യുദ്ധത്തിന്റെ അറുതിക്ക് എന്തു പ്രത്യാശ?
ആയിരത്തിത്തൊള്ളായിരത്തിപ്പതിന്നാലുമുതൽ 1918വരെ നടന്ന ഒന്നാം ലോകമഹായുദ്ധം സകല യുദ്ധങ്ങളെയും അവസാനിപ്പിക്കാനുള്ള യുദ്ധം എന്നു വിളിക്കപ്പെട്ടു. എന്നാൽ അന്നുമുതൽ, ഇന്നോളം ഉണ്ടായിട്ടുള്ള ഏററവും വലിയ യുദ്ധമായ രണ്ടാം ലോകമഹായുദ്ധം ഉൾപ്പെടെ 200-ലധികം യുദ്ധങ്ങൾ നടന്നിരിക്കുന്നു.
വ്യക്തമായും യുദ്ധത്തിന് അറുതി വരുത്താനുള്ള മാനുഷിക ശ്രമങ്ങൾ ഒരു സമ്പൂർണ പരാജയമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട്, “എല്ലായ്പോഴും യുദ്ധങ്ങൾ ഉണ്ടായിരിക്കും” എന്ന് ആളുകൾ പറയുന്നതിൽ എന്തെങ്കിലും അത്ഭുതമുണ്ടോ? അതാണോ നിങ്ങൾ വിശ്വസിക്കുന്നത്?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1945-ലെ ഐക്യരാഷ്ട്രങ്ങളുടെ രൂപവത്ക്കരണം യുദ്ധംകൊണ്ടു വലഞ്ഞ മനുഷ്യർക്കു യുദ്ധമില്ലാത്ത ഒരു ലോകത്തിന്റെ പ്രത്യാശ നൽകാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ന്യൂയോർക്ക് നഗരാങ്കണത്തിലെ യുഎൻ ചുവരിൻമേലുള്ള ഒരു ആലേഖനത്തിൽ ആ പ്രത്യാശ പ്രകടിതമാണ്, അത് ഇപ്രകാരം വായിക്കുന്നു: അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും. അവരുടെ കുന്തങ്ങളെ കോതുകത്രികകളായും: രാഷ്ട്രം രാഷ്ട്രത്തിനെതിരെ വാളുയർത്തുകയില്ല. അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.
ദുഃഖകരമെന്നു പറയട്ടെ, മനോഹരമായി വർണിച്ചിരിക്കുന്ന ഈ സമാധാന പ്രതീക്ഷയെ രാഷ്ട്രങ്ങൾ തങ്ങളുടെ യുദ്ധക്കൊതി നിമിത്തം പരിഹാസ്യമാക്കിയിരിക്കുന്നു. എന്നിരുന്നാലും ഈ വാക്കുകൾ നിവൃത്തിയേറും! എന്തെന്നാൽ അവ 2,500 വർഷങ്ങൾക്കുമുമ്പ് അപൂർണ മനുഷ്യരെക്കാൾ ഉയർന്ന ഒരു ഉറവിൽനിന്ന് ഉത്ഭവിച്ചതാണ്. സർവശക്തനായ ദൈവം നടത്തിയ ഒരു വാഗ്ദത്തത്തെ അവ പ്രതിനിധാനം ചെയ്യുന്നു.—യെശയ്യാവു 2:4.
ഒരു വ്യാജമായ പ്രത്യാശ
ഒരു യുദ്ധരഹിതലോകം സൃഷ്ടിക്കാൻ സഹായത്തിനായി അനവധിപേർ സഭകളിലേക്കു നോക്കിയിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ സഭകൾ, ചരിത്രത്തിലെ അനൈക്യം വരുത്തുന്ന, രണോത്സുകമായ ഏററവും വലിയ ശക്തികളിൽ ഒന്നായി ഭവിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന് ഒന്നാം ലോകമഹായുദ്ധകാലത്തു ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറലായിരുന്ന ഫ്രാങ്ക് പി. ക്രോഷർ ഇപ്രകാരം പറഞ്ഞു: “നമുക്കുള്ളതും നാം സ്വതന്ത്രമായി ഉപയോഗിച്ചിരിക്കുന്നതുമായ ക്രിസ്തീയ സഭകളാണു രക്തദാഹത്തിന്റെ ഏററവും മികച്ച ജനയിതാക്കൾ.”
