ക്രെഡിറ്റ് കാർഡുകൾ അവ നിങ്ങളെ സേവിക്കുമോ അതോ കുരുക്കിലാക്കുമോ?
“ഓരോ മാസവും ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറുകൾ തുറക്കുന്ന ആ നിമിഷം ഒരു അപഹാസ്യ ദുരന്തംപോലെയാണ്,” ഐക്യനാടുകളിലെ ഒരു ഇംഗ്ലീഷ് അധ്യാപകൻ പറയുന്നു. “അടച്ചുതീർക്കേണ്ട തുകയിലേക്ക് ഞാൻ വിശ്വസിക്കാനാവാതെ മിഴിച്ചുനോക്കുന്നു, കളിപ്പാട്ട കടകൾ, ഭവന-കാര്യാലയോപകരണ കടകൾ, സൂപ്പർമാർക്കറ്റുകൾ, പെട്രോൾ സ്റ്റേഷനുകൾ എന്നിവിടങ്ങളിലൂടെ എന്റെ മറ്റേതോ വ്യക്തിത്വം, സാമ്പത്തികമായ ഏതോ ദ്വിമുഖവ്യക്തിത്വം ഉന്മാദംപൂണ്ട് കടന്നുപോയതുപോലെ തോന്നുന്നു.”
കടം കുന്നുകൂട്ടുന്നത് അനായാസമാണെന്ന് ഡൊളോറസും മനസ്സിലാക്കുന്നു. അവൾ പറയുന്നു: “ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് വ്യസനരഹിതമാണ്. യഥാർഥ പണം ഞാൻ അങ്ങനെ ചെലവഴിക്കില്ല. എന്നാൽ ക്രെഡിറ്റ് കാർഡുകൾകൊണ്ടു കടയിൽനിന്നു സാധനങ്ങൾ വാങ്ങുന്നതു വ്യത്യസ്തമാണ്. നിങ്ങൾ ഒരിക്കലും യഥാർഥ തുക കാണുന്നില്ല. നിങ്ങൾ കാർഡു കൊടുക്കുന്നു, നിങ്ങൾക്കത് തിരിച്ചുകിട്ടുന്നു. അത്രമാത്രം.”
1995 ജൂണിൽ ഐക്യനാടുകളിലെ മൊത്തം ക്രെഡിറ്റ് കാർഡ് കടം 19,520 കോടി ഡോളറായിരുന്നത് അതിശയമല്ല—ഓരോ കാർഡുടമയ്ക്കും ശരാശരി 1,000 ഡോളറിലധികം! എന്നാൽ, കുറഞ്ഞ പ്രാരംഭ പലിശനിരക്കുകൊണ്ടും വാർഷിക ഫീസ് ഇല്ലാതാക്കിയും ക്രെഡിറ്റ് കാർഡ് കമ്പനികൾ തുടർന്നും പുതിയ ഇടപാടുകാരെ ആകർഷിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിൽ നിങ്ങൾക്ക് എത്ര ക്രെഡിറ്റ് കാർഡ് അഭ്യർഥനകൾ ലഭിച്ചിട്ടുണ്ട്? ശരാശരി യു.എസ്. കുടുംബത്തിന് ഓരോ വർഷവും ഏകദേശം 24 എണ്ണം ലഭിക്കുന്നു! 1994-ൽ ഐക്യനാടുകളിലെ ഒരു സാധാരണ കാർഡുടമ പത്തു ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് മുൻ വർഷത്തെക്കാൾ 25 ശതമാനം കൂടുതൽ കടം വരുത്തിവെച്ചു.
