ഒരു മുൻദൈവത്തിന്റെ ശവസംസ്ക്കാരം
ജപ്പാനിലെ ഉണരുക! ലേഖകൻ
ജപ്പാനിലെ ഹിറോഹിതൊ ചക്രവർത്തി 62ൽ പരം വർഷം ഭരണം നടത്തിയ ശേഷം കഴിഞ്ഞവർഷം ജനുവരി 7ന് മൃതിയടഞ്ഞു. അദ്ദേഹത്തിന് 87 വയസ്സുണ്ടായിരുന്നു. ഫെബ്രുവരി 24ന് അദ്ദേഹത്തിന്റെ ശവസംസ്ക്കാരവേളയിൽ 164 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു. എങ്കിലും സംബന്ധിക്കണമോ വേണ്ടയോ എന്ന സംഗതിയിൽ അനേകർ പ്രാണസങ്കടത്തിലായി. എന്തുകൊണ്ട്? നിങ്ങളുടെ ദൈവം ജീവനുള്ളവനോ? എന്ന പുറം ചട്ടയിലെ ചോദ്യത്തിന് ഹിറോഹിതൊയുടെ മരണവുമായി എന്തു ബന്ധമാണുള്ളത്?
“ഹിറോഹിതൊ ചക്രവർത്തി ജീവിക്കുന്ന ഒരു ദൈവമായി കരുതപ്പെട്ടിരുന്നു” എന്ന് കഴിഞ്ഞ വർഷം ആദ്യം ജപ്പാൻ ക്വാട്ടർലി പ്രസ്താവിച്ചു. “ഷിന്റോ ദേവഗണത്തിൽ പ്രധാനി”യായി തിരിച്ചറിയപ്പെടുന്ന അമറററാസു ഒമിക്കാമി എന്ന സൂര്യദേവതയുടെ 124-ാമത്തെ മനുഷ്യ സന്തതിയായി കൊഡൻഷാ എൻസൈക്ലോപ്പീഡിയാ ഓഫ് ജപ്പാൻ അദ്ദേഹത്തെ പട്ടികപ്പെടുത്തുന്നു.
അതുകൊണ്ട് ഈ “ജീവിക്കുന്ന ദൈവ”ത്തിനുവേണ്ടി തങ്ങളുടെ ജീവൻ ബലികഴിക്കാൻ ജാപ്പനീസ് ഭടൻമാരോട് ആവശ്യപ്പെട്ടപ്പോൾ അവർ ഞെട്ടിക്കുന്ന ഉൽസാഹത്തോടെ അതു ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് തങ്ങളുടെ ദൈവമായ ചക്രവർത്തിക്കുവേണ്ടി പോരാടിയ ജാപ്പനീസ് ഭക്തരേക്കാൾ നിഷ്ഠൂരരായ യോദ്ധാക്കൾ വേറെയില്ലായിരുന്നു.
എന്നിരുന്നാലും, കൂടുതൽ അംഗബലമുള്ള സൈനിക ശക്തികളാൽ നിസ്സഹായാവസ്ഥയിൽ ആക്കപ്പെട്ട ജപ്പാൻകാർ യുദ്ധത്തിൽ പരാജയപ്പെട്ടു. അതിനുശേഷം വെറും അഞ്ചു മാസങ്ങൾക്കുള്ളിൽ, 1946 ജനുവരി 1ന് ഹിറോഹിതൊ ഒരു ചരിത്ര പ്രസിദ്ധമായ വിളമ്പരത്തിൽ രാഷ്ട്രത്തിൻ മുമ്പാകെ “ചക്രവർത്തി ദിവ്യനാണെന്നുള്ള വ്യാജമായ പൊതുധാരണ” നിഷേധിച്ചു. “വെറും കെട്ടുകഥകളും ഐതിഹ്യങ്ങളും” ആയിരുന്നു ഈ വിശ്വാസത്തിന് ആധാരം എന്ന് അദ്ദേഹം പറഞ്ഞു.
