കോംപാക്ററ് ഡിസ്ക്—അത് എന്താണ്?
ആയിരത്തെണ്ണൂറെറഴുപത്തേഴിൽ എഡിസൻ തന്റെ ടിൻഫോയിൽ-സിലിണ്ടർ ഫോണോഗ്രാഫ് നിർമിച്ചു. 1960-കളുടെ ആരംഭത്തിൽ സ്ററീരിയോ ഫോണിക്ക് ശബ്ദം കണ്ടുപിടിച്ചു. 1980-കളുടെ ആരംഭത്തിൽ ലേസർ രശ്മി ഉപയോഗിച്ചു ശബ്ദം പുറപ്പെടുവിക്കുന്ന ഡിജിററൽ കോംപാക്ററ് ഡിസ്ക് പൊതുവിപണിയിലിറങ്ങി. ഇതിനെയാണ് സൗണ്ട് റെക്കോർഡിങ്ങിലെ ഏററവും വലിയ പുരോഗതിയായി ആളുകൾ വാഴ്ത്തുന്നത്.
നിർമാണവ്യവസായികൾ 1992-ൽ 41 കോടി 40 ലക്ഷത്തിലധികം കോംപാക്ററ് ഡിസ്കുകൾ കയററി അയച്ചപ്പോൾ ഫോണോഗ്രാഫുകൾ 2 കോടി 20 ലക്ഷം മാത്രമേ കയററി അയച്ചുള്ളൂ എന്ന് ഐക്യനാടുകളിലെ, വ്യാപാര ജേർണലായ ബിൽബോർഡിലെ ഒരു റിപ്പോർട്ടു കാണിക്കുന്നു. വിൽപ്പനയെല്ലാം ഉള്ളത് കോംപാക്ററ് ഡിസ്കുകൾക്കാണ്. അതുകൊണ്ട് ചില റെക്കോർഡ് കമ്പനികൾ ഫോണോഗ്രാഫുകളുടെ ഉത്പാദനം നിർത്തിയിരിക്കുന്നു. ഇതൊക്കെയായിട്ടും തിളക്കമാർന്ന ഈ കൊച്ചു ഡിസ്ക് അനേകർക്കും ഒരു രഹസ്യമായിത്തന്നെ ഇരിക്കുന്നു. എന്താണ് ഡിജിററൽ ശബ്ദം? പേരുപോലെതന്നെ അത് യഥാർഥത്തിൽ നല്ലതാണോ? ഡിസ്കിന്റെ പ്രവർത്തനം എങ്ങനെയാണ്? വീക്ഷാഗോപുരത്തിലേതും ഉണരുക!യിലേതും പോലുള്ള വിവരങ്ങളുടെ ലൈബ്രറികൾ ശേഖരിക്കുന്നതിനും തിരിച്ചെടുത്ത് ഉപയോഗിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമോ?
ഡിജിററൽ റെക്കോർഡിങ്—അതെന്താണ്?
ഡിജിററൽ റെക്കോർഡിങ് വാസ്തവത്തിലെന്താണെന്നു മനസ്സിലാക്കാൻ ആദ്യംതന്നെ പഴയ അനലോഗ് റെക്കോർഡിങ് പ്രവർത്തനത്തിന്റെ ഒരു അടിസ്ഥാനഗ്രാഹ്യം നമുക്ക് ആവശ്യമുണ്ട്. നമുക്കു പരിചിതമായ ഫോണോഗ്രാഫിൽ, സംഗീതം റെക്കോർഡു ചെയ്തിരിക്കുന്നതു ശബ്ദതരംഗത്തിന്റെ ഒരു ചിത്രമോ ശരിപ്പകർപ്പോ പോലെ തരംഗാകൃതിയിൽ നീണ്ടുപോകുന്ന ഒരു പൊഴി പോലെയാണ്. സംഗീതം പുനരുത്പാദിപ്പിക്കുന്നതിന് റെക്കോർഡ് പ്ലെയറിന്റെ സൂചി അഥവാ സ്റൈറലസ് കറങ്ങുന്ന ഡിസ്കിന്റെ പൊഴിയിൽ വെക്കുന്നു. സ്റൈറലസ് പൊഴിയിൽക്കൂടി ഓടുന്നു. പൊഴിയുടെ പുളച്ചിൽ സ്റെറലസ് കമ്പനം ചെയ്യാൻ ഇടയാക്കുന്നു. ഇത് ഒരു ചെറിയ വൈദ്യുത സിഗ്നൽ ഉത്പാദിപ്പിക്കുന്നു. ഈ സിഗ്നൽ റെക്കോർഡിങ് സ്ററുഡിയോയിൽ വെച്ച് മൈക്ക് പിടിച്ചെടുത്ത ശബ്ദങ്ങളുടെ ഒരു തനിപ്പകർപ്പാണ്. പിന്നെ ഈ സിഗ്നലിന്റെ ശക്തി കൂട്ടിക്കഴിയുമ്പോൾ അതാ സംഗീതം!
