മാനുഷഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 5 അനിയന്ത്രിത അധികാരം—ഒരു അനുഗ്രഹമോ ശാപമോ?
ഏകാധിപത്യം: അനിയന്ത്രിതമായ അധികാരമുള്ള ഒരു വ്യക്തിയാലുള്ള ഗവൺമെൻറ്; അധികൃതാധിപത്യം: ഭരിക്കപ്പെടുന്നവരുടെ അനുമതിയില്ലാതെയുള്ള ഭരണാധികാരത്തിന്റെ പ്രയോഗം, സമഗ്രാധിപത്യത്തെക്കാൾ കുറഞ്ഞ അളവിൽ കർക്കശമായിട്ടുള്ളത്; സ്വേച്ഛാധിപത്യം: പൂർണ്ണാധികാരം നിയമത്താൽ പരിമിതമാക്കപ്പെട്ടിട്ടില്ലാത്തതോ ഏതെങ്കിലും ഔദ്യോഗിക സംഘത്താൽ നിയന്ത്രിക്കപ്പെട്ടിട്ടില്ലാത്തതോ ആയ ഭരണാധികാരിയുള്ള ഗവൺമെൻറ്; സമഗ്രാധിപത്യം: പ്രജകളെ മിക്കവാറും പൂർണ്ണമായി സംസ്ഥാന അധികാരത്തിന് വിധേയരാക്കുന്ന, ഏകാധിപത്യ സംഘത്താലുള്ള കേന്ദ്രീകൃത നിയന്ത്രണം.
അധികൃതാധിപത്യ ഗവൺമെൻറുകൾ നിയന്ത്രണത്തിന് അതിയായ ആശ പ്രകടമാക്കുകയും വ്യക്തിസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിനാൽ “മർദ്ദകം,” “നിഷ്ഠുരം,” “ജനമർദ്ദകം” എന്നിവപോലുള്ള നാമവിശേഷണങ്ങൾ പെട്ടെന്നുതന്നെ മനസ്സിലേക്ക് കൊണ്ടുവരുന്നു. വളരെയധികം ദേശീയത്വപരമായിരിക്കുന്നതിനാൽ അവ സകല ഗവൺമെൻറുവിഭാഗങ്ങളെയും നിയന്ത്രിക്കുകയും അവയുടെ സകല പ്രജകളെയും കർശനമായി നിരീക്ഷിക്കുകയും ദേശീയതാല്പര്യങ്ങൾ പുരോഗമിപ്പിക്കാത്ത പ്രവർത്തനങ്ങളെ അവ നിരുപദ്രവകരമായിരുന്നാൽതന്നെയും, നിരോധിക്കുകയും ചെയ്യുന്ന ഭരണമാണ്. സങ്കടകരമെന്നു പറയട്ടെ, റിപ്പോർട്ടുചെയ്യാവുന്ന അധികൃതാധിപത്യ ഗവൺമെൻറുകൾക്ക് മാനുഷ ചരിത്രത്തിൽ യാതൊരു അഭാവവുമില്ല.
വ്യാപ്തിയുടെ ഒരു വസ്തുത
ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ പറയുന്നു: “സാർ ചക്രവർത്തിമാരുടെ കീഴിൽ റഷ്യൻ ഗവൺമെൻറ് ഒരു സമ്പൂർണ്ണ ഏകാധിപത്യമായിരിക്കുന്നതിനോട് അടുത്തുവന്നു.” എന്നാൽ എല്ലാ അധികൃതാധിപത്യ ഭരണവും സമ്പൂർണ്ണമല്ല; അത് അധികമായും വ്യാപ്തിയുടെ ഒരു വസ്തുതയാണ്. സകല സമഗ്രാധിപത്യ ഗവൺമെൻറുകളും ഏകാധിപത്യങ്ങൾ, അതായത് ഒരു ഏകഭരണാധികാരിയാലോ സ്വേച്ഛാധിപതിയാലോ ഒരു സാർചക്രവർത്തിയാലോ നയിക്കപ്പെടുന്ന ഗവൺമെൻറുകൾ അല്ല. ചിലവ ഒരു കൂട്ടത്താലോ ഒരുപക്ഷേ ഒരു സൈനിക സമിതിയാലോ അല്ലെങ്കിൽ ഒരു പ്രഭുത്വാധിപതിയോ ധനികാധിപതിയോ ആയ ഒരു വിശിഷ്ട വ്യക്തിയാലോ നിയന്ത്രിക്കപ്പെട്ടേക്കാം.
