മാനുഷ ഭരണംതുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 6 കറുത്ത ഷെർട്ടുകളും സ്വസ്തികകളും
ഫാസിസം: സ്വേച്ഛാധിപത്യത്താലുള്ള ഒരു ഗവൺമെൻറ്, സമ്പദ്ഘടനയിൻമേലുള്ള സംസ്ഥാനനിയന്ത്രണത്താലും സാമൂഹ്യ സൈനികവൽക്കരണത്താലും അടയാളപ്പെടുത്തപ്പെടുന്ന ഒരു സമരോത്സുക ദേശീയത്വത്തിന്റെ തത്വശാസ്ത്രം; നാസിസം: ഹിററ്ലറുടെ കീഴിലെ നാഷനൽ സോഷ്യലിസ്ററ് ജർമ്മൻ വർക്കേഴ്സ് പാർട്ടി നടപ്പിലാക്കിയ രീതിയിലുള്ള ഫാസിസം.
ഫാസിസം എന്ന പദം പൊതുവെ കറുത്ത ഷെർട്ടുകളിട്ട ഇററാലിയൻ സൈനികവ്യൂഹങ്ങളും സ്വസ്തികാങ്കിതമായ തവിട്ടു യൂണിഫോമുകൾ ധരിച്ച ജർമ്മൻ മിന്നലാക്രമണ സൈനികദളങ്ങളും ചേർന്ന പ്രതിബിംബങ്ങളെ മനസ്സിലേക്കാനയിക്കുന്നു. പക്ഷേ, മററു രാജ്യങ്ങൾക്കും ഫാസിസത്തെക്കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്.
ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിൽ ഹംഗറി, റൊമേനിയ, ജപ്പാൻ എന്നിവിടങ്ങളിൽ ഫാസിസത്തിന് പ്രാമുഖ്യത കൈവന്നു. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ ഫാസിസ്ററ് പിന്തുണ, സ്പെയിനിന്റെ മേൽ ആധിപത്യംനേടാൻ ഫ്രാൻസിസ്കോ ഫ്രാങ്കോയെ സഹായിച്ചുവെങ്കിലും അനേകം ചരിത്രകാരൻമാരും ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യത്തെ (1939-75) പ്രകൃതത്തിൽ കറ തീർന്ന ഫാസിസ്ററ് രീതിയിലുള്ളതായി വീക്ഷിക്കുന്നില്ല. നേരേമറിച്ച് യുവാൻ ഡിപെറോൺ സ്ഥാപിച്ച അർജൻറീനയിലെ സ്വേച്ഛാധിപത്യം (1943-55) ആ വിധത്തിലുള്ളത് ആയിരുന്നു.
സംസ്ഥാനത്തെ ആരാധിക്കൽ
“ഫാസിസം” എന്നത് ഇററാലിയൻ പദമായ ഫാഷിയോ എന്നതിൽനിന്നും വരുന്നു, അത് അധികാരത്തിന്റെ പൗരാണിക റോമൻ ചിഹ്നത്തെ പരാമർശിക്കുന്നു. ഫാസ് എന്ന് ലത്തീനിൽ വിളിക്കപ്പെടുന്ന ഇത് ഒരു മഴുവിന്റെ മുന പുറത്തേക്കു തുറിച്ചുനിൽക്കുന്ന ഒരു കെട്ടു ദണ്ഡുകളായിരുന്നു, സംസ്ഥാനത്തിന്റെ അന്തിമാധികാരത്തിനു കീഴെയുള്ള ജനങ്ങളുടെ ഐക്യത്തിന്റെ ഒരു അനുയോജ്യമായ പ്രതീകംതന്നെ.
ഫാസിസത്തിന്റെ ചില വേരുകൾ നിക്കോളോ മാക്യവെല്ലിയുടെ കാലംവരെ പിന്നോട്ടു ചെല്ലുന്നുവെങ്കിലും അയാളുടെ ജനനത്തിന് 450 വർഷത്തിനുശേഷം 1919-തിലാണ് ബെനിറേറാ മുസ്സോളിനി ആ പദം ആദ്യമായി ഉപയോഗിച്ചത്. അധികാരം നിഷ്കരുണമായും എന്നാൽ കാര്യതന്ത്രജ്ഞതയോടും കൂടെ പ്രയോഗിക്കുന്ന അപരിമിതമായ അധികാരം കയ്യാളുന്ന ഒരു ഭരണാധികാരിയാൽ മാത്രമേ തന്റെ നാളിലെ രാഷ്ട്രീയ അഴിമതിയെ മറികടക്കാൻ കഴിയൂ എന്ന് മാക്യവെല്ലി അവകാശപ്പെട്ടു.
