കരാക്കസ് മലയോരങ്ങളിലെ നഗര ജീവിതം
വെനെസ്വേലയിലെ ഉണരുക! ലേഖകൻ
വെനെസ്വേലയിലെ കരാക്കസ്. ശബ്ദമാനമായ വാഹനങ്ങൾക്കും തിരക്കേറിയ കടകൾക്കും ആളുകൾ തിങ്ങിനിറഞ്ഞ റസ്റേറാറൻറുകൾക്കും മീതെ ആധുനിക ഓഫീസ് കെട്ടിടങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു. നിക്കറിട്ട് തൊപ്പിയും വെച്ച് തോളിൽ തൂക്കിയിട്ട ക്യാമറകളുമായി നഗരമധ്യത്തിലൂടെ വിനോദസഞ്ചാരികൾ വിലസിനടക്കുന്നു. വീഥിയോരങ്ങളിലാണെങ്കിൽ ജനങ്ങളുടെ പ്രവാഹവും.
എന്നാൽ കരാക്കസിനു മറെറാരു വശമുണ്ട്. അതാണു ക്രോമിയവും സ്ററീലും ഗ്ലാസ്സും കൊണ്ടു നിർമിച്ച ആധുനിക കെട്ടിടങ്ങൾക്ക് അപ്പുറം മലയോരങ്ങളിൽ സ്ഥാപിതമായ ലോസ് സീറോസ് (കുന്നുകൾ) എന്ന അസാധാരണ കോളനികൾ. നഗരത്തെ ചുററി കിഴക്കും പടിഞ്ഞാറും തെക്കും സ്ഥിതിചെയ്യുന്ന കുത്തനെയുള്ള മലഞ്ചെരുവുകളിലാണ് അവർ വസിക്കുന്നത്. അവിടെ ബാരിയോസ് എന്നറിയപ്പെടുന്ന അടുത്തടുത്തു കിടക്കുന്ന നൂറുകണക്കിനു കൂട്ടങ്ങളിലായി ഏതാണ്ട് 20 ലക്ഷം ജനങ്ങളാണ് പാർക്കുന്നത്.
ഈ കോളനികൾ എങ്ങനെയാണു നിലവിൽ വന്നത്? 1958-ൽ തൊഴിൽരഹിതരായ നഗരവാസികൾക്കു പണം നൽകുന്നതിനുള്ള ഒരു പദ്ധതി ഗവൺമെൻറ് ഏർപ്പെടുത്തി. ഈ പദ്ധതിയെ മുതലെടുക്കാൻ ജനങ്ങൾ തലസ്ഥാന നഗരിയിലേക്കു പ്രവഹിച്ചു. ആശുപത്രികൾ, സ്കൂളുകൾ, സർവകലാശാലകൾ അങ്ങനെ നഗരത്തിലെ സുഖസൗകര്യങ്ങൾ തേടി പലരും തങ്ങളുടെ പ്രവിശ്യകൾ ഉപേക്ഷിച്ചുപോന്നു.
കൂടാതെ അയൽരാജ്യങ്ങളിലെ രാഷ്ട്രീയ അക്രമവും സാമ്പത്തിക മാന്ദ്യവും തൊഴിൽതേടിയുള്ള ആളുകളുടെ കരാക്കസിലേക്കുള്ള കുടിയേററത്തിന് ആക്കം വർധിപ്പിച്ചു. പെട്ടെന്നുതന്നെ, നിരപ്പുള്ള കരാക്കസ് താഴ്വര ജനനിബിഢമായി. ഇതു പാർക്കാനൊരു സ്ഥലം തേടി മുകളിലേക്കു നീങ്ങാൻ ആളുകളെ നിർബന്ധിതരാക്കി. അങ്ങനെയാണ് മലയോര കോളനികൾ ജൻമമെടുത്തത്.
