മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 3 ‘ഏററവും മികച്ചവരാലുള്ള ഗവൺമെൻറ്’ യഥാർത്ഥത്തിൽ ഏററവും മികച്ചതോ?
കുലീനാധിപത്യം: കുലീന വർഗ്ഗത്താലുള്ള, വിശേഷാവകാശങ്ങളുള്ള ഒരു ന്യൂനപക്ഷത്താലുള്ള, അല്ലെങ്കിൽ ഭരിക്കാൻ ഏററവും മെച്ചമായി യോഗ്യരെന്ന് വിചാരിക്കപ്പെടുന്ന ഒരു വിശിഷ്ട വർഗ്ഗത്താലുള്ള ഒരു ഗവൺമെൻറ്; പ്രഭുഗണാധിപത്യം: വ്യക്തികളാലോ കുടുംബങ്ങളാലോ സാധാരണയായി അഴിമതിയുടെയോ സ്വാർത്ഥതയുടെയോ ഉദ്ദേശ്യങ്ങൾക്കായുള്ള ന്യൂനപക്ഷത്താലുള്ള ഗവൺമെൻറ്.
ഏററവും മികച്ച ആളുകൾ അടങ്ങിയതാണെങ്കിൽ അതിന്റെ ഫലം ഏററവും മികച്ച തരത്തിലുള്ള ഒരു ഗവൺമെൻറായിരിക്കും എന്നുള്ളത് യുക്തിയാനുസൃതമാണെന്ന് കാണപ്പെടുന്നു. മികച്ച ആളുകൾ നന്നായി വിദ്യാസമ്പന്നരാണ്, കൂടുതൽ യോഗ്യരാണ്, കൂടുതൽ ഉത്തമരാണ്—ഇങ്ങനെയൊക്കെ പോകുന്നു വാദഗതികൾ—അതുകൊണ്ട് മററുള്ളവരെ നയിക്കുന്നതിന് കൂടുതൽ മെച്ചമായി പ്രാപ്തരായിരിക്കും. ഒരു വിശിഷ്ട വർഗ്ഗത്താൽ നയിക്കപ്പെടുന്ന ഒരു കുലീനാധിപത്യ ഗവൺമെൻറ് വിവിധതരത്തിലുള്ളതായിരിക്കാവുന്നതാണ്; ദൃഷ്ടാന്തത്തിന്, സമ്പന്നരാലുള്ള ഭരണം, ഒരു ധനികാധിപത്യം; വൈദികരാലുള്ള ഭരണം, ഒരു ദിവ്യാധിപത്യം; അല്ലെങ്കിൽ ഉദ്യോഗസ്ഥൻമാരാലുള്ള ഭരണം, ഒരു ഉദ്യോഗസ്ഥാധിപത്യം.
മിക്ക പ്രാകൃത സമൂഹങ്ങളും ഗോത്രമൂപ്പൻമാരുടെയോ മുഖ്യൻമാരുടെയോ ഭരണത്തിൻ കീഴിൽ ആയിരുന്നതിനാൽ കുലീനാധിപത്യങ്ങളായിരുന്നു. ഏതെങ്കിലും ഒരു കാലത്ത് റോമിനും ഇംഗ്ലണ്ടിനും ജപ്പാനും കുലീനാധിപത്യ ഗവൺമെൻറുകൾ ഉണ്ടായിരുന്നിട്ടുണ്ട്. പുരാതന ഗ്രീസിൽ, ഒരു ചെറിയ കൂട്ടം ഭരിച്ചിരുന്ന നഗര സംസ്ഥാനങ്ങളെ അല്ലെങ്കിൽ പോളീസിനെ പരാമർശിക്കാൻ കുലീനാധിപത്യം എന്ന പദം ഉപയോഗിച്ചിരുന്നു. സാധാരണയായി ഏതാനും പ്രമുഖ കുടുംബങ്ങൾ അധികാരം പങ്കിട്ടിരുന്നു. എന്നിരുന്നാലും ചില സംഗതികളിൽ ഒററ കുടുംബാംഗങ്ങൾ നിയമാനുസൃതമല്ലാതെ അധികാരം പിടിച്ചടക്കുകയും കൂടുതൽ നിഷ്ഠുരമായ തരത്തിലുള്ള ഒരു ഭരണം സ്ഥാപിക്കുകയും ചെയ്തു.
