നിങ്ങൾ അവധിക്കാലം ചെലവഴിക്കാൻ ഒരുങ്ങിയിരിക്കുന്നുവോ?
ഉത്തരാർധഗോളത്തിൽ വേനൽ അടുക്കാറായി. താമസിയാതെ കോടിക്കണക്കിനാളുകൾ അവധിക്കു പോയിത്തുടങ്ങും. പക്ഷേ, അവധിക്കാലം വേനൽക്കാലത്തു മാത്രമായി ഒതുക്കി നിർത്തപ്പെടുന്നില്ല. വിനോദസഞ്ചാരം, വർഷംതോറും ശതകോടിക്കണക്കിനു ഡോളർ വാരിക്കൂട്ടുന്ന ഒരു മുഴുവർഷ ബിസിനസായിത്തീർന്നിരിക്കുന്നു. അവധിക്കു പോകുന്ന മിക്കവരും തങ്ങളുടെ രാജ്യത്തിനകത്തുതന്നെയാണു യാത്ര ചെയ്യുന്നതെങ്കിലും, ഒരിക്കൽ സമ്പന്നർക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വിദേശയാത്ര ഇപ്പോൾ സർവസാധാരണമായിത്തീർന്നിരിക്കുന്നു.
തൊഴിലുടമകൾ അനുവദിച്ചുകൊടുക്കുന്ന അവധിക്കാലം രാജ്യങ്ങൾതോറും വ്യത്യസ്തമാണ്. 1979-ൽ, 2 ശതമാനം ജർമൻ തൊഴിലാളികൾക്കു മാത്രമേ ആറാഴ്ചത്തെ അവധി കിട്ടിയിരുന്നുള്ളു. എന്നാൽ, ഇപ്പോൾ ബഹുഭൂരിഭാഗത്തിനും അത്രയും അവധി ലഭിക്കുന്നു. പശ്ചിമ യൂറോപ്പിൽ, വ്യാവസായിക തൊഴിലാളികൾക്കുള്ള ശരാശരി അവധിക്കാലം അഞ്ചാഴ്ചയിലധികം വരും.
അവധിക്കാലത്തിന് അതിന്റേതായ സ്ഥാനമുണ്ട്
പ്രാരംഭത്തിൽ, അവധിക്കാലം എന്നതിന് ഇന്നുള്ളതിൽനിന്നു തികച്ചും വിഭിന്നമായ ഒരു അർഥമാണുണ്ടായിരുന്നത്. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിവരിക്കുന്നു: “അവധിയെടുക്കുന്ന ആധുനിക രീതി . . . പുരാതന റോമിലെ മതപരമായ കലണ്ടറിൽനിന്ന് ഉരുത്തിരിഞ്ഞിട്ടുള്ളതാണ്, എന്നാൽ ഒരു വിപരീത രീതിയിൽ. വർഷത്തിലെ 100-ലേറെ ദിവസങ്ങൾ വിവിധ റോമൻ ദേവീദേവന്മാർക്കു സമർപ്പിക്കപ്പെട്ട വിരുന്നുദിനങ്ങളായിരുന്നു. പവിത്രമായ ഉത്സവങ്ങളുള്ള ദിവസങ്ങളിൽ, അതായത് വിശേഷദിവസങ്ങളിൽ, ആളുകൾ തങ്ങളുടെ പതിവു ദിനചര്യകളിൽനിന്നു വിശ്രമിച്ചിരുന്നു. പവിത്രമായി കണക്കാക്കാത്ത ദിവസങ്ങളെ ഡീയിസ് വാക്കാന്റെസ്, അതായത് അവധി ദിവസങ്ങൾ എന്നു വിളിച്ചിരുന്നു. ഈ ദിവസങ്ങളിൽ ആളുകൾ വേല ചെയ്തിരുന്നു.” ജോലിദിവസങ്ങളായിരിക്കുന്നതിനു പകരം, ആധുനിക നാളിൽ “അവധി ദിവസങ്ങൾ” വിശ്രമ ദിവസങ്ങളാണ്.
