കുട്ടികൾ മുതൽക്കൂട്ടോ ബാധ്യതയോ?
കുടുംബാസൂത്രണ പ്രശ്നം, മിക്കപ്പോഴും ജനസംഖ്യാ സ്ഫോടനം എന്നു വിളിക്കുന്നതിനോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ ചരിത്രത്തിൽ ഒട്ടു മിക്കപ്പോഴും ജനസംഖ്യാ വർദ്ധനവു താരതമ്യേന പതുക്കെയായിരുന്നു; മരിക്കുന്ന ആളുകളുടെ സംഖ്യ ജനിക്കുന്നവരുടേതിനോടു സമമായിരുന്നു. ഒടുവിൽ 1830-ാം ആണ്ടോടെ ലോക ജനസംഖ്യ 100 കോടിയിലെത്തി.
തുടർന്ന് വൈദ്യപരവും ശാസ്ത്രീയവുമായ പുരോഗതി ഉണ്ടായി, അങ്ങനെ രോഗത്താലുള്ള, വിശേഷിച്ചു ശൈശവകാല രോഗത്താലുള്ള മരണനിരക്കു കുറയുന്നതിൽ കലാശിച്ചു. ലോക ജനസംഖ്യ 1930-ാം ആണ്ടോടെ 200 കോടി ആയിത്തീർന്നു. എന്നാൽ 1960-ാം ആണ്ടോടെ വേറൊരു 100 കോടി അതിനോടു ചേർക്കപ്പെട്ടു. വേറൊരു 100 കോടി 1975-ാം ആണ്ടോടെയും. ലോക ജനസംഖ്യ 1987-ാം ആണ്ടോടെ 500 കോടിയിൽ എത്തി.
മറെറാരു വിധത്തിൽ നോക്കിയാൽ, ഈ ഗ്രഹത്തിലുള്ള ജനങ്ങളുടെ എണ്ണം ഓരോ മിനിററിലും ഏതാണ്ട് 170 എന്ന കണക്കിൽ ഇപ്പോൾതന്നെ വർദ്ധിക്കുകയാണ്. അതു കൂട്ടുമ്പോൾ ഓരോ ദിവസവും ഏതാണ്ട് 2,50,000 ആളുകൾ വരും, സാമാന്യം വലിയൊരു നഗരത്തിനുവേണ്ട ജനസംഖ്യതന്നെ. ഇതിന്റെ അർത്ഥം ഓരോ വർഷവും ജനസംഖ്യയിൽ ഒമ്പതു കോടി വർദ്ധനവു ഉത്പാദിപ്പിക്കുന്നു എന്നാണ്, അതു കാനഡയിലെ ജനസംഖ്യയുടെ മൂന്നിരട്ടിക്കോ മെക്സിക്കോയിലെ ജനസംഖ്യക്കോ തുല്യമാണ്. ലോകത്തിലെ ജനസംഖ്യയിൽ 75 ശതമാനവും ജീവിക്കുന്ന വികസ്വരരാജ്യങ്ങളിലാണ് ഈ വർദ്ധനവിന്റെ 90 ശതമാനത്തിലധികവും സംഭവിക്കുന്നത്.