മററു ഗ്രീക്കു നഗരസംസ്ഥാനങ്ങൾപോലെ, ഏതൻസും ആരംഭത്തിൽ ഒരു കുലീനാധിപത്യം ആയിരുന്നു. പിന്നീട് സാംസ്കാരിക മാററങ്ങൾ വർഗ്ഗവ്യത്യാസങ്ങളെ ദുർബലപ്പെടുത്തുകയും അതിന്റെ ഐക്യത്തെ ശിഥിലമാക്കുകയും ചെയ്തപ്പോൾ നഗരം ജനാധിപത്യ രൂപം കൈക്കൊണ്ടു. ക്രി.മു. ഒമ്പതാം നൂററാണ്ടിൽ പ്രശസ്തമായി സ്ഥാപിക്കപ്പെട്ട സ്പാർട്ടാ, മറുവശത്ത്, ഒരു സൈനികമായ പ്രഭുഗണാധിപത്യത്താലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. ഈ നഗരം കൂടുതൽ പഴക്കമുള്ള ഏതൻസിനെതിരായി പെട്ടെന്ന് മത്സരിക്കുകയും ഇരു നഗരങ്ങളും തങ്ങളുടെ കാലത്തെ ഗ്രീക്ക് ലോകത്തിൽ മേൽക്കോയ്മക്കുവേണ്ടി പോരാടുകയും ചെയ്തു. അങ്ങനെ ഏതൻസിലെ അനേകരാലുള്ള ഭരണം സ്പാർട്ടായിലെ ന്യൂനപക്ഷത്താലുള്ള ഭരണവുമായി സംഘർഷത്തിലായി. നിസ്സംശയമായും അവരുടെ മത്സരം സങ്കീർണ്ണമായിരുന്നു, അതായത് ഗവൺമെൻറ് സംബന്ധിച്ച വെറുമൊരു വിയോജിപ്പിനേക്കാൾ അധികം ഉൾപ്പെട്ടതു തന്നെ.
വ്യതിചലിക്കപ്പെട്ട ഒരു ശ്രേഷ്ഠ ആദർശം
ഗ്രീക്ക് തത്വചിന്തകരുടെയിടയിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ സാധാരണയായി തത്വചിന്താപരമായ തർക്കങ്ങളുടെ ഒരു വിഷയമായിരുന്നു. പ്ലേറേറായുടെ മുൻവിദ്യാർത്ഥിയായിരുന്ന അരിസ്റേറാട്ടിൽ കുലീനാധിപത്യത്തെയും പ്രഭുഗണാധിപത്യത്തെയും നിർവ്വചിക്കുകയുണ്ടായി. അദ്ദേഹം ശുദ്ധ കുലീനാധിപത്യത്തെ ഗവൺമെൻറിന്റെ ഒരു നല്ല രൂപമായി അവതരിപ്പിച്ചു. അത്, പ്രത്യേക കഴിവുകളും ഉയർന്ന ധാർമ്മികതയും ഉള്ള വ്യക്തികളെ മററുള്ളവരുടെ പ്രയോജനത്തിനായി പൊതുസേവനത്തിന് തങ്ങളേത്തന്നെ വിട്ടുകൊടുക്കാൻ പ്രാപ്തരാക്കുന്ന ഒരു കുലീനാശയമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സ്വാർത്ഥനും അടിച്ചമർത്തുന്നവനും ആയ ഒരു വിശിഷ്ട വ്യക്തിയാൽ ഭരിക്കപ്പെട്ടപ്പോൾ ഒരു ശുദ്ധ കുലീനാധിപത്യം തന്നെ അന്യായമായ പ്രഭുഗണാധിപത്യത്തിലേക്ക് അധഃപതിച്ചു. അത് ഒരു വ്യതിചലിക്കപ്പെട്ട ഗവൺമെൻറു രൂപമാണെന്ന് അദ്ദേഹം പരിഗണിച്ചു.
‘മികച്ച’വരാലുള്ള ഭരണത്തിന് അനുകൂലമായി വാദിക്കുകയിൽ ജനാധിപത്യവുമായി കുലീനാധിപത്യത്തെ സംയോജിപ്പിക്കുന്നത് സാധ്യതയനുസരിച്ച് ആഗ്രഹിക്കപ്പെട്ട ഫലം ഉളവാക്കുമെന്ന് അരിസ്റേറാട്ടിൽ സമ്മതിക്കുകയുണ്ടായി. ചില രാഷ്ട്രീയ ചിന്തകർക്ക് ഇപ്പോഴും ആകർഷകമായ ഒരു ആശയമാണ് അത്. വാസ്തവത്തിൽ പുരാതന റോമാക്കാർ ഈ രണ്ടു ഗവൺമെൻറ് രൂപങ്ങളെയും ഒരളവിൽ വിജയപ്രദമായി സംയോജിപ്പിക്കുകയുണ്ടായി. “രാഷ്ട്രീയം [റോമിലെ] ഓരോരുത്തരുടെയും കാര്യമായിരുന്നു” എന്ന് ദി കൊള്ളിൻസ് അററ്ലസ് ഓഫ് വേൾഡ് ഹസ്റററി പറയുന്നു. എന്നിരുന്നാലും അതേസമയംതന്നെ, “ഏററവും സമ്പന്നരായ പ്രജകളും ഉന്നത കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം സിദ്ധിച്ചവരും ഒരു പ്രഭുഗണാധിപത്യം രൂപപ്പെടുത്തുകയും മജിസ്ട്രേററ്, സൈന്യാധിപൻ, പുരോഹിതൻ എന്നീ ഉദ്യോഗങ്ങൾ തങ്ങളുടെയിടയിൽതന്നെ പങ്കുവെക്കുകയും ചെയ്തു.”