ജനാധിപത്യങ്ങൾപോലും അധികൃതാധിപത്യപരം ആയിരിക്കാവുന്നതാണ്. അവക്ക് രാഷ്ട്രീയ പാർട്ടികൾ ഉണ്ട് എന്നതും തിരഞ്ഞെടുപ്പുകൾ നടത്തപ്പെടുന്നു എന്നതും നിയമകോടതികൾ സംരക്ഷിക്കപ്പെടുന്നു എന്നതും ഒരു പാർലമെന്റോ നിയമനിർമ്മാണ സഭയോ സംബന്ധിച്ച വമ്പുപറച്ചിൽ ഉണ്ട് എന്നതും സത്യമാണ്. എന്നിരുന്നാലും ഈ വിവിധസ്ഥാപനങ്ങളെ ഗവൺമെൻറ് നിയന്ത്രിക്കുന്നതിന്റെ, അതിന്റെ ആജ്ഞ അനുസരിക്കാൻ അവയെ നിർബന്ധിക്കുന്നതിന്റെ വ്യാപ്തി എത്രമാത്രമാണോ അത്രമാത്രം അവ അധികൃതാധിപത്യപരമായിരിക്കും, അവയുടെ ഘടന പരിഗണിക്കാതെതന്നെ. അവ മന:പൂർവം അങ്ങനെ രൂപകൽപനചെയ്യപ്പെടുകയായിരുന്നു എന്നല്ല. യുദ്ധകാലത്തോ ദേശീയപ്രക്ഷുബ്ധതയുടെ കാലഘട്ടത്തിലോ ഗവൺമെൻറിന് അടിയന്തിരാധികാരങ്ങൾ അനുവദിക്കാൻ സാഹചര്യം നിർബന്ധിച്ചേക്കാം. ഒരു പക്ഷേ അടിയന്തിരാവസ്ഥ പ്രശമിച്ചേക്കാം; എന്നിരുന്നാലും അടിയന്തിര അധികാരങ്ങൾക്ക് അങ്ങനെ സംഭവിച്ചിട്ടില്ല.
രാജാധിപത്യങ്ങൾ വിവിധ അളവുകളിൽ അധികൃതാധിപത്യപരമാണ്. എന്നാൽ സമ്പൂർണ്ണ രാജാധിപത്യങ്ങൾ മിക്കഭാഗത്തും പരിമിത രാജാധിപത്യമായി മാററപ്പെട്ടിട്ടുണ്ട്. നിയമനിർമ്മാണ സഭകളും സാദ്ധ്യതയനുസരിച്ച് എഴുതപ്പെട്ട ഭരണഘടനകളും അങ്ങനെയുള്ള രാജാധിപത്യങ്ങൾക്ക് പ്രയോഗിക്കാൻ കഴിയുന്ന അധികാരത്തെ പരിമിതപ്പെടുത്തുന്നതിനാൽ അവ അധികൃതാധിപത്യങ്ങൾ ആകാനുള്ള സാദ്ധ്യത കുറക്കുന്നു. അങ്ങനെ, ഇന്നത്തെ പരിമിത രാജാധിപത്യങ്ങളിലെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആസ്വാദനം കഴിഞ്ഞകാലത്തെ സമ്പൂർണ്ണ രാജാധിപത്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളതിന് അതീതമായ ഒരു നിലയിൽ എത്തുന്നു.
സമ്പൂർണ്ണ രാജാധിപത്യങ്ങൾ സാധാരണമായിരുന്നപ്പോൾപോലും അവയുടെ അധികാരം പരിമിതമായിരുന്നു. “മിക്ക രാജാക്കൻമാർക്കും, ഒരു ഹിററ്ലറെയോ മുസ്സോളിനിയെയോ സ്ററാലിനെയോ പോലെ, തങ്ങളുടെ പ്രജകളുടെമേൽ പൂർണ്ണമായി അധീശത്വം പുലർത്തുന്നതിനോ വർഗ്ഗീയമോ സാംസ്കാരികമോ ആയ ന്യൂനപക്ഷത്തെ നശിപ്പിക്കുന്നതിനോ ഉള്ള മനോഭാവമോ യഥാർത്ഥ അധികാരമോ ഇല്ലായിരുന്നു” എന്ന് ചരിത്ര പ്രൊഫസറായ ഓറസ്ററ് റാനം വിശദീകരിക്കുന്നു. സ്പഷ്ടമായും ഒരു രാജാവിന്റെ ഉന്നത ധാർമ്മികതയും ഏററവും നല്ല ഗുണങ്ങളും—അല്ലെങ്കിൽ അവയുടെ അഭാവം—നിർണ്ണായകമായിരുന്നു. എന്നിരുന്നാലും റാനം പറയുന്നു: “യാതൊരു സമ്പൂർണ്ണരാജാധിപതിയും, അതിന്റെ സാംസ്കാരിക സാമ്പത്തിക കേന്ദ്രീകരണത്തിന്റെ വ്യാപ്തിയിൽ ആധുനിക സമഗ്രാധിപത്യ സംസ്ഥാനങ്ങളെ സമീപിച്ചിട്ടില്ല.”
