മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 4 “ജനങ്ങളായ ഞങ്ങൾ”
ജനാധിപത്യം: നേരിട്ടോ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മുഖേനയോപ്രയോഗിക്കപ്പെടുന്ന ജനങ്ങളാലുള്ള ഗവൺമെൻറ്.
“ഐക്യനാടുകളിലെ ജനങ്ങളായ ഞങ്ങൾ . . . ഈ ഭരണഘടന നിശ്ചയിക്കുകയും സ്ഥാപിക്കയും ചെയ്യുന്നു.” ഐക്യനാടുകളുടെ ഭരണഘടനയുടെ ആമുഖത്തിലെ ഈ പ്രാരംഭ വാക്കുകൾ സമുചിതമാണ്, കാരണം സ്ഥാപകപിതാക്കൾ ഐക്യനാടുകൾ ഒരു ജനാധിപത്യം ആയിരിക്കാനാണ് ഉദ്ദേശിച്ചത്. ഗ്രീക്ക് ഉത്ഭവമുള്ള ഒരു പദമെന്ന നിലയിൽ “ജനാധിപത്യം” അർത്ഥമാക്കുന്നത് “ജനങ്ങളുടെ ഭരണം” എന്നാണ്, അല്ലെങ്കിൽ ഐക്യനാടുകളുടെ 16-ാമത്തെ പ്രസിഡൻറായിരുന്ന ഏബ്രഹാം ലിങ്കൺ അതിനെ നിർവ്വചിച്ചതുപോലെയാണ്: “ജനങ്ങൾക്കുവേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഗവൺമെൻറ്.”
ജനാധിപത്യത്തിന്റെ തൊട്ടിൽ എന്ന് സാധാരണ വിളിക്കപ്പെടുന്ന പുരാതന ഗ്രീസ്, അതിന്റെ നഗരസംസ്ഥാനങ്ങളിൽ, ശ്രദ്ധേയമായും ഏതൻസിൽ, പുറകോട്ട് ക്രി.മു. 5-ാം നൂററാണ്ടിൽപോലും ജനാധിപത്യം പുലർന്നിരുന്നു എന്ന് ആത്മപ്രശംസ നടത്തുന്നു. എന്നാൽ അപ്പോഴത്തെ ജനാധിപത്യം ഇന്നായിരിക്കുന്നതല്ലായിരുന്നു. ഒരു സംഗതി, ഭരണപ്രക്രിയയിൽ ഗ്രീക്കുപ്രജകൾ കൂടുതലായി നേരിട്ട് ഉൾപ്പെട്ടിരുന്നു എന്നതാണ്. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് വർഷത്തിലുടനീളം കൂടിയിരുന്ന ഒരു സമ്മേളനത്തിലെ അംഗമായിരുന്നു ഓരോ പുരുഷപ്രജയും. ഒരു ലളിതമായ ഭൂരിപക്ഷവോട്ടിനാൽ നഗരസംസ്ഥാനത്തിന്റെ അല്ലെങ്കിൽ പോളിസിന്റെ രാഷ്ട്രീയം ഈ സമ്മേളനം നിർണ്ണയിച്ചിരുന്നു.
എന്നിരുന്നാലും രാഷ്ട്രീയ അവകാശങ്ങൾ ആസ്വദിക്കുന്നതിൽനിന്ന് സ്ത്രീകളും അടിമകളും പരദേശികളായ നിവാസികളും ഒഴിവാക്കപ്പെട്ടിരുന്നു. അങ്ങനെ ഏതൻസിലെ ജനാധിപത്യം പ്രത്യേക അവകാശങ്ങളുള്ള ചുരുക്കം ചിലർക്കുവേണ്ടി മാത്രമുള്ള കുലീനാധിപത്യരൂപത്തിലുള്ള ജനാധിപത്യമായിരുന്നു. ജനസംഖ്യയുടെ പകുതി മുതൽ അഞ്ചിൽനാലുവരെയുള്ള ഭാഗത്തിന് രാഷ്ട്രീയ കാര്യങ്ങളിൽ യാതൊരു സ്വാധീനവും മിക്കവാറും ഉണ്ടായിരുന്നില്ല.
