വീട്ടിൽ ഒരു അവധിക്കാലം പരീക്ഷിച്ചുകൂടേ?
നിങ്ങൾക്ക് രണ്ടാഴ്ചത്തെ അവധിയുണ്ട്, നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു മാററം ആവശ്യവുമാണ്! എന്നാൽ ഈ സമയത്ത് നിങ്ങൾക്ക് യാത്രച്ചെലവുവഹിക്കാൻ നിർവാഹമില്ല. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
ശരി, ഒരു അവധിക്കാലം പതിവു ജീവിതചര്യയിൽനിന്നുള്ള ഒരു വിശ്രമം, വിശ്രമത്തിന്റെയോ വിടുതലിന്റെയോ ഒരു ഇടവേള, ആണെന്നോർക്കുക. അതുകൊണ്ട് വീട്ടിൽ എന്തുകൊണ്ട് ഒരു അവധിക്കാലം പരീക്ഷിച്ചുകൂടാ? തീർച്ചയായും അവിടെ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങൾക്ക് ചിത്രം വരക്കുകയോ ഫോട്ടോ എടുക്കുകയോ നിങ്ങൾക്ക് അധികം സമയംകിട്ടുകയില്ലാത്ത മററു വിനോദജോലികൾ ചെയ്യുകയോ ചെയ്യാൻ കഴിയും. നിങ്ങളുടെ സ്വന്ത പ്രദേശത്തുതന്നെ കാണാനും ആസ്വദിക്കാനുമുള്ള സ്ഥലങ്ങളും വസ്തുക്കളുമുണ്ട്. വീട്ടിലെ ഒരു അവധിക്കാലത്തിന് അനേകം പ്രയോജനങ്ങളുണ്ട്. ചുരുക്കം ചിലതു പറയാം:
◼ ഒരുപാസ്പോർട്ടിന്റെയോവിസായുടെയോ ആവശ്യമില്ല
◼ പണവിനിമയത്തിന്റെ ആവശ്യമില്ല
◼ മറെറാരു ഭാഷയുടെ പ്രശ്നമില്ല
◼ കസ്ററംസിലെയോ ഇമ്മിഗ്രേഷനിലെയോ അസൗകര്യങ്ങളില്ല
◼ പാക്കിംഗ് വേണ്ട
◼ ചെലവേറിയ വിമാനക്കൂലിയോ പെട്രോൾബില്ലുകളോ ഇല്ല
◼ അവിടെ എത്തുന്നതിന് വിലപ്പെട്ട സമയം നഷ്ടമാകുന്നില്ല
ഇപ്പോൾത്തന്നെ നിങ്ങൾക്ക് കൂടുതൽ സുഖം തോന്നുന്നില്ലേ? എന്തിന്, നിങ്ങളുടെ സുഖകരമായ പതിവു കിടക്കയിൽ നിങ്ങൾക്കിഷ്ടമുള്ളടത്തോളം സമയം കിടന്നുറങ്ങാൻ പോലും കഴിയും!
ഏതു അവധിക്കാലത്തോടും ബന്ധപ്പെട്ട പ്രധാന സംഗതി ആസൂത്രണമാണ്. ഏതായാലും ചിലർക്ക് പ്രതീക്ഷ യാഥാർത്ഥ്യംപോലെതന്നെ ആവേശകരമാണ്. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആസ്വാദ്യകരവും സംതൃപ്തികരവുമായി പ്രയോജനകരമായ എന്തെങ്കിലും ചെയ്യത്തക്കവണ്ണം നല്ല തയ്യാറെടുപ്പ് വീട്ടിലെ അവധിക്കാലത്തിനും ആവശ്യമാണ്.
