ഒരു മാരകരോഗത്തെ ചെറുത്ത വിധം
ഈജിപ്ററിലെ റാംസെസ് അഞ്ചാമൻ ഫറവോ ഏകദേശം മൂവായിരം വർഷം മുമ്പ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണകാരണം ആർക്കും കൃത്യമായി അറിഞ്ഞുകൂടാ. എന്നാൽ മമ്മീകരിക്കപ്പെട്ടിരിക്കുന്ന ശവശരീരം ഒരു വിചിത്ര മാരകരോഗത്തിന്റെ വാചാലമായ അടയാളങ്ങൾ ഇപ്പോഴും വഹിക്കുന്നു. ഇതേ പൈശാചികരോഗം പുരാതന ഇന്ത്യയിലും ചൈനയിലും ഗ്രീസിലും മറെറല്ലാ രാജ്യങ്ങളിലും അതിന്റെ സംഹാരമുദ്ര അവശേഷിപ്പിച്ചിട്ടുണ്ട്.
ചരിത്രത്തിന്റെ ഗതി മാററാൻപോന്ന വിധം ശക്തമായിരുന്നു ഈ മാരകവ്യാധി. ഒരു പ്രാമാണിക കേന്ദ്രം പറയുന്ന പ്രകാരം ഇത് സിന്ധു തടത്തിൽ മഹാനായ അലക്സാണ്ടറുടെ ശക്തമായ സൈന്യത്തിനുപോലും കനത്ത ആഘാതം ഏൽപ്പിച്ചു. സഞ്ചാരിയായ കോർട്ടിസിനോടൊപ്പം മെക്സിക്കോയിലെത്തിയ ഇത് തദ്ദേശീയരെ വലിയൊരളവിൽ കൊന്നൊടുക്കിയതിനാൽ നാട്ടുകാരുടെമേൽ വിജയമുറപ്പാക്കാൻ എളുപ്പമായി. 18-ാം നൂററാണ്ടിലെ യൂറോപ്പിൽ ചില വർഷങ്ങളിൽ ഈ കൊലയാളിയുടെ പിടിയിൽ 6,00,000 വരെ ആളുകൾ മരണമടഞ്ഞു. അവരെല്ലാവരും തങ്ങൾക്കു കാണാൻ വയ്യാത്ത ഒരു ശത്രുവിന്റെ ഇരകളായിരുന്നു—സൂക്ഷ്മമായ, ഇഷ്ടിക മാതൃകയിലുള്ള ഒരു വൈറസിന്റെ, വസൂരി വൈറസിന്റെ ഇരകൾ.
ആധുനിക കാലങ്ങളിൽപോലും വസൂരിയെക്കുറിച്ച് പറയുന്നത് അനേകരിൽ ഭയം ജനിപ്പിക്കുന്നു. ഉദാഹരണത്തിന് 1947-ൽ ന്യൂയോർക്ക് നഗരത്തിൽ 12 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടതിനാൽ അവിടെയുള്ള 60 ലക്ഷം നിവാസികളും ഗോവസൂരിപ്രയോഗത്തിനു വിധേയരായി. 1967 ആയപ്പോഴേക്ക് വസൂരി ഇരുപതു ലക്ഷം ജീവൻ ഒടുക്കിയതായി കണക്കാക്കപ്പെടുന്നു. എന്തുകൊണ്ടാണ് ഈ രോഗം ഇത്ര ഭയാനകമായിരിക്കുന്നത്? അത് ഈ കാലത്തും ഒരു ഭീഷണിയാണോ?
ഭയപ്പെടേണ്ട ഒരു കൊലയാളി
നമ്മിലനേകർക്കും ഈ രോഗവുമായുള്ള ഏക പരിചയം ഇതിന്റെ ലക്ഷണമായ വടുക്കൾ ഏതെങ്കിലും അപരിചിതന്റെ മേൽ കണ്ടിട്ടുണ്ടെന്നുള്ളതാണ്. ചെറു കുഴികൾ നിറഞ്ഞ അയാളുടെ മുഖം ഈ കൊലയാളിയുടെ സന്ദർശനത്തിൽനിന്നു അയാൾ അതിജീവിച്ചതിന്റെ കഥ പറയുന്നു. എന്നാൽ അനേകരും അതിജീവിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ രോഗം ബാധിച്ച രണ്ടുപേരിൽ ഒരാൾ വീതം മരിച്ചു.