ഡിജിററൽ റെക്കോർഡിങ് മറെറാരു തരത്തിലാണ്. ഒരു ഡിജിററൽ റെക്കോർഡർ കൃത്യമായ ഇടവേളകളിൽ അതായത്, സെക്കണ്ടിൽ ദശസഹസ്രക്കണക്കിനു തവണ, സിഗ്നലിന്റെ മാതൃക പരിശോധിച്ച് അതിന്റെ വ്യാപ്തി അളക്കുന്നു. പിന്നെ അളന്നുതിട്ടപ്പെടുത്തിയ ഈ മൂല്യങ്ങളെ അത് സംഖ്യകൾ അഥവാ അക്കങ്ങളായി റെക്കോർഡു ചെയ്യുന്നു. ഇവ ബൈനറി നമ്പറുകളിലാണ് റെക്കോർഡു ചെയ്യപ്പെടുന്നത്. പൂജ്യങ്ങളും ഒന്നും മാത്രം അടങ്ങുന്ന കമ്പ്യൂട്ടറിന്റെ ഭാഷയാണ് ബൈനറി നമ്പറുകൾ. പിന്നീട് സംഖ്യകളുടെ അഥവാ അക്കങ്ങളുടെ ഈ പ്രവാഹത്തെ ഒരു കമ്പ്യൂട്ടർ പ്രോസസ്സ് ചെയ്ത് കാന്തിക ടേപ്പിൽ ശേഖരിക്കുന്നു. സംഗീതം കേൾക്കുന്നതിന്, ഒരു കമ്പ്യൂട്ടർ ഈ അക്കങ്ങൾ വായിക്കുകയും ആദ്യത്തേതു പോലുള്ള ഒരു സിഗ്നൽ പുനഃനിർമിക്കുകയും ചെയ്യുന്നു. ഈ സിഗ്നലിനെ പിന്നീട് ശക്തിപ്പെടുത്തുമ്പോൾ അതാ വീണ്ടും സംഗീതം!
റെക്കോർഡിങ്ങിന്റെയും ഉത്പാദനം നടത്തുന്ന ഉപകരണങ്ങളുടെയും പരിമിതികൾ അനലോഗ് റെക്കോർഡിങ്ങിനെ ബാധിക്കുന്ന അത്രയും ഈ പ്രക്രിയയെ ബാധിക്കുന്നില്ല. അതിന്റെ അർഥം ഒച്ചയും ശബ്ദവീചിയുടെ രൂപവ്യതിയാനവും റെക്കോർഡിങ്ങിന്റെ ഗുണമേൻമയെ കുറച്ചു കളയുന്ന മററു ഘടകങ്ങളും ഡിജിററൽ റെക്കോർഡിങ്ങിൽ കുറവാണെന്നാണ്. കൂടാതെ ഡിജിററൽ രൂപത്തിലുള്ള വിവരങ്ങൾ വളരെ ഒതുക്കമായി ശേഖരിക്കാനും അനായാസം തിരിച്ചെടുക്കാനും കഴിയും. ഒരു കമ്പ്യൂട്ടറിന്റെയും റെക്കോർഡറിന്റെയും സംഗമത്തിന്റെ സ്വാഭാവിക ഫലമാണ് ഡിജിററൽ റെക്കോർഡിങ്ങ് എന്നു പറയാം.