അതുകൊണ്ട്, സത്യക്രിസ്ത്യാനിത്വവും വ്യാജക്രിസ്ത്യാനിത്വവും തമ്മിൽ നാം വേർതിരിച്ചറിയേണ്ടതു മർമപ്രധാനമാണ്. ഇതു ചെയ്യാൻ നമ്മെ സഹായിക്കുന്നതിനു യേശു ലളിതമായ ഒരു പ്രമാണം നൽകി: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം.” (മത്തായി 7:16) വാക്കുകളോ വിശ്വാസങ്ങളെപ്പററിയുള്ള അവകാശവാദങ്ങളോ മാത്രം മതിയാകുന്നില്ല. ഇതു ദൃഷ്ടാന്തീകരിക്കുന്നതിനു വാൻകൂവർ സൺ പത്രത്തിന്റെ സ്ററാഫ് ലേഖകനായ സ്ററീവ് വിസ്സൽ ഇപ്രകാരം എഴുതി: “എണ്ണ പുരണ്ട നീലക്കുപ്പായം ധരിക്കുന്ന എല്ലാവരും മെക്കാനിക്കുകളല്ല, അവർ മെക്കാനിക്കുകളാണെന്നു തോന്നിയാൽപ്പോലും, . . . ‘ഞങ്ങൾ മെക്കാനിക്കുകളാണ്’ എന്ന് അവർ പറഞ്ഞാൽപ്പോലും.”
തന്റെ ദൃഷ്ടാന്തം ക്രിസ്ത്യാനിത്വത്തിനു ബാധകമാക്കിക്കൊണ്ടു വിസ്സൽ ഇങ്ങനെ പറഞ്ഞു: “ക്രിസ്ത്യാനിത്വത്തിന്റെ പേരിൽ ഇത് അല്ലെങ്കിൽ അത് എങ്ങനെ നടന്നു എന്നും അത് എത്ര ഭയങ്കരമായിപ്പോയി എന്നും ആളുകൾ മിക്കപ്പോഴും സംസാരിക്കുന്നതു നിങ്ങൾ കേൾക്കും. അതേ, അതു ഭയങ്കരം തന്നെ. . . . പക്ഷേ ആ ഭയങ്കര കാര്യങ്ങൾ ചെയ്തതു ക്രിസ്ത്യാനികളായിരുന്നു എന്ന് ആരു പറഞ്ഞു?
“ഓ, വ്യവസ്ഥാപിത സഭകൾ അങ്ങനെ പറയുന്നുണ്ടല്ലൊ, എന്നു നിങ്ങൾ പറഞ്ഞേക്കാം. ആകട്ടെ, വ്യവസ്ഥാപിത സഭകൾ ക്രിസ്തീയമാണെന്ന് ആരു പറഞ്ഞു?
“അതുകൊണ്ട് പാപ്പാ മുസ്സോളിനിയെ അനുഗ്രഹിച്ചു, മററു പാപ്പാമാർ കഴിഞ്ഞകാലത്തു ചെയ്ത ദ്രോഹകരമായ പ്രവൃത്തികൾ സംബന്ധിച്ച തെളിവുമുണ്ട്. അതുകൊണ്ട് അവർ ക്രിസ്ത്യാനികൾ ആയിരുന്നു എന്ന് ആരു പറഞ്ഞു?
“ഒരു മനുഷ്യൻ പാപ്പാ ആണെന്നു വച്ച് അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരിക്കണമെന്നു നിങ്ങൾ കരുതുന്നുണ്ടോ? ‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്’ എന്ന് ഒരുവൻ കേവലം പറയുന്നതുകൊണ്ട് അയാൾ ഒരു ക്രിസ്ത്യാനിയാണെന്ന് അർഥമില്ല—ഒരു മെക്കാനിക്കാണെന്ന് അവകാശപ്പെടുന്ന ഒരു മനുഷ്യൻ ഒരു മെക്കാനിക്ക് അല്ലാതിരുന്നേക്കാവുന്നതുപോലെതന്നെ.
