ഒരു മാനുഷദൈവത്തിന് അർപ്പിതർ—എന്തുകൊണ്ട്?
രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുമ്പും ചക്രവർത്തിയോടുണ്ടായിരുന്ന ഭക്തിയുടെ ആഴം ഇന്ന് അനേകർക്കും ഉൾക്കൊള്ളാൻ പ്രയാസമായിരിക്കാം. “ഹിറോഹിതൊയുടെ ഒരു ചിത്രം സ്കൂളിൽ ഒരു പ്രത്യേക ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നു, എല്ലാ പ്രഭാതത്തിലും കുട്ടികൾ നിന്ന് ആ ക്ഷേത്രത്തിലേക്കു നോക്കി ഒരു ആരാധനാക്രിയ ചെയ്യണമായിരുന്നു,” എന്ന് മിററ്സുകൊ ററകഹാഷി സ്മരിക്കുന്നു.
“ചക്രവർത്തി കടന്നുപോകുമ്പോൾ ഞങ്ങൾ ഞങ്ങളുടെ തലകൾ വളരെ താഴ്ത്തി കുനിക്കേണ്ടതുണ്ടായിരുന്നു,” എന്ന് മസാറെറാ സകമോട്ടൊ ഓർമ്മിക്കുന്നു. “ചക്രവർത്തി സാധാരണ മനുഷ്യർക്ക് നേരിട്ട് നോക്കാൻ കഴിയാതവണ്ണം അത്ര ഭയഭക്തി അർഹിക്കുന്നവനാണെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നു.” വാസ്തവത്തിൽ കുട്ടികൾ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കിയാൽ അവർ അന്ധരായിത്തീരുമെന്ന് അവരോട് പറഞ്ഞിരുന്നു.
ജപ്പാനിലെ സൈനിക-രാഷ്ട്രീയ നായകൻമാർ ചക്രവർത്തിയോടുള്ള ഭക്തി സംബന്ധിച്ച് പ്രബോധനം നൽകാൻ വിദ്യാഭ്യാസ വ്യവസ്ഥിതിയെ ഉപയോഗപ്പെടുത്തി. “‘മരിക്കാൻ സന്നദ്ധരായിരിക്കുക,’ എന്ന് ഞാൻ ചെറുപ്പക്കാരെ ഉപദേശിച്ചു” എന്ന് കാസു മററുസാമോട്ടൊ പറയുന്നു. അദ്ദേഹത്തിന്റെ 50 വർഷക്കാലത്തെ അദ്ധ്യാപകവൃത്തിയിൽ യുദ്ധകാലഘട്ടവും ഉൾപ്പെടുന്നു. “ഞാൻ അനേകം ചെറുപ്പക്കാരെ യുദ്ധഭൂമിയിലേക്ക് അയച്ചു. എന്റെ കഴിഞ്ഞകാലത്തു നിന്ന് ഈ അപരാധം തുടച്ചു നീക്കാൻ എനിക്കു കഴിയില്ല.”
ചക്രവർത്തിയുടെ പ്രജകൾ യോഹിതോഗുസ അഥവാ “വർദ്ധിച്ചു വരുന്ന മാനുഷ പടച്ചട്ട” ആണെന്ന് ജപ്പാനിലെ യുവാക്കളോട് പറഞ്ഞിരുന്നു. അവന്റെ പരിചയായി സേവിച്ചുകൊണ്ട് അവർ അവനെ സംരക്ഷിക്കേണ്ടിയിരുന്നു. ഫിലിപ്പൈൻസിൽ ആത്മഹത്യാപരമായ പല ആക്രമണങ്ങളിൽ പങ്കെടുക്കുകയും അവയെ അതിജീവിക്കുകയും ചെയ്ത റേറാഷിയോ മഷീക്കോ ഇപ്രകാരം വിശദീകരിച്ചു: “ചക്രവർത്തിക്കുവേണ്ടി മരിക്കുന്നത് പ്രജകളെ സംബന്ധിച്ചിടത്തോളം ഏററവും ഉയർന്ന ബഹുമതിയായി ഞങ്ങളെ പഠിപ്പിച്ചിരുന്നു.”