ജപ്പാനിൽ ക്രെഡിറ്റ് കാർഡുകൾ ടെലഫോണുകളെക്കാൾ വളരെയധികമാണ്, 20 വയസ്സിനുമേലുള്ള ഓരോ ജപ്പാൻകാരനും ശരാശരി 2 കാർഡുകൾ വീതമുണ്ട്. ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽ, 12 കോടിയിലധികം ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിരിക്കുന്നു, ഏതാണ്ട് ഓരോ 12 നിവാസികൾക്കും 1 വീതം. “ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഏറ്റവും വേഗത്തിൽ വളരുന്ന സ്ഥലം ഏഷ്യയാണ്” എന്ന് മാസ്റ്റർകാർഡ് ഇൻറർനാഷണലിലെ ജയിംസ് കസ്സിൻ പറയുന്നു. “ദീർഘകാലത്തേക്ക് നാമൊരു കാർഡ്കേന്ദ്രീകൃത സമൂഹമായിരിക്കു”മെന്ന് വിസ ഇൻറർനാഷണലിന്റെ പ്രസിഡൻറായ എഡ്മണ്ട് പി. ജെൻസെൻ പ്രവചിക്കുന്നു.
തെളിവനുസരിച്ച് ക്രെഡിറ്റ് കാർഡുകൾ ജീവിതത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ആഴത്തിൽ കുഴിച്ചിറങ്ങുന്നതിൽ തുടരും. ഉചിതമായി ഉപയോഗിക്കുമ്പോൾ അവയ്ക്ക് ഒരു ആസ്തിയായിരിക്കാവുന്നതാണ്. എന്നാൽ ദുരുപയോഗം തീവ്രവേദനയ്ക്കിടയാക്കാം. ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് ഒരു അടിസ്ഥാന അറിവുണ്ടായിരിക്കുന്നത് ഈ സാമ്പത്തികോപാധിയെ പ്രയോജനത്തിനായി ഉപയോഗിക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
കാർഡ് ഇനങ്ങൾ
വിസയും മാസ്റ്റർകാർഡും പോലുള്ള ബാങ്ക് കാർഡുകളാണ് ഏറ്റവും വ്യാപകമായി വിലമതിക്കപ്പെടുന്ന കാർഡുകൾ. സാധാരണമായി, 15 മുതൽ 25 വരെ ഡോളർ വാർഷിക ഫീസുള്ള ഈ കാർഡുകൾ സാമ്പത്തിക സ്ഥാപനങ്ങളാണു പുറത്തിറക്കുന്നത്. ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡ് ചരിത്രത്തിലും കാർഡിന്റെ ഉപയോഗത്തിലും അധിഷ്ഠിതമായി ചിലപ്പോൾ ഈ ഫീസ് വേണ്ടെന്നുവെക്കുന്നു. സാധാരണമായി യാതൊരു പലിശയും ഈടാക്കപ്പെടാതെ ഓരോ മാസവും പണം മുഴുവനായും അടയ്ക്കാവുന്നതാണ്, അല്ലെങ്കിൽ ഉയർന്ന പലിശ ഈടാക്കുന്ന മാസഗഡുക്കളായി പണമടയ്ക്കാവുന്നതാണ്. അപേക്ഷകന്റെ ക്രെഡിറ്റ് ചരിത്രത്തിൽ അധിഷ്ഠിതമായി ഒരു ചെലവാക്കൽ പരിധി വ്യവസ്ഥചെയ്യുന്നു. പണം അടയ്ക്കാനുള്ള പ്രാപ്തി തെളിയിക്കുന്നതനുസരിച്ച് പ്രസ്തുത പരിധി മിക്കപ്പോഴും നീക്കംചെയ്യുന്നു.
ഓട്ടോമാറ്റിക് റ്റെല്ലർ മെഷീനുകളോ ബാങ്ക് നൽകുന്ന ചെക്കുകളോ ഉപയോഗിച്ച് പണം മുൻകൂർ ലഭ്യമാക്കാനുള്ള ഏർപ്പാടുകളും ബാങ്ക് കാർഡുകൾക്കുണ്ട്. എന്നാൽ, ഈ വിധത്തിൽ പണം നേടുന്നത് ചെലവേറിയ രീതിയാണ്. കടം വാങ്ങുന്ന ഓരോ 100 ഡോളറിനും ഒരുവനിൽനിന്ന് സാധാരണമായി 2 മുതൽ 5 വരെ ഡോളർ ഈടാക്കുന്നു. അത്തരം മുൻകൂർ പണത്തിന്റെ പലിശ പണമെടുക്കുന്ന ദിവസംമുതൽ തുടങ്ങുകയും ചെയ്യും.