മദ്ധ്യകാലഘട്ടത്തിന്റെ അവസാനഭാഗത്തും ആധുനിക കാലഘട്ടത്തിന്റെ ആദ്യഭാഗത്തുപോലും യൂറോപ്യൻ നഗരകേന്ദ്രങ്ങൾ തങ്ങളുടെ ഗവൺമെൻറുകളിൽ ജനാധിപത്യത്തിന്റെയും കുലീനാധിപത്യത്തിന്റെയും ഘടകങ്ങൾ സംയോജിപ്പിച്ചു. കൊള്ളിയേഴ്സ് എൻസൈക്ലോപ്പീഡിയ പറയുന്നു: “നെപ്പോളിയൻ അവസാനം മറിച്ചിട്ട അങ്ങേയററം യാഥാസ്ഥിതികമായ വെനേഷ്യൻ റിപ്പബ്ലിക്ക് അങ്ങനെയുള്ള ഒരു പ്രഭുഗണാധിപത്യത്തിന്റെ ഉത്തമ ദൃഷ്ടാന്തം പ്രദാനം ചെയ്യുന്നു; എന്നാൽ വിശുദ്ധ റോമാസാമ്രാജ്യത്തിലെ സ്വതന്ത്ര നഗരങ്ങൾ, ഹൻസേററിക് ലീഗിലെ നഗരങ്ങൾ, ഇംഗ്ലണ്ടിന്റെയും പശ്ചിമ യൂറോപ്പിന്റെയും അംഗീകൃത പട്ടണങ്ങൾ എന്നിവ താരതമ്യേന ചെറുതെങ്കിലും അഹംഭാവമുള്ളവരും ഉന്നത സിംസ്കാരമുള്ളവരുമായ പ്രതാപികളാൽ [കുലീനാധിപത്യം] പ്രഭുഗണാധിപത്യപരമായ കർശന നിയന്ത്രണത്തിന്റെ ഇതേ സാധാരണ പ്രവണതകൾ വെളിപ്പെടുത്തുന്നു.”
എല്ലാ ഗവൺമെൻറുകളും, അവയെല്ലാം, ഏററവും മെച്ചമായി യോഗ്യരായവർ അധികാരത്തിലിരിക്കുന്നതിന് നിഷ്കർഷിക്കുന്നതിനാൽ കുലീനാധിപത്യ സ്വഭാവം ഉള്ളതാണെന്ന് കുറെ ന്യായീകരണത്തോടെ തന്നെ വാദിക്കപ്പെട്ടിട്ടുണ്ട്. ഭരണവർഗ്ഗത്തെ സംബന്ധിച്ച സങ്കൽപ്പം തന്നെ ഈ വീക്ഷണത്തെ ശക്തിപ്പെടുത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. ഒരു പ്രമാണ ഗ്രന്ഥം അതുകൊണ്ട് ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഒരു ആശയമെന്ന നിലയിൽ പ്ലേറേറായും അരിസ്റേറാട്ടിലും വാദിച്ചതിനെ വാസ്തവികമായി വിശദീകരിക്കുന്നതിന്, ഭരണവർഗ്ഗം, വിശിഷ്ടവർഗ്ഗം എന്നിവ സമാനാർത്ഥമുള്ള പദങ്ങളായിത്തീർന്നുകൊണ്ടിരിക്കുന്നു.”