സമഗ്രാധികാരത്തിനായി ലക്ഷ്യമിടൽ
ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിലും 1930കളിലും ഇററലിയിലും സോവ്യററ് യൂണിയനിലും ജർമ്മനിയിലും ഒരു പുതിയ തരത്തിലുള്ള അധികൃതാധിപത്യ ഗവൺമെൻറ് ലോകരംഗത്ത് പ്രത്യക്ഷപ്പെട്ടു, അതിനെ ഉചിതമായി വിവരിക്കുന്നതിന് ഒരു പുതിയ പദം ആവശ്യമാക്കിത്തീർത്ത ഒന്നുതന്നെ. ഈ സ്ഥലങ്ങളിൽ മാദ്ധ്യമങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ വരുത്തപ്പെട്ടു. പൊലീസ് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സേവകരായിത്തീരുകയും മേലിൽ ജനങ്ങളുടെ സേവകരല്ലാതായിത്തീരുകയും ചെയ്തു. എതിർപ്പുകളെ നേരിടുന്നതിന് പ്രചാരണവും സെൻസർഷിപ്പും സേനാദളമായി സംഘടിപ്പിക്കലും രഹസ്യപ്പൊലീസ് ജാഗ്രതയും ബലപ്രയോഗംപോലും ഉപയോഗിക്കപ്പെട്ടു. ഗവൺമെൻറിന്റെ ഔദ്യോഗികമായ രാഷ്ട്രീയ സാമൂഹിക ആദർശങ്ങൾ തങ്ങളുടെ സ്വന്തമായി സ്വീകരിക്കാൻ പ്രജകൾ ഭീഷണിപ്പെടുത്തപ്പെട്ടു. നിരസിച്ചവർ രാജ്യദ്രോഹികൾ എന്ന നിലയിൽ കൈകാര്യം ചെയ്യപ്പെട്ടു. “സമഗ്രാധിപത്യം” എന്ന പദം ഉചിതമെന്ന് കാണപ്പെട്ടു—സകല പ്രജകളെയും നിയന്ത്രണത്തിൽ പൂർണ്ണമായി കൊണ്ടുവന്നുകൊണ്ട് അതിന്റെ സ്വന്തം ലക്ഷ്യങ്ങൾ ആർജ്ജിക്കാൻവേണ്ടി പ്രവർത്തിക്കുന്ന ഒരു സംസ്ഥാനം.
ജർമ്മൻ മാസികയായ ഇൻഫേഅർമേഷൻ സൂർ പൊളിററീഷൻ ബിൽഡംഗ് (രാഷ്ട്രീയ വിദ്യാഭ്യാസത്തിനായുള്ള വിവരങ്ങൾ) വിശദാംശങ്ങൾ നൽകുന്നു: “അധികൃതാധിപത്യവുമായി താരതമ്യം ചെയ്യുമ്പോൾ അതിനു വിരുദ്ധമായി, സമഗ്രാധിപത്യം ലക്ഷ്യമിടുന്ന സംസ്ഥാനങ്ങൾ അധികാരത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ കൈവശപ്പെടുത്തുന്നതിൽ മാത്രം സംതൃപ്തരായിരിക്കുന്നില്ല. അവ പ്രജകൾക്ക് ആപേക്ഷിക സ്വാതന്ത്ര്യം പരിമിതമായ അളവിൽപ്പോലും അനുഭവിക്കുന്നതിന് ഇഷ്ടമില്ലാത്തവയാണ്, എന്നാൽ അവരിൽനിന്ന് കൂറും സിദ്ധാന്തപരമായ സജീവപിന്തുണയും എല്ലായ്പോഴും അവകാശപ്പെടുകയും ചെയ്യുന്നു. ഈ അപരിമിതമായ അവകാശപ്പെടൽ സാധാരണയായി സംസ്ഥാന ഇടപെടൽ ഒഴിവാക്കപ്പെടുന്ന മണ്ഡലങ്ങളായ കുടുംബം, മതം, ഒഴിവുസമയം മുതലായവയിൽപോലും ഇടപെടുന്നത് ഒരു സമഗ്രാധിപത്യ സംസ്ഥാനത്തിന് ആവശ്യമാക്കിത്തീർക്കുന്നു. ഈ അവകാശപ്പെടൽ നേടുന്നതിന് ഓരോ വ്യക്തിയേയും സദാസമയവും മേൽനോട്ടം വഹിക്കുന്നതിന് പ്രാപ്തമാക്കുന്ന ഒരു സംഘടനാപരമായ വല സമഗ്രാധിപത്യ സംസ്ഥാനം വിരിക്കേണ്ടതുണ്ട്.”