എങ്കിൽതന്നെയും, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം വോട്ടുചെയ്യുന്ന പ്രജകൾക്ക് അനുവദിക്കപ്പെട്ടിരുന്നതിനാൽ ഈ ക്രമീകരണം സംസാരസ്വാതന്ത്ര്യത്തെ പുരോഗമിപ്പിക്കുകതന്നെ ചെയ്തു. രാഷ്ട്രീയ ഉദ്ദ്യോഗസ്ഥാനങ്ങൾ ഓരോ പുരുഷപ്രജക്കുമായി തുറന്നിടപ്പെട്ടിരുന്നു, ഒരു വിശിഷ്ട ന്യൂനപക്ഷത്തിനായി നിയന്ത്രിക്കപ്പെട്ടിരുന്നില്ല. വ്യക്തികളുടെയോ സംഘങ്ങളുടെയോ പക്ഷത്തെ രാഷ്ട്രീയാധികാരത്തിന്റെ ദുർവിനിയോഗം തടയുന്നതിനായി ഒരു നിയന്ത്രണ വ്യവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നു.
“ഏതൻസുകാർ തന്നെ തങ്ങളുടെ ജനാധിപത്യത്തിൽ അഭിമാനംകൊണ്ടിരുന്നു” എന്ന് ചരിത്രകാരനായ ഡി. ബി. ഹീററർ പറയുന്നു. “മുഴുവനായതും പൂർണ്ണമായതുമായ ജീവിതത്തിന് രാജഭരണത്തേക്കാളോ കുലീനാധിപത്യത്തെക്കാളോ കുറേക്കൂടി അടുത്ത പടിയായിരുന്നു അത് എന്ന് അവർ വിശ്വസിച്ചിരുന്നു.” ജനാധിപത്യം പ്രത്യക്ഷത്തിൽ ഒരു അത്യുത്തമ ആരംഭത്തിന് വളരെ അകലെയായിരുന്നു.
ജനാധിപത്യം അതിന്റെ തൊട്ടിലിൽനിന്ന് അതിരുകൾ കടന്ന് വളർന്നിരിക്കുന്നു
ന്യൂ ഇംഗ്ലണ്ട്, യു.എസ്.എ., പട്ടണയോഗങ്ങളിൽ ഒരു ചെറിയ തോതിലും സ്വിററ്സർലണ്ടിൽ ചിലഭാഗങ്ങളിൽ ഒരു പരിമിതമായ അളവിലും പ്രചാരത്തിലിരിക്കുന്നത് ഒഴിവാക്കിയാൽ നേരിട്ടുള്ളതോ ശുദ്ധമോ ആയ ജനാധിപത്യം ഇന്ന് ആസ്തിക്യത്തിൽ തുടരുന്നില്ല. ആധുനിക രാജ്യങ്ങളുടെ മൊത്തത്തിലുള്ള വലിപ്പവും അവയുടെ ദശലക്ഷക്കണക്കിനുള്ള പ്രജകളെയും പരിഗണിക്കുമ്പോൾ ഈ വിധത്തിൽ ഭരിക്കുന്നത് സാങ്കേതികമായി അസാദ്ധ്യമായിരിക്കും. അതുംകൂടാതെ, മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് തങ്ങളേത്തന്നെ അർപ്പിക്കാൻ ഈ തിരക്കുപിടിച്ച ലോകത്തിൽ എത്രമാത്രം പ്രജകൾക്ക് ആവശ്യമായ സമയമുണ്ട്?
ജനാധിപത്യം ഏറെക്കുറെ വിവാദാത്മകമായി മുതിർന്ന ഒരാളായി വളർന്നിരിക്കുന്നു—വിവിധ മുഖങ്ങളോടുകൂടിയ ഒരാൾതന്നെ. റൈറം മാസിക വിശദീകരിക്കുന്നതുപോലെ: “ലോകത്തെ ഖണ്ഡിതമായ ജനാധിപത്യചേരിയെന്നും ജനാധിപത്യേതരചേരിയെന്നും വിഭജിക്കയെന്നത് അസാദ്ധ്യമാണ്. സ്വേച്ഛാധിപത്യങ്ങൾക്ക് ഉള്ളിൽതന്നെ അടിച്ചമർത്തലിന്റെ വിവിധ മാനങ്ങൾ ഉണ്ട് എന്നതുപോലെതന്നെ ജനാധിപത്യങ്ങൾ എന്നു വിളിക്കപ്പെടുന്നവയിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ബഹുഭാവത്തിന്റെയും മാനുഷിക അവകാശങ്ങളുടെയും വിഭിന്നശ്രേണി ഉണ്ട്.” എന്നിരുന്നാലും ജനാധിപത്യ ഗവൺമെൻറുകളിൻകീഴിൽ, വ്യക്തിപരമായ സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, നിയമാധിഷ്ഠിത നീതി ഇങ്ങനെയുള്ള ചില പ്രത്യേക അടിസ്ഥാന കാര്യങ്ങൾ കണ്ടെത്താൻ മിക്ക ആളുകളും പ്രതീക്ഷിക്കുന്നു.