ഒരു ഫാസിസ്ററ് ഗവൺമെൻറ് ഫലപ്രദമാവണമെങ്കിൽ അതിന് കേവലം ശക്തനും അവസരത്തിനൊത്തുയരുന്നവനും ഊർജ്ജസ്വലനുമായ ഒരു നേതാവാണ് ആവശ്യമായിരിക്കുന്നത്. മുസ്സോളിനിയും ഹിററ്ലറും വെറും “നേതാവ്”—ഇൽ സുച്ചേയും ദെർഫ്യൂററും—എന്നാണ് അറിയപ്പെട്ടിരുന്നത്.
ഫാസിസം മതപരവും ലൗകികവുമായ ഏതു അധികാരത്തിനും ഉപരിയായി സംസ്ഥാനത്തെ ഉയർത്തുന്നു. 16-ാം നൂററാണ്ടിലെ ഫ്രഞ്ച് നിയമജ്ഞനായിരുന്ന ജീൻ ബോഡിൻ, 17-ാം നൂററാണ്ടിലെ ഇംഗ്ലീഷ് തത്വചിന്തകനായ തോമസ് ഹോബ്സ് അതുപോലെ 18ഉം 19ഉം നൂററാണ്ടുകളിലെ ജർമ്മൻ തത്വചിന്തകനായ ജോമാൻ ഗോററ്ലീബ് ഫീഴ്ച്ചേ, ജോർജ് വിൽഹെം ഫ്രെഡറിക്ക് ഹെഗൽ, ഹെൻറീച്ച് വോൺട്രെയ്ററ്സ്കീ, ഇവരെല്ലാം സംസ്ഥാനത്തെ മഹത്വീകരിച്ചു. സംസ്ഥാനം മേൽക്കോയ്മയുടെ അഗ്രിമസ്ഥാനത്താണെന്നും വ്യക്തിയുടെ ആത്യന്തിക ധർമ്മം അതിനു വിശ്വസ്തപിന്തുണ നൽകുക എന്നതാണെന്നും ഹെഗൽ പഠിപ്പിച്ചു.
അവയുടെ സ്വഭാവത്താൽതന്നെ എല്ലാ ഗവൺമെൻറുകളും അധികാരം പ്രയോഗിച്ചേ തീരൂ. എന്നാൽ ഫാസിസ്ററ് സംസ്ഥാനങ്ങൾ അന്ധമായ അനുസരണം ആവശ്യപ്പെട്ടുകൊണ്ട് അധികാരം അങ്ങേയററം പ്രയോഗിക്കാൻ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. മനുഷ്യരെ സംസ്ഥാനത്തിന്റെ അടിമകളെക്കാൾ അൽപ്പം മാത്രം ഉയർന്നവരായി വീക്ഷിച്ചുകൊണ്ട് ട്രെയ്ററ്സ്കി പറഞ്ഞു: “നിങ്ങൾ അനുസരിക്കുന്നിടത്തോളംകാലം നിങ്ങൾ എന്തു ചിന്തിക്കുന്നുവെന്നത് പ്രശ്നമല്ല.” വിശേഷാൽ, ഫാസിസം ഫ്രഞ്ചുവിപ്ലവത്തിൽ മുഴങ്ങിക്കേട്ട “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം” എന്ന പ്രഖ്യാപനത്തെ “വിശ്വസിക്കാൻ, അനുസരിക്കാൻ, പൊരുതാൻ” എന്ന ഇററാലിയൻ മുദ്രാവാക്യത്താൽ പുനഃസ്ഥാപിച്ചു.
