ലോകത്തെ വീക്ഷിക്കൽ
“ആഗോള അടിയന്തിരത”
എയ്ഡ്സ് വ്യാപനത്തിലെ ഞെട്ടിക്കുന്ന വർധനവിന്റെ വീക്ഷണത്തിൽ “ആഗോള അടിയന്തിരതയുടെ ഒരവസ്ഥ പ്രഖ്യാപിക്കാൻ” ഏഴാമത്തെ ലോക വാർഷിക എയ്ഡ്സ് ദിനത്തിൽ പാരീസിൽവെച്ചു നടന്ന എയ്ഡ്സ് ഉച്ചകോടി സമ്മേളനത്തിൽ യു എൻ സെക്രട്ടറി ജനറലായ ബൂട്രോസ് ബൂട്രോസ്-ഖാലി 42 രാജ്യങ്ങളിൽനിന്നും 5 ഭൂഖണ്ഡങ്ങളിൽനിന്നും വന്ന രാഷ്ട്രത്തലവൻമാരോടും ആരോഗ്യ മന്ത്രിമാരോടും ആവശ്യപ്പെട്ടു. എയ്ഡ്സിന്റെ വ്യാപനത്തെ നിയന്ത്രിക്കാനുള്ള ലോകവ്യാപക ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും 1993 ജൂലൈക്കും 1994 ജൂലൈക്കും ഇടയ്ക്കുള്ള സമയത്ത്, ലോകത്തിലെ എയ്ഡ്സ് കേസുകളുടെ മൊത്തം എണ്ണം 60 ശതമാനം വർധിച്ചു. അതായത് അത് 40 ലക്ഷമായി. ലോകാരോഗ്യ സംഘടന, ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടിൽ, എയ്ഡ്സ് വ്യാപനം ഇപ്പോഴത്തെ വളർച്ചാ നിരക്കിൽ തീർച്ചയായും “മുഴു സമൂഹങ്ങളുടെയും ഭാവിക്കു ഭീഷണിയാണെന്നു” മുന്നറിയിപ്പു നൽകുകയും 2000-മാണ്ടാകുമ്പോൾ തന്നെ മൂന്നു കോടിക്കും നാലു കോടിക്കും ഇടയ്ക്ക് ആളുകളെ മാരകമായ എയ്ഡ്സിനിടയാക്കുന്ന എച്ച് ഐ വി വൈറസ് ബാധിച്ചിരിക്കുമെന്നു പ്രവചിക്കുകയും ചെയ്തു.
“ഏറ്റവും മോശമായ മയക്കുമരുന്ന്”
ബ്രസീലിലെ വർത്തമാനപ്പത്രമായ ജോർണൽ ഡോ ബ്രാസീലിൽ അടുത്തകാലത്തു വന്ന ഒരു തലക്കെട്ട് സിഗരറ്റുകൾക്ക് “ഏറ്റവും മോശമായ മയക്കുമരുന്ന്” എന്നു മുദ്രകുത്തി. ബ്രസീലിലെ ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ഡോ. മാർക്കോസ് മോറിസ് പറയുന്നതനുസരിച്ച്, പുകയില വ്യവസായം യുവജനങ്ങളെയാണു ലക്ഷ്യമാക്കുന്നത്. അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു: “ഒരു യുവാവ് എത്രനേരത്തെ പുകവലി തുടങ്ങുന്നുവോ തന്റെ ആയുസ്സിൽ അത്രയും നാൾ കൂടുതലായി അയാൾ പുകവലി തുടരും. അയാൾ പുകവലിക്ക് എത്രയധികം നാൾ വിധേയനായിരിക്കുന്നുവോ ആരോഗ്യ അപകടങ്ങളും അത്രയധികം ഏറും.” ബ്രസീലിലെ മൂന്നു കോടി പുകവലിക്കാരുടെ “20.4 ശതമാനം കുട്ടികളും കൗമാരപ്രായക്കാരുമാണെന്ന്” ഡോ. മോറിസ് അഭിപ്രായപ്പെടുന്നു. “എയ്ഡ്സ്, കൊക്കെയ്ൻ, ഹെറോയ്ൻ, മദ്യം, തീപിടുത്തങ്ങൾ, കാറപകടങ്ങൾ, ആത്മഹത്യകൾ ഇവയെല്ലാം കൂടി ചേർന്നു കൊല്ലുന്നതിലുമധികം [ആളുകളെ] സിഗരറ്റ് കൊന്നൊടുക്കുന്നു”വെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സ്ത്രീകൾക്കെതിരെ കൂടുതൽ അക്രമം
