മാനുഷ ഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 2 രാജാക്കൻമാർ, നക്ഷത്രങ്ങൾപോലെ, ഉദിച്ചുയരുകയും വീഴുകയും ചെയ്യുന്നു
ഏക രാജാധിപത്യം: ഒരു ചക്രവർത്തിയോ രാജാവോ പോലെ ഒരു രാജ്യത്തിന്റെ പരമ്പരാഗത തലവൻ ഭരിക്കുന്ന ഭരണകൂടം; രാജഭരണം: ഒരു രാജാവോ രാജ്ഞിയോ ഭരിക്കുന്ന രാജാധിപത്യ ഭരണ രൂപം; സാമ്രാജ്യം: ഒരു ഏക പരമാധികാരിയുടെ, സാധാരണയായി ഒരു ചക്രവർത്തിയുടെ നിയന്ത്രണത്തിൻകീഴിൽ ഭരിക്കപ്പെടുന്ന, അനേകം രാജ്യങ്ങളോ സംസ്ഥാനങ്ങളോ ജനതകളോ ഉൾപ്പെടുന്ന ഒരു വിസ്തൃത ഭൂവിഭാഗം.
“ശിനാർ രാജാവായ അമ്രാഫെലിന്റെ കാലത്ത്” എന്നിങ്ങനെ ഉല്പത്തി 14-ാം അദ്ധ്യായം തുടങ്ങുമ്പോൾ ബൈബിൾ ആദ്യമായി “രാജാവ്” എന്ന പദം ഉപയോഗിക്കുന്നു. ചിലർ വിശ്വസിക്കുന്നതുപോലെ അമ്രാഫെൽ ബാബിലോണിലെ പ്രസിദ്ധ രാജാവായിരുന്ന ഹമ്മുറാബി ആയിരുന്നുവോ എന്നു നമുക്കറിഞ്ഞുകൂടാ. നമുക്കറിയാവുന്നത് അദ്ദേഹം ആരായിരുന്നുവെങ്കിലും മാനുഷ രാജത്വത്തിന്റെ ആശയം അമ്രാഫെലിനോടുകൂടെയല്ല ആവിർഭവിച്ചത് എന്നതാണ്. നൂറു കണക്കിനു വർഷങ്ങൾക്കു മുമ്പ് നിമ്രോദ്, രാജാവെന്ന് വിളിക്കപ്പെട്ടിരുന്നില്ലെങ്കിലും ഒരു രാജാവായിരുന്നു. യഥാർത്ഥത്തിൽ ചരിത്രത്തിലെ ആദ്യ മാനുഷരാജാവ് അവനായിരുന്നു.—ഉല്പത്തി 10:8-12.
നിമ്രോദ് രാജാവിനെയോ അമ്രാഫെൽ രാജാവിനെയോ പരാമർശിക്കുന്ന നിർമ്മിത വസ്തുക്കളൊന്നും ലഭിച്ചിട്ടില്ലെന്നുള്ളത് സത്യമാണ്. “ആധികാരിക ലിഖിതങ്ങൾ ലഭ്യമായിട്ടുള്ള ഏററവും പഴയ മെസൊപ്പൊത്തേമിയൻ ഭരണാധികാരി കീശിലെ രാജാവായ എൻമെബറാഗസി ആകുന്നു” എന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ പറയുന്നു. മെസൊപ്പൊത്തേമിയയിലെ ഒരു പുരാതന നഗര—സംസ്ഥാനമായ കീശിൽ നിന്ന് “വലിയ മനുഷ്യൻ” എന്നർത്ഥമുള്ള ഭരണാധികാരിയെ സൂചിപ്പിക്കുന്ന സുമേരിയൻ പദം ഉണ്ടായി. എൻമെ ബറാഗസിയുടെ ഭരണ കാലം നിർണ്ണയിച്ചിരിക്കുന്നത് ബൈബിൾ കാലഗണനയോടു ചേർച്ചയിലല്ലെങ്കിലും ബൈബിൾ അനുവദിക്കുന്ന കാലഘട്ടത്തോട് ഏകദേശം യോജിക്കുന്നു. കൂടുതൽ പ്രധാനമായി മനുഷ്യ ഭരണത്തിന്റെ ആരംഭം ബൈബിൾ പറയുന്നതുപോലെ ഭൂമിയുടെ അതേ ഭാഗത്തുതന്നെ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
ഒരാളുടെ ഭൂരിപക്ഷത്തിലൂടെ ഐക്യം
ക്രിസ്തുവിനു മുമ്പ് 16-ഉം 18-ഉം നൂററാണ്ടുകൾക്കിടെ ഏതോ സമയത്താണ് ചൈനയിലെ ഷാങ് അഥവാ യിൻ രാജവംശം ഉദയം കൊണ്ടതെന്ന് പൊതുവെ കരുതപ്പെടുന്നു. എങ്കിലും ഈ കാലനിർണ്ണയം അനിശ്ചിതമാണ്. ഏതായാലും ഏക രാജാധിപത്യങ്ങൾ മാനുഷ ഭരണത്തിന്റെ ഏററവും പഴയ രൂപമാണ്. അവ വിപുല വ്യാപകവുമാണ്.