ഫാസിസം യുദ്ധത്തെ മഹത്വീകരിക്കുന്നു
പൊരുതാനോ? അതേ! “യുദ്ധത്തിനുമാത്രമെ സകല മനുഷ്യപ്രാപ്തികളുടെയുംമേൽ അങ്ങേയററത്തെ പിരിമുറുക്കമുളവാക്കാനും അതിനെ നേരിടാൻ ധൈര്യമുള്ള ജനതകളുടെമേൽ കുലീനതയുടെ മുദ്ര പതിപ്പിക്കാനും കഴിയൂ” എന്ന് പിൻവരുന്ന പ്രകാരം കൂട്ടിച്ചേർത്തുകൊണ്ട് മുസ്സോളിനി പറഞ്ഞു: “മാതൃത്വം സ്ത്രീക്ക് എന്താണോ അതാണ് പുരുഷന് യുദ്ധം,” ശാശ്വത സമാധാനത്തെ “വിഷാദാത്മകവും സകല മൗലിക പൗരുഷമൂല്യങ്ങളുടെയും നിഷേധവും” എന്ന് അയാൾ വിളിച്ചു. ഇങ്ങനെ പറയുകയിൽ മുസ്സോളിനി കേവലം ട്രെയ്ററ്സ്കിയുടെ വീക്ഷണം പ്രതിഫലിപ്പിക്കുകയായിരുന്നു. യുദ്ധം ഒരു അനിവാര്യതയാണെന്നും അതിനെ ലോകമുഖത്തുനിന്ന് ഉച്ചാടനം ചെയ്യുന്നത് അങ്ങേയററം അധാർമ്മികമാണെന്നും മാത്രമല്ല, അത് “മനുഷ്യദേഹിയുടെ അനുപേക്ഷണീയവും ഉദാത്തവുമായ നിരവധി പ്രാപ്തികളെ ക്ഷയിപ്പിക്കുന്നതുമാണ്” എന്ന് അയാൾ വാദിച്ചു.
യുദ്ധത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ഈ പശ്ചാത്തലത്തിൽ, ആധുനിക ഫാസിസത്തിന്റെ ആരംഭം ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമനിലാണെന്ന നിഗമനത്തിലേക്ക് അനേകം ചരിത്രകാരൻമാരും ചെന്നെത്തുന്നതായി മനസ്സിലാക്കുമ്പോൾ നാം ആശ്ചര്യപ്പെടരുത്. 1,800കളുടെ പ്രാരംഭത്തിലെ ഒരു സ്വേച്ഛാധിപതിയായിരുന്ന അദ്ദേഹം നിസ്സംശയമായും ഒരു ഫാസിസ്ററല്ലായിരുന്നു. എന്നുവരികിലും ഒരു രഹസ്യപ്പോലീസ്സംവിധാനം സ്ഥാപിച്ചതും പത്രലോകത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രചാരണത്തിന്റെയും സെൻസർഷിപ്പിന്റെയും വിദഗ്ദ്ധമായ ഉപയോഗവുംപോലുള്ള അദ്ദേഹത്തിന്റെ നയങ്ങൾ പിൽക്കാലത്ത് ഫാസിസ്ററുകൾ പകർത്തുകയുണ്ടായി. നിശ്ചയമായും ഫ്രാൻസിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള അയാളുടെ ദൃഢനിശ്ചയവും അറിയപ്പെട്ട ഫാസിസ്ററ് നേതാക്കളുടെ ദേശീയപ്പെരുമയെപ്പററിയുള്ള വ്യാമോഹത്തിന്റെ മാതൃകയാണ്.
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ടോടെ ഇററലിയിലെ ഫാസിസ്ററുകൾ മുസ്സോളിനിയെ പ്രധാനമന്ത്രിയായി അവരോധിക്കാൻതക്കവിധം പ്രബലരായിരുന്നു, ഒരു സ്വേച്ഛാധികാരിയായിരിക്കാനുള്ള ഒരു ചവിട്ടുപടിയായി അയാൾ വേഗംതന്നെ ആ പദവിയെ ഉപയോഗിച്ചു. വേതനം, സമയം, ഉൽപ്പാദനലക്ഷ്യങ്ങൾ എന്നിവയെ സംബന്ധിച്ചടത്തോളം സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യവസായങ്ങൾ കർശനമായ ഗവൺമെൻറ് നിയന്ത്രണത്തിന് വിധേയമാക്കപ്പെട്ടു. യഥാർത്ഥത്തിൽ ഗവൺമെൻറ്-താൽപ്പര്യങ്ങൾക്കു സേവചെയ്യുന്ന അളവോളം മാത്രമെ സ്വകാര്യ ഉദ്യമങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടുള്ളു. ഫാസിസ്ററ് അല്ലാത്ത മററു രാഷ്ട്രീയകക്ഷികളെല്ലാം നിയമവിരുദ്ധമാക്കപ്പെട്ടു; തൊഴിലാളിയൂണിയനുകൾ നിരോധിക്കപ്പെട്ടു. സെൻസർഷിപ്പ്മുഖേന എതിരാളികളെ നിശ്ശബ്ദരാക്കിക്കൊണ്ട് ഗവൺമെൻറ് തന്ത്രപൂർവം മാധ്യമങ്ങളെ നിയന്ത്രിച്ചു. യുവജനങ്ങളിൽ ഫാസിസ്ററ് തത്വശാസ്ത്രം സന്നിവേശിപ്പിക്കുന്നതിന് സവിശേഷശ്രദ്ധ നൽകപ്പെടുകയും വ്യക്തിസ്വാതന്ത്ര്യത്തെ ഗുരുതരമായി വെട്ടിച്ചുരുക്കുകയും ചെയ്തു.
