ലോകത്തെ വീക്ഷിക്കൽ
ടെലിവിഷന്റെ ആഗോളസ്വാധീനം
ലോകവ്യാപകമായി ടെലിവിഷന്റെ പ്രചാരം എത്രത്തോളമുണ്ട്? ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നതനുസരിച്ച്, ഗോളമെങ്ങും 100 കോടിയിലധികം ടിവി സെററുകൾ ഉണ്ട്, അഞ്ചുവർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ 50 ശതമാനം കൂടുതൽ. ജാപ്പനീസ് ഭവനങ്ങളിൽ ഫഷ്ള്ടോയ്ലററുകളെക്കാൾ കൂടുതൽ ടിവി സെററുകൾ ഉണ്ട്. മെക്സിക്കോയിലെ ഏതാണ്ടു പകുതി വീടുകളിലേ ടെലഫോണുകൾ ഉള്ളു, എന്നാൽ മിക്കവാറും ഓരോ വീട്ടിലും ടിവി ഉണ്ട്. മിക്ക അമേരിക്കക്കാർക്കും തിരഞ്ഞെടുക്കാൻ 25-ഓ 30-ഓ ടിവി ചാനലുകൾ ഉണ്ട്. ട്രിബ്യൂൺ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഈ ആഗോള ടെലിവിഷൻ വിപ്ലവത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഫലങ്ങൾ വമ്പിച്ചതാണ്. . . . അമേരിക്കക്കാരുടെ രണ്ടു തലമുറകൾക്ക് ഇപ്പോൾത്തന്നെ സംഭവിച്ചിരിക്കുന്നതുപോലെ, ടിവി കാണുന്നതു ലോകത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെയും വായനയോടുള്ള താത്പര്യം കുറയ്ക്കുമെന്നു ചിലർ ഉത്ക്കണ്ഠപ്പെടുന്നു.” (g93 5⁄8)
കുട്ടികളെ ആർക്കുവേണം?
“കുട്ടികളെ അങ്ങ് എടുത്തുകൊള്ളൂ, പണം മതി എനിക്ക്.” മെയ്നിച്ചി ഡെയ്ലി ന്യൂസിൽ വന്ന ഈ തലക്കെട്ട് എന്നെങ്കിലും വിവാഹമോചനം നടത്തുന്നെങ്കിൽ തങ്ങൾ എന്തു സൂക്ഷിക്കാൻ ആഗ്രഹിക്കും എന്നതു സംബന്ധിച്ച് ഒട്ടനവധി ജാപ്പനീസ് സ്ത്രീകളുടെ ഉത്തരങ്ങളുടെ ചുരുക്കമായിരുന്നു. ഒരു പരസ്യക്കമ്പനിയായ ഹാക്കുഹോഡോ നടത്തിയ ഈയടുത്തകാലത്തെ ഒരു സർവേ അനുസരിച്ച്, ഏററവും ഉയർന്ന മുൻഗണന നൽകപെട്ട മൂന്നു കാര്യങ്ങൾ യഥാക്രമം ബാങ്ക് സമ്പാദ്യവും പണവും അവധിക്കാല ഭവനങ്ങളുമാണ്. നാലാമതായി ആൺമക്കൾ വരുന്നു, തുടർന്നു പെൺകുട്ടികൾ, അടുത്തതായി ഭവനങ്ങളും ടെലിവിഷൻ സെററുകളും കലാസൃഷ്ടികളും ഹാൻഡ് ബാഗുകളും ആണുള്ളത്. തങ്ങളുടെ കുട്ടികൾക്കുവേണ്ടി പിതാക്കൻമാർക്കും സമയമില്ല. ടോക്കെയ് ബാങ്ക് നടത്തിയ ഒരു വ്യത്യസ്ത സർവേ, തങ്ങളുടെ കുട്ടികളോടു സംസാരിച്ചുകൊണ്ടു സമയം ചെലവഴിക്കാൻ കഴിയാത്തവിധം തങ്ങൾ ജോലിയിൽ വളരെ തിരക്കുള്ളവരാണെന്നു 69 ശതമാനം ജാപ്പനീസ് പിതാക്കൻമാരും പറയുന്നതായി കണ്ടെത്തി. സത്യം പറഞ്ഞാൽ തങ്ങളുടെ കുട്ടികളോടൊത്തു ചർച്ച ചെയ്യാൻ പൊതുവിൽ ഒന്നും തന്നെ തങ്ങൾക്കില്ലെന്ന് 22 ശതമാനംപേരും പറയുന്നു. (g93 4⁄22)