നിങ്ങൾ വീട്ടിൽ എന്തു ചെയ്യുന്നു
അവധിക്കാലത്ത് അനേകരും ആ അവസരത്തിന്റെ ഓർമ്മക്കായി ഫോട്ടോകൾ എടുക്കുന്നു. നിങ്ങൾക്ക് വീട്ടിൽത്തന്നെ ഉണ്ടായിരിക്കാവുന്ന വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് അവർ ആയിരക്കണക്കിനു മൈൽ സഞ്ചരിക്കുന്നു. ഡെയ്സിച്ചെടി നിൽക്കുന്ന ഒരു വയലിന്റെയോ സൂര്യകാന്തിയുടെ അടുത്തുനിന്നുള്ള ദൃശ്യത്തിന്റെയോ ഒരു ചുള്ളിയിൽ തൂങ്ങിക്കിടക്കുന്ന ഒരു ചെറുജീവിയുടെയോ പടമെടുക്കുക. ഒരുപക്ഷേ നിങ്ങളുടെ പഴയ സ്കൂളിന്റെയോ നിങ്ങൾ വളർന്ന വീടിന്റെയോ പട്ടണത്തിനു വെളിയിലെ വല്യമ്മയുടെ പ്രിയങ്കരമായ പഴയ കൃഷിപ്പുരയുടെയോ ചിത്രങ്ങൾ നിങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ അവ എടുക്കാൻ നിങ്ങൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഇപ്പോൾ അതു ചെയ്യുക!
ഫോട്ടോകളുടെ കാര്യം പറയുമ്പോൾ, എന്നെങ്കിലും ആൽബത്തിൽ വെക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്ന കുടുംബഫോട്ടോകളുടെ പെട്ടികൾ സംബന്ധിച്ചെന്ത്? ഇത് അതു ചെയ്യുന്നതിനുള്ള ഒരു അവസരമാണ്. കഴിഞ്ഞ കാലത്തിന്റെ ഈ സ്മാരകങ്ങളിലൂടെ നോക്കുന്നത് മുഴു കുടുംബത്തിനും ആസ്വദിക്കാൻ കഴിയും. കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ നല്ല ഫോട്ടോകൾ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ ചിലത് അവർക്ക് അയച്ചുകൊടുക്കുന്നത് എത്ര നന്നായിരിക്കും!
സഞ്ചാരികൾ മിക്കപ്പോഴും സൂവനീറുകൾ ശേഖരിക്കുന്നു. ഇപ്പോൾ, വീട്ടിൽ നിങ്ങൾക്ക് എന്തു കണ്ടെത്താൻ കഴിയും? ഒരുപക്ഷേ ഒരു മൃഗസംരക്ഷണവേലിക്കെട്ടിനുള്ള ചില അസാധാരണ കല്ലുകളോ സംഭാഷണവിഷയമാക്കുന്നതിന് ഒരു പാത്രം നിറയെ അങ്ങനെയുള്ള കല്ലുകളോ. ചില കൊച്ചുകുട്ടികൾ കേവലം കല്ലുകളിൽ എത്ര ആകൃഷ്ടരാകുമെന്നുള്ളതിൽ നിങ്ങൾ അതിശയിച്ചുപോകും. മററു വസ്തുക്കളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ? കടൽകക്കാകൾ? ശരത്ക്കാല ഇലകൾ? അലങ്കാരത്തിനുവേണ്ടി ഉണക്കിയെടുക്കാൻ സസ്യങ്ങളും ചെടികളും (കളകൾപോലും!)?
നിങ്ങളെ സന്ദർശിച്ചാൽകൊള്ളായിരുന്നുവെന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്ന ആ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സംബന്ധിച്ചെന്ത്? ഒരു കപ്പുകാപ്പിയോ ചായയോ കുടിക്കാൻ വരുന്നതിന് അവരെ ക്ഷണിക്കുക. ചെറുപ്പക്കാരുടെ പ്രയോജനത്തിനുവേണ്ടി തങ്ങളുടെ ചെറുപ്പത്തിലെ കഥകൾ പറയാൻ പ്രായമേറിയവരോട് അപേക്ഷിക്കുക. കഥകൾ റെക്കോഡ്ചെയ്യാൻ പാടില്ലേ? വൃദ്ധർ അധികനാൾ കൂടെ ഉണ്ടായിരിക്കുകയില്ല.