ഇന്നലത്തെ നേരിട്ടുള്ള ജനാധിപത്യം ഇന്നത്തെ പ്രാതിനിധ്യജനാധിപത്യം ആയിത്തീർന്നിരിക്കുന്നു. നിയമനിർമ്മാണ സഭകൾ ഏക മണ്ഡലമുള്ളതാണെങ്കിലും രണ്ടു മണ്ഡലങ്ങളുള്ളതാണെങ്കിലും തങ്ങളെ പ്രതിനിധീകരിക്കുന്നതിനും തങ്ങളുടെ പ്രയോജനങ്ങൾ വിഭാവനചെയ്തുകൊണ്ട് നിയമങ്ങൾ നിർമ്മിക്കുന്നതിനുമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന—അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന—വ്യക്തികൾ അടങ്ങിയതാണ്.
പ്രാതിനിധ്യജനാധിപത്യത്തിലേക്കുള്ള ഈ പ്രവണത ആരംഭിച്ചതു മദ്ധ്യയുഗങ്ങളിൽ (ക്രി.വ. 5 മുതൽ 15 വരെയുള്ള നൂററാണ്ടുകൾ) ആണ്. 17ഉം 18ഉം നൂററാണ്ടുകളായപ്പോൾ, 13-ാം നൂററാണ്ടിന്റെ ചട്ടവട്ടങ്ങളായ മാഗ്നാക്കാർട്ടയും ഇംഗ്ലണ്ടിലെ പാർലമെൻറും അതോടൊപ്പം മമനുഷ്യന്റെ സമത്വം, സ്വാഭാവികാവകാശങ്ങൾ, ജനങ്ങളുടെ പരമാധികാരം മുതലായ രാഷ്ട്രീയ തത്വസംഹിതകളും ഉൽകൃഷ്ഠഭാവം കൈവരിക്കാൻ തുടങ്ങി.
പതിനെട്ടാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിൽ “ജനാധിപത്യം” എന്ന പദപ്രയോഗം സാധാരണ ഉപയോഗത്തിലേക്കു വന്നു, അത് അൽപം സന്ദേഹത്തോടുകൂടിയാണ് വീക്ഷിക്കപ്പെട്ടതെങ്കിൽതന്നെയും. ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “1787-ൽ ഐക്യനാടുകളുടെ ഭരണഘടനയുടെ ഉപജ്ഞാതാക്കൾപോലും രാഷ്ട്രീയ പ്രക്രിയയിൽ ഒരു വലിയ അളവിൽ ജനങ്ങളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് അസ്വസ്ഥരായിരുന്നു. അവരിൽ ഒരാളായിരുന്ന എൽബ്രിഡ്ജ് ജറി, ജനാധിപത്യത്തെ ‘സകല രാഷ്ട്രീയ ദ്രോഹങ്ങളിലും വെച്ച് ഏററവും മോശമായത്’ എന്ന് വിളിച്ചു.” അങ്ങനെയാണെങ്കിൽ തന്നെയും ഇംഗ്ലീഷുകാരനായ ജോൺ ലോക്കേയെപ്പോലുള്ളവർ, സ്വാഭാവികാവകാശങ്ങൾ പരമപവിത്രമായിരിക്കുന്ന ജനങ്ങളുടെ അനുമതിയിലാണ് ഗവൺമെൻറ് നിലകൊള്ളുന്നതെന്ന് വാദിക്കുന്നതിൽ തുടർന്നു.
റിപ്പബ്ലിക്കുകൾ
മിക്ക ജനാധിപത്യങ്ങളും റിപ്പബ്ലിക്കുകൾ ആണ്, അതിന്റെ അർത്ഥം ഒരു രാജാവല്ലാതെ, ഒരു രാഷ്ട്രതലവൻ, ഇപ്പോൾ സാധാരണയായി ഒരു പ്രസിഡൻറ്, ഉള്ള ഗവൺമെൻറ് എന്നാണ്. ലോകത്തിലെ ആദിമ റിപ്പബ്ലിക്കുകളിൽ ഒന്ന് പുരാതന റോം ആയിരുന്നു, അതിന്റെ ജനാധിപത്യം പരിമിതമായിരുന്നു എന്ന് അംഗീകരിക്കുമ്പോൾതന്നെ. എന്നിരുന്നാലും, രാജഭരണത്തിനും റോമൻസാമ്രാജ്യത്തിനും വഴിമാറിക്കൊടുക്കുന്നതിനു മുമ്പ് 400 വർഷങ്ങളിലധികം ഈ ഭാഗിക ജനാധിപത്യ റിപ്പബ്ലിക്ക് നിലനിന്നു.
