മുതലകൾ—അപൂർവമായവ, വെളുത്തവ, നീലക്കണ്ണുള്ളവ!
ഓഡുബൻ ഇൻസ്ററിററ്യൂട്ടിനുവേണ്ടി കുർട്ട് ബർനെററ് തയ്യാറാക്കിയ ഈ ലേഖനം അസാധാരണമായ വെള്ള മുതലകളുടെ കഥ പറയുന്നു.
“വെള്ള നിറവും നീലക്കണ്ണുകളുമുള്ള മുതലകൾ അമേരിക്കൻ മുതലയുടെ ഒരു ജനിതക രൂപഭേദം ആണ്, അല്ലാതെ ഒരു വ്യത്യസ്ത സ്പീഷിസല്ല. ഈ രൂപഭേദം ലൂസിസം എന്നറിയപ്പെടുന്നു. അതുകൊണ്ട് ഈ മുതലകൾ ലൂസിസ്ററിക്ക് മുതലകൾ എന്നറിയപ്പെടുന്നു. ആൽബിനോകൾക്ക് വെള്ള നിറവും ഇളംചുവപ്പും മഞ്ഞയും കലർന്ന കണ്ണുകളും ആണുള്ളത്. ലൂസിസ്ററിക്ക് മൃഗങ്ങൾക്ക് വർണ നേത്രങ്ങളാണുള്ളത്. ആൽബിനിസം വിരളമാണ്, ലൂസിസം അതിലും വിരളമാണ്. ലൂസിസം മററു ചില ജന്തു വർഗങ്ങളിലും കണ്ടുവരുന്നുണ്ടെങ്കിലും അറിയപ്പെടുന്ന ആദ്യത്തെ ലൂസിസ്ററിക്ക് മുതലകൾ വെള്ള മുതലകളാണ്.
“വെള്ള മുതലകൾ 18 എണ്ണമാണുള്ളത്. ഇവയെ എല്ലാം 1987 ആഗസ്ററ് അവസാനം ഒരേ ചുററുവട്ടത്തിൽ നിന്നുതന്നെ കണ്ടെത്തി. ന്യൂ ഓർലിയൻസിന്റെ തെക്കുകിഴക്കൻ ഭാഗത്തെ ലൂസിയാനാ, ഹോമയ്ക്കു സമീപത്തുവെച്ച് കജുൻ വംശത്തിൽപ്പെട്ട മൂന്നു മീൻപിടുത്തക്കാരാണ് അവയെ കണ്ടെത്തിയത്. 1987 സെപ്ററംബർ 5-ന് ഓഡുബൻ മൃഗശാലയിലേക്ക് ആദ്യം കൊണ്ടുവന്നവയ്ക്ക് ഏകദേശം 1-2 ആഴ്ച മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. 18 വെള്ളകളെയും അവയുടെ സാധാരണ നിറമുള്ള 7 ഉടപ്പിറന്നോരെയും പിടിക്കുകയുണ്ടായി. സാധാരണ നിറമുള്ള വളരെയധികം എണ്ണം രക്ഷപെട്ടുപോയി. ലൂസിയാനാ ലാൻഡ് ആൻഡ് എക്സ്പ്ലൊറേഷൻ കമ്പനിയുടെ (എൽഎൽ&ഇ) ഉടമസ്ഥതയിലുള്ള കരപ്രദേശത്താണ് ഇവയുടെ അള. അള കാവൽചെയ്ത് മുട്ടകൾ ശേഖരിച്ച് വിരിയിച്ചെങ്കിലും കൂടുതലായ ഒരു വെള്ള മുതലപോലും ഉണ്ടായില്ല.
