പ്ലാസ്ററിക്ക്പണം—അതു നിങ്ങൾക്കുള്ളതോ?
“ശ്രീമാൻ പ്ലാസ്ററിക്ക് മുതലാളി” എന്നു ചിലർ വിളിക്കുന്ന കാലിഫോർണിയയിലെ ഒരു മനുഷ്യൻ സാധുവായ 1,265 കടപ്പത്രങ്ങളുടെ ഒരു ശേഖരം സമാഹരിച്ചു. ഈ മനുഷ്യൻ ശരാശരി കടപ്പത്രക്കാരിൽ ഒരുവനല്ല എന്നതു സമ്മതിക്കാം. എന്നിരുന്നാലും, കടപ്പത്ര പ്രതിഭാസം ആധുനിക പാശ്ചാത്യ സമൂഹത്തിന്റെ സുസ്ഥാപിത സവിശേഷതയായിത്തീർന്നിരിക്കുന്നു എന്നതു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
1986-ൽ യു.എസിലെ ഏതാണ്ടു മൂന്നിലൊന്നു വീട്ടുകാർക്ക് ഒന്നോ അതിലധികമോ കടപ്പത്രങ്ങൾ ഉണ്ടായിരുന്നതായി അമേരിക്കൻ ഡെമോഗ്രാഫിക്സ് പ്രസ്താവിക്കുന്നു. ഐക്യനാടുകളിൽ മാത്രം 25,000-ത്തിലധികം വ്യത്യസ്ത കടപ്പത്രങ്ങൾ ലഭ്യമാണ്. എണ്ണക്കമ്പനികളും ചില്ലറക്കച്ചവടക്കാരും എയർലൈൻസും തങ്ങളുടെ സ്വന്തം പത്രങ്ങൾ വിതരണം ചെയ്യുന്നു. 1991-ൽ അമേരിക്കക്കാർ, സാധുതയുള്ള 23 കോടി 20 ലക്ഷം മാസ്ററർകാർഡുകളും വിസാകളും കൈവശം വച്ചു. ഇവയാണ് അവിടത്തെ ഏററവും പ്രസിദ്ധിയാർജിച്ച രണ്ടു കടപ്പത്രങ്ങൾ.
ആകാംക്ഷികളായ ഉപഭോക്താക്കളുടെ രക്ഷാധികാരിത്വം നേടാനായി മത്സരികളായ ബാങ്കുകളുടെയും ക്രെഡിററ് കമ്പനികളുടെയും ഇടയിൽ ഉഗ്രമായ പോരാട്ടങ്ങൾക്കു തിരികൊളുത്തിക്കൊണ്ട് പ്ലാസ്ററിക്ക് പണ വ്യവസായം എന്നറിയപ്പെടുന്ന ഇതു യൂറോപ്പിലും വർധിച്ചുവരുകയാണ്. എന്തായാലും സാധുതയുള്ള കടപ്പത്രങ്ങളുടെ ആകെ എണ്ണം ലോകവ്യാപകമായി 100 കോടിക്കു മുകളിൽ വരും. പ്ലാസ്ററിക്ക് പണത്തിന്റെ ഈ ബാഹുല്യം എന്തുകൊണ്ട്? അതിന്റെ ഉപയോഗത്തിൽ നിന്ന് ഏററവും പ്രയോജനം അനുഭവിക്കുന്നത് ആരാണ്? കടപ്പത്രം കൈവശമുള്ളവർ അഭിമുഖീകരിക്കുന്ന ചില അപകടങ്ങളും പ്രശ്നങ്ങളും എന്തെല്ലാമാണ്?
ആരാണു പ്രയോജനം അനുഭവിക്കുന്നത്?