‘ഏററവും മികച്ച’തിനായുള്ള അന്വേഷണം
ഈ ഗ്രീക്ക് തത്വജ്ഞാനികൾ പ്രത്യക്ഷപ്പെടുന്നതിന് നൂററാണ്ടുകൾക്കു മുമ്പ് ചൗ രാജകുടുംബത്തിൻ കീഴിൽ ഒരു ഫ്യൂഡൽ സമൂഹം (ജൻമി കുടിയാൻ വ്യവസ്ഥയിൽ അധിഷ്ഠിതമായ) ഒരളവിലുള്ള സ്ഥിരതയും സമാധാനവും പുരാതന ചൈനയിൽ ആനയിച്ചിരുന്നു. എന്നാൽ ക്രി.മു. 722-നുശേഷം ചൂൻ ചിയു കാലഘട്ടം എന്നു വിളിക്കപ്പെട്ടിരുന്ന സമയത്ത് ഫ്യൂഡൽ വ്യവസ്ഥിതി ക്രമേണ ദുർബലമായി. ഈ കാലഘട്ടത്തിന്റെ അന്തിമ ഭാഗത്ത് ഫ്യൂഡൽ കുടുംബങ്ങളിൽ സേവിച്ച മുൻകാല “മാന്യൻമാരും” പഴയ കുലീനൻമാരുടെ പിൻതുടർച്ചക്കാരും ഉൾപ്പെട്ട ഒരു പുതിയ വിശിഷ്ട വർഗ്ഗം ഉരുത്തിരിഞ്ഞു. ഈ പുതിയ വിശിഷ്ടവർഗ്ഗത്തിലെ അംഗങ്ങൾ ഗവൺമെൻറിലെ പ്രമുഖ സ്ഥാനങ്ങൾ കൈയടക്കി. “പ്രാപ്തിയും ധാർമ്മിക വൈശിഷ്ട്യവും ആണ് ജൻമവൈശിഷ്ട്യത്തെക്കാൾ ഒരു മനുഷ്യനെ നേതൃസ്ഥാനത്തിന് യോഗ്യനാക്കുന്നത്” എന്ന് വിഖ്യാതനായ ചൈനീസ് തത്വജ്ഞാനിയായ കൺഫ്യൂഷസ് ഊന്നിപ്പറയുന്നതായി ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ സൂചിപ്പിക്കുന്നു.
എന്നാൽ രണ്ടായിരത്തിൽ അധികം വർഷങ്ങൾക്കുശേഷം യൂറോപ്പിൽ ഭരിക്കുന്നതിന് ഏററവും മെച്ചമായവരെ, വിശിഷ്ടവർഗ്ഗത്തെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ “പ്രാപ്തിക്കും ധാർമ്മിക വൈശിഷ്ട്യത്തിനും” യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. “പതിനെട്ടാം നൂററാണ്ടിലെ കുലീനാധിപത്യ ഇംഗ്ലണ്ടിൽ, വിശിഷ്ട വർഗ്ഗം പ്രാഥമികമായും രക്തബന്ധ പിൻതുടർച്ചയിലോ സമ്പത്തിലോ അടിസ്ഥാനപ്പെട്ടതായിരുന്നു” എന്ന് ഹാർവാർഡ് പ്രൊഫസ്സർ കാൾ ജെ. ഫ്രെഡ്റിക്ക് കുറിക്കൊള്ളുന്നു. “വെനീസിലും ഇതു തന്നെയായിരുന്നു സത്യാവസ്ഥ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “പതിനെട്ടാം നൂററാണ്ടിലെ പ്രഷ്യ പോലുള്ള ചില രാജ്യങ്ങളിൽ വിശിഷ്ടവർഗ്ഗം രക്തബന്ധ പിൻതുടർച്ചയിലോ സൈനിക ശൗര്യത്തിലൊ അടിസ്ഥാനപ്പെട്ടതായിരുന്നു.”
‘മെച്ചപ്പെട്ട ജനങ്ങളുടെ’ നല്ല ഗുണങ്ങൾ തങ്ങളുടെ സന്തതികളിലേക്ക് കൈമാറപ്പെടുന്നു എന്ന ആശയമായിരുന്നു കഴിഞ്ഞ കാലങ്ങളിലെ രാജാക്കൻമാരുടെ വിവാഹാചാരങ്ങൾക്ക് കാരണമായിരുന്നത്. മദ്ധ്യ കാലഘട്ടങ്ങളിൽ ഉടനീളം ജീവശാസ്ത്രപരമായ ശ്രേഷ്ഠത എന്ന ആശയം നിലനിന്നിരുന്നു. ഒരു സാധാരണവ്യക്തിയെ വിവാഹം ചെയ്യുന്നത് ഗോത്രത്തിന്റെ കുലീനതയെ നേർപ്പിക്കുന്നതിന് തുല്യമായിരുന്നതിനാൽ ദിവ്യ നിയമത്തിന്റെ ലംഘനമായിരുന്നു. രാജാക്കൻമാർ, കുലീനജാതരുമായി മാത്രം വിവാഹബന്ധത്തിലേർപ്പെടാൻ കടപ്പാടുള്ളവരായിരുന്നു. ജീവശാസ്ത്രപരമായ ശ്രേഷ്ഠതയുടെ ഈ ആശയം പിന്നീട് കൂടുതൽ ന്യായമായ നീതീകരണത്തിന് വഴിമാറിക്കൊടുത്തു—അതായത്, മെച്ചമായ സാഹചര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും നൈപുണ്യങ്ങൾക്കും നേട്ടങ്ങൾക്കും അടിസ്ഥാനപ്പെട്ട ഒരു ശ്രേഷ്ഠതക്കു തന്നെ.