“മൊണാർക്ക്” എന്ന ഇംഗ്ലീഷ് പദം “തനിയെ” എന്നർത്ഥമുള്ള മോണോസ്, “ഭരിക്കുക” എന്നർത്ഥമുള്ള ആർക്കെ എന്നീ ഗ്രീക്കു പദങ്ങളിൽനിന്ന് ഉളവാകുന്നു. അങ്ങനെ ഏക രാജാധിപത്യത്തിൽ രാജ്യത്തിന്റെ സ്ഥിര ഭരണാധികാരി എന്ന സ്വന്തം അവകാശം പുലർത്തുന്ന ഒരൊററ വ്യക്തിയിൽ പരമാധികാരം കുടികൊള്ളുന്നു. പരിപൂർണ്ണ ഏക രാജാധിപത്യത്തിൽ രാജാവിന്റെ വാക്കു നിയമമാണ്. അദ്ദേഹം ഒരാളുടെ ഒരു ഭൂരിപക്ഷമായിത്തീരുന്നു.
രാഷ്ട്രങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്നതിന് ഏക രാജാധിപത്യങ്ങൾ സഹായകമാണെന്ന് എപ്പോഴും കരുതപ്പെട്ടിട്ടുണ്ട്. മദ്ധ്യകാലഘട്ടങ്ങളിൽ “പ്രത്യേക കക്ഷികളെക്കാൾ മുന്നിട്ടു നിന്നതിനാൽ ഏക രാജാധിപത്യ വ്യവസ്ഥ വൈവിദ്ധ്യവും സംഘർഷവുമുള്ള പ്രാദേശിക താത്പര്യങ്ങളോടുകൂടിയ വിസ്തൃതമായ പ്രദേശങ്ങൾക്ക് അനുയോജ്യമായിരുന്നുവെന്ന്” രാഷ്ട്രീയ സിദ്ധാന്തങ്ങൾ ന്യായവാദം ചെയ്തിരുന്നതായി മദ്ധ്യകാല യൂറോപ്യൻ ചരിത്രം പഠിപ്പിക്കുന്ന ജോൺ എച്ച്. മുൺഡെ വിശദീകരിക്കുന്നു. രാജാക്കൻമാർ സൈന്യാധിപൻമാരും കൂടെ ആയിരുന്നതിനാൽ “സംഘർഷഭരിതമായ പ്രാദേശിക താത്പര്യങ്ങളുടെ” ഈ വിസ്തൃതമായ ഭൂവിഭാഗം മിക്കപ്പോഴും സൈനിക വിജയങ്ങളുടെ ഫലമായിരുന്നു. യഥാർത്ഥത്തിൽ യുദ്ധത്തിലെ വിജയം “വിജയകരമായ രാജത്വത്തിന്റെ പ്രഥമ മാനദണ്ഡമെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന”തായി ചരിത്രകാരനായ ഡബ്ലിയു. എൽ. വാറൻ പറയുന്നു.
മഹാനായ അലക്സാണ്ടറുടെ കീഴിൽ ഗ്രീക്കു സാമ്രാജ്യവും സീസർമാരുടെ കീഴിൽ റോമൻ സാമ്രാജ്യവും അടുത്ത കാലത്തായി ബ്രിട്ടീഷ് സാമ്രാജ്യവുംപോലെ ലോകശക്തികളുടെ വളർച്ചക്ക് ഏക രാജാധിപത്യ ഭരണക്രമം സഹായകമായിത്തീർന്നു. ബ്രിട്ടീഷ് സാമ്രാജ്യം 20-ാം നൂററാണ്ടിന്റെ ആരംഭത്തിലെ അതിന്റെ പ്രഭാവ കാലത്ത് ലോക ജനസംഖ്യയുടെയും ഭൂപ്രദേശങ്ങളുടെയും ഏകദേശം നാലിലൊന്നിനെ ഒരൊററ ഭരണാധികാരിയുടെ കീഴിൽ സംയോജിപ്പിച്ചു.