അനേകർ യഥാർത്ഥത്തിൽ രക്ഷിക്കാനുള്ള ചക്രവർത്തിയുടെ ശക്തിയിൽ വിശ്വസിച്ചു, അതുകൊണ്ട് അവർ നിർഭയരായി യുദ്ധത്തിലേക്ക് ഇരച്ചു കയറി. ഉദാഹരണത്തിന്, ആളുകളെ പഠിപ്പിച്ചിരുന്നപ്രകാരം “ദിവ്യജനത” ആയിരുന്നതിനുവേണ്ടിയുള്ള ഒരു യോദ്ധാവായതുകൊണ്ട് വെടിയുണ്ടകൾ തന്റെ ശരീരത്തിൽ തട്ടി തെറിച്ചുപോകുമെന്ന് ഷനിച്ചി ഇഷിഗുറൊ വിചാരിച്ചു.
യുദ്ധ പ്രവണത സുനിശ്ചിതമായും ജപ്പാനെതിരെ തിരിഞ്ഞപ്പോൾ, ഇസാമു എന്ന ഒരു ആൺകുട്ടി തന്റെ അമ്മയോട് തന്റെ അസ്വസ്ഥത അറിയിച്ചു. “നീ ഉൽക്കണ്ഠപ്പെടേണ്ട,” വ്യാപകമായി വെച്ചുപുലർത്തുന്ന വീക്ഷണം ആവർത്തിച്ചുകൊണ്ട് അവന്റെ ഷിന്റോ അമ്മ അവന് ഉറപ്പു നൽകി: “നാം ഒരിക്കലും പരാജയമടയുകയില്ല, എന്തെന്നാൽ കാമികാസിa (ദിവ്യ കാററ്) നമ്മുടെ ശത്രുക്കളെ അടിച്ച് പതറിക്കും.”
ഒരു ദൈവം എന്നാൽ കഷ്ടിച്ച് ഒരു ഭരണാധികാരി
ചക്രവർത്തിയാരാധനക്ക് ജപ്പാനിൽ ഒരു നീണ്ട ചരിത്രമുണ്ട്, ഒരു ആയിരത്തിലധികം വർഷമായി ആളുകളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ. മതപാരമ്പര്യം പിഴുതു മാററുന്നത് പ്രയാസവുമാണ്. ദൃഷ്ടാന്തത്തിന് ക്രൈസ്തവലോകത്തിൽ പോലും ആളുകൾ ഇപ്രകാരം പറയുന്നു: ‘എന്റെ മതം എന്റെ മാതാപിതാക്കൾക്ക് തൃപ്തികരമായിരുന്നെങ്കിൽ അത് എനിക്കും മതിയായതാണ്.’ കൂടാതെ ‘എല്ലാവരും ഇതു വിശ്വസിക്കുന്നു, അവർ എല്ലാവരും തെററായിരിക്കാൻ ഇടയില്ല.’ എന്നാൽ കഴിഞ്ഞ നൂററാണ്ടുകളിൽ തങ്ങളുടെ നായകൻമാർ ദിവ്യൻമാരാണെന്ന് വിശ്വസിച്ച കോടിക്കണക്കിന് ആളുകൾ തെററിപ്പോയിരിക്കുന്നു! ജാപ്പനീസ് ചക്രവർത്തിയുടെ ചരിത്രം ചുരുക്കമായി പരിചിന്തിക്കുക.