“ക്രിസ്ത്യാനികളെന്നു ഭാവിക്കുന്ന ആളുകൾക്കെതിരെ ബൈബിൾ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു കൊടുക്കുകപോലും ചെയ്യുന്നു . . . ഒരു ക്രിസ്ത്യാനിക്കും മറെറാരു ക്രിസ്ത്യാനിക്കെതിരെ യുദ്ധം ചെയ്യാൻ കഴിയില്ല—അത് ഒരു മനുഷ്യൻ തന്നോടുതന്നെ പോരാടുന്നതുപോലിരിക്കും.
“യഥാർഥ ക്രിസ്ത്യാനികൾ യേശുക്രിസ്തുവിൽ സഹോദരീസഹോദരൻമാരാണ്. . . . അവർ ഒരിക്കലും, ഒരിക്കലും ബോധപൂർവം അന്യോന്യം ഉപദ്രവിക്കുകയില്ല.”
അതുകൊണ്ട് നാം യേശുവിന്റെ പ്രമാണം ബാധകമാക്കുകയും സഭകൾ പുറപ്പെടുവിക്കുന്ന ഫലങ്ങളെ നോക്കുകയും ചെയ്യേണ്ടയാവശ്യമുണ്ട്. എന്നാൽ ഏതു ഫലങ്ങൾ? “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. നിങ്ങൾ ആദിമുതൽ കേട്ട ദൂതു; നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്) എന്നു പറഞ്ഞുകൊണ്ടു ബൈബിൾ വിശേഷിച്ച് ഒരു ഫലത്തിലേക്കു വിരൽ ചൂണ്ടുന്നു.—1 യോഹന്നാൻ 3:10-12.
ഒരുവന്റെ സഹോദരനെ സ്നേഹിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുപകരം സഭകൾ യുദ്ധത്തിൽ ഒരുവന്റെ സഹോദരനെ കൊല്ലുന്നതിനെ പിന്താങ്ങുകയും പ്രോത്സാഹിപ്പിക്കുകപോലും ചെയ്തിരിക്കുന്നു. അതുകൊണ്ട്, പുരാതന ഈജിപ്ററുകാരുടെയും അസീറിയാക്കാരുടെയും ബാബിലോന്യരുടെയും റോമാക്കാരുടെയും മതങ്ങൾപോലെതന്നെ അവയും പിശാചായ സാത്താന്റെ കളിപ്പാവകൾ ആയിത്തീർന്നിരിക്കുന്നു. യേശു സാത്താനെ “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നു വിളിക്കുകയും തന്റെ യഥാർഥ അനുഗാമികളെക്കുറിച്ച്, “ഞാൻ ലോകത്തിന്റെ ഭാഗം അല്ലാതിരിക്കുന്നതുപോലെതന്നെ, അവർ ലോകത്തിന്റെ ഭാഗമല്ല” എന്നു പറയുകയും ചെയ്തു. (യോഹന്നാൻ 12:31; 17:16, NW; 2 കൊരിന്ത്യർ 4:4) എന്നിട്ടും സഭകൾ സ്വയം ഈ ലോകത്തിന്റെ ഒരു അവിഭാജ്യ ഘടകമായിത്തീർന്നിരിക്കുന്നു.
അപ്പോൾ വ്യക്തമായും, ഒരു യുദ്ധരഹിത ലോകം സൃഷ്ടിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെ നിവർത്തിക്കാൻ ദൈവം സഭകളെ ഉപയോഗിക്കുന്നില്ല. ആചാര്യൻമാരും മററു സഭാപ്രതിനിധികളും എന്തുതന്നെ പറഞ്ഞാലും, രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ ദൈവം പക്ഷം പിടിക്കുന്നില്ല.
യുദ്ധത്തെ നിർമൂലനം ചെയ്യാനുള്ള ദൈവത്തിന്റെ വാഗ്ദത്തം എങ്ങനെ നിവൃത്തിയേറും? ഏതെങ്കിലും ജനത തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിട്ടുണ്ടോ? തീർച്ചയായും ചിലർ അങ്ങനെ ചെയ്തിട്ടുണ്ട്.