കുലീനാധിപത്യത്തിന്റെ വിജയത്തെ ഉറപ്പാക്കുന്നതിന് നോബ്ലസ്സേ ഓബൈജ്ള് എന്നറിയപ്പെട്ടിരുന്ന ഒരു തത്വം കൊണ്ടുവരപ്പെട്ടു. അക്ഷരീയമായി “കുലീനത്വം ഉടമ്പടിചെയ്യപ്പെടുന്ന” എന്നർത്ഥം വരുന്ന ഇത് അർത്ഥമാക്കിയത് “ഉന്നത നിരയോടോ ജനനത്തോടോ ബന്ധപ്പെട്ട മഹത്തരവും ഉദാരവും ഉത്തരവാദിത്തവും ഉള്ള സ്വഭാവത്തിനുള്ള കടപ്പാടിനെയാണ്.” തങ്ങളുടെ “ശ്രേഷ്ഠത” നിമിത്തം, കുലീനജാതർ മററുള്ളവരുടെ ആവശ്യങ്ങൾക്കായി ഉത്തരവാദിത്തത്തോടെ സേവചെയ്യാൻ കടപ്പെട്ടിരുന്നു. പുരാതന സ്പാർട്ടായിലെ കുലീനാധിപത്യത്തിൽ, അതിന്റെ യോദ്ധാക്കൾ തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്കതീതമായി മററുള്ളവരുടെ താൽപ്പര്യങ്ങൾ വെക്കാൻ കടപ്പെട്ടിരുന്നു എന്നതിൽ ഈ തത്വം കണ്ടെത്തപ്പെട്ടിരുന്നു. അതുപോലെ ജപ്പാനിൽ യോദ്ധാക്കളുടെ ജാതിയായ സമുറായ്യുടെ സംഗതിയിലും അങ്ങനെ തന്നെയായിരുന്നു.
കുലീനാധിപത്യങ്ങൾക്ക് കുറവുള്ളതായി കണ്ടെത്തപ്പെട്ടു
കുലീനാധിപത്യ ഭരണത്തിന്റെ അപൂർണ്ണത നിഷ്പ്രയാസം വിശദീകരിക്കപ്പെടുന്നു. ആദിമകാല റോമിൽ, പാട്രിഷ്ൻ എന്നറിയപ്പെടുന്ന, ഉന്നതജാതരായ വ്യക്തികൾ മാത്രം റോമൻ സെനററിൽ അംഗത്വത്തിന് അർഹരായിരുന്നു. പ്ലിബീയൻസ് എന്നറിയപ്പെട്ടിരുന്ന സാധാരണ ജനങ്ങൾ അതിന് അർഹരല്ലായിരുന്നു. എന്നാൽ കൺഫ്യൂഷിയസ് ഭരണാധികാരികളിൽ നിന്നും ആവശ്യപ്പെട്ടിട്ടുള്ള “പ്രാപ്തിയും ധാർമ്മിക വൈശിഷ്ട്യവും” ഉള്ള മനുഷ്യരായിരിക്കുന്നതിനു പകരം സെനററിലെ അംഗങ്ങൾ വർദ്ധമാനമായ അഴിമതിക്കാരും മർദ്ദകരും ആയിത്തീർന്നു.