ഫാസിസം, ജർമ്മൻമാതൃക
“അധികാരത്തിലേക്കെത്തിയ പാതകളിൽ സമാനതകൾ ഉണ്ടെന്നുവരികിലും, ഇററലിയിലെ ഫാസിസവും ജർമ്മനിയിലെ നാസിസവും അവയുടെ പ്രകൃതത്തിലും ഭാവിയെക്കുറിച്ചുള്ള ദർശനത്തിലും ശ്രദ്ധേയമാംവിധം വിഭിന്നമായിരുന്നു” എന്ന് എ. കസ്സെൽസിനാലുള്ള ഫാസിസം എന്ന പുസ്തകം പറയുന്നു.
ഫാസിസ്ററ് ആശയഗതിയുടെ മുന്നോടികളായി സേവിച്ച മുൻസൂചിപ്പിച്ച തത്വചിന്തകരെക്കൂടാതെ, 19-ാം നൂററാണ്ടിലെ ജർമ്മൻ തത്വചിന്തകനായ ഫ്രെഡറിക് നിഷേയെപ്പോലുള്ള മററുള്ളവരും ജർമ്മനിയുടെ തനതായ ഒരു ഫാസിസം സൃഷ്ടിക്കുന്നതിൽ സഹായിച്ചു. നിഷേ ഒരു ഫാസിസ്ററ് ആയിരുന്നുവെന്നല്ല, പ്രത്യുത അദ്ദേഹം ഒരു കുലീനഭരണവർഗ്ഗം അഥവാ അതിമാനുഷരുടെ ഒരു വംശത്തിനായി ആഹ്വാനം ചെയ്തു. എന്നുവരികിലും, ഇങ്ങനെ ചെയ്യവേ യാതൊരു പ്രത്യേക വംശത്തെയോ ജനതയെയോ ജർമ്മൻജനതയെ വിശേഷിച്ചോ ഇഷ്ടപ്പെടുന്ന വിധത്തിൽ യാതൊന്നുംതന്നെ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നാൽ അയാളുടെ ചില ആശയങ്ങൾ നാഷനൽ സോഷ്യലിസ്ററ് ആശയഗതിക്കാർ ജർമ്മനിക്ക് തികച്ചും അനുയോജ്യമെന്ന് പരിഗണിച്ചിരുന്നതിനോട് അടുത്തതായിരുന്നു. അതുകൊണ്ട് ഈ ആശയങ്ങൾ അനുയോജ്യമാക്കിയെടുക്കുകയും നാസി ആദർശത്തോടു യോജിക്കാത്ത മററുള്ളവ തിരസ്കരിക്കുകയും ചെയ്തു.
ജർമ്മൻ ഗാന രചയിതാവായ റിച്ചാർഡ് വാഗ്നറും ഹിററ്ലറെ ശക്തമായി സ്വാധീനിച്ചിരുന്നു. കടുത്ത ദേശീയവാദിയും ദേശഭക്തനും എന്ന നിലയിൽ, വാഗ്നർ ജർമ്മനിയെ ലോകത്തിൽ ഒരു മഹാദൗത്യം നിറവേററാൻ നിയോഗിക്കപ്പെട്ടിരുന്നതായി വീക്ഷിച്ചു. “ഹിററ്ലർക്കും നാസി-പ്രത്യയശാസ്ത്രജ്ഞർക്കും വാഗ്നർ ഒരു സമ്പൂർണ്ണനായ ആദർശപുരുഷൻ ആയിരുന്നു” എന്ന് എൻസൈക്ലോപ്പീഡിയ ഓഫ് ദി തേർഡ് റെയ്ക്ക് പറയുന്നു. “ഈ എഴുത്തുകാരൻ ജർമ്മനിയുടെ മാഹാത്മ്യത്തെ സാരസംഗ്രഹം ചെയ്തു. ഹിററ്ലറുടെ വീക്ഷണത്തിൽ വാഗ്നറുടെ സംഗീതം ജർമ്മൻ ദേശീയതയെ ന്യായീകരിച്ചു” എന്ന് അതു വിശദീകരിച്ചു.