റിപ്പബ്ലിക്കുകൾ ഇന്നത്തെ ഏററവും സാധാരണ തരത്തിലുള്ള ഗവൺമെൻറുകൾ ആണ്. 1989ലെ ഒരു ആധികാരിക രേഖയിൽ പട്ടികപ്പെടുത്തപ്പെട്ട 219 ഗവൺമെൻറുകളുടെയും അന്തർദ്ദേശീയ സംഘടനകളുടെയും ലിസ്ററിൽ 127 എണ്ണം, അവയെല്ലാംതന്നെ പ്രാതിനിധ്യജനാധിപത്യങ്ങൾ അല്ലെങ്കിലും, റിപ്പബ്ലിക്കുകളായി പട്ടികപ്പെടുത്തിയിരുന്നു. യഥാർത്ഥത്തിൽ റിപ്പബ്ലിക്കുകളിലെ ഗവൺമെൻറ് രൂപങ്ങളുടെ ശ്രേണി വിപുലമാണ്.
ചില റിപ്പബ്ലിക്കുകൾ ഏകഭരണപദ്ധതികൾ ഉള്ളവയാണ്, അതായത് ഒരു ശക്തമായ കേന്ദ്രഗവൺമെൻറിനാൽ നിയന്ത്രിക്കപ്പെടുന്നവ തന്നെ. മററുള്ളവ ഫെഡറൽ ഭരണരീതിയിലാണ്, അതിന്റെയർത്ഥം രണ്ടുതട്ടിലുള്ള ഗവൺമെൻറുകൾ തമ്മിൽ നിയന്ത്രണ വിഭജനം സ്ഥിതിചെയ്യുന്നു എന്നതുതന്നെ. പേരു സൂചിപ്പിക്കുന്നതുപോലെ, അമേരിക്കൻ ഐക്യനാടുകൾക്ക് ഫെഡറലിസം എന്നറിയപ്പെടുന്ന ഈ രണ്ടാമത്തെ തരത്തിലുള്ള വ്യവസ്ഥയാണുള്ളത്. ദേശീയ ഗവൺമെൻറ് രാഷ്ട്രത്തിന്റെ മൊത്തത്തിലുള്ള താത്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ സംസ്ഥാന ഗവൺമെൻറുകൾ പ്രാദേശിക ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ വിശാലമായ സാങ്കേതികപദങ്ങൾക്കുള്ളിൽ തീർച്ചയായും അനേകം വൈവിദ്ധ്യങ്ങൾ ഉണ്ട്.
ചില റിപ്പബ്ലിക്കുകൾ സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ നടത്തുന്നു. അവയുടെ പ്രജകൾക്ക് തിരഞ്ഞെടുക്കുന്നതിന് ഒന്നിലധികം രാഷ്ട്രീയപാർട്ടികളെയോ സ്ഥാനാർത്ഥികളെയോ നൽകുകയും ചെയ്തേക്കാം. മററു റിപ്പബ്ലിക്കുകൾ സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ അനാവശ്യമാണെന്ന് പരിഗണിക്കുന്നു, ഉൽപാദനമുഖാന്തരങ്ങളുടെ കൂട്ടായ ഉടമസ്ഥത പുരോഗമിപ്പിക്കുന്നതുപോലുള്ള മുഖാന്തരങ്ങളാൽ ജനങ്ങളുടെ ജനാധിപത്യ ഇഷ്ടം നടപ്പിലാക്കാൻ കഴിയുമെന്ന് വാദിച്ചുകൊണ്ടുതന്നെ. ഇതിനൊരു മുൻ ദൃഷ്ടാന്തമായി ഗ്രീസ് സേവിക്കുന്നു, കാരണം അവിടെയും സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ അജ്ഞാതമായിരുന്നു. ഭരണകർത്താക്കൾ കുറിയിട്ട് തിരഞ്ഞെടുക്കപ്പെടുകയും ഒന്നോ രണ്ടോ ഏകവർഷ കാലഘട്ടത്തിലേക്ക് സേവിക്കാൻ സാധാരണയായി അനുവദിക്കപ്പെടുകയും ചെയ്തിരുന്നു. അരിസ്റേറാട്ടിൽ തിരഞ്ഞെടുപ്പിന് എതിരായിരുന്നു, “ഏററവും മികച്ച ആളുകളെ” തിരഞ്ഞെടുക്കുന്നതിലുള്ള കുലീനഘടകം അവ പ്രവർത്തനത്തിൽ വരുത്തി എന്നു പറഞ്ഞുകൊണ്ടുതന്നെ. എന്നിരുന്നാലും ഒരു ജനാധിപത്യം സകല ആളുകളുടെയും ഒരു ഗവൺമെൻറ് ആയിരിക്കാനാണ് “ഏററവും മികച്ചവരു”ടേത് മാത്രമായിരിക്കാനല്ല ഉദ്ദേശിക്കപ്പെട്ടിരുന്നത്.
