യുവജനങ്ങൾ ചോദിക്കുന്നു...
ഞാൻ സ്നാപനമേൽക്കണമോ?
പതിമൂന്നു വയസ്സുകാരിയായ സൂസന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ അവസാനമായി ഹാജരായപ്പോൾ ക്യാൻസറിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നു. കേവലം പത്തു ദിവസങ്ങൾക്കുള്ളിൽ താൻ മരിക്കുമെന്ന് അവൾ അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും യഹോവയുടെ ഒരു സമർപ്പിത സാക്ഷിയെന്ന നിലയിലും യേശുക്രിസ്തുവിന്റെ ഒരു ശിഷ്യയെന്ന നിലയിലും സ്നാപനമേൽക്കുകയെന്നുള്ള, താൻ അത്യന്തം ലാളിച്ചിരുന്ന തന്റെ അഭിലാഷം നിവർത്തിക്കുന്നതിൽനിന്ന് ക്യാൻസറിനുപോലും അവളെ തടയാൻ കഴിഞ്ഞില്ല.
സ്നാപനമേൽക്കുകയെന്ന പദവിയെ വിലമതിച്ചിട്ടുള്ള സമീപ വർഷങ്ങളിലെ യഹോവയുടെ സാക്ഷികൾക്കിടയിലെ ആയിരക്കണക്കിനു യുവജനങ്ങളിൽ ഒരാൾ മാത്രമായിരുന്നു സൂസന്ന. എന്നാൽ അത്തരം ധീരമായ ഒരു നിലപാട് സ്വീകരിക്കുകയെന്നത് ഭയപ്പെടുത്തുന്ന ഒന്നായി ഒരുപക്ഷേ നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങളെ പഠിപ്പിച്ച ബൈബിളധിഷ്ഠിത സത്യങ്ങൾ നിങ്ങൾ വിശ്വസിക്കുന്നില്ലെന്നല്ല. നിങ്ങൾ ക്രിസ്തീയയോഗങ്ങൾക്ക് ക്രമമായി ഹാജരാകുകയും മററുള്ളവരുമായി ബൈബിൾസത്യങ്ങൾ പങ്കിടുന്നതിൽ ക്രമമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. എന്നിട്ടും നിങ്ങളുടെ ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുന്ന സംഗതി വരുമ്പോൾ നിങ്ങൾ മടിച്ചുനിന്നേക്കാം. അങ്ങനെയെങ്കിൽ സ്നാപനം എത്ര പ്രാധാന്യമുള്ളതാണ്? അനേകം യുവജനങ്ങൾ അതിൽനിന്ന് വിട്ടുനിൽക്കുന്നതെന്തുകൊണ്ട്?
സമർപ്പണം കൂടാതെയുള്ള മതം!
ക്രൈസ്തവലോകത്തിൽ സ്നാപനം സംബന്ധിച്ച ചോദ്യത്തിന് കൂടെക്കൂടെ യുവാക്കൾക്കുവേണ്ടി മാതാപിതാക്കൾ ഉത്തരം നൽകുന്നു. തങ്ങളുടെ മക്കൾ ശിശുക്കളായിരിക്കുമ്പോൾ തന്നെ അവരെ സ്നാപനപ്പെടുത്താൻ ചില വിഭാഗങ്ങൾ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. സ്നാപന ചടങ്ങ് പ്രായപൂർത്തിയായവർക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുമ്പോൾപോലും യുവജനങ്ങൾ തിരഞ്ഞെടുപ്പിന്റെയല്ല പിന്തുടർച്ചയുടെ ഒരു ഗതിയെന്ന നിലയിൽ തങ്ങളുടെ മാതാപിതാക്കളുടെ മതം പിൻപററാൻ പ്രതീക്ഷിക്കപ്പെടുന്നു.