“എന്നിരുന്നാലും, അയാളുടെ രാഷ്ട്രീയ രചനകളല്ല, മറിച്ച് ജർമ്മൻ പൗരാണികത്വത്തിന്റെ ലോകത്തെ, അതിന്റെ ഐതിഹാസികമായ പുരാണങ്ങൾ, അതിന്റെ പോരാടുന്ന വിജാതീയദേവൻമാർ, വീരനായകൻമാർ, ദുർഭൂതങ്ങൾ, വ്യാളികൾ, നിണമണിഞ്ഞ കുടിപ്പകകൾ, പ്രാകൃതഗോത്രനൈതീക സംഹിതകൾ, നിയതബോധം, പ്രേമത്തിന്റെയും ജീവിതത്തിന്റെയും പകിട്ട്, മൃത്യുവിന്റെ ഉദാത്തഭാവം ഇവയെല്ലാംസഹിതം വർണ്ണോജ്വലമായി പുനരവതരിപ്പിക്കുന്ന വാഗ്നറുടെ ഉത്തുംഗമായ സംഗീതനാടകനൃത്തശിൽപ്പങ്ങളാണ് ആധുനിക ജർമ്മനിയുടെ പുരാണങ്ങൾക്ക് ജീവൻ പകർന്നതും അൽപ്പം ന്യായീകരണത്തോടെ ഹിററ്ലറും നാസികളും തങ്ങളുടെ സ്വന്തമായെടുത്ത ജർമ്മനിയുടേതായ ഒരു വെൽററ്-ആൻഷംഗ് [ലോകവീക്ഷണം] നൽകിയതും” എന്ന് എഴുത്തുകാരനായ വില്യം എൽ. ഷിറർ കൂട്ടിച്ചേർക്കുന്നു.
നിഷേയുടെയും വാഗ്നറുടെയും ചിന്താഗതികൾ രൂപപ്പെടുത്തപ്പെട്ടത്, 1853നും 1855നുമിടക്ക് എസ്സേ സുർ ലൈനിഗലൈററ് ഡെസ് റെയ്സസ് ഹ്യുമെനസ് (നരവംശങ്ങൾക്കിടയിലെ അസമത്വങ്ങളെക്കുറിച്ചുള്ള ഉപന്യാസം) രചിച്ച ഫ്രഞ്ച് നയതന്ത്രജ്ഞനും നരവംശ ശാസ്ത്രജ്ഞനുമായ കോംതേ ജോസഫ് ആർതർ ദ് ഗോബിന്യൂവിനാലാണ്. വംശങ്ങളുടെ ചേരുവയാണ് സംസ്കാരങ്ങളുടെ വിധി നിർണ്ണയിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു. ആര്യ സമൂഹങ്ങളുടെ വംശീയ സ്വഭാവത്തിൽ വെള്ളം ചേർക്കുന്നത് ആത്യന്തികമായി അവരുടെ അധഃപതനത്തിലേക്കു നയിക്കും എന്നും അയാൾ മുന്നറിയിപ്പു നൽകി.
ഈ ആശയങ്ങളിൽനിന്നു വികാസംപ്രാപിച്ച വംശീയതയും ശേമ്യ വംശങ്ങളോടുള്ള വിരോധവും ജർമ്മൻ ശൈലിയിലുള്ള ഫാസിസത്തിന്റെ സ്വഭാവ സവിശേഷതകൾ ആയിരുന്നു. ഈ രണ്ടു നയങ്ങൾക്കും ഇററലിയിൽ കുറഞ്ഞ പ്രസക്തിയേ ഉണ്ടായിരുന്നുള്ളു. യഥാർത്ഥത്തിൽ ഇററലിയിലെ ശേമ്യ-വംശജരോടുള്ള വിദ്വേഷത്തിന്റെ തെളിവുകൾ, ഫാസിസത്തിന്റെ പിന്നിലുള്ള അധീശശക്തി എന്ന നിലയ്ക്ക് ഹിററ്ലർ മുസ്സോളിനിയെ മാററിസ്ഥാപിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒരു സൂചനയായിട്ടാണ് അനേകം ഇററലിക്കാരും പരിഗണിച്ചത്. യഥാർത്ഥത്തിൽ കാലം കടന്നുപോയതോടെ ഇററലിയിലെ ഫാസിസത്തിൻമേലുള്ള ഹിററ്ലറുടെ സ്വാധീനം വളർന്നു.