ബാങ്കുകളെ കൂടാതെ ഒട്ടനവധി വിപണനശാലകളും ദേശീയ വിപണനശാലാ ശൃംഖലകളും തങ്ങളുടെ വാണിജ്യസ്ഥാപനങ്ങളിൽ മാത്രം സ്വീകരിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഇറക്കുന്നു. അത്തരം കാർഡുകൾക്കു സാധാരണമായി വാർഷിക ഫീസ് ഇല്ല. എന്നാൽ, കടപ്പെട്ടിരിക്കുന്ന തുക മുഴുവനും അടയ്ക്കുന്നില്ലെങ്കിൽ, പലിശ ബാങ്ക് കാർഡുകളെ അപേക്ഷിച്ച് കൂടുതലായിരുന്നേക്കാം.
എണ്ണക്കമ്പനികളും വാർഷിക ഫീസില്ലാത്ത ക്രെഡിറ്റ് കാർഡുകൾ ഇറക്കുന്നു. ഈ കാർഡുകൾ പൊതുവേ ആ കമ്പനികളുടെ സർവീസ് സ്റ്റേഷനുകളിലും ചിലപ്പോൾ നിർദിഷ്ട ഹോട്ടലുകളിലും മാത്രമേ സ്വീകാര്യമായിരിക്കുകയുള്ളൂ. വിപണനശാലകൾ ഇറക്കുന്ന കാർഡുകൾ പോലെ, പലിശകൂടാതെ മുഴുവനായോ പലിശയോടുകൂടെ ഒരു കാലഘട്ടംകൊണ്ടോ പണം അടയ്ക്കാൻ അവ അനുവദിക്കുന്നു.
ഡൈനേഴ്സ് ക്ലബ്ബും അമേരിക്കൻ എക്സ്പ്രസും പോലുള്ള യാത്രാ-വിനോദ കാർഡുകളുമുണ്ട്. ഇത്തരം കാർഡിന് വാർഷിക ഫീസുണ്ട്. എന്നാൽ പ്രതിമാസ ബിൽ ലഭിക്കുന്നതിനെ തുടർന്ന് മുഴു പണവും അടയ്ക്കേണ്ടതിനാൽ പലിശ ഈടാക്കുന്നില്ല. എങ്കിലും ഈ കാർഡുകളും ബാങ്ക് കാർഡുകളും തമ്മിലുള്ള വ്യത്യാസം അത്ര വ്യക്തമല്ല. ദൃഷ്ടാന്തത്തിന്, പലിശ ഈടാക്കുന്നതും ബാങ്ക് കാർഡിനോടു സമാനവുമായ ഒപ്റ്റിമാ കാർഡ് അമേരിക്കൻ എക്സ്പ്രസ് നൽകുന്നു.
യു.എസ്. വിപണിയിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യത്യസ്ത തരം കാർഡാണ് സ്മാർട്ട് കാർഡ്. അതിൽ മെമ്മറി ചിപ്പ് പതിപ്പിച്ചിരിക്കുന്നതിനാലാണ് അത് അങ്ങനെ വിളിക്കപ്പെടുന്നത്. ഒരു നിർദിഷ്ട തുകയ്ക്കു പ്രോഗ്രാം ചെയ്ത ചിപ്പ് ഉപഭോക്താവിന് ഉണ്ടായിരിക്കാൻ കഴിയുന്നതിനാൽ ഇത് ഒരു പണച്ചീട്ടായി ഉപയോഗിക്കാവുന്നതാണ്. ഭാഗഭാക്കാകുന്ന ഒരു വിൽപ്പനക്കാരന് വാങ്ങിക്കുന്ന സാധനങ്ങളുടെ വില ഇതിൽനിന്നു കുറയ്ക്കാവുന്നതാണ്. കഴിഞ്ഞ വർഷത്തിനകം ഫ്രഞ്ചുകാർ 2.3 കോടിയും ജപ്പാൻകാർ 1.1 കോടിയും സ്മാർട്ട് കാർഡുകൾ ഉപയോഗിച്ചുകഴിഞ്ഞിരുന്നു. 2000-ാം ആണ്ടോടെ അത്തരം കാർഡുകളുടെ എണ്ണം ലോകവ്യാപകമായി 100 കോടിയായി കുതിച്ചുയരുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്നു.