വർഷങ്ങളായി റെക്കോർഡ് കമ്പനികൾ തങ്ങളുടെ സ്ററുഡിയോകളിൽ ഡിജിററൽ റെക്കോർഡിങ്ങുകൾ ഉണ്ടാക്കിക്കൊണ്ടാണ് ഇരിക്കുന്നത്. എന്നാൽ സ്ററുഡിയോയിലെ ഉപകരണങ്ങൾ വീടുകളിൽവെച്ചു പാട്ടുകേൾക്കുന്നതിന് ഉപയോഗിക്കുക എന്നുവെച്ചാൽ വലിയ ബുദ്ധിമുട്ടാണ്. സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഡിജിററൽ റെക്കോർഡിങ്ങിൽ ഒരു യഥാർഥ മുന്നേററമെന്നു പറയണമെങ്കിൽ വീട്ടിൽവെച്ചു പാടിക്കാൻ പററിയ, സാമ്പത്തികമായും സാങ്കേതികമായും താങ്ങാവുന്ന, ഒരു ഉപകരണം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഫലമോ ഡിജിററൽ കോംപാക്ററ് ഡിസ്കും (സിഡി) കോംപാക്ററ് ഡിസ്ക് പ്ലെയറും.
ബൈനറി നമ്പറുകൾ അഥവാ ബിററുകൾ തിളങ്ങുന്ന അലൂമിനിയം പാളിയോടു കൂടിയ ഒരു പ്ലാസ്ററിക്ക് ഡിസ്കിന്റെ ഉപരിതലത്തിൽ അതിസൂക്ഷ്മമായ കുഴികളും പരന്ന ഭാഗങ്ങളും തുടർച്ചയായി ക്രോഡീകരിച്ചിരിക്കുന്നു. ഈ ഡിസ്കിന്റെ വ്യാസം വെറും നാലേ മുക്കാൽ ഇഞ്ചാണ്. അലൂമിനിയം പാളി ശുദ്ധമായ പ്ലാസ്ററിക്കുകൊണ്ടുള്ള ഒരു സംരക്ഷണാവരണത്തിന്റെ അടിയിൽ സീൽ ചെയ്യപ്പെട്ടിരിക്കുന്നു. സംഗീതം കേൾക്കുന്നതിനു വെള്ളിനിറത്തിലുള്ള ഈ ഡിസ്ക് സിഡി പ്ലെയറിലേക്ക് ഇടുന്നു. സൂചിക്കു പകരം നല്ല ഫോക്കസുള്ള ലേസർ രശ്മി തുടർച്ചയായുള്ള കുഴികളിൽ ചെന്നു പതിക്കുന്നു. രശ്മി കുഴികളിൽ പതിക്കുമ്പോൾ അതു ചിതറിക്കപ്പെടുന്നു. എന്നാൽ മിനുസമുള്ള തലത്തിൽ പതിക്കുമ്പോൾ അത് ഒരു സെൻസറിലേക്ക് തിരിച്ച് പ്രതിഫലിപ്പിക്കപ്പെടുന്നു. ഇപ്രകാരം സിഡിയുടെ ഉപരിതലത്തിലുള്ള കുഴികളും തലങ്ങളും വൈദ്യുത സ്പന്ദനങ്ങളുടെ ഒരു പരമ്പരയായി മാറുന്നു. പ്ലെയറിലെ സങ്കീർണമായ ഇലക്ട്രോണിക് സർക്ക്യൂട്ടുകൾ ഈ സ്പന്ദനങ്ങളെ ആവിഷ്കരിച്ചെടുക്കുന്നു.
അത് എത്രത്തോളം നല്ലതാണ്?
