതൊ നിരസ്സിക്കാവുന്നതാണ്. “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധൻമാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു” എന്നു ബൈബിൾ ബുദ്ധ്യുപദേശിക്കുന്നു.—എഫെസ്യർ 5:3, 4.
മാതാപിതാക്കൾക്കു മാതൃകയാൽ സ്ത്രീകളോടുള്ള ബഹുമാനം പഠിപ്പിക്കാൻ കഴിയും. യഹോവയാം ദൈവം സ്ത്രീകളെ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ അവർക്കു തങ്ങളുടെ പുത്രൻമാരെ പഠിപ്പിക്കാൻ കഴിയും. ദൈവം പക്ഷപാതിയല്ല. (പ്രവൃത്തികൾ 10:34) യേശു ചെയ്തപ്രകാരം സ്ത്രീകളുമായി സൗഹൃദം പുലർത്തുവാനും അവരുടെ സാമീപ്യത്തിൽ ആയാസരഹിതമായി അനുഭവപ്പെടുവാനും മാതാപിതാക്കൾക്കു തങ്ങളുടെ പുത്രൻമാരെ പഠിപ്പിക്കാൻ കഴിയും. ലൈംഗിക സംഭോഗം വിവാഹ ഇണകൾക്കായി മാത്രം മാററിവച്ചിരിക്കുന്ന, സ്നേഹത്തിന്റെ ഒരു മൃദുല ചേഷ്ടയാണ് എന്നു മാതാപിതാക്കൾക്കു പുത്രൻമാരെ പഠിപ്പിക്കാൻ കഴിയും. അക്രമം പൊറുക്കുകയില്ലെന്നും മററുള്ളവരുടെ ആധിപത്യമനോഭാവത്തെ വിലമതിക്കുകയില്ലെന്നും മാതാപിതാക്കൾക്കു സ്പഷ്ടമായും സൂചിപ്പിക്കാവുന്നതാണ്. (സങ്കീർത്തനം 11:5) മാതാപിതാക്കൾക്കു മക്കൾ ലൈംഗിക കാര്യങ്ങൾ തങ്ങളോടു തുറന്നു സംസാരിക്കുന്നതിനും ലൈംഗിക സമ്മർദ്ദത്തെ ചെറുത്തു നിൽക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനു കഴിയും.
പെട്ടെന്ന് അവസാനിക്കാൻപോകുന്ന ഒരു പ്രശ്നം
എന്നിരുന്നാലും ലോക സമുദായത്തിൽ വിപ്ളവകരമായ വ്യതിയാനങ്ങൾ സംഭവിക്കാതെ ബലാൽസംഗം അവസാനിക്കുകയില്ല. “ബലാൽസംഗം ഒരു വൈയക്തിക പ്രശ്നമല്ല (പിന്നെയൊ) ഒരു കുടുംബ പ്രശ്നവും ഒരു സാമുദായിക പ്രശ്നവും ഒരു ദേശീയ പ്രശ്നവും ആണ്,” എന്നു ഗവേഷകയായ ലിൻഡാ ലെഡ്റെയ് പറഞ്ഞു.
മനുഷ്യൻ ഒരിക്കലും ‘മമനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം’ പ്രയോഗിക്കാത്ത അക്രമവിമുക്തമായ ഒരു ഭൂവ്യാപക സമുദായം ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (സഭാപ്രസംഗി 8:9; യെശയ്യാവു 60:18) യഹോവയാം ദൈവം, ബലാൽസംഗം ഉൾപ്പെടെ ഏതെങ്കിലും വിധത്തിലുള്ള ശക്തിയുടെ ദുർവിനിയോഗം അനുവദിക്കുകയില്ലാത്ത കാലം പെട്ടെന്നുതന്നെ സമാഗതമാകും.—സങ്കീർത്തനം 37:9, 20.