ഒരു കാർഡു വാങ്ങുന്നതിനു മുമ്പ് നിക്ഷേപത്തുക സംബന്ധിച്ച വ്യവസ്ഥകൾക്കു ശ്രദ്ധനൽകുന്നത് ഒരു വ്യക്തിയുടെ ഭാഗത്തു ജ്ഞാനമായിരിക്കും. യു.എസ്. ഗവൺമെൻറിന്റെ ഫെഡറൽ റിസേർവ് സിസ്റ്റം പ്രസിദ്ധീകരിച്ച ഒരു ലഘുപത്രികയനുസരിച്ച്, “പരിഗണിക്കേണ്ട പ്രധാനപ്പെട്ട നിക്ഷേപത്തുകാവ്യവസ്ഥകൾ വാർഷിക ശതമാന നിരക്ക് (എപിആർ), വാർഷിക ഫീസ്, സൗജന്യ ഘട്ടം തുടങ്ങിയവയാണ്.” മുൻകൂർ തുകയുടെ ഫീസ്, ചെലവാക്കൽ പരിധി കടക്കുമ്പോഴുള്ള ഫീസ്, താമസിച്ചു പണം അടയ്ക്കുന്നതിന് ഈടാക്കുന്ന തുക എന്നിവയാണ് പരിഗണിക്കേണ്ട മറ്റു ഘടകങ്ങളിൽപ്പെടുന്നത്.
പണം ഈടാക്കൽ—എത്ര അധികം?
മാസംതോറുമുള്ള തുക പൂർണമായി അടയ്ക്കാത്തപ്പോൾ ആളുകളിൽനിന്ന് ഈടാക്കുന്ന തുക അനേകരും തിരിച്ചറിയുന്നതിനെക്കാൾ വളരെ അധികമാണ്. ഉദാഹരണത്തിന്, നിക്ഷേപത്തുകയുടെ യഥാർഥ വിലയുടെ തോതായ എപിആർ പരിഗണിക്കുക. വാർഷിക പലിശ നിരക്കിന് എപിആർ-നോടുള്ള ബന്ധം ഈ വിധത്തിൽ ചിത്രീകരിക്കാവുന്നതാണ്. നിങ്ങൾ ഒരു സുഹൃത്തിന് 100 ഡോളർ കടം നൽകിയെന്നു വിചാരിക്കുക. വർഷാവസാനം അയാൾ നിങ്ങൾക്ക് 108 ഡോളർ തിരികെ നൽകുന്നു. അത്തരമൊരു കേസിൽ നിങ്ങളുടെ സുഹൃത്ത് 8 ശതമാനം വാർഷിക പലിശ നൽകുന്നു. എന്നാൽ, അയാൾ ആ 100 ഡോളർ വായ്പ 9 ഡോളറിന്റെ 12 മാസഗഡുക്കളായി തിരികെ നൽകുന്നുവെന്നു കരുതുക. വർഷാവസാനത്തെ മൊത്തം തുക അപ്പോഴും 108 ഡോളറാണ്. പക്ഷേ, ഓരോ മാസവും പണമടച്ചപ്പോൾ ആ പണം കടം നൽകിയ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു. അത്തരമൊരു വായ്പയിലെ എപിആർ 14.5 ശതമാനമായി കാണക്കാക്കുന്നു!