എന്തൊരു ഞെട്ടൽ! ദശലക്ഷക്കണക്കിന് ജപ്പാൻകാർ ഞെട്ടിവിറച്ചു. എന്തെന്നാൽ 2,600ലധികം വർഷമായി ചക്രവർത്തി ഒരു ദൈവമായി കണക്കാക്കപ്പെട്ടിരുന്നു!a ഇപ്പോൾ അദ്ദേഹം ഒരു ദൈവമല്ലാതായോ? ആളുകൾ മുഖത്തേക്ക് നോക്കുകപോലും ചെയ്യുകയില്ലായിരുന്ന, ഒരിക്കൽ അത്ര ഉന്നതനായിരുന്ന ഈ മനുഷ്യൻ ഒരു ദൈവമല്ലാതായോ? ചക്രവർത്തി ദിവ്യനാണെന്ന് ദീർഘകാലം വെച്ചുപുലർത്തിയിരുന്ന വിശ്വാസം ഉപേക്ഷിക്കുന്നത് എളുപ്പമല്ലായിരുന്നു. വാസ്തവത്തിൽ നൂററാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമനുസരിച്ച് ഒട്ടനവധി മുൻ രാജകീയ ജാപ്പനീസ് ഭടൻമാർ ഹിറോഹിതൊയുടെ മരണവാർത്തയറിഞ്ഞ് ആത്മഹത്യചെയ്തു.
യഥാർത്ഥത്തിൽ ആരായിരുന്നു ഈ ഹിറോഹിതൊ? ചരിത്രത്തിൽ അദ്ദേഹത്തിന്റെ പങ്ക് ഇത്ര വിവാദപരമാക്കിയത് എന്തായിരുന്നു? സംസ്ഥാന ബഹുമതിയോടുകൂടിയ ശവസംസ്ക്കാരത്തിനായി 1989 ഫെബ്രുവരി 24ന് ടോക്കിയോയിലെ രാജകീയ കൊട്ടാരത്തിൽ നിന്ന് ശവമഞ്ചം ഷിഞ്ചുകു ഗ്യോയൻ പാർക്കിലേക്ക് നീങ്ങിയപ്പോൾ വഴിയോരത്ത് നോക്കിനിന്ന 2,00,000ത്തോളം കാഴ്ചക്കാർക്കും ദശലക്ഷക്കണക്കിന് ടെലിവിഷൻ വീക്ഷകർക്കും അത്തരം ചോദ്യങ്ങളേക്കുറിച്ച് ചിന്തിക്കാൻ അവസരം ലഭിച്ചു.
അദ്ദേഹവും തന്റെ വാഴ്ചയും
റെറയ്ഷൊ ചക്രവർത്തിയുടെ മകന് 1901 ഏപ്രിൽ 29ലെ അവന്റെ ജനനസമയത്ത് നൽകപ്പെട്ട പേരായിരുന്നു “വിശാലമനസ്കനായ ദയാലു” എന്നർത്ഥമുള്ള ഹിറോഹിതൊ. തന്റെ പിതാവ് 1926ലെ ക്രിസ്തുമസ്സ് ദിനത്തിൽ മരിച്ചപ്പോൾ ഹിറോഹിതൊ അയാൾക്കു പകരം ചക്രവർത്തിയായി. അയാളുടെ ഭരണകാലത്തിന് രാജപണ്ഡിതൻമാർ തെരഞ്ഞെടുത്ത പേര് ഷോവാ എന്നതായിരുന്നു, അല്ലെങ്കിൽ പ്രബുദ്ധമായ സമാധാനം. അതുകൊണ്ട് അയാളുടെ മരണശേഷം അയാൾ ഹിറോഹിതൊ ചക്രവർത്തിയെന്ന നിലയിലല്ല, പിന്നെയോ ഷോവാ ചക്രവർത്തിയെന്ന നിലയിൽ അറിയാൻ ഇടവന്നു.