ഉത്കണ്ഠാകുലരായ ഗവൺമെൻറുകൾ
എന്നാൽ ജനസംഖ്യാവർദ്ധനവു കുടുംബാസൂത്രണത്തിലൂടെ നിയന്ത്രിക്കുവാൻ ഗവൺമെൻറുകൾ ഉത്സുകരായിരിക്കുന്നത് എന്തുകൊണ്ടാണ്? യുഎൻ ജനസംഖ്യാനിധിക്കു വേണ്ടിയുള്ള നൈജീരിയായിലെ നാഷനൽ പ്രോഗ്രാം ആഫീസർ ആയ ഡോ. ബാബ്സ് സേയ്ഗോ, സങ്കീർണവും വിവാദപരവും ആയ ഒരു സാഹചര്യത്തെ അമിതമായി ലഘൂകരിക്കാൻ ചായ്വുകാണിക്കുന്നതായി അദ്ദേഹം താക്കീതു നൽകുന്ന ഒരു ലളിതമായ ഉപമയിലൂടെ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു. അദ്ദേഹം വിശദീകരിക്കുന്നു:
‘ഒരു കർഷകൻ പത്ത് ഏക്കർ ഭൂമിയുടെ ഉടമസ്ഥനാണന്നു സങ്കല്പിക്കുക. അയാൾക്കു പത്തുമക്കൾ ഉണ്ടെങ്കിൽ അവർക്കു ഭൂമി കൃത്യമായി വീതിക്കുമ്പോൾ ഓരോരുത്തർക്കും ഓരോ ഏക്കർ ലഭ്യമാകും. ഇവരിലോരോരുത്തർക്കും പത്തുമക്കൾ വീതമുണ്ടായിരിക്കുകയും ഭൂമി അപ്രകാരം വീതിക്കുകയുമാണെങ്കിൽ അവരുടെ മക്കളിലോരോരുത്തർക്കും ഒരേക്കറിന്റെ പത്തിലൊരു ഭാഗമേ ലഭിക്കുകയുള്ളു. സ്പഷ്ടമായും ഈ മക്കൾ പത്ത് ഏക്കർ ഭൂമിയുടെ ഉടമയായിരുന്ന തങ്ങളുടെ വലിയപ്പനെപോലെ സമ്പന്നരായിരിക്കുകയില്ല.’
ഈ ഉപമ വർദ്ധിച്ചുവരുന്ന ആളുകളും ഒരു നിശ്ചിത വലിപ്പത്തോടും പരിമിതമായ വിഭവങ്ങളോടുംകൂടിയ ഭൂമിയും തമ്മിലുള്ള ബന്ധം എടുത്തുകാട്ടുന്നു. ജനസംഖ്യ വർദ്ധിക്കുന്നതനുസരിച്ച് അനേക വികസ്വരരാജ്യങ്ങളും ഇപ്പോഴത്തെ ജനസംഖ്യാ നിരക്കിനെ നേരിടുന്നതിൽ ബുദ്ധിമുട്ടുകയാണ്. ചില പ്രശ്നങ്ങൾ പരിചിന്തിക്കുക.
വിഭവങ്ങൾ. ജനസംഖ്യ വർദ്ധിക്കുന്നതനുസരിച്ചു വനങ്ങളുടേയും മേൽമണ്ണിന്റേയും കൃഷിഭൂമിയുടേയും ശുദ്ധജലത്തിന്റേയും അധികമായ ആവശ്യമുണ്ടാകുന്നു. ഫലമെന്താണ്? പോപുലൈ മാസിക ദുഃഖത്തോടെ പറയുന്നു: “വികസ്വരരാജ്യങ്ങൾ . . . അവയുടെ ഭാവി വികസനത്തിനു ആധാരമായിരിക്കുന്ന ദേശീയ വിഭവങ്ങളെ അമിതചൂഷണം ചെയ്യാൻ മിക്കപ്പോഴും നിർബന്ധിതരായി തീരുന്നു.”
അന്തർഘടന. ജനസംഖ്യ വർദ്ധിക്കുമ്പോൾ വേണ്ടത്ര വീടുകളും സ്കൂളുകളും ശുചീകരണ സൗകര്യങ്ങളും റോഡുകളും ആരോഗ്യ സേവനങ്ങളും നൽകുന്നതു വർദ്ധിച്ച അളവിൽ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു ഗവൺമെൻറുകൾ കണ്ടെത്തുന്നു. ഭാരിച്ച കടത്തിന്റേയും കുറഞ്ഞുവരുന്ന വിഭവങ്ങളുടേയും ഇരട്ട ഭാരവുംപേറി, വികസ്വരരാജ്യങ്ങൾ ഇപ്പോഴുള്ള ജനങ്ങളുടെ ആവശ്യങ്ങൾക്കായി കരുതുന്നതിനു വളരെ ഞെരുങ്ങുകയാണ്, വർദ്ധിച്ചു വരുന്ന ജനസംഖ്യയുടെ കാര്യം പിന്നെ പറയേണ്ടതില്ല.