അവധിക്കാലം ചെലവഴിക്കുമ്പോൾ അനേകർ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും പോസ്ററ്കാർഡുകൾ അയക്കുന്നു. വീട്ടിലെ ഒരു അവധിക്കാലത്തിനുവേണ്ടി, മേശവലിപ്പിലിരിക്കുന്ന എഴുത്തുകെട്ട് എടുക്കുക. നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങൾ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും അവരെ മറന്നിട്ടില്ലെന്നും അവർ അറിയട്ടെ.
വീട്ടിൽ എവിടെ പോകാം
സന്ദർശകർ നിങ്ങളുടെ പട്ടണത്തിലൊ നഗരത്തിലോ വരുകയാണെങ്കിൽ നിങ്ങൾ അവരെ എവിടെ കൊണ്ടുപോകും? അവർക്ക് എന്തു കാണാൻ കഴിയും? താത്പര്യജനകമായ അധികമൊന്നും ഇല്ലെന്ന് നിങ്ങൾ ആദ്യം വിചാരിച്ചേക്കാം. എന്നാൽ മിക്കപ്പോഴും അതിനു കാരണം നമ്മുടെ പട്ടണത്തെക്കുറിച്ചു നാം ചിന്തിക്കാത്തതാണ്. അവിടെ എന്തുണ്ടെന്ന് പരിശോധിക്കുക. സ്ഥലത്തെ ററൂറിസ്ററ് ബ്യൂറോയോ ചേംബർ ഓഫ് കൊമേഴ്സോ വിനോദസഞ്ചാരികൾക്കുവേണ്ടി എന്തു ശുപാർശചെയ്യുന്നുവെന്ന് കാണുക. ലഭ്യമായിരിക്കുന്നതിൽ നിങ്ങൾ സന്തോഷകരമായി അതിശയിച്ചുപോയേക്കാം.
അടുത്ത് ഒരു കാഴ്ചബംഗ്ലാവുണ്ടോ? അല്ലെങ്കിൽ പര്യടനങ്ങൾ അനുവദിക്കുന്ന ഒരു ഫാക്റററി ഉണ്ടോ? ചില മിഠായിഫാക്റററികൾ അല്ലെങ്കിൽ ചോക്ലേററ് ഫാക്റററികൾ പര്യടനങ്ങൾ അനുവദിക്കുകമാത്രമല്ല, സാമ്പിളുകളും കൊടുക്കുന്നു! ചില വീഞ്ഞ് നിർമ്മാണശാലകളും അങ്ങനെ ചെയ്യുന്നു. സ്ഥലത്തെ ഒരു കർഷകൻ തന്റെ മൃഗങ്ങളെ—കോഴികളിൽനിന്ന് മുട്ട ശേഖരിക്കുകയോ ഒരു പശുവിനെ കറക്കുകപോലുമോ ചെയ്യുന്നതെങ്ങനെയെന്ന്—നിങ്ങളുടെ കുട്ടികളെ കാണിക്കാൻ സന്നദ്ധനായിരിക്കാം. ഒരു കുപ്പിയിലോ പെട്ടിയിലോ അല്ല പാൽ ഉത്ഭവിക്കുന്നതെന്ന് അവർ അറിയുന്നത് നല്ലതാണ്.
നിങ്ങൾക്ക് വംശീയ റസ്റേറാറൻറുകൾ സന്ദർശിച്ചുകൊണ്ട് മമ്മിയെ പാചകത്തിൽനിന്ന് ഒഴിവാക്കാവുന്നതാണ്. അവരുടെ പ്രത്യേക—ചൈനീസ്, ജാപ്പനീസ്, ഇററാലിയൻ, ഗ്രീക്ക്—ഭക്ഷ്യവിഭവങ്ങളും അവയുടെ അലങ്കാരവും ഒരുപക്ഷേ സംഗീതവും നിമിത്തം നിങ്ങൾ ഒരു വിദേശത്ത് ഭക്ഷണംകഴിക്കുകയാണെന്ന് നിങ്ങൾക്ക് അനായാസം സങ്കൽപ്പിക്കാൻ കഴിയും.