തീർച്ചയായും, സംസ്ഥാനത്തിന്റെയും അതിന്റെ താല്പര്യങ്ങളുടെയും വീക്ഷണത്തിൽ നോക്കുമ്പോൾ സമഗ്രാധിപത്യ ഗവൺമെൻറുകൾ ഉയർന്ന തോതിൽ കാര്യക്ഷമമാണ്. എന്നാൽ അതു തുടർന്നുകൊണ്ടുപോകുന്നത് അസാദ്ധ്യമാണ് എന്ന് പത്രപ്രവർത്തകനായ ചാൾസ് ക്രൗത്താമർ പറയുന്നു. നിയന്ത്രിക്കുന്നതിനുതന്നെ വളരെയധികം ഉണ്ട്. “കാലത്തിന്റെ ഹ്രസ്വമായ പൊട്ടിത്തെറിക്കലിൽ നിങ്ങൾക്ക് ജനങ്ങളെ ജയിലിലടക്കാനോ വെടിവെച്ചുകൊല്ലാൻപോലുമോ കഴിയും, എന്നാൽ കുറച്ചു കഴിയുമ്പോൾ നിങ്ങളുടെ വെടിയുണ്ടകളും ജയിലുകളും ഊർജ്ജവും എന്തിന് ഇരകളും തീർന്നുപോകുന്നു. . . . സ്ഥിരമായ വിപ്ലവങ്ങൾക്കു മാത്രമെ സമഗ്രാധിപത്യത്തിന്റെ ആദർശങ്ങൾ എത്തിപ്പിടിക്കാൻ കഴിയുകയുള്ളു, സ്ഥിരമായ വിപ്ലവം അസാദ്ധ്യവുമാണ്. നിഷ്ഠുരതക്കുപോലും അതിന്റെ ഉറക്കം ആവശ്യമാണ്.” എന്ന് അദ്ദേഹം പറയുന്നു.
‘സാമാന്യ ജനസമുദായ’ത്താൽ സംഭവിച്ചതോ?
അധികൃതാധിപത്യം, പ്രത്യേകിച്ചും അതിന്റെ ഏററവും അങ്ങേയററവും വിജയപ്രദവുമായ രൂപമായ സമഗ്രാധിപത്യം, 20-ാം നൂററാണ്ടിന്റെ അത്ര വലിയ സവിശേഷതയായിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കുന്നതിന് ധാരാളം സിദ്ധാന്തങ്ങൾ പുരോഗമിപ്പിക്കപ്പെട്ടിട്ടുണ്ട്. ദി വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അനുസരിച്ച് “1900ങ്ങളുടെ ആദ്യത്തെ മൂന്നിൽ രണ്ടുഭാഗം ഒരു വലിയ മാററത്തിന്റെ കാലഘട്ടമായിരുന്നു—ഒരു പക്ഷേ മുഴു ചരിത്രത്തിലെയും ഏററവും ത്വരിതഗതിയിലുള്ളതും വിപുലവ്യാപകവുമായ മാററത്തിന്റെതന്നെ.” നിസ്സംശയമായും അധികൃതാധിപത്യത്തിലേക്കുള്ള പ്രവണതയുടെ സംഗതിയിൽ അതിന് വളരെയധികം പങ്കുണ്ടായിരുന്നു.