താരതമ്യത്തിൽമാത്രം ഏററവും നല്ലതോ?
പുരാതന ഏതൻസിൽപോലും ജനാധിപത്യഭരണം തർക്കവിഷയം ആയിരുന്നു. പ്ലേറേറാ സംശയദൃക്ക് ആയിരുന്നു. കഴിവുള്ള പാർട്ടിപ്രസംഗകരുടെ വികാരപരമായ വാക്കുകളാൽ എളുപ്പത്തിൽ ഇളക്കപ്പെടുന്ന അജ്ഞരായ വ്യക്തികളുടെ കൈകളിൽ വിടപ്പെടുന്നതിനാൽ ജനാധിപത്യ ഭരണം ദുർബലമാണെന്ന് പരിഗണിക്കപ്പെട്ടിരുന്നു. ആൾക്കൂട്ടത്തിന്റെ ഭരണത്തേക്കാൾ കൂടുതലായതൊന്നും അല്ലായിരുന്നു ജനാധിപത്യം എന്ന് സോക്രട്ടീസ് സൂചിപ്പിക്കുകയുണ്ടായി. പുരാതന ഗ്രീക്ക് തത്വജ്ഞാനികളുടെ പ്രമുഖ ത്രയത്തിലെ മൂന്നാമനായ അരിസ്റേറാട്ടിൽ ഇങ്ങനെ വാദിച്ചതായി, അതായത് “ഒരു ജനാധിപത്യം എത്രയധികം ജനാധിപത്യപരമായിത്തീരുന്നുവോ അത്രയധികം ആൾക്കൂട്ടത്താൽ ഭരിക്കപ്പെടുന്നതായിരിക്കാൻ പ്രവണത കാട്ടുന്നു, . . . നിഷ്ഠുരതയിലേക്ക് അധഃപതിക്കുന്നു” എന്ന് എ ഹിസ്റററി ഓഫ് പൊളിററിക്കൽ തിയറി എന്ന പുസ്തകം പറയുന്നു.
മററ് അഭിപ്രായങ്ങളും ഇതേ ഉൽക്കണ്ഠ പ്രകടമാക്കിയിട്ടുണ്ട്. ഇൻഡ്യയുടെ മുൻപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹൃ ജനാധിപത്യത്തെ നല്ലത് എന്നു വിളിക്കുകയും അനന്തരം ഈ വിശേഷണ പദങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു: “ഞാൻ ഇതു പറയാൻ കാരണം മററു സിദ്ധാന്തസംഹിതകളെല്ലാം അങ്ങേയററം മോശമായതുകൊണ്ടാണ്.” അതുപോലെ, ഇംഗ്ലീഷ് വൈദികനും എഴുത്തുകാരനുമായ വില്ല്യം റാൾഫ് ഇൻഗേ ഒരിക്കൽ എഴുതി: “ജനാധിപത്യം യുക്തിയുക്തമായും സുരക്ഷിതമാക്കപ്പെടേണ്ട ഗവൺമെൻറിന്റെ ഒരു രൂപമാണ്, എന്നാൽ അത് നല്ലതായിരിക്കുന്നതുകൊണ്ടല്ല, മറിച്ച് മറേറതിനേക്കാളും കുറഞ്ഞയളവിൽ മോശമായിരിക്കുന്നതുകൊണ്ടാണ്.”