എങ്കിലും അനേകംപേർക്ക് ഉയർന്ന മരണനിരക്കിനോളം തന്നെ ഭയാനകമാണ് വികൃതമായ രോഗ ലക്ഷണങ്ങൾ. സാധാരണയായി ഒരാൾക്കു വൈറസ് ബാധിച്ച് രണ്ടാഴ്ചക്കകം യഥാർത്ഥ പ്രശ്നങ്ങൾ ആരംഭിക്കത്തക്കവിധം അവ എണ്ണത്തിൽ പെരുത്തു കഴിയും. വളരെ ഉയർന്ന പനി തലവേദന വിറയൽ എന്നിവയുണ്ടാകുന്നു. തുടർന്ന് നടുവിന് കടുത്ത വേദന, കോച്ചൽ എന്നിവ ഉണ്ടാകുന്നു. ചില ദിവസങ്ങൾക്കുശേഷം ചെറിയ ചുവന്ന ബിന്ദുക്കൾ ദൃശ്യമാകുന്നു. ആദ്യം മുഖത്തും പിന്നീട് ഭുജം, നെഞ്ച്, പുറം അവസാനമായി കാലുകൾ എന്നിവിടങ്ങളിലും ഇവയുണ്ടാകുന്നു. ഇവ പെട്ടെന്ന് വളർന്നു ചലം നിറഞ്ഞ വ്രണങ്ങളൊ പരുക്കളൊ ആയിത്തീരുന്നു. രോഗി കാഴ്ചക്കു ഭീകരരൂപം കൈക്കൊള്ളുന്നു. ശരീരത്തിന്റെ ജീവൽപ്രധാന അവയവങ്ങളിലുള്ള രോഗബാധ കൂടുതൽ ഗുരുതരമാണ്. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥക്കു പ്രതിരോധശേഷിയെ വേണ്ടത്ര സമാഹരിക്കാൻ കഴിയാതിരുന്നാൽ ഈ അവയവങ്ങളിൽ ഒന്നോ അതിലധികമോ തകരാറിലാവുകയും രോഗിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്യും.
ഈ രോഗം പടർന്നു പിടിക്കുന്നതായി കരുതപ്പെടുന്നില്ല. എങ്കിലും മനുഷ്യശരീരത്തിനു പുറത്ത് ഗണ്യമായ ഒരു കാലത്തേക്ക് അതിജീവിക്കാൻ വസൂരിക്ക് കഴിവുണ്ട്. അതിന്റെ അർത്ഥം രോഗിയുമായി അടുത്തു ബന്ധപ്പെടുന്നവർക്കൊ അണുബാധയുള്ള കിടക്കയോ വസ്ത്രമോ കൈകാര്യം ചെയ്യുന്നവർക്കോ ഇതു അനായാസം പടർന്നുപിടിക്കുമെന്നാണ്. ഒരു രോഗിയുടെ പരുക്കളിൽനിന്നു സ്വതന്ത്രമായ ഈ മാരക വൈറസ് പൊടിപടലത്തിലൂടെയോ ജലകണങ്ങളിലൂടെയോ സവാരി ചെയ്ത് മറെറാരു ഇരയുടെ തൊണ്ടയിലൂടെയോ ശ്വാസകോശനാളത്തിലൂടെയോ എളുപ്പത്തിൽ പ്രവേശിച്ച് അതിന്റെ സംക്രമണ പരിവൃത്തി വീണ്ടും ആരംഭിക്കുന്നു.
വസൂരിയുടെ വ്യാപനം തടയുന്നതിന് അറിയപ്പെട്ട ഒരു രാസവസ്തുവോ മരുന്നോ ഇല്ലായിരുന്നു—ഇപ്പോഴും ഇല്ല. ഡോക്ടർമാരും നേഴ്സുമാരും രോഗിക്ക് കഴിയുന്നത്ര ആശ്വാസം നൽകുന്നതിനു കേവലം ശ്രമിക്കുകയും രോഗബാധയുടെ വ്യാപന സാധ്യത കുറക്കാൻ മരുന്നു നൽകുകയും ചെയ്യുന്നു. രോഗശമനത്തിനുള്ള ഏക പ്രതീക്ഷ മനുഷ്യശരീരത്തിൽത്തന്നെ അത്ഭുതകരമായി സംവിധാനം ചെയ്തിരിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥ മാത്രമായിരുന്നു. ഈ രംഗത്തായിരുന്നു ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏററവും മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്ന് ഉണ്ടായത്. ഇങ്ങനെ ഈ കരുണയില്ലാത്ത കൊലയാളിയെ നിയന്ത്രിക്കാനുള്ള ആയുധം ലഭ്യമായി.