ജനസംഖ്യാസ്പോടനവും നഗരവത്ക്കരണവും സാങ്കേതിക പുരോഗതികളും ആണ് സാമാന്യജനസമുദായം എന്നു വിളിക്കപ്പെടുന്നതിനെ ഉളവാക്കാൻ സഹായിച്ച ആധുനിക പ്രതിഭാസങ്ങൾ. ഈ പദം വിപുലമായ, കേന്ദ്രീകൃതമായ, ഉദ്യോഗസ്ഥമേധാവിത്വം ഉള്ള, വ്യക്തിപരമായ വികാരങ്ങളാൽ സ്വാധീനിക്കപ്പെടാത്ത സ്ഥാപനങ്ങൾ സവിശേഷതയായിരിക്കുന്ന ഒരു വ്യാവസായിക സമൂഹത്തെ കുറിക്കുന്നു. മാനുഷിക ബന്ധങ്ങൾ പൊള്ളയോ ക്ഷണികമോ ആയിരിക്കാൻ ചായ്വ് കാണിക്കുന്ന ഒരു സമുദായമാണത്. ജനക്കൂട്ടത്തിന്റെ ഇടയിൽ ആയിരിക്കുമ്പോൾതന്നെ ഏകാന്തരായിരിക്കുന്നവർ, നിരന്തരം തങ്ങളുടെ വേരുകളും സമൂഹത്തിന്റെ മനോഭാവവും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായമാണത്.
സമഗ്രാധിപത്യ വികസനത്തെ സാമാന്യജന സമുദായം ഏതളവുവരെ പോഷിച്ചു എന്നത് തർക്കവിഷയമാണ്. ജർമ്മനിയിൽ ജനിച്ച രാഷ്ട്രീയ ശാസ്ത്രജ്ഞയായ പരേതയായ ഹന്നാ അറേൻഡ് പറഞ്ഞതനുസരിച്ച് അതിന്റെ സ്വാധീനം ഗണ്യമായിരുന്നു. അവരുടെ പുസ്തകമായ ദി ഒറിജിൻസ് ഓഫ് റേറാട്ടലിറേററിയനിസം കുറിക്കൊള്ളുന്നതനുസരിച്ച് സമഗ്രാധിപത്യം പണിയപ്പെട്ടിരിക്കുന്നത് വർഗ്ഗങ്ങളിൻമേലല്ല, മറിച്ച് “വെറും എണ്ണത്താലോ ഉദാസീനതയാലോ അല്ലെങ്കിൽ അവ രണ്ടിനാലുമോ ഒരു പൊതു താല്പര്യത്തിൽ അധിഷ്ഠിതമായ ഏതെങ്കിലും ഒരു സ്ഥാപനമായോ രാഷ്ട്രീയപാർട്ടികളായോ മുനിസിപ്പൽ ഗവൺമെൻറുകളായോ തൊഴിൽ സ്ഥാപനങ്ങളായോ തൊഴിലാളി സംഘടനകളായോ ഏകീകരിക്കാൻ കഴിയാത്ത” സാമാന്യ ജന സമുദായത്തിലാണ്.
സമഗ്രാധിപത്യത്തിന്റെ ഉദയത്തിന് സംഭാവന ചെയ്ത മററു ഘടകങ്ങൾ സംബന്ധിച്ചും അറേൻഡ് സൂചിപ്പിക്കുന്നു: സാമ്രാജ്യത്വവാദം, യഹൂദവിരോധം, പരമ്പരാഗത ദേശീയ-സംസ്ഥാനത്തിന്റെ ശിഥിലീകരണം.
സാമ്രാജ്യത്വവാദമോ?
നൂററാണ്ടിന്റെ ആരംഭത്തിനു തൊട്ടുമുമ്പ് കോളനിവത്ക്കരണത്തിന് മേലോട്ടുള്ള ഒരു ഇരച്ചുകയററം ഉണ്ടായി. നവീന സാമ്രാജ്യത്വവാദം എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന ഒരു കാലഘട്ടമായി 1884 മുതൽ 1914 വരെയുള്ള വർഷങ്ങളെ, ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ ആററ്കിൻസൻ ഹോബ്സൻ നിർണ്ണയിക്കുന്നു. ഇത് തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യത്തിൽ രാജാക്കൻമാരാലോ ജനാധിപത്യ ഗവൺമെൻറുകളാലോ ഉള്ള അധികാരത്തിന്റെ അധികൃതാധിപത്യ ഉപയോഗമല്ലാതെ മറെറാന്നുമായിരുന്നില്ല. മററു സ്ഥലങ്ങളിൻമേലുള്ള സ്വാധീനശക്തി നേടിയെടുത്തത് നേരിട്ടു പിടിച്ചടക്കിക്കൊണ്ടോ അവയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളിൽ പരോക്ഷമായി ആധിപത്യം പുലർത്തിക്കൊണ്ടോ ആയിരുന്നു. സാമ്രാജ്യത്വവാദം പ്രമുഖമായും ഒരു സാമ്പത്തിക കാര്യം മാത്രമാണെന്ന് ഹോബ്സൻ വ്യാഖ്യാനിക്കുന്നു. സത്യത്തിൽ, കോളനിവത്ക്കരണത്തിന്റെ ഈ പുതിയ ഇനത്തിന്, സാമ്പത്തിക വികസനത്തിലും ഒരു രാഷ്ട്രത്തിന്റെ ചരക്കുകൾക്ക് പുതിയ കമ്പോളങ്ങൾ സൃഷ്ടിക്കുന്നതിലും ചെയ്യാൻ കഴിഞ്ഞിട്ടുള്ളതുമായി ബന്ധപ്പെടുത്തുമ്പോൾ രാഷ്ട്രീയ അധികാരത്തിന്റെ കാര്യത്തിൽ സാധാരണയായി വളരെ കുറച്ചുമാത്രമെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളു.