രസാവഹമായി, ഐക്യനാടുകളിലെ ഒരു അഭിപ്രായ സർവേ, “കൗമാരപ്രായക്കാരിൽ മിക്കവാറും എല്ലാവരും [96 ശതമാനം] ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു”വെന്ന് വെളിപ്പെടുത്തിയെങ്കിലും 39 ശതമാനം മാത്രമെ കൂടെക്കൂടെ പ്രാർത്ഥിക്കുന്നവരായുള്ളു. 52 ശതമാനത്തിനു മാത്രമെ സംഘടിത മതത്തിൽ വിശാസമുണ്ടായിരുന്നുള്ളു. പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ ഡിയേനെ യുവജനങ്ങളുടെ അഭിപ്രായത്തിന്റെ ഒരു മാതൃക നൽകി: “ഞാൻ ദൈവത്തിലും മററും വിശ്വസിക്കുന്നു, എന്നാൽ ബൈബിളിന്റെ ഓരോ വരിയും വായിക്കുന്നതിനേക്കാൾ ഒരു നല്ല വ്യക്തിയായിരിക്കാൻ ശ്രമിക്കുന്നതിൽ ഞാൻ കൂടുതൽ വിശ്വസിക്കുന്നു.”
ഉവ്വ്, ഒരു യുവാവിൻമേൽ അയാളുടെ മാതാപിതാക്കളാൽ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ നിശ്ചയമായും മതത്തിന് ഒരു ദുർബ്ബല ശക്തിയായിരിക്കാൻ കഴിയും. കത്തോലിക്കാ യുവജന കുററവാളികൾക്കിടയിൽ നടത്തിയ ഒരു പഠനം ഇത് കൂടുതലായി വിശദീകരിക്കുന്നു. അവരിൽ പകുതിപ്പേർ പള്ളിയിൽ സംബന്ധിച്ചിരുന്നു. അധികംപേർക്കും തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങൾ അറിയാമായിരുന്നു. അവരിൽ ഏതാണ്ട് 90 ശതമാനം പേർ മോഷണത്തെ അംഗീകരിച്ചിരുന്നുമില്ല. എന്നിട്ടും അവരിൽ മൂന്നിൽ രണ്ടു ഭാഗത്തിലേറെ മോഷ്ടാക്കളായിരുന്നു. ദി അഡോളസൻറ് എന്ന പുസ്തകം ഇപ്രകാരം നിരീക്ഷിച്ചു. “ഈ ബാലൻമാരുടെ മതപരമായ അർപ്പണം വളരെ പരിമിതമായിരുന്നുവെന്നതാകാം ഒരു കാരണം. അവരെല്ലാം ജൻമനാ കത്തോലിക്കരായിരുന്നു; അവരുടെ പ്രാഥമിക അർപ്പണം അവർക്കുവേണ്ടി അവരുടെ മാതാപിതാക്കളാൽ നടത്തപ്പെടുകയായിരുന്നു. അവരുടെ മതം അവരുടെ സ്വന്തം ആയിരുന്നില്ല.”
സ്നാപനം—എന്തുകൊണ്ട് ഒരു ക്രിസ്തീയ യോഗ്യത
അതുകൊണ്ട് നല്ല കാരണങ്ങളാൽ നിങ്ങൾ—നിങ്ങളുടെ മാതാപിതാക്കളല്ല—ദൈവത്തിന് വ്യക്തിപരമായ സമർപ്പണം നടത്താൻ ബൈബിൾ ആവശ്യപ്പെടുന്നു.a ‘കൊള്ളാം, നല്ലതുതന്നെ, എന്നാൽ സമർപ്പണം വ്യക്തിപരമായത്, ദൈവവും ഞാനും തമ്മിലുള്ള ഒന്ന് ആയിരിക്കുന്നുവെങ്കിൽ ഞാൻ സ്നാപനം ഏൽക്കേണ്ടിയിരിക്കുന്നതെന്തുകൊണ്ട്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം.
