ആരുടെ കരവിരുത്?
എവിടെയും ഒട്ടിപ്പിടിക്കുന്ന റിമോറാ
റിമോറാ എന്ന മത്സ്യം മറ്റു കടൽജീവികളുടെ പുറത്ത് പറ്റിപ്പിടിച്ചിരിക്കാൻ ബഹുകേമനാണ്. മുറുകെപ്പിടിച്ചിരിക്കുമെങ്കിലും എളുപ്പത്തിൽ വിട്ടുപോരാനും ഈ വിദ്വാനു കഴിയും, മറ്റേ ജീവിയെ വേദനിപ്പിക്കാതെ. റിമോറായുടെ ഈ കഴിവ് ഗവേഷകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളത്.
സവിശേഷത: തെരണ്ടിയുടെയോ സ്രാവിന്റെയോ കടലാമയുടെയോ തിമിംഗലത്തിന്റെയോ മറ്റു കടൽജീവികളുടെയോ പുറത്ത് റിമോറാ മുറുക്കെ പറ്റിപ്പിടിച്ചിരിക്കും. അവയുടെ തൊലിയോ പുറന്തോടോ എങ്ങനെയുള്ളതാണെങ്കിലും അവന് അതൊരു പ്രശ്നമേ അല്ല. റിമോറായുടെ ഭക്ഷണവും കുശാലാണ്. ആതിഥേയമത്സ്യം മിച്ചം വരുത്തിയ ആഹാരവും അതിന്റെ പുറത്തിരിക്കുന്ന പരാദജീവികളെയും കഴിച്ചാണ് ഇവൻ വയറു നിറയ്ക്കുന്നത്. അതുപോലെ ആതിഥേയനെ പറ്റിപ്പിടിച്ചിരിക്കുന്നതുകൊണ്ട് ശത്രുക്കളിൽനിന്നുള്ള സംരക്ഷണവും സവാരിയും ഫ്രീ. ഇങ്ങനെ ഒട്ടിപ്പിടിച്ചിരി ക്കാൻ റിമോറായെ സഹായിക്കുന്നത് അതിന്റെ സക്ഷൻ ഡിസ്ക്കാണ്. പലതരം പ്രതലങ്ങളിൽ മുറുക്കെ, എന്നാൽ മൃദുവായി പറ്റിപ്പിടിക്കാനുള്ള ഇതിന്റെ പ്രാപ്തിയെക്കുറിച്ച് ഗവേഷകർ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഒരു തിമിംഗലസ്രാവിനൊപ്പം നീന്തുന്ന റിമോറാകൾ
റിമോറായുടെ തലയുടെ പുറകിലായാണ് വട്ടത്തിലുള്ള ഈ സക്ഷൻ ഡിസ്ക് ഉള്ളത്. ഈ ഡിസ്കിനുള്ളിൽ ഉടനീളം തുറക്കുകയും അടയുകയും ചെയ്യുന്ന പാളികൾ കാണാം. ഈ പാളികളുടെ അറ്റത്ത് ചെറിയചെറിയ കട്ടിയുള്ള മുള്ളുകൾപോലുള്ള ഭാഗങ്ങളുണ്ട്. ഈ പാളികൾ തുറക്കുമ്പോൾ മുള്ളുപോലുള്ള ഭാഗങ്ങൾ ആതിഥേയമത്സ്യത്തിന്റെ തൊലിയിൽ ഉരസുകയും ഘർഷണം അഥവാ ഫ്രിക്ഷൻ ഉണ്ടാകുകയും ചെയ്യുന്നു. സക്ഷൻ ഡിസ്കിൽ സക്ഷൻമൂലം ഒരു ശൂന്യതയുണ്ടാകുന്നു. ആ ശൂന്യത നിലനിറുത്താൻ അതിനു ചുറ്റുമുള്ള തടിച്ച ചുണ്ടുപോലുള്ള ഭാഗങ്ങൾ സഹായിക്കുന്നു. ആതിഥേയമത്സ്യം വേഗത്തിൽ വെട്ടിത്തിരിഞ്ഞ് പോയാൽപ്പോലും പറ്റിപ്പിടിച്ചിരിക്കാൻ ഈ ഘർഷണവും ശൂന്യതയും കൂടിച്ചേരുമ്പോഴുണ്ടാകുന്ന ബലം റിമോറായെ സഹായിക്കുന്നു.
റിമോറായുടെ ഡിസ്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ശാസ്ത്രജ്ഞന്മാർ കൃത്രിമമായി ഒരു ഡിസ്ക് ഉണ്ടാക്കിയെടുത്തു. വട്ടത്തിലുള്ള ഈ ഡിസ്കിനു വ്യത്യസ്തപ്രതലങ്ങളിൽ ഉറപ്പോടെ പറ്റിപ്പിടിച്ചിരിക്കാനുള്ള കഴിവുണ്ട്. ഗവേഷകർ അതിന്റെ ഭാരത്തിന്റെ നൂറു മടങ്ങ് ബലം കൊടുത്ത് വലിച്ചിട്ടുപോലും അതു പിടിച്ചുനിന്നു.
റിമോറായുടെ ഡിസ്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതികവിദ്യക്കു ധാരാളം ഉപയോഗസാധ്യതകളുണ്ട്. കടൽജീവികളുടെ ശരീരത്തിൽ ഗവേഷണത്തിനായി പിടിപ്പിക്കുന്ന റ്റാഗുകളുടെ നിർമാണത്തിലും ആഴക്കടലിനെക്കുറിച്ച് പഠിക്കുന്നതിലും കപ്പലുകളുടെയോ പാലങ്ങളുടെയോ വെള്ളത്തിന് അടിയിലുള്ള ഭാഗങ്ങളിൽ ലൈറ്റുകളും ഉപകരണങ്ങളും ഉറപ്പിക്കുന്നതിലും ഒക്കെ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെട്ടേക്കും.
നിങ്ങൾക്ക് എന്ത് തോന്നുന്നു? റിമോറായുടെ ഈ സക്ഷൻ ഡിസ്ക് പരിണമിച്ചുണ്ടായതാണോ, അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?