ജർമൻകാർ, അവധിക്കാലത്തെ “വർഷത്തിലെ ഏറ്റവും നല്ല ആഴ്ചകൾ” എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നു. അതേസമയം തൊഴിലാസക്തർ ഇന്നത്തെ “അവധി ദിവസങ്ങ”ളെ അർഥവത്തായ പ്രവർത്തനങ്ങളില്ലാത്ത, തികച്ചും ശൂന്യദിവസങ്ങളായി വീക്ഷിച്ചേക്കാം. പക്ഷേ, ഇത് അതിരുകടന്ന ഒരു വീക്ഷണമായിരിക്കും. സമനിലയോടെയുള്ള ഒരു വീക്ഷണഗതി, ഇടയ്ക്കിടയ്ക്ക് പതിവു ദിനചര്യയിൽ നിന്നൊഴിഞ്ഞ്, വ്യത്യസ്തവും വിശ്രമദായകവുമായ എന്തെങ്കിലും ചെയ്യുകയെന്ന ജ്ഞാനത്തെ കൈക്കൊള്ളുന്നു.
1991-ൽ നടന്ന യൂറോപ്യൻ ബിസിനസ് എക്സിക്യുട്ടിവുകളുടെ ഒരു സർവേയിൽ അവധിക്കാലത്തിന്റെ നല്ല വശങ്ങൾ സ്ഥിരീകരിക്കപ്പെട്ടു. അവരിൽ 78 ശതമാനം പേർ, അവധിക്കാലം “എക്സിക്യുട്ടിവ് തളർച്ച ഒഴിവാക്കാൻ തികച്ചും ആവശ്യമാണ്” എന്നു പറഞ്ഞു. നാലിൽ മൂന്നു ഭാഗത്തിന് അവധിക്കാലം തൊഴിൽ നിർവഹണം മെച്ചപ്പെടുത്തുന്നതായും, മൂന്നിൽ രണ്ടു ഭാഗത്തിലേറെ പേർക്ക്, അവധിക്കാലം സർഗാത്മകത മെച്ചപ്പെടുത്തുന്നതായും തോന്നി. കുറേക്കൂടെ വ്യക്തമായി, 64 ശതമാനം സ്ത്രീകളും 41 ശതമാനം പുരുഷന്മാരും, “ക്രമമായ അവധിക്കാലം ലഭിക്കുന്നില്ലെങ്കിൽ എന്റെ സമനില തെറ്റും” എന്ന പ്രസ്താവനയോടു യോജിച്ചു.
യാത്ര, അതിൽതന്നെ ഒരു പ്രബോധനം
17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഡോക്ടറും എഴുത്തുകാരനുമായ തോമസ് ഫുള്ളർ എഴുതി: “ഏറെ യാത്ര ചെയ്യുന്നവന് ഏറെ അറിവുണ്ടായിരിക്കും.” മറ്റു സ്ഥലങ്ങളിലെ ആളുകളുമായി പരിചയത്തിലാകാനും അവരുടെ ആചാരങ്ങളെയും ജീവിതരീതികളെയും കുറിച്ചു പഠിക്കാനും യാത്ര നമ്മെ സഹായിക്കുന്നു. നമ്മുടേതിനെക്കാൾ താണ ജീവിതനിലവാരങ്ങളുള്ള രാജ്യങ്ങളിൽ യാത്രചെയ്യുന്നത്, നമുക്കുള്ളവയ്ക്കുവേണ്ടി കൃതാർഥരാകാൻ നമ്മെ പഠിപ്പിക്കുമെന്നു മാത്രമല്ല, നമുക്കുള്ളത്രയും സൗഭാഗ്യങ്ങളില്ലാത്ത ആളുകളെ കാണുമ്പോൾ നമ്മിൽ സമാനുഭാവം ഉണർത്തുകയും ചെയ്യും.