യു.എസ്. ഫെഡറൽ റിസേർവ് സിസ്റ്റം കഴിഞ്ഞ വർഷം നടത്തിയ ഒരു സർവേ അനുസരിച്ച്, ബാങ്ക് ക്രെഡിറ്റ് കാർഡുകളിലെ എപിആർ 9.94 ശതമാനത്തിൽ തുടങ്ങി 19.8 ശതമാനംവരെ ഉയരുന്നു, സാധാരണഗതിയിൽ 17 മുതൽ 19 വരെ ശതമാനം. ചില സ്ഥാപനങ്ങൾ താഴ്ന്ന പ്രാരംഭ നിരക്കുകൾ—സാധാരണമായി 5.9 ശതമാനം—വാഗ്ദാനം ചെയ്യുന്നുവെങ്കിലും, പ്രാരംഭ കാലാവധി കഴിയുന്ന ഉടനെ അവർക്കതു വർധിപ്പിക്കാൻ കഴിയും. കാർഡ് പുറത്തിറക്കുന്ന സ്ഥാപനം അപകടസാധ്യത ഉയരുന്നതായി കണ്ടെത്തുമ്പോഴും നിരക്കുകൾ വർധിപ്പിക്കുന്നു. ചില സ്ഥാപനങ്ങൾ പണം താമസിച്ച് അടയ്ക്കുന്നവർക്കു പലിശനിരക്കു വർധിപ്പിച്ചുകൊണ്ട് പിഴയിടുന്നു. ചെലവാക്കൽ പരിധിക്കപ്പുറം പോകുമ്പോഴും പിഴയിടുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ കാർഡുകളുടെ വാർഷിക ശതമാനനിരക്ക് വളരെ കൂടുതലായിരിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, ചില ബാങ്ക് കാർഡുകൾ ഹോങ്കോങ്ങിൽ 24 ശതമാനവും ഇന്ത്യയിൽ 30 ശതമാനവും ഇൻഡോനേഷ്യയിൽ 36 ശതമാനവും ഫിലിപ്പീൻസിൽ 45 ശതമാനവും സിംഗപ്പൂരിൽ 24 ശതമാനവും തായ്വാനിൽ 20 ശതമാനവും പലിശ ഈടാക്കുന്നു.
വ്യക്തമായും, ക്രെഡിറ്റ് കാർഡുകൾ ആയാസരഹിതമായ എന്നാൽ വിലപിടിച്ച കടം നൽകുന്നു. ഒരു കടയിൽ ചെന്ന് ഗഡുക്കളായി മാത്രം നിങ്ങൾക്ക് അടയ്ക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡ് കടം കുന്നുകൂട്ടുന്നത് ഒരു ബാങ്കിൽ ചെന്ന് അമിതമായ നിരക്കിൽ പണം കടം വാങ്ങുന്നതുപോലെയാണ്. എന്നിരുന്നാലും ഐക്യനാടുകളിലെ 4 കാർഡുടമകളിൽ ഏതാണ്ട് 3 പേരും അതുതന്നെയാണു ചെയ്യുന്നത്! തങ്ങൾ ഉയർന്ന പലിശ നൽകുന്ന അടച്ചുതീർക്കാത്ത തുക അവർക്കുണ്ട്. ഐക്യനാടുകളിൽ, വിസയിലെയും മാസ്റ്റർകാർഡിലെയും പ്രതിമാസ തുക കഴിഞ്ഞവർഷം ശരാശരി 1,825 ഡോളറായിരുന്നു, ഒട്ടനവധി ക്രെഡിറ്റ് കാർഡുകളിലായി നിരവധിയാളുകൾ ആ തുകയുടെ കടങ്ങൾ വഹിക്കുന്നു.