തൊഴിൽ. യുഎൻ ജനസംഖ്യാനിധിയുടെ പ്രസിദ്ധീകരണമായ ജനസംഖ്യയും പരിസ്ഥിതിയും: മുന്നിലുള്ള വെല്ലുവിളി (Population and the Environment: The Challenges Ahead) പറയുന്ന പ്രകാരം, മിക്ക വികസ്വരരാജ്യങ്ങളിലും തൊഴിൽ സന്നദ്ധരിൽ 40 ശതമാനം ഇപ്പോൾത്തന്നെ തൊഴിൽ രഹിതരാണ്. മൊത്തം വികസ്വരലോകത്ത് 50 കോടിയിൽ കൂടുതൽ ജനങ്ങൾ ഒന്നുകിൽ തൊഴിൽ രഹിതരാണ് അല്ലെങ്കിൽ നിത്യതൊഴിൽ ഇല്ലാത്തവരാണ്, ഈ സംഖ്യ വ്യവസായിക ലോകത്തെ തൊഴിൽ സന്നദ്ധരുടെ മൊത്തം സംഖ്യയ്ക്കു തുല്യമാണ്.
ഈ നിരക്കു വഷളാകുന്നതിൽ നിന്നും തടയുന്നതിന്, വികസ്വരരാജ്യങ്ങൾ ഓരോ വർഷവും മൂന്നു കോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കണം. ഈ തൊഴിലുകൾ ആവശ്യമായിരിക്കുന്നവർ ഇന്നു ജീവിച്ചിരിപ്പുണ്ട്—അവർ ഇന്നത്തെ കുട്ടികളാണ്. ഗുരുതരമായ തൊഴിലില്ലായ്മ ആഭ്യന്തരകലാപത്തിലേക്കും വർദ്ധിച്ച ദാരിദ്ര്യത്തിലേക്കും പ്രകൃതിവിഭവങ്ങളുടെ കൂടുതലായ നശീകരണത്തിലേക്കും നയിച്ചേക്കാമെന്നു വിദഗ്ദ്ധൻമാർ അനുമാനിക്കുന്നു.
കൂടുതൽ കൂടുതൽ വികസ്വരരാജ്യങ്ങൾ കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രയത്നിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്നതിനെപ്പററി അഭിപ്രായം പറഞ്ഞുകൊണ്ട് ബ്രിട്ടിഷ് മെഡിക്കൽ ജേർണൽ ആയ ലാൻസെററ് പ്രസ്താവിച്ചു: “മുഖ്യമായും ലോകത്തിലെ ദരിദ്രരാജ്യങ്ങളിൽ ഒതുങ്ങിനിൽക്കുന്ന [ജനങ്ങളുടെ] എണ്ണം വർദ്ധിക്കാനുള്ളസമ്മർദ്ദം അവർ അഭിമുഖീകരിക്കുന്ന അദ്ധ്വാനത്തെ അത്യധികമായി വർദ്ധിപ്പിക്കും. . . . ലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവിതം വിദ്യാഭ്യാസമില്ലാത്തവരായും തൊഴിൽരഹിതരായും ശരിയായ പാർപ്പിടമില്ലാത്തവരായും, ആരോഗ്യവും ക്ഷേമവും ശുചീകരണസേവനങ്ങളും എന്നിങ്ങനെ പ്രാഥമിക ആവശ്യങ്ങൾ ലഭിക്കാത്തവരായും കഴിച്ചുകൂട്ടും, നിയന്ത്രണമില്ലാത്ത ജനസംഖ്യാ വർദ്ധനവാണ് അതിനിടയാക്കുന്ന മുഖ്യ ഘടകം.”