ദൈവത്തിന്റെ വാഗ്ദത്തം നിവർത്തിക്കുന്നവർ
പ്രമുഖ സഭാചരിത്രകാരനായ എസ്. ജെ. കാഡു ഇപ്രകാരം കുറിക്കൊണ്ടു: “ആദിമ ക്രിസ്ത്യാനികൾ യേശുവിനെ വിശ്വസിച്ചു . . . അവർ തങ്ങളുടെ മതത്തെ സമാധാനത്തോടു താദാത്മ്യപ്പെടുത്തി യുദ്ധത്തിൽ ഉൾപ്പെട്ടിരുന്ന രക്തച്ചൊരിച്ചിൽനിമിത്തം അവർ അതിനെ ശക്തമായി അപലപിച്ചു; കൃഷിയായുധങ്ങളിലേക്കുള്ള യുദ്ധായുധങ്ങളുടെ മാററത്തെ മുൻകൂട്ടിപ്പറഞ്ഞ പഴയനിയമപ്രവചനം അവർ സ്വയം ബാധകമാക്കി.”—യെശയ്യാവു 2:4.
എന്നാൽ ഇന്നെന്ത്? യേശുവിനെ വിശ്വസിക്കുകയും യഥാർഥത്തിൽ പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജനതയുണ്ടോ? ഫലത്തിൽ, ഇവർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിട്ടുണ്ടോ? കൊള്ളാം, എൻസൈക്ലോപീഡിയ കനേഡിയാന ഇപ്രകാരം എഴുതുന്നു: “യഹോവയുടെ സാക്ഷികളുടെ വേല, നമ്മുടെ പൊതുയുഗത്തിന്റെ ഒന്നും രണ്ടും ശതകങ്ങളിൽ യേശുവും തന്റെ ശിഷ്യൻമാരും ആചരിച്ച ആദിമ ക്രിസ്ത്യാനിത്വത്തിന്റെ നാനവും പുനഃസ്ഥാപനവുമാണ്. . . . എല്ലാവരും സഹോദരങ്ങളാണ്.”
അതുകൊണ്ട്, അന്യോന്യം സ്നേഹിക്കാനുള്ള ക്രിസ്തുവിന്റെ കല്പന അനുസരിച്ചുകൊണ്ടു യഹോവയുടെ സാക്ഷികൾ തങ്ങളുടെ സഹോദരങ്ങളെ ദ്വേഷിക്കാനോ കൊല്ലാനോ വിസമ്മതിക്കുന്നു, ഇവർ മററു വർഗത്തിലോ ദേശത്തിലോപെട്ട അംഗങ്ങൾ ആയിരുന്നേക്കാമെങ്കിൽപ്പോലും. (യോഹന്നാൻ 13:34, 35) “നൂററാണ്ടുകളിലുടനീളം [സഭകൾ] യുദ്ധത്തെയും സേനകളെയും ആയുധങ്ങളെയും ആശിർവദിക്കാൻ സദാ സന്നദ്ധമായിരുന്നു, തങ്ങളുടെ ശത്രുക്കളുടെ സംഹാരത്തിനായി തനി ക്രിസ്തീയവിരുദ്ധമായ ഒരു രീതിയിൽ അവർ പ്രാർഥിച്ചു” എന്നു ജർമനിയിലെ ഒരു പ്രൊട്ടസ്ററൻറു നേതാവായ മാർട്ടിൻ നീമൊളർ പ്രസ്താവിച്ചു. എന്നാൽ അതിനു വിപരീതമായി, “നൂറുകണക്കിനും ആയിരക്കണക്കിനും” സാക്ഷികൾ “സൈനികസേവനം ചെയ്യാൻ വിസമ്മതിച്ചതുകൊണ്ടും മനുഷ്യജീവികൾക്കുനേരെ നിറയൊഴിക്കാൻ മടിച്ചതുകൊണ്ടും തടങ്കൽപാളയങ്ങളിലേക്കു പോകുകയും മരിക്കുകയും ചെയ്തു”വെന്ന് അദ്ദേഹം പറഞ്ഞു.