കൊലയാളിയെ നിഗ്രഹിക്കാനുള്ള ആയുധം
“വെറുപ്പുളവാക്കുന്ന വസൂരി ഒരിക്കൽ നിലനിന്നിരുന്നുവെന്ന് ചരിത്രത്തിൽനിന്നു മാത്രമേ ഭാവി ജനസമൂഹങ്ങൾ അറിയുകയുള്ളു” എന്ന് ഐക്യനാടുകളുടെ പ്രസിഡണ്ടായിരുന്ന തോമസ് ജെഫേഴ്സൻ 1806-ൽ എഴുതി. ഒരു ബ്രിട്ടീഷ് നാട്ടുവൈദ്യനും പ്രകൃതിസ്നേഹിയുമായിരുന്ന എഡ്വേർഡ് ജെന്നറെ വസൂരിനിർമ്മാർജ്ജനത്തിനുള്ള വഴി കണ്ടെത്തിയതിൽ അഭിനന്ദിച്ചുകൊണ്ടെഴുതുകയായിരുന്നു അദ്ദേഹം. പിന്നീട് വാക്സിനേഷൻ എന്നു വിളിക്കപ്പെട്ട ജെന്നറുടെ ചികിത്സ അടിസ്ഥാനപരമായി ഈ നൂററാണ്ടിലെ യാത്രികർക്കു സുപരിചിതമായ അതേ പ്രക്രിയ തന്നെയാണ്.
ജെന്നറുടെ നിരീക്ഷണങ്ങൾക്ക് നൂററാണ്ടുകൾക്കു മുമ്പ് ഏറെക്കുറെ തുല്യരൂപത്തിലുള്ള ഒരു വസൂരി ചികിത്സാപദ്ധതി പ്രയോഗത്തിലുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന് ഇന്ത്യയിലെ ബംഗാളിൽ ലഘുവായി വസൂരി ബാധിച്ചവരിൽനിന്ന് രോഗാണുക്കളടങ്ങുന്ന വസ്തു ശേഖരിച്ച് ആരോഗ്യമുള്ള വ്യക്തികളിലേക്ക് നിയന്ത്രിതമായി സന്നിവേശിപ്പിക്കുകയെന്നത് ശീതളമാതാവിന്റെ (വസൂരിയുടെ ദേവി) പുരാതന പുരോഹിതരുടെ ഒരാചാരമായിരുന്നു. ഈ പ്രാകൃതമായ രോഗപ്രതിരോധ കുത്തിവെയ്പിലൂടെ രോഗത്തിന്റെ തീവ്രത കുറഞ്ഞ ഒരു രൂപം പിടിപെടുമായിരുന്നു. എന്നാൽ വ്യക്തിയുടെ പ്രതിരോധ വ്യവസ്ഥ ഒരിക്കൽ രോഗത്തെ അതിജീവിച്ചാൽ അയാൾ പിന്നീടുള്ള ആക്രമണങ്ങളിൽനിന്നും പൂർണ്ണമായി സംരക്ഷിക്കപ്പെട്ടിരിക്കും.
ഇതിൽ അപകടങ്ങൾ ഉൾപ്പെട്ടിരുന്നുവെങ്കിലും ജെന്നറിനു മുമ്പുള്ള കാലത്ത് യൂറോപ്പിൽ ഈ തരം ചികിത്സ നൽകപ്പെട്ടിരുന്നു. 1757-ൽ എട്ടുവയസ്സുകാരനായ ജെന്നെറിനു തന്നെ ഈ അപകടങ്ങളെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായി. അന്ന് സാധാരണമായിരുന്ന ഈ കഠിന യാതനയിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് ഉത്ക്കണ്ഠ പൂണ്ട മാതാപിതാക്കൾ അക്കാലത്ത് പതിവായിരുന്ന “പ്രതിരോധ ചികിത്സാലയങ്ങളി”ലൊന്നിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. അനങ്ങാതിരിക്കുന്നതിനായി കയർകൊണ്ട് കെട്ടി മററ് അന്തേവാസികളെപ്പോലെ ജെന്നറെയും വയ്ക്കോൽ വിരിച്ച പലകമേൽ കിടത്തി. അവിടെ അദ്ദേഹം ഏററവും പ്രാകൃതമായ ചികിത്സാ പദ്ധതിയിൻകീഴിൽ വസൂരിരോഗബീജങ്ങൾ സന്നിവേശിപ്പിച്ച കുത്തിവെയ്പിന്റെ യാതനകൾ സഹിച്ചു.
