ലോകത്തെ വീക്ഷിക്കൽ
ഇററലിയിൽ രക്തപ്പകർച്ചസംബന്ധിച്ച ഉത്തരവ്
ഇററലിയിലെ ഭരണഘടനയനുസരിച്ച് ഒരുവന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു പ്രത്യേക വൈദ്യചികിത്സക്ക് ആരും വിധേയമാക്കപ്പെടാൻ പാടില്ല. ഈ ഭരണഘടനാ നിയന്ത്രണം രക്തപ്പകർച്ചക്കും ബാധകമാണെന്ന് ഇററലിയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ അടുത്ത കാലത്തെ ഒരു ഉത്തരവ് ഉറപ്പു വരുത്തുന്നു. വാസ്തവത്തിൽ, 1991, ജനുവരി 15-ാം തീയതിയിലെ ഈ ഉത്തരവ്, “രക്തത്തിന്റെയും രക്തത്തിന്റെ ഘടകങ്ങളുടെയും രക്തത്തിൽ നിന്നും ഉത്പാദിതമായവയുടെയും പകരലിൽ ഉൾപ്പെട്ടിരിക്കുന്ന രോഗചികിത്സാപദ്ധതി അപകടരഹിതമല്ലാത്തതുകൊണ്ട്, അതു സ്വീകരിക്കുന്നയാളിന്റെ മുന്നമേയുള്ള അനുമതി ആവശ്യമാക്കിത്തീർക്കുന്നു.” എന്നു പ്രസ്താവിക്കുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ രോഗികൾ അപകട സാധ്യത അറിയുകയും രക്തം തിരസ്ക്കരിക്കുന്നതിനുള്ള അവകാശം അവർക്കുണ്ടായിരിക്കുകയും വേണം. രക്തപ്പകർച്ചക്ക് “കരൾവീക്കം, എയിഡ്സ് എന്നിവപോലുള്ള പകരുന്ന രോഗങ്ങളെ കടത്തിവിടാൻ കഴിയും” എന്നും “അടുത്ത കാലത്ത് രോഗം പകരപ്പെട്ട വ്യക്തികളെ ലബോറട്ടറി പരിശോധനയിലൂടെ എല്ലായ്പോഴും തിരിച്ചറിയാൻ കഴിയില്ല” എന്നും ഈ ഉത്തരവിന്റെ ഒരു അനുബന്ധം സമ്മതിച്ചു പറയുന്നു. (g91 8/22)
ദുർവിനിയോഗം ചെയ്യപ്പെട്ട കുട്ടികൾ
ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കുട്ടികളുടെ ശാരീരിക ദുരുപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദുർവിനിയോഗം ചെയ്യപ്പെട്ട കുട്ടികളിൽ അമ്പരപ്പിക്കുന്ന ഒരു വലിയ സംഖ്യ വളരെ ചെറുപ്പവും സഹായം തേടാൻ അശക്തരുമാണ്. ഒരു കേപ്പ് ടൗൺ വർത്തമാനപ്പത്രമായ കേപ്പ് ടൈംസ് പറഞ്ഞപ്രകാരം ദുർവിനിയോഗം മൂലം ഈ സമീപകാലത്ത് ആശുപത്രിയിലാക്കപ്പെട്ട 350 കുട്ടികളുടെ ഒരു പഠനം നടത്തിയതിൽ “60 ശതമാനം ലൈംഗികമായും 40 ശതമാനം ശാരീരികമായും ദുർവിനിയോഗം ചെയ്യപ്പെട്ടിരുന്നു എന്ന്” വെളിപ്പെടുത്തി. “ലൈംഗികദുർവിനിയോഗത്തിനിരയായവരിൽ 90% പേർ ശരാശരി ആറു വയസ്സുള്ള പെൺകുട്ടികളായിരിക്കെ, ശാരീരികമായി ദുർവിനിയോഗം ചെയ്യപ്പെട്ട രോഗികളിൽ 60% പേർ ശരാശരി അഞ്ചര വയസ്സ് പ്രായമുള്ള ആൺകുട്ടികളായിരുന്നു” എന്ന് കേപ്പ് ടൈംസ് കുറിക്കൊണ്ടു. കുട്ടികളുടെ റെഡ്ക്രോസ്സ്-ആശുപത്രിയിൽ, “കഴിഞ്ഞ രണ്ടു വർഷം ചികിത്സിച്ച (എല്ലാ വർഗ്ഗങ്ങളിലുംപെട്ട) ശാരീരികമായി (ലൈംഗികമല്ല) ദുർവിനിയോഗം ചെയ്യപ്പെട്ട സകല കുട്ടികളിലെയും നാലിലൊരു ഭാഗം ഒരു വയസ്സിന് താഴെയുള്ളവരായിരുന്നു.” (g91 9/8)