ദേശീയമഹത്വം ആർജ്ജിക്കാനുള്ള തീവ്ര യത്നത്തിൽ ഇററലിയിലെ ഫാസിസവും ജർമ്മനിയിലെ ഫാസിസവും വിപരീത ദിശകളിലേക്കാണ് നോക്കിയത്. എഴുത്തുകാരനായ എ. കസ്സൽസ് വിശദീകരിക്കുന്ന പ്രകാരം, “പുരാതന റോമാക്കാരുടെ ചെയ്തികളെ പകർത്തുവാൻ മുസ്സോളിനി തന്റെ രാജ്യത്തുള്ളവരെ ഉദ്ബോധിപ്പിച്ചെന്നിരിക്കെ, നാസികളുടെ ആത്മാവിന്റെ വിപ്ലവം ഗതകാല ജർമ്മൻ വംശജ രാക്ഷസൻമാരെ അനുകരിക്കുന്നതിനു മാത്രമല്ല, ഇരുപതാം നൂററാണ്ടിൽ പുനരവതരിച്ച അതേ വംശീയ വീരൻമാരായിത്തീരുന്നതിന് ജർമൻകാരെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യംവെച്ചു. മററുവാക്കുകളിൽ പറഞ്ഞാൽ ഇററലിയിലെ ഫാസിസം, വ്യാവസായികമായി അൽപ്പവികസിത രാജ്യമായിരുന്ന ഇററലിയെ 20-ാം നൂററാണ്ടിലേക്കു വലിച്ചിഴച്ചുകൊണ്ട് മൺമറഞ്ഞ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിച്ചു. ജർമ്മനി നേരേമറിച്ച്, ഒരു പൗരാണിക ഭൂതകാലത്തിലേക്കു പിൻവലിഞ്ഞുകൊണ്ടാണ് മുൻകാല മഹത്വം വീണ്ടെടുക്കാൻ പ്രയത്നിച്ചത്.
ഇത് സാധ്യമാക്കിത്തീർത്തതെന്ത്?
അനേകം രാജ്യങ്ങളിലും ഫാസിസ്ററുകൾ അധികാരത്തിലേറിയത് ഒരു ദേശീയ ദുരന്തം, ഒരു സാമ്പത്തികത്തകർച്ച, അതുമല്ലെങ്കിൽ ഒരു സൈനികപരാജയം ഇവക്കുശേഷമാണ്. ഇത് ഇററലിയിലും ജർമ്മനിയിലും സത്യമായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് എതിർചേരികളിലായിരുന്നുവെങ്കിലും രണ്ടും അമ്പേ ക്ഷയിച്ചാണ് പോരാട്ടത്തിൽനിന്ന് പുറത്തുവന്നത്. ദേശീയ അതൃപ്തി, സാമ്പത്തിക കുഴപ്പം, മൂർച്ഛിച്ചുവന്നിരുന്ന വർഗ്ഗസമരങ്ങൾ എല്ലാം ഇരു രാജ്യങ്ങളേയും ബാധിച്ചിരുന്നു. ജർമ്മനി രൂക്ഷമായ നാണ്യപ്പെരുപ്പം അനുഭവിക്കുകയും തൊഴിലില്ലായ്മ കുതിച്ചു കയറുകയും ചെയ്തു. ജനാധിപത്യ തത്വം ദുർബ്ബലമായിരുന്നു, അത് അപ്പോഴും പ്രഷ്യയുടെ സൈനിക സർവ്വാധിപത്യ പാരമ്പര്യത്തിന്റെ ബന്ധനത്തിലായിരുന്നു. കൂടാതെ ഭയപ്പെട്ടിരുന്ന സോവിയററ് ബോൾഷേവിസത്തിന്റെ നിഴൽരൂപം എവിടെയും സീമാതീതമായി പ്രത്യക്ഷപ്പെട്ടു.
പരിണാമത്തെയും പ്രകൃതിനിർദ്ധാരണത്തെയും കുറിച്ചുള്ള ചാൾസ് ഡാർവിന്റെ ആശയം ഫാസിസത്തിന്റെ ഉദയത്തിന്റെ മറെറാരു പ്രമുഖ ഘടകമായിരുന്നു. ദി കൊളംബിയ ഹിസ്റററി ഓഫ് ദ വേൾഡ് എന്ന പുസ്തകം “മുസ്സോളിനിയും ഹിററ്ലറും പ്രകടമാക്കിയ ഫാസിസ്ററ് ആശയഗതികളിലുള്ള സാമൂഹ്യ ഡാർവിനിസത്തിന്റെ പുത്തനുണർവി”നെക്കുറിച്ചു പറയുന്നു.