മുകളിലേക്കുള്ള യാത്ര
ആളുകളുടെ ഒരു നീണ്ട നിരയിൽ സ്ഥാനം പിടിച്ചുകൊണ്ടാണ് ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത്. അവർ ബസ്സു കാത്തു നിൽക്കുകയല്ല. പിന്നെയോ കുറച്ചു മുമ്പിലായി കിടക്കുന്ന കുത്തനെയുള്ള മലകയറാൻ പററിയ ഒരു ജീപ്പു കാത്തുനിൽക്കുകയാണ്. അതാ നീളമുള്ള ഒരു ജീപ്പു വരുന്നു. ഒരു ഡസനോളം ആളുകൾ അതിൽ തിക്കിക്കയറുന്നു. ജീപ്പിന്റെ പിറകു ഭാഗത്തായി നെടുകെയുള്ള ഓരോ സീററിലും അഞ്ചുപേർക്കു വീതം ഇരിക്കാം. മുമ്പിലത്തെ അഭിലഷണീയമായ സീററ് രണ്ടുപേർ പങ്കുവയ്ക്കും. ഇതാ ഞങ്ങൾ പുറകിലത്തെ വാതിലിലൂടെ നന്നായി കുനിഞ്ഞ് അകത്തേക്കു കയറുന്നു. ഞങ്ങൾ ബഞ്ചിലേക്കു ഞെരുങ്ങി ഇരിക്കുന്നു. ഒരു സ്ത്രീയുടെ പച്ചക്കറി സഞ്ചിയിലെങ്ങാനും ചവിട്ടിപ്പോയെങ്കിലോ എന്നോർത്തു ഞങ്ങൾ കാലുകൾ മടക്കി മുട്ടുകൾ താടിക്കടിയിലായി ഒതുക്കിവെക്കുന്നു.
ഞങ്ങൾ കുത്തനെയുള്ള ഒരു കയററം കയറാൻ പോകുകയാണ്. വഴികൾ ഇടുങ്ങിയതും പലേടത്തും വളവും തിരിവും ഉള്ളതുമാണ്. ചിലപ്പോൾ അവ ഏറെക്കുറെ ലംബമായി കാണപ്പെടുന്നു. ഡ്രൈവർ തനിക്ക് ഇഷ്ടപ്പെട്ട സംഗീത കാസെററ് ഇടുന്നു. ഉടനെ ലാററിൻ താളത്തിനൊപ്പിച്ചു പാദങ്ങൾ ചലിപ്പിക്കുന്നു. പൊടുന്നനെ ആരോ ഡ്രൈവറോടു വിളിച്ചു പറയുന്നു: “ഡൊൺഡ പ്യൂഡാ!” (നിങ്ങൾക്കു പററുന്നിടത്ത്!) അത് അദ്ദേഹത്തോടു വണ്ടി നിർത്താൻ പറയുന്ന ഒരു വിചിത്രമായ രീതിയായി തോന്നുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിവേചനയെ ആശ്രയിക്കുന്നതാണ് ഏററവും നല്ലത്. റോഡിന്റെ കുത്തനെയുള്ള ഭാഗത്തെങ്ങാനും ജീപ്പു നിർത്തിപ്പോയാൽ അത് പിന്നെ അനങ്ങിയില്ലെന്നു വരും—ചുരുങ്ങിയപക്ഷം മുമ്പോട്ടു നീങ്ങുകയില്ല! അടക്കമൊതുക്കമില്ലാത്ത കുറെ യാത്രക്കാർ മാർഗമധ്യേ ചിലരുടെ കാലുകൾ ചവിട്ടിമെതിച്ചശേഷം പിൻവാതിലിലൂടെ ഉരുണ്ടുപിരണ്ടിറങ്ങുന്നു.
ഞങ്ങൾ പെട്ടെന്നുതന്നെ സാവധാനം നീങ്ങുന്ന ഒരു വാഹനത്തിന്റെ പിന്നിൽ വന്നുപെടുന്നു. അതിന്റെ എല്ലാ വിള്ളലുകളിൽ നിന്നും വെള്ളം ഇററിററുവീഴുന്നുണ്ട്. അതു ജലം കൊണ്ടുപോകുന്ന ട്രക്കാണ്. അത് പൈപ്പുവെള്ളം തികച്ചും അജ്ഞാതമായ ഒരു സുഖഭോഗവസ്തു ആയിരിക്കുന്ന വീടുകളിലേക്ക് അതിന്റെ വിലപ്പെട്ട ചരക്കും വഹിച്ചുകൊണ്ടു പോകുന്നു. ആളുകൾ സാധാരണമായി ടാങ്കുകളിലോ എണ്ണ വീപ്പകളിലോ ആണു വെള്ളം ശേഖരിച്ചു വയ്ക്കുന്നത്.
ജീപ്പ് അതിന്റെ അനേകം സ്റേറാപ്പുകളിൽ ഒന്നിൽ കുലുക്കത്തോടെ വന്നുനിൽക്കുന്നു. ഇറങ്ങാറായി എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. കട്ടിയുള്ള നിലം പാദങ്ങൾക്കടിയിൽ മിക്കവാറും അന്യമായി തോന്നുന്നു. ഞങ്ങൾ ഇപ്പോൾ എവിടെയാണെന്നറിയാൻ ഒന്നു നിൽക്കുന്നു.