ആഫ്രിക്കയെ റാഞ്ചൽ എന്ന് അറിയപ്പെടാനിടയായ സംഭവത്തിൽ പ്രകടമായടത്തോളം മറെറാരിടത്തും ഇതു പ്രകടമായിട്ടല്ല. 1880കളുടെ ആരംഭത്തിൽതന്നെ ബ്രിട്ടനും ഫ്രാൻസിനും പോർട്ടുഗലിനും അസംഖ്യം ആഫ്രിക്കൻ കോളനികൾ ഉണ്ടായിരുന്നു. എന്നാൽ ബൽജിയവും ജർമ്മനിയും അസൂയയോടെ ഒളിനോട്ടം നടത്തിയപ്പോൾ തള്ളിക്കയററം തുടങ്ങി. എത്യോപ്യയും ലൈബീരിയയും ഒഴികെ മുഴു ആഫ്രിക്കയും പെട്ടെന്ന് യൂറോപ്യൻ ഭരണത്തിലായിത്തീർന്നു. വെള്ളക്കാരായ “ക്രിസ്തീയ” കുടിയേററക്കാരെ തങ്ങളുടെ ദേശം കവർച്ചചെയ്തവരായി കാണാൻ കറുത്ത ആഫ്രിക്കക്കാർ നിർബന്ധിതരായി.
അമേരിക്കൻ ഐക്യനാടുകളും ഒരു സാമ്രാജത്വശക്തിയായിത്തീർന്നു. 19-ാം നൂററാണ്ടിന്റെ അവസാനഭാഗത്ത് അത്, അലാസ്കാ, ഹാവായ്, ഫിലിപ്പീൻ ദ്വീപുകൾ, ഗ്വാം, സമോവ, മററ് പസഫിക്ക് ദ്വീപുകൾ മുതലായവയും അതുപോലെ പ്യൂട്ടോറിക്കയും മററു കരീബിയൻ ദ്വീപുകളും പിടിച്ചെടുത്തു. ക്ഷണിക താൽപ്പര്യത്തെക്കാൾ അതീതമാണ് അത് എന്നാണ് കൊളംബിയാ യൂണിവേഴ്സിററിയിലെ ഒരു ചരിത്ര പ്രൊഫസർ ആയ ഹെൻറി എഫ്. ഗ്രാഫ് പുറപ്പെടുവിച്ച ഒരു അഭിപ്രായം. അദ്ദേഹം എഴുതുന്നു: “ആധുനിക സാമ്രാജ്യവാദം ഉളവാക്കുന്നതിൽ, അധുനാതന രാഷ്ട്രീയകാര്യ വിദഗ്ദ്ധരുടേതിനൊപ്പം സ്വാധീനം ചെലുത്തുന്നതായിരുന്നു ക്രിസ്തീയ മിഷനറിമാരുടെ പ്രവർത്തനങ്ങൾ.” എന്നാൽ ക്രൈസ്തവലോകത്തിലെ ഈ മിഷനറിമാർ യഥാർത്ഥ ക്രിസ്ത്യാനികൾ ആയിരുന്നുവെങ്കിൽ യേശുവിന്റെ വാക്കുകൾക്ക് അനുസൃതമായി ആഫ്രിക്കയെയും അതുപോലെ മററുകോളനി സാമ്രാജ്യങ്ങളെയും റാഞ്ചുന്നതിൽ അവർ രാഷ്ട്രീയമായി നിഷ്പക്ഷരായി നിലകൊള്ളുമായിരുന്നു: “ഞാൻ ഈ ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതുപോലെതന്നെ അവർ ഈ ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 17:16; യാക്കോബ് 4:4.