നിങ്ങളെ കുരുക്കിലാക്കിയേക്കാവുന്ന ഒരു കെണി
കാർഡുടമകൾ തങ്ങൾ അകപ്പെട്ടേക്കാവുന്ന സാമ്പത്തിക പ്രശ്നങ്ങൾ തിരിച്ചറിയുന്നില്ലെന്ന് ബാങ്ക് കാർഡ്ഹോൾഡേഴ്സ് ഓഫ് അമേരിക്കയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ രൂത്ത് സൂസ്വിൻ പറയുന്നു. 1,825 ഡോളറിന്റെ ഒരു ക്രെഡിറ്റ് കാർഡിന് എറ്റവും കുറഞ്ഞ തുക—ഒരു മാസം 36 ഡോളർ—അടയ്ക്കുന്ന കാർഡുടമ കടം അടച്ചുതീർക്കാൻ 22 വർഷത്തിലധികമെടുക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.a കുന്നുകൂടിയ പലിശ നിമിത്തം പ്രസ്തുത ഉപഭോക്താവ് ആ കാലയളവിൽ 1,825 ഡോളർ കടത്തിന് ഏകദേശം 10,000 ഡോളർ അടയ്ക്കും! അതും ഈ കാർഡിൽ അയാളിൽനിന്ന് മറ്റു യാതൊന്നും ഈടാക്കുന്നില്ലെങ്കിൽ! അതുകൊണ്ട്, അമിതവ്യയം ചെയ്യാനുള്ള പ്രവണത നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ ബാഗിലെ ക്രെഡിറ്റ് കാർഡുകൾ ഒരു കെണിയായിത്തീർന്നേക്കാം.
ആളുകൾ കെണിയിൽ അകപ്പെടുന്നതെങ്ങനെയാണ്? പ്രാരംഭ ലേഖനത്തിൽ പരാമർശിച്ച റോബർട്ട് ഇങ്ങനെ പറയുന്നു: “ആവശ്യമില്ലാത്ത സാധനങ്ങൾ ഞങ്ങൾ വാങ്ങിച്ചു. ഞങ്ങൾ ഒരിക്കലും ഉപയോഗപ്പെടുത്താഞ്ഞ ഒരു ഹെൽത്ത് സെൻററിൽ ചേർന്നു. സഞ്ചരിക്കുന്ന ഒരു വീടുവാങ്ങി, തക്കതായ മൂല്യമുണ്ടോയെന്നു പരിഗണിക്കാതെ, അത് ഉറപ്പിക്കുന്നതിനു വേണ്ടി ഞങ്ങൾ ആയിരക്കണക്കിനു ഡോളർ ചെലവഴിച്ചു. കടത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചു വാസ്തവത്തിൽ ഞങ്ങൾ ഒരിക്കലും പരിചിന്തിച്ചില്ല.”
കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച റീന തനിക്കും ഭർത്താവിനും എന്തു സംഭവിച്ചെന്നു വിശദീകരിക്കുന്നു: “ഞങ്ങൾ കടത്തിലായി. വിവാഹത്തിനു ശേഷം ഞങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആവശ്യമുള്ളതെല്ലാം വാങ്ങി. ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയങ്ങൾക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാൻ കഴിയാത്തവയ്ക്കും വേണ്ടി, പണം മുൻകൂർ എടുക്കാൻ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സ്വാതന്ത്ര്യം ഞങ്ങൾ വിനിയോഗിച്ചു. ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ കടം 14,000 ഡോളറായി. ക്രെഡിറ്റ് കാർഡിന് ഞങ്ങൾ മാസംതോറും അടച്ചുകൊണ്ടിരുന്ന തുക പലിശ വീട്ടാനേ ഉപകരിച്ചുള്ളൂ എന്നു മനസ്സിലാക്കിയത് ഞങ്ങളുടെ കണ്ണുതുറന്നു.”
നിങ്ങൾക്കു കാർഡുകൾ ഉണ്ടായിരിക്കണമോ?