ബാങ്കുകളും കടപ്പത്രക്കമ്പനികളും ഗണ്യമായ ലാഭം കൊയ്യുന്നു. ഇത്—വാർഷിക മെമ്പർഷിപ്പ് ഫീസ്, ലേററ് പേമൻറ് ഫീസ്, ഓവർ ലിമിററ് ഫീസ് തുടങ്ങിയ—ഫീസുകളിൽ നിന്നു മാത്രമല്ല, തങ്ങൾക്കു കടപ്പെട്ടിരിക്കുന്ന പണത്തിന്റെമേൽ ഈടാക്കുന്ന ഉയർന്ന പലിശയിൽ നിന്നും കൂടിയാണ്. എന്നാൽ, കടപ്പത്രം കൈവശമുള്ളവർ കാര്യമായ തുക കടം വാങ്ങുന്നില്ലെങ്കിൽ തീർച്ചയായും ബാങ്കുകൾക്കും കടപ്പത്രക്കമ്പനികൾക്കും ഫൈനാൻസ് ചാർജ്ജുകളിൽ നിന്നു ലാഭമുണ്ടാക്കാൻ കഴിയില്ല. ഐക്യനാടുകളിൽ മാത്രം ലക്ഷങ്ങൾ ബാങ്കുകളുടെയും കടപ്പത്രക്കമ്പനികളുടെയും ആവശ്യാനുസരണം തങ്ങളേത്തന്നെ സ്ഥിരമായ കടത്തിലാഴ്ത്തി. കടപ്പത്രം കൈവശമുള്ള അമേരിക്കക്കാരുടെ ഏതാണ്ട് 75 ശതമാനത്തിനു തങ്ങളുടെ അക്കൗണ്ടുകളിൽ അടച്ചുതീർക്കാത്ത കുടിശ്ശികകൾ ഉണ്ട്. അതിന് അവർ ഓരോ മാസവും അമിതമായ പലിശ അടയ്ക്കേണ്ടിവരുന്നു. കടപ്പത്രം കൈവശമുള്ള അമേരിക്കയിലെ ശരാശരി കടക്കാരൻ തന്റെ മാസംതോറുമുള്ള അക്കൗണ്ടിൽ 2,000-ത്തിലധികം ഡോളറിന്റെ കടംകൊള്ളുന്നു.
“കിട്ടിയാലുടനെ തങ്ങളുടെ സ്റേറററ്മെൻറുകൾ മുഴുവനും അടച്ചുതീർക്കുന്ന കടപ്പത്രക്കാരുടെ 15 മുതൽ 20 ശതമാനം ബാങ്കിന്റെ പ്രവർത്തനങ്ങൾക്കായി ഒരു നാണയം പോലും സംഭാവന ചെയ്യുന്നില്ല” എന്ന് ദ ക്രെഡിററ് ജങ്കിൾ എന്ന തന്റെ പുസ്തകത്തിൽ അൽ ഗ്രിഫിൻ നിരീക്ഷിക്കുകയുണ്ടായി. “കടപ്പത്രക്കാരുടെ മറേറ 80 മുതൽ 85 വരെ ശതമാനം ഒരു കടപ്പത്ര പദ്ധതിയെ, ബാങ്കിനുള്ളതിൽവച്ച് ഏററവും ലാഭകരമായ പ്രവർത്തനമാക്കി മാററുന്നു. സാമാന്യം മിതമായ ഒരു 100 ലക്ഷം ഡോളറിന്റെ ബാങ്ക്കാർഡ് ബിസിനസ്സിൽ നിന്നു പ്രതിവർഷം മൊത്തത്തിൽ 18 ലക്ഷത്തിന്റെ ലാഭം കൊയ്യാം” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 1990-ൽ കടപ്പത്ര ബിസിനസ്സിൽ ഏററവും കൂടുതൽ ഓഹരിയുണ്ടായിരുന്ന യു.എസ്. ബാങ്ക് അതിന്റെ ഉപഭോക്തൃ ബിസിനസ്സുകളിൽ നിന്ന്, മുഖ്യമായും അതിന്റെ കടപ്പത്ര സഹായക പദ്ധതിയിൽ നിന്ന് ഏതാണ്ട് 100 കോടി ഡോളറിന്റെ ലാഭം ഉണ്ടാക്കി.