കഴിഞ്ഞ നൂററാണ്ടുകളിലുടനീളം അദ്ദേഹത്തിന്റെ ധർമ്മം ഗണ്യമായി വ്യത്യാസപ്പെട്ടിരുന്നു. “ദേവൻമാരെ പ്രസാദിപ്പിക്കാൻ അഥവാ അവരോട് ഇടപെടാനുള്ള മാന്ത്രിക ശക്തികൾ ചക്രവർത്തിക്കുണ്ടെന്ന് കരുതപ്പെട്ടിരുന്നു” എന്ന് കൊഡൻഷാ എൻസൈക്ലോപ്പീഡിയ ഓഫ് ജപ്പാൻ വിശദീകരിക്കുന്നു. “എന്നാൽ താനാകുന്ന വ്യക്തിയെ ചുററിപ്പററി നിലനിന്നിരുന്ന ഭയഭക്തി നിമിത്തം ചക്രവർത്തി ഭരണകൂടത്തിന്റെ ലൗകിക കാര്യാദികളിൽ മുഴുകുന്നത് അനുചിതമാണെന്നും കരുതപ്പെട്ടിരുന്നു. നയരൂപീകരണവും നടപ്പാക്കലും ഉൾപ്പെടെ ആ ഇടപാടുകൾ ചക്രവർത്തിയെ സേവിക്കുന്ന മന്ത്രിമാർക്കുള്ളതായിരുന്നു.”
അതുകൊണ്ട് ചക്രവർത്തി മുഖ്യമായും ഒരു പുരോഹിത ധർമ്മം നിർവ്വഹിച്ചു, ഒരു രാഷ്ട്രീയ ധർമ്മമല്ല. “ചക്രവർത്തി യഥാർത്ഥത്തിൽ ഈ രണ്ടു ധർമ്മങ്ങളും ഒരുമിച്ച് നിർവ്വഹിച്ച ജാപ്പനീസ് ചരിത്രത്തിലെ ദീർഘിച്ച ഏകകാലഘട്ടം, ഏഴാം നൂററാണ്ടിന്റെ ഒടുവിലത്തെ പകുതിയിൽ ടെൻജിയുടെ വാഴ്ച മുതൽ എട്ടാം നൂററാണ്ടിന്റെ അവസാനവും ഒമ്പതാം നൂററാണ്ടിന്റെ ആരംഭവും വരെ കാമ്മുവിന്റെ വാഴ്ചവരെയുള്ള കാലഘട്ടമായിരുന്നു,” എന്ന് മുകളിൽ പരാമർശിച്ച സർവ്വവിജ്ഞാനകോശം പ്രസ്താവിക്കുന്നു.
പ്രത്യേകിച്ചും ആ കാലമൊഴികെ, ജാപ്പനീസ് ചക്രവർത്തിമാർ യഥാർത്ഥത്തിൽ ഭരിച്ചില്ല. ഒമ്പതാം നൂററാണ്ടിനുശേഷം ചക്രവർത്തിയുടെ അധികാരം കുറയുകയും തക്കസമയത്ത് ഷോഗൺ രാഷ്ട്രീയ അധികാരം പ്രയോഗിക്കാൻ തുടങ്ങുകയും ചെയ്തു. അത് “സൈനീക മേധാവി”യെ അർത്ഥമാക്കുന്ന ഒരു പദമാണ്. ഷോഗണെ നിയമിച്ചിരുന്നത് ചക്രവർത്തി ആയിരുന്നെങ്കിലും ഷോഗൺ ആയിരുന്നു യഥാർത്ഥ ഭരണാധികാരി. എന്നാൽ നൂററാണ്ടുകളോളം ജപ്പാൻ ഭരിച്ച ശേഷം ഷോഗുണേററ് ഭരണകൂടം 1867ൽ അധികാരം ചക്രവർത്തിക്കു വിട്ടുകൊടുത്തു.
ആ വർഷം ഹിറോഹിതൊയുടെ മുത്തച്ഛനായ മെയ്ജി ചക്രവർത്തി ജപ്പാനിലെ ഭരണാധികാരിയായി. അയാൾ പിന്നീട് തന്റെ പ്രജകൾക്ക് ഒരു ഭരണഘടന സമ്മാനിച്ചു. അതിൽ ചക്രവർത്തി “പവിത്രനും അലംഘനീയനും” ആണെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ ചക്രവർത്തിക്ക് രാഷ്ട്രീയാധികാരം നൽകപ്പെട്ടെങ്കിലും അയാൾക്ക് രാഷ്ട്രീയ പ്രവർത്തനാധികാരം നൽകപ്പെട്ടില്ല. അയാൾ വാഴ്ച നടത്തി, എന്നാൽ വാസ്തവത്തിൽ ഭരിച്ചില്ല.