ഒരു ബോയിംഗ് 737 ജെററിന്റെ അത്ര നീളമുള്ളത്
“അതെന്തു തന്നെയായിരുന്നാലും അതിന്റെ അവശിഷ്ടങ്ങൾ അസാമാന്യ വലിപ്പമുള്ളവയാണ്. അതിന്റെ കഴുത്തിലെ ഓരോ കശേരുവും കുറുകെ 1.5 മീറററും അതിന്റെ വാരിയെല്ലുകൾ മൂന്ന് മീറററും നീളമുള്ളതാണ്. മൃഗത്തിന്റെ മൊത്തം നീളം 27 മുതൽ 30 വരെ മീററർ ആണെന്ന് നിർണ്ണയിക്കാൻ ശാസ്ത്രജ്ഞരെ ഇത് നയിച്ചു” എന്ന് കാനഡായിലെ വാൻകൂവർ സൺ റിപ്പോർട്ട് ചെയ്യുന്നു. അത് ഒരു ബോയിംഗ് 737 ജെററിന്റെ അത്രയും നീളമുള്ളതാണ്! 1986-ൽ ഈ ബീഭത്സമായ മൃഗത്തിന്റെ കല്ലുപോലെ കട്ടിയായ കഴുത്ത് കാനഡാക്കാരും ചൈനാക്കാരും അടങ്ങിയ ഒരു സംഘം ശാസ്ത്രജ്ഞർ മംഗോളിയായിലെ ഉൾപ്രദേശത്തു നിന്ന് കുഴിച്ചെടുത്തു. നാലു വർഷത്തിനു ശേഷം അതിന്റെ ഭീമമായ തലയോട്ടിയും കുഴിച്ചെടുത്തു. “ഈ തലയോട്ടി കണ്ടുപിടിച്ചതിന്റെ യഥാർത്ഥ പ്രാധാന്യം വടക്കേ അമേരിക്കയിലെ പ്രസിദ്ധമായ ഡൈനോസറുകളുമായി ഈ ഡൈനോസറിന് ബന്ധമുണ്ടോയെന്ന് ഇതാദ്യമായി നമുക്ക് തീരുമാനിക്കാൻ കഴിയും എന്നതാണ്” എന്ന് കാനഡായിൽ ആൽബേർട്ടായിലെ ഡ്രംഹെല്ലറിലുള്ള ദ റോയൽ ടൈറൽ മ്യൂസിയം ഓഫ് പലയന്തോളജിയിലെ ഫിലിപ്പ് ക്യൂറീ പറഞ്ഞു. (g91 8/22)
ജാതി മൃഗീയത
ഇന്ത്യയിലെ ജാതി സമ്പ്രദായമായിരുന്നു ഈ സമീപകാലത്തെ മൂന്നു യുവാക്കളുടെ പരസ്യക്കൊലപാതകത്തിന്റെ പിന്നിലുണ്ടായിരുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മെഹ്റാനാ എന്ന ചെറുപട്ടണത്തിൽ യാദവ് ജാതിയിൽപെട്ട 18 വയസ്സുള്ള ഒരാൺകുട്ടി കൂടുതൽ സമ്പന്നവും ശക്തവുമായ ജാട്ട് ജാതിയിൽ നിന്നുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. പെൺകുട്ടിയുടെ മാതാപിതാക്കളും ജാട്ട് ജാതിയിലെ മററനേകരും രോഷാകുലരായി. കൂടുതൽ സമ്പന്നരായ ജാട്ട് ജാതിയിൽ പെട്ടവർക്ക് ആധിപത്യമുണ്ടായിരുന്ന ഒരു യോഗത്തിൽ വെച്ച് ഈ രണ്ട് ചെറുപ്പക്കാരും അവർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച യാദവ് ജാതിയിൽപെട്ട ഒരു ആൺകുട്ടിയും മരണത്തിന് വിധിക്കപ്പെട്ടു. ആൺകുട്ടികൾ മണിക്കൂറുകളോളം മൃഗീയമായി