മതത്തിന്റെ വേഷത്തിൽ രാജത്വം
അനേകം പുരാതന രാജാക്കൻമാർ ദേവത്വം അവകാശപ്പെട്ടു. ചരിത്രകാരനായ ജോർജ്ജ് സാബിൻ പ്രസ്താവിച്ചതുപോലെ: “ഗ്രീസിലെ രാജാക്കൻമാർ ഗ്രീക്കു നഗരങ്ങളുടെ ദേവൻമാരോടൊപ്പം ഗണിക്കപ്പെടുന്ന രീതി അലക്സാണ്ടറോടുകൂടെ ആരംഭിച്ചു. ദേവത്വം കൽപ്പിക്കപ്പെട്ട രാജാവ് പൗരസ്ത്യ രാജ്യങ്ങളിൽ സാർവത്രികമായിത്തീർന്നു; അവസാനം റോമൻ ചക്രവർത്തിമാർക്കും ആ രീതി സ്വീകരിക്കേണ്ടതായി വന്നു.” രാജാവിന്റെ ദിവ്യത്വത്തിലുള്ള ഈ വിശ്വാസം “ആധുനിക കാലങ്ങൾ വരെ ഒരു രൂപത്തിൽ അല്ലെങ്കിൽ മറെറാരു രൂപത്തിൽ” യൂറോപ്പിൽ നിലവിലിരുന്നതായി അദ്ദേഹം പറയുന്നു.
മദ്ധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും അസ്ടെക്ക് ഇൻകാ രാജ്യങ്ങൾ വിശുദ്ധ ഏക രാജാധിപത്യങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. ഏഷ്യയിൽ സൂര്യദേവിയായ അമാതെരാസു ഒമിക്കാമിയുടെ 124-ാം മാനുഷ പിൻഗാമിയാണ് താനെന്നുള്ള ജപ്പാനിലെ മുൻ ചക്രവർത്തി ഹിരോഹിതോയുടെ അവകാശവാദം 1946 വരെ ഉപേക്ഷിച്ചില്ല.
എല്ലാ രാജാക്കൻമാരും ദേവത്വം അവകാശപ്പെട്ടില്ലെങ്കിലും മിക്കവരും തങ്ങൾക്ക് ദിവ്യ പിന്തുണയുണ്ടെന്ന് വിശ്വസിക്കയെങ്കിലും ചെയ്തു. ഭൂമിയിൽ ദൈവത്തെ പ്രതിനിധീകരിക്കാൻ വേർതിരിക്കപ്പെട്ടപ്പോൾ പൗരോഹിത്യ വരം ഉൾപ്പെട്ടു. “രാജാക്കൻമാർക്ക് പൗരോഹിത്യവുമുണ്ടെന്നുള്ള പുരാതന ആശയം പാശ്ചാത്യ രാജ്യത്തു വ്യാപകമായി. ഇത് രാജാവിനെ സഭയുടെ മേലധികാരിയും അപ്പോസ്തലത്വത്തിന്റെ അദ്ധ്യക്ഷനുമാക്കി”യെന്ന് ജോൺ എച്ച് മുൺഡെ പറയുന്നു. “[ക്രിസ്തുവർഷം നാലാം നൂററാണ്ടിൽ] സഭയും സംസ്ഥാനവുമായുണ്ടായ കോൺസ്ററൻറീനിയൻ സഹവർത്തിത്വത്തിൽ നിന്നും നവ പ്ലേറേറാണിക ആശയങ്ങളെ സഭ സ്വാംശീകരിച്ചതിൽ നിന്നും ഉരുത്തിരിഞ്ഞ” ഒരു മത സങ്കല്പമായിരുന്നു അത്. കിരീടധാരണ സമയത്ത് ചൊരിയപ്പെട്ട മതപരമായ ആശീർവാദങ്ങൾ രാജഭരണത്തിനു നിയമപരമായ ശ്രേഷ്ഠത കൈവരുത്തി. മററുപ്രകാരത്തിൽ അതു ലഭിക്കുകമായിരുന്നില്ല.