മലയോരത്തെ വീടുകൾ
അവർ എവിടെയും എങ്ങനെയും വീടുകൾ പണിയുന്നു. കുടുംബങ്ങൾ വലുതാകുന്നതനുസരിച്ച് കൂടുതൽ മുറികളോ കൂടുതൽ നിലകളോ പോലും കൂട്ടിച്ചേർക്കുന്നതായി തോന്നുന്നു. ചിലത് റെററാ-കൊട്ടാ ഇഷ്ടികകൾ കൊണ്ടുണ്ടാക്കിയ ഉറപ്പുള്ള ചെറു വീടുകളാണ്. എന്നാൽ മററു ചിലതു പലകകളും പരത്തിയ തകരപ്പാത്രങ്ങളും “ഈ വശം മുകളിൽ” എന്ന് ഇപ്പോഴും എഴുത്തുള്ള പായ്ക്കിങ് കൂടുകൾ പോലും ഉപയോഗിച്ചു നിർമിച്ചവയാണ്.
ഇരച്ചുകൊണ്ടു ജീപ്പ് കാഴ്ചയിൽ നിന്നു മറഞ്ഞപ്പോൾ തികഞ്ഞ നിശ്ശബ്ദത. അവിടത്തെ കാഴ്ച ശ്വാസം അടക്കുന്നതായിരുന്നു. അവിടെ അങ്ങു താഴെ അതാ കരാക്കസിന്റെ മധ്യഭാഗം. പെട്ടെന്നതാ അവിടെ കളിയാടിയിരുന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു ഉച്ചഭാഷണിയിൽ നിന്നുള്ള പരുക്കൻ ശബ്ദം: “അതെ, ഉള്ളിയുണ്ട്, ഉരുളക്കിഴങ്ങുണ്ട്, മരച്ചീനിയുണ്ട്, വാഴപ്പഴമുണ്ട്.” ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോഴതാ അടുത്തു നിശ്ശബ്ദമായി പാർക്കു ചെയ്തിരുന്ന ട്രക്ക് ഒരു പ്രവർത്തന കേന്ദ്രമായി മാറിയിരിക്കുന്നു. ഒരു പയ്യൻ ട്രക്കിന്റെ പിറകിൽ നിന്ന് ആളുകൾക്കു സാധനങ്ങൾ വിൽക്കുന്നു.
കരാക്കസിൽ 500 ബാരിയോകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ചിലതിന് “വിശുദ്ധൻമാരുടെ” പേരാണ് ഇട്ടിരിക്കുന്നത്. മററു ചിലത് പ്രസിദ്ധമായ തീയതികളാലും രാഷ്ട്രീയ വ്യക്തികളാലും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇനിയും മററുചില പേരുകൾ യാഥാർഥ്യത്തിനു പകരം ജനങ്ങളുടെ ഔന്നത്യതൃഷ്ണയെ പ്രതിഫലിപ്പിക്കുന്നു. ഉദാഹരണങ്ങളായി: എൽ പ്രോഗ്രെസോ (പുരോഗതി), ന്യൂവോ മുൺഡോ (പുതിയ ലോകം), എൽ എൻകാന്റോ (ആഹ്ലാദം).
ബാരിയോയിലെ ജീവിതം
ഇവിടെ ഒരുമയുടെ ആത്മാവു മദിച്ചുവാഴുന്നു. മയക്കുമരുന്നിന്റെ ദുരുപയോഗത്തിൽ നിന്നോ കുററകൃത്യത്തിൽ നിന്നോ ഒരു ബാരിയോയെ മോചിപ്പിക്കാൻ പലപ്പോഴും ഏകീകൃത പ്രവർത്തനം നടക്കുന്നു. മിക്ക ബാരിയോകൾക്കും പലചരക്കു കടകളും—പല ഇനം സാധനങ്ങൾ വിൽക്കുന്ന പൊതു സ്റേറാറുകൾ—അതുപോലെ തന്നെ ഒരു സ്കൂളും ഒരു ഫാർമസിയും ഉണ്ട്. ഈ ഫാർമസിയിൽ, രോഗനിർണയത്തിനും ചെറിയ രോഗങ്ങൾക്കു ചികിത്സകൾ നിർദേശിക്കുന്നതിനും ആയി ഫാർമസിസ്ററ് എപ്പോഴും ഒരുങ്ങിയിരിക്കുന്നു.