നവീകരണത്തിന്റെ ആവർത്തിച്ച കാലഘട്ടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കുറഞ്ഞ പക്ഷം ക്രി.മു. 44-ൽ തന്റെ ഒളിക്കൊലക്ക് ഏതാനും വർഷം മുമ്പ് ജൂലിയസ് സീസർ ഒരു സ്വേച്ഛാധിപത്യം സ്ഥാപിച്ചതുവരെയും സെനററുപരമായ പ്രഭുഗണാധിപത്യം നിലനിന്നു. അയാളുടെ മരണശേഷം കുലീനാധിപത്യ ഗവൺമെൻറുകൾ വീണ്ടും നിലവിൽ വന്നു, എന്നാൽ ക്രി.മു. 29 ആയപ്പോൾ അത് ഒരിക്കൽ കൂടി മാററി സ്ഥാപിക്കപ്പെട്ടു. കൊള്ളിയേഴ്സ് എൻസൈക്ലോപ്പീഡിയ വിശദീകരിക്കുന്നു: “റോമിന്റെ വർദ്ധിച്ചു വന്ന ശക്തിയോടും ധനത്തോടും ഭൂമിശാസ്ത്രപരമായ വിസ്തൃതിയോടും കൂടെ, കുലീനാധിപത്യം അഴിമതി നിറഞ്ഞ ഒരു പ്രഭുഗണാധിപത്യം ആയിത്തീർന്നു. അതിന്റെ പൗരധർമ്മാത്മാവിന്റെ നഷ്ടം പൊതുജന ആദരവിന്റെ നഷ്ടത്തിൽ പ്രതിഫലിക്കപ്പെട്ടു.”
തുടർന്നു വരുന്ന 1200 വർഷങ്ങളോളമോ മറേറാ, പേരിൽ രാജഭരണമായിരുന്നുവെങ്കിലും കുലീനാധിപത്യ ഗവൺമെൻറുകൾ ആയിരുന്നു യൂറോപ്യൻ രീതി. കാലക്രമത്തിൽ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരിവുമായ ധാരാളം വ്യതിയാനങ്ങൾ ക്രമേണ ഈ വ്യവസ്ഥിതിയെ രൂപാന്തരപ്പെടുത്തി. എന്നാൽ ഈ മുഴുകാലഘട്ടത്തിലും യൂറോപ്യൻ കുലീനാധിപത്യം ശക്തമായിത്തന്നെ തുടർന്നു. അതു അവയുടെ കൈവശഭൂമിയും സൈനിക ഉദ്യോഗങ്ങളുടെമേലുള്ള ദൃഢമായ പിടിയും നിലനിർത്താൻ പ്രാപ്തമായിരുന്നു, അതേ സമയംതന്നെ എന്നത്തേക്കാളുമധികം മററുള്ളവരെ ചൂഷണം ചെയ്യുന്നതും ധാരാളിത്തമുള്ളതും ധാർഷ്ട്യമുള്ളതും ചപലതയുള്ളതുമായിത്തീർന്നുകൊണ്ടുതന്നെ.
ആയിരത്തി എഴുനൂററി എൺപതുകളിൽ കുലീനാധിപത്യത്തിന് മാരകമായ പ്രഹരമേററു. ഫാൻസിലെ ലൂയിസ് പതിനാറാമൻ, താൻതന്നെ സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണെന്ന് കണ്ടെത്തിക്കൊണ്ട്, തങ്ങളുടെ ധനസംബന്ധമായ പദവികളിൽ ചിലതു ഉപേക്ഷിക്കുന്നതിന് ഫ്രഞ്ച് കുലീനാധിപത്യത്തിലെ അംഗങ്ങളോട് അപേക്ഷിച്ചു. എന്നാൽ അയാളെ പിൻതുണക്കുന്നതിനു പകരം രാജഭരണത്തെ തുരങ്കം വെക്കുന്നതിനും തങ്ങളുടെതന്നെ നഷ്ടപ്പെട്ടിരുന്ന ചില അധികാരങ്ങൾ വീണ്ടെടുക്കുന്നതിനും പ്രതീക്ഷിച്ചുകൊണ്ട് അവർ അയാളുടെ പ്രയാസങ്ങളിൽനിന്ന് മുതലെടുത്തു. “കുലീനാധിപത്യത്തിനായി രാജാവിനാലുള്ള ജനങ്ങളുടെ ഗവൺമെൻറിൽ തൃപ്തരാകാതെ അവർ [കുലീനാധിപത്യം] കുലീനാധിപത്യത്തിനായി കുലീനാധിപത്യത്താലുള്ള ജനങ്ങളുടെ ഗവൺമെൻറിനായി പ്രയത്നിച്ചു” എന്ന് കൊളംബിയാ യൂണിവേഴ്സിററിയിലെ ചരിത്ര പ്രൊഫസറായ ഹെർമാൻ ഓസ്യൂബൻ വിശദീകരിക്കുന്നു. ഈ നിലപാട് 1789-ലെ ഫ്രഞ്ച് വിപ്ലവത്തെ ത്വരിതപ്പെടുത്താൻ സഹായിച്ചു.
