ക്രിസ്ത്യാനികളും ജാതിവ്യവസ്ഥയും
ഇന്ത്യയിലെ ഉണരുക! ലേഖകൻ
“ജാതിവ്യവസ്ഥ” എന്നു കേൾക്കുമ്പോൾ നിങ്ങൾ എന്തിനെക്കുറിച്ചായിരിക്കും ചിന്തിക്കുക? ഒരുപക്ഷേ, ഇന്ത്യയെയും പട്ടികജാതി-പട്ടികവർഗക്കാരെയുംa കുറിച്ചായിരിക്കും. ജാതിവ്യവസ്ഥ ഹൈന്ദവ മതത്തിന്റെ ഭാഗമാണെങ്കിലും, കീഴ്ജാതിക്കാരുടെയും ജാതിഭ്രഷ്ടരുടെയും മേൽ അതുളവാക്കിയിരിക്കുന്ന ഫലങ്ങളെ തുടച്ചുനീക്കാൻ ഹൈന്ദവ പരിഷ്കർത്താക്കൾ പോരാടിയിട്ടുണ്ട്. ഇതിന്റെ വീക്ഷണത്തിൽ, ക്രൈസ്തവമെന്ന് അവകാശപ്പെടുന്ന സഭകളിൽപ്പോലും ജാതിവ്യവസ്ഥ ഉള്ളതായി കേൾക്കുമ്പോഴുള്ള നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?
ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഉത്ഭവമെന്നു കരുതുന്നത്
തങ്ങൾ ശ്രേഷ്ഠരാണെന്നു ചില വിഭാഗങ്ങൾക്കു തോന്നാൻ ഇടയാക്കത്തക്കവിധം ആളുകളെ സാമൂഹികമായി തരംതിരിക്കുന്ന രീതി ഉള്ളത് ഇന്ത്യയിൽ മാത്രമല്ല. എല്ലാ ഭൂഖണ്ഡങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള വർഗവിവേചനങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ വ്യത്യസ്തമാക്കുന്നത്, സാമൂഹിക മേധാവിത്വത്തിന്റേതായ ഒരു രീതി 3,000-ത്തിലധികം വർഷംമുമ്പ് മതത്തിന്റെ ഭാഗമായിത്തീർന്നു എന്ന വസ്തുതയാണ്.
ജാതിവ്യവസ്ഥയുടെ ഉത്ഭവം സംബന്ധിച്ച് ഒന്നും തീർത്തുപറയാനാവില്ലെങ്കിലും, ആധുനിക പാകിസ്ഥാനിലെ പുരാതന സിന്ധു നദീതട സംസ്കാരത്തിൽ അതിന്റെ വേരുകളുള്ളതായി ചില ആധികാരിക ഉറവിടങ്ങൾ കണ്ടെത്തിയിരിക്കുന്നു. അവിടത്തെ ആദിമ നിവാസികളെ പിന്നീട് വടക്കുപടിഞ്ഞാറുനിന്നുള്ള ഗോത്രക്കാർ കീഴടക്കിയതായി പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് “ആര്യന്മാരുടെ കുടിയേറ്റം” എന്ന പേരിലാണ് സാധാരണമായി അറിയപ്പെടുന്നത്. ഇന്ത്യയെ കണ്ടെത്തൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ജവഹർലാൽ നെഹ്റു ഇതിനെ, “ഇന്ത്യയിലെ വംശങ്ങളും ഇന്ത്യയുടെ അടിസ്ഥാന സംസ്കാരവും ഉത്ഭവിക്കാൻ ഇടയാക്കിയ ആദ്യത്തെ മഹാ സാംസ്കാരിക സംയോജനവും സങ്കലനവും” എന്നു വിളിക്കുന്നു. എന്നാൽ ഈ സങ്കലനം വർഗീയ സമത്വത്തിലേക്കു നയിച്ചില്ല.
ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “ജാതികൾ (ജാതികൾ എന്നാൽ അക്ഷരാർഥത്തിൽ ‘ജന്മങ്ങൾ’) പെരുകാൻ ഇടയാക്കിയത് ഹൈന്ദവരാണ്. (ഹൈന്ദവ ധർമപുരാണങ്ങളിൽ വിലക്കിയിരുന്ന) മിശ്രവിവാഹങ്ങളുടെ ഫലമായി നാല് വിഭാഗങ്ങൾ അഥവാ വർണങ്ങൾ, വീണ്ടും ഉപവിഭാഗങ്ങളായി തരംതിരിക്കപ്പെട്ടു. കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിലുള്ള വ്യത്യാസങ്ങൾ, വർഗീയ തരംതിരിവുകൾ, തൊഴിലിലും വൈദഗ്ധ്യങ്ങളിലുമുള്ള വ്യത്യാസങ്ങൾ എന്നിവയിൽനിന്നാണ് ജാതികൾ ഉത്ഭവിച്ചത് എന്ന് ആധുനിക സൈദ്ധാന്തികർ നിഗമനം ചെയ്യുന്നു. മാത്രമല്ല, ലളിതമായ വർണവ്യവസ്ഥ, സാമൂഹികവും മതപരവുമായ ഒരു സിദ്ധാന്തം മാത്രമായിരുന്നില്ലേയെന്ന് പല പണ്ഡിതന്മാരും സംശയിക്കുന്നു. ഏതാണ്ട് 3,000 ജാതികളായും ഉപജാതികളായും ഹൈന്ദവ സമൂഹത്തെ തരംതിരിക്കുന്ന സങ്കീർണമായ രീതി പുരാതന കാലങ്ങളിൽപ്പോലും നിലനിന്നിരുന്നിരിക്കാമെന്ന് അവർ ഊന്നിപ്പറയുകയും ചെയ്യുന്നു.”
ഒരു കാലഘട്ടത്തിൽ, വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ടവർ തമ്മിൽ മിശ്രവിവാഹം നടത്തിയിരുന്നതിനാൽ മുമ്പുണ്ടായിരുന്ന, തൊലിനിറത്തെ ആസ്പദമാക്കിയുള്ള മുൻവിധികൾ അത്ര പ്രകടമല്ലാതായിത്തീർന്നു. ജാതിയെ ഭരിക്കുന്ന കണിശമായ നിയമങ്ങൾ പിന്നീടുണ്ടായ, മതപരമായ ഒരു വികാസമായിരുന്നു. വേദങ്ങളിലും ഹൈന്ദവ ഋഷിവര്യനായ മനുവിന്റെ നിയമസംഹിതയിലുമാണ് അവ കാണപ്പെടുന്നത്. കീഴ്ജാതിക്കാരിൽനിന്നു വ്യത്യസ്തമായി മേൽജാതിക്കാർ ജന്മനാ ശുദ്ധിയുള്ളവരാണെന്ന് ബ്രാഹ്മണർ പഠിപ്പിച്ചു. ശൂദ്രരുടെ അഥവാ കീഴ്ജാതിക്കാരുടെ ദാസ്യവേല മുജ്ജന്മത്തിൽ അവർ ചെയ്ത ദുഷ്കർമങ്ങൾക്ക് ദൈവം നൽകിയ ശിക്ഷയാണെന്നും ജാതിവ്യവസ്ഥയാകുന്ന മതിൽക്കെട്ട് തകർക്കാൻ ശ്രമിച്ചാൽ അവരെ ജാതിഭ്രഷ്ടരാക്കുമെന്നും ബ്രാഹ്മണർ ശൂദ്രരെ വിശ്വസിപ്പിച്ചു. ശൂദ്രരുമായി വിവാഹബന്ധത്തിലേർപ്പെടുകയോ അവരോടൊപ്പമിരുന്ന് ആഹാരം കഴിക്കുകയോ അവരുപയോഗിക്കുന്ന കിണറുകളും മറ്റും ഉപയോഗിക്കുകയോ അവർ പോകുന്ന അമ്പലങ്ങളിൽ പോകുകയോ ചെയ്യുന്ന മേൽജാതിക്കാരനെ ജാതിഭ്രഷ്ടനാക്കുമായിരുന്നു.