ജെന്നർ മരണത്തെ അതിജീവിച്ചുവെങ്കിലും അദ്ദേഹം ഏറെ വർഷങ്ങളോളം രോഗത്തിൽനിന്നു പൂർണ്ണ വിമുക്തനായില്ല. മെച്ചപ്പെട്ട ഒരു രോഗപ്രതിരോധ ചികിത്സാരീതി കണ്ടെത്തുന്നതിന് പിൽക്കാല ജീവിതത്തിൽ അദ്ദേഹത്തിന് ഉത്സാഹം നൽകിയത് ഒരു അളവുവരെ ഈ അനുഭവമാണ്. ഇംഗ്ലണ്ടിലെ സോഡ്ബറി എന്ന നാട്ടിൻപുറത്ത് ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ഇതിനുള്ള അവസരം കൈവന്നു. ഗോവസൂരി നീര് എന്നറിയപ്പെടുന്ന ഒരു രോഗം പിടിപെട്ട പാൽക്കാരികൾക്ക് ഒരിക്കലും വസൂരി പിടിപെടുന്നില്ല എന്ന ഒരു പഴയ നാടൻ ചൊല്ലിലെ സത്യം അദ്ദേഹത്തെ സ്വാധീനിച്ചു. അനേക വർഷങ്ങളിലെ അനുഭവപഠനങ്ങൾക്കുശേഷം 1796-ൽ ജെയിംസ് ഫിപ്സ് എന്ന ഒരു കൊച്ചു ബാലനെ വളരെ ലഘുവായ ഗോവസൂരി വൈറസ്കൊണ്ട് മനഃപൂർവം രോഗബാധിതനാക്കി അദ്ദേഹം സ്വന്തം നിഗമനങ്ങളെ പരീക്ഷണവിധേയമാക്കി. വളരെ കുറഞ്ഞ അസ്വാസ്ഥ്യങ്ങളോടുകൂടെ ജെയിംസ് രോഗവിമുക്തനാകുമെന്നും അനന്തരം മാരകമായി വസൂരിയെ പ്രതിരോധിക്കാനുള്ള കഴിവ് നേടിയിരിക്കുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം.
ജെന്നറുടെ ഉത്തമ വിശ്വാസത്തെ എല്ലാവരും അംഗീകരിച്ചുകൊടുത്തില്ല. ഒരു പുതിയ ഭീകരവ്യാധിക്ക് ആരംഭം കുറിക്കുമെന്നോ അദ്ദേഹം ചികിത്സിച്ച കുട്ടികളിൽ ഗവ്യമായ സ്വഭാവഗുണങ്ങൾ വികസിതമാകുമെന്നോ പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. ജെന്നർ കൊടുങ്കാററിനെ എതിർത്തുനിന്നു. പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജെയിംസ് രോഗവിമുക്തനായപ്പോൾ സർവോപരി വസൂരിക്കെതിരെ പൂർണ്ണപ്രതിരോധശേഷി ആർജ്ജിച്ചപ്പോൾ നാട്ടിലെ എതിർപ്പ് കെട്ടടങ്ങി. 1798-ൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതുവരെ ജെന്നർ ഗവേഷണം തുടർന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തം ശരിയാണെന്നു തെളിഞ്ഞു. അവസാനം കൊലയാളിയെ നിഗ്രഹിക്കാനുള്ള ആയുധം ലഭ്യമായി.