മർദ്ദിക്കപ്പെടുകയും തുടർന്ന് ആരോപിക്കപ്പെടുന്നതനുസരിച്ച് തങ്ങളുടെ മക്കളുടെ കഴുത്തിൽ കുരുക്കിടുവാൻ അവരുടെ പിതാക്കൻമാരെ നിർബന്ധിക്കുകയും ചെയ്തു. മൂന്നു ചെറുപ്പക്കാരും നഗരമദ്ധ്യത്തിൽ വെച്ച് തൂക്കിക്കൊല്ലപ്പെട്ടു. കൊലപാതകത്തിലെ മുഖ്യ കുററപ്പുള്ളികൾ ഇപ്പോൾ ജയിലിലാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുകയും ഇങ്ങനെ വിലപിക്കുകയും ചെയ്യുന്നു: “ഈ ദേശത്തെ ഗ്രാമങ്ങൾ യാതൊരു ‘നവീനത്വത്തിനും’ നിർമ്മൂലമാക്കാൻ കഴിയാത്ത മദ്ധ്യകാല ജാതിപീഡനത്തിൽ അഗാധമായി വീണുകിടക്കുന്നതിൽ തുടരുന്നുവെന്നതിന്റെ ശോകാത്മകമായ ഓർമ്മപ്പെടുത്തലായിരുന്നു ഇത്.” (g91 8/22)
“ജീവിതമാകുന്ന സർവ്വകലാശാല”
ജോൺ മേജർ 1990 നവംബറിൽ പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് അദ്ദേഹം ബ്രിട്ടനിലെ ധനകാര്യ വകുപ്പിലെ ചാൻസലറായി സേവിച്ചു. 16 വയസ്സുള്ളപ്പോൾ അദ്ദേഹം സ്ക്കൂൾ വിട്ടു, തുടർന്ന്, അദ്ദേഹം സ്വയം സമ്മതിക്കുന്ന പ്രകാരം, അദ്ദേഹത്തിനു വിദ്യാഭ്യാസം ലഭിച്ചത് “ജീവിതമാകുന്ന സർവകലാശാലയിൽ” നിന്നാണ്. “ഒരു പിടി വിദ്യാഭ്യാസയോഗ്യതകളുള്ള അനവധി ആളുകളെ എനിക്കറിയാം” എന്ന് പറഞ്ഞിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു, “അവരിൽ മിക്കവരും പൂർണ്ണമായും ഉപയോഗശൂന്യരാണ്. അവർക്ക് സാമാന്യബോധമില്ല. കാര്യങ്ങൾ നേടണമെങ്കിൽ ആളുകൾക്ക് ബുദ്ധിയുടെയും സാമാന്യബോധത്തിന്റെയും ഒരു സംയോഗം ആവശ്യമാണ്. മിക്കപ്പോഴും സാമാന്യബോധമാണ് കൂടുതൽ പ്രധാനപ്പെട്ടത്.” അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളോട് അനേകരും പ്രതിഷേധിച്ചെങ്കിലും മുൻ ഹെഡ്മാസ്റററായിരുന്ന ജോൺ റേ ഇങ്ങനെ സമ്മതിച്ചതായി ദി ടൈംസ് ഓഫ് ലണ്ടൻ റിപ്പോർട്ട് ചെയ്തു: “ഒരു വ്യക്തിയെ ഒരു പ്രത്യേക വിഷയത്തിൽ യോഗ്യനാക്കിത്തീർക്കുന്നു എന്നേ വിദ്യാഭ്യാസയോഗ്യതകൾ അർത്ഥമാക്കുന്നുള്ളൂ, കൂടുതലൊന്നുമില്ല. ചില പണ്ഡിതർ, പ്രത്യേകിച്ചും സർവകലാശാലകളിലുള്ളവർ യഥാർത്ഥലോകവുമായി ബന്ധമില്ലാത്തവരാണ് . . . വിദ്യാഭ്യാസയോഗ്യതകളില്ലാത്തവർക്കാണ് മിക്കപ്പോഴും കൂടുതൽ കഴിവുള്ളതെന്ന് ഞാൻ കാണുന്നു.” (g91 9/8)
ഏഷ്യയിലെ വന്യജീവികളെ സംരക്ഷിക്കൽ