ജാതിവ്യവസ്ഥ ആധുനിക പശ്ചാത്തലത്തിൽ
1947-ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യാ ഗവൺമെൻറ്, വർണവിവേചനം കുറ്റകരമാക്കിത്തീർക്കുന്ന ഒരു നിയമം പാസാക്കുകയുണ്ടായി. ഹൈന്ദവരിൽപ്പെട്ട കീഴ്ജാതിക്കാർക്ക് നൂററാണ്ടുകളോളം അനുഭവിക്കേണ്ടിവന്ന വിഷമാവസ്ഥ കണക്കിലെടുത്തുകൊണ്ട് പട്ടികജാതി-പട്ടികവർഗക്കാർക്ക് ഗവൺമെൻറുദ്യോഗങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തി. ഈ ഹൈന്ദവ കൂട്ടങ്ങൾ “ദളിതർ” എന്ന പേരിലും അറിയപ്പെടുന്നു. “പിച്ചിച്ചീന്തപ്പെട്ടവർ, ചവിട്ടിമെതിക്കപ്പെട്ടവർ” എന്നാണ് ഈ വാക്കിന്റെ അർഥം. എന്നാൽ അടുത്തയിടെ പത്രത്തിൽ ഇങ്ങനെ ഒരു തലക്കെട്ട് പ്രത്യക്ഷപ്പെടുകയുണ്ടായി: “ദളിത ക്രൈസ്തവർ [തൊഴിൽസ്ഥാപനങ്ങളിലും സർവകലാശാലകളിലും] സംവരണം ആവശ്യപ്പെടുന്നു.” ഇതിനിടയാക്കിയത് എന്താണ്?
ജാതിവ്യവസ്ഥ മൂലം ഹൈന്ദവ കീഴ്ജാതിക്കാർ അനീതിക്കിരയായിട്ടുണ്ടെന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ഗവൺമെൻറ് അവർക്ക് വ്യാപകമായി ആനുകൂല്യങ്ങൾ നൽകിവരുന്നത്. അതുകൊണ്ട് ജാതിവ്യവസ്ഥ പുലർത്താത്ത മതങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാനാകില്ലെന്ന് സമർഥിക്കപ്പെട്ടിരുന്നു. എന്നാൽ കീഴ്ജാതിക്കാരായ അഥവാ തൊട്ടുകൂടാത്തവരായ മതപരിവർത്തിതർ ആയതുകൊണ്ട് തങ്ങൾക്കും, ഹിന്ദുക്കളിൽനിന്നു മാത്രമല്ല “സഹക്രിസ്ത്യാനികളിൽ”നിന്നുപോലും, വിവേചനം നേരിടേണ്ടിവരുന്നതായി ദളിത ക്രൈസ്തവർ പറയുന്നു. അതു സത്യമാണോ?
ക്രൈസ്തവ മിഷനറിമാരും ജാതിവ്യവസ്ഥയും
അധിനിവേശ കാലങ്ങളിൽ പോർട്ടുഗീസുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമായ കത്തോലിക്കാ, പ്രൊട്ടസ്റ്റൻറ് മിഷനറിമാർ പല ഹൈന്ദവരെയും മതംമാറ്റിയിട്ടുണ്ട്. എല്ലാ ജാതിയിലുംപെട്ട ആളുകൾ നാമധേയ ക്രിസ്ത്യാനികളായി. ചില മതപ്രസംഗകർ ആകർഷിച്ചത് ബ്രാഹ്മണരെയായിരുന്നു. മറ്റുള്ളവരാകട്ടെ, തൊട്ടുകൂടാത്തവരെയും. മിഷനറിമാരുടെ പഠിപ്പിക്കലുകളും നടത്തയും ആഴത്തിൽ വേരൂന്നിയ ജാതിവിശ്വാസത്തിന്മേൽ എന്തു ഫലമാണ് ഉളവാക്കിയത്?
ഇന്ത്യയിലെ ബ്രിട്ടീഷുകാരെപ്പറ്റി ഗ്രന്ഥകാരനായ നിരാദ് ചൗധരി പറയുന്നത് ഇങ്ങനെയാണ്: പള്ളികളിൽ “ഇന്ത്യക്കാരായ സഭാംഗങ്ങൾക്ക് യൂറോപ്യന്മാരോടൊപ്പം ഇരിക്കാൻ സാധിക്കുമായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അടിസ്ഥാനമായി വർത്തിച്ച വർഗശ്രേഷ്ഠ ചിന്താഗതിയെ ക്രിസ്ത്യാനിത്വംകൊണ്ട് മൂടിവെക്കാനായില്ല.” കീഴ്ജാതിക്കാരെ മതംമാറ്റുന്നത് “സഭയിലേക്കു ചപ്പുചവറുകൾ വാരിക്കൂട്ടുന്നതുപോലെ”യാണെന്ന് ഐക്യനാടുകളിലെ വിദേശ മിഷനറിമാരുടെ സമിതിക്കു റിപ്പോർട്ടു ചെയ്തുകൊണ്ട് 1894-ൽ ഒരു മിഷനറി അതേ മനോഭാവം പ്രകടമാക്കി.