“18 വെള്ള മുതലകളും 7 സാധാരണ നിറമുള്ള മുതലകളും ആൺമുതലകളാണ്. ഇങ്ങനെ സംഭവിക്കുക സാധ്യമാണ് എന്തുകൊണ്ടെന്നാൽ അളയിലെ ഊഷ്മാവ് അനുസരിച്ചാണ് ഒരു മുതലക്കുഞ്ഞിന്റെ ലിംഗം നിർണയിക്കപ്പെടുന്നത്. അങ്ങനെ എല്ലാം ആൺമുതലകളോ എല്ലാം പെൺമുതലകളോ ആകാം, അല്ലെങ്കിൽ രണ്ടും ആകാം. ഇതെഴുതുമ്പോൾ മുതലകൾക്ക് ലൈംഗിക പ്രായപൂർത്തി എത്തുകയാണ് (5 മുതൽ 6 വരെ വയസ്സ്). ഈ 18 എണ്ണവും പല വലിപ്പമാണ്. ഏററവും ചെറുതിന് ഏതാണ്ട് 5 അടി നീളവും 50-60 പൗണ്ടു തൂക്കവുമുണ്ട്. വലുതിന് 8 അടിയും 250 പൗണ്ടും. വളർത്തൽ രീതികളിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. എൽഎൽ&ഇയുടെ മുതല ഫാമിൽ വളർത്തപ്പെടുന്ന മുതലകൾ കൂടുതൽ വേഗം വളരുന്നു.
“എൽഎൽ&ഇയ്ക്ക് സ്വന്തമായി 14 വെള്ള മുതലകളുണ്ട്. അവയിൽ 4 എണ്ണത്തെ ഓബുഡൻ ഇൻസ്ററിററ്യൂട്ടിന് ഉദാരമായി സംഭാവന ചെയ്തു. ഇപ്പോൾ ഇൻസ്ററിററ്യൂട്ട് 2 എണ്ണത്തെ അതിന്റെ ഓബുഡൻ മൃഗശാലയിലും 2 എണ്ണത്തെ അക്വേറിയം ഓഫ് ദി അമേരിക്കാസ് എന്ന അതിന്റെ അക്വേറിയത്തിലും പ്രദർശിപ്പിച്ചു വരികയാണ്. രണ്ട് മുതലകളെ മററു മൃഗശാലകളും അക്വേറിയങ്ങളും വായ്പയായി കൈമാറുകയാണ്. ഇതിനോടകം ഐക്യനാടുകളിലെ 12 മൃഗശാല-അക്വേറിയങ്ങളും ജപ്പാനിലെ ഒരെണ്ണവും അവയെ കൈമാറിക്കഴിഞ്ഞിരിക്കുകയാണ്.
“വെള്ള മുതലകൾ ലോകപ്രശസ്തിയാർജിച്ചിരിക്കുന്നു. അവയുടെ കണ്ടെത്തൽ സിഎൻഎൻ (Cable News Network) ലോകമൊട്ടുക്ക് പ്രക്ഷേപണം ചെയ്യുകയുണ്ടായി. ടുഡെ ഷോ, ദ നാഷ്വില്ലെ നെററ്വർക്ക്, ദ ടുനൈററ് ഷോ, സിബിഎസ് മോർണിങ് ന്യൂസ്, ലേററ് നൈററ് വിത്ത് ഡേവിഡ് ലെറെറർമൻ, ക്രിസ്ററ്യൻ ബ്രോഡ്കാസ്ററ് നെററ്വർക്ക്, എംടിവി എന്നിവയിലും പല വിദേശ വാർത്തകളിലും പ്രഭാത പ്രദർശനങ്ങളിലും അവ പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള പത്രമാസികകൾ അവയെ ഇടയ്ക്കിടക്ക് വിശേഷവൽക്കരിക്കുന്നുണ്ട്. ഏതാനും വർഷം മുമ്പ് ഒരു ഫ്രഞ്ച് മാഗസിൻ അവയുടെ ഒരു ലേഖനവും ഫോട്ടോകളും പ്രിൻറു ചെയ്യുകയുണ്ടായി. ജനങ്ങളുടെ പ്രതികരണം വളരെ അനുകൂലമായിരുന്നതിനാൽ പിന്നെയുമൊരു ഫീച്ചർ കൂടെ പ്രിൻറു ചെയ്യേണ്ടിവന്നു.