ഇംഗ്ലണ്ടിലെ ഹെൻറി രണ്ടാമൻ, 1173-ൽ “ദൈവകൃപയാൽ രാജാവ്” എന്ന പദവി നാമം ഉപയോഗിക്കാൻ തുടങ്ങി. ഇത് രാജാക്കൻമാരുടെ ദിവ്യ അവകാശം എന്ന് പിന്നീട് അറിയപ്പെട്ട ആശയത്തിലേക്ക് നയിച്ചു അതിന്റെ അർത്ഥം രാജാക്കൻമാരുടെ അധികാരം പരമ്പരാഗതം എന്നായിരുന്നു. ദൈവം ജനനത്തിൽ തന്നെ രാജാവിനെ തെരഞ്ഞെടുത്തു എന്നു സങ്കൽപ്പിക്കപ്പെട്ടു. ഭരണപരമായ അധികാരം സമ്പൂർണ്ണമായി കൈയടക്കിക്കൊണ്ട് 1661-ൽ ഫ്രാൻസിലെ ലൂയി പതിനാലാമൻ ഈ സിദ്ധാന്തം കർക്കശമായി നടപ്പിലാക്കി. എതിർക്കുന്നത് താൻ പ്രതിനിധീകരിക്കുന്ന ദൈവത്തിനെതിരെയുള്ള പാപമായി അദ്ദേഹം കരുതി. “L’etat cest moi! [രാജ്യം ഞാനാകുന്നു],” അദ്ദേഹം വീമ്പു പറഞ്ഞു.
ഏറെക്കുറെ അതേ കാലത്തുതന്നെ സ്കോട്ട്ലണ്ടിൽ സമാനമായ ഒരു ചിന്താഗതി ആവിർഭവിച്ചു. 1603-ൽ ഇംഗ്ലണ്ടിൽ ജയിംസ് I-ാമൻ എന്ന പേരിൽ ഭരണം തുടങ്ങുന്നതിനു മുമ്പ് എന്നാൽ ഈ ഏകാധിപതി സ്കോട്ട്ലണ്ടിൽ ജയിംസ് VI-ാമൻ എന്ന പേരിൽ ഭരിച്ചുകൊണ്ടിരിക്കുമ്പോൾ ഇപ്രകാരം എഴുതി: “രാജാക്കൻമാരെ ദേവൻമാർ എന്നു വിളിക്കുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയിലെ ദൈവസിംഹാസനത്തിൽ ആസനസ്ഥരായിരിക്കുന്നു. അവർ ഭരണത്തെപ്പററി ദൈവത്തോടു കണക്കു പറയേണ്ടതുണ്ട്.” ബൈബിൾ ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്യാൻ അധികാരപ്പെടുത്താൻ ഈ വിശ്വാസം ജെയിംസിനെ എത്രത്തോളം സ്വാധീനിച്ചു എന്നു നമുക്കറിഞ്ഞുകൂടാ. ഫലമെന്തായി എന്നു നമുക്കറിയാം, പ്രൊട്ടസ്ററൻറുകാർ ഇപ്പോഴും ധാരാളമായി ഉപയോഗിക്കുന്ന ജയിംസ് രാജാവിന്റെ ഭാഷാന്തരം.
സമ്പൂർണ്ണ രാജാധിപത്യങ്ങളുടെ കാലം
മദ്ധ്യ യുഗങ്ങളുടെ ആരംഭം മുതൽ രാജാധിപത്യങ്ങൾ സാധാരണ ഭരണരൂപമായിരുന്നു. പ്രമുഖരായ ഭൂവുടമകൾക്ക് അധികാരം വീതിച്ചുകൊടുത്തുകൊണ്ട് രാജാക്കൻമാർ ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ ഭരണ രീതി വളർത്തിയെടുത്തു. ഇതു ക്രമേണ ഫ്യൂഡലിസം എന്നറിയപ്പെട്ട രാഷ്ട്രീയ സൈനിക വ്യവസ്ഥിതിക്കു വഴിയൊരുക്കി. സൈനിക സേവനത്തിനും മററു സേവനങ്ങൾക്കും പ്രതിഫലമായി ഭൂവുടമകൾ കുടിയാൻമാർക്ക് ഭൂമി നൽകി. ഫ്യൂഡൽ ഭൂവുടമകൾ എത്രയും പ്രബലരും ശക്തരുമായിത്തീരുന്നുവോ അത്രതന്നെ രാജ്യം ഫ്യൂഡൽ ശാക്തികച്ചേരികളായി ശിഥിലീകരിക്കപ്പെടുന്നതിനുള്ള സാദ്ധ്യത കൂടുതലായിരുന്നു.
