രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“യഹോവയുടെ നാമം ബലമുള്ള ഗോപുരം”
അനിശ്ചിതത്വം നിറഞ്ഞ ഒരു കാലത്താണു നാം ജീവിക്കുന്നത്. ഭദ്രമെന്നു തോന്നുന്ന നമ്മുടെ ജീവിതത്തിനു രായ്ക്കുരാമാനം മാററംവരാം. ഒരു മുന്നറിയിപ്പുമില്ലാതിരിക്കുന്ന സമയത്താണു ചിലർ വൻ വിപത്തിൽച്ചെന്നുപെടുക. അകപ്പെട്ടതിനുശേഷമാണ് അവരതു തിരിച്ചറിയുന്നതുപോലും. ഒരു രാഷ്ട്രീയ ലഹള, ഒരു അക്രമാസക്തമായ കയ്യേററം, ഒരു പ്രകൃതി വിപത്ത്, അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗം എന്നിവയിലൂടെയാകാം അപകടം വരുന്നത്. എന്തിൽനിന്നായാലും, ജീവൻ അപകടത്തിലായിരിക്കുമ്പോൾ ഒരു ക്രിസ്ത്യാനി എങ്ങോട്ടാണു തിരിയേണ്ടത്?
വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ചുകളിലൊന്നിൽ താമസിക്കുന്ന ഒരു മിഷനറിയായ ഡേവിഡ് ആ ചോദ്യത്തിനുള്ള ഉത്തരം മനസ്സിലാക്കിയതു ഭീതിദമായ ഒരു അനുഭവത്തിലൂടെയാണ്. പോയിവരുന്ന ബെഥേൽകുടുംബാംഗങ്ങളെ കൊണ്ടുവരേണ്ട ജോലിയുണ്ടായിരുന്നതിനാൽ വണ്ടിയുമായി അതിരാവിലെ ഇറങ്ങിയതായിരുന്നു അദ്ദേഹം. അപ്പോഴും ഇരുട്ടു മാറിയിരുന്നില്ല. അദ്ദേഹം റോസാലീയയെയും വണ്ടിയിൽ കയററി ഒരു പൊലീസ് സ്റേറഷനരികിലൂടെ കടന്നുപോകുകയായിരുന്നു, അപ്പോഴായിരുന്നു ആദ്യത്തെ വെടിയൊച്ച കേട്ടത്.
എല്ലാം പെട്ടെന്നു സംഭവിച്ചു. ഒരു വലിയ പടക്കം പൊട്ടിയ ശബ്ദം. പിന്നെയാണു മനസ്സിലായത്, ടയറിൽനിന്നു കാററു പോയതാണെന്ന്. പിന്നെക്കണ്ടതു തന്റെ നേരെ തോക്കു ചൂണ്ടി നടുറോഡിൽ നിൽക്കുന്ന ഒരു പട്ടാളക്കാരനെയായിരുന്നു. മൂന്നു സംഗതികൾ ഏതാണ്ട് ഒരേ സമയം സംഭവിച്ചു: ജീപ്പിന്റെ ഒരു വശം തുളച്ചുനാശമാക്കിക്കൊണ്ടും ജനൽച്ചില്ലുകൾ തരിപ്പണമാക്കിക്കൊണ്ടും വെടിയുണ്ടകൾ തുരുതുരാ വർഷിച്ചു; ഡേവിഡും റോസാലീയയും പെട്ടെന്നു തലകുനിച്ചു; പട്ടാളക്കാരൻ മുൻവശത്തെ ചില്ലിലൂടെ ഉന്നംവെച്ചു നിറയൊഴിച്ചു.
ജീപ്പിനുനേരെയുള്ള വെടിയുണ്ടാവർഷം തുടരവേ, കുനിഞ്ഞിരുന്നുകൊണ്ടുതന്നെ ഡേവിഡ് തനിക്കാവുംവിധം പരിശ്രമിച്ചു ബ്രേക്കു ചെയ്തു. തങ്ങളുടെ അവസാനമായി എന്നാണു ഡേവിഡും റോസാലീയയും വിചാരിച്ചത്. തങ്ങളെ കടാക്ഷിക്കണമേ എന്നപേക്ഷിച്ചുകൊണ്ട് അവർ യഹോവയോട് ഉറക്കെ നിലവിളിച്ചു പ്രാർഥിച്ചു. താൻ മരിച്ചുവെന്നു കേൾക്കുമ്പോൾ തന്റെ കുടുംബം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ആ നിമിഷങ്ങളിൽ തന്റെ ചിന്ത എന്നു റോസാലീയ പിന്നീടു പറഞ്ഞു!
ഇപ്പോഴും ജീവിച്ചിരിക്കുന്നു!