സാമ്രാജ്യത്വവാദത്തിന്റെ യുഗം 1914ൽ സാങ്കൽപ്പികമായി അവസാനിച്ചു. എന്നിരുന്നാലും അതിന്റെ അധികൃതാധിപത്യ ആത്മാവിന്റെ കാര്യത്തിൽ അത് സത്യമല്ല. ഇപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഭാഗമായിരിക്കുന്നതിന്റെ 1890കളിലെ പ്രധാനമന്ത്രിയായിരുന്ന സിസിൽ റോഡെസ് ഇങ്ങനെ പറഞ്ഞപ്പോൾ ഈ ആത്മാവ് നന്നായി സംഗ്രഹിക്കപ്പെട്ടു: “വികസനമാണ് സകലതും.” ബ്രിട്ടീഷ് സാമ്രാജ്യവികസനത്തിൽ ഒരു ചലനശക്തി എന്ന നിലയിൽ അദ്ദേഹം ഒരിക്കൽ ആത്മപ്രശംസ നടത്തി: “എനിക്ക് കഴിയുമായിരുന്നെങ്കിൽ ഞാൻ ഗ്രഹങ്ങളെക്കൂടി പിടിച്ചടക്കുമായിരുന്നു.” സ്വാർത്ഥതാൽപ്പര്യത്തിന്റെ ഈ ആത്മാവ് തങ്ങളുടെ പ്രയോജനത്തിനായി മററു രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളെ സാദ്ധ്യമാകുന്നടത്തോളം നിയന്ത്രിക്കാൻ ഇപ്പോഴും രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നു. ദൃഷ്ടാന്തമായി, സൈനികമായ പിടിച്ചടക്കലിൽ പരാജയപ്പെട്ടതിനാൽ സാമ്പത്തികമായി “പിടിച്ചടക്കാൻ” ജപ്പാൻ ഇപ്പോൾ പരിശ്രമിക്കുന്നതായി ചിലപ്പോൾ കുററപ്പെടുത്തപ്പെടുന്നു.
അധികൃതാധിപത്യഭരണത്തെ മറിച്ചിടുന്നതാണോ പരിഹാരം?
തത്വരഹിതരോ അത്യാഗ്രഹികളോ ആയ മനുഷ്യരാൽ അനിയന്ത്രിതമായ അധികാരം പ്രയോഗിക്കപ്പെടുന്നത് ഒരു ശാപമാണ്, ഒരു അനുഗ്രഹമല്ല. പുരാതന രാജാവായ ശലോമോന്റെ വാക്കുകൾ അനുയോജ്യമാണ്: “നോക്കൂ! പീഡിപ്പിക്കപ്പെടുന്നവരുടെ കണ്ണീർ, എന്നാൽ അവർക്ക് ആശ്വാസകൻ ഉണ്ടായിട്ടില്ല; അവരുടെ പീഡകരുടെ പക്ഷത്ത് അധികാരം ഉണ്ടായിരുന്നു, അതുകൊണ്ട് അവർക്ക് ആശ്വാസകൻ ഉണ്ടായിരുന്നിട്ടില്ല.”—സഭാപ്രസംഗി 4:1, NW
അധികൃതാധിപത്യ ഭരണത്തിൻ കീഴിൽ “പീഡിപ്പിക്കപ്പെടുന്നവരുടെ കണ്ണീർ” തീർച്ചയായും വളരെയധികമായിരുന്നിട്ടുണ്ട്. എന്നിരുന്നാലും, 1987ലെ തന്റെ പുസ്തകമായ പെരിസ്ട്രോയ്ക്കയിൽ മിഖായേൽ ഗോർബച്ചേവ് മുന്നറിയിപ്പു നൽകി: “അടിച്ചമർത്തുന്നതും നിർബന്ധിക്കുന്നതും കോഴകൊടുക്കുന്നതും പൊട്ടിക്കുന്നതും തകർക്കുന്നതും സാദ്ധ്യമാണ്, എന്നാൽ ഒരു പ്രത്യേക കാലഘട്ടത്തേക്കു മാത്രം.” തദനുസരണമായി, “തങ്ങളുടെ പീഡകരുടെ പക്ഷത്ത്” അധികാരം ഉണ്ടെന്നിരുന്നാൽതന്നെയും അധികൃതാധിപത്യ ഗവൺമെൻറിന്റെ വിലങ്ങുകൾ എറിഞ്ഞുകളയാൻ തക്കവണ്ണം പ്രജകൾ ആവർത്തിച്ച് ശബ്ദമുയർത്തിയിട്ടുണ്ട്. റുമേനിയായിൽ നിക്കോളായ് ചൗഷസ്ക്യൂവിന്റെയും അദ്ദേഹത്തിന്റെ സംരക്ഷണസേനയായ സെക്യൂരിറേറററിന്റെയും രക്തരൂക്ഷിത മറിച്ചിടൽ അങ്ങനെയുള്ള ഒരു സംഗതിയാണ്.