സിഡി യഥാർഥത്തിൽ ഫോണോഗ്രാഫുകളെക്കാൾ മെച്ചമാണോ? കൊള്ളാം, ഇതു പരിചിന്തിക്കുക: ഒരു വജ്ര സ്റൈറലസിനു പകരം പ്രകാശരശ്മികൊണ്ടു പ്രവർത്തിക്കുന്നതിനാൽ എത്ര തവണ പ്രവർത്തിപ്പിച്ചാലും സിഡിക്ക് തേയ്മാനം ഭവിക്കുന്നില്ല. ഡിസ്കിന്റെ ഉപരിതലത്തിലെ അൽപ്പം ചെളിയോ ചെറിയ പാടുകളോ പോലും ശബ്ദത്തെ പ്രതികൂലമായി ബാധിക്കില്ല. എന്തുകൊണ്ടെന്നാൽ ലേസർ രശ്മി കുഴികളിലേക്കാണ് ഫോക്കസ് ചെയ്യുന്നത്, അല്ലാതെ ഡിസ്കിന്റെ ഉപരിതലത്തിലല്ല. അതാ ശല്യപ്പെടുത്തുന്ന ആ കിറുകിറു ശബ്ദങ്ങളും ഉരസ്സലുകളും പമ്പ കടന്നിരിക്കുന്നു. എപ്പോഴെങ്കിലും എൽപി (ലോങ്-പ്ലെയിങ് റെക്കോർഡ്) ശ്രദ്ധിച്ചിട്ടുള്ള ഏതൊരാൾക്കും ആ ശബ്ദങ്ങൾ നല്ല പരിചയമായിരിക്കും. ഈ പ്രത്യേകതകളെല്ലാം, എൽപിക്കു കവർന്നെടുക്കാൻ പററാത്ത സ്ഥായിയായ ഒരു സ്ഥാനം സിഡിക്കു നൽകിയിരിക്കുന്നു. തത്ത്വത്തിൽ, ശരിയാം വിധം നിർമിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നപക്ഷം ഒരു കോംപാക്ററ് ഡിസ്ക് എന്നും നിലനിൽക്കേണ്ടതാണ്.
സിഡിയുടെ ദീർഘനേരത്തെ പ്രവർത്തനവും വലിപ്പക്കുറവും അതിന്റെ മേൻമകളാണ്. എഴുന്നേററുചെന്ന് ഡിസ്ക് മറിച്ചിടാതെതന്നെ ഒരു മണിക്കൂറിലധികം സമയം സംഗീതം കേൾക്കാൻ കഴിയും! ഒരു എൽപിയുടെ അഞ്ചിലൊന്നു വലിപ്പം പോലുമില്ലാത്ത സിഡി കൈകാര്യം ചെയ്യാനും സൂക്ഷിച്ചു വയ്ക്കാനും എളുപ്പമാണ്. കൂടാതെ, സിഡി പ്ലെയറുകൾ ഒരു കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കുന്നതിനാൽ, സിഡിയിൽ ആലേഖനം ചെയ്തിട്ടുള്ള ഭാഗങ്ങൾ ഇഷ്ടമുള്ള ക്രമത്തിലോ ആവർത്തിച്ചോ കേൾക്കുന്നതിന് അവയിൽ പലതിനെയും പ്രോഗ്രാം ചെയ്യാവുന്നതാണ്. ചില സിഡി പ്ലെയറുകൾക്ക് പ്രത്യേക പാഠഭാഗങ്ങൾ തിരഞ്ഞുകണ്ടുപിടിക്കാനുള്ള പ്രാപ്തിയുണ്ട്. ഏതൊരു സംഗീതഭാഗവും വേഗത്തിൽ കണ്ടുപിടിക്കുന്നതിന് അത് ഉപയോഗപ്രദമാണ്. സൗകര്യപ്രദമായ ഈ സവിശേഷതകൾ അനേക ഉപഭോക്താക്കളും വളരെയധികം ഇഷ്ടപ്പെടുന്നു.
എന്നാൽ അതിന്റെ ശബ്ദം എങ്ങനെയുണ്ട്? സിഡി ആദ്യമായി ശ്രവിക്കുന്ന ഏതൊരാളും അതിന്റെ വ്യക്തവും ജീവൻ തുടിക്കുന്നതുമായ ശബ്ദത്തിൽ അത്ഭുതം കൂറും. ശ്വാസമടക്കിയാലെന്നോണമുള്ള നിശബ്ദമായ പശ്ചാത്തലത്തിൽ നിന്നാണ് സംഗീതം ഉത്ഭവിക്കുന്നത്. ഏററവും ശാന്തമായ സംഗീതവും ഏററവും ഉച്ചത്തിലുള്ള സംഗീതവും തമ്മിലുള്ള അന്തരം ഒരു സിഡിയിൽ ഒരു സാധാരണ എൽപിയുടേതിനെക്കാൾ വളരെ കൂടുതലാണ് എന്നതാണ് ഇതിന് ഒരു കാരണം. ഈ അന്തരം ഡൈനാമിക്ക് റേഞ്ച് എന്നറിയപ്പെടുന്നു. അതോടൊപ്പം ഒച്ചയും ശബ്ദവീചിയുടെ രൂപവ്യതിയാനവും കൂടെ ഇല്ലാതാകുമ്പോൾ അത് സിഡിയിലെ സംഗീതത്തിന് അത്യധികമായ തനിമ പകരുന്നു.
അതേസമയം ഒരു സാധാരണ സിഡി എൽപിയെക്കാൾ ഗണ്യമായി ചെലവേറിയതാണ്. എങ്കിലും, സിഡി ശബ്ദ പുനരുത്പാദനത്തിൽ പൊതുജനങ്ങൾക്ക് ഏതാണ്ടൊരു പുരോഗതി നൽകിയിട്ടുണ്ട് എന്നു വേണം പറയാൻ. വളരെ നന്നായി സംഗീതം ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഉത്സാഹഭരിതരായ ഏതാനും സംഗീതാസക്തർ മാത്രമേ മുൻകാലത്ത് ഇത് ആസ്വദിച്ചിരുന്നുള്ളൂ.
കോംപാക്ററ് ഡിസ്കുകളും കമ്പ്യൂട്ടറുകളും
സിഡികൾക്ക് ഈ അടുത്തകാലത്ത് ആകമാനമായ ഒരു മാററം ഭവിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ അളവിൽ വിവരങ്ങളോ ഡാററായോ ശേഖരിക്കാൻ കഴിയും. സിഡി റീഡർ ബന്ധിപ്പിച്ചിട്ടുള്ള അല്ലെങ്കിൽ ഘടിപ്പിച്ചിട്ടുള്ള ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് കോംപാക്ററ് ഡിസ്കിലെ ഈ ഉള്ളടക്കങ്ങൾ അനായാസം പുറത്തെടുക്കാൻ കഴിയും. ഒരു സംഗീത സിഡിയുടെ ഏതൊരു ഭാഗവും ഒരു സിഡി പ്ലെയറിൽ വരുത്താൻ കഴിയുന്നതുപോലെ, വ്യത്യസ്തമായ ഒരു സിഡി പ്ലെയർ ഉപയോഗിച്ച്, ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങളുടെ ഏതു ഭാഗവും വെറും സെക്കണ്ടുകൾകൊണ്ട് വായിക്കുകയോ തിരയുകയോ ഉദ്ധരിക്കുകയോ ചെയ്യാൻ കഴിയും. ശരിയായി രൂപകൽപ്പന ചെയ്യപ്പെട്ട കമ്പ്യൂട്ടർ പ്രോഗ്രാമുകൾ മുഖേനയാണ് ഇതു ചെയ്യുന്നത്.
കോംപാക്ററ് ഡിസ്കിന് അത്ഭുതകരമായ ശേഖരണശേഷിയുണ്ട്. കമ്പ്യൂട്ടറിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ അതിന് 600 മെഗാബൈററുകളിലധികം ശേഖരിക്കാൻ കഴിയും. ഇത് 1,000 ഫ്ളോപ്പി ഡിസ്കുകൾക്ക് അഥവാ പ്രിൻറു ചെയ്ത 2,00,000 പേജുകൾക്ക് തുല്യമാണ്. മററു വാക്കിൽ പറഞ്ഞാൽ, 20 വാല്യങ്ങളുള്ള എൻസൈക്ലോപീഡിയയുടെ 10 സെററുകൾ ഡിജിററൽ രൂപത്തിൽ വെറും ഒരു കോംപാക്ററ് ഡിസ്കിൽ ശേഖരിക്കാവുന്നതാണ്! എന്നാൽ ഇതുകൊണ്ട് അതിന്റെ പ്രയോജനങ്ങൾ തീരുന്നില്ല.