“ഭർത്താക്കൻമാരോ പുരുഷ പങ്കാളികളോ സ്ത്രീകളുടെമേൽ നടത്തുന്ന ആക്രമണമാണു ലോകത്തിലെ ഏറ്റവും സാധാരണമായ അക്രമരൂപമെ”ന്ന് ഒരു യു എൻ റിപ്പോർട്ടിനെക്കുറിച്ചുള്ള ലേഖനത്തിൽ ദി ഓസ്ട്രേലിയൻ എന്ന പത്രം പറയുന്നു. “ലോകത്തിലെ സ്ത്രീകളുടെ കാൽഭാഗം അക്രമപരമായി ദ്രോഹിക്കപ്പെടുന്നു”വെന്ന് ആ ലേഖനം വിശദീകരിക്കുന്നു. കൊറിയാ റിപ്പബ്ലിക്ക്, ചിലി, തായ്ലൻഡ്, പാകിസ്ഥാൻ, പാപ്പുവ ന്യൂ ഗിനി തുടങ്ങിയ ചില രാജ്യങ്ങളിൽ ഈ നിരക്കു വളരെ കൂടുതലാണ്. ഒരു രാജ്യത്ത് സ്ത്രീകളുടെ ഏതാണ്ട് 80 ശതമാനം ദ്രോഹിക്കപ്പെടുന്നുവെന്ന് അതേ യു എൻ റിപ്പോർട്ടിനെക്കുറിച്ചു ചർച്ചചെയ്യവേ മറ്റൊരു പത്രമായ ദ സിഡ്നി മോണിങ് ഹെറാൾഡ് പറയുന്നു. ഇരകളിൽ പലരും തുടർച്ചയായ വൈകാരിക ദ്രോഹവും സഹിക്കുന്നു. ഗാർഹിക അക്രമം പരിഹരിക്കാൻ വളരെ പ്രയാസമാണ്. എന്തുകൊണ്ടെന്നാൽ അത് ഒട്ടുമിക്കപ്പോഴും വീടിന്റെ സ്വകാര്യതയിലാണു നടക്കുന്നത്. സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളും അതു റിപ്പോർട്ടുചെയ്യാൻ പലപ്പോഴും വൈമനസ്യം കാട്ടുന്നു.
വിഷ പുകകൾ
കാർബൺ മോണോക്സൈഡ് (CO) വിഷബാധകളുടെ എണ്ണം സംബന്ധിച്ച് ഐക്യനാടുകളിലെ ആരോഗ്യ അധികാരികൾ ഉത്കണ്ഠാകുലരാണ്. “മനഃപൂർവമല്ലാത്ത കാർബൺ മോണോക്സൈഡ് വിഷബാധയിൽനിന്ന് ദേശീയമായി വർഷംതോറും ഏതാണ്ട് 590 മരണങ്ങൾ സംഭവിക്കുന്നുവെ”ന്ന് എം എം ഡബ്ലിയു ആർ (മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്ക്ലി റിപ്പോർട്ട്) പ്രസ്താവിക്കുന്നു. കാർബൺ മോണോക്സൈഡ് വിഷബാധയുടെ മാരകമല്ലാത്ത അനേകം കേസുകൾ ഇതിൽ ഉൾപ്പെടുന്നില്ല. മാരകമായ ഈ വാതകത്തിനു നിറമോ മണമോ രുചിയോ ഇല്ലാത്തതുകൊണ്ട് അതു കണ്ടുപിടിക്കാൻ വിഷമമാണ്. ഈ വാതകം കോശങ്ങളിലേക്ക് ഓക്സിജൻ വഹിച്ചുകൊണ്ടുപോകാനുള്ള രക്തത്തിന്റെ പ്രാപ്തിയെ തകരാറിലാക്കുകയും തലവേദന, ഓക്കാനം, നാഡീവ്യവസ്ഥയിലെ ക്രമക്കേടുകൾ, ബോധക്ഷയം, മരണം എന്നിവയ്ക്കിടയാക്കുകയും ചെയ്യുന്നു. എം എം ഡബ്ലിയു ആർ പറയുന്നതനുസരിച്ച് “വീടിനകത്തു നടക്കുന്ന ഏതു ജ്വലന പ്രക്രിയയുടെയും (ഉദാ., ഭവന താപീകരണം, പാചകം ചെയ്യൽ, അല്ലെങ്കിൽ വാഹനം സ്റ്റാർട്ടാക്കിയിടലോ ഗ്യാസൊലീൻകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഉപകരണം ഓൺ ചെയ്തിടൽ) ഫലമായിട്ടായിരിക്കാം കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നത്—പ്രത്യേകിച്ച്, മതിയായ വായൂസഞ്ചാരം ഇല്ലാത്തപ്പോൾ.”
