കുടുംബാസൂത്രണം ഒരു ആഗോള പ്രശ്നം ആയിത്തീരുന്നു
“കുടുംബാസൂത്രണത്തിന് ഇന്നു മനുഷ്യവർഗ്ഗത്തിനു ലഭ്യമായിരിക്കുന്ന ഏതു ‘സാങ്കേതികവിദ്യ’യേക്കാളും കൂടുതൽ പ്രയോജനങ്ങൾ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകൾക്കു ലഭ്യമാക്കിത്തീർക്കാൻ കഴിയും. . . . ജനസംഖ്യാപ്രശ്നം എന്ന ഒരു സംഗതി ഇല്ലായിരുന്നെങ്കിൽത്തന്നെയും ഇക്കാര്യം മേലാലും വാസ്തവമായിരിക്കും.”—ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1992 (The State of the World’s Children 1992).
പണ്ടുകാലങ്ങളിൽ കൂടുതൽ കൂട്ടികൾ ഉണ്ടായിരിക്കുന്നത് ശ്രേഷ്ഠമായി കണക്കാക്കിയിരുന്നു. ഏതാണ്ടു നാലായിരം വർഷങ്ങൾക്കു മുമ്പു റിബെക്ക യിസഹാക്കിനെ വിവാഹം ചെയ്യുന്നതിനുവേണ്ടി മെസൊപ്പൊത്താമ്യക്കു പുറപ്പെടുമ്പോൾ അവളുടെ അമ്മയും സഹോദരനും പിൻവരുന്ന വാക്കുകളിൽ അവളെ അനുഗ്രഹിച്ചു: “സഹോദരീ, നീ അനേകായിരമായി തീരുക.” (ഉല്പത്തി 24:60) കാലം മാറിയിരിക്കുന്നു. ഇന്നു കൂടുതൽ സ്ത്രീകളും പറയുന്നത് അവർക്കു വളരെ കുറച്ചു കുട്ടികൾ മതിയെന്നാണ്.
“ഞാൻ ഏഴു മക്കളിൽ മൂന്നാമത്തവളായിരുന്നു,” എന്നു 22 വയസ്സുകാരിയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായ ഇൻഡോനേഷ്യക്കാരി ബൂ പറയുന്നു. “എന്റെ പിതാവ് മദ്ധ്യ ജാവയിലെ ക്ലാററനിൽ, കരിമ്പിൻനീര് വിൽപ്പനക്കാരനായിരുന്നു, എന്റെ മാതാപിതാക്കൾ ഇപ്രകാരം അതിമാത്ര സന്താനങ്ങളെ വളർത്തിയെടുക്കാൻ വളരെ കഷ്ടപ്പാടു സഹിച്ചു. . . . കുറച്ചു കൂട്ടികളെ ഉള്ളു എങ്കിൽ കുടുംബം പുലർത്താൻ എളുപ്പമാണ്.”
ബൂവിന്റെ മനോഭാവം മുഴുലോകത്തിലുമുള്ള മാതാപിതാക്കളുടേതിനു സമാനമാണ്. എപ്പോൾ കുട്ടികൾ ഉണ്ടാകാൻ തുടങ്ങണം, എത്രപേർ വേണം, എത്ര ഇടവേളക്കു ശേഷം അവരുണ്ടാകണം, എപ്പോൾ നിർത്തണം എന്നതിനേക്കുറിച്ചെല്ലാം അധികമധികമായി ദമ്പതികൾ ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്നു. വികസ്വരരാജ്യങ്ങളിൽ ഗർഭനിരോധന വസ്തുക്കളുടെ സ്വമേധയാ ഉള്ള ഉപയോഗം 1960-കളിലെ പത്തുശതമാനം ദമ്പതികളിൽനിന്നും ഇന്ന് 51 ശതമാനമായി നാടകീയമായ തോതിൽ ഉയർന്നിരിക്കുന്നതായി സൂചിപ്പിക്കുന്ന യുഎൻ-ന്റെ സ്ഥിതിവിവരണക്കണക്കുകളിൽ ഇതു പ്രതിഫലിക്കുന്നു.
കുടുംബാസൂത്രണം വർദ്ധിപ്പിക്കുന്നതിൽ ഗവൺമെൻറുകളും അതീവ തല്പരരാണ്. വികസ്വരരാജ്യങ്ങളിൽ പകുതിയിൽ അധികവും ജനസംഖ്യാ വർദ്ധനവു കുറക്കുന്നതിനായി പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ്. ജനസംഖ്യാ-നിയന്ത്രണ പദ്ധതികൾക്കായി ഒരു വർഷം ചിലവാക്കുന്ന മൊത്തം തുക ഇപ്പോൾ ഏതാണ്ട് 450,00,00,000 അമേരിക്കൻ ഡോളറാണ് എന്നു ജനസംഖ്യാനിധി കണക്കാക്കുന്നു. ഭാവി ആവശ്യങ്ങളെ നേരിടുന്നതിന്, 2000-ാം ആണ്ടോടെ ഈ തുക ഇരട്ടിക്കും എന്നാണ് അധികാരികൾ പ്രതീക്ഷിക്കുന്നത്.
ജനനനിരക്കു നിയന്ത്രിക്കുന്നതിൽ ജനതകളും വ്യക്തികളും ഇത്രമാത്രം തല്പരരായിരിക്കുന്നത് എന്തുകൊണ്ട്? ഈ പ്രധാന വിഷയത്തെ സംബന്ധിച്ച ക്രിസ്തീയ വീക്ഷണം എന്താണ്? പിൻവരുന്ന രണ്ടു ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കും.