എങ്കിലും, ഇവിടെ ജീവിതം ദുഷ്കരമാണ്. കുററാന്വേഷണ ശാസ്ത്രജ്ഞനായ ഡോ. ഏലിയോ ഗോമെസ് ഗ്രീലോ പ്രശ്നങ്ങളെപ്പററി ഇപ്രകാരം വിശദീകരണം നൽകി: “ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ വളരെ പ്രയാസപ്പെട്ടു നിറവേററുന്ന 20 ലക്ഷം ആളുകൾ ഈ അതിർ പ്രദേശങ്ങളിൽ പാർക്കുന്നു. ദുഷ്കൃത്യ നിരക്കു കുതിച്ചുയരുന്നു . . . ആത്മഹത്യകളും കൊള്ളകളും ബാങ്കു കൊള്ളകളും നരഹത്യയിൽ കലാശിക്കുന്ന സായുധ കൊള്ളകളും മഹാ തൊന്തരവായിരിക്കുന്നു.” ജല ദൗർലഭ്യവും കറൻറു പോക്കും നിത്യസംഭവങ്ങളാണ്.
മഴക്കാലത്ത് ലോസ് സീറോസ് ആകെ മാറുന്നു. മണ്ണ് ചെളിയായും പടികൾ ചെറിയ വെള്ളച്ചാട്ടങ്ങളായും മാറുന്നു. പുഴപോലെ ആയിത്തീരുന്ന ഓടകളിലൂടെ ചപ്പുചവറുകൾ ഒഴുകിവരുന്നു. തകരം കൊണ്ടുള്ള മേൽക്കൂരകളിൽ വന്നുപതിക്കുന്ന മഴയുടെ ആരവം കാതടപ്പിക്കുന്നതാണ്. മേൽക്കൂരയിൽ ചോർച്ചയുള്ള ഭാഗങ്ങളുടെ കീഴിൽ പാത്രങ്ങളും ബക്കററുകളും എടുത്തുവയ്ക്കാനുള്ള വീട്ടുകാരുടെ നെട്ടോട്ടത്തിൽ സംസാരം നിലച്ചുപോകുന്നു. പക്ഷേ കുതിർന്നിരിക്കുന്ന മേൽക്കൂരകളെയും വഴികളെയും തുകർത്തിക്കൊണ്ടു സൂര്യൻ വീണ്ടും തലപൊക്കുന്നു. അതുപോലെതന്നെ, വെനെസ്വേലയുടെ അജയ്യമായ ഉത്സാഹവും. അങ്ങനെ ജീവിതം മുമ്പോട്ടു നീങ്ങുന്നു.
മുമ്പോട്ടും മേൽപ്പോട്ടും കാൽനടയായി
ഞങ്ങളുടെ യാത്ര ഇതുവരെ അവസാനിച്ചിട്ടില്ല. നമുക്ക് ഇനിയും ഞങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിൽ പോകാനുണ്ട്. രണ്ടു വീടുകൾക്കിടയിൽ കുത്തനെയുള്ള കോൺക്രീററ് പടികൾ ക്രമംതെററി കുന്നിന്റെ മുകളിലേക്ക് കിടപ്പുണ്ട്. സ്ഥലം ഒരു വെല്ലുവിളിയാണെന്നു തോന്നിപ്പിക്കുംവിധം ഇടുങ്ങിയ വീടുകളിൽ തുരുതുരാ കാണപ്പെടുന്ന ബോർഡുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടുന്നു. പീഗോ സിറെസ് (ഞാൻ വസ്ത്രങ്ങളിൽ സിപ്പുകൾ പിടിപ്പിക്കുന്നു); കൊർട്ട്സ് ഡി പിലോ (മുടിവെട്ട്); സെ വെൻഡെൻ എലാഡോസ് (ഐസ്ക്രീം വിൽക്കാനുണ്ട്). ജീവിതം ഒന്നു മുന്നോട്ടു കൊണ്ടുപോകാൻ ആളുകൾ പഠിച്ച പണിയെല്ലാം നോക്കുന്നു. ചിലർ കാറുകൾ സ്പ്രേപെയിൻറു ചെയ്യുകയും ഓയിൽ മാറുകയും കേടുപോക്കുകയും ചെയ്യുന്നു—എല്ലാം തെരുവിൽ വച്ചുതന്നെ.