കൂടാതെ ഫ്യൂഡൽവ്യവസ്ഥ പൗരൻമാരുടെ അന്തസ്സും സ്വാതന്ത്ര്യവും കവർന്നു. സൈന്യാധിപരായ ഭൂസ്വാമിമാരുടെ വരുമാനത്തിനു മുഖ്യ കാരണക്കാരായ പൗരൻമാരെ അവർ അടക്കി വാണു. വിദ്യാഭ്യാസമോ സാംസ്കാരിക അവസരങ്ങളോ നിഷേധിക്കപ്പെട്ട “അടിയാന് ഭൂപ്രഭുവിനെതിരെ നിയമം മൂലം നേടിയെടുക്കാവുന്ന അവകാശങ്ങൾ വിരളമായിരുന്നു,” എന്ന് കോളിയേഴ്സ് എൻസൈക്ലോപ്പീഡിയ പറയുന്നു. “അയാൾക്കു വിവാഹം കഴിക്കുന്നതിനോ കൈവശഭൂമി അവകാശികൾക്കു കൈമാറുന്നതിനോ പ്രഭുവിന്റെ അനുമതി കൂടാതെ ഭൂമി വിട്ടുപോകുന്നതിനോ കഴിയുമായിരുന്നില്ല.”
സമ്പൂർണ്ണ രാജാധിപത്യങ്ങളിൽ ഭരണ രീതി ഇതു മാത്രമായിരുന്നില്ല. ചില രാജാക്കൻമാർ ഭരണാധികാരം വ്യക്തികൾക്കു നൽകി. ആവശ്യമെങ്കിൽ പിന്നീട് അവരെ സ്ഥാനത്തുനിന്ന് നീക്കാമായിരുന്നു. വേറെ ചില രാജാക്കൻമാർ പ്രാദേശിക ഭരണം ജനപ്രീതിയുള്ള സ്ഥാപനങ്ങളെ ഏൽപ്പിച്ചു. അവർ പ്രാദേശികാചാരങ്ങളും നാട്ടുനടപ്പുമനുസരിച്ച് ഭരിച്ചു. എന്നാൽ ഈ ഭരണരീതികളെല്ലാം ഒരു വിധമല്ലെങ്കിൽ മറെറാരു വിധം അതൃപ്തികരമായിരുന്നു. എങ്കിലും ഇംഗ്ലണ്ടിലെ സർ റോബർട്ട് ഫിൽമർ ഫ്രാൻസിലെ ജാക്വാസ് ബെനൈൻ ബോസ്സെ എന്നിവരെപ്പോലെയുള്ള 17-ാം നൂററാണ്ടിലെ എഴുത്തുകാർ ഏകച്ഛത്രാധിപത്യം ഏററവും നല്ല ഭരണ രീതിയായി വാദിച്ചു. എന്നാൽ അതിന്റെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു.
“ദൈവങ്ങൾ” നാമമാത്ര ഭരണാധികാരികളായി തരംതാഴ്ത്തപ്പെടുന്നു.
രാജാധിപതികൾ ദൈവത്തോടു മാത്രം ഉത്തരവാദിത്വപ്പെട്ടിരുന്നു എന്നായിരുന്നു പൊതു വിശ്വാസം. എങ്കിലും മാനുഷ നിയമങ്ങളോടും ആചാരങ്ങളോടും അധികാരങ്ങളോടും അവർ ഉത്തരവാദിത്വം കാണിക്കാൻ ഏറെക്കാലമായി സമ്മർദ്ദം വളർന്നുകൊണ്ടിരുന്നു. 18-ാം നൂററാണ്ടായപ്പോഴേക്കു “രാജാധിപതികൾ 17-ാം നൂററാണ്ടിലെ പരമാധികാരികളുടേതിൽ നിന്നു വ്യത്യസ്തമായ സംസാരശൈലി പ്രയോഗിച്ചു” എന്ന് ദി കൊളമ്പിയ ഹിസ്റററി ഓഫ് ദി വേൾഡ് പറയുന്നു. എങ്കിലും “പുതിയ സംസാരശൈലിയുടെ ആഴത്തിലും പിമ്പിലും അവർ പരമാധികാരികൾ തന്നെയായിരുന്നു.” “ഫ്രെഡറിക്ക് ദി ഗ്രേററ് ‘രാജ്യത്തിന്റെ പ്രഥമ ദാസൻ’ എന്നു സ്വയം വിളിക്കുകയും രാജാക്കൻമാരുടെ ദിവ്യാവകാശങ്ങൾ നിരാകരിക്കയും ചെയ്തപ്പോൾ അദ്ദേഹം അധികാര ത്യാഗത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നില്ല,” പ്രസ്തുത ഗ്രന്ഥം വിശദീകരിക്കുന്നു.