തായ്ലാൻറ് പോലുള്ള ഏഷ്യൻ രാജ്യങ്ങളെ അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണത്. ഏഷ്യാവീക്ക് മാസിക പറയുന്നതനുസരിച്ച് അപകടത്തിലായിരിക്കുന്ന വന്യജീവികളുടെ നിയമവിരുദ്ധ വ്യാപാരം മൂലം പ്രകൃതിക്ക് വേണ്ടിയുള്ള ലോകവ്യാപക നിധി തായ്ലാൻറിനെ ഒററപ്പെടുത്തുകയും അതിനെ ലോകത്തെ “വന്യജീവികളുടെ സൂപ്പർമാർക്കററ്” എന്നു വിളിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ സ്വദേശത്തുണ്ടാകാത്ത വന്യജീവികളെ തായ് നിയമം സംരക്ഷിക്കുന്നില്ല; അങ്ങനെ, തായ്ലാൻറ് ചുററുമുള്ള രാജ്യങ്ങളിലെ അപകടത്തിലായിരിക്കുന്ന മൃഗങ്ങളുടെ കള്ളക്കടത്തുവ്യാപാരത്തിനു പററിയ ഒരു ചാലായിത്തീർന്നിരിക്കുന്നു. അന്യദേശത്തു നിന്നുള്ള മൃഗങ്ങളെയും പക്ഷികളെയും വില്ക്കുന്ന കമ്പോളങ്ങൾ അവിടെയുണ്ട്; മുതല, ചെറുതരം മാൻ, കാട്ടുപന്നി എന്നിങ്ങനെ ആപത്ഭീഷണിയുള്ള ജീവികളുടെ ഇറച്ചിയുൾപ്പെടെയുള്ള ‘കാട്ടുഭക്ഷണം’ ചില ഭോജനശാലക്കാർ തങ്ങളുടെ വിഭവപ്പട്ടികയിൽ പ്രമുഖമായി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. (g91 8/22)
യുദ്ധവും കളിപ്പാട്ടവ്യവസായവും
പേർഷ്യൻ ഗൾഫ് യുദ്ധത്തിന്റെ ടെലിവിഷൻ വാർത്താവ്യാപ്തിയാൽ പ്രേരിതമായി ജപ്പാനിൽ യുദ്ധ-കളിപ്പാട്ടങ്ങളുടെ വില്പന മൂന്നിരട്ടിയും നാലിരട്ടി പോലുമായി വർദ്ധിച്ചിട്ടുണ്ട്. “ഗൾഫ് യുദ്ധത്തെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ വന്ന വാർത്തകൾ ഇറാക്കിനെതിരെ സംയുക്തസേനകൾ ഉപയോഗിച്ച വിമാനങ്ങളുടെയും ടാങ്കുകളുടെയും പ്ലാസ്ററിക്ക് മോഡലുകൾക്കുവേണ്ടി കുട്ടികളെയും അപക്വരായ മുതിർന്നവരെയും കളിപ്പാട്ടക്കടകളിലേക്ക് ആനയിച്ചു”വെന്ന് ദി ഡയിലി യോമിയൂറി പ്രസ്താവിക്കുന്നു. ഏററവും പ്രശസ്തിയുള്ള യുദ്ധക്കളിപ്പാട്ടങ്ങൾ റഡാറിനെ ഒഴിഞ്ഞുമാറുന്ന ബോംബർ വിമാനങ്ങളായും എഫ്-15 ഈഗിൾ ഫൈറററിന്റെയും എം-1 അബ്രാംസ് ടാങ്കിന്റെയും എപ്പേക്ക് ഹെലിക്കോപ്റററിന്റെയും മോഡലുകളായിരുന്നു. വർദ്ധിച്ച വില്പന വ്യവസായത്തിന് “യുദ്ധപ്രേമികൾ എന്ന നിഷേധാത്മകമായ ഒരു പ്രതിച്ഛായ” നൽകും എന്ന് കളിപ്പാട്ടക്കച്ചവടത്തിൽ ഏർപ്പെട്ടിട്ടുള്ള ചിലർ ഭയപ്പെടുന്നു. (g91 9/8)
മൃഗങ്ങൾ അപകടത്തിൽ