“ഈ വെള്ള മുതലകളുടെ എണ്ണം ഇത്ര കുറവായത് എന്തുകൊണ്ടാണ്? ആർക്കും മുമ്പൊരിക്കലും അവയെ കാണാൻ കഴിയാഞ്ഞതെന്തുകൊണ്ടാണ്? ഒന്നാമതായി, അവ വിരളമായ രൂപഭേദങ്ങൾ ആണ്. കൂടാതെ ലൂസിസ്ററിക്കും ആൽബിനിസ്ററിക്കും മുതലകൾക്കു സാധാരണ മുതലകളിൽനിന്നു വ്യത്യസ്തമായി പ്രത്യേകമായ ഒരു ഭയങ്കര പ്രതികൂല സാഹചര്യമാണുള്ളത്. മുട്ടവിരിഞ്ഞു പുറത്തുവരുമ്പോൾ ഒരു മുതലക്കുഞ്ഞിന് എട്ടോ പത്തോ ഇഞ്ചു നീളമേ ഉള്ളൂ. കുറച്ചു നാളത്തേക്ക് തള്ള മുതല അള കാക്കുന്നു. എന്നാൽ മുതലക്കുഞ്ഞുങ്ങൾ പെട്ടെന്നുതന്നെ സ്വയം കാര്യം നോക്കാൻ തുടങ്ങുന്നു. മുട്ടവിരിഞ്ഞു വരുന്ന സാധാരണ മുതലക്കുഞ്ഞുങ്ങൾക്ക് ചുററുപാടുകളോടു പൊരുത്തത്തിലുള്ള മഞ്ഞയും കറുപ്പും വരകളാണുള്ളത്. എന്നാൽ വെള്ള മുതലക്കുഞ്ഞുങ്ങൾ എളുപ്പത്തിൽ പലതരം ഇരപിടിയൻ മൃഗങ്ങളുടെ ദൃഷ്ടിയിൽ അകപ്പെടുകയും അവയുടെ ഇരകളായിത്തീരുകയും ചെയ്യുന്നു.
“കറുത്ത പുള്ളികളും അവയുടെ കൂട്ടിക്കലർപ്പും ആണ് വെള്ള മുതലകളെ സംബന്ധിച്ചടത്തോളം രസകരമായ രണ്ട് അസാധാരണ വസ്തുതകൾ. വളരെക്കുറച്ച് വെള്ള മുതലകൾ മാത്രമേ കറുത്ത പുള്ളികളോടു കൂടി മുട്ടവിരിഞ്ഞു പുറത്തുവരുന്നുള്ളൂ. മിക്കതിനും ഒററ പുള്ളിപോലും ഉണ്ടാവില്ല. എന്നാൽ വളരുമ്പോൾ അവയിൽ പലതിനും കറുത്ത ഭാഗങ്ങൾ ഉണ്ടാകുന്നു. എന്നാൽ മിക്ക പുള്ളികളും തലയുടെയും കഴുത്തിന്റെയും ചുററിലുമായി മാത്രമായിരിക്കും ഉണ്ടാവുക. ഇത് ചിലതിന് ഒരു പുള്ളിയും ഇല്ലെങ്കിൽ കൂടി തിരിച്ചറിയാൻ എളുപ്പമാക്കിത്തീർക്കുന്നു.
“അവസാനമായി, വെള്ള മുതലകൾ സാധാരണ മുതലകളെക്കാളധികം ആക്രമണകാരികളും ക്ഷോഭമുള്ളവയും ആണെന്ന് അവയെ പരിചയമുള്ള എല്ലാവരും സമ്മതിക്കുന്നു. ഇതെന്തുകൊണ്ടെന്ന് ആർക്കും നിശ്ചയമില്ല. എന്നാൽ താരതമ്യേന സാവധാനരും മടിയൻമാരുമായ മുതലകളായി കണക്കാക്കപ്പെടുന്നതിനു പകരം അവ വേഗതയുള്ളവയും ശീഘ്രക്ഷോഭികളുമായാണ് കണക്കാക്കപ്പെടുന്നത്. ചെളിക്കുണ്ടിലെ ഈ വെളുത്ത അത്ഭുതങ്ങളെ ചുററിപ്പററിയുള്ള അനേകം നിഗൂഢതകളിൽ ഒന്നു മാത്രമാണിത്!”—ഓബുഡൻ ഇൻസ്ററിററ്യൂട്ടിലെ കുർട്ട് ബർനെററ് എഴുതിയത്.
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photos: Audubon Zoo, New Orleans