നിഗ്രഹ പരിപാടിയുടെ പരിസമാപ്തി
ജെന്നറുടെ പ്രാരംഭപ്രവർത്തനത്തെ തുടർന്ന് മററു ശാസ്ത്രജ്ഞരും ഗവേഷണം തുടർന്നു. വാക്സിൻ ഉത്പാദിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട രീതികൾ വികസിപ്പിച്ചുകൊണ്ട് നിഗ്രഹത്തിനുള്ള പുതിയ ആയുധത്തിന്റെ മൂർച്ച കൂട്ടി. എന്നാൽ ഈ പുരോഗതിയുണ്ടായിരുന്നിട്ടും വസൂരി വൈറസിന് ആളുകൾ ഇരയായിക്കൊണ്ടിരുന്നു. 1966-ൽപോലും 44 രാജ്യങ്ങളിൽ നിന്ന് വസൂരിരോഗം റിപ്പോർട്ടുചെയ്യപ്പെട്ടു. വികസ്വര രാജ്യങ്ങളിൽ ഭീകരമായി പടർന്നുപിടിക്കയും ചെയ്തുകൊണ്ടിരുന്നു. കൊലയാളിയെ പിടികൂടി നശിപ്പിക്കാനായി ഏകോപിച്ച് നിശ്ചിത നടപടികളെടുക്കുന്നതിന് അതേ വർഷാവസാനം 19-ാമത്തെ വേൾഡ് ഹെൽത്ത് അസംബ്ലിയിൽ രാഷ്ട്രങ്ങൾ തീരുമാനിച്ചു. ഒരിക്കൽ മനുഷ്യശരീരത്തിനു പുറത്തായാൽ വസൂരിവൈറസ് ചത്തുപോകും എന്ന വസ്തുത വിജയത്തിന് ആധാരമായി. മററു വാക്കുകളിൽ പറഞ്ഞാൽ മനുഷ്യർ മാത്രമായിരുന്നു ഇവയുടെ വാഹകർ. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് കടക്കുന്നതു തടഞ്ഞാൽ വൈറസ് നശിക്കും. ഇങ്ങനെ ഒരു ദശവത്സര വസൂരിനിർമ്മാർജ്ജന പദ്ധതി ആരംഭിക്കപ്പെട്ടു. എവിടെയെങ്കിലും രോഗമുണ്ടായാൽ വിവരം നൽകാൻ ജനത്തെ നിർബന്ധിക്കുകയും രോഗാണുക്കൾ വ്യാപിക്കാതെ ചെറുക്കാൻ കൂട്ടവാക്സിനേഷൻ നൽകുകയും ഉൾപ്പെടെ രോഗപകർച്ച സംബന്ധിച്ച ജാഗ്രതയോടെയുള്ള നിരീക്ഷണം ഇതിലുൾപ്പെട്ടു.
പരിമിതമായ ആരോഗ്യസേവന സൗകര്യങ്ങൾമാത്രമുള്ള രാജ്യങ്ങളിൽപോലും പ്രോത്സാഹജനകമായ ഫലങ്ങൾ പെട്ടെന്നു നേടാൻ കഴിഞ്ഞു. ദൃഷ്ടാന്തത്തിന് പശ്ചിമാഫ്രിക്കയിലും മദ്ധ്യാഫ്രിക്കയിലും ഉപദേശകരും ഉപകരണങ്ങളും വാക്സിനും ലഭ്യമാക്കിയപ്പോൾ കേവലം മൂന്നര വർഷംകൊണ്ട് രോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ 20രാജ്യങ്ങൾക്കു കഴിഞ്ഞു. ആഫ്രിക്കയുടെ വിജയത്തിൽ നിന്ന് പ്രചോദനം നേടിയ ഏഷ്യ വസൂരി നിർമ്മാർജ്ജന യത്നങ്ങൾ തീവ്രമാക്കി. സ്വാഭാവിക അണുബാധയാൽ അവസാനമുണ്ടായ വസൂരി 1975 ഒക്ടോബർ 16-ന് ബംഗ്ലാദേശിൽ കണ്ടെത്തി.