എങ്കിലും, 1930കളിൽ മഞ്ചൂറിയയിലും ചൈനയിലും ജപ്പാൻ നടത്തിയ ഇൻഡോ ചൈന ആക്രമണവും 1941ൽ ഐക്യനാടുകളുടെ നേർക്ക് നടത്തിയ ആക്രമണവും പരിഗണിക്കുമ്പോൾ ഹിറോഹിതൊയുടെ ഭരണത്തിന്റെ ആദ്യകാലം ഒട്ടും പ്രബുദ്ധമായ സമാധാനം ആയിരുന്നില്ല. ആദ്യവർഷങ്ങളിൽ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെട്ട യുദ്ധങ്ങളിൽ അക്ഷരാർത്ഥത്തിൽ ദശലക്ഷക്കണക്കിന് ജീവൻ ഹോമിക്കപ്പെട്ടത് പരിഗണിക്കുമ്പോൾ ഹിറോഹിതൊയുടെ ഭരണകാലത്തിന്റെ പേര് വിശേഷിച്ചും വിരോധാഭാസമാണ്.
ജപ്പാന്റെ യുദ്ധാനന്തര സാമ്പത്തിക നേട്ടമെല്ലാം ഉണ്ടായിരുന്നിട്ടും ജപ്പാൻ അതിനുശേഷം അനുഭവിച്ചിട്ടുള്ള സമാധാനകാലത്തെ ഒരു പ്രബുദ്ധമായ സമാധാനമായി എല്ലാവരും കാണുന്നില്ല. “ഷോവായുഗത്തെ പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് ശൂന്യത തോന്നുന്നു”, എന്ന് 86 വയസ്സുള്ള ഒരു ജാപ്പനീസ് എഴുത്തുകാരനായ സ്യൂ സുമീ പറഞ്ഞു. “യുദ്ധത്തിൽ ജപ്പാന്റെ പരാജയത്തിനു ശേഷം രാജ്യം അധ:പതനത്തിൽ ആയിരുന്നു എന്ന് ഞാൻ കരുതുന്നു . . . ജപ്പാന്റെ സമൃദ്ധി ഒരു മിഥ്യയാണ്.”
സമ്മിശ്ര വികാരങ്ങൾ
ജപ്പാൻ അധീശത്വം പുലർത്തിയിട്ടുള്ളതും ആക്രമിച്ചിട്ടുള്ളതുമായ പല രാജ്യങ്ങൾക്കും ഹിറോഹിതൊയുടെ ശവസംസ്ക്കാരത്തിന് പ്രതിനിധികളെ അയക്കുന്നതിനെ ന്യായീകരിക്കേണ്ടി വന്നു. ദൃഷ്ടാന്തത്തിന്, “ചക്രവർത്തിയുടെ നാമത്തിൽ” കൊറിയൻ അർദ്ധ ദ്വീപിൻമേൽ ജപ്പാൻ ആധിപത്യം പുലർത്തിയതിന്റെ ‘മുറിവുകൾ’ കൊറിയാക്കാർക്ക് അപ്പോഴും അറിവുണ്ടായിരുന്നു. ബ്രിട്ടീഷ് പത്രങ്ങളിൽ ശവസംസ്ക്കാരം ബഹിഷ്ക്കരിക്കാനുള്ള ഒരു മുറവിളിയുണ്ടായി. ചക്രവർത്തിയുടെ സൈന്യത്തിന്റെ കൈകളാൽ 27,000ത്തോളം ബ്രിട്ടീഷ് യുദ്ധതടവുകാർ കൊല്ലപ്പെട്ടത് അനേകർക്കും മറക്കാൻ കഴിഞ്ഞില്ല.
ഐക്യനാടുകളിൽ അവസ്ഥ സമാനമായിരുന്നു, അവിടെ ജപ്പാന്റെ സൈനീക ആക്രമണങ്ങളുടെ നല്ലൊരു ഭാഗം കുററവും ഹിറോഹിതൊയുടെമേൽ ചുമത്തപ്പെട്ടു. അദ്ദേഹത്തിന്റെ മരണസമയത്ത് ഒരു ന്യൂയോർക്ക് ടൈംസ് മുഖപ്രസംഗം പ്രസ്താവിച്ചതുപോലെ: “അയാളുടെ ഉന്നത സ്ഥാനത്തിരുന്ന്, അയാൾക്ക് അപാരമായ ദുരന്തത്തിൽനിന്ന് ലോകത്തെ രക്ഷിക്കാൻ സഹായിക്കാമായിരുന്നു.”