ഭരണഘടന ഇപ്രകാരം പ്രസ്താവിച്ചു: “അതത് സംസ്ഥാന മന്ത്രിമാർ തങ്ങളുടെ ഉപദേശം [സഹായവും] ചക്രവർത്തിക്ക് നൽകുകയും അതിന് ഉത്തരവാദിയായിരിക്കുകയും വേണം.” കൊഡൻഷാ സർവ്വവിജ്ഞാനകോശം പറയുന്നതനുസരിച്ച്, “രാഷ്ട്രീയ ഉത്തരവാദിത്വം ചക്രവർത്തിയുടെ മേലല്ല പിന്നെയോ അയാളുടെ മന്ത്രിമാരുടെ മേലായി എന്ന് ഇത് അർത്ഥമാക്കി.”
അതുകൊണ്ട് മന്ത്രിമാരുടെ ഭരണകൂടം ആയിരുന്നു രാഷ്ട്രീയാധികാരം പ്രയോഗിച്ചിരുന്നത്. എന്നുവരികിലും, ചക്രവർത്തി ജനതയുടെമേൽ പൂർണ്ണ ആധിപത്യമുള്ള ഒരു ദൈവമായി സാധാരണ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഭരണവർഗ്ഗം സാധാരണ ജനങ്ങളെ അധീനതയിൽ നിർത്തുന്നതിന് ചക്രവർത്തിയുടെ പരമ്പരാഗതവും ഔദ്യോഗികമായി ഉന്നമനം നൽകപ്പെട്ടതുമായ ദിവ്യത്വത്തെ ഉപയോഗപ്പെടുത്തി. ഈ ഇരുപതാം നൂററാണ്ടിൽ ജപ്പാൻ നടത്തിയ യുദ്ധങ്ങൾ ചക്രവർത്തിയുടെപേരിൽ നടത്തപ്പെട്ടു. അയാൾ അത്ഭുതശക്തികൾ ഉള്ള ഒരു ദൈവമാണെന്ന് ആളുകൾ പൊതുവിൽ വിശ്വസിച്ചുമിരുന്നു.
എങ്കിലും പലരെയും ആശ്ചര്യപ്പെടുത്തുമാറ്, ഹിറോഹിതൊ പ്രത്യക്ഷമായും സ്വന്തം ദൈവത്വത്തിൽ വിശ്വസിച്ചിരുന്നില്ല. “ഞാൻ ഒരിക്കലും എന്നെത്തന്നെ ഒരു ദൈവമായി കരുതിയിരുന്നില്ല,” എന്ന് രണ്ടാം ലോകമഹായുദ്ധശേഷം അയാൾ അമേരിക്കൻ സൈനീകകമാൻഡിനോടു പറഞ്ഞു. “ചക്രവർത്തി ദിവ്യനാണെന്നും ജപ്പാൻകാർ മററു വർഗ്ഗങ്ങളെക്കാൾ ശ്രേഷ്ഠരാണെന്നുമുള്ള വ്യാജവിശ്വാസം” നിഷേധിച്ചശേഷം അയാൾ തന്റെ ഭാര്യയോട് ഇപ്രകാരം ചോദിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “നീ എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ? ഞാൻ മനുഷ്യനാണെന്ന് നിനക്ക് ഇപ്പോൾ തോന്നുന്നുവോ?”