സാമൂഹ്യ ഡാർവിനിസം “ഹിററ്ലറുടെ വർഗ്ഗോൻമൂലന നയത്തിന്റെ പിന്നിലെ ആശയഗതി”യായിരുന്നുവെന്നു വിശദീകരിച്ചുകൊണ്ട് എൻസൈക്ലോപ്പീഡിയ ഓഫ് ദ തേർഡ് റെയ്ക്ക് ഈ വിലയിരുത്തലിനോടു യോജിക്കുന്നു. ഡാർവിന്റെ പരിണാമവാദ പഠിപ്പിക്കലുകളോടു ചേർച്ചയിൽ, “ആധുനിക സംസ്ഥാനം, ദുർബ്ബലരെ സംരക്ഷിക്കുന്നതിന് അതിന്റെ ഊർജ്ജം അർപ്പിക്കുന്നതിനു പകരം അതിന്റെ ബലവും ആരോഗ്യവുമുള്ള ഘടകങ്ങൾക്കനുകൂലമായി അതിന്റെ ദുർബ്ബലഭാഗത്തെ തള്ളിക്കളയണം” എന്ന് ജർമ്മൻ ആദർശവാദികൾ വാദിച്ചു, യുദ്ധം അർഹതയുള്ളതിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിലെ ഒരു സ്വാഭാവിക സംഗതിയാണെന്നും “വിജയം കരുത്തുള്ളവർക്കാണെന്നും ദുർബ്ബലർ ഉൻമൂലനം ചെയ്യപ്പെടണമെന്നും” അവർ വാദിച്ചു.
പാഠം പഠിച്ചിട്ടുണ്ടോ?
കറുത്ത ഷെർട്ടിട്ട ഇററാലിയൻ സൈനീകവ്യൂഹങ്ങളുടെയും സ്വസ്തികയുള്ള തവിട്ടുയൂണിഫോറം അണിഞ്ഞ ജർമ്മൻ പടയുടെയും കാലം കഴിഞ്ഞിരിക്കുന്നു. എങ്കിലും 1990-ൽ പോലും ഫാസിസത്തിന്റെ അവശിഷ്ടങ്ങൾ ബാക്കിനിൽക്കുന്നു. മിക്കവാറുമെല്ലാ പശ്ചിമയൂറോപ്യൻ രാഷ്ട്രങ്ങളിലും “വലതുപക്ഷ തീവ്രവാദശക്തികൾ, മറഞ്ഞിരിക്കുന്ന വംശീയവാദത്തിനും സ്വേച്ഛാധികാരതൽപ്പരവും ദേശീയത്വപരവുമായ മൂല്യങ്ങളിലേക്കു തിരിച്ചുപോകാനുള്ള ഒരു പുനർവിചിന്തനത്തിനും അതിശയിപ്പിക്കുന്ന പിന്തുണ ഇപ്പോഴും നേടാൻ കഴിയും” എന്ന് ഒരിക്കൽകൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് എന്ന് രണ്ടുവർഷം മുമ്പ് ന്യൂസ്വീക്ക് മാസിക മുന്നറിയിപ്പു നൽകി. ഇത്തരം പ്രസ്ഥാനങ്ങളിൽ ഏററവും ഊർജ്ജസ്വലമായത് അടിസ്ഥാനപരമായി “നാഷനൽ സോഷ്യലിസത്തോടു തുല്യമായ” ഒരു സന്ദേശത്തോടുകൂടിയ ഫ്രാൻസിലെ ജീൻ-മേരീലേപെന്നിന്റെ ദേശീയ മുന്നണി ആണ്.
പുതിയ-ഫാസിസ്ററ് പ്രസ്ഥാനങ്ങളിൽ ആശ്രയം വെക്കുന്നത് ബുദ്ധിയാണോ? ഫാസിസത്തിന്റെ വേരുകൾ—ഡാർവിന്റെ പരിണാമം, വംശീയവാദം, സൈനിക മേധാവിത്വം, ദേശീയത്വം—എന്നിവ ഒരു നല്ല ഗവൺമെൻറ് പടുത്തുയർത്തുന്നതിനുള്ള ഒരു ഭദ്രമായ അടിത്തറ രൂപീകരിക്കുന്നുവോ? അഥവാ മറേറതൊരുതരം മാനുഷഭരണത്തെയുംപോലെ ഫാസിസം തുലാസ്സിൽ തൂക്കപ്പെട്ടിരിക്കുന്നുവെന്നും കുറവുള്ളതെന്നു കാണപ്പെട്ടിരിക്കുന്നുവെന്നും നിങ്ങൾ സമ്മതിക്കുകയില്ലേ? (g90 10/22)
[26-ാം പേജിലെ ചതുരം]
ഫാസിസം—അതിന്റെ അടിത്തറ ഭദ്രമോ?