ഗ്രഹത്തെ വക്കിലേക്കു തള്ളിവിടുന്നു
ലോകത്തെ ഇപ്പോഴത്തെ വാർഷിക ജനസംഖ്യാവർധനവ് ഏകദേശം 10 കോടിയാണ്, 2050 എന്ന വർഷത്തോടെ ലോകജനസംഖ്യ 1,000 കോടിയായിരിക്കും എന്നു കണക്കാക്കപ്പെടുന്നതായി ബ്രിട്ടീഷ് മെഡിക്കൽ ജേർണലലെ ഒരു റിപ്പോർട്ട് പറയുന്നു. അത്തരം വളർച്ച പരിസ്ഥിതിയുടെമേൽ പരിഹരിക്കാനാകാത്ത ക്ഷതം വരുത്തുമെന്നു ഭീഷണി ഉയർത്തുന്നു എന്നു ലണ്ടൻ റോയൽ സൊസൈററിയും യു.എസ്. നാഷനൽ അക്കാദമിയും ചേർന്നു പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവന പറഞ്ഞു. ജനസംഖ്യാവർധനവിന്റെ ഏറിയ പങ്കും നടക്കുന്ന വികസ്വര രാജ്യങ്ങൾ വികസിത ലോകത്തിന്റെ അതേ നിരക്കിൽ വിഭവങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ ഇതു വിശേഷിച്ചും സത്യമായിരിക്കുമായിരുന്നു. ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഒരു കേന്ദ്ര പങ്ക് ഉണ്ടെന്ന് അക്കാദമികൾ അഭിപ്രായപ്പെട്ടു. എന്നാൽ “ത്വരിതഗതിയിലുള്ള ജനസംഖ്യാവർധനവും വിഭവങ്ങളുടെ പാഴുപയോഗവും ദോഷകരമായ മാനുഷശീലങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ” അവയിൽ മാത്രം ആശ്രയിക്കുന്നതു ബുദ്ധിപൂർവകമല്ല എന്നും പറഞ്ഞു. ആ പ്രസ്താവന ഇപ്രകാരം പറഞ്ഞു: ഒന്നിനും മാററം വരുന്നില്ലെങ്കിൽ, “പരിസ്ഥിതിയുടെ അപരിഹാര്യമായ അധഃപതനമോ ലോകത്തിലെ അനേകരുടെയും സ്ഥായിയായ ദാരിദ്ര്യമോ തടയാൻ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും കഴിയാതെ വന്നേക്കാം.” “ജനസംഖ്യയെ നിയന്ത്രിക്കാൻ നാം ഗൗരവതരമായ ശ്രമങ്ങൾ നടത്തുന്നില്ലെങ്കിൽ മറെറല്ലാം രണ്ടാമതായിത്തീരുന്നു” എന്ന് ലണ്ടൻ റോയൽ സൊസൈററിയുടെ പ്രസിഡണ്ടായ സർ മൈക്കിൾ ആററിയ പ്രസ്താവിച്ചു. (g93 5⁄8)
ഒരിക്കലുമെത്തിച്ചേരാത്ത സഹായം
ആഫ്രിക്കയിലെ വിശപ്പും ദാരിദ്ര്യവും കുറയ്ക്കാൻ സംഭാവന ചെയ്യപ്പെടുന്ന അന്തർദേശീയ സഹായത്തിന്റെ 7 ശതമാനം മാത്രമേ നിർദിഷ്ട ഗുണഭോക്താക്കൾക്കരികെ എത്തിച്ചേരുന്നുള്ളുവെന്ന് ആഫ്രിക്കൻ വികസനബാങ്കിന്റെ വൈസ് പ്രസിഡണ്ടായ ഫറററ് യൂനസ് സമ്മതിക്കുന്നു. ലക്ഷക്കണക്കിന് ആഫ്രിക്കൻ കുട്ടികൾ പട്ടിണികൊണ്ടു പരവേശം കൊള്ളുമ്പോൾ ഈ ദുരന്തത്തിന്റെ ഘോരഭാവം