തീർച്ചയായും, മററു ജപ്പാൻകാരും ദിവ്യത്വത്തിന്റെ മുഖത്തുകൂടെ നോക്കി യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ തെളിവുവെച്ച് ന്യായവാദം ചെയ്തു. ദൃഷ്ടാന്തത്തിന്, ചക്രവർത്തിയുടെ സൈന്യത്തിൽ നാലുവർഷം സേവിച്ച മിനോറു യമനാക ഇപ്രകാരം വിശദീകരിക്കുന്നു: “ചക്രവർത്തിയുടെ അച്ഛൻ 47-ാമത്തെ വയസ്സിലും മുത്തച്ഛൻ 59-ാമത്തെ വയസ്സിലും, മററുപലരേക്കാൾ മുമ്പുതന്നെ മരിച്ചുപോയി. അതുകൊണ്ട് ചക്രവർത്തി ദൈവമാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.”
ഉത്തരവാദിത്വത്തിന്റെ പ്രശ്നം
ഹിറോഹിതൊയുടെ രോഗവും മരണവും ജപ്പാന്റെ സൈനീക ആക്രമണങ്ങളിൽ ചക്രവർത്തി എന്ത് ഉത്തരവാദിത്വം വഹിക്കുന്നു എന്ന ചോദ്യം വീണ്ടും ഉന്നയിച്ചു. പ്രത്യക്ഷത്തിൽ ബഹുഭൂരിപക്ഷത്തിന്റെയും വീക്ഷണം, ഒരു വ്യക്തിയെന്ന നിലയിൽ ഹിറോഹിതൊ യുദ്ധത്തിന് എതിരായിരുന്നുവെന്നും എന്നാൽ മന്ത്രിമാരുടെ തീരുമാനങ്ങൾക്കനുസരിച്ച് പോകാൻ അയാൾ ബാദ്ധ്യസ്ഥനായിരുന്നുവെന്നുമാണ്. അതുകൊണ്ട്, 1941ൽ ഐക്യനാടുകളെ ആക്രമിക്കാനുള്ള തന്റെ മന്ത്രിമാരുടെ പദ്ധതികൾ സംബന്ധിച്ച് അയാൾ ഇപ്രകാരം പറഞ്ഞു: “എനിക്ക് അവരുടെ തീരുമാനങ്ങളെ അവഗണിക്കാൻ കഴിഞ്ഞില്ല. ഇത് ജാപ്പനീസ് ഭരണഘടനയുടെ വ്യവസ്ഥകളോട് ചേർച്ചയിൽ ആയിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.”
നേരെമറിച്ച്, കീഴടങ്ങുന്ന വിഷയത്തിൽ തന്റെ മന്ത്രിമാർ ഭിന്നാഭിപ്രായക്കാർ ആയപ്പോൾ ഹിറോഹിതൊ മുൻ കൈയെടുത്ത് തീരുമാനം കൈക്കൊണ്ടു. പിന്നീട്, തീരുമാനമെടുത്ത് ഏതാനും ദിവസങ്ങൾക്കുശേഷം, 1945 ഓഗസ്ററ് 15ന് ദേശീയ റേഡിയോയിൽ അയാൾ കീഴടങ്ങൽ പ്രഖ്യാപിക്കുമളവിൽ ആദ്യമായി അയാളുടെ ശബ്ദം കേട്ട് പ്രജകൾ ഞെട്ടിപ്പോയി. “വഹിക്കാവതല്ലാത്തത് വഹിക്കാനും സഹിക്കാവതല്ലാത്തത് സഹിക്കാനും” അയാൾ അവരോട് ആഹ്വാനം ചെയ്തു.
മാസങ്ങൾക്കുശേഷം ബ്രിട്ടീഷ് ഗവൺമെൻറ് ഇപ്രകാരം പ്രഖ്യാപിച്ചു: “ജപ്പാൻകാർ കീഴടങ്ങാൻ ഇടയാക്കിയത് ആററംബോംബല്ലായിരുന്നു, അങ്ങനെ ചെയ്യാൻ ആജ്ഞാപിച്ചുകൊണ്ടുള്ള ചക്രവർത്തിയുടെ കൽപ്പനയായിരുന്നു. അതില്ലായിരുന്നെങ്കിൽ നമുക്ക് ചെലവേറിയ ഒരു ആക്രമണം വേണ്ടി വരുമായിരുന്നു.”