എന്നാൽ ഇത് ഏററവും അവസാനമല്ലായിരുന്നു. 1976-ൽ വൈറസിന്റെ ലഘുവായ രണ്ടു രൂപങ്ങളിൽ ഒന്ന് സോമാലിയായിൽ റിപ്പോർട്ടു ചെയ്യപ്പെട്ടു. 13 മാസം ദീർഘിച്ച ഒരു യുദ്ധം ആരംഭിച്ചു. ആരോഗ്യവകുപ്പുദ്യോഗസ്ഥർ പിന്തുടർന്ന് ഈ വിനാശകനെ തടഞ്ഞു; അവസാനം 1977 ഒക്ടോബറിൽ അവർ അതിനെ നിയന്ത്രണാധീനമാക്കി. അലി മാവോ മാലിൻ എന്നു പേരുള്ള ഒരു നാട്ടിൻപുറത്തുകാരനായിരുന്നു അതിന്റെ അവസാന ഇര. അലി രോഗശമനം നേടിയപ്പോൾ സ്വാഭാവികമായി പിടിപെടുന്ന അവസാനത്തെ വസൂരിരോഗവും അസ്തമിച്ചു. അങ്ങനെ ഏകദേശം 200 വർഷങ്ങൾക്കുശേഷം ജെന്നറുടെ സ്വപ്നം യാഥാർത്ഥ്യമായി. “വസൂരി—മനുഷ്യകുലത്തിന്റെ ഏററവും കഠോര യാതന—നിർമ്മാർജ്ജനം” ചെയ്യാൻ കഴിഞ്ഞു.
വസൂരിബാധ ഇനിയും ഉണ്ടാകുമോ?
ലോകം വസൂരിവിമുക്തമായതായി 1980-ൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. നിർബന്ധിത വാക്സിനേഷൻ അവസാനിപ്പിച്ചു. ഈ വൈറസിനെതിരെ സംരക്ഷണം ആവശ്യമില്ലാത്ത ഒരു പുതിയ തലമുറ വളർന്നുവരുന്നു. ഇങ്ങനെ വാക്സിനേഷൻ എടുത്തിട്ടില്ലാത്ത ഒരു ജനസമൂഹത്തിലേക്ക് കൊലയാളി മടങ്ങി വന്നാൽ എന്തു സംഭവിക്കും? ഭൂഖണ്ഡങ്ങളെ മൊത്തമായി നശിപ്പിക്കാൻ അതിനു കഴിയുമെന്നുള്ള ഭയം അങ്ങനെയൊരു തിരിച്ചുവരവ് സാദ്ധ്യമാണോ എന്നു ചോദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
“രണ്ടു സാദ്ധ്യതകളുണ്ട്” എന്ന് കൽക്കട്ടയിലെ സ്കൂൾ ഓഫ് ട്രോപിക്കൽ മെഡിസിനിലെ ഒരു വൈറോളജിസ്ററ് പ്രസ്താവിച്ചു. “ഒന്ന് ഗവേഷണശാലയിലെ ചോർച്ച; മറെറാന്ന് മമനുഷ്യന്റെ പൈശാചിക വാസന.”
ഈ ഭീഷണികളിൽ ആദ്യത്തേതിന്റെ യാഥാർത്ഥ്യം 1978-ൽ പ്രകടമായിക്കണ്ടു. അന്ന് ഒരു ഹ്രസ്വമായ ഉയർത്തെഴുന്നേൽപ്പിൽ വസൂരി ഒരിക്കൽകൂടി പത്രവാർത്തകൾ സൃഷ്ടിച്ചു. ഇത് ഇംഗ്ലണ്ടിലെ ബർമിംഗാമിൽ ആയിരുന്നു. ഗവേഷണത്തിനായി വസൂരിവൈറസ് സൂക്ഷിച്ചിരുന്ന ഒരു ലാബറട്ടറിയുടെ മുകൾ നിലയിൽ ജോലി ചെയ്തിരുന്ന ഒരു ഫോട്ടോഗ്രാഫർക്ക് രോഗം പിടിപെടുകയും പിന്നീട് അതുമൂലം മരിക്കുകയും ചെയ്തു. മരിക്കുന്നതിനു മുമ്പ് അവർ തന്റെ പ്രായമായ അമ്മക്ക് രോഗം പകർന്നുകൊടുത്തു. ഭാഗ്യവശാൽ ബ്രിട്ടീഷധികാരികളുടെ സത്വരനടപടി വൈറസിനെ ഒരിക്കൽകൂടെ നിയന്ത്രണാധീനമാക്കി കൂടുതൽ മരണങ്ങൾ തടഞ്ഞു. ഇതുപോലുള്ള അപകടങ്ങളുടെ സാദ്ധ്യത കുറയ്ക്കാനായി വസൂരിവൈറസ് ഇപ്പോൾ ഉന്നത സുരക്ഷിതത്വമുള്ള രണ്ട് ഗവേഷണശാലകളിൽ മാത്രം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒന്ന് യു. എസ്. എ. ജോർജിയായിലെ അററ്ലാൻറായിലും മറെറാന്ന് യു. എസ്. എസ്. ആറിലെ മോസ്കോയിലും.