പൊതുവിൽ സമാധാനപ്രിയനായ ഒരു ചക്രവർത്തിയെന്ന നിലയിൽ ഹിറോഹിതൊയെ പുകഴ്ത്തുന്ന ജപ്പാനിൽപോലും അയാൾ ഒരു ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നതായി ചിലർ കരുതുന്നു. യുദ്ധത്തിൽ തന്റെ ജ്യേഷ്ഠന്റെ മരണവാർത്ത കേട്ടപ്പോൾ, “എന്റെ മകനെ കൊന്നത് ആ ഹിറോഹിതൊയാണ്” എന്ന് തന്റെ അപ്പൻ പറഞ്ഞതായി കററ്സുറോ നകാമുറാ സ്മരിക്കുന്നു. പ്രായംചെന്ന മറെറാരു ജപ്പാൻകാരനായ മസാഷി ഇനഗാക്കി ഇപ്രകാരം വിശദീകരിച്ചു: “ഞങ്ങൾക്ക് വളരെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്ന യുദ്ധത്തിന് ദീർഘകാലമായി ഞാൻ അയാളെ കുററപ്പെടുത്തിക്കൊണ്ടിരുന്നു.” എന്നാൽ അയാൾ കൂട്ടിച്ചേർത്തു: “ചക്രവർത്തിക്കുതന്നെ തന്റെ ജീവിതത്തിലുടനീളം കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെ കയ്പ്പേറിയ ചിന്തകൾ മങ്ങാൻ തുടങ്ങി.”
അസ്ഥാനത്ത് വിശ്വാസം അർപ്പിക്കുമ്പോൾ
ദശലക്ഷക്കണക്കിന് ജപ്പാൻകാർ ഈ ഷിന്റോ ദൈവത്തിന്റെ യാഗപീഠത്തിൽ തങ്ങളുടെ ജീവൻ അർപ്പിച്ചുവെന്ന് പറയാൻ കഴിയും, ചക്രവർത്തിയുടെ സൈന്യം അതേ യാഗപീഠത്തിൽ അർപ്പിച്ച മററ് ദശലക്ഷക്കണക്കിന് ജീവനേക്കുറിച്ച് പറയേണ്ടതില്ലല്ലോ. വിശ്വസിച്ചവർ തങ്ങളുടെ ദൈവത്തിന്റെ പേരിൽ സൈനീക ആദർശത്തിന്റെ നൂലാമാലയിലേക്ക് നയിക്കപ്പെട്ടു, ഒടുവിൽ അയാൾ ഒരു ദൈവമല്ലെന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രം. അസാഹി ഈവനിംഗ് ന്യൂസ് പറഞ്ഞതുപോലെ: “ദശലക്ഷക്കണക്കിന് ജപ്പാൻകാർ തെററിദ്ധാരണയുടെപേരിൽ ബലി ചെയ്യപ്പെട്ടു.”
തങ്ങളുടെ ദൈവം 1946ൽ തന്റെ ദൈവത്വം നിഷേധിച്ചപ്പോൾ വിശ്വാസികളുടെ പ്രതികരണം എന്തായിരുന്നു? “സമുദ്ര മദ്ധ്യത്തിൽ വെച്ച് ചുക്കാൻ നഷ്ടപ്പെട്ട ഒരു ബോട്ട് പോലെ തനിക്ക് തോന്നിയതായി ചക്രവർത്തിക്കുവേണ്ടി പോരാടിയിരുന്ന ഒരാൾ പറഞ്ഞു. അയാളുടെ പ്രതികരണം മാതൃകാപരമായിരുന്നു. യുദ്ധത്തെ അതിജീവിച്ചവർ “പെട്ടെന്ന് ഒരു ശൂന്യതയിൽ അടക്കപ്പെട്ടു” എന്ന് ഒരു ജാപ്പനീസ് കവിയായ സാകോൻ സോയു വിലപിക്കുന്നു. അവർക്ക് ആ ശൂന്യതയെ നിറക്കാൻ എങ്ങനെ കഴിയും?