അതുകൊണ്ട്, ഹിറോഹിതൊയെ ഒരു യുദ്ധകുററവാളിയായി വിചാരണ ചെയ്യാനുള്ള യുദ്ധാനന്തര മുറവിളിയുണ്ടായപ്പോൾ, ജപ്പാൻ പിടിച്ചടക്കിയ സഖ്യകക്ഷികളുടെ യു. എസ്. കമാൻഡറായ ജനറൽ ഡഗ്ലസ് മാക് ആർതർ അവരെ ദൃഢമായി ചെറുത്തു നിന്നു. പിന്നീട് അയാൾ ഇപ്രകാരം വിശദീകരിച്ചു: “ചക്രവർത്തിയെ കുററം ചുമത്തുകയും ഒരുപക്ഷേ തൂക്കിക്കൊല്ലുകയും ചെയ്തിരുന്നെങ്കിൽ ജപ്പാനിൽ മുഴുവൻ സൈനീക ഭരണം സ്ഥാപിക്കേണ്ടി വരുമായിരുന്നുവെന്ന് ഞാൻ കരുതി, സാദ്ധ്യതയനുസരിച്ച് ഗറില്ലാ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തേക്കാം.”
മാക്ആർതർ 1945 സെപ്ററംബർ 26ന് ഹിറോഹിതൊയെ കണ്ടു. അയാൾക്ക് മതിപ്പു തോന്നുകയും ചെയ്തു. യുദ്ധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതിനുപകരം, “യുദ്ധത്തോടനുബന്ധിച്ച് [തന്റെ] ജനം കൈക്കൊണ്ട രാഷ്ട്രീയവും സൈനീകവുമായ സകല തീരുമാനങ്ങളുടെയും സമ്പൂർണ്ണ ഉത്തരവാദിത്വം വഹിക്കുന്നവനെന്ന നിലയിൽ” ചക്രവർത്തി സ്വയം അർപ്പിച്ചു.
എങ്കിലും, ഇന്ന് ജപ്പാനിലെ ഭൂരിപക്ഷവും മന്ത്രിമാരുടെ പ്രേരണയാൽ ഉണ്ടായ ഒരു യുദ്ധത്തിന് ഹിറോഹിതൊ ഉത്തരവാദിയാണെന്ന് കരുതുന്നില്ല. അതുകൊണ്ട്, ഒരു വർഷം മുമ്പ് ചക്രവർത്തി തന്റെ മരണശയ്യയിൽ ആയപ്പോൾ നാഗസാക്കിയിലെ മേയറായ ഹിറേറാഷി മൊടോഷിമ പരസ്യമായി ഇപ്രകാരം പറയാൻ തുനിഞ്ഞുകൊണ്ട് വമ്പിച്ച നീരസം ഇളക്കിവിട്ടു: “സൈനീക വിദ്യാഭ്യാസത്തിലെ എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്ന് ചക്രവർത്തി യുദ്ധത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നതായി ഞാൻ കരുതുന്നു.”
യുദ്ധസമയത്ത് പുതിയ ഭടൻമാരെ അഭ്യസിപ്പിച്ചിരുന്ന ഒരു സൈനീക ഓഫീസർ എന്ന നിലയിൽ, തന്നെ “ചക്രവർത്തിയുടെ നാമത്തിൽ മരിക്കാൻ ആളുകളോട് പറയുവാൻ നിർബ്ബന്ധിച്ചിരുന്നതായി” മൊടോഷിമ പ്രസ്താവിച്ചു. തന്റെ പ്രജകളാൽ ആരാധിക്കപ്പെടുന്ന ഒരു ചക്രവർത്തിയുടെ ശബ്ദത്തിന്, അത് യുദ്ധത്തിനെതിരായി ഉയർത്തപ്പെട്ടിരുന്നെങ്കിൽ, വമ്പിച്ച ശക്തിയുണ്ടായിരിക്കുമായിരുന്നുവെന്ന് മററുള്ളവരേപ്പോലെ മൊടോഷിമയും കരുതുന്നു.