ഫോർ-വീൽ ഡ്രൈവ് വാഹനം കൂടുതൽ സുരക്ഷിതമോ?
ഫോർ-വീൽ ഡ്രൈവ് വാഹനം ഓടിക്കുന്നത്—പ്രത്യേകിച്ചു മഞ്ഞിലൂടെയും മഞ്ഞുകട്ടയിലൂടെയും—എല്ലായ്പോഴും കൂടുതൽ സുരക്ഷിതമാണെന്നാണു പലരുടെയും വിശ്വാസം. “നിർത്തേണ്ടതായി വരുമ്പോൾ ഫോർ-വീൽ ഡ്രൈവ് വാഹനങ്ങൾക്ക് റ്റൂ-വീൽ ഡ്രൈവ് വാഹനങ്ങളെക്കാൾ നേട്ടമൊന്നുമില്ലെ”ന്ന് ദ വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ഇൻഷ്വറൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഏറ്റവും പ്രസിദ്ധമായ ചില മോഡലുകൾക്കു വാസ്തവത്തിൽ “ഇൻഷ്വറൻസ് തുക പരിക്കിനും കൂട്ടിയിടിക്കും ഉള്ള ശരാശരിയെക്കാൾ കൂടുതലാണ്.” ഫോർ-വീൽ ഡ്രൈവുള്ള വാഹനങ്ങൾ ഓടിക്കുമ്പോൾ പല ഡ്രൈവർമാരും അമിത ശുഭാപ്തിവിശ്വാസമുള്ളവരായിത്തീർന്നിട്ട് അനാവശ്യമായ അപകടസാധ്യതകൾ വലിച്ചുവയ്ക്കുന്നുവെന്നു തെളിവുകൾ കാണിക്കുന്നു. “സിനിമകളിലൂടെയും ടി വി-യിലൂടെയും ആളുകൾ ഫോർ-വീൽ ഡ്രൈവ് വാഹനങ്ങളെ സ്വാതന്ത്ര്യ ബോധവുമായി ബന്ധപ്പെടുത്താൻ ഇടവന്നിരിക്കുന്നുവെ”ന്ന് ലോസ് ആഞ്ചലസിലുള്ള യൂ സി എൽ എ മെഡിക്കൽ സെന്ററിലെ ഒരു ഗവേഷകനായ മാർക്ക് ഷോയെൻ അഭിപ്രായപ്പെട്ടു. ശക്തിയുടെയും അജയ്യതയുടെയും ഈ ബോധത്തിന്, സുരക്ഷിത ഡ്രൈവിങ്ങിന് ആത്യന്തികമായി വേണ്ടിയ ഏറ്റവും നല്ല നയത്തെ, സുബോധത്തോടെ വിലയിരുത്താനുള്ള പ്രാപ്തിയെ, വികലമാക്കാൻ കഴിയും.