അതേ, മററു മതങ്ങളിലെ ആളുകളിൽനിന്നു വ്യത്യസ്തമായി യഹോവയുടെ സാക്ഷികൾ യഥാർഥത്തിൽ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു. ക്രിസ്തു ഉപദേശിച്ചതുപോലെ, “ലോകത്തിന്റെ ഭാഗമാകാതെ” നിലകൊള്ളുന്നതിനാൽ, അവർ നിശ്ചയമായും മററു മതങ്ങളിൽനിന്നു വ്യത്യസ്തരാണ്. (യോഹന്നാൻ 15:19) റോമൻ കത്തോലിക്കാ സെൻറ് ആൻറണീസ് മെസഞ്ചർ ഇപ്രകാരം നിരീക്ഷിച്ചു: “യഹോവയുടെ സാക്ഷികൾ ‘വ്യവസ്ഥാപിത ലൗകിക സമൂഹ’ത്തിനു വെളിയിൽ നിൽക്കുന്നു, ലൗകിക ഭരണകൂടം ചെയ്യാൻ തീരുമാനിക്കുന്ന എന്തിനെയും അനുഗ്രഹിക്കാനുള്ള ഉത്തരവാദിത്വം അവർ കൈയേൽക്കുന്നുമില്ല.”
സകല ജനതകളിൽനിന്നുമുള്ള ചുരുക്കം ചില ലക്ഷങ്ങൾ മാത്രം വരുന്ന വ്യക്തികൾ തങ്ങളുടെ വാളുകൾ കൊഴുക്കളായി അടിച്ചുതീർക്കുന്നതിന്റെ ഫലമായി മാത്രമാണോ നിരായുധീകരണം സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദത്തം നിവൃത്തിയേറുന്നത്? തീർച്ചയായും അല്ല! ദൈവത്തിന്റെ വാഗ്ദത്തം വലിയ ഒരളവിലും നാടകീയമായ ഒരു വിധത്തിലും നിവൃത്തിയേറും.
യുദ്ധത്തിന് ഒരറുതി വരുന്ന വിധം
സ്രഷ്ടാവായ യഹോവയാം ദൈവം എല്ലാ യുദ്ധസന്നാഹങ്ങളെയും അതിന് ഉത്തരവാദിയായിരിക്കുന്നവരെയും നീക്കം ചെയ്തുകൊണ്ടു യുദ്ധത്തെ അവസാനിപ്പിക്കും. ഉത്തേജകമായ ഈ പ്രതീക്ഷയെക്കുറിച്ചു ചിന്തിക്കാൻ ഒരു സങ്കീർത്തനക്കാരൻ വായനക്കാരെ ക്ഷണിച്ചു. അദ്ദേഹം ഇപ്രകാരം എഴുതി: “വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു.” (സങ്കീർത്തനം 46:8, 9) എന്തൊരു ശ്രദ്ധേയമായ, ഉദ്വേഗജനകമായ പ്രഖ്യാപനം!
യുദ്ധമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ അവിശ്വനീയമാണോ? സംശയാലുക്കൾ അങ്ങനെ ചിന്തിച്ചേക്കാം. ഈ മാസികയുടെ 9മുതൽ 13വരെയുള്ള പേജുകളിൽ ജീവകഥ പ്രത്യക്ഷപ്പെടുന്ന സൈനിക ചരിത്രകാരൻപോലും അങ്ങനെ ചിന്തിച്ചിരുന്നു. എന്നാൽ ശ്രദ്ധാപൂർവം തെളിവു പരിശോധിക്കാൻ അദ്ദേഹം സമയമെടുത്തു. തൽഫലമായി, ബൈബിൾ വാസ്തവത്തിൽ വിശ്വാസയോഗ്യമാണെന്ന് അദ്ദേഹം അനുഭവത്തിൽനിന്നു പഠിച്ചു. ചരിത്രത്തിലെ മുൻകാല സംഭവങ്ങൾ സംബന്ധിച്ച ബൈബിൾ പ്രവചനങ്ങൾ പിഴവു കൂടാതെ കൃത്യസമയത്തുതന്നെ നിവർത്തിയേറിയിരിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. ഇനിയും സംഭവിക്കുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്ന സംഭവങ്ങൾ സമയപ്പട്ടികയനുസരിച്ചുതന്നെ സംഭവിക്കുമെന്നു വിശ്വസിക്കാൻ അത് അദ്ദേഹത്തിന് അടിസ്ഥാനം നൽകി.