“പരിഗണനയില്ലാത്ത മൃഗവേട്ട മൂലം ചൈനയിൽ വന്യമൃഗങ്ങളുടെ എണ്ണം ചുരുങ്ങുകയും അപൂർവ്വമൃഗങ്ങൾ വംശനാശത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു” എന്ന് ചൈനയിലെ ദേശീയ സമിതിയിലെ പരിസ്ഥിതിക്കമ്മിററി വെളിപ്പെടുത്തി. ക്വാൻതുങ്ങ് പ്രവിശ്യയിലെ അനേകം ഭോജനശാലകളും കമ്പോളങ്ങളും സ്വകാര്യ വ്യാപാരങ്ങളും പരിശോധിച്ചതിനു ശേഷം അവിടെ അപൂർവ മൃഗങ്ങളുടെ വധവും വിൽപ്പനയും തുടർന്നുകൊണ്ടിരിക്കുന്നുവെന്ന് പരിശോധകരുടെ ഒരു സംഘം അടുത്തകാലത്തു കണ്ടുപിടിച്ചു. ചൈനാ ടുഡേ പറയുന്നതനുസരിച്ച് “മുതല, ഉടുമ്പ്, കുരങ്ങ്, വെരുക് എന്നിവയുൾപ്പെടെ 1,286 അപൂർവ്വ മൃഗങ്ങൾ പ്രവിശ്യയിലെ 11 നഗരങ്ങളിൽ കൊല്ലപ്പെടുകയോ, വില്ക്കപ്പെടുകയോ ഒളിച്ചുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് പ്രവിശ്യാ വനസംരക്ഷണ കാര്യാലയം റിപ്പോർട്ട് ചെയ്തു.” ‘ചില ഓഫീസർമാരുൾപ്പെടെ ചില ആളുകൾ വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പൂർണ്ണമായും മനസ്സിലാക്കുന്നില്ല. അവരുടെ വീക്ഷണത്തിൽ വന്യമൃഗങ്ങൾ ആർക്കും അവകാശപ്പെട്ടതല്ലാത്തതിനാൽ എല്ലാവർക്കും അവയെ വേട്ടയാടാം,’ എന്ന് ചൈനാ എൻവയൺമെൻറൽ ന്യൂസ് സൂചിപ്പിച്ചു. (g91 9/8)
ശൂന്യാകാശത്തിൽ ചപ്പുചവറുകൾ
ഭൂമിയെ ചുററുന്ന മനുഷ്യനിർമ്മിത അവശിഷ്ടങ്ങളുടെ അളവേറിവരുന്നതിൽ ശാസ്ത്രജ്ഞർ ഉൽക്കണ്ഠാകുലരാണ്. ഇത്തരത്തിലുള്ള അവശിഷ്ടങ്ങളും ഒരു ശൂന്യാകാശ പേടകവുമായുള്ള ഒരു കൂട്ടിമുട്ടലിന് ബഹിരാകാശ യാത്രികരുടെ മരണത്തിലോ അല്ലെങ്കിൽ ബഹിരാകാശ ദൗത്യത്തെ അപകടപ്പെടുത്തുന്നതിലോ പരിണമിക്കാൻ കഴിയും. ഒരു ടെന്നീസ് പന്തിനേക്കാൾ വലിപ്പമുള്ള ഏതാണ്ട് 7,000 വസ്തുക്കളും അതിനേക്കാൾ ചെറിയ 35 ലക്ഷത്തോളം ഘടകങ്ങളും ബഹിരാകാശത്ത് ഒഴുകി നടപ്പുണ്ടെന്ന് ഗവേഷകർ കണക്കാക്കുന്നു. “പെയിൻറ് കഷണങ്ങൾക്ക് പോലും അപകടം വരുത്താൻ കഴിയും, കാരണം അവ ബഹിരാകാശത്തുകൂടി മണിക്കൂറിൽ 60,000 കി.മീ. വേഗതയിലാണ് പായുന്നത്” എന്ന് സിഡ്ഢയിഷെ സെയിത്തുംഗ് എന്ന വർത്തമാനപ്പത്രത്തിൽ മ്യൂണിച്ചിൽ പ്രത്യക്ഷപ്പെട്ട ലേഖനത്തിന്റെ ദി ജർമ്മൻ ട്രിബ്യൂണൽ വന്ന ഒരു പരിഭാഷ കുറിക്കൊള്ളുന്നു. ഭൂമിയെ ചുററുന്ന വർദ്ധിച്ച തോതിലുള്ള മനുഷ്യനിർമ്മിത അവശിഷ്ടങ്ങളുടെ പരസ്പരമുള്ള കൂട്ടിമുട്ടലിന് “ശനി ഗ്രഹത്തിനു ചുററുമുള്ള വളയങ്ങൾ പോലെ ഭൂമിക്കു ചുററും പൊടി കൊണ്ടുള്ള വിശാലമായ ഒരു വളയ”മായിത്തീരാൻ കഴിയും. (g91 9/8)
ഡേററിംഗ് ഇന്ത്യയിൽ