അധികൃതാധിപത്യ ഗവൺമെൻറിന്റെ മറിച്ചിടലിന് തീർച്ചയായും ആശ്വാസം ആനയിക്കാവുന്നതാണ്. എന്നാൽ ഒരു ബർമ്മീസ് പഴമൊഴി നിരീക്ഷിക്കുന്നതുപോലെ “ഒരു പുതിയ ഭരണാധികാരിയോടൊത്ത് ആയിരിക്കുമ്പോൾ മാത്രമെ പഴയതിന്റെ മൂല്യം നിങ്ങൾ തിരിച്ചറിയുന്നുള്ളോ” എന്നതും സത്യമാണ്. മോശമായ ഒന്നിന്റെ സ്ഥാനത്ത് അതിലും മോശമായ ചിലതു വരികയില്ലെന്ന് ആർക്ക് ഉറപ്പുനൽകാൻ കഴിയും?
ഒരു ദൃഷ്ടാന്തം മാത്രം സൂചിപ്പിക്കുകയാണെങ്കിൽ 1970കളിൽ, 43 വർഷം നീണ്ട ലാററിൻ അമേരിക്കൻ രാജവംശം നിക്കാരാഗ്വേയിൽ മറിച്ചിടപ്പെട്ടു. ബഹുജനത്തിന് കാര്യങ്ങൾ പുരോഗമിക്കുമെന്ന് പൂർണ്ണപ്രതീക്ഷ ഉണ്ടായിരുന്നു, എന്നാൽ അങ്ങനെ സംഭവിച്ചോ? വർഷങ്ങൾക്കുശേഷം സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഒരു വാർത്താമാസിക, ജീവിതം ഏകാധിപത്യത്തിൻകീഴിൽ, “മറിച്ച്, കൂടുതൽ വഷളായി”ത്തീർന്നു എന്നു പറയുകയുണ്ടായി. കുതിച്ചുയരുന്ന പണപ്പെരുപ്പത്തെക്കുറിച്ചു പറയുകയിൽ മാസിക, ദേശീയ നാണയത്തെ “പരമാർത്ഥത്തിൽ നിഷ്പ്രയോജനമായത്” എന്നു വിളിച്ചു, “പൊതുഗതാഗതം നിലവിൽ ഇല്ലെന്നുതന്നെ പറയാം” എന്ന് പ്രസ്താവിച്ചു, രാജ്യത്തിന്റെ “അപര്യാപ്തമായ ആരോഗ്യ സൗകര്യങ്ങളെ”ക്കുറിച്ചു വിലപിച്ചു. അതുപോലെ “വികലപോഷണം വളർന്നുകൊണ്ടിരിരിക്കുന്ന ഒരു കൊലയാളിയാണ്” എന്ന് സൂചിപ്പിക്കുകയും ചെയ്തു. കാലക്രമേണ ആ ഭരണക്രമം അധികാരത്തിൽനിന്ന് നീക്കപ്പെട്ടു.
സകലരൂപത്തിലുമുള്ള മാനുഷ ഭരണം അപര്യാപ്തമെന്ന് കണ്ടെത്തപ്പെട്ടിരിക്കയാണെന്നുള്ളത് വളരെ സ്പഷ്ടമല്ലേ? എന്നിരുന്നാലും ജനങ്ങൾ അത്യുത്തമ ഗവൺമെൻറിനായുള്ള അന്വേഷണം തുടരുന്നു. മുഴു ജനതകളെയും “ഒരു ആശ്വാസകനും” ഇല്ലാത്തവിധം നിരാശയുടെ ആഴങ്ങളിൽ നിപതിക്കാൻ ഇടയാക്കിക്കൊണ്ട്, അതിന് നയിക്കാൻ കഴിയുന്ന നിരാശയുടെ രണ്ടു പ്രമുഖ ദൃഷ്ടാന്തങ്ങൾ ഞങ്ങളുടെ അടുത്ത ലക്കത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും. (g90 10/8)
[14-ാം പേജിലെ ചിത്രം]
മിക്കവാറും പൂർണ്ണമായ ഏകാധിപത്യത്തിന്റെ ഒരു ദൃഷ്ടാന്തം സാറുകളുടെ ഭരണത്തിൻ കീഴിലെ റഷ്യ ആയിരുന്നു
[കടപ്പാട്]
Alexander II by Krüger, c. 1855