അക്രമം ഇളക്കിവിടുന്ന കളിപ്പാട്ടങ്ങൾ
മന്ത്രത്താലെന്നപോലെ ആയോധന കലകളിലെ വീരൻമാരായിമാറുന്ന കൗമാരപ്രായക്കാരെക്കുറിച്ചുള്ള ഒരു ടി വി പരിപാടി ഐക്യനാടുകളിലെ കുട്ടികളുടെയിടയിൽ ഒരു ഭ്രമമായിത്തീർന്നിരിക്കുകയാണ്. മൈറ്റി മോർഫിൻ പവർ റേഞ്ചെഴ്സ് എന്നാണ് ഈ ടി വി കഥാപാത്രങ്ങൾ അറിയപ്പെടുന്നത്. പവർ റേഞ്ചെഴ്സിന്റെ അക്രമാസക്ത ചെയ്തികളെ അനുകരിച്ചുകൊണ്ട് ഒരുതരം ഭ്രമംപോലെ കൊച്ചു കുട്ടികൾ പ്രദർശിപ്പിക്കുന്ന സ്വഭാവത്തെക്കുറിച്ച് സ്കൂൾ അധികാരികൾ ഉത്കണ്ഠാകുലരാണ്. അടുത്തകാലത്തെ ഒരു പഠനത്തിൽ, “അഭിപ്രായ വോട്ടെടുപ്പു നടത്തപ്പെട്ട അധ്യാപകരുടെ” 96 ശതമാനം “തങ്ങൾ ഒരു മോർഫിൻ-പ്രേരിത അക്രമ പ്രവർത്തനം കണ്ടിരിക്കുന്നതായി പറയുന്നുവെ”ന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ചില കേസുകളിൽ വെറും മൂന്നു വയസ്സുള്ള കുട്ടികളാണ് ഉൾപ്പെട്ടിരിക്കുന്നത്. “കൊച്ചു കുട്ടികൾ പെട്ടെന്ന് ഭ്രാന്തമായ ആവേശമുള്ള, ഒച്ചപ്പാടുണ്ടാക്കുന്ന ബോക്സർമാരായി മാറുന്നു”വെന്ന് ജേർണൽ പറയുന്നു. പവർ റേഞ്ചെർ കളിപ്പാട്ടങ്ങളുടെ ഒരു വർഷത്തെ വിൽപ്പനയിൽനിന്ന് 300 ദശലക്ഷം ഡോളർ പ്രതീക്ഷിക്കുന്നുണ്ട്. ഈ പരിപാടിയുടെ ജനപ്രീതി ഇതിൽ പ്രകടമാണ്.
പുതിയ ഉപകരണം ഹൃദയാഘാത സാധ്യതയെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു
കഴുത്തിലെ ഒരു പ്രധാന ധമനിയുടെ മേലെയുള്ള ചർമത്തിനെതിരെ വെക്കുമ്പോൾ ഹൃദ്രോഗത്തിന്റെ സാധ്യത പ്രവചിക്കുന്ന ഒരു ഉപകരണം ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ശാസ്ത്രജ്ഞൻമാർ വികസിപ്പിച്ചെടുത്തിരിക്കുന്നു. ശസ്ത്രക്രിയചെയ്ത് അകത്തു കടത്താതെതന്നെ അത് ഓരോ ഹൃദയമിടിപ്പിനു ശേഷവുമുള്ള രക്ഷ പ്രവേഗവും രക്തസമ്മർദത്തിലെ വ്യതിയാനങ്ങളും അളക്കുന്നു. “രോഗിയുടെ മുഴു ഹൃദയരക്തപര്യയന വ്യവസ്ഥയുടെയും ഇലാസ്തികത” കണക്കാക്കുന്നതിനുവേണ്ടി അപ്പോൾ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കാവുന്നതാണ് എന്ന് ദ സിഡ്നി മോർണിങ് ഹെറാൾഡ് എന്ന പത്രത്തിലെ റിപ്പോർട്ടു പറയുന്നു. ഈ ഉപകരണം, ഹൃദയരക്തപര്യയന സംബന്ധമായ രോഗം വരാനുള്ള