ഏതാണ്ട് 1985 ആയപ്പോൾ കമ്പ്യൂട്ടറുകളിലെ ഉപയോഗത്തിനായുള്ള സിഡികൾ മാർക്കററിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇവ സിഡി-റോം എന്ന് അറിയപ്പെട്ടു. അതായത്, ഈ കോംപാക്ററ് ഡിസ്ക് ഓർമയിലുള്ളതു വായിക്കുക മാത്രമേ ചെയ്യൂ (compact disc read only memory) എന്നർഥം. ഇവയിൽ മുഖ്യമായും ഉൾക്കൊള്ളുന്നത് എൻസൈക്ലോപീഡിയകൾ, നിഘണ്ടുക്കൾ, ഡയറക്ടറികൾ, പട്ടികകൾ, ഗ്രന്ഥ വിവരപ്പട്ടിക, സാങ്കേതിക വിവരപ്പട്ടിക, രേഖകളുടെയോ പലയിനം വിവരങ്ങളുടെയോ ശേഖരം എന്നിങ്ങനെയുള്ള റഫറൻസ് വിവരങ്ങളാണ്. അവ ആദ്യം പുറത്തിറങ്ങിയപ്പോൾ വളരെ ചെലവേറിയതായിരുന്നു. അതുകൊണ്ട് ലൈബ്രറികളും വിദ്യാഭ്യാസപരമോ ഗവൺമെൻറുപരമോ ആയ മററു സ്ഥാപനങ്ങളും മാത്രമേ അന്ന് അവ മുഖ്യമായും ഉപയോഗപ്പെടുത്തിയിരുന്നുള്ളൂ. ഏതാനും വർഷംമുമ്പ് ഒരു ഡിസ്കിന് നൂറുകണക്കിന് ഡോളർ വിലവരുമായിരുന്നു. എന്നാൽ ആ വിലയുടെ ഒരു ചെറിയ അംശം കൊണ്ട് ഇന്ന് അത് വാങ്ങാൻ കഴിയും.
വെറും ഗ്രന്ഥ ശേഖരണം എന്നതിൽനിന്നു വികാസം പ്രാപിക്കുന്നതിന് സിഡി-റോമിന് അധികനാൾ വേണ്ടിവന്നില്ല. വർണച്ചിത്രങ്ങളോടും ശബ്ദഫലങ്ങളോടും കൂടിയ സിഡി-റോം ഡിസ്കുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിപണിയിൽ വരുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവചരിത്രം വായിക്കുകയും ചിത്രം കാണുകയും ചെയ്യുന്നതോടൊപ്പം നമുക്കിപ്പോൾ അദ്ദേഹത്തിന്റെ സംസാരം കേൾക്കാനും സാധിക്കും. ഇതു കൂടാതെ, സൗണ്ട് ഇഫക്റേറാടും ചലിക്കുന്ന വർണച്ചിത്രങ്ങളോടും കൂടിയ എല്ലാ തരത്തിലുമുള്ള കമ്പ്യൂട്ടർ കളികളും ഉണ്ട്. കമ്പ്യൂട്ടറിനെയും ഭവന വിനോദത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇപ്രകാരമുള്ള ബഹുമാധ്യമ, പരസ്പര പ്രവർത്തന വ്യവസ്ഥകളായിരിക്കാം ഭാവിയെ സ്വാധീനിക്കാൻ പോകുന്നത്.