ഫ്രാൻസിലെ ഈ സംഭവങ്ങൾ അതിന്റെ അതിരുകൾക്ക് വെളിയിൽ വളരെ അകലെപ്പോലും അനുഭവപ്പെടത്തക്കവണ്ണം ഗൗരവമേറിയ മാററങ്ങൾ ആനയിച്ചു. കുലീനാധിപത്യത്തിന് അതിന്റെ പ്രത്യേക പദവികൾ നഷ്ടപ്പെട്ടു, ഫ്യൂഡൽ വ്യവസ്ഥ റദ്ദാക്കപ്പെട്ടു, ഒരു ഭരണഘടനയെന്നവണ്ണം മനുഷ്യന്റെയും പ്രജകളുടെയും അവകാശങ്ങളുടെ പ്രഖ്യാപനം സ്വീകരിക്കപ്പെടുകയും ചെയ്തു. അതുംകൂടാതെ വൈദികരുടെ അധികാരങ്ങൾ ഉത്തരവിനാൽ നിയന്ത്രിക്കപ്പെട്ടു.
അന്തിമമായി ഏററവും ‘മികച്ചത്’ കണ്ടെത്തുന്നു
‘ഏററവും മികച്ചവർ’ എല്ലായ്പ്പോഴും ആ പേരിന് അനുസൃതരായിരിക്കുന്നില്ല എന്നുള്ള സുനിശ്ചിത വസ്തുത ‘ഏററവും മികച്ചവരാലുള്ള ഗവൺമെൻറിന്റെ’ ഒരു പ്രമുഖ വൈകല്യം പ്രകടമാക്കുന്നു, അതായത്, ‘ഏററവും മികച്ചവർ’ യഥാർത്ഥത്തിൽ ആരാണെന്നുള്ളത് തീരുമാനിക്കുന്നതിലുള്ള പ്രയാസംതന്നെ. ഭരിക്കുന്നതിന് ഏററവും മെച്ചമായി യോഗ്യരായിരിക്കുന്നതിനുള്ള വ്യവസ്ഥകളിൽ എത്തുന്നതിന് വെറും ധനമോ കുലീന രക്തമോ സൈനികശൗര്യത്തിന്റെ പ്രാപ്തിയോ ഉണ്ടായിരിക്കുന്നതിനേക്കാൾ കവിഞ്ഞ് ആവശ്യമായിരിക്കുന്നു.
ഏററവും നല്ല ഡോക്ടർമാരോ, പാചകക്കാരോ, ചെരുപ്പുകുത്തികളോ ആരാണെന്ന് തീരുമാനിക്കുകയെന്നത് അത്ര പ്രയാസകരമല്ല. അവരുടെ ഉൽപ്പന്നങ്ങളിൽ നാം അവരുടെ വേല വീക്ഷിക്കുകതന്നെ ചെയ്യുന്നു. “എന്നിരുന്നാലും ഗവൺമെൻറിന്റെ കാര്യത്തിൽ സ്ഥിതി അത്ര എളുപ്പമല്ല” എന്ന് പ്രൊഫസർ ഫ്രഡറിക്ക് കുറിക്കൊള്ളുന്നു. പ്രയാസമുള്ള സംഗതി ഒരു ഗവൺമെൻറ് എന്തായിരിക്കണമെന്നും അത് എന്തുചെയ്യണമെന്നും ഉള്ളതു സംബന്ധിച്ച് ആളുകൾ അഭിപ്രായ വ്യത്യാസമുള്ളവരാണ് എന്നതാണ്. അതുപോലെ ഗവൺമെൻറിന്റെ ലാക്കുകളും തുടർച്ചയായി മാററപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ ഫ്രെഡറിക് പറയുന്നതുപോലെ: “ആരാണ് വിശിഷ്ടവർഗ്ഗം എന്നുള്ളത് തികച്ചും അനിശ്ചിതമായി തുടരുന്നു.”
‘ഏററവും മികച്ചവരാലുള്ള ഗവൺമെൻറ്’ യഥാർത്ഥത്തിൽ ഏററവും മികച്ചതായിരിക്കണമെങ്കിൽ, ഈ വിശിഷ്ട വർഗ്ഗം അമാനുഷ ജ്ഞാനമുള്ളവനും തീരുമാനിക്കുന്നതിൽ തെററുപററാത്തവനുമായ ഒരുവനാൽ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർ വിട്ടുവീഴ്ചയില്ലാത്ത ധാർമ്മിക നിർമ്മലതയുള്ളവരും തങ്ങളുടെ ഗവൺമെൻറിന്റെ സ്ഥിര ലാക്കുകൾക്കായി പൂർണ്ണമായി അർപ്പിതരുമായ വ്യക്തികൾ ആയിരിക്കേണ്ടതുണ്ട്. തങ്ങളുടെ സ്വന്തം ക്ഷേമത്തിനതീതമായി മററുള്ളവരുടേത് വെക്കാനുള്ള അവരുടെ മനസ്സൊരുക്കം സംശയാതീതമായിരക്കേണ്ടതുണ്ട്.