ആദിമ മിഷനറിമാർ പുലർത്തിയ വർഗശ്രേഷ്ഠ ചിന്താഗതിയും സഭാപഠിപ്പിക്കലുകളുമായി ബ്രാഹ്മണ ചിന്താഗതി കൂട്ടിക്കലർത്തിയതുമാണ് ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന ഇന്ത്യാക്കാർ മറകൂടാതെ ജാതിവ്യവസ്ഥ പുലർത്തുന്നതിനുള്ള പ്രധാന കാരണം.
ജാതിവ്യവസ്ഥ ഇന്നത്തെ സഭകളിൽ
1991-ൽ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തെ സംബോധന ചെയ്തുകൊണ്ട് കത്തോലിക്കാ ആർച്ച്ബിഷപ്പായ ജോർജ് സർ ഇങ്ങനെ പറഞ്ഞു: “പട്ടികജാതിക്കാരായ മതപരിവർത്തിതരോട് താണജാതിക്കാരോടെന്നപോലെ പെരുമാറുന്നതു മേൽജാതിക്കാരായ ഹൈന്ദവർ മാത്രമല്ല. മേൽജാതിക്കാരായ ക്രിസ്ത്യാനികളും അങ്ങനെതന്നെയാണ് പെരുമാറുന്നത്. . . . ഇടവകപ്പള്ളികളിലും ശവപ്പറമ്പിലും അവർക്കായി പ്രത്യേക സ്ഥലങ്ങളുണ്ട്. മിശ്രവിവാഹങ്ങൾ പുച്ഛത്തോടെയാണ് വീക്ഷിക്കപ്പെടുന്നത് . . . വൈദികർക്കിടയിലും ജാതീയത നിലവിലുണ്ട്.”
ഇന്ത്യൻ സഭകളുടെ ക്രിസ്തീയമല്ലാത്ത വശം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ, ഒരു ഏകീകൃത പ്രൊട്ടസ്റ്റൻറ് സഭയായ ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ ബിഷപ്പ് എം. അസറൈയ ഇങ്ങനെ പറഞ്ഞു: “വിവിധ സഭകൾക്കുള്ളിൽ സഹക്രൈസ്തവർ പട്ടികജാതിക്കാരായ (ദളിത) ക്രൈസ്തവരോടു വിവേചനം കാട്ടുന്നതും അവരെ അടിച്ചമർത്തുന്നതും അവർ ഒരു കുറ്റവും ചെയ്തിട്ടല്ല പിന്നെയോ അവർ താണജാതിക്കാരായി ജനിച്ചുപോയതുകൊണ്ടു മാത്രമാണ്. രണ്ടോ മൂന്നോ നാലോ തലമുറ കഴിഞ്ഞു ജനിച്ചവരോടുപോലും ഇങ്ങനെതന്നെയാണു പെരുമാറുന്നത്. സഭയിൽ ന്യൂനപക്ഷം വരുന്ന, മേൽജാതിക്കാരായ ക്രിസ്ത്യാനികൾ തലമുറകൾക്കുശേഷവും ജാതിസംബന്ധമായ മുൻവിധികൾ വെച്ചുപുലർത്തുന്നു. ക്രിസ്തീയ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമൊന്നും അവരെ സ്പർശിക്കുന്നതേയില്ല.”
കേരളത്തിലെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർ “ജാതി പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വംശീയ കൂട്ടങ്ങളായി” തരംതിരിക്കപ്പെട്ടിരിക്കുന്നതായി പിന്നോക്ക വർഗക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഗവൺമെൻറ് ഏർപ്പെടുത്തിയ മണ്ഡൽ കമ്മീഷൻ കണ്ടെത്തി. “മതപരിവർത്തനത്തിനുശേഷംപോലും കീഴ്ജാതിക്കാരെ ഹരിജനങ്ങളായാണ്b കണക്കാക്കുന്നത്. . . . ഒരേ സഭയിൽത്തന്നെയുള്ള സുറിയാനികളും പുലയരും മതപരമായ അനുഷ്ഠാനങ്ങൾ വെവ്വേറെ കെട്ടിടങ്ങളിലാണു നടത്തിയിരുന്നത്.”