ജനാധിപത്യത്തിന് നിരവധി ബലഹീനതകൾ ഉണ്ട്. ഒന്നാമതായി, അതു വിജയിക്കുന്നതിന് വ്യക്തികൾ തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്കതീതമായി ഭൂരിപക്ഷത്തിന്റെ ക്ഷേമത്തെ വെക്കാൻ മനസ്സൊരുക്കം ഉള്ളവരായിരിക്കേണ്ടതുണ്ട്. വ്യക്തിപരമായി യോജിക്കാൻ കഴിയാത്തതാണെങ്കിലും മൊത്തത്തിൽ രാഷ്ട്രത്തിന്റെ നൻമക്കാവശ്യമായ നികുതി നടപടികളെയോ മററു നിയമങ്ങളെയോ പിന്തുണക്കുന്നത് അത് അർത്ഥമാക്കിയേക്കാം. അങ്ങനെയുള്ള നിസ്വാർത്ഥ താൽപര്യം ജനാധിപത്യ “ക്രിസ്തീയ” രാഷ്ട്രങ്ങളിൽപോലും കണ്ടെത്തുക പ്രയാസമാണ്.
മറെറാരു ബലഹീനത പ്ലേറേറാ വെളിപ്പെടുത്തിയിരുന്നു. എ ഹിസ്റററി ഓഫ് പൊളിററിക്കൽ തിയറി പറയുന്നതനുസരിച്ച് അദ്ദേഹം “ജനാധിപത്യത്തിന്റെ പ്രത്യേക ശാപമായിരിക്കുന്ന, രാഷ്ട്രീയക്കാരുടെ അജ്ഞതയെയും ശേഷിയില്ലായ്മയെയും” വിമർശിച്ചു. തൊഴിൽപരമായി രാഷ്ട്രീയക്കാരായിരിക്കുന്നവരിൽ അനേകരും ഗവൺമെൻറിൽ സേവിക്കുന്നതിന് യോഗ്യതയും നൈപുണ്യവും ഉള്ള വ്യക്തികളെ കണ്ടെത്തുന്നത് പ്രയാസമാണെന്നുള്ള ഖേദചിന്ത പ്രകടമാക്കുന്നു. അധികാരസ്ഥാനത്തുള്ള തിരഞ്ഞെടുക്കപ്പെട്ടവർപോലും വെറും രാഷ്ട്രീയകുതുകികളായിരിക്കുന്നവരേക്കാൾ നിസ്സാരൻമാരായിരുന്നേക്കാം. അതുപോലെ ടെലിവിഷന്റെ ഈ യുഗത്തിൽ ഒരു സ്ഥാനാർത്ഥിയുടെ ഭരണപരമായ കഴിവുകൾക്ക് ഒരിക്കലും നേടാൻ കഴിയുകയില്ലാത്തത്ര വോട്ടുകൾ അയാളുടെ ആകർഷണീയതക്കോ സൗന്ദര്യത്തിനോ നേടാൻ കഴിയും.
ജനാധിപത്യത്തിന്റെ മറെറാരു സുനിശ്ചിതമായ ന്യൂനത അവ സാവധാനം ചരിക്കുന്നതാണ് എന്നതാണ്. ഒരു സ്വേച്ഛാധിപതി സംസാരിക്കുന്നു, കാര്യങ്ങൾ നടത്തപ്പെടുന്നു! ജനാധിപത്യത്തിൽ അവസാനമില്ലാത്ത വാദപ്രതിവാദങ്ങളാൽ പുരോഗതി സാവധാനത്തിലാക്കപ്പെട്ടേക്കാം. തീർച്ചയായും തർക്കവിഷയമായ പ്രശ്നങ്ങൾ കൂലങ്കഷമായി ചർച്ച ചെയ്യുന്നതിൽ സുനിശ്ചിതമായ പ്രയോജനങ്ങൾ ഉണ്ടായിരിക്കാവുന്നതാണ്. എന്നിരുന്നാലും ബ്രിട്ടന്റെ മുൻപ്രധാനമന്ത്രിയായിരുന്ന ക്ലമൻറ് ആററ്ലി ഒരിക്കൽ നിരീക്ഷിച്ചതുപോലെ: “ജനാധിപത്യം അർത്ഥമാക്കുന്നത് ചർച്ചയാലുള്ള ഗവൺമെൻറ് എന്നാണെങ്കിലും ജനങ്ങളുടെ സംസാരം നിങ്ങൾക്ക് നിർത്താൻ കഴിഞ്ഞെങ്കിൽ മാത്രമെ അത് ഫലകരമായിരിക്കയുള്ളു.”