ക്രെഡിറ്റ് കാർഡുകൾ കോടിക്കണക്കിന് ആളുകളെ താഴ്ത്തിക്കളഞ്ഞിരിക്കുന്ന സാമ്പത്തിക ചതുപ്പുനിലത്തെ പരിഗണിക്കുമ്പോൾ, ചിലർ വേണ്ടാ എന്ന് ഉത്തരം പറയുന്നു. 32 വയസ്സുകാരി ഡഫ്നി പറയുന്നു: “എന്റെ മാതാപിതാക്കൾക്ക് ഒരിക്കലും ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നില്ല, അവർ അത് ആഗ്രഹിക്കുന്നുമില്ല.” വാസ്തവത്തിൽ, 4 യു.എസ്. കാർഡുടമകളിൽ ഒരാൾ വീതം ക്രെഡിറ്റ് കാർഡുകൾ ബുദ്ധിപൂർവം ഉപയോഗിക്കുന്നു. ഭീമമായ പലിശ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാതെ, അവയാൽ പ്രയോജനങ്ങൾ ലഭിക്കുന്നു. മരിയ അത്തരമൊരു വ്യക്തിയാണ്. അവൾ പറയുന്നു: “പ്രസ്തുത സൗകര്യം ഞാൻ ഇഷ്ടപ്പെടുന്നു. വളരെയേറെ പണം കൊണ്ടുനടക്കേണ്ടതില്ല. എനിക്ക് ആവശ്യമുള്ള എന്തെങ്കിലും വിൽപ്പനയ്ക്കിരിക്കുന്നതു കാണുമ്പോൾ അതു വാങ്ങാൻ എനിക്കു കഴിയും.”
മരിയ തുടരുന്നു: “വാങ്ങുന്ന സാധനങ്ങൾക്കുള്ള പണം അടയ്ക്കാൻ ആവശ്യമായ മൂലധനമുണ്ടെന്ന് ഞാൻ എല്ലായ്പോഴും ഉറപ്പുവരുത്തുന്നു. പണം മുൻകൂർ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഞാൻ ഒരിക്കലും പിഴയായി പണം അടച്ചിട്ടുമില്ല.” ഗാരണ്ടിയുള്ള ഹോട്ടൽ റിസർവേഷൻ നടത്തുമ്പോൾ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. കാർ വാടകയ്ക്കെടുക്കുമ്പോൾ ഐക്യനാടുകളിൽ ക്രെഡിറ്റ് കാർഡ് അത്യാവശ്യമാണ്.
എന്നാൽ, സാധനങ്ങൾ വാങ്ങുന്ന കാര്യത്തിൽ ചിലയാളുകൾ കൂടുതൽ ആവേശഭരിതരാണ്. സാധനങ്ങൾ വാങ്ങുന്നതു പ്രധാനമായും പണം നൽകിയാകുമ്പോൾ അവർക്കതു കൂടുതൽ ബോധപൂർവം ചെയ്യാൻ കഴിഞ്ഞേക്കും. കടത്തിലായിരിക്കുന്നത് ഒരു ജീവിതരീതിയാക്കാൻ മൈക്കിളും റീനയും ആഗ്രഹിച്ചില്ല. അതുകൊണ്ട് അഞ്ചു വർഷത്തേക്ക്, അടിയന്തിര സാഹചര്യത്തിലല്ലാതെ, യാതൊരു കാർഡുകളും ഉപയോഗിക്കേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു.
നിങ്ങൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കണമോ എന്നത് ഒരു വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ നിങ്ങൾ അത് ഉപയോഗിക്കുന്നെങ്കിൽ, ശ്രദ്ധാപൂർവം ഉപയോഗിക്കുക. സൗകര്യത്തിന്റെ ഒരു ഉപകരണമായി അവയെ ഉപയോഗിക്കുക. കടങ്ങൾ കുന്നുകൂടുന്നത് എല്ലാവിധേനയും ഒഴിവാക്കുക. ക്രെഡിറ്റ് കാർഡ് ചെലവഴിക്കുന്നതിനെ നിയന്ത്രണത്തിൽ നിർത്തുന്നത് നിങ്ങളുടെ പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ ഒരു പ്രധാനപ്പെട്ട ചവിട്ടുപടിയാണ്. നിങ്ങൾക്കു കൂടുതലായി എന്തുചെയ്യാനാവുമെന്നു പരിഗണിക്കുക.
[അടിക്കുറിപ്പ്]
a 10 ഡോളർ അല്ലെങ്കിൽ പുതിയ തുകയുടെ ഒരു ചെറിയ ശതമാനം, ഇവയിൽ ഏതാണോ കൂടുതൽ അതായിരിക്കാം അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുക.
[7-ാം പേജിലെ ചിത്രം]
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് വ്യസനരഹിതമാണ്—ബില്ലുകൾ വരുന്നതുവരെ