സ്നാപനത്തിൽ ‘നിങ്ങളുടെ ദേഹിയുടെ രക്ഷ’ ഉൾപ്പെടുന്നതിനാൽ (1 പത്രോസ് 1:9) “ദൈവത്തെ അറിയാത്തവരും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവാർത്ത അനുസരിക്കാത്തവരുമായവരുടെമേൽ പ്രതികാരം” വരുത്തുകയെന്നത് ദൈവത്തിന്റെ മനസ്സിലുണ്ട്. “ഇവർ നിത്യനാശം എന്ന ശിക്ഷാവിധി പ്രാപിക്കും.” (2 തെസ്സലോനിക്യർ 1:8, 9). ഈ നാശം നമ്മുടെ നാളിൽ വരുമെന്നാണ് സകല സൂചനയും.b
എന്നിരുന്നാലും “എല്ലാത്തരം ആളുകളും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം (1 തിമൊഥെയോസ് 2:4) നിങ്ങൾ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കണമെന്നും ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു!—വെളിപ്പാട് 21:3, 4. എന്നാൽ സുവാർത്ത അനുസരിക്കുന്ന ഒരുവനായി നിങ്ങൾക്ക് നിങ്ങളെത്തന്നെ എങ്ങനെ തിരിച്ചറിയിക്കാൻ കഴിയും? നിങ്ങളെ പഠിപ്പിച്ചിരിക്കുന്ന ബൈബിൾ സത്യങ്ങൾ കേവലം വിശ്വസിക്കുന്നതോ വെറുതെ നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ക്രിസ്തീയ യോഗങ്ങൾക്കു പോകുന്നതോ മതിയാകുകയില്ല. (യാക്കോബ് 2:19 താരതമ്യപ്പെടുത്തുക) രക്ഷ ആഗ്രഹിക്കുന്നവർ തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും അവന്റെ ഇഷ്ടം ചെയ്യുകയും വേണം. റോമർ 12:1-ൽ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറയുന്നു: “തൽഫലമായി സഹോദരൻമാരേ നിങ്ങളുടെ വിവേചനാപ്രാപ്തി സഹിതം ഒരു വിശുദ്ധസേവനമായി, നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ഉള്ളതും [“സമർപ്പിതമായ,” ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ] ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി അർപ്പിക്കാൻ ഞാൻ ദൈവത്തിന്റെ മനസ്സലിവു മുഖാന്തരം നിങ്ങളോടപേക്ഷിക്കുന്നു.”
എന്നാൽ സമർപ്പണത്തിന് തികച്ചും സ്വകാര്യമായ ഒരു സംഗതിയായി നിലനിൽക്കാവുന്നതല്ല. എന്തൊക്കെയായാലും ഒരു രഹസ്യ ശിഷ്യന് യഥാർത്ഥത്തിൽ എങ്ങനെ ഭക്തിയുള്ളവനും അർപ്പിതനുമായിരിക്കാൻ കഴിയും? (യോഹന്നാൻ 19:38 താരതമ്യപ്പെടുത്തുക.) നിങ്ങളുടെ സൗഹൃദം രഹസ്യമായി സൂക്ഷിക്കാനാഗ്രഹിക്കുന്ന ഒരു സുഹൃത്തിനെ നിങ്ങൾ വിശ്വസിക്കുമോ? അതുകൊണ്ട് ജ്ഞാനപൂർവം സകലരും “രക്ഷക്കുവേണ്ടി പരസ്യ പ്രഖ്യാപനം നടത്താൻ” ദൈവം ആവശ്യപ്പെടുന്നു. (റോമർ 10:10) ഇത് സ്നാപനത്തിങ്കൽ തുടങ്ങുന്നു. ആ സമയത്ത് ഒരുവൻ തന്റെ വിശ്വാസത്തിന്റെ വാച്യമായ പ്രഖ്യാപനം നടത്തുന്നു. അനന്തരം ജലത്തിലുള്ള സ്നാപനം തുടർന്നു വരുന്നു. (മത്തായി 28:19, 20) എന്നിരുന്നാലും വെള്ളത്തിലേക്ക് ആഴ്ത്തപ്പെടുന്നതിന് എന്തു മൂല്യമുണ്ടായിരിക്കാൻ കഴിയും?
സ്നാപനം എന്നത് ഒരു വെറും കുളിയല്ല; അത് ഒരു പ്രതീകാത്മക കുഴിച്ചുമൂടലാണ്. നിങ്ങൾ സ്നാപന ജലത്തിനടിയിലേക്ക് പോകുമ്പോൾ അതു നിങ്ങളുടെ മുൻകാലജീവിത ഗതി സംബന്ധിച്ച് നിങ്ങൾ മരിച്ചിരിക്കുന്നുവെന്ന പ്രതീതി നിങ്ങളിൽ ഉളവാക്കുന്നു. പണ്ട് നിങ്ങളുടെ വ്യക്തിപരമായ സ്ഥാനകാംക്ഷയും ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നിങ്ങളുടെ ജീവിത്തിൽ പ്രഥമ സ്ഥാനത്തായിരുന്നു. എന്നാൽ തന്റെ ശിഷ്യൻമാർ “സ്വയം ത്യജിക്കു”മെന്ന് യേശു പറഞ്ഞു. (മർക്കോസ് 8:34) അതുകൊണ്ട് നിങ്ങൾ ഉയർത്തപ്പെടുമ്പോൾ നിങ്ങൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനായി ഇപ്പോൾ ജീവിക്കുന്നുവെന്ന് നിങ്ങൾ ഓർമ്മിപ്പിക്കപ്പെടുകയാണ്. ധീരവും പരസ്യവുമായ ഈ നടപടി നിങ്ങളെ രക്ഷക്ക് യോഗ്യരായി തിരിച്ചറിയിക്കുന്ന അടയാളത്തിന്റെ ഒരു നിർണ്ണായക ഭാഗമാണ്.—യഹസ്കേൽ 9:4-6; 1 പത്രോസ് 3:21 താരതമ്യപ്പെടത്തുക.