1996 ആഗസ്റ്റിലെ ഇന്ത്യൻ എക്സ്പ്രസൽ വന്ന ഒരു വാർത്ത ദളിത ക്രൈസ്തവരെക്കുറിച്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “തമിഴ്നാട്ടിൽ, മേൽജാതിക്കാരിൽനിന്ന് വേറിട്ടാണ് അവർ താമസിക്കുന്നത്. കേരളത്തിൽ മുഖ്യമായും ഭൂരഹിതരായ പണിക്കാരാണവർ. സുറിയാനി ക്രിസ്ത്യാനികൾക്കും ഉയർന്ന ജാതിക്കാരായ മറ്റു ഭൂവുടമകൾക്കുംവേണ്ടി അവർ പണിയെടുക്കുന്നു. ദളിതരും സുറിയാനി കത്തോലിക്കരും ഒരിക്കലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയില്ല, അവർ തമ്മിൽ വിവാഹം കഴിക്കുകയുമില്ല. പലയിടങ്ങളിലും ദളിതർക്ക് അവരുടേതായ പള്ളികളുണ്ട്. ‘പുലയരുടെ പള്ളി’ അല്ലെങ്കിൽ ‘പറയരുടെ പള്ളി’ എന്നാണ് അവ വിളിക്കപ്പെടുന്നത്.” ഇവ ഉപവിഭാഗങ്ങളുടെ പേരാണ്.
അതൃപ്തിയോടുള്ള പ്രതികരണങ്ങൾ
എഫ്എസിഇ (ക്രിസ്തീയ ചൂഷണത്തിനെതിരെയുള്ള സമിതി) പോലുള്ള അൽമായ പ്രവർത്തക സംഘങ്ങൾ ദളിത ക്രിസ്ത്യാനികൾക്ക് ഗവൺമെൻറ് ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. ക്രൈസ്തവ സഭകളിലേക്കു മതംമാറിയവർക്ക് സാമ്പത്തിക സഹായം നേടിക്കൊടുക്കാനാണ് അവർ താത്പര്യപ്പെടുന്നത്. എന്നാൽ മറ്റുള്ളവർക്കാകട്ടെ, സഭയിൽത്തന്നെയുള്ളവർ അവരോട് പെരുമാറുന്ന വിധത്തെക്കുറിച്ചാണ് ഉത്കണ്ഠ മുഴുവൻ. 120 പേർ ഒപ്പിട്ട ഒരു കത്ത് ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് അയയ്ക്കുകയുണ്ടായി. തങ്ങൾ “ക്രിസ്തീയ മതം സ്വീകരിച്ചത് ജാതിവ്യവസ്ഥയിൽനിന്ന് വിമുക്തരാകാനായിരുന്നു”വെന്നും എന്നാൽ ഗ്രാമത്തിലെ പള്ളികളിൽ പ്രവേശിക്കാനോ കുർബാനയിൽ പങ്കെടുക്കാനോ തങ്ങൾക്ക് അനുവാദമില്ലെന്നും അവർ പറഞ്ഞു. മറ്റുള്ളവരിൽനിന്നു വേറിട്ട് അവർക്കു മാത്രമായുള്ള ഒരു തെരുവിൽ വീടുകൾ പണിയേണ്ടിവന്നു. മേൽജാതിക്കാരായ ക്രിസ്ത്യാനികളോ ഇടവക പുരോഹിതനോ ഒരിക്കലും അവിടേക്കു ചെല്ലുമായിരുന്നില്ല! ഇതേ പ്രശ്നം അനുഭവിക്കുന്ന ഒരു കത്തോലിക്ക സ്ത്രീ ഇങ്ങനെ പറഞ്ഞു: “എന്റെ മകൻ ഒരു നല്ല കോളെജിൽ പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അതിലും വലിയ ആഗ്രഹം, [കത്തോലിക്കരായ] സഹവിശ്വാസികൾ അവനെ അവരിലൊരാളായി കണക്കാക്കണമെന്നാണ്.”