ഇരട്ടിക്കുകയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം മൂന്നു കോടി വികലപോഷിതരായ കുട്ടികളും മോശമായ ഭക്ഷ്യക്രമത്താൽ വളർച്ച മുരടിച്ചുപോയ വേറെ നാലു കോടി കുട്ടികളും ഉണ്ടെന്ന് എൽ പേയ്സ് എന്ന സ്പാനീഷ് പത്രം റിപ്പോർട്ടു ചെയ്യുന്നു. നാൽപത്തിനാല് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സെനഗലിലെ ദാക്കറിൽ സമ്മേളിച്ച് സഹായവിതരണത്തിന്റെ വികേന്ദ്രീകരണവും ആയുധച്ചെലവിലെ വെട്ടിച്ചുരുക്കലും ഈ കുട്ടികളുടെ ഭാഗധേയം മെച്ചപ്പെടുത്താനുള്ള രണ്ടു സുപ്രധാന പടികളെന്നനിലയിൽ ശുപാർശ ചെയ്തു. (g93 5⁄8)
ആഫ്രിക്കയിലെ പൊടി
വരണ്ട ഉഷ്ണക്കാററുകൾ സാവന്നപ്രദേശത്തുനിന്നും കുററിച്ചെടികൾ വളരുന്ന പ്രദേശത്തുനിന്നും കോരിയെടുത്തുകൊണ്ടുപോവുന്ന ആഫ്രിക്കൻ പൊടി ഗോളത്തിന്റെ മററു ഭാഗങ്ങൾക്ക് ഗുണം ചെയ്യുന്നുവെന്നു ശാസ്ത്രജ്ഞർ പറയുന്നു. തെക്കൻ ആഫ്രിക്കയിൽ നീണ്ടുനിന്ന ഒരു വരൾച്ചനിമിത്തം ഭാഗികമായി, 1992-ൽ മാത്രം ലക്ഷക്കണക്കിനു ടൺ ആഫ്രിക്കൻ മേൽമണ്ണ് കട്ടിയുള്ള ധൂളീപടലമായി മാറിയെന്ന് ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. പൊടിയിലധികവും അററ്ലാൻറിക് സമുദ്രത്തിൽ ചെന്നുവീഴുന്നു. അവിടെ ഭക്ഷ്യശൃംഖലയുടെ പ്രഥമ കണ്ണികളായ ഏകകോശ സസ്യങ്ങൾക്കും ജീവികൾക്കും ധാതുലവണങ്ങൾ—വിശേഷിച്ചും വളരെ ആവശ്യമുള്ള ഇരുമ്പ്—അവ പകർന്നു നൽകുന്നു. ശേഷിച്ചവ അമേരിക്കകളിലേക്കു പറന്നു പോകുന്നു. ആമസോൺ മഴക്കാടുകളിൽ നടത്തിയ പഠനങ്ങൾ അവിടെയുള്ള വളക്കൂറു കുറഞ്ഞ മണ്ണിനെ വീണ്ടും സമ്പുഷ്ടമാക്കാൻ ആഫ്രിക്കൻ പൊടി സഹായിക്കുന്നു എന്നു സൂചിപ്പിക്കുന്നു. “വളരെ വലുതും വിദൂരവുമായ ആവാസവ്യവസ്ഥകൾ പരസ്പരം എപ്രകാരം ആശ്രയിക്കുന്നു എന്ന് അററ്ലാൻറിക് പ്രദേശത്തെയും അമേരിക്കകളെയും പോററുന്ന ആഫ്രിക്കൻ പൊടി പ്രകടമാക്കുന്നു” എന്ന് വിർജീനിയ സർവകലാശാലയിലെ ഡോ. മൈക്കിൾ ഗാർസ്ററാംഗ് പറയുന്നു. “നാം തീരെ മനസ്സിലാക്കിയിട്ടില്ലാത്ത പരസ്പരബന്ധമുള്ളതും പരസ്പരം ആശ്രയിച്ചിരിക്കുന്നതുമായ അനേകം വ്യവസ്ഥകൾ നമ്മുടെ ഗ്രഹത്തിൽ ഉണ്ട് എന്നാണ് ഇതു വിളിച്ചറിയിക്കുന്നത്. നാം ഈ കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിട്ടേയുള്ളു.” (g93 5⁄8)
മതമാസികകൾ പ്രസിദ്ധീകരണം നിറുത്തുന്നു