ശ്വാസം അടക്കിപ്പിടിച്ച് പടികൾ ചവുട്ടി മുകളിൽ എത്തിക്കഴിഞ്ഞു ഞങ്ങൾ വീടുകളുടെ ഇടയിൽ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ഇടവഴികളിലേക്കു തിരിയുന്നു. ചെറുപാതകളുടെ ഈ സമ്മിശ്രത്തിൽ നിന്നു പുറത്തേക്കുകടക്കുമ്പോൾ കണ്ണുചിമ്മിക്കുന്ന സൂര്യപ്രകാശം. ഞങ്ങളുടെ സുഹൃത്തിന്റെ വീട് ഈ നിരപ്പില്ലാത്ത പാതയുടെ ഓരത്താണ്. ഇവിടെ വീട്ടു നമ്പറോ—തപാൽ സേവനമോ ഇല്ല. ഇപ്പോൾ ഉണ്ടാക്കിയ കാപ്പിയുടെ നറുമണം കാററിൽ പരക്കുന്നു. ഞങ്ങളുടെ ആതിഥേയർ കൊച്ചു കപ്പുകളിൽ കാപ്പി തന്നു ഞങ്ങളെ സൽക്കരിക്കുമെന്നതിന് സംശയമില്ല. അതിന്റെ കൂടെ അരിപ്പായും (പലയിനം ചേരുവകൾക്കൊണ്ട് സ്വാദു വരുത്തിയ ചോളപ്പൊടി കൊണ്ടുണ്ടാക്കിയ മയമുള്ള അപ്പം).
സ്വാഗതം ചെയ്തു
പ്രതീക്ഷിച്ചതുപോലെ തന്നെ, നാട്ടുനടപ്പുള്ള ആതിഥ്യമര്യാദ അനുസരിച്ച് കുടുംബം ഞങ്ങളെ തങ്ങളുടെ അനാർഭാടമെങ്കിലും വൃത്തിയുള്ള റാങ്കീറേറായിലേക്കു—അതാണ് ഈ കൊച്ചു വീടുകളുടെ പേര്—സ്വാഗതം ചെയ്യുന്നു. “എസ്ററാൻ എൻ സൂക്കാസാ” (സ്വന്തം വീട്ടിലാണെന്നു കരുതിയാൽ മതി) എന്നതാണ് അവർ പറയുന്ന ആദ്യത്തെ ഒരു കാര്യം.
നാകത്തകിടുകൊണ്ടുള്ള മേൽക്കൂരയിൽ വെയിൽ വന്നടിക്കുമ്പോൾ ചില്ലുവയ്ക്കാത്ത ജനലുകളിലൂടെ ഉള്ളിലേക്കടിക്കുന്ന ഇളംതെന്നലിനോടു ഞങ്ങൾ നന്ദിയുള്ളവരാണ്. ജനലുകൾക്ക് അഴികളുണ്ട്, എന്നിരുന്നാലും, മോഷണം വളരെ സാധാരണമാണ്. ഞങ്ങൾക്കു ചൂട് അനുഭവപ്പെടുന്നുണ്ടെന്നു കണ്ടുകൊണ്ട് ആതിഥേയർ ഒരു വൈദ്യുത ഫാൻ എടുത്തുകൊണ്ടു വരുന്നു. ഇത് ഫ്രിഡ്ജോ ടെലിവിഷനോ പോലെ ഇവിടത്തെ ഒരു സാധാരണ ഉപകരണമാണ്. തറ സിമൻറിട്ടതാണ്. അയൽക്കാരിൽ പലർക്കും വെറും മൺതറ ആണുള്ളത്.