സംസാരം നിർത്തിച്ചതിനുശേഷംപോലും എടുക്കപ്പെട്ട തീരുമാനം എത്രത്തോളം “ജനങ്ങൾ” ആഗ്രഹിക്കുന്നതിനെ സത്യത്തിൽ പ്രതിനിധീകരിക്കുന്നു എന്നത് തർക്കവിഷയമായിരിക്കും. പ്രതിനിധികൾ തങ്ങളുടെ സമ്മതിദായകരിൽ ഭൂരിപക്ഷത്തിന്റെ ബോധ്യത്തിന് അനുസൃതമായാണോ അതോ കൂടുതൽ സാധാരണയായി തങ്ങളുടെ സ്വന്തബോധ്യത്തിന് അനുസൃതമായാണോ തീരുമാനിക്കുന്നത്? അതോ, അവർ തങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക നയം വെറുതെ പിന്തുടരുക മാത്രമാണോ ചെയ്യുന്നത്?
അഴിമതി തടയുന്നതിന് പരിശോധനക്കും നിയന്ത്രണത്തിനുമുള്ള വ്യവസ്ഥയുണ്ടായിരിക്കുന്നതിനുള്ള ജനാധിപത്യപരമായ തത്വം ഒരു നല്ല ആശയമാണെന്ന് പരിഗണിക്കുന്നുവെന്നുവരികിലും അതു അപൂർവമായേ ഫലകരമാകാറുള്ളു. 1989ൽ റൈറം മാസിക ഒരു പ്രമുഖ ജനാധിപത്യ ഗവൺമെൻറിനെ “ഒരു വീർത്ത, കാര്യപ്രാപ്തിയില്ലാത്ത, നിസ്സഹായനായ രാക്ഷസൻ” എന്നു വിളിച്ചുകൊണ്ട് “എല്ലാ തലങ്ങളിലുമുള്ള ഗവൺമെൻറുപരമായ ജീർണ്ണതയെ”ക്കുറിച്ചു പറഞ്ഞു. മറെറാരു ഗവൺമെൻറിന്റെ ധൂർത്തിനെക്കുറിച്ച് അന്വേഷിക്കുന്നതിന് 1980കളുടെ മദ്ധ്യത്തിൽ നിയമിതമായ ഒരു ടാസ്ക് ഫോഴ്സിന്റെ അദ്ധ്യക്ഷൻ ഇങ്ങനെ പരിതപിക്കാൻ പ്രേരിതനായി: “ഗവൺമെൻറ് ഭയാനകമായി മുമ്പോട്ടുപോകുന്നു.”
ഇവയും മററനേകവും കാരണങ്ങൾകൊണ്ട് ജനാധിപത്യത്തെ ഉത്തമ ഗവൺമെൻറ് എന്ന് വിളിക്കാൻ കഴിയുകയില്ല. 17-ാം നൂററാണ്ടിലെ ഇംഗ്ലീഷ് കവിയായിരുന്ന ജോൺ ഡ്രൈഡൻ സൂചിപ്പിക്കുന്നതുപോലെ, “ന്യൂനപക്ഷത്തിന് തെററുപററുന്നതുപോലെതന്നെ ഭൂരിപക്ഷത്തിനും തെററുപററുന്നു” എന്നതാണ് സുനിശ്ചിതമായ സത്യം. അമേരിക്കൻ എഴുത്തുകാരനായ ഹെൻറി മില്ലർ ഇങ്ങനെ പരിഹസിച്ചുപറഞ്ഞപ്പോൾ അദ്ദേഹം പരുഷമായി പറയുകയായിരുന്നുവെന്നുവരികിലും അതിൽ കാര്യമുണ്ടായിരുന്നു: “അന്ധൻ അന്ധനെ നയിക്കുന്നു. അതാണ് ജനാധിപത്യമാർഗ്ഗം.”
അതിന്റെ ശവക്കുഴിയിലേക്കോ?
മുമ്പെന്നത്തേക്കാളുമധികം ഈ നൂററാണ്ടിൽ ജനാധിപത്യ ഭരണം അധികമായ അംഗീകാരം നേടിയിട്ടുണ്ട്. പൗരസ്ത്യ യൂറോപ്പിലെ അടുത്തകാലത്തെ രാഷ്ട്രീയ മുന്നേററം ഇതു തെളിയിക്കുന്നു. എന്നിരുന്നാലും “ലോകത്തിൽ സ്വതന്ത്രജനാധിപത്യം ഇന്ന് ഗുരുതരമായ കുഴപ്പത്തിലാണ്” എന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് പത്രപ്രവർത്തകനായ ജയിംസ് റസ്ററൻ എഴുതി. “സ്വതന്ത്ര ജനാധിപത്യം ഇന്ന് ശ്രേഷ്ഠമായ ഒരു ആദർശമല്ല” എന്നും “ജനാധിപത്യങ്ങൾ അപ്രത്യക്ഷമാവുന്നതായി കാണപ്പെടുന്നു” എന്നും ഡാനിയേൽ മൊയ്നിഹാൻ മുന്നറിയിപ്പുനൽകുകയുണ്ടായി. ജനാധിപത്യഗവൺമെൻറിന് അനിശ്ചിതമായി നിലനിൽക്കാൻ കഴിയുകയില്ല, കാരണം “അത് എല്ലായ്പ്പോഴും അതിന്റെ അഴിഞ്ഞ സാമ്പത്തികനയം മൂലം തകർന്നുകൊണ്ടിരിക്കുന്നു” എന്ന് ബ്രിട്ടിഷ് ചരിത്രകാരനായ അലക്സാണ്ടർ ടൈലർ പറയുകയുണ്ടായി. തീർച്ചയായും അദ്ദേഹത്തിന്റെ വീക്ഷണം തർക്കവിഷയമാണ്.