എന്നാൽ നിങ്ങളുടെ പട്ടണത്തിൽ നിങ്ങൾക്ക് അങ്ങനെയുള്ളള റസ്റേറാറൻറുകൾ ഇല്ലെങ്കിലോ? അപ്പോൾ വീട്ടിൽ എന്തുകൊണ്ട് ആ അനുഭവം സൃഷ്ടിച്ചുകൂടാ? ആ ആളുകൾ എങ്ങനെ വസ്ത്രംധരിക്കുന്നുവെന്നും ഭക്ഷിക്കുന്നുവെന്നുമുള്ള വിവരങ്ങൾ നിങ്ങൾക്ക് ലൈബ്രറിയിൽനിന്ന് കിട്ടും. ഉദാഹരണത്തിന് നിങ്ങൾ ചൈനയിലാണെന്ന് വിചാരിക്കുക. ചൈനീസ് വിഭവങ്ങളുടെ പാചകവിധിയടങ്ങിയ ഒരു പാചകഗ്രന്ഥം, തയ്യാറാക്കാൻ വളരെ പ്രയാസമില്ലാത്ത ഒരു ഭക്ഷണത്തിനുള്ള തുടക്കമിട്ടുതന്നേക്കാം. വൈകുന്നേരത്ത് അവരുടെ വസ്ത്രധാരണരീതിപോലും നിങ്ങൾക്ക് സ്വീകരിക്കാൻ കഴിയും.
‘ഹാ, കുടുംബത്തിലെ ക്യാമ്പിംഗ്പ്രേമികൾ ക്യാമ്പിംഗിനു പോകാത്തപക്ഷം അതൊരു അവധിക്കാലമായി പരിഗണിക്കുകയില്ലെന്ന്’ നിങ്ങൾ പറയുന്നു. വീടിനു പിൻപുറത്ത് കൂടാരമടിച്ചുകൊണ്ട് നിങ്ങൾക്ക് അത് കൃത്രിമമായി ചെയ്യാൻ കഴിയുമോ? നിങ്ങൾക്ക് അടുത്തുള്ള ഗ്രാമപ്രദേശത്തേക്ക് ധൃതികൂട്ടാതെ ചില പര്യടനങ്ങൾ നടത്താനും അവിടെയായിരിക്കുമ്പോൾ കാട്ടുപൂക്കൾ ശേഖരിക്കാനും ചില മൃഗങ്ങളെയും പക്ഷികളെയും വീക്ഷിക്കാനും തീരുമാനിക്കാവുന്നതാണ്.
അവധിക്കാലം സാധാരണയായി കുടുംബബന്ധങ്ങൾ കെട്ടുപണിചെയ്യുന്നതിനും ഒരുമിച്ചു കാര്യങ്ങൾ ചെയ്യുന്നതിനുമുള്ള ഒരു നല്ല സമയമായതുകൊണ്ട് പരിചിതമായ ചുററുപാടുകളിൽ വീട്ടിൽ അങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ കൂടുതൽ പ്രയോജനകരമായിരിക്കുകയില്ലേ? അതൊന്നു പരീക്ഷിച്ചുനോക്കുക.
ജോലി ചെയ്തുതീർക്കുന്നതിൽനിന്നുള്ള നവോൻമേഷം
ഇനി ഒരിക്കലും സമയംകിട്ടുമെന്നു നിങ്ങൾ വിചാരിച്ചിട്ടില്ലാത്ത വീട്ടിലെ ആ ജോലികളെല്ലാമുണ്ട്. എന്നാൽ ആ ശാരീരികപ്രവർത്തനം യഥാർത്ഥത്തിൽ നവോൻമേഷപ്രദമായിരിക്കുകയില്ലേ? ശരി, അവധിക്കാലം കഴിഞ്ഞ് ഒടുവിൽ മേൽക്കൂരയിലെ ആ ചോർച്ച നീക്കിയതായും ഡ്രോയറുകളുടെ പിടികളെല്ലാം അതിന്റെ സ്ഥാനത്ത് ഉണ്ടെന്നും ആ ശബ്ദമുണ്ടാക്കുന്ന വിജാഗിരികളെ എന്നേക്കുമായി നിശബ്ദമാക്കിയെന്നുമുള്ള സംതൃപ്തിയോടെ നിങ്ങളുടെ പതിവുദിനചര്യക്ക് വീണ്ടും തുടക്കമിടുന്നത് ആശ്വാസകരമായിരിക്കുകയില്ലേ? വിനോദകളികളിലോ നീന്തലിലോ പര്യടനത്തിലോ ഏർപ്പെടുന്നതിലധികം ഊർജ്ജം ആ അവശ്യജോലി ചെയ്യുന്നതിന് നിങ്ങൾ ഒരിക്കലും ചെലവഴിക്കേണ്ടതില്ല.