ഡാർവിന്റെ പരിണാമം: “ശാസ്ത്രജ്ഞൻമാരുടെ ഒരു വർദ്ധിച്ചുവരുന്ന സംഖ്യ, ഏററവും വിശേഷാൽ പരിണാമവാദികളുടെ ഒരു വളരുന്ന സംഖ്യ . . . ഡാർവിന്റെ പരിണാമസിദ്ധാന്തം സത്യമായ ശാസ്ത്രീയ സിദ്ധാന്തമേയല്ലെന്നു വാദിക്കുന്നു.”—ന്യൂ സയൻറിസ്ററ്. ജൂൺ 25,1981, മൈക്കിൾ റൂസ്.
വംശീയവാദം: “മനുഷ്യവംശങ്ങളുടെയും ആളുകളുടെയും ഇടയിലെ വിടവ് നിലനിൽക്കുന്നിടത്ത്, അത് മനഃശാസ്ത്രപരവും സാമൂഹികവുമാണ്; അത് ജനിതകമല്ല!”—ജീൻസ് ആൻഡ് ദ മാൻ, പ്രൊഫസർ ബെൻററ്ലി ഗ്ലാസ്.
“എല്ലാവംശങ്ങളിലേയും മനുഷ്യജീവികൾ . . . ഒരേ ആദ്യമനുഷ്യനിൽനിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്.”—ഹെറിഡിററി ആൻഡ് ഹ്യൂമൻസ്, ശാസ്ത്ര എഴുത്തുകാരൻ, അമ്രാം ഷെൻഫീൽഡ്.
സൈനിക മേധാവിത്വം: “ഈ ഭ്രാന്തിൽ കോരിച്ചൊരിയപ്പെട്ട പാടവവും അദ്ധ്വാനവും ധനവും സത്യത്തിൽ മനസ്സിനെ സ്തബ്ധമാക്കുന്നു. രാഷ്ട്രങ്ങൾ മേലാൽ യുദ്ധം അഭ്യസിക്കാതിരുന്നുവെങ്കിൽ, മനുഷ്യവർഗ്ഗത്തിന് നേടാൻ കഴിയാത്തതായി യാതൊന്നുമുണ്ടാകുമായിരുന്നില്ല.”—അമേരിക്കൻ എഴുത്തുകാരനും പുലിററ്സർ സമ്മാനജേതാവുമായ ഹെർമ്മൻ വുക്ക്.
ദേശീയത്വം: “ദേശീയത്വം മനുഷ്യവർഗ്ഗത്തെ പരസ്പരം അസഹിഷ്ണുത പുലർത്തുന്ന ഘടകങ്ങളായി വേർതിരിക്കുന്നു. തൽഫലമായി ആളുകൾ ഒന്നാമത് അമേരിക്കക്കാർ, റഷ്യക്കാർ, ചൈനാക്കാർ, ഈജിപ്ററുകാർ, പെറുവിയാക്കാർ എന്നിങ്ങനെ ചിന്തിക്കുന്നു; മനുഷ്യജീവികളെന്ന നിലയിൽ ചിന്തിക്കുന്നുവെങ്കിൽതന്നെ അത് രണ്ടാമതായാണുതാനും.”—കോൺഫ്ളിക്ററ് ആൻഡ് കോഓപ്പറേഷൻ എമങ്ങ് നേഷൻസ്, ഐവോ ഡ്യൂഷസെക്ക്.
“ഇന്നും നാം അഭിമുഖീകരിക്കുന്ന വളരെയധികം പ്രശ്നങ്ങളും തെററായ മനോഭാവങ്ങൾ നിമിത്തമോ അഥവാ അവയുടെ ഫലമായോ ആണ് ഉണ്ടാവുന്നത്—അവയിൽ ചിലതെല്ലാം മിക്കവാറും നാം അറിയാതെതന്നെ അനുവർത്തിക്കപ്പെടുന്നു. ‘ശരിയായാലും തെററായാലും എന്റെ രാജ്യം’ എന്ന ഇടുങ്ങിയ ദേശീയത്വത്തിന്റെ സങ്കൽപ്പനം ഇവയിൽപെട്ടതാണ്.”—മുൻ യു.എൻ.സെക്രട്ടറി ജനറൽ യൂ താണ്ട്.
[25-ാം പേജിലെ ചിത്രങ്ങൾ]
സ്വസ്തികപോലുള്ള പൗരാണിക മതപ്രതീകങ്ങളോ “ദൈവം നമ്മോടുകൂടെ” എന്ന ആദർശസൂക്ഷമോ ഹിററ്ലറുടെ ഭരണത്തെ രക്ഷിച്ചില്ല
ഫാസിസത്തിനുള്ള മുസ്സോളിനിയുടെ ചിഹ്നമായ ഫാഷെസ്, ചില യു.എസ്സ്. വെള്ളിനാണയങ്ങളിൽ കാണപ്പെടുന്നു