അപകടങ്ങൾ സംബന്ധിച്ചു ജാഗരൂകരായിരിക്കുക
ഈ കൊച്ചു പ്ലാസ്ററിക്ക് കഷണങ്ങൾക്ക് ഒരു ഇരുണ്ട വശമുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ഒരു സമ്മാനം നേടിയിരിക്കുന്നു എന്ന് അറിയിച്ചുകൊണ്ട്, നിഗൂഢമായ ഒരു കമ്പനിയിൽ നിന്നു നിങ്ങൾക്ക് എപ്പോഴെങ്കിലും ഒരു ടെലിഫോൺ വിളി ലഭിച്ചിട്ടുണ്ടോ? പലർക്കും ലഭിച്ചിട്ടുണ്ട്. സമ്മാനം ലഭിക്കാൻ നിങ്ങൾ ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ മാത്രം മതി. എന്നാൽ അതാ, വിളിക്കുന്ന ആൾ നിങ്ങളുടെ കടപ്പത്ര നമ്പരും ചോദിക്കുന്നു. എന്തിന്? കാരണം സത്യത്തിൽ നിങ്ങൾ സമ്മാനം നേടിയിട്ടില്ല. നേരേമറിച്ച്, തപാലിലൂടെയോ ടെലിഫോണിലൂടെയോ നിങ്ങളുടെ അക്കൗണ്ടിൽ തനിക്കു സാധനങ്ങൾ വാങ്ങാൻ കഴിയേണ്ടതിനു അയാൾക്കു നിങ്ങളുടെ കടപ്പത്ര നമ്പർ അറിയണം, അത്രയേ വേണ്ടൂ.
ഓരോ വർഷവും കോടിക്കണക്കിനു ഡോളറിന്റെ കടപ്പത്ര തട്ടിപ്പാണു പല തരത്തിൽ നടക്കുന്നത്. ഈ പ്രശ്നം നിങ്ങളെ നേരിട്ടു ബാധിക്കുന്നില്ലെങ്കിലും നിങ്ങളുടെ കൈവശം ഒരു കടപ്പത്രം ഉണ്ടെങ്കിൽ ഉയർന്ന ഫീസുകളിലൂടെയും പലിശ നിരക്കുകളിലൂടെയും നിങ്ങൾ അത്തരം തട്ടിപ്പുകൾക്കുവേണ്ടി പണം അടയ്ക്കുകയായിരിക്കും ചെയ്യുന്നത്.a
നിങ്ങൾ വൻകടത്തിൽ മുങ്ങിപ്പോകുകയാണെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടിലും ആണ് കടപ്പത്രങ്ങളിലെ യഥാർഥ അപകടം സ്ഥിതിചെയ്യുന്നത്. ക്രഡിററ് ജങ്കിൾ എന്ന പുസ്തകം ഇപ്രകാരം സൂചിപ്പിക്കുന്നു: “രൊക്കം വാങ്ങുമ്പോൾ തങ്ങളുടെ കൊക്കിലൊതുങ്ങാത്ത ആഡംബര വസ്തുക്കളും സേവനങ്ങളും വാങ്ങാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ കഴിവുള്ള അസംഖ്യം ആളുകൾ തങ്ങളുടെ കയ്യിൽ കടപ്പത്രമുള്ളപ്പോൾ പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ തികച്ചും നിസ്സഹായരാണ്. കൊഞ്ചുകറി കൂട്ടിയുള്ള തലേമാസത്തെ വിരുന്നുകൾക്കു കടപ്പത്രത്തിൽ ചാർജ് ചെയ്ത പണമടച്ചു കഴിഞ്ഞാൽ, പിന്നെ ആഴ്ചകളോളം പല കുടുംബങ്ങൾക്കും ആഹാരം കഞ്ഞിയും പയറുമായിരിക്കും.”