ഉത്കണ്ഠാകുലരായ കുടുംബങ്ങൾ
ലാക്കുകൾ വെക്കുന്നതും കുടുംബാസൂത്രണപരിപാടികൾ ദേശവ്യാപകമായി നടപ്പാക്കുന്നതും ഒരുസംഗതിയാണ്; പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതാണു മറെറാരു സംഗതി. അനേക സമുദായങ്ങളിലും വലിയ കുടുംബങ്ങളെ അനുകൂലിക്കുന്ന പരമ്പരാഗത വീക്ഷണങ്ങൾ ഇപ്പോഴും ശക്തമാണ്. ഉദാഹരണത്തിന്, നൈജീരിയക്കാരിയായ ഒരു അമ്മ ജനനനിരക്കു കുറയ്ക്കുന്നതിനുള്ള ഗവൺമെൻറിന്റെ പ്രോത്സാഹനത്തോട് ഇപ്രകാരം പറഞ്ഞുകൊണ്ടു പ്രതിവചിച്ചു: “ഞാൻ എന്റെ പിതാവിന്റെ 26 മക്കളിൽ ഏററവും ഇളയവളാണ്. എന്റെ മൂത്തവർക്കെല്ലാം ആണുങ്ങളും പെണ്ണുങ്ങളും അടക്കം എട്ടുമുതൽ 12-വരെ കുട്ടികളുണ്ട്. അതുകൊണ്ട് എനിക്കു മക്കളുടെ എണ്ണം കുറയാമോ?”
എന്നിരുന്നാലും, ഇപ്പോൾ അങ്ങനെയൊരു വീക്ഷണഗതി സാധാരണ സ്ത്രീകൾ ആറു കുട്ടികൾക്കു ജന്മം കൊടുക്കുന്ന നൈജീരിയയിൽ പോലും ഒരിക്കൽ ഉണ്ടായിരുന്നപോലെ അത്ര സാധാരണമല്ല. വർദ്ധിച്ചുവരുന്ന വിലക്കയററം മൂലം ലക്ഷക്കണക്കിന് ആളുകൾ അവരുടെ കുടുംബത്തെ ഊട്ടുന്നതിന്റെയും ഉടുപ്പിക്കുന്നതിന്റെയും വിഷമഘട്ടത്തിലാണ്. അനേകരും അനുഭവത്തിലൂടെ യൊറൂബാ പഴഞ്ചൊല്ലിന്റെ സത്യം പഠിച്ചുകഴിഞ്ഞു: “ഓമോ ബാറെ ഓഷീ ബാറെ” (കുട്ടികൾ കൂടിയാൽ ദാരിദ്രവും കൂടും).
അനേക ദമ്പതികളും കുടുംബാസൂത്രണത്തിന്റെ പ്രയോജനങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും അതു പ്രാവർത്തികമാക്കുന്നില്ല. ഫലമെന്താണ്? ഐക്യരാഷ്ട്ര ശിശുക്ഷേമനിധി പ്രസിദ്ധീകരിച്ച ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1992 (The State of the World’s Children 1992) പറഞ്ഞത്, ആ വർഷത്തിൽ വികസ്വരലോകത്തിലെ ഏകദേശം മൂന്നിൽ ഒരു ഗർഭധാരണം ആസൂത്രണം ചെയ്യാത്തതു മാത്രമല്ല ആഗ്രഹിക്കാത്തതും ആയിരിക്കും എന്നാണ്.
കുടുംബാസൂത്രണം ജീവനെ രക്ഷിക്കുന്നു
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു പുറമെ കുടുംബാസൂത്രണത്തെപ്പററി പരിചിന്തിക്കുന്നതിന് ഒരു മുഖ്യകാരണം അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യമാണ്. “ഗർഭധാരണം ഒരു ചൂതാട്ടവും പ്രസവം ഒരു ജീവൻ-മരണ പോരാട്ടവുമാണ്,” എന്ന് ഒരു പശ്ചിമ ആഫ്രിക്കൻ പഴമൊഴി പറയുന്നു. വികസ്വരലോകത്ത് ഓരോ വർഷവും അഞ്ചുലക്ഷം സ്ത്രീകൾ ഗർഭകാലത്തോ പ്രസവസമയത്തോ മരിക്കുന്നു, പത്തുലക്ഷം കുട്ടികൾ അമ്മയില്ലാത്തവരായിത്തീരുന്നു, അതിനുപുറമെ 50 ലക്ഷംമുതൽ 70 ലക്ഷംവരെ സ്ത്രീകൾ പ്രസവത്തോടനുബന്ധിച്ച ആരോഗ്യദൂഷ്യം മൂലം അവശരൊ വികലാംഗരൊ ആയിത്തീരുന്നു.