എങ്കിലും ഇംഗ്ലണ്ടിലുണ്ടായ 1688-ലെ വിപ്ലവത്തിനും 1789-ലെ ഫ്രെഞ്ചുവിപ്ലവത്തിനും ശേഷം മിക്ക നാടുകളിലും ഏകച്ഛത്രാധിപത്യത്തിന്റെ ദിനങ്ങൾ കഴിഞ്ഞിരുന്നു. ക്രമേണ സമ്പൂർണ്ണ രാജാധിപത്യങ്ങൾ നിയമസഭകളോ ഭരണഘടനകളോ അഥവാ രണ്ടും കൂടിയോ ഉള്ള നിയന്ത്രിത രാജാധിപത്യങ്ങൾക്കു വഴിമാറി. ചരിത്രകാരനായ ഡബ്ലിയു. എൽ. വാറൻ പറയുംപോലെ ഒരു രാജാവ് രാജപദവിക്കു പ്രാപ്തനെന്നു സ്വയം തെളിയിക്കുകയും അദ്ദേഹത്തിന്റെ പ്രജകൾ അത് അംഗീകരിക്കാൻ തയ്യാറായിരിക്കയും ചെയ്ത” 12-ാം നൂററാണ്ടിൽനിന്നു വ്യത്യസ്തമായി ഇന്ന് മിക്ക രാജാക്കൻമാരുടേയും രാജ്ഞിമാരുടേയും രാഷ്ട്രീയാധികാരം വളരെ നിയന്ത്രിതമാണ്.
തീർച്ചയായും ചില രാജാധികാരികൾ ഇപ്പോഴും ഗണ്യമായ അധികാരം കൈയാളുന്നു. എന്നാൽ അവരിൽ മിക്കവർക്കും ദേവത്വപരിവേഷം നഷ്ടപ്പെട്ടിട്ട് ദീർഘകാലമായി. കൂറുള്ള പ്രജകളാൽ വലയം ചെയ്യപ്പെട്ട അധികാരത്തിന്റെ കേന്ദ്രബിന്ദുവായി, നാമമാത്ര ഭരണാധികാരിയായി സേവിക്കുന്നതിൽ അവർ ഇന്നു സംതൃപ്തരാകുന്നു. ഒരു വ്യക്തി ഭരിക്കുന്നതിന്റെ ഏകീഭവിപ്പിക്കുന്ന ഗുണവിശേഷങ്ങൾ നിലനിർത്താൻ നിയന്ത്രിത രാജാധിപത്യങ്ങൾ ശ്രമിച്ചിട്ടുണ്ട്. അതേ സമയം ഒരു നിയമ നിർമ്മാണ സമിതിക്ക് യഥാർത്ഥ അധികാരം നൽകിക്കൊണ്ട് അതിന്റെ ദോഷവശങ്ങൾ നീക്കം ചെയ്യുന്നതിനും ശ്രമിച്ചിരിക്കുന്നു.
നിയന്ത്രിത രാജാധിപത്യം എന്ന ആശയം ഇന്നും സമ്മതിയുള്ളതാണ്. ‘രാജ്യത്തെ ഒന്നിപ്പിച്ചു നിർത്തുന്നതിന് രാജാവ് അനിവാര്യമാണെന്നു’ പറഞ്ഞുകൊണ്ട് 1983-ൽ നേപ്പാളിലെ നേപ്പാളി കോൺഗ്രസ്പാർട്ടിയുടെ നേതാവായ കൃഷ്ണപ്രസാദ് ഭട്ടറായ്, രാജഭരണം ‘കുഴപ്പത്തിനെതിരെ ഒരു പ്രതിരോധ’ മാണെന്ന് പ്രസ്താവിച്ചു. 1987-ൽ ഫ്രഞ്ചുവിപ്ലവത്തിന്റെ 200-ാം വാർഷികം ആഘോഷിക്കുന്നതിനു ഫ്രഞ്ചുകാർ അവസാന ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ വോട്ടു ചെയ്തവരിൽ 17 ശതമാനം രാജഭരണത്തിന്റെ ഒരു തിരിച്ചു വരവിനെ അനുകൂലിച്ചു. രാജഭരണത്തെ അനുകൂലിക്കുന്ന ഗ്രൂപ്പിലെ ഒരംഗം പറഞ്ഞു: “രാഷ്ട്രീയ കലഹങ്ങളാൽ ഇത്രത്തോളം വിഭക്തമായ ഒരു രാഷ്ട്രത്തെ ഏകോപിപ്പിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗമാണ് രാജാവ്.”