ഒരു വ്യക്തിയുടെ അപകടസാധ്യത നിർണയിക്കുന്നതിനുള്ള പരമ്പരാഗത രീതികളെക്കാളും കൃത്യമായിരിക്കുമെന്ന് ഉറപ്പു നൽകുന്നു. ഉയർന്ന കൊളസ്ട്രോൾ അളവുകളും ഉയർന്ന രക്ഷ സമ്മർദവും അപകടസാധ്യതയുടെ ശക്തമായ സൂചനകളാണെന്നിരിക്കെ “ഈ വിഭാഗങ്ങളിലുള്ള പലർക്കും ഹൃദയാഘാതം ഒരിക്കലും ഉണ്ടാകുന്നില്ലെ”ന്ന് റിപ്പോർട്ടു പറയുന്നു. “ഈ പരിശോധന ഉപയോഗപ്പെടുത്തുന്നതുവഴി കൊളസ്ട്രോൾ കുറയ്ക്കുന്ന ചെലവേറിയ മരുന്നുകൾ കഴിക്കുന്നതിൽനിന്നും ആവശ്യമില്ലാതെ, കർശനമായ ആഹാരക്രമങ്ങൾ നോക്കുന്നതിൽനിന്നും [അവർ] ഒഴിവാക്കപ്പെടു”മെന്ന് അതു കൂട്ടിച്ചേർക്കുന്നു.
“നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും കഴിക്കുക”
ആഹാര സംപൂരകങ്ങളായി (food supplements) കരോട്ടിനോയിഡുകൾ കഴിക്കാൻ ദശകങ്ങളായി ശാസ്ത്രജ്ഞൻമാർ ശുപാർശചെയ്യുന്നു. ബീറ്റാ-കരോട്ടിൻ വ്യാപകമായി അറിയപ്പെടുന്ന ഒരു കരോട്ടിനോയ്ഡ് ആണ്. ഹൃദയാഘാതം, പക്ഷാഘാതം, പ്രത്യേക ചില കാൻസറുകൾ എന്നിവ വരാതെ തടയുന്നതുമായി അതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും പുതിയ പഠനങ്ങൾ ബീറ്റാ-കരോട്ടിൻ സംപൂരകങ്ങളുടെ പ്രയോജനങ്ങളെ ചോദ്യം ചെയ്യുന്നു. ഭക്ഷ്യ ശാസ്ത്രജ്ഞനായ ഡോ. പോൾ ലാഷാസ് “വ്യത്യസ്ത കരോട്ടിനോയ്ഡുകളുടെ സംപൂരകങ്ങൾ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകിയതായി” ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. “നമുക്കു പ്രകൃതിയിൽ കരോട്ടിനോയ്ഡുകളുടെ ഒരു മിശ്രിതം തന്നെ ലഭിക്കുന്നുണ്ടെന്നും ഈ മിശ്രിതം സ്വീകരിക്കുന്നത് എത്ര പ്രധാനമാണെന്നു നമുക്ക് അറിഞ്ഞുകൂടെന്നും” അദ്ദേഹം വിശദീകരിച്ചു. “പഴങ്ങളിലെയും പച്ചക്കറികളിലെയും സംരക്ഷണാത്മക വസ്തുക്കൾ തിരിച്ചറിയാതെ നമുക്ക് അവയെ ഗുളികരൂപത്തിൽ ആക്കുക സാധ്യമല്ലെ”ന്ന് മറ്റൊരു ഗവേഷകയായ ഡോ. റെജീന സീഗ്ളെർ ശുപാർശചെയ്യുന്നു. “‘നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും കഴിക്കുക’ എന്ന അമ്മമാരുടെ പരമ്പരാഗതമായുള്ള ഉപദേശത്തിലേക്കു മിക്ക വിദഗ്ധരും തിരിച്ചുചെന്നിരിക്കുന്നുവെ”ന്ന് ടൈംസ് അഭിപ്രായപ്പെടുന്നു.