യഹോവയാം ദൈവം അങ്ങനെയള്ള ഒരു ഗണത്തെ—തന്റെ പുത്രനായ യേശുക്രിസ്തുവിനെയും അവന്റെ വിശ്വസ്ഥാനുഗാമികളിൽ ചിലരെയും—തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഒരു ആയിരം വർഷത്തേക്ക് ഭൂമിയെ ഭരിക്കുന്നതിന് അവരെ നിയമിച്ചിട്ടുണ്ടെന്നും ബൈബിൾ സൂചിപ്പിക്കുന്നു. (ലൂക്കോസ് 9:35; 2 തെസ്സലോനിക്യർ 2:13, 14; വെളിപ്പാട് 20:6) തെററുപററാവുന്ന മനുഷ്യരായിരുന്നുകൊണ്ടല്ല, തെററുപററുകയില്ലാത്ത അമർത്ത്യ ആത്മ ജീവികളായിരുന്നുകൊണ്ട് ക്രിസ്തുവും അവന്റെ സഹഭരണാധികാരികളും മനുഷ്യവർഗ്ഗത്തെ പൂർണ്ണതയിലേക്ക് പുനസ്ഥിതീകരിച്ചുകൊണ്ട് നിലനിൽക്കുന്ന സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സന്തുഷ്ടിയുടെയും അനുഗ്രഹം ഭൂമിയിൽ വർഷിക്കും. ഏതെങ്കിലും മാനുഷ ഗവൺമെൻറിന്—‘ഏററവും മികച്ചവരാലുള്ള ഒരു ഗവൺമെൻറി’നുപോലും—അത്തരത്തിലുള്ള ഒന്ന് വാഗ്ദാനം ചെയ്യാൻ കഴിയുമോ? (g90 9/8)
[26-ാം പേജിലെ ചതുരം]
ആധുനികകാല പ്രഭുഗണാധിപത്യം
“പ്രഭുഗണാധിപത്യപ്രവണതകൾ . . . പുരോഗമിച്ച രാഷ്ട്രീയ വ്യവസ്ഥിതികളിലെ എല്ലാ മഹത്തരമായ ഉദ്യോഗസ്ഥാധിപത്യ ചട്ടക്കൂടുകൾക്കുള്ളിലും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ആധുനിക സമൂഹത്തിന്റെയും അതിന്റെ ഗവൺമെൻറിന്റെയും വളർന്നുവരുന്ന സങ്കീർണ്ണത, കാര്യനിർവാഹകരുടെയും കമ്മിററി വിദഗ്ദ്ധരുടെയും കൈകളിലേക്ക് എന്നത്തേതിലുമധികം അധികാരം വിട്ടുകൊടുക്കപ്പെടാൻ ഇടയാക്കുന്നു. ഈ ഉദ്യോഗമേധാവിത്വ തീരുമാനങ്ങളുടെ ഉപജ്ഞാതാക്കളെ കണക്കു ബോധിപ്പിക്കാനിടയാക്കുന്ന ഒരു നിലയിൽ നിർത്തുന്നതിനോ അവരുടെ അധികാരം ഫലകരമായി നിയന്ത്രിക്കുന്നതിനും അതേസമയംതന്നെ നയരൂപീകരണ പ്രക്രിയയിലെ പ്രാപ്തിയെയും യുക്തതയെയും അപകടപ്പെടുത്താത്തവിധത്തിൽ അങ്ങനെ ചെയ്യുന്നതിനുമോ എങ്ങനെ കഴിയുമെന്നുള്ള ചോദ്യത്തിന് ഭരണഘടനാമണ്ഡലത്തിൽപോലും പൂർണ്ണമായും തൃപ്തികരമായ ഉത്തരം കണ്ടെത്തപ്പെട്ടിട്ടില്ല.”—ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക.
[25-ാം പേജിലെ ചിത്രം]
കുലീനാധിപത്യവും ജനാധിപത്യവും സംയോജിപ്പിക്കുന്നത് ഏററവും നല്ല ഗവൺമെൻറിന് രൂപം കൊടുക്കുമെന്ന് അരിസ്റേറാട്ടിൽ വിശ്വസിച്ചു.
[കടപ്പാട്]
National Archaeological Museum, Athens