ഒരു ചിന്താവിഷയം
“എന്നാൽ അതെല്ലാം ചരിത്രമാണ്” എന്ന് ചിലർ പറഞ്ഞേക്കാം. ആയിരിക്കാം, എന്നാൽ പരമ്പരാഗത വിശ്വാസങ്ങൾ എളുപ്പം അപ്രത്യക്ഷമാകുന്നില്ല. മദ്ധ്യ ജപ്പാനിലെ ഐസിയിലുള്ള ഒരു പ്രശസ്ത ഷിന്റൊ ക്ഷേത്രത്തിൽ ഒരു ഷിന്റൊ പുരോഹിതൻ ഈയിടെ ഇപ്രകാരം പറഞ്ഞു: “നമ്മുടെ ചക്രവർത്തിയുടെയും നമ്മുടെ ജാപ്പനീസ് വർഗ്ഗത്തിന്റെയും ദിവ്യ പൂർവ്വികയെന്നനിലയിൽ സൂര്യദേവതയെ ആരാധിക്കാൻ അനേകം ആളുകൾ ഇവിടെ വരുന്നു.”
യുദ്ധത്തിൽ ചക്രവർത്തിയുടെ ഉത്തരവാദിത്വം സംബന്ധിച്ച അഭിപ്രായങ്ങളുടെ പേരിൽ മൊടോഷിമയെ കൊല്ലാനുള്ള ഭീഷണികൾ ചക്രവർത്തിയോടുള്ള ഭക്തിയുടെ അളവ് വെളിപ്പെടുത്തുന്നു. ഒരു കന്നാസ് പെട്രോളുമായി മൊടോഷിമായുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഒരു മനുഷ്യനെ അറസ്ററു ചെയ്തു, ഉച്ചഭാഷിണി ഘടിപ്പിച്ച ഏതാണ്ട് നൂറ് ട്രക്കുകൾ “മൊടോഷിമയെ കൊല്ലണം” എന്ന് പ്രഖ്യാപിച്ചുകൊണ്ട് നാഗസാക്കിയിലെ തെരുവുകൾ സ്തംഭിപ്പിച്ചു. ചക്രവർത്തിയോടുള്ള ഭക്തി മററു വിധങ്ങളിലും പ്രകടിപ്പിക്കപ്പെട്ടു.
ഉദാഹരണത്തിന്, ഹിറോഹിതൊയുടെ അവസ്ഥ ഉൽക്കണ്ഠാകുലമായിത്തീർന്നപ്പോൾ രാജ്യത്തുടനീളം ആത്മനിയന്ത്രണത്തിന്റെ ഒരു വമ്പിച്ച കാററു വീശി. ഉത്സവങ്ങളും സദ്യകളും റദ്ദാക്കപ്പെട്ടു, സന്തോഷ സമയങ്ങളിലേക്കുള്ള ഭക്ഷണമൊരുക്കൽ വ്യവസായത്തെ ദോഷകരമായി ബാധിച്ചുകൊണ്ടുതന്നെ. സ്കൂൾ കുട്ടികൾ അവരുടെ കായിക മൽസരങ്ങൾ റദ്ദാക്കാൻ നിർബ്ബന്ധിതരായി. യകൂസാ അഥവാ കുററവാളിസംഘങ്ങൾപോലും പോരാട്ടവും വെടിവയ്പ്പും നിർത്തി. “രാജ്യം ചക്രവർത്തിയുടെ രോഗത്തോട് അതിരുകടന്ന് പ്രതികരിച്ചിരിക്കുന്നു” എന്ന് ദ ഡെയ്ലി യോമിയൂറി പറയാൻ ഇടയാക്കിക്കൊണ്ട് ജപ്പാനിലെ ജീവിതം നാടകീയമായി ബാധിക്കപ്പെട്ടു.