സഭാ രാജിവയ്ക്കലുകൾ
കത്തോലിക്കാ പത്രമായ ക്രൈസ്റ്റ് ഇൻ ഡെർ ഗീഗെൻവാർട്ട് പറയുന്നതനുസരിച്ച് ജർമനിയിലെ 2 കോടി 80 ലക്ഷം ആളുകൾ, അഥവാ ജനസംഖ്യയുടെ മൂന്നിലൊന്നു കത്തോലിക്കരാണ്. 1992, 1993 എന്നീ വർഷങ്ങളിൽ മൊത്തം ഏതാണ്ട് 3,50,000 ആളുകൾ കത്തോലിക്കാ സഭയിൽനിന്നു രാജിവച്ചു. 1995-ൽ പ്രയോഗത്തിൽ വരുത്താനിരിക്കുന്ന ഒരു പുതിയ ഫെഡറൽ നികുതി രാജിവയ്ക്കലുകളുടെ കൂടുതൽ ത്വരിതഗതിയിലുള്ള ഒരു വർധനവിലേക്കു നയിക്കുമെന്ന് ജർമൻ ബിഷപ്പ്സ് കോൺഫറൻസിന്റെ ചെയർമാനായ ബിഷപ്പ് കാൾ ലേമാൻ ഭയപ്പെടുന്നതായി സ്യൂഡൊയ്ച്ചെ സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. ജർമനിയിലെ സഭാംഗങ്ങൾക്ക് ഒരു സഭാ നികുതി അടയ്ക്കേണ്ടതുണ്ട്. അങ്ങനെ, സഭയിൽനിന്നു പുറത്തുപോയിക്കൊണ്ട് ചില കത്തോലിക്കർ പുതിയ ഫെഡറൽ നികുതി ഒഴിവാക്കാൻ ശ്രമിക്കുമെന്നു തോന്നുന്നു.
വൻ നഗരത്തിലെ ജീവിതം
ഇംഗ്ലണ്ടിലെ ലണ്ടനാണ് യൂറോപ്പിലെ ഏറ്റവും വലിയ നഗരം. എങ്കിലും ദി ഇൻഡിപ്പെൻഡൻറ് എന്ന പത്രം പറയുന്നതനുസരിച്ച് അവിടത്തെ എഴുപതു ലക്ഷം നിവാസികളിൽ എല്ലാവരും അവിടെ ജീവിക്കുന്നതു സംബന്ധിച്ചു സന്തുഷ്ടരല്ല. അഭിപ്രായ വോട്ടെടുപ്പു നടത്തിയ ലണ്ടൻകാരുടെ 7-ൽ 6 പേരും വിശ്വസിക്കുന്നത് കഴിഞ്ഞ അഞ്ചു വർഷങ്ങളായി തലസ്ഥാനത്തെ ജീവിതം മോശമായിത്തീർന്നിരിക്കുന്നുവെന്നാണ്. മലിനീകരണവും ഗതാഗത തടസ്സവും അവരുടെ പ്രധാന ഉത്കണ്ഠകളിൽ ചിലതാണ്. തങ്ങൾ വിശ്വസിക്കുന്നത് ആരെയാണെന്നു ചോദിച്ചപ്പോൾ 64 ശതമാനം, ഡോക്ടർമാരെ പരാമർശിച്ചു. പൊലീസുകാർക്കും അധ്യാപകർക്കും ആളുകളുടെ കുറഞ്ഞ വിശ്വാസമാണു ലഭിച്ചത്. ലണ്ടനിലെ സാമ്പത്തിക ഡിസ്ട്രിക്റ്റിൽ ജോലിചെയ്യുന്ന ബിസിനസുകാരെ വിശ്വസിക്കാമെന്നു തോന്നിയതു വെറും 2 ശതമാനത്തിനു മാത്രമാണ്. “യഥാർഥത്തിലുള്ള ധനമുണ്ടാക്കാതെ മറ്റാളുകളെ മുതലെടുത്തു തങ്ങളുടെ കീശ വീർപ്പിക്കുന്ന ആളുകളെക്കൊണ്ട്” ഈ പ്രദേശം “നിറഞ്ഞിരിക്കുന്നു”വെന്ന് ഏതാണ്ട് 60 ശതമാനം വിശ്വസിച്ചു.