“രാഷ്ട്രത്തിലെ ഏററവും പഴയ രണ്ടു മതമാസികകളായ അമേരിക്കൻ ബാപ്ററിസ്ററും, ക്രിസ്ററ്യൻ ഹെറാൾഡും പ്രസിദ്ധീകരണം നിർത്തിയിരിക്കുന്നതായി ഒരു അസോഷിയേററഡ് പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു. “1878-ൽ തുടങ്ങി ന്യൂയോർക്കിലെ ചപ്പാഗ്വാ ആസ്ഥാനമാക്കി പ്രസിദ്ധപ്പെടുത്തുന്ന 115 വർഷം പഴക്കമുള്ള ക്രിസ്ററ്യൻ ഹെറാൾഡന്റെയും 1803-ൽ തുടങ്ങി പ്രസിദ്ധപ്പെടുത്തുന്ന 189 വർഷം പഴക്കമുള്ള അമേരിക്കൻ ബാപ്ററിസ്ററന്റെയും പ്രചാരം കുറഞ്ഞുവരുന്നതായി ഉദ്ധരിക്കപ്പെടുന്നു.” പെൻസിൽവേനിയായിലെ വാലി ഫോർജ് ആസ്ഥാനമാക്കി പ്രസിദ്ധപ്പെടുത്തുന്ന അമേരിക്കൻ ബാപ്ററിസ്ററനു പകരം ഒരു ചെറിയ വാർത്താ പത്രികയായിരിക്കും പ്രസിദ്ധീകരിക്കപ്പെടുക. എന്നിരുന്നാലും ആ കാലഘട്ടത്തിലെ മറെറാരു മതമാസികയായ വീക്ഷാഗോപുരം തുടർന്നു വർധിച്ചുകൊണ്ടേയിരിക്കുന്നു. ഇംഗ്ലീഷിൽ 6,000 കോപ്പികളുടെ ഒരു മുദ്രണത്തോടെ പെൻസിൽവേനിയായിലെ പിററ്സ്ബർഗിൽ വച്ച് 1879-ൽ ഒരു പ്രതിമാസപതിപ്പായി ആദ്യം പ്രസിദ്ധീകരിച്ച വീക്ഷാഗോപുരം ഇപ്പോൾ അർധമാസപതിപ്പായി 112 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു, അതിന് ഓരോ ലക്കത്തിനും 1,64,00,000 കോപ്പികളുടെ മുദ്രണം ഉണ്ട്. (g93 5⁄8)
കുഷ്ഠരോഗത്തിനു ചികിത്സ
കുഷ്ഠരോഗികളെ തിരസ്ക്കരിക്കുകയോ അവർക്കു തൊഴിൽ നിഷേധിക്കുകയോ ചെയ്യണമോ? തെക്കേ ആഫ്രിക്കൻ പത്രികയായ ഫാമേഴ്സ് വീക്കിലി പറയുന്നതനുസരിച്ചു വേണ്ട. കുഷ്ഠരോഗ ദൗത്യസംഘത്തിലെ ഓക്കി ക്രഗർ ഇപ്രകാരം പ്രസ്താവിച്ചു: “ചികിത്സ തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ, മേലാൽ അവർ രോഗം പരത്തുകയില്ല, അവർക്കു തങ്ങളുടെ കുടുംബങ്ങളോടൊത്തു സാധാരണ ജീവിതം നയിക്കാൻ കഴിയുകയും ചെയ്യും.” “കഴിഞ്ഞ ദശകത്തിൽ ഈ രോഗത്തെ ചികിത്സിക്കുന്നതിൽ ഗണ്യമായ പുരോഗതി നേടിയിട്ടുള്ളതിനാൽ” പലതരം മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടത്ര നേരത്തെതന്നെ ലഭിക്കുകയാണെങ്കിൽ രോഗത്തിന് ഇരയായവർ മാറാവൈകല്യംപേറി ജീവിക്കേണ്ടിവരില്ല. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച് ലോകത്ത് ഒരു കോടിക്കും ഒന്നരകോടിക്കും ഇടയിൽ ആളുകൾക്കു കുഷ്ഠരോഗം ഉണ്ടെന്നു ഫാമേഴ്സ് വീക്കിലി റിപ്പോർട്ടു ചെയ്തു. (g93 4⁄22)
തടിച്ച കുട്ടികൾ—എന്തുകൊണ്ട്?