അതേ വർഷം റൈറം മാസിക ഇങ്ങനെ അഭിപ്രായപ്പെട്ടു: “നമ്മുടെ മതേതര കാലഘട്ടത്തിന്റെ അവസാനത്തെ ശ്രേഷ്ഠ വിഗ്രഹങ്ങളാണ് രാജാക്കൻമാർ എന്നതുകൊണ്ട് രാജത്വം പ്രജകളിൽ കൂറ് ഉളവാക്കുന്നു; നിഗൂഢതയുടെ മൂടുപടത്തിലായിരിക്കുമ്പോൾതന്നെ ഇപ്പോഴും വിശ്വാസത്തെ ത്വരിതപ്പെടുത്താൻ കഴിയുന്ന അതിമാനുഷ പ്രതിരൂപങ്ങൾ രാജാക്കൻമാർ മാത്രമാണ്. ദൈവം മരിച്ചുവെങ്കിൽ രാജ്ഞി നീണാൾ വാഴട്ടെ!” എന്നാൽ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ വീക്ഷിച്ചുകൊണ്ട് “[ബ്രിട്ടീഷ്] രാജ്ഞിയുടെ പരമാധികാരം അവരുടെ തിളക്കമേറിയ അധികാര രാഹിത്യത്തിലാണ്” എന്ന് മാസിക തുടർന്നു.
അപര്യാപ്തമെന്നു തെളിഞ്ഞു
സമ്പൂർണ്ണ രാജാധിപത്യങ്ങൾ തൃപ്തികരമല്ല. അവയുടെ ഘടനയിൽ തന്നെ അവ അസ്ഥിരമാണ്. പെട്ടെന്നുതന്നെയോ താമസിച്ചോ ഓരോ ഭരണാധികാരിയും മരണമടയുന്നു; ഒരു പിൻഗാമി ആ സ്ഥാനം ഏറെറടുക്കുന്നു; ആ വ്യക്തി ഉന്നത ധാർമ്മിക നിഷ്ഠകളോ കഴിവുകളോ നിമിത്തമല്ല, പിന്നെയോ ഒട്ടു മിക്കപ്പോഴും അനന്തരാവകാശ മുറയിൽ തെരഞ്ഞെടുക്കപ്പെടുന്നു. ഒരു പുത്രൻ അയാളുടെ പിതാവിനോളം നല്ലവനായിരിക്കുമെന്ന് ഉറപ്പു നൽകാൻ ആർക്കു കഴിയും? അല്ലെങ്കിൽ ഒരു പിതാവ് കൊള്ളരുതാത്തവനായിരുന്നെങ്കിൽ അയാളുടെ പുത്രൻ മെച്ചമായിരിക്കുമെന്ന് ആർ ഉറപ്പു നൽകും?
മാത്രമല്ല, ക്രിസ്ററ്യാനോ ഗ്രേററാനെല്ലി ചൂണ്ടിക്കാട്ടുന്നതുപോലെ “രാജാവിന്റെ പിൻഗാമിയുടെ തെരഞ്ഞെടുപ്പ്” മിക്കപ്പോഴും “അയവേറിയ വ്യവസ്ഥകളോടുകൂടിയതാണ്. തൻമൂലം രാജകീയ പരമ്പരയിലെ അർഹരായ അംഗങ്ങൾക്കിടയിൽ മത്സരം ഉളവായേക്കാം. ഇങ്ങനെ ഒരു രാജാവിന്റെ മരണത്തെ തുടർന്നുവരുന്ന കാലഘട്ടം സാധാരണയായി, യഥാർത്ഥമായും സാദൃശ്യാർത്ഥമായും സാമൂഹിക (സാർവത്രിക) കുഴപ്പങ്ങളുടെ ഒരു കാലമാണ്.”
ഒരാളുടെ ഭരണമായതിനാൽ ഒരു സമ്പൂർണ്ണ രാജാധിപത്യത്തിന്റെ പ്രയോഗക്ഷമത ഭരണാധികാരിയായിരിക്കുന്ന വ്യക്തിയുടെ പ്രയോഗക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. അയാളുടെ കഴിവുകളും സൽഗുണങ്ങളും ഭരണത്തിൽ പ്രതിഫലിക്കും. അതുപോലെ തന്നെ അയാളുടെ കഴിവുകേടുകളും പരിമിതികളും ജ്ഞാനമില്ലായ്മയും ഭരണ രംഗത്തു പ്രതിഫലിക്കും. ഉന്നത കുലജാതരും അപൂർണ്ണരാണ്. ചീത്ത രാജാക്കൻമാർ ചീത്ത ഭരണകൂടങ്ങൾ കാഴ്ചവെക്കുന്നു. നല്ല രാജാക്കൻമാർ താരതമ്യേന മെച്ചപ്പെട്ട ഭരണം പ്രദാനം ചെയ്തേക്കാം; എന്നാൽ ഒരു പൂർണ്ണനായ രാജാവിനു മാത്രമേ മനുഷ്യ സമുദായം അഭിലഷിക്കുന്നതും അർഹിക്കുന്നതുമായ തരം ഭരണം സ്ഥാപിക്കാൻ കഴിയുകയുള്ളു.