“ഞാൻ പൂർണ്ണമായി വഞ്ചിക്കപ്പെട്ടുപോയി. ഞാൻ ദൈവത്തിനു വേണ്ടിയല്ല, പിന്നെയോ ഒരു വെറും മനുഷ്യനുവേണ്ടി പോരാടിയിരിക്കുന്നു,” എന്ന് കിയോഷി ററമൂറാ പറയുന്നു. “അതിനുശേഷം വിശ്വസിക്കാൻ എനിക്ക് എന്താണുണ്ടായിരുന്നത്?” ധനം സമ്പാദിക്കാൻ കിയോഷി ഭ്രാന്തുപിടിച്ച് വേല ചെയ്തു, എന്നാൽ ആശ്വാസം നൽകുന്നതിൽ ഇവ പരാജയപ്പെട്ടു. നിങ്ങളുടെ വിശ്വാസം തകരുമ്പോൾ ആ ശൂന്യസ്ഥലം കയ്യടക്കാൻ വിലകെട്ട കാര്യങ്ങൾ തള്ളിക്കയറിയേക്കാം.
ഷോവാ ചക്രവർത്തിയേയും അയാളുടെ ശവസംസ്ക്കാരത്തേയും കുറിച്ച് ചിന്തിക്കുന്നതിൽ നിന്ന് ഒരു പാഠം പഠിക്കാൻ കഴിയും. “നിങ്ങൾ അറിയാത്തതിനെ” ആരാധിക്കുന്നത് വിനാശകരമാണ്. (യോഹന്നാൻ 4:22) നിങ്ങൾ ആരെ ആരാധിക്കുന്നു? ആ വ്യക്തി യഥാർത്ഥത്തിൽ ദൈവമാണെന്നും അവൻ നിങ്ങളുടെ ആരാധനക്ക് യോഗ്യനാണെന്നും വിശ്വസിക്കുന്നതിന് നിങ്ങൾക്ക് ഈടുററ അടിസ്ഥാനമുണ്ടോ?
നാമെല്ലാം ഈ വിഷയം സംബന്ധിച്ച് ചിന്തിക്കേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ ഇന്നുപോലും ദലൈലാമയേപ്പോലുള്ള ചില വ്യക്തികൾ ജീവിക്കുന്ന ബുദ്ധൻമാരായി വീക്ഷിക്കപ്പെടുകയും അവരുടെ ഭക്തൻമാരാൽ ആരാധിക്കപ്പെടുകയും ചെയ്യുന്നു. ക്രിസ്ത്യാനിത്വം അവകാശപ്പെടുന്ന അനേകർ ഒരു ത്രിത്വത്തിൽ വിശ്വസിക്കാൻ പഠിപ്പിക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട് പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന ഒരു ത്രിത്വദൈവത്തെ അവർ ആരാധിക്കുന്നു. അടുത്ത ലേഖനത്തിൽ, യഥാർത്ഥത്തിൽ ദൈവമല്ലാത്ത ഒരു ദേവനിൽ വിശ്വസിക്കുന്നതിലേക്ക് ജപ്പാൻകാർ എങ്ങനെ നയിക്കപ്പെട്ടു എന്ന് പരിചിന്തിക്കുകയും ഇതിൽ നിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയുമെന്ന് കാണുകയും ചെയ്യുക. (g89 12/22)
[അടിക്കുറിപ്പുകൾ]
a പട്ടികയിലെ 124ൽ (ഹിറോഹിതൊയുടെ പുത്രനായ അകിഹിതൊയെ കൂട്ടുമ്പോൾ, 125) ആദ്യ ചക്രവർത്തിമാർ ഐതിഹ്യമാണെന്ന് സമ്മതിക്കപ്പെടുന്നെങ്കിലും, ക്രി. വ. അഞ്ചാം നൂററാണ്ടു മുതലുള്ള ചക്രവർത്തിമാരെങ്കിലും ജീവിച്ചിരുന്ന വ്യക്തികൾ ആയിരുന്നു. ഇത് ജപ്പാനിലെ രാജകീയ വ്യവസ്ഥിതിയെ ലോകത്തിലെ ഏററവും പഴക്കം ചെന്ന പരമ്പരാഗത രാജവാഴ്ചയാക്കുന്നു.
[2-ാം പേജിലെ ചിത്രം]
Japanese character (above left) means “god, deity”
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Hirohito (opposite): U.S. National Archives photo