“ഇന്നത്തെ കുട്ടികൾ മുമ്പെന്നത്തെക്കാളുമധികം തടിച്ചവരും കൂടുതൽ സമയം ഇരിക്കുന്നവരും ആണ്” എന്ന് ദ ടൊറാന്റോ സ്ററാർ റിപ്പോർട്ടു ചെയ്യുന്നു. “കഴിഞ്ഞ ഇരുപതു വർഷംകൊണ്ടു കുട്ടികളുടെയിടയിലെ സ്തൂലശരീരസ്ഥിതി നാടകീയമായി വർധിച്ചിരിക്കുന്നു” എന്നു കാനഡായിലുള്ള ഹാമിൽട്ടനിലെ ഷെഡോക് മക്മാസ്ററർ ആശുപത്രികളിലെ കുട്ടികളുടെ പോഷകാഹാര വിഭാഗത്തിന്റെ ഡയറക്ടറായ ഡോ. ഓഡെഡ് ബാറർ അവകാശപ്പെടുന്നു. വ്യായാമത്തിന്റെയും സമീകൃതാഹാരത്തിന്റെയും കുറവാണു കാരണങ്ങളെന്നു പഠനങ്ങൾ അഭിപ്രായപ്പെടുന്നു. ഈ പ്രവണത തുടർന്നുപോവുകയാണെങ്കിൽ, കുട്ടികളുടെ കായദൃഢതയുടെ [fitness level] പൊതുവിലുള്ള നിലവാരത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നു ഡോക്ടർമാർ ഭയപ്പെടുന്നു. സ്ററാർ പറയുന്നതനുസരിച്ച്, “വ്യായാമത്തിന്റെ അഭാവം . . . കൊറോണറി ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദത്തിനും പ്രമേഹത്തിനും അസ്ഥിക്ഷയത്തിനും കാരണമാണെന്ന്” ഡോക്ടർമാർ ഇപ്പോൾത്തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. “ഒരു നിഷ്ക്രിയശിശു തടിയനായി മുതിർന്നു വരാനാണ് ഇടയുള്ളത്” എന്ന് ഡോ. ബാറർ ഉപസംഹരിക്കുന്നു. ഊർജസ്വലമായ ജീവിതരീതി അദ്ദേഹം ശുപാർശ ചെയ്യുന്നു. (g93 4⁄22)
പതിയിരിക്കുന്ന അപകടം
“ഹൃദയാഘാതത്തിന്റെ ഏറിയ അപകടസാധ്യത മുന്നിലുള്ളപ്പോൾ പുകവലിക്കാരോട് അവർ ആരോഗ്യവാൻമാരാണെന്ന് അബദ്ധത്തിൽ പറഞ്ഞുപോകാൻ ഇടയുണ്ട്” എന്ന് ദ ന്യൂയോർക്ക് ടൈംസലെ ഒരു ലേഖനം പറയുന്നു. എന്തുകൊണ്ട്? എന്തെന്നാൽ പുകവലിനിമിത്തം ഹൃദയത്തിന്റെ ചെറിയ രക്തക്കുഴലുകൾക്കു (ധമനികകൾ [the arterioles]) വരുന്ന തകരാറ് പരമ്പരാഗത ഹൃദയപരിശോധനകളിൽ കാണാറില്ല. അതുകൊണ്ടു പുകവലിക്കാർ ശാരീരികമോ വൈകാരികമോ ആയ സമ്മർദത്തിൻകീഴിലായിരിക്കുമ്പോൾ അവരുടെ ഹൃദയത്തിൽ രക്തക്ഷാമം അനുഭവപ്പെടുന്നു, അങ്ങനെ ഹൃദയസ്തംഭനസാദ്ധ്യത ഏറെ വർധിപ്പിക്കുകയും ചെയ്യുന്നു. പുകവലിക്കാരൻ പുകവലിക്കാത്തപ്പോൾപ്പോലും സ്ഥിതി ഇതാണെന്നും പുകവലിക്കുന്ന സമയത്ത് പ്രശ്നം ഏറെ രൂക്ഷമാവുകയാണുണ്ടാവുന്നതെന്നും ഡീസ് മൊയ്നിലെ ഐവാ ഹാർട്ട് ഇൻസ്ററിററ്യൂട്ടിൽ നടത്തിയ ഒരു പഠനം പ്രകടമാക്കി. സമ്മർദത്തിൻകീഴിൽ ആയിരിക്കുമ്പോൾ, ഹൃദയധമനികകൾക്കു തുറക്കാനും സാധാരണ വഹിക്കുന്നതിനെക്കാൾ നാലുമടങ്ങു രക്തം ഹൃദയത്തിലേക്കു വഹിച്ചുകൊണ്ടുപോകാനും കഴിയും. എന്നാൽ പുകവലിക്കാരുടെ ഹൃദയങ്ങളിൽ ആ ഒഴുക്ക് 30 ശതമാനത്തോളം കുറയുന്നു. (g93 5⁄8)
ഗർഭച്ഛിദ്രങ്ങൾ അമ്മമാരെയും കൊല്ലുന്നു
“ഗർഭധാരണത്തിന്റെയും ശിശുജനനത്തിന്റെയും അനന്തരഫലമായി ഓരോ മിനിററിലും ഒരു സ്ത്രീ വീതം മരിക്കുന്നുവെന്ന്” കണക്കാക്കപ്പെടുന്നതായി ചോയ്സെസ് മാസിക റിപ്പോർട്ടു ചെയ്യുന്നു. “ഗർഭവുമായി ബന്ധപ്പെട്ട കാരണങ്ങളിൽനിന്ന് ഓരോ വർഷവും അഞ്ചുലക്ഷത്തിലധികം അമ്മമാർ മരിക്കുന്നു. ഒരു സ്ത്രീ മരിക്കുമ്പോൾ മററു 100 പേർ രോഗികളായോ വൈകല്യം ബാധിച്ചവരായോ അവശേഷിക്കുന്നു” എന്ന് ആ മാസിക കൂട്ടിച്ചേർക്കുന്നു. ലാററിൻ അമേരിക്കയിൽ ഏതാണ്ട് 73 സ്ത്രീകളിൽ ഒരാൾ വീതം ഗർഭസംബന്ധമായ രോഗസങ്കീർണതകൾനിമിത്തം മരിക്കുന്നു. ഏഷ്യയിൽ, 54 സ്ത്രീകളിൽ ഒരാൾ മരിക്കുന്നുവെന്നു കണക്കാക്കപ്പെടുന്നു; ആഫ്രിക്കയിൽ 21-ൽ ഒന്നും. പശ്ചിമയൂറോപ്പിലെ 10,000-ത്തിൽ ഒന്ന് എന്ന അനുപാതത്തോടു താരതമ്യം ചെയ്യുമ്പോൾ ഈ സംഖ്യകൾ വളരെ ഉയർന്നതാണ്. “ഓരോ വർഷവും ലോകവ്യാപകമായി സംഭവിക്കുന്ന 5,00,000 മാതൃമരണങ്ങളിൽ 2,00,000-ത്തിലധികം മരണങ്ങൾക്കും കാരണമായിരിക്കുന്ന ഗർഭച്ഛിദ്ര”വും ഗർഭത്തോടു ബന്ധപ്പെട്ട മരണങ്ങളുടെ കാരണങ്ങളിൽ ഉൾപ്പെടുന്നു എന്ന് ചോയ്സെസ് കുറിക്കൊണ്ടു. (g93 4⁄22)