വികസ്വരരാജ്യങ്ങളിലെ എല്ലാ സ്ത്രീകൾക്കും ഒരേ അപകടസാദ്ധ്യതയല്ല ഉള്ളത്. പിൻവരുന്ന ചതുരം കാണിക്കുന്നപ്രകാരം ഏററവും അധികംഅപകടസാദ്ധ്യതയുള്ളവർ വളരെ നേരത്തെയൊ അടുത്തടുത്തൊ വളരെ താമസിച്ചൊ വളരെ അധികം കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകളാണ്. കുടുംബാസൂത്രണത്തിന് ഈ മരണങ്ങളുടെ നാലിലൊരു ഭാഗംമുതൽ മൂന്നിലൊരു ഭാഗംവരെ തടയാനും ലക്ഷക്കണക്കിനു വൈകല്യങ്ങളെ തടയാനും കഴിയുമെന്ന് യുഎൻ രേഖകൾ കണക്കാക്കുന്നു.
എന്നാൽ ലക്ഷക്കണക്കിനു ജീവൻ രക്ഷപ്പെടുത്തുന്നതു ജനസംഖ്യാ വർദ്ധനവിനു മാത്രമല്ലേ ഉതകുകയുള്ളു? ആശ്ചര്യമെന്നുപറയട്ടെ, മിക്ക വിദഗ്ദ്ധരും പറയുന്നത് അല്ല എന്നാണ്. “കൂടുതൽ കുട്ടികൾ അതിജീവിച്ചാൽ ജനസംഖ്യാ പ്രശ്നങ്ങൾ വളരെ വഷളായേക്കും എന്നു വിചാരിച്ചേക്കാം. നേരെ തിരിച്ചാണ്. തങ്ങളുടെ കുട്ടികൾ അതിജീവിക്കും എന്നു മാതാപിതാക്കൾക്ക് ഉറപ്പുള്ളപ്പോൾ ഉൽപാദനശക്തി കുറയുവാൻ ചായ്വുകാണിക്കുന്നു” എന്നു 1991-ലെ ഹ്യൂമൻ ഡെവലപ്മെൻറ് റിപ്പോർട്ട് പ്രസ്താവിക്കുന്നു.
എന്നുവരികിലും, ലക്ഷക്കണക്കിനു സ്ത്രീകൾ, വിശേഷാൽ ദരിദ്ര സമുദായങ്ങളിൽ തുടർന്നും കൂടെക്കൂടെ പ്രസവിക്കുന്നു. എന്തുകൊണ്ട്? അവരുടെ സമുദായം അത് അവരിൽനിന്നു പ്രതീക്ഷിക്കുന്നതുകൊണ്ടും അധികം മക്കളുള്ളതു കുറെപ്പേർ അതിജീവിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതുകൊണ്ടും അവർക്കു കുടുംബാസൂത്രണസേവനങ്ങളെക്കുറിച്ചുള്ള അറിവൊ അവയുടെ ലഭ്യതയൊ ഇല്ലാതിരുന്നേക്കാമെന്നതുകൊണ്ടും തന്നെ.
എന്നാലും വലിയ കുടുംബങ്ങളുള്ള അനേകം സ്ത്രീകളും മറെറാരു വിധത്തിൽ അതിനെ കാണുന്നില്ല. ഓരോ കുട്ടിയും ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമായി അവർ കണക്കാക്കുന്നു.