പാർലമെൻറിനോട് ഉത്തരവാദിത്വമുള്ള അഥവാ നിയന്ത്രിതമായ രാജാധിപത്യങ്ങൾപോലും അപര്യാപ്തങ്ങളാകുന്നു. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏററവും വിസ്തൃതവും ശക്തവുമായിരുന്ന സാമ്രാജ്യത്തിന്റെ വിഭജനം ഇംഗ്ലണ്ടിലെ നാമമാത്ര ഭരണാധികാരികളായിരുന്ന രാജാക്കൻമാരും രാജ്ഞിമാരും നോക്കിനിൽക്കുന്നത്, ബ്രിട്ടനിൽ ഈ നൂററാണ്ട് ദർശിച്ചു.
ഒരു വ്യത്യസ്ത തരം നക്ഷത്രം
രാജാക്കൻമാർ നക്ഷത്രങ്ങൾപോലെ ഉദിച്ചുയരുകയും വീഴുകയും ചെയ്യുന്നു—ഒരു രാജാവ് ഒഴികെ. തന്നെക്കുറിച്ചുതന്നെ യേശുക്രിസ്തു പറയുന്നു: “ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയ നക്ഷത്രവുമാകുന്നു.” (വെളിപ്പാട് 22:16) ദാവീദു രാജാവിന്റെ നേരിട്ടുള്ള വംശജനാകയാൽ ദൈവത്തിന്റെ ദിവ്യാധിപത്യ ഭരണത്തിന്റെ രാജാവാകാൻ യേശു ജഡപ്രകാരം യോഗ്യനാകുന്നു. യേശു “ശുഭ്രമായ പ്രഭാത നക്ഷത്രം” ആയിരിക്കുന്നതുപോലെതന്നെ പത്രോസ് പറഞ്ഞ വിധം ഉദിക്കുകയും പകൽ പൊട്ടിവിടരാനിടയാക്കുകയും ചെയ്യുന്ന “പകൽ നക്ഷത്ര”വുമാകുന്നു.—1 പത്രോസ് 1:19; സംഖ്യ 24:17; സങ്കീർത്തനം 89:34-37.
ഈ യാഥാർത്ഥ്യങ്ങളുടെ വീക്ഷണത്തിൽ മാനുഷ രാജത്വങ്ങളുടെ വീണുപോകുന്ന നക്ഷത്രങ്ങളിലേക്കു മാർഗ്ഗദർശനത്തിനായി നോക്കുന്നത് എത്രത്തോളം ബുദ്ധി പൂർവകമാണ്? നേരേ മറിച്ച് “രാജാധി രാജാവും കർത്താധി കർത്താവും [എല്ലാ മാനുഷ രാജാക്കൻമാരിലുമുപരി] താൻ മാത്രം അമർത്യതയുള്ളവനു”മായി ദൈവത്തിന്റെ നിർദ്ദിഷ്ട രാജാവായ യേശുക്രിസ്തുവിൽ പ്രതീക്ഷയർപ്പിക്കാൻ വിവേകം നമ്മോടാവശ്യപ്പെടുന്നു. (1 തിമൊഥെയോസ് 6:15, 16) സ്വർഗ്ഗങ്ങളിൽ അദൃശ്യ രാജാവായി ഉദിച്ചുയർന്നു കഴിഞ്ഞിരിക്കുന്നതിനാൽ അവൻ ഒരു പുതിയ ലോകത്തിന്റെ പുലരി പെട്ടെന്നു കൈവരുത്തും. യേശു ഒരു നക്ഷത്രം—ഒരു രാജാവ്—ആകുന്നു. ഇപ്പോൾ ഉദിച്ചുയർന്നിരിക്കുന്ന അവൻ ഒരിക്കലും വീഴുകയില്ല! (g90 8/22)
[13-ാം പേജിലെ ചിത്രം]
മരണത്തിൽ ഏററവും നല്ല മാനുഷ രാജാവുപോലും സ്വന്തം പ്രവൃത്തി അനിശ്ചിത കരങ്ങളിൽ വിട്ടിട്ടുപോകുന്നു.