ദൃഷ്ടാന്തത്തിന്, ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളെ അടയാളപ്പെടുത്തുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ സംഭവങ്ങളോട്, ഇപ്പോൾ ഭൂമിയെ ഉലച്ചുകൊണ്ട് അരങ്ങേറുന്ന സംഭവങ്ങൾ എത്ര പൂർണമായി യോജിക്കുന്നുവെന്നു പര്യാലോചിക്കുക. (മത്തായി 24:3-14; 2 തിമൊഥെയൊസ് 3:1-5) തന്റെ അനുഗാമികളെ യേശു പഠിപ്പിച്ച, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന പ്രാർഥനയെ നിവർത്തിച്ചുകൊണ്ടു ദൈവരാജ്യം വരാനുള്ള സമയത്തു നാം ഇപ്പോൾ ജീവിക്കുന്നു എന്ന് ഇത് അർഥമാക്കുന്നു.—മത്തായി 6:9, 10.
ദൈവരാജ്യം ഏതുവിധത്തിൽ വരാനാണു നാം പ്രതീക്ഷിക്കേണ്ടത്? ഇതു സംബന്ധിച്ച ഒരു ബൈബിൾപ്രവചനം ഇപ്രകാരം പറയുന്നു: “ഈ രാജാക്കൻമാരുടെ കാലത്തു [അർഥം, ഇപ്പോൾ അധികാരത്തിലുള്ള ആ ഗവൺമെൻറുകൾ] സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു [ദൈവരാജ്യ ഗവൺമെൻറ്] ഈ രാജത്വങ്ങളെ [അല്ലെങ്കിൽ, ഗവൺമെൻറുകളെ] ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
അതേ, നോഹയുടെ കാലത്തു മുൻകൂട്ടിപ്പറഞ്ഞിരുന്ന ജലപ്രളയം വന്നതുപോലെതന്നെ, ഇന്നത്തെ സകല ഗവൺമെൻറുകളെയും നീക്കം ചെയ്യാൻ ഒരു നാടകീയമായ വിധത്തിൽ ദൈവരാജ്യം വരും. (മത്തായി 24:36-39; 1 യോഹന്നാൻ 2:17) ഇപ്പോഴത്തെ സകല ഗവൺമെൻറുകളുടെയും അതുപോലെതന്നെ അവയെ പിന്താങ്ങുന്ന മതങ്ങളുടെയും ആസന്ന നാശത്തിന്റെ കാഴ്ചപ്പാടിൽ നാം നമ്മുടെ സ്വന്തം നില പരിശോധിക്കുന്നതു ജീവൽപ്രധാനമാണ്. നാം യഹോവയാം ദൈവത്തെയും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചു പഠിക്കാൻ ശ്രമം ചെലുത്തുകയും അനന്തരം അവർ നമ്മിൽനിന്ന് ആവശ്യപ്പെടുന്നതു ചെയ്യുകയും ചെയ്യുമോ? (യോഹന്നാൻ 17:3) നമ്മുടെ സഹമനുഷ്യന് ഉപദ്രവം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട്, നാം അന്യോന്യം സ്നേഹിക്കുകയും അങ്ങനെ നാം നമ്മുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുകയും ചെയ്യുമോ?