എന്നാൽ നിങ്ങളുടെ കടം വരുമാനത്തിന്റെ ഒരു വലിയ ഭാഗം മുടിച്ചുകളയുന്നെങ്കിൽ നിങ്ങളുടെ ഭക്ഷണശീലങ്ങൾക്കു മാത്രമല്ല കുഴപ്പമുണ്ടാകുന്നത്. “ലോണുകളും കടങ്ങളും കടപ്പത്രങ്ങളും തിരിച്ചടച്ചുകൊണ്ട് ഓരോ മാസവും അമേരിക്കക്കാർ ശരാശരി തങ്ങളുടെ വരുമാനത്തിന്റെ ഏകദേശം 75% ചെലവഴിക്കുന്നു” എന്ന് ക്രെഡിററ്—ദ കട്ടിങ് എഡ്ജ് എന്ന പുസ്തകം റിപ്പോർട്ടു ചെയ്യുന്നു.
ദുഃഖകരമെന്നു പറയട്ടെ, അനേകം ഉപഭോക്താക്കളെ സംബന്ധിച്ചും കടപ്പത്രം സാമ്പത്തിക പറുദീസയിലേക്കുള്ള ഒരു കവാടമല്ല, പിന്നെയോ നീണ്ടകാലത്തെ കടബാധ്യതയിലേക്കും ആകുലതയിലേക്കും ഉള്ള ഒരു വഴുതി വീഴലാണ്. ഉദാഹരണത്തിന്, അമേരിക്കക്കാരായ ഉപഭോക്താക്കൾ കഴിഞ്ഞ വർഷങ്ങളിൽ കടപ്പത്രക്കടം കുന്നുകൂട്ടിയിരിക്കുന്നു. ഇതു കൂടുതൽ കടപ്പത്ര വഞ്ചനകളിലും കൃത്യവിലോപങ്ങളിലും പാപ്പരത്തങ്ങളിലും കലാശിച്ചിരിക്കുന്നു. 1990-ൽ യു.എസ്. ഉപഭോക്താക്കൾ കടപ്പത്രങ്ങളിലും കാർ വായ്പകളിലും ഒററികളിലും ആയി മൊത്തം മൂന്നുലക്ഷത്തിയിരുപതിനായിരം കോടി ഡോളറിന്റെ കടത്തിലായി! വീട്ടുകാർ ശരാശരി ഏതാണ്ട് 35,000 ഡോളർ കടത്തിലാകുകയും വർഷം തോറും പലിശയായി ഏകദേശം 3,500 ഡോളർ അടയ്ക്കുകയും ചെയ്തു.
വ്യക്തിപരമായ പാപ്പരത്തം കുതിച്ചുയർന്നിരിക്കുന്നത് അതിശയകരമല്ല. 1990-ൽ 7,20,000 അമേരിക്കക്കാർ പാപ്പരത്തം അനുഭവിക്കുന്നതായുള്ള ഒരു രേഖ ഫയൽ ചെയ്യപ്പെട്ടു. ഇത് 1989-തിലേതിനെക്കാൾ ഏകദേശം 17 ശതമാനം വർധനവാണ്. 1991-ൽ ഈ സംഖ്യ 8,00,000 ആയി. 1992-ൽ പുതിയ റിക്കാർഡ് വ്യക്തിപരമായ 9,71,517 പാപ്പരത്തങ്ങളുടേതാണ്.
കടപ്പത്രങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നതു വിഷമമായി കണ്ടെത്തുന്നവർ അവ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു. മറുവശത്ത്, തങ്ങളുടെ ജീവിതം അനാവശ്യമായി വിഷമതരമാക്കാതെ കടപ്പത്രങ്ങളുടെ ബുദ്ധിപൂർവകമായ ഉപയോഗം നടത്താൻ അനേകർക്കു കഴിയുന്നു. (g93 12/8)
[അടിക്കുറിപ്പുകൾ]
a കടപ്പത്ര തട്ടിപ്പ് ഒഴിവാക്കാനുള്ള വഴികൾ സംബന്ധിച്ച കൂടുതലായ വിവരങ്ങൾക്ക് 1986 ഡിസംബർ 8, ഉണരുക!യിലെ [ഇംഗ്ലീഷ്] “കടപ്പത്രം—ഒരു ‘പ്ലാസ്ററിക്ക് കെണി’” എന്ന ലേഖനം കാണുക.