‘അത്തരം അപകടങ്ങൾ തടയാൻ ഈ കൊലയാളിയെ എന്തുകൊണ്ട് പാടെ നിഗ്രഹിക്കുന്നില്ല’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. മമനുഷ്യന്റെ പൈശാചിക വാസനയോടുള്ള ഭീതിയാണുത്തരം. എത്ര ഘോരമായി തോന്നിയേക്കാമെങ്കിലും രോഗാണുക്കളെ ഉപയോഗിക്കുന്ന യുദ്ധത്തിനായി വസൂരി ഉപയോഗപ്പെടുത്താനുള്ള സാധ്യത എപ്പോഴുമുണ്ട്. മനുഷ്യന് അത്തരമൊരു കാര്യം ചെയ്യാൻ കഴിയുമെന്ന് ചരിത്രം കാണിച്ചുതന്നിട്ടുണ്ട്. 17-ാം നൂററാണ്ടിൽ വടക്കേ അമേരിക്കയിൽ അധിവാസമുറപ്പിക്കാനുള്ള പദ്ധതി എളുപ്പമാക്കുന്നതിനായി ചില നിവാസികൾ നാട്ടുകാരായ ഇന്ത്യാക്കാരുടെമേൽ മനഃപൂർവം രോഗം പരത്തുകയുണ്ടായി. നാം ആ അവസ്ഥകളിൽനിന്ന് പുരോഗമിച്ചുവെന്നും ‘വസൂരി യുദ്ധത്തിനുള്ള സാദ്ധ്യത വിദൂരമാണെന്നും ശുഭാപ്തി വിശ്വാസമുള്ള അനേകർ ആശ്വസിക്കുന്നു. ഇത് അപ്രകാരമായിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാൻ മാത്രമേ കഴിയൂ. വസൂരി യഥാർത്ഥത്തിൽ നിർമ്മാർജ്ജനം ചെയ്യപ്പെട്ടുവെന്നും ഇപ്പോൾ മനസ്സിലാക്കാനാവാത്ത ഏതോ കാരണത്താൽ അതിനു ഭാവിയിലൊരു പുനരുജ്ജീവനം ഉണ്ടാവുകയില്ലെന്നുംകൂടി നമുക്കാശിക്കാം.
ചരിത്ത്രതിലാദ്യമായി ഡോ. ജെന്നറുടെ കണ്ടുപിടുത്തം മുഖാന്തരം മാരകമായ വൈറൽ ശത്രുക്കളിലൊന്നിനെ നീക്കം ചെയ്യുന്നതിൽ മനുഷ്യൻ വിജയംവരിച്ചു. സങ്കീർണ്ണമായ ഉപകരണങ്ങളും ജെന്നറുടേതിൽ വളരെ ഉയർന്ന അറിവുംകൊണ്ട് സുസജ്ജമായ വൈദ്യശാസ്ത്രം ഇപ്പോൾ മററു പകർച്ചവ്യാധികളുടെമേൽ വിജയം വരിക്കുന്നതിനുള്ള യത്നത്തിലാണ്. അത് വിജയിക്കുമോ? വലിയ പുരോഗതിയുണ്ടെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നുവെങ്കിലും പൊതുലക്ഷ്യം എന്നത്തേയുംപോലെ അകലെത്തന്നെ. “എനിക്കു ദീനം എന്ന് യാതൊരു നിവാസിയും പറയുകയില്ലാ”ത്ത ഒരു ലോകം കൈവരുത്താൻ മനുഷ്യനുള്ളതിൽ ഉപരിയായ ജ്ഞാനം വേണ്ടി വരുമെന്നത് സുവ്യക്തമാണ്.—യെശയ്യാവ് 33:24. (g91 3⁄22)
[12-ാം പേജിലെ ചിത്രങ്ങൾ]
വസൂരിക്കുള്ള രോഗപ്രതിരോധചികിത്സ ഡോ. എഡ്വേർഡ് ജെന്നറുടെ പ്രവർത്തനത്തോടെ തുടങ്ങി
[കടപ്പാട്]
WHO photo by J. Abcede
[10-ാം പേജിലെ ചിത്രത്തിന് (ങ്ങൾക്ക്) കടപ്പാട്]
WHO photo