യുദ്ധം ന്യായമല്ലെന്നു സമ്മതിക്കുകയും സമാധാനം സാർവലൗകികമായിത്തീരുമ്പോൾ ഭൂമിയിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. ദൈവരാജ്യഭരണത്തിൻകീഴിൽ യുദ്ധം പെട്ടെന്നുതന്നെ എങ്ങനെ അവസാനിക്കും എന്നതു സംബന്ധിച്ചു പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് അവർ സന്തോഷമുള്ളവരായിരിക്കും. (g93 4/22)
[7-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾക്കു വേണ്ടിയുള്ള ഹിംലെറിന്റെ പദ്ധതികൾ
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി എസ്എസിന്റെ അഥവാ എലൈററ് ഗാർഡിന്റെ തലവനായിരുന്ന ഹൈൻഡ്രിക് ഹിംലെർ, അഡോൾഫ് ഹിററ്ലർ കഴിഞ്ഞാൽ ജർമനിയിലെ ഏററവും അധികാരമുള്ള അടുത്ത മനുഷ്യനായിരുന്നു. ലോകത്തെ പിടിച്ചടക്കാനുള്ള നാസി ആസൂത്രണങ്ങളിൽ പങ്കുചേരാൻ യഹോവയുടെ സാക്ഷികൾ വിസമ്മതിച്ചതുകൊണ്ടു ഹിംലെർ അവരെ വെറുത്തെങ്കിലും അദ്ദേഹം അവരെ ആദരിക്കാനിടയായി. ഗെസ്ററപ്പോയുടെ ചീഫായ ഏൺസ്ററ് കാൾട്ടൺബ്രൂണർക്കുള്ള കത്തുകളിലൊന്നിൽ ഹിംലെർ ഇപ്രകാരം എഴുതി:
“സമീപകാലത്തെ ചില വിവരങ്ങളും നിരീക്ഷണങ്ങളും താങ്കളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്ന പദ്ധതികൾ ആവിഷ്ക്കരിക്കാൻ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു. ഇതു യഹോവയുടെ സാക്ഷികളെ സംബന്ധിച്ചുള്ളതാണ്. . . . റഷ്യയുടെ ഭൂപ്രദേശത്തിന്റെ വിശാല ഭാഗങ്ങൾ നാം കീഴടക്കിക്കഴിയുമ്പോൾ . . . നാം എങ്ങനെയാണ് അതിനെ ഭരിക്കാനും സാന്ത്വനപ്പെടുത്താനും പോകുന്നത്? . . . എല്ലാ തരത്തിലുള്ള മതങ്ങളെയും നിരുപദ്രവങ്ങളായ വിഭാഗങ്ങളെയും പിന്താങ്ങണം . . . അങ്ങേയററം യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെയും. അവിശ്വസനീയമാംവിധം നമുക്കു പ്രയോജനം ചെയ്യുന്ന ഗുണങ്ങൾ ഒടുവിൽ പറഞ്ഞ വിഭാഗത്തിനുണ്ടെന്നുള്ളതു നല്ലവണ്ണം അറിയാവുന്നതാണ്. അവർ സൈനികസേവനമോ യുദ്ധത്തോടു ബന്ധപ്പെട്ട എന്തെങ്കിലുമോ ചെയ്യാൻ വിസമ്മതിക്കുന്നു എന്നതൊഴിച്ച് . . . അവർ അവിശ്വസനീയമാംവിധം ആശ്രയയോഗ്യരും മദ്യപിക്കാത്തവരും പുകവലിക്കാത്തവരും ആണ്; അവർ അക്ഷീണം പ്രവർത്തിക്കുന്നവരും അപൂർവമായ സത്യസന്ധതയുള്ളവരും ആണ്. യഹോവയുടെ സാക്ഷികൾ പറയുന്നത് ആശ്രയയോഗ്യമാണ്. ഇവ മാതൃകാപരമായ സ്വഭാവവിശേഷതകളാണ് . . . , അസൂയ ജനിപ്പിക്കുന്ന ഗുണങ്ങൾതന്നെ.”
ഇല്ല, നാസികൾക്കുവേണ്ടി പ്രവർത്തിക്കാൻ ഹിംലെർക്ക് ഒരിക്കലും സാക്ഷികളെ പ്രേരിപ്പിക്കാനാകുമായിരുന്നില്ല. തനിക്കുവേണ്ടിയോ തന്റെ ആളുകൾക്കുവേണ്ടിയോ സാക്ഷികളുടെ സമാധാനപ്രിയമുള്ള ഗുണങ്ങൾ അയാൾ ആഗ്രഹിച്ചില്ല, എന്നാൽ മാതൃകാപരമായ ഈ ഗുണങ്ങൾ റഷ്യാക്കാർ ആർജിക്കാൻ അയാൾ ആഗ്രഹിച്ചു. ഇത് അവരെ തങ്ങളുടെ വാളുകൾ കൊഴുക്കളായി അടിച്ചുതീർത്തുകൊണ്ടു ശാന്തരായ ഒരു ജനതയാക്കിത്തീർക്കുമായിരുന്നു.
[8-ാം പേജിലെ ചിത്രം]
ദൈവരാജ്യം സകല യുദ്ധ സന്നാഹങ്ങളെയും നിർമൂലനം ചെയ്യുകയും സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലേക്ക് ആളുകളെ വിടുവിച്ചാനയിക്കുകയും ചെയ്യും