ഇന്ത്യയിൽ ഡേററിംഗ് വർദ്ധിച്ച തോതിൽ ജനപ്രീതിനേടിക്കൊണ്ടിരിക്കുന്നു, കൂടാതെ അത് ഇപ്പോൾ ജീവിതത്തിലെ ഒരു വസ്തുതയായി ചിലർ അംഗീകരിക്കുന്നതായും തോന്നുന്നു. ഒരു ദശാബ്ദം മുമ്പ് ദമ്പതികൾ കൈപിടിച്ച് ചേർന്നു നടക്കുന്നത് കാണുന്നത് “ഒരപൂർവ്വ പക്ഷിയെ കണ്ടെത്തുന്നതു പോലെയായിരുന്നു. ഈ നാളുകളിൽ അവർ കുരുവികളെപ്പോലെതന്നെ സാധാരണമാണ്” എന്ന് ഇന്ത്യാ ടുഡേ എന്ന മാസിക കുറിക്കൊള്ളുന്നു. ഡേററിംഗ് നടത്തുന്ന ദമ്പതികളെ ഇപ്പോൾ പൊതു ബീച്ചുകളിലും പാർക്കുകളിലും സിനിമാ തീയേറററുകളിലും ലഘുഭക്ഷണശാലകളിലും കണ്ടെത്തിയേക്കാം. ഗാഢസൗഹൃദത്തിന്റെ പരസ്യ പ്രകടനങ്ങൾ വളരെ സാധാരണമാണ്. ഇന്ത്യൻ സമൂഹത്തിലെ ഈ മാററത്തിനു കാരണം സ്ക്കൂളുകളിലെയും കോളേജുകളിലെയും കൂട്ടുകാരിൽ നിന്നുള്ള സമ്മർദ്ദവും വെട്ടിത്തുറന്ന ലൈംഗിക സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും വർദ്ധനവുമാണെന്ന് ചിലർ ആരോപിക്കുന്നു. (g91 9/8)
ലൈംഗിക വൈകൃതം കാട്ടുന്ന പുരോഹിതർക്ക് സംരക്ഷണം?
“കുട്ടികളെ കരുക്കളാക്കിക്കൊണ്ടുള്ള ലൈംഗിക വൈകൃതം ആരോപിക്കപ്പെട്ടിട്ടുള്ള പുരോഹിതർക്ക് ചില രൂപതകൾ ഇപ്പോഴും സംരക്ഷണം നൽകുന്നു,” എന്നതായിരുന്നു നാഷണൽ കാത്തലിക്ക് റിപ്പോർട്ടർ എന്ന അമേരിക്കൻ വർത്തമാനപ്പത്രത്തിലെ അടുത്തകാലത്തെ ഒരു തലക്കെട്ട്. ഈ പത്രം ലൈംഗിക ദുർവ്വിനിയോഗത്തിന്റെ കേസുകളിൽ പ്രാവീണ്യമുള്ള ഒരു വക്കീലായ ജെഫ്രി ആൻഡേഴ്സണുമായി അഭിമുഖസംഭാഷണം നടത്തി. പുരോഹിതൻമാരുടെ ലൈംഗിക വൈകൃതം വർദ്ധിച്ച തോതിൽ പൊതുജനത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമായ 1985 മുതൽ പുരോഹിതൻമാർ ലൈംഗികമായി കുട്ടികളെ ശല്യം ചെയ്ത ആയിരത്തിലധികം കേസുകളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു. തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയോടുള്ള സഭയുടെ പ്രതികരണത്തെപ്പററി ആൻഡേഴ്സന് ചില പരുഷമായ വാക്കുകളുണ്ടായിരുന്നു: “ഉത്തരവാദിത്തം ഒഴിവാക്കുന്നതിന്റെ തുടർന്നുകൊണ്ടിരിക്കുന്ന ഒരു ഇതിഹാസകഥയാണ് ഇത്” എന്ന് കുററം ആരോപിക്കപ്പെട്ട പുരോഹിതരെ സംരക്ഷിക്കുന്നതിനുള്ള സഭയുടെ ഊന്നലിനെ നിന്ദിച്ചുകൊണ്ട് അദ്ദേഹം കുററപ്പെടുത്തി. “ഒരു പൊതു തത്വമെന്ന നിലയിൽ ഇരയായവരെ പരിചരിക്കുന്നതിലും അപകടങ്ങളെ കൈകാര്യം ചെയ്യുന്നതിലും സഭയുടെ സ്ഥാപനപരമായ പ്രതികരണം കരുതിക്കൂട്ടി അപര്യാപ്തമായിട്ടാണിരിക്കുന്നത്.” (g91 8/22)