‘ഞാൻ പുറത്താക്കപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു’
സ്നാപനം അത്ര പ്രധാനമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ചില യുവജനങ്ങൾ അതിൽനിന്ന് പിൻമാറി നിൽക്കുന്നത്? അനേകം ക്രിസ്തീയ ചെറുപ്പക്കാരോട് ഉണരുക! ഇതേ ചോദ്യം ചോദിച്ചു. ഒരു പെൺകുട്ടി ഇങ്ങനെ പറഞ്ഞു: “തങ്ങൾ സ്നാപനമേററവരല്ലെങ്കിൽ തങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് അനേകർ വിചാരിക്കുന്നു. കുഴപ്പത്തിൽ ചെന്നു പെട്ടാലും തങ്ങൾ അത്ര ഉത്തരവാദികളായിരിക്കയില്ലെന്ന് അവർ കരുതുന്നു.” പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് റോബർട്ട് എന്നു പേരുള്ള ഒരു യുവാവ് ഈ അഭിപ്രായം ആവർത്തിക്കുന്നു. “സ്നാപനം എന്നത് ഒരിക്കൽ എടുത്തശേഷം പിന്നോക്കം പോകാൻ കഴിയാത്തതായ ഒരു അന്തിമ നടപടിയാണെന്ന് ഭയപ്പെടുന്നതുകൊണ്ടാണ് അനേകം യുവജനങ്ങൾ സ്നാപനമേൽക്കാൻ മടിക്കുന്നതെന്ന് ഞാൻ വിചാരിക്കുന്നു. തങ്ങൾ തെററായ എന്തെങ്കിലും ചെയ്താൽ സഭയിൽ നിന്നു പുറത്താക്കപ്പെടുമെന്ന് അവർ വിചാരിക്കുന്നു.”
ഒരുവന് ദൈവത്തോടുള്ള സമർപ്പണത്തിൽ നിന്നു പിന്നോക്കം പോകാൻ കഴിയില്ലെന്നുള്ളതു സത്യമാണ്. (സഭാപ്രസംഗി 5:4 താരതമ്യപ്പെടുത്തുക.) തന്നേത്തന്നെ ദൈവത്തിനു സമർപ്പിക്കുന്ന ഒരു വ്യക്തി ഒരു ഗൗരവാവഹമായ ഉത്തരവാദിത്വം ഏറെറടുക്കുകയാണ്. അവൻ അല്ലെങ്കിൽ അവൾ “അവനെ പൂർണ്ണമായി പ്രസാദിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ യഹോവക്കു യോഗ്യമാകുംവണ്ണം നടക്കു”വാൻ കടപ്പെട്ടിരിക്കുന്നു. (കൊലോസ്യർ 1:10) ഗരുതരമായ തെററിൽ ഏർപ്പെടുന്ന ഒരുവൻ ക്രിസ്തീയ സഭയിൽ നിന്ന് പുറത്താക്കപ്പെടുകയെന്ന അപകടസാധ്യതയെ അഭിമുഖീകരിക്കുന്നു.—1 കൊരിന്ത്യർ 5:11-13.