വിഭ്യാഭ്യാസപരവും വിനോദപരവും ആയി അങ്ങേയററം ഉപയോഗപ്രദമായ ഒരു സാങ്കേതിക അത്ഭുതമാണ് വാസ്തവത്തിൽ ഡിജിററൽ കോംപാക്ററ് ഡിസ്ക്. അത് അതിന്റെ പ്രാപ്തി നിറവേററുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
[21-ാം പേജിലെ ചതുരം]
സിഡിയുടെ കൊച്ചു ലോകം
കോംപാക്ററ് ഡിസ്ക് എന്ന പേര് അബദ്ധത്തിൽ ഇട്ടുപോയതൊന്നുമല്ല. കൈപ്പത്തിയുടെ വലിപ്പമുള്ള ഈ ഡിസ്കിന്റെ തിളക്കമാർന്ന ഉപരിതലത്തിൽ അതിസൂക്ഷ്മമായ അഞ്ഞൂറുമുതൽ അറുനൂറുവരെ കോടി കുഴികൾ ചുററി ക്രമീകരിച്ചിരിക്കുന്നു. വലിച്ചു നീട്ടിയാൽ ചുററിന്റെ നീളം 5.6 കിലോമീറററിൽ അധികം വരും. ഈ ചുററുകൾ 20,000 എണ്ണം വരും. ഇവ ഡിസ്കിന്റെ അകത്തുനിന്ന് പുറത്തേക്കായി ക്രമീകരിച്ചിരിക്കുന്നു. ഒരു എൽപി (ലോങ് പ്ലെയിങ് റെക്കോർഡ്) റെക്കോർഡിന്റെ പൊഴിയിൽ 60 എണ്ണം കൊള്ളിക്കത്തക്കവിധം ഈ ചുററുകൾ നല്ലവണ്ണം അടുപ്പിച്ചു ക്രമീകരിച്ചിരിക്കുന്നു. ഈ കുഴികളിലോരോന്നിനും ഒരു നെൻമണിയുടെ വലിപ്പമുണ്ടായിരുന്നെങ്കിൽ ഡിസ്കിന് നാലു ഫുട്ട്ബോൾ കോർട്ടിനെക്കാളും വലിപ്പമുണ്ടായിരുന്നേനെ.
അതിസൂക്ഷ്മമായ അളവുകൾ നിമിത്തം വായു നന്നായി അരിച്ചെടുത്ത ശുദ്ധമായ മുറികളിൽ വെച്ചുവേണം സിഡികൾ നിർമിക്കാൻ. സിഡിയിലെ കുഴികളിലൊന്നിന്റെ അഞ്ചിരട്ടി വലിപ്പം വരുന്ന ഒരു സാധാരണ പൊടി കണത്തിന് അനവധി കോഡുകളെ പ്രവർത്തനരഹിതമാക്കാൻ കഴിയും. ഇത് റെക്കോർഡിങ്ങിൽ തെററുവരാൻ കാരണമാകുന്നു. “വൃത്തിയുടെ കാര്യത്തിൽ ഞങ്ങളുടെ നിലവാരങ്ങൾ വെച്ചുനോക്കുമ്പോൾ ഒരു ശസ്ത്രക്രിയാ മുറി വെറുമൊരു പന്നിക്കൂടാണ്” എന്ന് ഒരു എഞ്ചിനീയർ പറയുന്നു.
ഡിസ്കു പ്രവർത്തിപ്പിക്കുമ്പോൾ അത് ഒരു മിനിററിൽ 500 തവണയോളം കറങ്ങുന്നു. അതുകൊണ്ട് ലേസർ രശ്മി ഈ ചെറിയ കുഴികളിലേക്കു ഫോക്കസ് ചെയ്യുന്നതും നല്ലവണ്ണം അടുത്തുചേർന്നിരിക്കുന്ന ചുററുകളിൽനിന്ന് മാറിപ്പോകാതെ സൂക്ഷിക്കുന്നതും ഒരു വൻ വൈദഗ്ധ്യമാണ്. ആ വൈദഗ്ധ്യം നേടാൻ വിസ്മയകരമാം വിധം സങ്കീർണമായ ഒരു കൺട്രോൾ സിസ്ററം ലേസർ രശ്മിയെ നിയന്ത്രിക്കുന്നു.
[23-ാം പേജിലെ ചതുരം]
വാച്ച്ടവർ ലൈബ്രറി—സിഡി-റോം
രാജ്യതാത്പര്യങ്ങളെ ഉന്നമിപ്പിക്കുന്നതിന് വാച്ച്ടവർ സൊസൈററി എല്ലായ്പോഴും ഉചിതമായ സാങ്കേതിക വികാസങ്ങൾ ഉപയോഗിച്ചിരിക്കുന്നു. പണ്ട് കളർ ചലച്ചിത്രങ്ങൾ, റേഡിയോ നെററ്വർക്കുകൾ, കൊണ്ടുനടക്കാവുന്ന ഫോണോഗ്രാഫ് എന്നിവ ആദ്യമായി ഉപയോഗിച്ചവരിൽ വാച്ച്ടവർ സൊസൈററിയുമുണ്ടായിരുന്നു. ഇവ ഉപയോഗിച്ചായിരുന്നു അന്നു രാജ്യസുവാർത്താഘോഷണം. ഇപ്പോൾ വാച്ച്ടവർ സൊസൈററി വാച്ച്ടവർ ലൈബ്രറി—1993-ാം പതിപ്പ് ഇംഗ്ലീഷിൽ പ്രകാശനം ചെയ്തിരിക്കുന്നു. ഇത് ബൈബിൾ പഠനത്തിനും ഗവേഷണത്തിനും ഉള്ള അത്ഭുതകരമായ ഒരു ഉപകരണം ആയിരിക്കും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.