എങ്ങനെയായാലും മനുഷ്യൻ ദൈവത്തിന്റെ മാർഗ്ഗത്തിലായിരിക്കാതെ കാര്യങ്ങൾ തങ്ങളുടെ തന്നെ വഴിയിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഏദനിൽ ആരംഭമിട്ട പ്രവണതയുടെ പ്രത്യക്ഷമായ ഒരു തുടർച്ചയാണ് ജനാധിപത്യം. മാനുഷഭരണത്തിൽ ആത്യന്തികമാണ് ഇത്. കാരണം കുറഞ്ഞപക്ഷം താത്വികമായി അതു അതിന്റെ ഭരണപ്രക്രിയയിൽ ഓരോരുത്തരെയും ആശ്ലേഷിക്കുന്നു. എന്നാൽ ലത്തീൻ പഴംചൊല്ലായ വോക്സ് പോപുലി, വോക്സ് ഡെയ്, “ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്” എന്നതു അസത്യമാണ്. അങ്ങനെ, ജനാധിപത്യ മാനുഷഭരണത്തെ പിന്തുണക്കുന്നവർ അതിന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം പങ്കുവെക്കാൻ മനസ്സൊരുക്കം ഉള്ളവരായിരിക്കണം.—1 തിമൊഥെയോസ് 5:22 താരതമ്യം ചെയ്യുക.
ആയിരത്തിതൊള്ളായിരത്തി പതിനാലു മുതൽ ഈ യാഥാർത്ഥ്യം വർദ്ധിച്ച ഗൗരവത്തോടെ കണക്കിലെടുക്കപ്പെട്ടിട്ടുണ്ട്. ആ നിർണ്ണായക വർഷത്തിൽ ഒരു അതുല്യമായ വിധത്തിൽ ദിവ്യഭരണം പ്രവർത്തിക്കാൻ തുടങ്ങി. ദൈവത്തിന്റെ മശിഹൈക രാജ്യം ലോകപ്രശ്നങ്ങളുടെ പൂർണ്ണ നിയന്ത്രണം ഏറെറടുക്കുന്നതിനുള്ള സ്ഥിരസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നു. എല്ലാത്തരത്തിലുള്ള മാനുഷഭരണങ്ങളും—ജനാധിപത്യ രൂപങ്ങൾ ഉൾപ്പടെ—തലാസുകളിൽ തൂക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാം അവയെ വ്യക്തിപരമായി ശുപാർശ ചെയ്യുന്ന അളവിനനുസൃതമായി നാമും അവയോടൊപ്പം തൂക്കിനോക്കപ്പെട്ടുകൊണ്ടിരിക്കുന്നു.—ദാനിയേൽ 2:44; വെളിപ്പാട് 19:11-21. (g90 9/22)
[23-ാം പേജിലെ ചതുരം]
“തന്റെ കാലടികളെ നിയന്ത്രിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.”—യിരെമ്യാവ് 10:23
[25-ാം പേജിലെ ചതുരം]
“ഒരു മനുഷ്യന് ശരിയായി തോന്നുന്ന ഒരു വഴിയുണ്ടായിരിക്കും, എന്നാൽ അവസാനം അതു മരണത്തിലേക്ക് നയിക്കുന്നു.”—സദൃശവാക്യങ്ങൾ 14:12, “ന്യൂ ഇൻറർനാഷനൽ വേർഷൻ”
[24-ാം പേജിലെ ചിത്രം]
ജനാധിപത്യ മാനുഷഭരണത്തെ പിന്തുണക്കുന്നവർ അതിന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്വവും പങ്കുവെക്കാൻ മനസ്സൊരുക്കം ഉള്ളവരായിരിക്കണം.
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. National Archives photo