നാം അനുവദിക്കുന്നപക്ഷം, യാത്ര നമുക്കുള്ള തെറ്റിദ്ധാരണകളെ തിരുത്തുകയും മുൻവിധികളെ ദൂരീകരിക്കുകയും ചെയ്യും. നേരിട്ട് ഒരു പുതിയ ഭാഷ കുറച്ചെങ്കിലും പഠിക്കാൻ, നമ്മുടെ അണ്ണാക്കിനു സ്വാദുപകരുന്ന തരം വിഭവങ്ങൾ രുചിച്ചുനോക്കാൻ, അല്ലെങ്കിൽ ദൈവത്തിന്റെ സൃഷ്ടിസൗന്ദര്യത്തിന്റെ ദൃഷ്ടാന്തങ്ങൾകൊണ്ട് നമ്മുടെ കുടുംബ ആൽബത്തിലെ ഫോട്ടോകൾ, സ്ലൈഡ്ശേഖരം, വീഡിയോ ലൈബ്രറി എന്നിവയുടെ എണ്ണം വർധിപ്പിക്കാൻ ഒക്കെയുള്ള അവസരങ്ങൾ അതു നൽകുന്നു.
തീർച്ചയായും, ഏറ്റവും പ്രയോജനം നേടണമെങ്കിൽ വെറുതെ യാത്ര ചെയ്യുക എന്നതിലുപരിയായി നാം പലതും ചെയ്യണം. സഹസഞ്ചാരികൾക്കൊപ്പം—ഒട്ടുമിക്കവരും സ്വന്തരാജ്യക്കാരായ—ഒരു ഹോട്ടലിൽ ഒതുങ്ങിക്കൂടാനോ ഹോട്ടലിലെ സ്വകാര്യ തടാകത്തിൽ അല്ലെങ്കിൽ ബീച്ചിൽ നീന്താനോ വീട്ടിൽ കഴിക്കാറുള്ള അതേ ഭക്ഷണം കഴിക്കാനോ മാത്രമായി ലോകത്തിന്റെ പകുതിയോളം യാത്രചെയ്യുന്ന ഒരു സഞ്ചാരി അൽപ്പം എന്തെങ്കിലും പഠിച്ചെങ്കിലായി. എത്ര ശോചനീയം! റിപ്പോർട്ടുകളനുസരിച്ച്, യാത്രക്കാരിൽ ഭൂരിഭാഗം പേരും തങ്ങൾ സന്ദർശിക്കുന്ന രാജ്യങ്ങളിലോ അവിടെയുള്ള ആളുകളിലോ ആത്മാർഥമായ താത്പര്യമെടുക്കുന്നതിൽ പരാജയപ്പെടുന്നു.
ഉചിതമായ തയ്യാറെടുപ്പ്
യാത്രചെയ്യുന്ന ഒരാൾ “തിരികെ വരുമ്പോൾ അറിവു കൊണ്ടുവരണമെങ്കിൽ പോകുമ്പോൾ കൂടെ അറിവു കൊണ്ടുപോകണ”മെന്ന് 18-ാം നൂറ്റാണ്ടിലെ ആംഗലേയ ഉപന്യാസകർത്താവും കവിയുമായ സാമുവേൽ ജോൺസൺ പറഞ്ഞു. അതുകൊണ്ട് നിങ്ങൾക്കു യാത്രയ്ക്കായി അവസരം ലഭിക്കുന്നപക്ഷം, അതിനുവേണ്ടി തയ്യാറെടുക്കുക. പോകുന്നതിനുമുമ്പു നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചു വായിച്ചറിയുക. നിങ്ങൾക്കു കാണാനും ചെയ്യാനുള്ളതുമായ കാര്യങ്ങളെക്കുറിച്ച് ആസൂത്രണം ചെയ്യുക. എന്നിട്ട് അതിൻപ്രകാരം തയ്യാറാവുക. ഉദാഹരണത്തിന്, നിങ്ങൾക്കു ബീച്ചിലൂടെ നടക്കണം അല്ലെങ്കിൽ പർവതം കയറണം എന്നിരിക്കട്ടെ. എങ്കിൽ, അതിനുപറ്റിയ ഷൂസോ വസ്ത്രങ്ങളോ കരുതണം.