വെടിയൊച്ചയും ചില്ലുതകർക്കലും അവസാനം നിലച്ചപ്പോൾ ഡേവിഡ് റോസാലീയയെ നോക്കി. അവരുടെ പുറത്ത് ഒരു വട്ടപ്പാടു രക്തം കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം മരവിച്ചപോലെയായി. എന്നാൽ അതാകട്ടെ അവിടെ തറഞ്ഞുകയറിയ കേവലം ഒരു ചില്ലുകഷണമായിരുന്നു, വെടിയുണ്ടയായിരുന്നില്ല. ചിതറി താഴെവീണ ചില്ലുകൾകൊണ്ടു മുറിവേററ കാൽമുട്ടിൽനിന്നു രക്തമൊലിക്കുന്നുണ്ടായിരുന്നു. മററു കുഴപ്പമൊന്നും അവർക്കു സംഭവിച്ചില്ല.
വെളുത്ത കൈപ്പട്ടയോടുകൂടിയ സൈനിക യൂണിഫോമിട്ട ആളുകൾ ജീപ്പിനടുത്തെത്തി, കൈകൾ ഉയർത്തിപ്പിടിച്ചു പുറത്തിറങ്ങാൻ അവരോട് ആജ്ഞാപിച്ചു. ഉന്നത പദവിക്കാരനെന്നു തോന്നിയ ഒരാൾ പട്ടാളക്കാരന്റെ നേരെതിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “സാധാരണക്കാരുടെ നേരെ നിറയൊഴിക്കരുത് എന്നു നിങ്ങളോടു പറഞ്ഞിരുന്നല്ലോ.” വെടിയൊച്ച കേട്ടപ്പോൾ അത് ഈ ജീപ്പിൽനിന്നായിരിക്കും എന്നാണു താൻ കരുതിയത് എന്നു പറഞ്ഞുകൊണ്ടു പട്ടാളക്കാരൻ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു.
താനും റോസാലീയയും യഹോവയുടെ സാക്ഷികളാണെന്നു ഡേവിഡ് പറഞ്ഞപ്പോൾ അവരുടെ പ്രതികരണം അനുകൂലമായി. താൻ എന്തു ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു പറഞ്ഞെങ്കിലും പട്ടാളക്കാർ അവരെ വിടാൻ കൂട്ടാക്കിയില്ല. അന്ന് അതിരാവിലെ സൈന്യത്തിലെ ഒരു വിഭാഗം ഒരു അട്ടിമറിശ്രമം നടത്തുകയായിരുന്നു, ഈ പട്ടാളക്കാർ പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്ന പൊലീസ് സ്റേറഷന്റെ അടുത്തുകൂടെയായിരുന്നു ഡേവിഡും റോസാലീയയും ജീപ്പ് ഓടിച്ചുവന്നത്.
റോസാലീയ ആകെ ഭയപരവശയായിരുന്നു, എന്നാൽ തങ്ങളെ പോകാൻ അനുവദിക്കണമെന്നു ഡേവിഡ് അവരോടു യാചിച്ചപ്പോൾ റോസാലീയ സംയമനം പാലിച്ചുനിന്നു. അവസാനം, പോകാനുള്ള അനുവാദം കിട്ടി, പക്ഷേ ജീപ്പ് വിട്ടുകൊടുത്തില്ല. ബ്രാഞ്ചിലെത്താൻ അടുത്തൊരിടംവരെ നടന്നു ബസ് പിടിക്കണമായിരുന്നു. ബ്രാഞ്ചിലെ വൈദ്യസഹായ വിഭാഗം റോസാലീയയ്ക്കു വേണ്ട പരിചരണം നൽകി.
പ്രാർഥനയുടെ ശക്തി
ഈ അനുഭവത്തിൽനിന്നു ഡേവിഡിന് ഒരു കാര്യം ബോധ്യമായി—അത് ആത്മാർഥമായ പ്രാർഥനയുടെ ശക്തിയെ വിലകുറച്ചുകാണരുതെന്നും യഹോവയുടെ സാക്ഷികളിൽ ഒരുവനാണു താനെന്നു ധൈര്യപൂർവം തിരിച്ചറിയിക്കുന്നതു പലപ്പോഴും ഒരു സംരക്ഷണമാണെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുതെന്നും. “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു” എന്നു പറയുന്നത് അക്ഷരീയമായി സത്യമായേക്കാം.—സദൃശവാക്യങ്ങൾ 15:29; 18:10; ഫിലിപ്പിയർ 4:6.
[19-ാം പേജിലെ ചിത്രത്തിന്റെ കടപ്പാട്]
Fotografía de Publicaciones Capriles, Caracas, Venezuela