ദളിത ക്രൈസ്തവരുടെ അവസ്ഥ മെച്ചപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും പലർക്കും ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു. വിശ്വഹിന്ദു പരിഷത്ത്പോലെയുള്ള ഹൈന്ദവ സംഘടനകൾ, ക്രൈസ്തവ സഭകളിലേക്ക് മതംമാറിയവരെ ഹിന്ദു അണിയിലേക്കു തിരികെ കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. 10,000 ആളുകൾ പങ്കെടുത്ത ഒരു ചടങ്ങിൽവെച്ച്, അത്തരം 600-ലധികം ‘ക്രൈസ്തവ’ കുടുംബങ്ങൾ വീണ്ടും ഹൈന്ദവമതം സ്വീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു.
യഥാർഥ ക്രിസ്തീയ മാർഗം
സഭാ മിഷനറിമാർ, സ്നേഹത്തിൽ അധിഷ്ഠിതമായ ക്രിസ്തുവിന്റെ ഉപദേശങ്ങൾ പഠിപ്പിച്ചിരുന്നെങ്കിൽ “ബ്രാഹ്മണ ക്രിസ്ത്യാനി”കളും “ദളിത ക്രിസ്ത്യാനി”കളും “പറയ ക്രിസ്ത്യാനി”കളും ഉണ്ടാകുകയില്ലായിരുന്നു. (മത്തായി 22:37-40) ദളിതർക്കുവേണ്ടി പ്രത്യേക പള്ളികൾ നിർമിക്കുകയോ സദ്യകളിൽ അവരോട് വേർതിരിവ് കാട്ടുകയോ ഇല്ലായിരുന്നു. വർഗീയ തരംതിരിവുകൾക്ക് അതീതമായ, സ്വതന്ത്രമാക്കുന്ന ഈ ബൈബിൾ പഠിപ്പിക്കൽ എന്താണ്?
‘നിങ്ങളുടെ ദൈവമായ യഹോവ കർത്താധികർത്താവാണ്. അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.’—ആവർത്തപുസ്തകം 10:17.
“സഹോദരൻമാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.”—1 കൊരിന്ത്യർ 1:10.
“നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
ദൈവം ഒരൊറ്റ മനുഷ്യനിൽനിന്ന് മുഴുമനുഷ്യവർഗത്തെയും ഉണ്ടാക്കി എന്നു ബൈബിൾ പഠിപ്പിക്കുന്നു. ആ ഒരൊറ്റ മനുഷ്യന്റെ പിൻഗാമികളെല്ലാം ‘ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതാണെന്നും, അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല’ എന്നും അത് പറയുന്നു.—പ്രവൃത്തികൾ 17:26, 27.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കിടയിലേക്ക് തരംതിരിവ് നുഴഞ്ഞുകയറിയപ്പോൾ ബൈബിളെഴുത്തുകാരനായ യാക്കോബ് നിശ്വസ്തതയിൽ അതിനെ വ്യക്തമായി കുറ്റംവിധിച്ചു. അവൻ ചോദിച്ചു: “നിങ്ങൾ നിങ്ങളുടെ ഇടയിൽത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടതീരുമാനങ്ങൾ കൈക്കൊള്ളുന്ന വിധികർത്താക്കളാകുകയും ചെയ്തിരിക്കുന്നു, അല്ലേ?” (യാക്കോബ് 2:1-4, NW) യഥാർഥ ക്രിസ്തീയ പഠിപ്പിക്കൽ ഒരുതരത്തിലുള്ള ജാതിവ്യവസ്ഥയെയും അനുവദിക്കുന്നില്ല.
പുതിയ ലോക ചിന്താഗതിയുടെ ആവശ്യം
വിവിധ മതങ്ങളിൽനിന്നു പഠിച്ച തങ്ങളുടെ മുൻ വിശ്വാസങ്ങൾക്കും നടത്തയ്ക്കും മാറ്റം വരുത്താൻ ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ സന്നദ്ധരായിരുന്നിട്ടുണ്ട്. ബൈബിൾ പഠിപ്പിക്കലുകൾ അവരുടെ ഹൃദയങ്ങളിൽനിന്നും മനസ്സുകളിൽനിന്നും തങ്ങൾ ഉയർന്നവരാണെന്നോ താഴ്ന്നവരാണെന്നോ ഉള്ള തോന്നലുകൾ—അവ അധിനിവേശ കാലങ്ങളിലോ വംശങ്ങളിലോ വർണവിവേചനത്തിലോ ജാതിവ്യവസ്ഥയിലോ വേരുന്നിയതായിക്കൊള്ളട്ടെ—നീക്കം ചെയ്തിരിക്കുന്നു. (റോമർ 12:1, 2) ‘നീതി വസിക്കുന്ന പുതിയ ഭൂമി’ എന്നു ബൈബിൾ വിളിക്കുന്നതിനെ സംബന്ധിച്ച് അവർക്കു വ്യക്തമായ ഗ്രാഹ്യമുണ്ട്. ഭൂമിയിലെ ദുരിതമനുഭവിക്കുന്ന ജനതതികൾക്ക് എത്ര മഹത്തായ ഭാവിപ്രതീക്ഷ!—2 പത്രൊസ് 3:13.