ഈ മതഭ്രാന്തുകണ്ട് ചിലർ അമ്പരന്നുപോയി. എന്നാൽ അവർ അതിനോടു യോജിച്ചില്ലെങ്കിലും, അവർ മൊത്തത്തിൽ അത് സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു, സാദ്ധ്യതയനുസരിച്ച് അങ്ങനെ ചെയ്തില്ലെങ്കിലുള്ള പ്രതികൂല ഫലങ്ങൾ പരിഗണിച്ചുകൊണ്ടുതന്നെ. “ഈ സന്ദർഭത്തിൽ യാഥാസ്ഥിതികരായിരിക്കുന്നതാണ് ഏററവും സുരക്ഷിതം” എന്ന് ഒരു മന:ശാസ്തജ്ഞൻ പറഞ്ഞു. എന്നാൽ ഒരു മുൻഭടൻ ഇപ്രകാരം സങ്കടപ്പെട്ടു പറഞ്ഞു: “ആളുകൾ ചുററുംനോക്കി മററുള്ളവർ ചെയ്യുന്നതിനെ അനുകരിക്കുകയാണ്. ഇതേ മാനസിക നിലയാണ് നമ്മെ യുദ്ധം ചെയ്യാൻ തിടുക്കപ്പെടുത്തിയത്.”
എന്നാൽ നാം എങ്ങനെ പെരുമാറുന്നുവെന്നതും വിശേഷിച്ചും ആരെ ആരാധിക്കുന്നുവെന്നതും നമുക്കു ചുററുമുള്ളവരുടെ പെരുമാററത്താലും ആരാധനയാലും മാത്രം നിശ്ചയിക്കപ്പെടേണമോ? തങ്ങളുടെ അടിസ്ഥാനരഹിതമായ മതവിശ്വാസങ്ങൾ നിഷ്ഫലമായ യുദ്ധങ്ങളിൽ തങ്ങളുടെ ജീവൻ അർപ്പിക്കാൻ ഇടയാക്കിയിട്ടുള്ള ദശലക്ഷങ്ങളെക്കുറിച്ച് ചിന്തിക്കുക! അന്ധമായി ആൾക്കൂട്ടത്തെ അനുകരിക്കുന്നത് സ്പഷ്ടമായും വിനാശകരമായിരുന്നേക്കാം. ഈ ചരിത്ര സംഭവങ്ങളേക്കുറിച്ചുള്ള ചിന്ത ‘നാം അറിയാത്തതിനെ ആരാധിക്കുന്നത്’ വാസ്തവത്തിൽ വിപൽക്കരമായിരിക്കാമെന്ന് നമ്മെ പഠിപ്പിക്കേണ്ടതാണ്. (യോഹന്നാൻ 4:22) അപ്പോൾ, നാം യഥാർത്ഥത്തിൽ അറിയുന്നതിനെ നാം ആരാധിക്കുന്നുവോ എന്ന് പരിശോധിക്കുന്നത് എത്ര ജീവൽപ്രധാനമാണ്! (g89 12/22)
[അടിക്കുറിപ്പുകൾ]
a (ഒരു കപ്പൽപോലെ) ഒരു ലക്ഷ്യസ്ഥാനത്ത് ആത്മഹത്യാപരമായ ആക്രമണങ്ങൾ നടത്തുന്ന ജാപ്പനീസ് വ്യോമസൈന്യത്തിലെ അംഗങ്ങളും കാമികാസി എന്ന് വിളിക്കപ്പെട്ടിരുന്നു.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ആയിരങ്ങൾ ചക്രവർത്തിയുടെ നാമത്തിൽ ജീവനൊടുക്കി
[കടപ്പാട്]
Above: Official U.S. Navy photo.
[ചിത്രം] ഹിറോഹിതൊ ജനറൽ ഡഗ്ലസ് മാക്ആർതറിന്റെ മുമ്പാകെ യുദ്ധത്തിൽ തന്റെ ഉത്തരവാദിത്വം അംഗീകരിച്ചു
[കടപ്പാട്]
Right: U.S. Army