എന്നിരുന്നാലും സ്നാപനമേൽക്കാത്തടത്തോളം കാലം എന്തും ആവാമെന്ന് ഒരുവന് ന്യായവാദം ചെയ്യാവുന്നതല്ല. എന്തെന്നാൽ “ശരിയായതു ചെയ്യേണ്ടതെങ്ങനെയെന്ന് ഒരുവൻ അറിഞ്ഞിട്ടും അതു ചെയ്യുന്നില്ലെങ്കിൽ അത് അവന് ഒരു പാപമത്രെ”—സ്നാപനമേററയാളായാലും ഏൽക്കാത്തയാളായാലും! (യാക്കോബ് 4:17) ഒരുവന് സഭയിൽ നിന്നുള്ള ഔപചാരികമായ പുറത്താക്കൽ ഒഴിവാക്കാൻ കഴിഞ്ഞേക്കും, എന്നാൽ ഒരുവന് യഹോവയുടെ ന്യായവിധിയെ മറികടക്കാൻ കഴിയുകയില്ല. പൗലോസ് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “തെററു പററരുത്, ദൈവത്തെ പുച്ഛിക്കലില്ല; എന്തെന്നാൽ ഒരു മനുഷ്യൻ വിതക്കുന്നതു തന്നെകൊയ്യും.”—ഗലാത്യർ 6:7, ബയിംഗ്ടൺ.
പുറത്താക്കപ്പെടുമെന്നു ഒരു ഭയം തെററു പ്രവർത്തിക്കുന്നതിനുള്ള ഗൂഢ ആഗ്രഹത്തെ പലപ്പോഴും യഥാർത്ഥത്തിൽ മറയ്ക്കുന്നു. നതാലി എന്ന ഒരു യുവതി സത്യസന്ധമായി ഇങ്ങനെ നിരീക്ഷിച്ചു: “ഞാൻ വളർത്തപ്പെട്ടത് സാത്താന്റെ ലോകത്തിലാണ്, അത് എപ്രകാരമുള്ളതാണെന്ന് എനിക്ക് അറിയുകയും ചെയ്യാം. എന്നാൽ അനേകം യുവജനങ്ങൾ പുറത്തു കടക്കാനും അവിടെ പുറത്തുള്ളവ അനുഭവിക്കാനും ആഗ്രഹിക്കുന്നു. സ്നാപനത്തിൽനിന്ന് നിങ്ങളെ പിമ്പോട്ടു പിടിച്ചു നിർത്താൻ തെററായ ആഗ്രഹങ്ങളെ അനുവദിക്കുന്നതിന്—അഥവാ അവ തെററായ പ്രവൃത്തികളായി വികാസം പ്രാപിക്കുന്നതിന് അനുവദിക്കുന്നതിനു—പകരം മാതാപിതാക്കളിൽ ഒരാളിനോടോ അല്ലെങ്കിൽ ഒരു പക്വതയുള്ള ക്രിസ്ത്യാനിയോടോ ഈ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് എന്തുകൊണ്ട് അൽപ്പം സഹായം സ്വീകരിച്ചുകൂടാ?—യാക്കോബ് 1:14, 15.
യഥാർത്ഥത്തിൽ, സാത്താന്റെ ലോകം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം ഒരു കേവല മിഥ്യയാണ്. തന്റെ നാളിലെ വഴിതെററിക്കപ്പെട്ടിരുന്ന ചിലരോട് അപ്പോസ്തലനായ പത്രോസ് പറഞ്ഞതുപോലെ: “അവർ മററുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യവെ, അവർ തന്നെ ദ്രവത്വത്തിന്റെ അടിമത്വത്തിൽ സ്ഥിതിചെയ്യുന്നു. എന്തെന്നാൽ എന്തിനാലെങ്കിലും കീഴ്പ്പെടുത്തപ്പെടുന്നവൻ അനിനാൽ അടിമത്വത്തിലാക്കപ്പെടുന്നു.” (2 പത്രോസ് 2:19) നിങ്ങളുടെ ചിന്തയും നടത്തയും ധാർമ്മിക നിഷ്ഠകളും മററുള്ളവരാൽ നിയന്ത്രിക്കപ്പെടുന്നത് യഥാർത്ഥത്തിൽ സ്വാതന്ത്ര്യമാണോ? രോഗത്തിലേക്കും അപമാനത്തിലേക്കും ആത്യന്തികമായി മരണത്തിലേക്കും നയിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നത് യഥാർത്ഥത്തിൽ സ്വാതന്ത്ര്യമാണോ?—സദൃശവാക്യങ്ങൾ 5:8-14.