[അടിക്കുറിപ്പുകൾ]
a “പട്ടികജാതി” എന്നത് ഹൈന്ദവർക്കിടയിലെ കീഴ്ജാതിക്കാരെ അല്ലെങ്കിൽ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന, തൊട്ടുകൂടാത്തവരായ ജാതിഭ്രഷ്ടരെ വിശേഷിപ്പിക്കുന്ന ഒരു ഔദ്യോഗിക പദമാണ്.
b കീഴ്ജാതിക്കാർക്ക് ഗാന്ധിജി നൽകിയ പേര്. “ഹരിയുടെ ജനം” എന്നാണ് അതിന്റെ അർഥം. വിഷ്ണു ഭഗവാന്റെ മറ്റൊരു പേരാണ് ഹരി.
[25-ാം പേജിലെ ആകർഷകവാക്യം⁄ചിത്രം]
‘ദൈവത്തിന്നു മുഖപക്ഷമില്ല. ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.’
[23-ാം പേജിലെ ചതുരം/ചിത്രം]
എന്തു തോന്നും?
ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർ നിങ്ങളോട് ഒരു ജാതിഭ്രഷ്ടനോടെന്നപോലെ പെരുമാറിയാൽ നിങ്ങൾക്ക് എന്തു തോന്നും? ഒരു ക്രിസ്ത്യാനിക്കുണ്ടായ അനുഭവം പരിചിന്തിക്കുക. ഹൈന്ദവ മതത്തിലെ കീഴ്ജാതിയായ ചേരമർ അഥവാ പുലയ സമുദായത്തിൽനിന്ന് മതംമാറിയവരായിരുന്നു അദ്ദേഹത്തിന്റെ പൂർവപിതാക്കന്മാർ. തന്റെ ജന്മനാടായ കേരളത്തിൽവെച്ച് ഏതാനും വർഷം മുമ്പുണ്ടായ ഒരു സംഭവം അദ്ദേഹം വിവരിക്കുന്നു:
ഒരു വിവാഹത്തിന് ഞാൻ ക്ഷണിക്കപ്പെട്ടു. സന്നിഹിതരായിരുന്ന അതിഥികളിൽ അനേകരും പള്ളിക്കാരായിരുന്നു. സത്കാരസമയത്ത് എന്നെ കണ്ടതോടെ ആകെ പ്രശ്നമായി. ഞാൻ അവിടെനിന്നു പോയില്ലെങ്കിൽ തങ്ങൾ സത്കാരത്തിൽ പങ്കെടുക്കുകയില്ലെന്ന് ഓർത്തഡോക്സ് സിറിയൻ സഭയിൽപ്പെട്ടവർ പറഞ്ഞു. കാരണം പുലയരോടൊപ്പമിരുന്ന് അവർ ഭക്ഷണം കഴിക്കുകയില്ലപോലും. വധുവിന്റെ പിതാവ് അതിനു വഴങ്ങാതായപ്പോൾ അവർ ഒന്നടങ്കം സത്കാരത്തിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. അവർ പോയശേഷം ഭക്ഷണം വിളമ്പി. ഭക്ഷണം വിളമ്പിയിരുന്നവർ ഞാൻ ഊണുകഴിച്ച ഇലയെടുത്തു മാറ്റാനും മേശ വെടിപ്പാക്കാനും വിസമ്മതിച്ചു.
കീഴ്ജാതിക്കാർ മാത്രം കൂടിവരുന്ന, ദക്ഷിണേന്ത്യയിലെ ഒരു സാധാരണ പള്ളി