ചില സമയങ്ങളിൽ കൂടുതൽ വായനയും പഠനവും നടത്താൻ ആഗ്രഹിക്കാത്തതാരാണ്? അത് വിരസമായിരിക്കുകയില്ല. നിങ്ങൾക്ക് താത്പര്യമുള്ള ഏതു വിഷയവും ഗവേഷണംചെയ്യുക. നിങ്ങളുടെ ലൈബ്രറിഷെൽഫിൽനിന്ന് വീക്ഷാഗോപാരത്തിന്റെയോ ഉണരുക!യുടെയോ ഒരു ബയൻഡിട്ട വാള്യം എടുക്കുക. നിങ്ങൾ വ്യതിചലിച്ച് ഉല്ലാസപ്രദമായ മററു ലേഖനങ്ങൾ വായിക്കുന്നുവെങ്കിൽ ആശ്ചര്യപ്പെടരുത്. പെട്ടെന്ന് ഉച്ചയൂണിനോ അത്താഴത്തിനോ ഉള്ള സമയമാകുന്നു. സമയം എത്ര പെട്ടെന്ന് കടന്നുപോയെന്ന് നിങ്ങൾ വിശ്വസിക്കുകയില്ല. എന്നാൽ വിശ്രമിക്കുക. നിങ്ങൾ അവധിയിലാണെന്ന് ഓർക്കുക.
ഒരു ഭവന അവധിക്കാലം സൃഷ്ടിക്കുന്നതിലെ സന്തോഷം
പുതുമയിൽ തത്പരരായിരിക്കുക. നിങ്ങളുടെ ഭാവന ഉപയോഗിക്കുക. ഒരുപക്ഷേ ഇപ്പോഴത്തെ ഈ അവധിക്കാലം കഴിയുമ്പോൾ ‘ഞാൻ ഇത് യഥാർത്ഥത്തിൽ ആസ്വദിച്ചു! എനിക്ക് ഇത് വീണ്ടും ചെയ്യണം’ എന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം!
ആ സ്ഥിതിക്ക് അതുസംബന്ധിച്ചെന്ത്? ഒരുപക്ഷേ കുടുംബാംഗങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി വീട്ടിലെ ഒരു അവധിക്കാലത്തിന് ആസൂത്രണംചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അവരുടെ ആശയങ്ങൾ അറിയുക. നിങ്ങൾ ഒററക്കാണ് ജീവിക്കുന്നതെങ്കിൽ, അതിനുവേണ്ടി ആസൂത്രണംചെയ്യുന്നതിൽ ചേരാൻ ഒരു നല്ല സുഹൃത്തിനെ വിളിക്കുക. അനന്തരം വീട്ടിലെ ഒരു അവധിക്കാലം പരീക്ഷിച്ചുനോക്കുക. നിങ്ങളുടെ തിരക്കിട്ട ജീവിതത്തിൽ അഭിലഷണീയമായ ഇടവേള നൽകാൻ വീട്ടിൽനിന്ന് ദൂരെയുള്ള അവധിക്കാലംപോലെതന്നെ അത് നല്ല പ്രയോജനംചെയ്തേക്കാം. (g90 6⁄22)
[27-ാം പേജിലെ ചിത്രം]
വീട്ടിൽ കഴിഞ്ഞുകൊണ്ടുള്ള അവധിക്കാലങ്ങളിൽ ഗ്രാമപ്രദേശത്തുകൂടെയുള്ള നടപ്പും ഒരു കൃഷിക്കളമോ കാഴ്ചബംഗ്ലാവോ സന്ദർശിക്കലും വിശ്രമവായന പോലും ഉൾപ്പെടുത്താൻ കഴിയും