ജപ്പാനിലെ ഒരു യുവാവായ ഹിറേറാഷി അതേ ചോദ്യങ്ങൾ അഭിമുഖീകരിച്ചു. അവൻ ക്രിസ്തീയ മാതാപിതാക്കളാൽ വളർത്തപ്പെട്ടു. അവൻ ഇങ്ങനെ ഓർമ്മിക്കുന്നു. “മററുള്ളവർ കളിക്കുന്ന സമയത്ത് എനിക്ക് യോഗങ്ങൾക്ക് പോകേണ്ടതുണ്ടായിരുന്നു. ഞാൻ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിച്ചു. എനിക്ക് ചിലതെല്ലാം നഷ്ടമാവുകയാണെന്ന് ഞാൻ കരുതി.” അതെ, സങ്കീർത്തനക്കാരനായ ആസാഫിനെപ്പോലെ ദുഷ്പ്രവർത്തിക്കാരോട് അവൻ “അസൂയാലു”വായി (സങ്കീർത്തനം 73:2, 3) എന്നാൽ സംഗതി സമനിലയോടെ വിലയിരുത്തിയശേഷം ഹിറേറാഷിയുടെ ധാരണകൾ മാറി. അവൻ ഇങ്ങനെ പറയുന്നു: “സത്യം കൂടാതെയുള്ള എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ 70ഓ 80ഓ വർഷം ജീവിച്ചിരിക്കുന്നതും അനന്തരം മരിക്കുന്നതും എനിക്ക് കാണാൻ കഴിയും. എന്നാൽ യഹോവയുടെ കൈയിൽ നിത്യജീവനുണ്ട്.” അപ്രകാരം ഹിറേറാഷി യഹോവക്ക് ഒരു സമർപ്പണം നടത്തുകയും സ്നാപനമേൽക്കുകയും ചെയ്തു.—സങ്കീർത്തനം 73:19-28 താരതമ്യപ്പെടുത്തുക.
ഇതുപോലെ ചെയ്യാൻ നിങ്ങളും പ്രേരിതരായിരിക്കുന്നുവോ? ഡേവിഡ് എന്ന പേരോടുകൂടിയ ഒരു യുവാവ് അങ്ങനെയായിത്തീർന്നു. അവൻ ഇങ്ങനെ ഓർമ്മിക്കുന്നു: “ഒരു ചെറുപ്പക്കാരനെന്ന നിലയിൽ സ്നാപനമേൽക്കുന്നത് എനിക്ക് ഒരു സംരക്ഷണമായിരുന്നു. സ്നാപനമേററവരല്ലാഞ്ഞ ചില കൗമാരപ്രായക്കാർ തങ്ങൾ മൂപ്പൻമാരുടെ അധികാരത്തിൽ നിന്ന് സ്വതന്ത്രരാണെന്നു വിചാരിക്കുകയും തത്ഫലമായി മോശമായ നടത്തയിലേക്ക് വീണുപോകുകയും ചെയ്തു. എന്നാൽ ഞാൻ എന്റെ ജീവിതം യഹോവക്ക് സമർപ്പിച്ചിരിക്കുന്നുവെന്ന് ഞാൻ എല്ലായ്പ്പോഴും ഓർത്തു.” ഒരുപക്ഷേ ഇപ്പോഴും ഈ പടി സ്വീകരിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ഒരുങ്ങിയോയെന്ന് നിങ്ങൾക്ക് ഉറപ്പില്ലായിരിക്കാം. നിങ്ങളെ സഹായിക്കുന്നതിനുള്ള വിവരം ഒരു ഭാവി ലക്കത്തിൽ അവതരിപ്പിക്കപ്പെടുന്നതായിരിക്കും. (g90 3/22)
[അടിക്കുറിപ്പുകൾ]
a “ശിശുക്കൾ സ്നാപനമേൽക്കണമോ?” എന്ന അഭിധാനത്തിൽ 1986 മാർച്ച് 15-ലെ വാച്ച്ടവറിൽ വന്ന ലേഖനം ശിശുസ്നാപനത്തിന്റെ ഭോഷത്തം ചർച്ച ചെയ്യുന്നു.
b നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ ഏന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ (വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററിയൽ പ്രസിദ്ധീകരിക്കപ്പെട്ടത്) 18-ാം അദ്ധ്യായം കാണുക.
[13-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തെ സേവിക്കാനുള്ള തീരുമാനം നിങ്ങൾക്കുമാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്. സ്നാപനം ഒരുവനെ ക്രിസ്തുയേശുവിന്റെ ഒരു സമർപ്പിത ശിഷ്യനായി തിരിച്ചറിയിക്കുന്നു.