[6-ാം പേജിലെ ചതുരം]
വികസ്വരരാജ്യങ്ങളിൽ ഉയർന്ന അപകട സാദ്ധ്യതയുള്ള ഗർഭധാരണം
വളരെ നേരത്തെ: പതിനഞ്ചുവയസ്സുമുതൽ 19 വയസ്സുവരെ പ്രായമുള്ള സ്ത്രീകളുടെ ഇടയിൽ, ഗർഭകാലത്തും പ്രസവസമയത്തും ഉണ്ടാകാവുന്ന മരണം 20 വയസ്സുമുതൽ 24 വയസ്സുവരെ പ്രായമുള്ള സ്ത്രീകളുടെ ഇടയിൽ ഉണ്ടാകാവുന്നതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. കൗമാരപ്രായക്കാരികൾക്കു ജനിക്കുന്ന ശിശുക്കൾ മരിച്ചുപോകാനോ വളരെ നേരത്തെ ജനിച്ചുവീഴാനോ ജനനസമയത്ത് അവർക്കു തീരെ ഭാരം കുറഞ്ഞിരിക്കാനോ കൂടുതൽ സാധ്യതയുണ്ട്.
അടുത്തടുത്ത്: പ്രസവങ്ങൾക്കിടയിലുള്ള കാലദൈർഘ്യം കുട്ടികളുടെ അതിജീവനത്തെ സാരമായി ബാധിക്കുന്നു. ഒരു കുട്ടി ഉണ്ടായിട്ടു രണ്ടുവർഷം കഴിയുന്നതിനു മുമ്പു ജനിക്കുന്ന കുഞ്ഞ് ശൈശവത്തിലേ മരിക്കുന്നതിന് 66 ശതമാനം സാദ്ധ്യതകൂടുതലാണ്. ഈ കുട്ടികൾ അതിജീവിച്ചാൽപ്പോലും അവരുടെ വളർച്ച മുരടിക്കുന്നതിനും ബുദ്ധിയുടെ വികസനം തകരാറിലാകുന്നതിനും ഉള്ള സാദ്ധ്യത ഏറെയാണ്. ശിശു മരണങ്ങളിൽ ഏകദേശം അഞ്ചിലൊന്ന് വേണ്ടത്ര പ്രസവ ഇടവേള മൂഖാന്തിരം തടുക്കാവുന്നതാണ്. പ്രസവങ്ങൾക്കു മദ്ധ്യേ മൂന്നോ അധികമോ വർഷത്തെ ഇടവേള അപകടസാദ്ധ്യത തീരെ കുറക്കുന്നു.
വളരെ അധികം: നാലിൽ കൂടുതൽ കുട്ടികളെ പ്രസവിക്കുന്നതു ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും അപകടത്തെ വർദ്ധിപ്പിക്കുന്നു, വിശേഷാൽ മുമ്പിലത്തെ കുട്ടികൾ തമ്മിൽ രണ്ടിലധികം വർഷത്തെ ഇടവേളയില്ലെങ്കിൽ. നാലു ഗർഭധാരണത്തിനു ശേഷം അമ്മമാർ മിക്കവാറും വിളർച്ച അനുഭവിക്കുന്നതിനും രക്തസ്രാവത്തിനുള്ള പ്രവണത കാണിക്കുന്നതിനും കൂടുതൽ സാദ്ധ്യതയുണ്ട്. തന്നെയുമല്ല അവരുടെ കുട്ടികൾ വൈകല്യങ്ങളോടെ ജനിക്കുന്നതിനുള്ള ഉയർന്ന അപകടസാദ്ധ്യതയും ഉണ്ട്.
വളരെ താമസ്സിച്ച്: മുപ്പത്തഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ ഗർഭകാലത്തൊ പ്രസവസമയത്തൊ മരിക്കുന്നതിനുള്ള സാദ്ധ്യത 20 വയസ്സുമുതൽ 24 വയസ്സുവരെ പ്രായമുള്ള സ്ത്രീകളെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണ്. പ്രായം ചെന്ന സ്ത്രീകൾക്കുണ്ടാകുന്ന കുട്ടികളും മരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
അവലംബം: ലോകാരോഗ്യ സംഘടന, യുഎൻ ശിശുക്ഷേമനിധി, യുഎൻ ജനസംഖ്യാനിധി.