ആ പുതിയലോക സമുദായത്തിൽ എല്ലാ ആളുകളും സമാധാനപ്രിയരായിരിക്കുന്നതിന് പഠിപ്പിക്കപ്പെടുകയും, ലിംഗമൊ വർഗമൊ ദേശീയതയൊ കൂട്ടാക്കാതെ പരസ്പരം സ്നേഹിക്കുകയും ചെയ്യും. (യെശയ്യാവു 54:13) ആ കാലത്തു സൗമ്യതയുള്ളവർ സുഹൃത്തുക്കളെയൊ അപരിചിതരെയൊ ഭയപ്പെടാതെ വസിക്കുകയും “സമാധാനസമൃദ്ധിയിൽ ആനന്ദിക്കു”കയും ചെയ്യും.—സങ്കീർത്തനം 37:11. (g93 3/8)
[20-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളെ ബലാൽസംഗം ചെയ്യുകയാണെങ്കിൽ
◻ വൈദ്യ സഹായം തേടുക.
◻ നിങ്ങൾ ആഗ്രഹിക്കുന്ന പക്ഷം ബലാൽസംഗ ഇരകളുടെ ഉപദേഷ്ടാവിനോട്, അങ്ങനെയൊരാൾ ലഭ്യമാണെങ്കിൽ, വൈദ്യപരവും നിയമപരവുമായ നടപടിക്രമങ്ങളിലുടനീളം നിങ്ങളുടെകൂടെ പോരാൻ ആവശ്യപ്പെടുക.
◻ കഴിയുന്നിടത്തോളം പെട്ടെന്നു പൊലീസിനെ വിളിക്കുക. ഉപദേഷ്ടാക്കൾ നിർദ്ദേശിക്കുന്നത് നിങ്ങളുടെയും മററുള്ള സ്ത്രീകളുടേയും സുരക്ഷിതത്വത്തിനുവേണ്ടി പൊലീസിൽ റിപ്പോർട്ടു ചെയ്യണമെന്നാണ്. റിപ്പോർട്ടു ചെയ്യുന്നതും അന്യായപ്പെടുന്നതും ഒന്നല്ല മറിച്ച്, നിങ്ങൾ പിന്നീടു അന്യായപ്പെട്ടാൽ വൈകിയ റിപ്പോർട്ടു നിങ്ങളുടെ കേസിനെ ബലഹീനമാക്കും.
◻ തെളിവുകൾ നിലനിർത്തുക. കുളിക്കുകയൊ വസ്ത്രം മാറുകയൊ തലമുടി കഴുകുകയൊ ചീകുകയൊ അല്ലെങ്കിൽ വിരലടയാളമൊ പാദമുദ്രകളൊ നശിപ്പിക്കുകയൊ ചെയ്യരുത്.
◻ വൈദ്യരംഗത്തുള്ള വ്യക്തികൾ തെളിവു ശേഖരിക്കുകയും ലൈംഗികമായി പകരുന്ന രോഗങ്ങളെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും പരിശോധന നടത്തുകയും ചെയ്യും. അവർ ഗർഭധാരണം തടയാൻ ഗർഭനിരോധന ഗുളിക എന്നറിയപ്പെടുന്ന മരുന്നുകൾ തന്നാൽ അപ്രകാരമുള്ള മരുന്നുകൾക്കു ഭ്രൂണത്തെ അലസിപ്പിക്കാൻ കഴിയുമെന്ന കാര്യം ക്രിസ്ത്യാനികൾ അറിഞ്ഞിരിക്കേണം.
◻ നിങ്ങൾ അമിതമായി പ്രതികരിക്കുകയാണെന്നു തോന്നിയാലും ഇല്ലെങ്കിലും സുരക്ഷിതത്വം തോന്നേണ്ടതിനു വേണ്ടതെല്ലാം ചെയ്യുക—പൂട്ടുകൾ മാററുക, ഒരു സുഹൃത്തിന്റെ കൂടെ താമസിക്കുക, വാതിൽ ബന്ധവസാക്കുക.
◻ എല്ലാററിനും മേലായി, ആശ്വാസത്തിനുവേണ്ടി തിരുവെഴുത്തുകളിലേക്കു നോക്കുക, ആക്രമണം നടക്കുമ്പോഴും അതിനുശേഷവും യഹോവയോട് അവിടുത്തെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ടുപോലും പ്രാർത്ഥിക്കുക. പിന്തുണക്കായി സഭയിലെ മൂപ്പൻമാരെയും മററ് അടുത്ത മിത്രങ്ങളെയും ആശ്രയിക്കുക. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ മീററിംഗുകൾക്കു ഹാജരാകുകയും ശുശ്രൂഷയിൽ സഹക്രിസ്താനികളുടെ സഹവാസം തേടുകയും ചെയ്യുക.