ഈ പുതിയ പ്രകാശനം യഥാർഥത്തിൽ ഒരു ലൈബ്രറി തന്നെയാണ്. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—പരാമർശനങ്ങളോടു കൂടിയത് [ഇംഗ്ലീഷ്], 1950 മുതൽ 1993 വരെയുള്ള വീക്ഷാഗോപുരത്തിന്റെയും 1980 മുതൽ 1993 വരെയുള്ള ഉണരുക!യുടെയും ബയൻറിട്ട വാർഷിക വാല്യങ്ങൾ, തിരുവെഴുത്തുകളിൽ നിന്നുള്ള ഉൾക്കാഴ്ച [ഇംഗ്ലീഷ്] എന്ന ദ്വി-വാല്യ ബൈബിൾ വിജ്ഞാനകോശം, 1970 മുതൽ വാച്ച്ടവർ സൊസൈററി പ്രസിദ്ധീകരിച്ചിട്ടുള്ള അസംഖ്യം പുസ്തകങ്ങൾ, ചെറുപുസ്തകങ്ങൾ, ലഘുപത്രികകൾ, ട്രാക്ററുകൾ ഇവയെല്ലാം അത് ഇലക്ട്രോണിക്ക് രൂപത്തിൽ ഉൾക്കൊള്ളുന്നു. കൂടാതെ, 1930 മുതൽ 1993 വരെയുള്ള എല്ലാ വാച്ച്ടവർ പ്രസിദ്ധീകരണങ്ങളുടെയും ഒരു ഇൻഡക്സും അതിലുണ്ട്.
വിവരങ്ങളുടെ ഈ വിപുലമായ ശേഖരത്തോടൊപ്പം ഈ സിഡി-റോം കാര്യങ്ങൾ എളുപ്പത്തിൽ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനുള്ള ഒരു (search) പ്രോഗ്രാം കൂടി പ്രദാനം ചെയ്യുന്നു. ഒരു പദമോ പദസഞ്ചയമോ ഒരു തിരുവെഴുത്ത് ഉദ്ധരണിയോ വാച്ച്ടവർ ലൈബ്രറിയിലെ ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിൽനിന്നു തിരഞ്ഞു കണ്ടുപിടിക്കുന്നതിന് ഈ പ്രോഗ്രാം നിങ്ങളെ പ്രാപ്തരാക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക പ്രസിദ്ധീകരണത്തിന്റെ അധ്യായത്തിലേക്കോ ലേഖനത്തിലേക്കോ പേജിലേക്കോ നേരിട്ടു മറിക്കാനും നിങ്ങൾക്കു കഴിയും. അന്വേഷണ ഫലങ്ങൾ ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ വീക്ഷിക്കാനോ പ്രസംഗത്തിലോ കത്തിലോ ഉപയോഗിക്കുന്നതിനായി ഒരു വേർഡ് പ്രൊസസ്സറിലേക്ക് പകർത്താനോ കഴിയും. വ്യക്തിപരമായ പഠന പ്രക്രിയകൾക്കായി വിവരങ്ങൾ സംഘടിപ്പിക്കുന്നതിനും നിങ്ങളുടെ സ്വന്തം കുറിപ്പുകൾ അതിലേക്കു കയററുന്നതിനും ഉള്ള ക്രമീകരണവും ഈ പ്രോഗ്രാമിലുണ്ട്.
ഈ ഉപകരണത്തിന്റെ സഹായത്തോടെ “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണ”ത്തിലേക്ക് ഉററുനോക്കി അനേകം ആളുകൾ കൂടെ അനുഗ്രഹിക്കപ്പെടും എന്നാണു ഞങ്ങളുടെ പ്രത്യാശ.—യാക്കോബ് 1:25.