നിങ്ങളുടെ പട്ടികയിലേക്ക് ആകാവുന്നതിലധികം തിരുകിക്കയറ്റി അങ്ങനെ ദൈനംദിന ജീവിതത്തിന്റെ പിരിമുറുക്കം അവധിക്കാലത്തും കൊണ്ടുനടക്കാൻ ശ്രമിക്കരുത്. അവിചാരിതമായ കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി ആസൂത്രണം ചെയ്യാത്ത ധാരാളം സമയം നീക്കിവെക്കുക. തിരക്കുള്ള പട്ടികയുടെ സമ്മർദമില്ലാതെ, ചിന്തിക്കാനും ധ്യാനിക്കാനുമുള്ള സമയം ലഭിക്കുന്നു എന്നതാണ് അവധിക്കാലം കൊണ്ടുള്ള ഒരു പ്രയോജനം. സമയബന്ധിത ജീവിതത്തിലെ സമ്മർദത്തിൽനിന്നും നിയന്ത്രണങ്ങളിൽനിന്നും വിടുതൽ ലഭിച്ചതായും തോന്നും.
ഏറെ പ്രതിഫലദായകമായ ഒരു അവധിക്കാലത്തിൽ കഠിനാധ്വാനംപോലും ഉൾപ്പെട്ടേക്കാം. പൊതുവേ, വ്യത്യസ്തമായ ഒരു കാര്യം ചെയ്യുന്നതാണു നല്ല അവധിക്കാലത്തിനുള്ള താക്കോൽ. ഉദാഹരണത്തിന്, ഐക്യനാടുകളിൽ വോളണ്ടിയർ വെക്കേഷൻസ് എന്നു വിളിക്കപ്പെടുന്ന ഒരു ലാഭരഹിത സംഘടന, ദേശീയ പാർക്കുകളും വനങ്ങളും സംരക്ഷിച്ചുകൊണ്ട് അവധിക്കാലം ചെലവഴിക്കാൻ തക്കവണ്ണം സന്നദ്ധസേവകരെ ക്രമീകരിക്കുന്നു. താൻ കഠിനമായി വേല ചെയ്തെങ്കിലും അതു വളരെ ആസ്വാദ്യമായിരുന്നതിനാൽ ഒരു വർഷത്തിനുശേഷം ഈ അനുഭവം ആവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ഒരു സന്നദ്ധസേവകൻ പറഞ്ഞു.
യഹോവയുടെ സാക്ഷികൾ പൊതുവേ, ക്രിസ്തീയ കൺവെൻഷനുകളിൽ സംബന്ധിക്കാനോ തങ്ങളുടെ പരസ്യശുശ്രൂഷ വ്യാപിപ്പിക്കാനോ സഞ്ചരിക്കുന്നതിനാണു തങ്ങളുടെ അവധിക്കാലം ഉപയോഗിക്കുന്നത്. അതതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ഹെഡ്ക്വാർട്ടേഴ്സിലോ ബ്രാഞ്ച് ഓഫീസുകളിലോ വേല ചെയ്യുന്നതിനു ചിലർ തങ്ങളുടെ അവധിക്കാലം ഉപയോഗിക്കുന്നു, ആ അനുഭവം അവർ ആസ്വദിക്കുകയും ചെയ്യുന്നു. ഇവരിൽ പലരും പിന്നീട് ആ പദവിയെ വിലമതിച്ചുകൊണ്ടുള്ള കത്തുകൾ എഴുതുന്നു.
അതേ, അവധിക്കാലം ഏറ്റവും ഉല്ലാസപ്രദമായ ഒന്നായേക്കാം, വർഷത്തിലെ ഏറ്റവും നല്ല ആഴ്ചകൾ പോലുമായിരിക്കാം. കുട്ടികൾ അവധിക്കാലത്തിനായി ദിവസങ്ങളെണ്ണിക്കഴിയുന്നതിൽ അതിശയിക്കാനില്ല! എങ്കിലും, നിങ്ങൾ ജാഗ്രത പുലർത്തേണ്ടതായ കാര്യങ്ങളുണ്ട്. പിൻവരുന്ന ലേഖനം അതു വിശദീകരിക്കും.