ഹീമോഫീലിയ രോഗികൾക്കു നൽകിയ രോഗബാധയുള്ള രക്തം
രക്തം ഓരോ വർഷവും രണ്ടു ശതകോടി ഡോളറിന്റെ ബിസിനസ്സ് ആയിത്തീർന്നിരിക്കുകയാണ്. അതിൽ നിന്നുള്ള ലാഭേച്ഛ ഫ്രാൻസിൽ ഒരു ഭീമ ദുരന്തത്തിന് ഇടയാക്കിയിരിക്കുന്നു. എച്ച്ഐവി രോഗബാധയുള്ള രക്തം 250 ഹീമോഫീലിയ രോഗികളെ എയ്ഡ്സ് സംബന്ധമായ രോഗങ്ങൾ പിടിപെട്ട് മരിക്കാൻ ഇടയാക്കി, നൂറുകണക്കിന് മററ് ആളുകൾക്ക് രോഗബാധയുണ്ടാകുകയും ചെയ്തു.—ദ ബോസ്ററൺ ഗ്ലോബ്, ഒക്ടോബർ 28, 1992, പേജ് 4.
വൈദ്യ സംബന്ധമായ അവഗണനയുടെയും വ്യാപാര സംബന്ധമായ അത്യാർത്തിയുടെയും “അവിശുദ്ധമായ സഖ്യം” ജർമൻകാരായ ഏതാണ്ട് 400 ഹീമോഫീലിയ രോഗികളുടെ മരണത്തിലേക്കു നയിച്ചു, കൂടാതെ എച്ച്ഐവി ബാധയേററ രക്തത്തിൽനിന്നു കുറഞ്ഞത് 2,000 പേർക്കു രോഗം ബാധിക്കുകയും ചെയ്തു.—ഗാർഡിയൻ വീക്ക്ലി, ആഗസ്ററ് 22, 1993, പേജ് 7.
രക്തം സംബന്ധിച്ച് കാനഡയ്ക്കും അതിന്റേതായ ഒരു അപവാദം ഉണ്ട്. എച്ച്ഐവി രോഗബാധയേററ രക്തം കാനഡയിലെ 700 ഹീമോഫീലിയ രോഗികൾക്ക് കൊടുക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. റെഡ് ക്രോസ്സ് കാനഡയിലെ ഹീമോഫീലിയാ രോഗികൾക്ക് എയ്ഡ്സ് ബാധിതമായ രക്തം വിതരണം ചെയ്യുന്നുണ്ടെന്ന് 1984 ജൂലൈയിൽ ഗവൺമെൻറിന് മുന്നറിയിപ്പു ലഭിച്ചതാണ്. എന്നാൽ ഒരു വർഷം കഴിയാതെ, അതായത് 1985 ആഗസ്ററ് ആകാതെ രോഗബാധയേററ രക്തോത്പന്നങ്ങൾ കമ്പോളത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടില്ല.—ദ ഗ്ലോബ് ആൻഡ് മെയിൽ, ജൂലൈ 22, 1993, പേജ് എ21, ദ മെഡിക്കൽ പോസ്ററ്, മാർച്ച് 30, 1993, പേജ് 26.
ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 1980-കളിൽ നടത്തിയ രക്തത്തിന്റെയും പ്ലാസ്മായുടെയും പകർച്ചയിലൂടെ എയ്ഡ്സ് വൈറസ് ബാധിച്ച 1,147 ഹീമോഫീലിയാ രോഗികൾക്ക് സ്പെയ്ൻ നഷ്ടപരിഹാരം കൊടുക്കുമെന്ന് സ്പെയ്നിലെ മാഡ്രിഡിൽ നിന്നുള്ള 1993, ഏപ്രിൽ 21-ലെ റോയ്ട്ടർസ് സന്ദേശം പറഞ്ഞു. ഇപ്പോൾ തന്നെ 400-ലധികം പേർ എയ്ഡ്സ് രോഗബാധയേററു മരിച്ചു കഴിഞ്ഞു.—ദ ന്യൂയോർക്ക് ടൈംസ്, 1993, ഏപ്രിൽ 22, പേജ് എ13.
1982-ന്റെ അവസാനമായപ്പോൾ രോഗ നിയന്ത്രണ കേന്ദ്രങ്ങൾ ബഡ്ള് ക്ലോട്ടിങ് ഫാക്ടർ എട്ട് സംബന്ധിച്ച് എൻഎച്ച്എഫ്-ന് (ദേശീയ ഹീമോഫീലിയ ഫൗണ്ടേഷൻ) മുന്നറിയിപ്പു കൊടുക്കാൻ തുടങ്ങി. അതിന്റെ ഒരു പകർച്ചയിൽ 20,000 ദാതാക്കളിൽ നിന്നുള്ള രക്തം അടങ്ങിയിരിക്കും. അതിലാരെങ്കിലും ഒരാൾക്ക് എയ്ഡ്സ് ഉണ്ടായാൽ മതി ആ കുത്തിവയ്പിൽ രോഗബാധയുണ്ടാകാൻ. ശക്തമായ ഒരു മുന്നറിയിപ്പ് 1983 മാർച്ചിൽ നൽകപ്പെട്ടു. എന്നാൽ ആ വർഷം തന്നെ മേയിൽ “കട്ടപിടിപ്പിക്കുന്ന ഘടകത്തിന്റെ ഉപയോഗം നിലനിർത്തണമെന്ന് എൻഎച്ച്എഫ് നിഷ്കർഷിക്കുന്നു” എന്ന തലക്കെട്ടിൻ കീഴിൽ എൻഎച്ച്എഫ് ഒരു ബുള്ളററിൻ പുറത്തുവിട്ടു. അപ്പോഴേക്കും മരണനിരക്ക് ഉയരുകയായിരുന്നു, എന്നിട്ടും ആയിരങ്ങൾക്ക് പിന്നെയും അതുതന്നെ കൊടുത്തുകൊണ്ടിരുന്നു. ഹീമോഫീലിയ രോഗികളുടെ അതിജീവനത്തിന് ഈ കട്ടപിടിപ്പിക്കുന്ന ഘടകം വേണമെന്ന് നിർബന്ധമില്ലായിരുന്നു; ചികിത്സയ്ക്ക് മററു മാർഗങ്ങളും ഉണ്ടായിരുന്നു. അവയൊക്കെ ചെയ്തിരുന്നെങ്കിൽ ആയിരങ്ങളുടെ ജീവൻ രക്ഷപെടുമായിരുന്നു. ഈ ഘടകം ചൂടാക്കുമ്പോൾ അത് സുരക്ഷിതമായിത്തീരുന്നു എന്ന് 1985 ആയപ്പോൾ മരുന്നു കമ്പനികൾ കണ്ടെത്തി. സ്റേറാക്കിലുണ്ടായിരുന്ന ചൂടാക്കാത്ത ഘടകം പിന്നെയും വിററഴിച്ചുകൊണ്ടിരുന്നു.—ഡേററ്ലൈൻ എൻബിസി, ഡിസംബർ 14, 1993.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
CDC, Atlanta, Ga.