അഞ്ചു കൊച്ചു കുഞ്ഞുങ്ങളുടെ പിതാവായ ഭർത്താവ് തന്റെ യൗവനത്തിൽ നഗരത്തിലെ മെച്ചപ്പെട്ട ജോലി സാധ്യതകൾ തേടി ഗ്രാമത്തിൽനിന്നു കരാക്കസിലേക്കു മാറിപ്പാർത്തതാണ്. അവിടെ അദ്ദേഹം തന്റെ വിവാഹിതനായ ജ്യേഷ്ഠനോടുകൂടി താമസം തുടങ്ങി. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ തനിക്കുമുമ്പ് അവിടെ വന്ന അനേകരെപ്പോലെ മലഞ്ചെരുവിലെ ഒരു തുണ്ടു പുറമ്പോക്കു ഭൂമിയുടെമേൽ അവകാശം സ്ഥാപിച്ചു. പിന്നീടൊരിക്കൽ ഞങ്ങളുടെ ഈ സുഹൃത്ത് തന്റെ പ്രതിശ്രുത വധുവിനെ കണ്ടുമുട്ടിയപ്പോൾ തന്റെ വീടിന്റെ അരികിലുള്ള സ്ഥലത്ത് ഒരു താത്കാലിക വീടുണ്ടാക്കാൻ കഴിയുമെന്ന് ജ്യേഷ്ഠൻ ഔദാര്യത്തോടെ പറഞ്ഞു. അയൽക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഈ ദമ്പതികൾ ആ സ്ഥലത്തുതന്നെ തങ്ങളുടെ ഇഷ്ടിക വീട് ഘട്ടം ഘട്ടമായി പണിയാൻ തുടങ്ങി.
സ്ഥലം അത്ര നല്ലതല്ല എന്നു കുടുംബത്തിലുള്ളവർക്ക് അറിയാം. എന്നാൽ അവർ ഇപ്പോൾ അതുമായി യോജിച്ചുപോയിരിക്കുന്നു. ഉള്ളത് അവർ ഏററവും നന്നായി ഉപയോഗിക്കുന്നു. ‘ഒരുപക്ഷേ ഒരുനാൾ കുറച്ചുകൂടി താഴേയ്ക്കു പോകാൻ ഞങ്ങൾക്കു കഴിഞ്ഞേക്കും,’ “സീ ഡ്യോ ക്വിർ” (ദൈവത്തിന്റെ ഇഷ്ടമെങ്കിൽ), അവർ പറയുന്നു.
ഈ പാവപ്പെട്ട എന്നാൽ ദയയുള്ള കുടുംബത്തോടൊപ്പം വളരെ ഉല്ലാസപ്രദമായ ഒരു അപരാഹ്നം കഴിഞ്ഞുപോകുന്നു. മുന്നിലെ ജനാലക്കരികെ മിഠായി വാങ്ങാൻ വരുന്ന കൊച്ചുകുട്ടികൾ സംഭാഷണത്തെ ഇടയ്ക്കിടയ്ക്കു വിഘ്നപ്പെടുത്തുന്നു. തന്റെ ഭർത്താവിന്റെ വരുമാനത്തോടു തന്റെ പങ്കു ചേർക്കാനുള്ള ഭാര്യയുടെ മാർഗമാണ് ഇത്.
അവരോഹണം
ഇരുട്ടാകുന്നതിനു മുമ്പു ഞങ്ങൾക്കു പുറപ്പെടണം. ഇന്നു വെള്ളിയാഴ്ച ആണ്. തങ്ങൾക്കു കിട്ടിയ കൂലിയുമായി പുരുഷൻമാർ ചേരിയണയുമ്പോൾ അതിനു ജീവൻ വയ്ക്കുന്നു. മദ്യശാലകൾ ബിയറിന്റെ ഒരു വൻ ബിസിനസു നടത്തുന്നു. ലാററിൻ സംഗീതമായ സൾസായുടെ ശബ്ദവും മെരെൻഗെ താളങ്ങളും ഒരു വിശ്രമകരമായ വാരാന്ത അന്തരീക്ഷത്തിനു സംഭാവന ചെയ്യുന്നു.
താഴെ എത്തിയാൽപ്പിന്നെ ഞങ്ങൾക്ക് ഏററവുമടുത്ത മെട്രോ റെയിൽവേ സ്റേറഷനിലേക്കു നടക്കണം. അവിടെനിന്നു വേഗതയുള്ള ഒരു ഭൂഗർഭ തീവണ്ടി ഞങ്ങളെ നഗരമധ്യത്തിൽ എത്തിക്കുന്നു. പരിചിതമായ സ്ഥലത്തു മടങ്ങിയെത്തിയപ്പോൾ ഞങ്ങൾക്കു കുറച്ച് ആശ്വാസം തോന്നുന്നു. ലോസ് സീറോസലേക്കു ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോൾ ഇരുട്ടിൽ ഒരു കൂട്ടം വിളക്കുകൾ മാത്രം അവിടെ മിന്നുന്നുണ്ട്. കരാക്കസിന്റെ ഈ അജ്ഞാതമുഖം ഏറെ നന്നായി പരിചയപ്പെടാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷമുള്ളവരാണ്. (g93 12/8)